Monday, January 4, 2016

അമ്മയുടെ ഒരേയൊരു അനുജത്തിയുടെ വീട്ടിൽ ചിലവഴിച്ച ഒരു അവധിക്കാലത്താണ് ഞാൻ ചാലിയാർ എന്ന പുഴയെ ആദ്യമായി കാണുന്നത്. ആ പുഴയും അതിന്റെ മഞ്ഞിച്ച പരിസരവും നഗരത്തിലെന്നവണ്ണം ഞങ്ങളുടെ കുടുംബത്തിലും പ്രക്ഷോഭങ്ങളുണ്ടാക്കുമെന്ന് അന്ന് എനിയ്ക്ക് അറിഞ്ഞുകൂടായിരുന്നു.

 ഞങ്ങൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. ഞാനും ഇളയമ്മയുടെ മക്കളും അവരുടെ ആയയും. ഇഞ്ചിപ്പുല്ലും ബോഗൈൻവില്ലയും നിറഞ്ഞ മലഞ്ചെരിവുകൾ ഇറങ്ങി ഞങ്ങൾ ആ ചെറിയ പട്ടണത്തിലൂടെ നടന്നു. വലിയ നിരത്തിലൂടെ അതിവേഗത്തിൽ പാഞ്ഞുപോകുന്ന ബസ്സുകൾ ഞങ്ങളെ അലക്ഷ്യമായ ആ നടത്തത്തിലും ജാഗരൂകരാക്കി. വലിയ മതിൽക്കെട്ടുകളും അവയുക്കുള്ളിൽ പ്രവർത്തിയ്ക്കുന്ന ഫാക്ടറിയും അതിന്റെ പടുകൂറ്റൻ പുകക്കുഴലുകളും നോക്കിക്കണ്ട്, ഞങ്ങൾ ഒടുവിൽ പുഴയോരത്ത് എത്തി.

മലിനമാക്കപ്പെട്ട ആ പുഴയുടെ നെടുവീർപ്പുകൾ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നോ? എന്തോകൊണ്ടാണ് പ്രകൃതിയ്ക്ക് അതിന്റെ ഓജസ്സ് അവിടെ നഷ്ടമായത്. അവിടത്തെ വായുവിന് അസഹ്യമായ ഒരു രൂക്ഷഗന്ധമുണ്ടായിരുന്നു. അത് എന്നെ അസ്വസ്ഥയാക്കുകയും, എന്റെ കാലുകളെ തളർത്തുകയും ചെയ്തു. വാക്കുകളില്ലാതെ ഒരു  വിങ്ങൽ അടക്കുകയായിരിക്കണം പ്രകൃതി. പുഴയാകട്ടെ രക്ഷപ്പെടാനുള്ള വ്യഗ്രതയോടെ ഓടി അകലുകയായിരുന്നു.

എങ്കിലും ഞാൻ പുഴയുടെ കയ്യൊപ്പ് പതിഞ്ഞ ഉരുളൻ കല്ലുകൾ കുറെ പെറുക്കിയെടുത്തു. പുഴവെള്ളത്തിൽ കൈകാലുകൾ നനച്ചു.
തിരിച്ചുള്ള നടത്തത്തിൽ എനിയ്ക്ക് വല്ലാത്ത ഒരു മന്ദത തോന്നി. എന്നാൽ അവിടത്തെ താമസക്കാരായ എന്റെ അനുജനെയും അനുജത്തിയെയും അവരുടെ ആയയെയും അത് ബാധിച്ചില്ല. അവർ ഉത്സാഹത്തോടെ നടന്നു. എപ്പോഴോ മൂന്നു വയസ്സുകാരനായ എന്റെ അനുജൻ ചെരുപ്പ് ഊരി നിരത്തിലേക്ക് വലിച്ചെറിഞ്ഞു . അർദ്ധബോധാവസ്ഥയിൽ ആയതുകൊണ്ടാവും ഞാൻ ബസ്സുകളെ വകവെക്കാതെ അത് നടന്നുപോയി എടുത്തത്‌.

പിന്നീടുള്ള വർഷങ്ങളിൽ പുഴയും പുരോഗതിയും നഗരത്തിന്റെ തർക്കവിഷയങ്ങളിൽ ഒന്നായി. നഗരം ചേരി തിരിഞ്ഞ് സമരം ചെയ്തു. ആരുടെ ഭാഗത്താണ് ശരി എന്ന് എനിയ്ക്കന്ന് തീർച്ചപ്പെടുത്തുവാൻ ആയില്ല.

എല്ലാം പഴയ കഥകളാണ്. പുഴ ഇപ്പോഴും ഒഴുകുന്നുണ്ടാകും. പ്രകൃതി പുഞ്ചിരിക്കുന്നുണ്ടാകും.