Monday, July 15, 2019

യുദ്ധകാലത്തെ കുട്ടികൾ - ഫ്രീഡ്രിക് ഉണ്ടായിരുന്നപ്പോൾ

നാലുമുതൽ പതിനേഴുവയസ്സുവരെ തന്റെ അയൽവാസിയും ഏറ്റവും അടുത്ത സുഹൃത്തുമായിരുന്ന ഫ്രീഡ്രിക്കിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് , ഹാൻസ് പീറ്റർ റിഷ്‌റ്റർ , 'Damals war es Friedrich'  എന്ന പുസ്തകത്തിൽ. ഈ പുസ്തകം അതെഴുതപ്പെട്ട ഭാഷയിൽത്തന്നെ വായിക്കാനായത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.

യുദ്ധകാലത്തെ  അവിശ്വസനീയമായ ക്രൂരതകൾ നിസ്സംഗതയോടെ കണ്ടുനിന്ന സമൂഹത്തെ കുറിച്ച് യുക്തിപൂർവ്വം ചിന്തിയ്ക്കുമ്പോൾ, യുദ്ധത്തിനു തൊട്ടുമുൻപുള്ള കാലഘട്ടം ഏറെ പ്രസക്തമാണ്. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ദയനീയമായ  സാമ്പത്തികത്തകർച്ചയിൽ ആണ്ടുകിടന്നിരുന്ന ജർമ്മനിയിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും  വലിയൊരുവിഭാഗം ജനങ്ങളെയും  സാരമായി ബാധിച്ചു. യുദ്ധരംഗത്തുനിന്നും പ്രത്യക്ഷത്തിൽ വിട്ടുനിന്ന ജൂതസമൂഹത്തിനാകട്ടെ  കാര്യമായ വിപത്തുകൾ ഉണ്ടായില്ല. 'അകത്തുനിന്നുള്ള ചതി' കാരണമാണ് ജർമ്മനി തകർന്നത് എന്ന് ആളുകൾ ജൂതരെക്കുറിച്ചു പരസ്യമായി അഭിപ്രായപ്പെട്ടുതുടങ്ങി. നാസിപാർട്ടി രൂപം കൊണ്ടതിനുശേഷം ഈ അസാരസ്യം ദിനംപ്രതി വർദ്ദിച്ചുവന്നു.

ഇത്തരം ഒരു സാമൂഹിക കാലാവസ്ഥയിലാണ് ,  1925 ൽ , കൊളോൺ നഗരത്തിൽ, അടുത്തടുത്തുള്ള വീടുകളിൽ, ഏതാണ്ട് ഒരേ സമയത്ത് ഹാൻസ് പീറ്ററും  ഫ്രീഡ്രിക്കും ജനിക്കുന്നത്.  ഹാൻസ് പീറ്ററിന്റെ അച്ഛൻ തൊഴിലില്ലായ്‌മ വേതനം കൊണ്ടും, ഭാര്യയുടെ വീട്ടുകാർ അയച്ചുകൊടുക്കുന്ന പണം കൊണ്ടും ആണ് കുടുംബം പുലർത്തിയിരുന്നത്. ഫ്രീഡ്രിക്കിന്റെ അച്ഛൻ തപാൽ വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ്.
നാലാം വയസ്സിൽ Reibe Kuchen എന്ന ഉരുളക്കിഴങ്ങപ്പങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുട്ടികൾ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. പൊടിയിൽ വീണുരുണ്ടുകളിച്ചകുട്ടികളെ കുളിപ്പിക്കാനായി കുളിമുറിയിലെത്തിയ ഹാൻസ് പീറ്ററിന്റെ അമ്മ, ഫ്രീഡ്രിക്കിനോട് അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു "നീ ഒരു ജൂതനാണല്ലോ"

ഒന്നാംക്ലാസ്സിൽ ചേർന്ന ദിവസം കുട്ടികളെ കാർണിവലിനു കൊണ്ടുപോകുന്നത് ഫ്രീഡ്രിക്കിന്റെ അച്ഛനാണ്. കയ്യിൽ ഒന്നോ രണ്ടോ നാണയങ്ങൾ മാത്രമുള്ള ഹാൻസ് പീറ്ററിന്റെ അച്ഛൻ ജാള്യതയോടെ അവരെ അനുഗമിയ്ക്കുന്നു. സാബത്തിന്റെ ശനിയാഴ്ച്ച ഒരുപൊടിപടലംപോലുമില്ലാതെ വൃത്തിയാക്കിയിട്ടിരിക്കുന്ന, ഫ്രീഡ്രിക്കിന്റെ വീട്ടിലെ ചമയങ്ങൾ കണ്ട് ഹാൻസ് പീറ്റർ അത്ഭുതപ്പെടുന്നുണ്ട്.

