Wednesday, July 11, 2018

യുദ്ധകാലത്തെ കുട്ടികൾ - ആൻ ഫ്രാങ്കിന്റെ ഡയറി

'നിന്നോട് എല്ലാം തുറന്നുപറയാനാകുമെന്ന് ഞാൻ കരുതുന്നു. എനിയ്ക്കൊരിക്കലും മറ്റാരോടും എല്ലാം പറയുവാനായിട്ടില്ല.'

ലോകചരിത്രത്തിലെ ഏറ്റവും സങ്കീർണവും കഠിനവും ആയ ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പതിമൂന്നുകാരി, തനിയ്ക്ക് പിറന്നാൾ സമ്മാനമായിക്കിട്ടിയ ഡയറിയിൽ ആദ്യം കുറിച്ചവരികൾ ഇങ്ങനെയാണ്. തന്റെ കുറിപ്പുകൾ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാകുമെന്ന് അവൾ ചിന്തിച്ചിട്ടുണ്ടാകുമോ ?

ഇത് ഒരു വായനാനുഭവം മാത്രമാണോ ? ഞാൻ എന്നോടുതന്നെ ചോദിയ്ക്കുകയായിരുന്നു. ആൻ ഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ  ഒരു പുസ്തകമായി മാത്രം കാണാൻ അത് വായിച്ചിട്ടുള്ള ആർക്കെങ്കിലുമാകുമോ ?

'The diary of a young girl'  എന്ന പുസ്തകം ഞാൻ ആദ്യമായി വായിക്കുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്. ആൻ തന്റെ അവസാനത്തെ ഡയറികുറിപ്പ് കുറിക്കുന്നതും , നാസിപ്പട്ടാളത്തിന്റെ പിടിയിലാകുന്നതും , പിന്നീട് ബെർഗർ-ബെൽസൺ എന്ന നാസി തടവുകേന്ദ്രത്തിൽ വച്ച് മരണപ്പെടുന്നതും അതേ പ്രായത്തിൽ തന്നെ…

1929 ൽ ജർമ്മനിയിലെ ഒരു സമ്പന്ന ജൂത കുടുംബത്തിലാണ് ആണ് ആൻ ജനിച്ചത് . വംശശുദ്ധീകരണം എന്നപേരിൽ എന്ന പേരിൽ, വൻ തോതിലുള്ള ജൂതവിരുദ്ധ നടപടികളുമായി, ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള നാസി പാർട്ടി അധികാരത്തിൽ വരുന്ന കാലഘട്ടമാണത്. ജർമ്മനിയിൽ തുടർന്നാൽ തങ്ങൾ അഭിമുഖീകരിക്കേണ്ടിവരാവുന്ന വിപത്തുകൾ മുൻകൂട്ടിക്കണ്ട് ഫ്രാങ്ക് കുടുംബം ഹോളണ്ടിലേക്ക് കുടിയേറുകയായിരുന്നു. എങ്കിലും ചുരുങ്ങിയ വർഷങ്ങളിൽ നാസിപ്പട്ടാളം അതിർത്തികൾ കടന്ന് യൂറോപ്പിന്റെ ഭൂരിഭാഗവും കീഴടക്കി. ജൂതന്മാരുടെ വിധി യൂറോപ്പിൽ എവിടെയും 'കൂട്ടത്തോടെ നിർബന്ധിത തൊഴിൽശാലകളിലേക്കും  , മരണശാലകൾ എന്ന അപരനാമമുള്ള തടവുകേന്ദ്രങ്ങളിലേക്കും അയക്കപ്പെടുക' എന്നത് മാത്രമായി മാറി.

മറ്റുപല ജൂതകുടുംബങ്ങളെയും പോലെ ഫ്രാങ്ക് കുടുംബവും ഒളിവിൽ പോകാൻ തീരുമാനിക്കുന്നു. ആനിന്റെ പിതാവ് സ്ഥാപിച്ച ഭക്ഷ്യസംസ്കരണശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ , മൂന്നുനിലകളിലായി 80 ചതുരശ്ര മീറ്റർ മാത്രം വിസ്താരമുള്ള ഒരു രഹസ്യസങ്കേതത്തിലാണ്, അവർ,മറ്റൊരു കുടുംബത്തോടൊപ്പം , രണ്ടുവർഷത്തോളം (ഒടുവിൽ പിടിയിലാകുന്നതുവരെ ) കഴിയുന്നത്. പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ, ജനൽ ചില്ലുകൾ പോലും ഇരുണ്ട സ്ക്രീൻ കൊണ്ട് മറച്ച ആ കുടുസ്സുമുറികൾക്കുള്ളിൽ ആൻ എന്ന വായാടിയായ കൗമാരപ്രായക്കാരിയ്ക്ക് ആശ്വാസമാകുന്നത് കിറ്റി എന്ന് ഓമനപ്പേരുള്ള ഡയറിയാണ്.

