Thursday, February 25, 2021



ഉണ്ടെന്റെ ചുറ്റിലും സൂര്യപ്രകാശവും

ഉള്ളം കുളിർക്കുന്ന നൽ കിളിക്കൊഞ്ചലും

ഊഷ്മളവായുവിലാടുന്ന പൂക്കളും

ഊഴം  കൊതിക്കുന്ന നാളെതന്നാശയും.


എങ്കിലുമെന്തോ ഉറഞ്ഞുപോയ് നെഞ്ചിലീ

മഞ്ഞും മരവിച്ച ദീർഘനിശ്വാസവും

അരഞൊടിപോലും വിടാതെയീ നോവുമാ 

നോവിൽ ഞെരിഞ്ഞോരപൂർണ്ണമാം ഗാനവും.


തഴുകാതെ പോയോരിളംകാറ്റിനായിനി

തലമുടിനാരുകൾ, കാത്തുനിൽപ്പെന്തിനായ്?

അവയിലില്ലൽപവും ജീവനെന്നാകിലും

ഒരു വിരൽസ്പർശംകൊതിക്കുവതെന്തിനായ്?