ഇല്ലായ്മകൾ ഏറെയൊന്നും അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാകണം ഫ്രീഡ്രിക് സന്തോഷവാനായ കുട്ടിയായിരുന്നു. അവൻ സങ്കോചമില്ലാതെ അപരിചിതരോടുപോലും സംസാരിക്കുകയും, ഉത്സാഹത്തോടെ ഗൃഹപാഠങ്ങൾ ചെയ്യുകയും ചെയ്തു. പരിചയക്കാരനായ ഡോക്ടറുടെ ക്ലിനിക്കിന്റെ മുൻപിൽ കണ്ട പുതിയ  മഞ്ഞ ബോർഡിൻറെ അർഥം അവനുമനസിലാകുന്നില്ല. അതുകൊണ്ടുതന്നെ അതവനെ ഏറെയൊന്നും അലട്ടുന്നുമില്ല.

ഹാൻസ് പീറ്ററിന്റെ മുത്തച്ഛൻ അവന്റെ അച്ഛനോട് , കുട്ടിയെ ജൂതരോടൊപ്പം കളിയ്ക്കാൻ വിടരുത് എന്ന് പറയുന്നുണ്ട്. ക്രിസ്തുവിന്റെ ഘാതകർ എന്നാണ് അദ്ദേഹം ജൂതരെ വിളിക്കുന്നത്. ക്രിസ്തുവിനെ കൊന്നത് ഫ്രീഡ്രിക്കിന്റെ അച്ഛനമ്മമാർ ഒന്നുമല്ലല്ലോ , എന്നാണ്  ഹാൻസ് പീറ്ററിന്റെ അച്ഛൻ മറുപടി കൊടുക്കുന്നത്.
ഫ്രീഡ്രിക്കിന്റെ കുടുംബത്തോട് താമസസ്ഥലം ഒഴിഞ്ഞുകൊടുക്കണം എന്നാവശ്യപ്പെടുന്ന വീട്ടുടമസ്ഥനോട് തർക്കിക്കുന്നതും പലപ്പോഴും അവരെ സഹായിക്കുന്നതും ഹാൻസ് പീറ്ററിന്റെ അച്ഛനാണ് . എങ്കിലും പിൽക്കാലത്ത് അദ്ദേഹവും, ഒരു ജോലി കണ്ടുപിടിയ്ക്കാൻ സഹായം ലഭിയ്ക്കും എന്ന കാരണത്താൽ നാസി പാർട്ടിയിൽ ചേരുന്നു.  താങ്കൾ എന്തുകൊണ്ട് രാജ്യം വിട്ടുപോകാൻ ശ്രമിക്കുന്നില്ല എന്ന് അദ്ദേഹം ഫ്രറീഡറിക്കിന്റെ അച്ഛനോട് ചോദിക്കുന്നുണ്ട് .

കാര്യങ്ങൾ ഒരുപരിധിയിൽകൂടുതൽ വഷളാവില്ല എന്ന്  , മറ്റുപലരെയുംപോലെ, ഫ്രീഡ്രിക്കിന്റെ കുടുംബവും വിശ്വസിച്ചിരുന്നു. തങ്ങളും ജർമ്മൻകാരാണ് എന്ന് അവർ പരസ്പരം ഓർമ്മപ്പെടുത്തുന്നുണ്ട് .1936ലെ   ബർലിൻ ഒളിംപിക്സ് തുടങ്ങുന്നതോടെ എല്ലാം പഴയപടിയാകുമെന്ന് അവർ പ്രതീക്ഷിച്ചു.

ഗവൺമെന്റ്‌ തസ്തികകളിൽ നിന്നും ജൂതരെ പുറത്താക്കിയതോടെ ഫ്രീഡ്രിക്കിന്റെ അച്ഛന് ജോലി നഷ്ടപ്പെടുന്നു. തെരുവിലൂടെ ഉറക്കെ കരഞ്ഞുകൊണ്ടുവരുന്ന അച്ഛനെ കൈപിടിച്ചുവീട്ടിൽകൊണ്ടുചെല്ലുന്നത് ഫ്രീഡ്രിക്കാണ്. അധികം താമസിയാതെ ഫ്രീഡ്രിക്  ജൂതരുടെ സ്കൂളിലേയ്ക് മാറ്റപ്പെടുന്നു. പുതുതായി തുറന്ന ഒരു വ്യാപാരസമുച്ഛയത്തിൽ ജോലി കണ്ടെത്തുന്ന അച്ഛൻ പുതിയ ജീവിതത്തിന്റെ പൊരുത്തക്കേടുകൾ ഏറെക്കുറെ കണ്ടില്ല എന്ന് നടിയ്ക്കുകയാണ്.

