ഉച്ചയ്ക്ക് മൂന്നരമണി കഴിഞ്ഞിട്ടും കല്യാണവീട്ടിൽ തിരക്കുതുടങ്ങിയിരുന്നില്ല. മറ്റുജില്ലകളിൽ നിന്നും വന്ന ബന്ധുക്കൾ മാത്രം സ്വീകരണമുറിയിലും മുറ്റത്തെ പന്തലിൽ നിരത്തിയിട്ടിരുന്ന കസേരകളിലും ഇരുന്നു വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു.
രാവിലെമുതൽ ധരിച്ചിരുന്ന നിറംമങ്ങിയ ഇളം ചുവപ്പുചുരിദാറിൽ തന്നെയായിരുന്നു അപ്പോളും നന്ദു. എന്തുകൊണ്ട് ആ ദിവസം കുറേക്കൂടി നല്ല വസ്ത്രങ്ങൾ ധരിക്കാൻ അവൾക്ക് തോന്നിയില്ല എന്നത് ബന്ധുക്കൾ പലരും ചർച്ചചെയ്യുന്നുണ്ടായിരുന്നു. അവളുടെ ക്ഷീണിച്ച മുഖവും കണ്ണുകൾക്കുതാഴെ കണ്ട കറുപ്പുനിറവും അവരിൽ പലർക്കും അത്ഭുതമായി.
"വാശിപിടിച്ച് സമ്മതിപ്പിച്ച കല്യാണമല്ലേ.. പിന്നെന്താ ഇവൾക്ക് ഒരു സന്തോഷമില്ലാത്തത് .." അവരിൽ പലരും പരസ്പരം പറഞ്ഞു.
നന്ദുവിനെ സംബന്ധിച്ചിടത്തോളം അവളുടെ യുദ്ധം കഴിഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുമൂന്നുവർഷമായി അവൾ വീട്ടുകാരോടും തന്നോടുതന്നെയും നടത്തിയ യുദ്ധം. ആ യുദ്ധത്തിൽ അവൾ ജയിച്ചിരിക്കുന്നു. സന്തോഷമില്ലാത്ത മുഖവും, കണ്ണിനുതാഴെയുള്ള കറുപ്പും നിസ്സാരമായ പരിക്കുമാത്രം.
"എന്നാലും നന്ദൂ, നിനക്ക് ഇത്ര ധൈര്യമുണ്ടെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല.." അമ്മയുടെ സഹോദരിമാരിൽ ഒരാൾ പറഞ്ഞു, "പിന്നെ നിന്റെ വിവാഹം ഇത്തരത്തിലായിരിക്കുമെന്നും.." ആരൊക്കെയോ ചിരിച്ചു. നന്ദുവും ചിരിച്ചെന്നു വരുത്തി. കഴിഞ്ഞ വർഷങ്ങളിൽ അവൾ ഇത്തരം തമാശകൾ കുറെ കേട്ടതാണ്. അതുകൊണ്ടുതന്നെ അവ അവളെ വേദനിപ്പിക്കാതെ ആയിരിക്കുന്നു.
വെറും നാണം കുണുങ്ങിയായ നന്ദുവിനുപോലും പ്രണയം..കാലം എങ്ങോട്ടേക്കാണ്!
ഒരു നിമിഷം ജാള്യത മറയ്ക്കാൻ തല താഴ്ത്തി നിന്നതിനാലാവാം നന്ദു, ഗേറ്റ് തുറന്ന്, ഉമ്മറത്ത് അല്പനേരം സങ്കോചത്തോടെ നിന്ന്, ഒടുവിൽ തുറന്നുകിടന്ന വാതിലിലൂടെ സീമ അകത്തേക്ക് വന്നത് കാണാതായിരുന്നത്.
നന്ദു മുഖമുയർത്തി നോക്കിയപ്പോൾ സീമ അമ്മായിമാരോടു സംസാരിക്കുകയായിരുന്നു.
"എന്നെ മനസ്സിലായോ? ഒരു എട്ടുപത്തുവർഷം പിറകോട്ടു ചിന്തിച്ചുനോക്കൂ..."