സ്‌കൂളിലെ കൂട്ടുകാരികളെകുറിച്ചും, ആരാധന നിറഞ്ഞ കണ്ണുകളുമായി തന്നെ വഴിയരികിൽ കാത്തുനിൽക്കാറുള്ള ആൺകുട്ടികളെ കുറിച്ചുമൊക്കെയാണ് ഡയറിയിലെ ആദ്യത്തെ കുറിപ്പുകൾ. പിന്നീടവ ഒളിവിൽ ജീവിതത്തിന്റെ വിശദാംശങ്ങളെ കുറിച്ചാകുന്നു . ഉറക്കെ സംസാരിക്കാനോ പൊട്ടിച്ചിരിക്കാനോ കഴിയാത്തതിനെ കുറിച്ചാകുന്നു . വ്യത്യസ്ത സ്വഭാവക്കാരായ വാൻ-പെൽസ് (ആനിന്റെ കുറിപ്പുകളിൽ വാൻ-ഡാൻ ) കുടുംബാംഗങ്ങളോടൊപ്പം കഴിയേണ്ട ദുരവസ്ഥയെ കുറിച്ചാകുന്നു. ചുരുങ്ങിയ സാധനങ്ങൾ കൊണ്ട് തയ്യാറാക്കിയ സ്വാദില്ലാത്ത ഭക്ഷണത്തെ കുറിച്ചാകുന്നു. എല്ലാറ്റിനുമുപരി 'ഏതു നിമിഷവും പിടിയ്ക്കപ്പെട്ടേയ്ക്കാം '  എന്ന വിട്ടുമാറാത്ത ഭയത്തെ കുറിച്ചാകുന്നു.

'എന്റെ ആദർശങ്ങൾ ഞാൻ ഈയവസ്ഥയിലും ഉപേക്ഷിച്ചിട്ടില്ല എന്നത് ഒരുപക്ഷെ ഒരു അത്ഭുതമായി തോന്നിയേക്കാം . അവ തികച്ചും അസാധ്യമായി മാറിയെങ്കിലും ഞാനവയെ ഇപ്പോഴും ചേർത്തുവയ്ക്കുന്നു. എന്തുകൊണ്ടെന്നാൽ, ഉള്ളിന്റെയുള്ളിൽ ഓരോ മനുഷ്യനിലും നന്മയുണ്ടെന്ന് ഞാനിപ്പോഴും വിശ്വസിയ്ക്കുന്നു.'
ആൻ ഫ്രാങ്കിന്റെ ഡയറിയിലെ ഏറ്റവും പ്രസിദ്ധമായ വാചകങ്ങൾ ഒരുപക്ഷെ ഇവയാകാം. നന്മ എന്നത് ഒരു കെട്ടുകഥയാണോ എന്ന് ആർക്കും സംശയം തോന്നാവുന്ന ഒരു കാലത്താണ് ആൻ ഇത് കുറിക്കുന്നത്. സത്യത്തിൽ ഈ വരികൾ ധ്വനിപ്പിയ്ക്കുന്നതുപോലെ ഒരു നിത്യശുഭാപ്തിവിശ്വാസി ആയിരുന്നുവോ ആൻ?

മച്ചിലെ തുറക്കാൻ അനുവാദമുള്ള ജനാലയ്ക്കരികിൽ നിന്ന് തെരുവിലേയ്ക്ക് നോക്കുമ്പോൾ ആൻ കാണുന്ന കാഴ്ചകൾ ചിലപ്പോളൊക്കെ ഹൃദയഭേദകമാണ്- വിശന്ന മുഖമുള്ള , മുഷിഞ്ഞ വസ്ത്രം ധരിച്ച കുട്ടികൾ, ജൂതന്മാരെ കന്നുകാലികളെപ്പോലെ ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന നാസിപ്പട്ടാളക്കാർ, അവരുടെ തോക്കുകൾക്കുമുന്പിൽ, പകച്ച് , തങ്ങളുടെ വിധിയെന്തെന്നറിയാതെ നടക്കുന്ന ഒരുതെറ്റും ചെയ്തിട്ടില്ലാത്ത മനുഷ്യർ. ഇവയെല്ലാം ആനിനെ ദിവസങ്ങളോളം വിഷാദത്തിലാഴ്ത്തുകയും ജീവിതത്തിന്റെ അർത്ഥത്തെ കുറിച്ച് ഗഹനമായി ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. റേഡിയോ വാർത്തകളിൽനിന്നും , പുറത്തുനിന്ന് ഫ്രാങ്ക് കുടുംബത്തെ സഹായിച്ചിരുന്ന സുഹൃത്തുക്കളിൽനിന്നും അറിഞ്ഞിരുന്ന വിവരങ്ങളും പലപ്പോഴും ശുഭകരമല്ല. രാത്രികളിൽ തന്റെ ഉറക്കം ഞെട്ടിയ്ക്കുന്ന , കൊടുമ്പിരികൊള്ളുന്ന ഒരു യുദ്ധത്തിനുനടുവിലാണ് താനെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിയ്ക്കുന്ന വെടിയൊച്ചകളെ ആൻ എന്തെന്നില്ലാതെ ഭയന്നിരുന്നു.

