Thursday, June 22, 2017

കഥ എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്ന് തന്നെ വീണ്ടും ചിന്തിക്കുന്നു..
സത്യസന്ധമായ ഒരു കഥ അതിന്റെ അവസാനം സ്വയം കണ്ടെത്തില്ലേ ..

കാലം നമ്മുടെ വീക്ഷണഗതിയെ എങ്ങനെയൊക്കെയാണ് മാറ്റിമറിയ്ക്കുന്നത് ...
പണ്ടെപ്പൊഴോ കേട്ടിട്ടുള്ള കഥയാണ് , ഹോസ്റ്റലിൽ താമസിച്ചുപഠിച്ചിരുന്ന എന്റെ സ്നേഹിതയോട് ആരോ പറഞ്ഞ കഥ..

താര എന്ന പെൺകുട്ടിയാണ് കഥയിലെ നായിക,  അവൾ എന്റെ സ്നേഹിതയുടെ, സ്നേഹിതയുടെ..... സ്നേഹിതയുടെ പരിചയക്കാരിയോ ബന്ധുവോ ആണ്. അവൾ സുന്ദരിയും, അടക്കം, ഒതുക്കം തുടങ്ങിയ അന്നത്തെ കാലത്ത് അഭികാമ്യമെന്ന് കരുതിയിരുന്ന ഗുണങ്ങളിൽ സമ്പന്നയും ആയിരുന്നു. അവൾക്ക് പതിനഞ്ചുവയസ്സുതികഞ്ഞ ദിവസം മുതൽ എല്ലാ വർഷവും അവളുടെ ജന്മദിനത്തിന് ഒരജ്ഞാതൻ ആശംസ കാർഡുകൾ അയയ്ക്കാറുണ്ടായിരുന്നു. ഈ കാർഡുകൾ കൈപ്പറ്റി എന്നതല്ലാതെ , അവൾ തന്റെ ആരാധകനെ കണ്ടെത്താൻ ഒരിക്കലും ശ്രമിച്ചില്ല. അങ്ങനെ തികഞ്ഞ നല്ല കുട്ടിയായ അവൾ വളർന്ന് വിവാഹപ്രായമെത്തിയപ്പോൾ മാതാപിതാക്കൾ അവളുടെ സമ്മതം ചോദിയ്ക്കാതെ, ആദ്യം വന്ന വിവാഹാലോചന തന്നെ തീർച്ചയാക്കി. താരയ്ക്ക് ഇക്കാര്യത്തിൽ നിരാശയുണ്ടായിരുന്നോ എന്നറിയില്ല, അവൾ ജീവിതത്തിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിച്ചു കാണില്ല. അങ്ങനെ അവളുടെ വിവാഹം തികച്ചും സാധാരണമായിത്തന്നെ കഴിഞ്ഞു . തികച്ചും സാധാരണമായ ഒരു ജീവിതം നയിക്കാൻ തയ്യാറായിരുന്ന അവളോട് അവളുടെ ഭർത്താവ് പറഞ്ഞു, പതിനഞ്ചുവയസ്സുമുതൽ അവൾക്ക് ആശംസകൾ അയച്ചിരുന്നത് താൻ തന്നെ ആണ് എന്ന്.

കഥകൾ പറയാനുള്ള ആവേശം ഒന്നുകൊണ്ടുമാത്രം ഞാനും എന്റെ കൂട്ടുകാരിയും ആ കാലത്ത്  ഈകഥ ആരോടൊക്കെയോ പറഞ്ഞിട്ടുണ്ട്...
സത്യത്തിൽ താര  എന്ന പെൺകുട്ടി ഉണ്ടായിരുന്നോ ..  എനിയ്ക്കറിയില്ല. എന്റെ കൗമാരത്തിൽ ഞാൻ ഈ കഥയുടെ ഉത്ഭവത്തിൽ അല്പം പോലും സംശയിച്ചിരുന്നില്ല. താര എന്ന ആ അജ്ഞാത ഏറ്റവും ഭാഗ്യവതിയാണെന്ന് ഞാൻ കരുതി.
സത്യത്തിൽ ശുദ്ധ അസംബന്ധമല്ലേ അത്.. താര എന്ന പെൺകുട്ടിയ്ക്ക് പിൽക്കാലത്ത് എന്ത് സംഭവിച്ചു കാണണം..

