Wednesday, December 7, 2016

ഈയ്യിടെ ഏതോ മലയാളം ചാനലിൽ പത്തുപതിനഞ്ചുവർഷംമുൻപ് കുറെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ഒരു മുപ്പത്തഞ്ചുകാരിയുമായുള്ള അഭിമുഖം കണ്ടു. " നിങ്ങൾ ഇപ്പോഴും പഴയപോലെ സുന്ദരിയാണല്ലോ, നിങ്ങൾ തടി വച്ചിട്ടില്ലല്ലോ " അവതാരകൻ വീണ്ടും വീണ്ടും ചോദിച്ചികൊണ്ടിരുന്നു. നടി താൻ മെലിഞ്ഞത് എങ്ങനെ എന്ന് വീണ്ടും വീണ്ടും വിരസതയോടെ വിവരിച്ചു.

 തന്റെ പഴയകാലവേഷങ്ങളെ കുറിച്ചോ അഭിനയമുഹൂർത്തങ്ങളെ കുറിച്ചോ സംസാരിയ്ക്കാനായിരിക്കണം അവർ ആഗ്രഹിച്ചിരുന്നത്. മുപ്പത്തഞ്ചുവയസുകഴിഞ്ഞ ഒരു സ്ത്രീയുടെ ഏറ്റവും വലിയ നേട്ടം തടിവയ്ക്കാത്തതാണോ ..

ഇനി മറ്റൊരു നടിയെ പറ്റി പറയട്ടെ.

പണ്ട്, 92 ൽ, തിരുവനന്തപുരത്ത് കുട്ടികളുടെ ചലച്ചിത്രോത്സവം നടന്നപ്പോൾ ഏറ്റവും നല്ലസിനിമ തെരഞ്ഞെടുക്കാനുള്ള കുട്ടികളുടെ ജൂറി ചെയർ പേഴ്സൺ മഞ്ചു വാര്യർ എന്ന ഒമ്പതാം ക്ലാസ്സുകാരിയായിരുന്നു. മുടി ഇരുവശവും പിന്നിയിട്ട ആ മെലിഞ്ഞകുട്ടിയുടെ ഫോട്ടോ പാത്രത്തിൽ കണ്ടത് ഞാൻ ഓർക്കുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ തിളങ്ങിയ ആ കുട്ടി പിന്നീട് നടിയായി. അവരുടെ പല സിനിമകളും ഞാൻ കൂട്ടുകാരികളോടൊപ്പം പോയികണ്ടിട്ടുണ്ട്.
പക്വതയുള്ള വേഷങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്യുമ്പോളും അവർ മനസ്സുകൊണ്ട് ഒരു കുട്ടി മാത്രമായിരിക്കണം. " ആ പാട്ടുകേട്ട് ഞാൻ താളം പിടിച്ചു തലകുലുക്കിയപ്പോൾ സാർ പറഞ്ഞു , ഇതു നല്ല സ്റ്റെപ് ആണല്ലോ .." എന്നൊക്കെ അവർ അക്കാലത്ത്  അഭിമുഖങ്ങളിൽ പറഞ്ഞതായി ഞാൻ ഓർക്കുന്നു .

ഒരിടവേളയ്ക്കുശേഷം സിനിമയിൽ തിരിച്ചെത്തിയ മഞ്ചു വാര്യർ രൂപം കൊണ്ട് മാത്രമല്ല മാറിയത്. അവർ കൗമാരക്കാരി ആയിരുന്നില്ല, ബുദ്ധിമതിയായ ഒരു സ്ത്രീ ആയി വളർന്നിരുന്നു.
ഒരു ദാമ്പത്യത്തിന്റെ ഉള്ളുകള്ളികൾ വിശകലനം ചെയ്യാൻ പുറംലോകത്തിന് അവകാശമില്ല എന്ന് ഞാൻ കരുതുന്നു. എങ്കിലും മഞ്ചു വാര്യർ ഒരു പ്രതിഭയായിരുന്നു. അവർക്ക് വെറുതെ നഷ്ടപ്പെട്ടത് വിലപ്പെട്ട വർഷങ്ങളാണ് .