ഒരിയ്ക്കൽ നാസിപാർട്ടിയുടെ ബാലജനസഖ്യത്തിൽ മാർച്ചുചെയ്യാനും പ്രസംഗം കേൾക്കാനും, ഹാൻസ് പീറ്ററോടൊപ്പം, കഴുത്തിൽ ത്രികോണാകൃതിയിലുള്ള തൂവാല കെട്ടി  ഫ്രീഡ്രിക്കും പോകുന്നു. ക്രിസ്തുവിനെ ക്രൂശിച്ചത് വിവരിച്ച  കമാണ്ടർ ഓരോ കുട്ടിയേയും നോക്കി ഉറക്കെ പറയുന്നു 'ജൂതർ നമ്മുടെ നിർഭാഗ്യമാണ്' . കുറച്ചു നേരം അയാളുടെ മുഖത്ത് തുറിച്ചുനോക്കിയതിനുശേഷം ഇറങ്ങിയോടുന്നതിനുമുന്പ് ഫ്രീഡ്രിക് പറയുന്നത് 'ജൂതർ നിങ്ങളുടെ നിർഭാഗ്യമാണ്' എന്നാണ്.

ചരിത്രപാഠങ്ങളിൽ  ക്രിസ്റ്റൽ നൈറ്റ് എന്നറിയപ്പെടുന്ന , ജൂതരുടെ വ്യാപാരകേന്ദ്രങ്ങളും പാർപ്പിടങ്ങളും ആക്രമിച്ചു തകർക്കപ്പെട്ട ആ ദിവസം, തെരുവിലെ ആൾക്കൂട്ടത്തിന്റെ  ആക്രോശം കേട്ട് പോകുന്ന ഹാൻസ് പീറ്റർ കാണുന്നത്  ജൂതരുടെ സ്‌കൂൾ തല്ലിത്തകർക്കപ്പെടുന്നതാണ്. ആരോ തന്റെ കയ്യിൽ ഒരു ചുറ്റിക വച്ചുതന്നതും , അതുകൊണ്ടു വീശിയടിച്ചപ്പോൾ ചില്ലുപാളികൾ തകർന്ന് നാലുപാടും തെറിച്ചതും ഒരു സ്വപ്നം പോലെയാണ് അവനുതോന്നുന്നത്. എങ്കിലും എങ്ങനെയോ സ്വബോധം വീണ്ടെടുത്ത ഹാൻസ് പീറ്റർ ആൾക്കൂട്ടത്തിനിടയിലൂടെ സ്വന്തം വീട്ടിലെത്തുന്നു.

അതേദിവസം തന്നെ ഫ്രീഡ്രിക്കിന്റെ വീടും ആക്രമിക്കപ്പെടുന്നു, തലയ്ക്കു പരുക്കേറ്റ ഫ്രീഡ്രിക്കിന്റെ അമ്മ , ചില്ലുവിളക്കുകളും ജനാലകളും തകർക്കപ്പെട്ട, കൊള്ളയടിക്കപ്പെട്ട ആവീട്ടിൽ  വൈദ്യസഹായം കിട്ടാതെ മരിയ്ക്കുന്നു. പിന്നീടുള്ള ഫ്രീഡ്രിക്കിന്റെ ജീവിതം ഏറ്റവും ഭീകരമായ ഒരു ദുഃസ്വപ്നം പോലെയാണ്.

താൻ സ്നേഹിയ്ക്കുന്ന പെൺകുട്ടിയെ പറ്റി ഒരിയ്ക്കൽ പതിനാറുകാരനായ ഫ്രീഡ്രിക്, ഹാൻസ് പീറ്ററിനോട് കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. പാർക്കിലെ ജൂതർക്ക് ഇരിക്കാൻ അവകാശമില്ലാത്ത പച്ചബെഞ്ചിൽ അവളുടെ അടുത്തിരുന്നപ്പോൾ തന്റെ ഹൃദയമിടിപ്പുകൾക്കുപോലും ഭയമായിരുന്നു എന്ന് അവൻ പറയുന്നു. അതുമനസ്സിലാക്കിയ പെൺകുട്ടി പാർക്കിന്റെ മൂലയിലുള്ള മഞ്ഞബെഞ്ചിൽ പോയിരിക്കാം എന്ന് അവനോട് പറയുന്നുണ്ട്.

