Friday, November 23, 2018

യുദ്ധകാലത്തെ കുട്ടികൾ - രാത്രി



വർഷങ്ങൾക്കുശേഷം വീണ്ടും വായിക്കുകയാണ്  സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായ എലീ വീസലിന്റെ 'നൈറ്റ്' എന്ന പുസ്തകം.

നാല്പതുകളുടെ തുടക്കത്തിൽ, റൊമേനിയയുടെ ട്രാൻസിൽവാനിയൻ പ്രവിശ്യയിലെ സിഗേറ്റ് എന്ന കൊച്ചുപട്ടണത്തിലായിരുന്നു  എലിസാർ എന്ന കുട്ടി പതിനാലുവയസ്സുവരെ ജീവിച്ചത്. അവൻ മറ്റുകുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. രാപ്പകൽ മതഗ്രന്ഥങ്ങൾ വായിച്ചും  ഉത്തരം കിട്ടാത്ത ചോദ്യങ്ങളെകുറിച്ച് ദൈവവുമായി സംവദിച്ചുമാണ് അവൻ തന്റെ ബാല്യം ചിലവഴിച്ചത്.

ആ കാലഘട്ടത്തിൽ ട്രാൻസിൽവാനിയ ഹംഗറിയുടെ അധീനതയിലായിരുന്നു. ബുഡാപെസ്റ്റിൽ ഒരു ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിൽ വന്നതും നാസി ജർമ്മനിയോട് വിധേയത്വം പ്രഖ്യാപിച്ചതും റേഡിയോ വാർത്തകളിലൂടെ സിഗേറ്റിലെ ജൂതരും അറിഞ്ഞു.
'നമുക്കെന്തു സംഭവിയ്ക്കാനാണ് , നമ്മൾ ബുഡാപെസ്റ്റിൽ നിന്നും എത്ര അകലെയാണ്,' അവർ പരസ്പരം പറഞ്ഞു.

ദിവസങ്ങൾക്കകമാണ് ആദ്യത്തെ ജർമൻ പട്ടാളക്കാരെത്തിയത്. അവരുടെ ചുളിവുകളില്ലാത്ത യൂണിഫോമിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ നാട്ടുകാർ അത്ഭുതത്തോടെ നോക്കി. അവരുടെ കുലീനമായ പെരുമാറ്റം ഏവരെയും അമ്പരപ്പിച്ചു.
'ഇവരാണോ ക്രൂരരായ നാസികൾ?'  ആളുകൾ പരസ്പരം പറഞ്ഞുചിരിച്ചു.

വിലക്കുകൾ തുടങ്ങിയത് പൊടുന്നനെയാണ്. ആരാധനാലയങ്ങൾ അടച്ചുപൂട്ടപ്പെട്ടു. സ്വർണവും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും കൈവശം വയ്ക്കുവാനുള്ള അവകാശം നഷ്ടപ്പെട്ടു. 'ദാവീദിന്റെ മഞ്ഞ നക്ഷത്രം' ധരിയ്ക്കാതെ പുറത്തിറങ്ങുവാൻ ആകാതെയായി. എങ്കിലും എലിസാറിന്റെ ശുഭാപ്‌തിവിശ്വാസിയായ പിതാവ് പറഞ്ഞു കൊണ്ടിരുന്നു, 'ഇതൊന്നും നമ്മുടെ ജീവൻ കളയുന്ന കാര്യങ്ങളല്ലല്ലോ..'
യുദ്ധത്തിൽ ജർമ്മനിയുടെ പരാജയം ഏതാണ്ട് ഉറപ്പായിതീർന്നിരുന്നു. ഏതാനും മാസങ്ങൾകൊണ്ട് തങ്ങളുടെ ജീവിതം പൂർവസ്ഥിതിയിലാകുമെന്ന് ഏവരും ഉറപ്പിച്ചു.

അങ്ങനെ പ്രതീക്ഷയുടെ ഒരു പകലിനൊടുവിൽ രാത്രിവന്നു. അച്ഛൻ രസകരമായ ഒരു കഥ പറയുകയാണ്. അപ്പോഴാണ് അച്ഛന്റെ പരിചയക്കാരിലൊരാൾ വാതിൽ തള്ളിത്തുറന്നുവന്നത്. 'രണ്ടുദിവസങ്ങൾക്കുള്ളിൽ നമ്മളെ നാടുകടത്തുകയാണ് ,' അയാൾ പറഞ്ഞു. കഥ എന്നെന്നേയ്ക്കുമായി പൂർത്തിയാകാതെപോയി.
അവിശ്വസിനീയമായ രാത്രികളുടെ ഒരു ശൃംഖല അവടെ തുടങ്ങുകയാണ് .

എങ്ങോട്ടെന്നറിയാത്ത യാത്രയ്ക്ക് മുൻപ് അമ്മ റൊട്ടിയും മാംസവും പാകംചെയ്ത് ചെറിയ കെട്ടുകളിലാക്കി. അച്ഛൻ പണവും വിലപിടിപ്പുള്ള പാത്രങ്ങളും നിലവറയിൽ കുഴിച്ചിട്ടു. കുട്ടികൾ ഓരോരുത്തരും തങ്ങളുടെ വസ്ത്രങ്ങളും മറ്റും ഓരോ ചെറിയ പെട്ടികളിലാക്കി.