വർണ്ണക്കടലാസുകൊണ്ടുപൊതിഞ്ഞ ഒരു സമ്മാനപ്പൊതി നന്ദുവിനുനീട്ടിക്കൊണ്ട് സീമ പറഞ്ഞു. "നിന്റെ കല്യാണക്കത്ത് അച്ഛൻ ഇങ്ങോട്ടേക്ക്അയച്ചുതന്നു.ഞാൻകഴിഞ്ഞ ഏഴെട്ടു മാസങ്ങളായി ഇവിടെയാണുള്ളത്. "
നന്ദുവിന് വിശ്വസിക്കാനായില്ല. ഒരു പ്രതീക്ഷയും ഇല്ലാതെയാണ് ആ പഴയ മേൽവിലാസത്തിലേക്ക് കത്തയച്ചത്.
അതു കിട്ടി, സീമ തന്റെ കൺമുന്നിൽ നിൽക്കുന്നു!
"ഞാൻ ഇവിടെ ടെക്നോപാർക്കിലാണ് ജോലി ചെയ്യുന്നത്, ഒരു കമ്പനിയിൽ ലൈബ്രേറിയനായി.." സീമ പറഞ്ഞു..
"എന്റെ കൂട്ടുകാരിയാണ്, സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ..," സീമയെ സ്വീകരണമുറിയിൽ ഇരുന്നിരുന്ന ബന്ധുക്കൾക്ക് പരിചയപ്പെടുത്തിയപ്പോൾ നന്ദുവിന് അല്പം കുറ്റബോധം തോന്നി. കൂട്ടുകാരിയായിരുന്നു എന്നല്ലേ പറയേണ്ടിയിരുന്നത്.
"നീയാകെ മാറിപ്പോയിരിക്കുന്നു, ആ പഴയ മൊട്ടച്ചിയെയാണ് ഞാൻ പ്രതീക്ഷിച്ചത്," കോണിപ്പടികൾ കയറി നന്ദുവിന്റെ മുറിയിലേക്ക് നടന്നപ്പോൾ സീമ പറഞ്ഞു.
നന്ദുവിന്റെ മുറിയിൽ, കോളേജിൽ കൂടെ പഠിച്ച കൂട്ടുകാരികളുണ്ട്. രണ്ടോ മൂന്നോ സഹപ്രവർത്തകരും..
സീമയ്ക്ക് ശേഷം വന്നവർ.. പക്ഷെ സീമയ്ക്കു പകരമായോ അവരിൽ ആരെങ്കിലും..
"നിനക്കിതുവരെ വേഷം മാറാനായില്ലേ," ആരോ ചോദിച്ചു.
വൈകുന്നേരത്തേക്കുള്ള സാരിയും ആഭരണങ്ങളും താഴെ നിന്ന് അമ്മയോട് ചോദിച്ച് തിരഞ്ഞെടുക്കുവാനും മുല്ലപ്പൂ വാങ്ങിക്കുവാനുമായി നന്ദു കൂട്ടുകാരെ താഴേയ്ക്ക് പറഞ്ഞയച്ചു.
"ഞാൻ പോയെങ്കിലും നീ തീർത്തും അനാഥയായില്ല!" തുറന്നുകിടന്നിരുന്ന ജനാലയ്ക്കടുത്തുള്ള കസേരയിലിരുന്ന് കൗതുകത്തോടെ നന്ദുവിന്റെ കൂട്ടുകാരെ നോക്കി, സീമ പറഞ്ഞു. "ഇനി പറയൂ നിന്റെ പ്രണയ കഥ ..."
കഥകൾ പറയാൻ പണ്ടൊക്കെ നന്ദുവിന് ഇഷ്ടമായിരുന്നു. അവ കേൾക്കാൻ സീമയ്ക്കും.
പക്ഷെ ഇപ്പോൾ, പണ്ടെന്നോ വായിച്ച കഥയിലെ, ജയിച്ച യുദ്ധത്തിനു ശേഷം വാക്കുകളില്ലാതായ പടയാളിയെ പോലെ ആയിതീർന്നിരുന്നു നന്ദു.
"വലിയ പ്രത്യേകതയൊന്നുമില്ലാത്ത ഒരു കഥ, കാത്തിരിപ്പ് , വീട്ടുകാരോടുള്ള യുദ്ധം, അങ്ങനെ ആവർത്തനവിരസമായിത്തീർന്ന കാര്യങ്ങൾ മാത്രം..." നന്ദു പറഞ്ഞു.