ജൂതപുരോഹിതനെ സഹായിച്ചു എന്ന കുറ്റം ചുമത്തി ഫ്രീഡ്രിക്കിന്റെ അച്ഛനെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നതും, വീട്ടുടമസ്ഥൻ വീട് അടച്ചുപൂട്ടുന്നതും ഹാൻസ് പീറ്ററിനും കുടുംബത്തിനും കണ്ടുനിൽക്കാനേ സാധിയ്ക്കുന്നുള്ളൂ. ഒളിവിൽ  പോകുന്ന  ഫ്രീഡ്രിക്കിന് പലപ്പോളും ഹാൻസ് പീറ്റർ ഭക്ഷണവും മറ്റും എത്തിച്ചുകൊടുക്കുന്നുണ്ട്. വ്യോമാക്രമണം ഉണ്ടാകും എന്ന് മുന്നറിയിപ്പുള്ള ദിവസം , ഷെൽട്ടറിലേയ്ക്ക് പുറപ്പെടാൻ ഒരുങ്ങിനിൽക്കുമ്പോളാണ് ഫ്രീഡ്രിക് അവസാനമായി അവരുടെ വീട്ടിൽ വരുന്നത്. ഫ്രീഡ്രിക്കിനോട്, പഴയ നാലു വയസുകാരനോടെന്നവണ്ണം , കുളിക്കുവാനും ഭക്ഷണം കഴിക്കുവാനും ഹാൻസ് പീറ്ററിന്റെ അമ്മ പറയുന്നു. 'എന്റെ അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോ നിങ്ങളുടെ കയ്യിലുണ്ടോ, ഉണ്ടെങ്കിൽ അതെനിയ്ക്ക് തരുമോ' , ഫ്രീഡ്രിക് അവരോട്  ദയനീയമായി അപേക്ഷിക്കുന്നു.

തനിക്ക് ഭയമാണെന്ന് കെഞ്ചി പറഞ്ഞെങ്കിലും ,ഫ്രീഡ്രിക്കിനെ വീട്ടുടമസ്ഥൻ ഷെൽട്ടറിനുള്ളിൽ പ്രവേശിപ്പിക്കുന്നില്ല. ആ  നിലവറയുടെ  സുരക്ഷിതത്വത്തിലും പുറത്തുനിന്നുള്ള ശീൽക്കാരങ്ങൾ ഹാൻസ് പീറ്ററിനു കേൾക്കാമായിരുന്നു. ശബ്ദകോലാഹലങ്ങളുടെ ആ  രാത്രിയ്ക്കുശേഷം പകുതിയും ഇടിഞ്ഞുപോയ തെരുവിലേക്ക് തിരിച്ചുവന്ന പ്രഭാതത്തിൽ, തന്റെ വീട്ടിനുമുൻപിൽ മരിച്ചുകിടക്കുന്ന കൂട്ടുകാരനെയാണ്  ഹാൻസ് പീറ്ററിന്‌ കാണാനായത്. അവൻ ഇങ്ങനെ ഒടുങ്ങിയത് നന്നായി എന്ന് പിറുപിറുത്തുകൊണ്ട് വീട്ടുടമസ്ഥൻ തന്റെ പൂന്തോട്ടത്തിലെ പ്രതിമയുടെ പൊട്ടിപ്പോയ കഷ്ണങ്ങൾ കരുതലോടെ പെറുക്കിയെടുക്കുന്നു.

ഫ്രീഡ്രിക്കിന്റെ പതിനേഴുവർഷത്തെ ജീവിതം തൻ ജനിച്ചുവളർന്ന ആ കെട്ടിടത്തിനുമുൻപിൽ തന്നെ അവസാനിക്കുന്നു.

വെറുതെ നോക്കി നിൽക്കുക എന്നതിൽ കൂടുതലായി, തനിയ്ക്ക് എന്തെങ്കിലും ചെയ്യാനാകുമായിരുന്നോ എന്ന് ഹാൻസ് പീറ്റർ എത്ര തവണ തന്നോടുതന്നെ ചോദിച്ചുകാണണം ? വളരെയധികം സ്നേഹിച്ച സുഹൃത്തിനെ ഗത്യന്തരമില്ലാതെയാണെങ്കിലും മരണത്തിന് വിട്ടുകൊടുക്കുക എന്ന അവസ്ഥ  സത്യത്തിൽ ഭയാനകമല്ലേ...