Saturday, April 28, 2018

യുദ്ധകാലത്തെ കുട്ടികൾ - ഒരിക്കൽ


എന്റെ മകന്റെ നാലാം ക്ലാസ്സ് വായനയ്ക്കായുള്ള പിരീഡിൽ ഇപ്പോൾ വായിക്കുന്ന പുസ്തകം മോറിസ് ഗ്ലെയ്‌റ്റ്സ് മാന്റെ 'Once ' ആണ്.രണ്ടാംലോകമഹായുദ്ധകാലത്ത് പോളണ്ടിൽ ഒരു കത്തോലിക് അനാഥാലയത്തിൽ ഒളിവിൽ കഴിയുന്ന ജൂതബാലന്റെ കഥയാണത്. യുദ്ധം അതിന്റെ എല്ലാ ഭീകരതയോടും തന്നെ പല ഭാഗത്തും പ്രതിപാദിച്ചിട്ടുള്ളതുകൊണ്ട് ഇത് ഒൻപതുവയസ്സുകാർക്ക് പറ്റിയ പുസ്തകമാണോ എന്ന് ഞാൻ സംശയിച്ചിരുന്നു.
കഥാനായകനും ഒൻപതുവയസ്സു തന്നെയാണ് എന്നോർത്തപ്പോൾ ആ സംശയം ബാലിശമായിത്തോന്നി.

ഫെലിക്സ് എന്ന ആ കുട്ടി വിഷണ്ണനല്ല. തന്റെ അച്ഛനമ്മമാർ തിരിച്ചുവരും എന്ന് അവനുറപ്പുണ്ട്. അവർ പുസ്തകവില്പനക്കാരാണ്. തനിയ്ക്ക് ആറു വയസ്സുള്ള കാലത്ത് ചിലർ പുസ്തകങ്ങൾ കൂട്ടിയിട്ടുകത്തിച്ചതും , ജൂതന്മാരായ പുസ്തകവില്പനക്കാർക്ക് ഇത് നല്ലകാലമല്ല എന്ന് അച്ഛൻ വിഷണ്ണനായി പറഞ്ഞതും അവൻ ഓർക്കുന്നുണ്ട്. അതെ തുടർന്നാണ് അവൻ അനാഥാലയത്തിലെ അമ്മമാരുടെ സംരക്ഷണയിലായത്. യുദ്ധത്തെ കുറിച്ച് അവനറിയില്ല. പുസ്തകക്കാരുടെ പ്രശ്നങ്ങൾ, അവ എഴുത്തുകാരെ പിടിക്കുന്ന കരടികളോ, അച്ചടിയന്ത്രങ്ങൾ മോഷ്ടിക്കുന്ന കള്ളന്മാരോ അങ്ങനെ  എന്തുതന്നെയാണെങ്കിലും, അവയൊക്കെ പരിഹരിച്ച് അച്ഛനും അമ്മയും വരുമെന്ന് അവൻ കരുതുന്നു.

ഒരിക്കൽ , തന്റെ അത്താഴപ്പാത്രത്തിൽ കണ്ട കാരറ്റ് അവനെ ചിന്തിപ്പിക്കുന്നു. മറ്റാർക്കും കൊടുക്കാതെ തന്റെ പാത്രത്തിൽ മാത്രം വിളമ്പിയ കാരറ്റ് 'അമ്മ കൊടുത്തയച്ചതായിരിക്കും എന്ന് അവൻ കരുതുന്നു. അതെ തുടർന്നാണ് അവൻ അച്ഛനമ്മമാരെ അന്വേഷിച്ച്, മലയിറങ്ങി യുദ്ധം കൊടുമ്പിരികൊള്ളുന്ന ഗ്രാമത്തിലെത്തുന്നത്. അവടെ കണ്ട കാഴ്ചകൾ അവന് മനസ്സിലാകുന്നില്ല . തന്റെ വീട്ടിലെ പുതിയ താമസക്കാർ തന്നെ ആട്ടിയോടിച്ചത് എന്തിനാണെന്നും.  ഒഴിഞ്ഞ തെരുവുകളും, വാതിലുകൾ തുറന്നിട്ട ഒഴിഞ്ഞ വീടുകളും, വിദൂരത്തിൽ മുഴങ്ങുന്ന വെടിയൊച്ചകളും അവനെ ചിന്തിപ്പിക്കുന്നു. ആളുകളെല്ലാം മുയൽ വേട്ടയ്ക്ക് പോയതായിരിക്കും എന്നും , റോഡിലൂടെ പാഞ്ഞുപോയ പട്ടാളവണ്ടി തന്റെ നേരെ വെടിവച്ചത് അറിയാതെ ആയിരിക്കും എന്നുമാണ്   അവൻ ആദ്യം കരുതുന്നത്.  ഒടുവിൽ നാസി പട്ടാളത്തിന്റെ കയ്യിൽ അകപ്പെട്ട അവനെ രക്ഷിക്കുന്നത്, വാർസോ ഗെറ്റോവിൽ അനാഥകുട്ടികളെ സംരക്ഷിച്ചിരുന്ന ബാർണി എന്ന ഡോക്ടറാണ്.