"പണ്ടും ജീവിതത്തോടടുത്തുനിൽക്കുന്ന കഥകളൊക്കെ നിനക്ക് വിരസമായിരുന്നു." സീമ എന്തോ ഓർത്തു ചിരിച്ചു. " നിന്നെയും നിന്റെ കഥകളേയും തിരുത്താൻ, ഞാൻ കുറെ ശ്രമിച്ചു, അല്ലെ..? പക്ഷെ നിന്റെ കഥകളിലെ ആ സാങ്കല്പികലോകം കുറെയൊക്കെ എനിക്കും ആവശ്യമായിരുന്നു!"
ആ ലോകം നന്ദു ഒരു പക്ഷെ സ്വയം ഒളിച്ചിരിക്കാൻ വേണ്ടി ഒരുക്കിയതായിരിക്കണം. അതില്ലായിരുന്നുവെങ്കിൽ വീടിന്റെ ഇരുണ്ട മൂലകളിൽ ഒളിച്ചിരിക്കുന്ന, നിഴലുകളെപ്പോലും ഭയപ്പെടുന്ന ഒരു കുട്ടി മാത്രമായിരുന്നേനെ അവൾ. കഥകളുടെ ആ ലോകത്ത് , കണ്ടിട്ടില്ലാത്ത ദേശങ്ങളിലെ ഒരിക്കലും വാടാത്ത ഇളം നീല പൂക്കൾ നിറഞ്ഞ മലഞ്ചേരിവുകളിൽ, ഉച്ചവെയിലത്ത് ഉറക്കം തൂങ്ങുന്ന പടുകൂറ്റൻ മരങ്ങളുടെ സ്വച്ഛ ശീതളഛായയിൽ, അന്തമില്ലാത്ത മൺപാതകളുടെ ഊരാക്കുടുക്കുകളിൽ, തിരമാലകളുടെ ഉദ്യോഗജനകമായ രഹസ്യങ്ങളിൽ, തന്നോടൊപ്പം സീമയും ഒളിച്ചിരിക്കുകയായിരുന്നു എന്ന് നന്ദുവിന് അന്ന് അറിയില്ലായിരുന്നു.
അച്ഛനമ്മമാരുടെ ദാമ്പത്യത്തകർച്ച, അപക്വമായ ഒരു പ്രണയം, അതിന്റെ പരിണതഫലമായി ഒരു നാടുകടത്തൽ അങ്ങനെ സീമയ്ക്കും ആരോടും പറയാനാകാത്ത, അല്ലെങ്കിൽ പറയാനാഗ്രഹിക്കാത്ത ചില പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നീടുമാത്രം , കത്തുകളിൽ അലസമായി എഴുതിയ ചില വരികളിലൂടെ മാത്രം , നന്ദുവിന് അറിയാൻ കഴിഞ്ഞ കാര്യങ്ങളാണ് അവയെല്ലാം. ഇത്തരം കാര്യങ്ങളിൽ ഉപദേശം നൽകാനുള്ള അർഹതയില്ലെന്ന് സ്വയം അറിയാവുന്ന നന്ദു ആ പരാമർശങ്ങൾ കണ്ടില്ലെന്നു നടിച്ചു. മറുപടികളായി കഥകളെഴുതി, പുസ്തങ്ങളോടു സംസാരിക്കുന്ന ഒരു കുട്ടിയുടെ കഥ..
മറ്റൊരു നഗരത്തിൽ, കോളേജ് ഹോസ്റ്റലിന്റെ വരാന്തയിലിരുന്ന് സീമ ആ കഥ വായിച്ചു..