എങ്കിലും, തന്നെ ജീവിതത്തോട് ചേർത്തുനിർത്താൻ , സമാധാനം പുനഃസ്ഥാപിയ്ക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സ്വപ്നം കാണാൻ എന്തെങ്കിലുമൊരു കാരണം ആൻ എപ്പോഴും കണ്ടുപിടിച്ചിരുന്നു. അത് ചിലപ്പോൾ പുതുതായി വായിച്ച ഒരു പുസ്തകമാകാം , സഹായികളിൽ ആരെങ്കിലും കണ്ട സിനിമയുടെ വിവരണമാകാം , വാൻ-പെൽസ് ദമ്പതികളുടെ മകനായ പീറ്ററുമായുള്ള വർദ്ധിച്ചുവരുന്ന സൗഹൃദമാകാം, സഖ്യകക്ഷികളുടെ മുന്നേറ്റത്തെ കുറിച്ചുള്ള സൂചനകളാകാം. അല്ലെങ്കിൽ ജനാലയിലൂടെ കാണുന്ന ആകാശത്തിന്റെ ഒരു തുണ്ടും, ഇളകുന്ന മരച്ചില്ലകളും മാത്രമാകാം..

'മേഘങ്ങളില്ലാത്ത ഈ തെളിഞ്ഞ ആകാശവും , ഈ സൂര്യപ്രകാശവും … ഇവയൊക്കെ ഉള്ളപ്പോൾ ഞാൻ എങ്ങനെ സന്തോഷിയ്ക്കാതിരിയ്ക്കാനാണ്...' - ആൻ പറയുന്നു.

ഡയറിയിലെ അവസാനത്തെ കുറിപ്പുകളിൽ യുദ്ധം അവസാനിയ്ക്കുമെന്നും , സഖ്യകക്ഷികളുടെ വിജയം ഉറപ്പായെന്നും തനിയ്ക്ക് താമസിയാതെ സ്‌കൂളിൽ പോകാനാകുമെന്നും ആൻ എഴുതിയിരുന്നു.  ഒരു പത്രലേഖികയാകുവാനും പിന്നീട് എല്ലാവരും ആരാധിയ്ക്കുന്ന ഒരു എഴുത്തുകാരി ആകുവാനും ആൻ ആഗ്രഹിച്ചിരുന്നു. നയചാതുര്യമില്ലാത്ത തന്റെ അമ്മയെപ്പോലെ , വെറുമൊരു വീട്ടമ്മയായി , സമയപ്രവാഹത്തിൽ ഒരു ചലനവും സൃഷ്ടിയ്ക്കാതെ വെറുതെ ഒഴുകുക എന്നത് മരണത്തേക്കാൾ ഭയാനകമാണ് എന്ന് ആൻ ആവർത്തിച്ചെഴുതിയിട്ടുണ്ട്.

ആംസ്റ്റർഡാമിൽ , ഫ്രാങ്ക് കുടുംബം ഒളുവിൽ കഴിഞ്ഞ കെട്ടിടം ഇന്ന് ആൻ ഫ്രാങ്ക് ഹൌസ് എന്ന മ്യൂസിയമാണ്. ഒരിക്കൽ അവിടം സന്ദർശിക്കാൻ എനിയ്ക്കും സാധിച്ചു. പുസ്തകഷെൽഫിനുപിറകിലുള്ള ആ രഹസ്യവാതിലിലൂടെ, ആ  ഇടുങ്ങിയ കോണിപ്പടികൾ കയറിയപ്പോൾ എന്റെ ഹൃദയമിടിപ്പുകൾ എനിയ്ക്കുതന്നെ കേൾക്കാമായിരുന്നു.

ജീവിതം നിരർത്ഥമായ ഒരു യുദ്ധമാണെന്ന് എനിയ്ക്ക് തോന്നിയിരുന്ന ഒരുകാലത്ത് , മരണത്തിന്റെ നിഴലിൽ നിൽക്കുമ്പോഴും ആകാശത്തിന്റെ ഒരു തുണ്ടുകൊണ്ട് സന്തോഷം കണ്ടുപിടിച്ചിരുന്ന 'എന്റെ പ്രായക്കാരി' എനിയ്ക്ക് ധൈര്യം തന്നിട്ടുണ്ട്.