യാതനകളുടെ ദിനങ്ങൾ  താണ്ടി , അവരുടെ തീവണ്ടി വന്നു നിന്നത് ,  'ജോലിചെയ്ത് സ്വാതന്ത്ര്യം അനുഭവിക്കൂ' എന്ന വരികൾ ക്രൂരമായ ഒരു തമാശപോലെ എഴുതപ്പെട്ട ആസ്ഷ്വിട്സിന്റെ വലിയ കവാടങ്ങൾക്കുള്ളിലാണ്.

അപ്പോഴും രാത്രിയായിരുന്നു. പല തടവുകേന്ദ്രങ്ങളിലായി താൻ ചിലവഴിച്ച രാത്രികൾ എല്ലാം , ഒരേ ഒരു രാത്രിയുടെ തുടർച്ചയാണ് എന്ന് ഏലീ വീസൽ പറയുന്നു. അഭ്യസ്തവിദ്യരും പരിഷ്കൃതരും ആയ യൂണിഫോമണിഞ്ഞ മനുഷ്യർ പിഞ്ചുകുട്ടികളെയും വൃദ്ധരെയും നിഷ്കരുണം കൊന്നിരുന്ന വിചിത്രമായ ആ കാലഘട്ടത്തിൽ പകലുകളും രാത്രിപോലെ ഇരുണ്ടിരിക്കണം.

തന്റെ അമ്മയെയും ഏഴുവയസ്സുള്ള അനുജത്തിയേയും മറ്റൊരു വശത്തേയ്ക്ക് ഉന്തിവിടുന്നത് എലിസാർ എന്ന കുട്ടി കണ്ടുനിന്നു. അമ്മ അനുജത്തിയുടെ മുടിയിൽ തലോടികൊണ്ടിരുന്നു.  പിന്നീടൊരിക്കലും അവൻ അവരെ കണ്ടിട്ടില്ല.

അടിവച്ചെത്തിയത്   ഒരുവലിയ ഗർത്തതിന് സമീപത്താണ്. അതിനുള്ളിൽ അപ്പോഴും എരിഞ്ഞുകൊണ്ടിരുന്ന കനലുകളിലേക്ക് ഉന്തുവണ്ടിയിൽ  കൊണ്ടുതള്ളിയിരുന്നത് കുഞ്ഞുങ്ങളുടെ ശരീരങ്ങളായിരുന്നു.

ക്യാംപിലെ ആദ്യദിനങ്ങളിൽ തന്നെ കുടുംബത്തോടൊപ്പം എലിസാറിനു നഷ്ടപ്പെട്ടത് താൽമൂദ് എന്ന വിശുദ്ധ ഗ്രന്ഥത്തിൽ തൻ കണ്ടെത്തിയ ദൈവത്തെയുംകൂടെയായിരുന്നു. നിയമങ്ങൾ പാലിക്കാത്തവർ മറ്റു തടവുകാരുടെ  കൺമുൻപിൽ കഴുവിലേറ്റപ്പെട്ടു . ദൈവവും തൂക്കിലേറ്റപ്പെട്ടുവെന്ന് തടവുകാർ പരസ്പരം പറഞ്ഞു.

യുദ്ധത്തിന്റെ അവസാനകാലത്ത് , ചുവന്ന പടയുടെ വരവുമുൻകൂട്ടിക്കണ്ട് , തടവുകാരെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റുകയുണ്ടായി. മുട്ടറ്റം മഞ്ഞിലൂടെയുള്ള ആ നടത്തത്തിൽ ഭൂരിഭാഗം പേരും ശിശിരകാലത്തെ ഇലകളെപോലെ കൊഴിഞ്ഞുപോയി. അൽപനേരം വിശ്രമിക്കാനായി മഞ്ഞിൽ കിടന്നവർ പിന്നീട് എഴുന്നേറ്റില്ല. ഹിമപാളികൾ അവർക്ക് ശവക്കച്ചയായി.

ആ യാത്രയ്‌ക്കൊടുവിൽ എലിസാറിന് തന്റെ അച്ഛനെയും നഷ്ടപ്പെട്ടു.

ദുർബ്ബലനായ താൻ എന്തുകൊണ്ട് അതെല്ലാം തരണം ചെയ്തു എന്ന് ഏലീ വീസലിന് പിന്നീടൊരിക്കലും മനസ്സിലാക്കാൻ ആയിട്ടില്ല. സ്വതത്രനായെങ്കിലും , മരണത്തിന്റെ നിഴൽ അദ്ദേഹത്തെ ഒരിക്കലും വിട്ടുപോയില്ല. എഴുത്തുകയല്ലാതെ തനിയ്ക്ക് മറ്റൊരു മോചനമില്ലായിരുന്നു  എന്ന് അദ്ദേഹം പറയുന്നു

പൂർത്തിയാക്കാനാവാതെ പോയ കഥകൾക്കും, ഊഷ്മളത നഷ്ടപ്പെട്ട രാത്രികൾക്കുംവേണ്ടി ഞാനും എഴുതുന്നു.