ഇനി മറ്റൊരു കഥ...
എന്റെ അമ്മയുടെ വീട്ടിലെ ചട്ടപറിഞ്ഞു പോയ അസംഖ്യം പുസ്തകങ്ങളിൽ ഒന്ന് അജ്ഞാതവരൻ എന്ന നോവലായിരുന്നു. മലബാർ ലഹളക്കാലത്തു കുടുംബത്തിൽ നിന്നും വേർപെട്ടുപോയ പെൺകുട്ടിയേയും അനുജനെയും ഒരജ്ഞാതൻ സഹായിക്കുന്നു. പിന്നീട് മാതാപിതാക്കളെ കണ്ടെത്തുന്ന പെൺകുട്ടി, തനിയ്ക്ക് തന്റെ രക്ഷകനെ വിവാഹം ചെയ്യണം എന്ന് പറയുന്നു. അവന്റെ കുലം എന്താണെന്നാർക്കറിയാം , മാതാപിതാക്കൾ പറയുന്നു . നല്ലതല്ലാത്ത ഒരു കുലത്തിൽ പെട്ടയാളിൽ എന്റെ മനസ്സ് എത്തില്ല , തികഞ്ഞ ആഭിജാത്യയായ പെൺകുട്ടി പറയുന്നു, പിന്നീടവർ കണ്ടെത്തുന്നു, അയാൾ അവളുടെ അമ്മാവന്റെ മകൻ തന്നെ ആണ് എന്ന്. അമ്മാവന്റെ മകനോടുള്ള പ്രണയം ഏറ്റവും ഉദാത്തമായ ഒന്നായതിനാൽ എല്ലാവരും കൃതാർത്ഥരാകുന്നു.

എല്ലാം വിഡ്ഢിത്തമാണ് , എന്ന് ഇപ്പോൾ തോന്നുന്നുവെങ്കിലും മറ്റൊരുകാലത്ത് ഇതിനെല്ലാം വലിയ അർത്ഥങ്ങൾ ഉണ്ടായിരിക്കണം.

ഒരു നിമിഷത്തിന്റെ മായികതയിൽ ഒതുങ്ങുന്നതല്ല ഒരു യഥാർത്ഥ പ്രണയകഥ എന്ന് ഞാൻ കരുതുന്നു.അത് അവസാനമില്ലാത്ത ഒന്നാണ്. വിവാഹം അല്ലെങ്കിൽ ദുരന്തം എന്നൊന്നും അതിനെ തരം തിരിയ്ക്കാൻ ആവില്ല, അത് ഒരു സംഭവം കൊണ്ട് അടിവരയിട്ട് നിർത്താവുന്ന ഒന്നല്ല, മറിച്ച് ഒരു തുടർച്ചയാണ്.

ജോലിചെയ്തിരുന്ന കാലത്തു ഞാൻ മനസ്സിൽ കുറിച്ചിരുന്ന കഥയിലെ കഥാപാത്രങ്ങൾ എന്നെ വിട്ടകലുകയാണ് എന്ന് തോന്നുന്നു. അല്ലെങ്കിൽ ഒരു യഥാർത്ഥ കഥാവസാനം കണ്ടെത്തണമെങ്കിൽ എന്നോടൊപ്പം അവരും വളരണമായിരിക്കും.

മുൻപ് ഞാൻ എഴുതിയേക്കാമായിരുന്ന അവസാനം സിനിമാക്കഥ പോലെ ആയിരുന്നേനെ.. അതുകൊണ്ടു ഈ മൂകതപോലും കഥയ്ക്ക് അനിവാര്യമായിരിക്കാം..