" പുസ്തങ്ങളുടെ ഇടയിലെ ജീവിതം.. നീ ആഗ്രഹിച്ചത് നീ കണ്ടെത്തി, അല്ലെ..," അല്പനേരത്തെ മൗനത്തിനു ശേഷം നന്ദു ചോദിച്ചു,
"എന്ത് ജീവിതം, ഞാൻ ജോലി ചെയ്യുന്നത് ഒരു സോഫ്റ്റ് വെയർ കമ്പനിയുടെ ലൈബ്രറിയിൽ അല്ലെ, ആ പുസ്തകങ്ങൾ വായിക്കുന്നത് നിന്നെപ്പോലത്തെ ടെക്കികളല്ലേ.. സ്വയം വായിച്ചിട്ടില്ലാത്ത, ഇത്തരം സാധങ്ങൾ അടുക്കി ഞാൻ മടുത്തു. UPSC പരീക്ഷകൾ എഴുതുന്നുണ്ട്, ഏതെങ്കിലും പഴയ നഗരത്തിലെ , ഒരു വലിയ പബ്ലിക് ലൈബ്രറി, അതാണ് എന്റെ സ്വപ്നം...വിവാഹം എന്ന ഉടമ്പടിയിലുള്ള വിശ്വാസം പണ്ടേ നഷ്ടപ്പെട്ടതുകൊണ്ട് എന്നെ തടയാൻ ആരും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു."
ലൈബ്രറികളുമായുള്ള സീമയുടെ ആത്മബന്ധം നന്ദുവിന് കുട്ടിക്കാലത്തേ അറിയാമായിരുന്നു. ശനിയാഴ്ചകളിൽ സെക്രട്ടറിയേറ്റിൽ ജോലിചെയ്തിരുന്ന അമ്മയോടൊപ്പം സീമയും രാവിലെ യാത്രതിരിക്കുമായിരുന്നു. വൈകുന്നേരം അമ്മയുടെ ജോലികഴിയുന്നതുവരെ അവിടത്തെ ലൈബ്രറിയിൽ ആയിരിക്കും സീമ. തിങ്കളാഴ്ച നന്ദുവിനോട് പറയാൻ സീമയ്ക്ക് പുതിയൊരു പുസ്തകത്തിന്റെ വിശേഷങ്ങളുണ്ടാകും...
പിൽക്കാലത്ത് കോളേജ് ലൈബ്രറിയിലെ ഓരോ പുസ്തകത്തെയും സീമ നന്ദുവിന് കത്തുകളിലൂടെ പരിചയപ്പെടുത്തി. 'വുതെറിങ് ഹൈറ്റ്‌സ് , ബുക്ക് ചെയ്തുവച്ചിട്ട് കാലം കുറെ ആയി.. ഒടുവിലിതാ എന്റെ കയ്യിൽ..ഇപ്പോൾ ഈ വരാന്തയുടെ മൂലയിൽ ഞാനും എമിലി ബ്രോൺടെയും മാത്രം!...
കത്തുകളുടെ ആ ശൃംഖല മുറിഞ്ഞതെങ്ങനെയാണ്.. അല്ല അത് ഒറ്റ വെട്ടിന് മുറിഞ്ഞതല്ല, നേർത്ത് നേർത്ത് ഇല്ലാതെയായതാണ്..
ജീവിതത്തിന്റെ ഒരു വഴിത്തിരിവിൽ നന്ദുവിന് വാക്കുകളില്ലാതെയായി. പറയാൻ കഥകളില്ലാതെയായി .. പക്ഷെ അതൊന്നും സീമയ്ക്കറിയില്ല.
"നന്ദിനീ, സമയം നാലര കഴിഞ്ഞു .. ഇനി നമുക്ക് തുടങ്ങാം .." നന്ദുവിന്റെ കൂട്ടുകാരികളിൽ ഒരാൾ സാരിയുടെ പെട്ടിയുമായി വന്നു.
സമയം നാലര കഴിഞ്ഞു . ഇനി നന്ദുവിന് ഞൊറികൾ ഉടഞ്ഞുപോകാത്തരീതിയിൽ സാരിയുടുക്കണം. മുടിയിൽ മുല്ലപ്പൂചൂടണം. കൈകളിൽ നിറയെ വളകളിടണം. കഴുത്തിൽ വലിയ മാലകളിടണം.. പഴയ ഓർമ്മകളിൽ മുഴുകാൻ നന്ദുവിന് ഇനി സമയമില്ല.നഷ്ടപ്പെട്ട കാലവും നഷ്ടപ്പെട്ട കഥകളും എല്ലാം പടിക്ക് പുറത്ത്...
