Thursday, March 17, 2016

ഉറക്കമില്ലാത്ത രാത്രികളുമായി ഞാൻ പൊരുത്തപ്പെട്ടുവരുന്നു. എന്റെ ജനൽപ്പാളികളിൽ മഞ്ഞുത്തുള്ളികൾ തെരുവുവിളക്കിന്റെ പ്രകാശത്തിൽ തിളങ്ങുന്നു.. രാത്രി ശരിയ്ക്കും ഒരു മയജാലക്കാരിതന്നെയാണ്. പകൽവെളിച്ചത്തിൽ ഈ തെരുവുകൾക്ക്‌ ഇത്ര ഭംഗിയുണ്ടോ.. അതിന്റെ സാധാരണത്വത്തിന്  ഈ അരണ്ടവെളിച്ചം ഒരു രഹസ്യഭാവം നല്കിയിരിക്കുന്നു.

എന്റെ രാജകുമാരി ]ഉറങ്ങുകയാണ്. ഞാൻ അവളെ കുറിച്ചും മറ്റു കുഞ്ഞുങ്ങളെ കുറിച്ചും ചിന്തിയ്ക്കുന്നു. താൻ സ്നേഹിക്കപ്പെടും എന്നാ വിശ്വാസത്തോടെയല്ലേ ഓരോ കുഞ്ഞും ഈ ലോകത്തേയ്ക്ക് വരുന്നത്?

എനിയ്ക്ക് പരിചയമുള്ള  രണ്ടുപേർ വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണ്. അവര്ക്ക് അഞ്ചുവയസുകാരനായ ഒരു മകനുണ്ട്.
ഇത്തരം കാര്യങ്ങൾ മുൻപുണ്ടാക്കിയിരുന്ന ഞെട്ടൽ ഇപ്പോഴില്ല , ആര്ക്കും. നമ്മളും ലോകത്തിനൊപ്പം മാറുകയാണ്.

താൻ വിവാഹമോചനം ആഗ്രഹിക്കുന്നുവെന്ന് എന്റെ അടുത്ത സ്നേഹിത ഈയിടെ പറയുകയുണ്ടായി. സംസ്കാരം എന്നെ പറയാൻ പഠിപ്പിച്ചത് തന്നെ ഞാൻ അവളോട്‌ പറഞ്ഞു. കുട്ടികൾക്ക് വേണ്ടി സഹിക്കൂ..
മറ്റുള്ളവരും അവളോട് അതുതന്നെയാകും പറഞ്ഞത്.
ദിവസംപ്രതി അവഹേളിയ്ക്കപ്പെടുന്ന ഒരു അമ്മയെകണ്ടാണോ എന്റെ പെണ്മക്കൾ വളരേണ്ടത്? അവൾ ചോദിച്ചു. എല്ലാം സഹിയ്ക്കാൻ എന്നെപ്പോലെ അവരും ബാധ്യസ്ഥരാണ് എന്നാണോ ഞാൻ അവര്ക്ക് കൊടുക്കേണ്ട പാഠം? ജീവിതകാലം മുഴുവൻ അവരുടെ അച്ഛനും അമ്മയും അസന്തുഷ്ടരായിരിയ്ക്കണം എന്ന് അവർ ആഗ്രഹിക്കുമോ?
എന്താണ് ശരി? ചിലപ്പോൾ അവൾ പറഞ്ഞതുതന്നെയാകാം.. പ്രത്യക്ഷത്തിൽ തെറ്റ് എന്ന് തോന്നുത്തത് പലതും വലിയ ശരികൾ ആകാറുണ്ടല്ലോ.. അതുപോലെ മറിച്ചും..

ശരിയും തെറ്റും വിലയിരുത്താനുള്ള കഴിവ് എനിയ്ക്ക് നഷ്ടമായിരിക്കുന്നു.

എന്റെ മകന്റെ ജർമൻ രണ്ടാം പാഠത്തിലുള്ള കഥകൾ ഇങ്ങനെയൊക്കെയാണ്..
ലൂസി ഭയന്നു. ഇന്നാണ് അമ്മയുടെ പുതിയ ഭർത്താവിന്റെ മകൾ അവരോടൊപ്പം താമസത്തിനെത്തുക. ആ കുട്ടി അവളോടൊപ്പം കളിക്കാൻ ഇഷ്ടപ്പെടുമോ?....

ഫിലിപ്പ് ചിന്തിച്ചു.. ആരാണിനി തന്റെ സൈക്കിൾ നന്നാക്കി തരിക.. അമ്മ ജോലിസ്ഥലത്താണ്. അച്ഛനെ ഇനി അവധിക്കേ കാണൂ. ആനിയുടെ അപ്പൂപ്പനോടു ചോദിച്ചാലോ ?

ഇത്തരം കഥകൾ നാട്ടിലെ പാഠപുസ്തകങ്ങളിലുമുണ്ടോ ? അതോ ഇപ്പോളും മൃഗങ്ങളുടെ കഥകളാണോ അവയിൽ...

തരം കിട്ടിയാൽ വീട്ടിൽ നിന്നിറങ്ങി തെരുവിലൂടെ ഒടാരുണ്ടായിരുന്ന ആ അഞ്ചുവയസ്സുകാരന്റെ മുഖം എന്റെ മനസ്സിൽ ഇപ്പോളുമുണ്ട്. സത്യത്തെ ഉൾക്കൊണ്ട് അതുമായി പൊരുത്തപ്പെട്ട് , സന്തോഷമായിത്തന്നെ ജീവിയ്ക്കാൻ അവനാകട്ടെ.