Thursday, December 1, 2016

അവളുടെ ഉച്ചയുറക്കത്തിന്റെ , ചെറിയ ഇടവേളകാലിലാണ് ജീവിതം മുന്നോട്ടു പോകുന്നത് . കണ്ണടച്ച്, ക്ളോക്കിന്റെ താളക്രമമായ ശബ്ദം കേട്ടുകൊണ്ട്  ഞാൻ മറ്റേതോ ലോകത്താണ് എന്ന് ചിന്തിയ്ക്കാൻ ശ്രമിക്കുന്നു.
പൂപ്പൽ പിടിച്ച അരമതിലുകളെയും അവയ്ക്കരികിൽ വളർന്നുനിൽക്കുന്ന ശീമക്കൊന്നകളെയും കണ്മുന്നിലെന്നവണ്ണം കാണുന്നു. 

നട്ടുച്ചയുടെ നിശബ്ദത എനിയ്ക്ക് ഏറെ ഇഷ്ടമാണ്. അത് സത്യത്തിൽ നിശബ്ദതയല്ല , താളക്രമമായ ശബ്ദങ്ങളുടെ കൂടിച്ചേരലാണ്. അതിൽ ഒരു അജ്ഞാത സംഗീതം നിറഞ്ഞുനിൽക്കുന്നു. അതിന്റെ ലാളിത്യം  വാക്കുകൾക്ക് പകർത്തുവാൻ ആകാത്ത ഒന്നാണ്. ഏറ്റവും ലളിതമായ ഒന്നിന്റെ സൗന്ദര്യം വർണ്ണിയ്ക്കുക വാസ്തവത്തിൽ അസാദ്ധ്യമല്ലേ ..

ഞാൻ ജീവിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു. വാക്കുകളെ വർണ്ണങ്ങളാക്കി ചിത്രം വരയ്ക്കാൻ ആഗ്രഹിയ്ക്കുന്നു. ഈണത്തിൽ വരികളുണ്ടാക്കാൻ ആഗ്രഹിയ്ക്കുന്നു. സാഹിത്യസപര്യ എന്നൊന്നും പറയുവാൻ ആകില്ല . ഇത് വാസ്തവത്തിൽ ഒരു ജീവിതരീതിയല്ലേ . ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന  ജീവിതത്തോടുള്ള  പ്രണയം. അതിൽ പരാജയങ്ങൾ  ഉണ്ടോ?