തനിയ്ക്കുചുറ്റുമുള്ള  ലോകത്തിന്റെ ഭീകരാവസ്ഥ മനസ്സിലാകുമ്പോളും ഫെലിക്സ് പ്രതീക്ഷ കൈവെടിയുന്നില്ല. ചെറിയ ജനാലയിലൂടെ തെരുവിലേയ്ക്ക് നോക്കി അവൻ അച്ഛനമ്മമാരെ തിരയുന്നു, നാസികളെ പറ്റിച്ച് അവർ രക്ഷപ്പെട്ടിരിക്കാവുന്ന സാഹചര്യങ്ങളെ കുറിച്ച് കഥകൾ മെനയുന്നു. അവന്റെ കഥകൾ മറ്റുകുട്ടികളെയും രസിപ്പിക്കുന്നു.
വാർസോ ഗേറ്റോയിലെ 'വലിയ പുറത്താക്കൽ ' നടക്കുന്ന കാലമാണത്. കുട്ടികൾ ഒരു ചെറിയ നിലവറയിൽ ഒളിവിൽ കഴിയുകയാണ്. തെരുവിൽ ആളുകളെ ആട്ടിത്തെളിച്ച് കൊണ്ടുപോകുന്നത്  അവർ അറിയുന്നുണ്ട്. പിന്നീടൊരു രാത്രിയിൽ ബാർണിയോടൊപ്പം പുറത്തിറങ്ങുന്ന ഫെലിക്സിനെ ആളൊഴിഞ്ഞ തെരുവുകൾ ഭയപ്പെടുത്തുന്നു. ആളുകളെല്ലാം തീവണ്ടികളിൽ തടങ്കൽപാളയങ്ങളിലേയ്ക്ക് മാറ്റപ്പെട്ടു എന്ന് ബാർണി പറയുന്നു. തടങ്കൽപാളയങ്ങൾ യഥാർത്ഥത്തിൽ മരണശാലകളാണെന്നും....
ഫെലിക്സിന്റെ ഭാവന നിശ്ശബ്ദമാകുന്നത് അപ്പോഴാണ്.
പിന്നീട് പിടിയിലാകുമ്പോഴും , ആദ്യമായി തീവണ്ടിയിൽ കയറുന്ന ഉത്സാഹത്തോടെ മറ്റുകുട്ടികൾ ചിരിയ്ക്കുമ്പോഴും അവൻ നിശ്ശബ്ദനാണ്. അവൻ ചിന്തിയ്ക്കുന്നത് തന്റെ കൂട്ടുകാരിയായ ആറുവയസുകാരിയെ കുറിച്ചാണ്, ഓടിക്കൊണ്ടിരിയ്ക്കുന്ന ആ കന്നുകാലിവണ്ടിയുടെ ഇളകിപ്പോയ പട്ടികയുണ്ടാക്കിയ വിടവിലൂടെ, നാസികളുടെ വെടിയുണ്ടകളെ ഭയക്കാതെ  പുറത്തേയ്ക്ക് ചാടുവാൻ അവനെ പ്രേരിപ്പിക്കുന്നതും അവളെ രക്ഷിക്കണം എന്ന ചിന്തയാണ്...

ഫെലിക്സ് ഒരിയ്ക്കലും തന്റെ മാതാപിതാക്കളെ കണ്ടെത്തുന്നുന്നില്ല.. അവർ മരിച്ചു എന്ന് തീർച്ചപ്പെടുത്തുന്നതും ഇല്ല....

വാർസോ ഗേറ്റോവിൽ കുട്ടികളെ സംരക്ഷിച്ചിരുന്ന യാനുസ് കോർസെക് എന്ന എഴുത്തുകാരന്റെ ജീവിതമാണ് ഈ കഥയ്ക്ക് ആധാരം. ഒടുവിൽ, ഒരു വിനോദയാത്രയ്ക്ക് പോകുന്ന സന്തോഷത്തിൽ വെളുത്തവസ്ത്രങ്ങൾ ധരിച്ച് മാർച്ചുചെയ്ത് തീവണ്ടിയിൽ കയറിയ തന്റെ കുട്ടികളോടൊപ്പം അദ്ദേഹവും പോയി. ' എസ്  വാർ ഐൻ മാൽ  ഐൻ ക്ളൈനസ് ബയൂബ്ച്ചെൻ ' എന്ന നഴ്സറി പാട്ടിനൊപ്പം മാർച്ചുചെയ്ത് തീവണ്ടിയിൽ കയറുന്ന കുട്ടികളുടെ ഒരു ദൃശ്യം ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന സിനിമയിലും ഉണ്ട്.

പ്രിയപ്പെട്ടവരെ തിരിച്ചുകിട്ടുന്ന നിമിഷത്തെ കുറിച്ച് ഫെലിക്സ് മനസ്സിൽ വരച്ച ചിത്രങ്ങളാകണം അവനെ ജീവിതത്തോട് ചേർത്ത്നിർത്തിയത്. 

അജ്ഞാതമായ ഭാവിയുടെ ഏതോ ഒരു നിമിഷത്തിൽ തങ്ങൾ കണ്ടുമുട്ടുകതന്നെ ചെയ്യും എന്ന വിശ്വാസമാകണം അവനെ മുന്നോട്ടുകൊണ്ടുപോയത്.