നന്ദു ഒരുങ്ങിക്കഴിഞ്ഞപ്പോളേക്കും ഭക്ഷണം കഴിക്കുവാനായി ആരോ സീമയെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നു.
"മൊട്ടച്ചീ, ഇത് നീ തന്നെയാണോ.." നന്ദുവിന്റെ കവിളിൽ തട്ടിക്കൊണ്ട് സീമപറഞ്ഞു. " ഞാനിനി പോകുകയാണ്, കേട്ടോ , മഴവരുമെന്നു തോന്നുന്നു, അതിനുമുൻപ് ഹോസ്റ്റലിൽ തിരിച്ചെത്തണം , നിനക്ക് വിവാഹമംഗളാശംസകൾ ..പിന്നെ.. പണ്ട്, നിന്റെ കയ്യിൽ നിന്നും വായിക്കാനായി വാങ്ങിയ പുസ്തകങ്ങളിൽ ചിലതൊക്കെ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. എന്നെങ്കിലും തിരിച്ചുതരണമെന്ന് കരുതിയതാണ്. പിന്നീടോർത്തു , നിന്നെ ഓർക്കുവാനായി അവ എന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ എന്ന്.."
നന്ദുവിന് ചിരിക്കാനാണ് തോന്നിയത്, "നിന്ദിതരും പീഢിതരും അല്ലെ ഒന്ന്, പിന്നെ നാലുകെട്ട്, ഞാൻ മറന്നിട്ടൊന്നുമില്ല ," അവൾ കാർക്കശ്യം നടിച്ചുകൊണ്ട് പറഞ്ഞു.
ഫോട്ടോഗ്രാഫർ വരാത്തതെന്താണെന്ന് ആരൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു..നന്ദുവിന്റെ സാരിയിലെ ഞൊറികൾ ആരൊക്കെയോ വീണ്ടും വീണ്ടും ശരിയാക്കി..
സന്ധ്യയായിതുടങ്ങിയിരുന്നു , അതോ മഴവരുന്നതാണോ.
പിന്നീടെപ്പോഴോ തിരക്കുതുടങ്ങി, ആരൊക്കെയോ വന്നു, നന്ദു ആരോടൊക്കെയോ ചിരിച്ചു. ആരുടെയൊക്കെയോ കൈകളിൽ നിന്ന് സമ്മാനപ്പൊതികൾ വാങ്ങി. ആരൊക്കെയോ അവളെ കളിയാക്കി.
നന്ദുവിന്റെ മനസിലാകട്ടെ, ഒരു കാര്യം മാത്രമായിരുന്നു, സീമയുടെ ഫോൺനമ്പർ വാങ്ങാൻ അവൾ മറന്നുപോയിരുന്നു.
ഒടുവിൽ തിരക്കൊഴിഞ്ഞു, നന്ദുവിന്റെ മുറിയിൽ അപ്പോഴും അടുത്ത രണ്ടു സ്നേഹിതമാരുണ്ട്. കഴിഞ്ഞ രാത്രി അവരാണ് നന്ദുവിന്റെ കൈകളിൽ മൈലാഞ്ചിയിട്ടത്. അവിവാഹിതരായിട്ടും നന്ദുവിനെ വിവാഹജീവിതത്തെകുറിച്ച് ബോധവതിയാക്കാൻ അവർ മറന്നില്ല. മൈലാഞ്ചിക്കൈകളുമായി നന്ദു രാത്രിമുഴുവൻ ഉറങ്ങാതെയിരുന്നു.
"ഇന്ന് നീ ഉറങ്ങിക്കോളൂ," അവരിലൊരാൾ ചിരിച്ചുകൊണ്ട് പറഞ്ഞു, "അല്ലെങ്കിൽ നാളെ .."
പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. 'കല്യാണം നാളെ വെള്ളത്തിലാകാതിരുന്നാൽ മതി ,' കൂട്ടുകാരികളിലൊരാൾ ഉറക്കപ്പിച്ചിൽ പറഞ്ഞു. കുട്ടിക്കാലത്ത് തിരുകിയ തേങ്ങ വാരിയെടുക്കുമ്പോൾ കല്യാണത്തിന് മഴപെയ്യുമെന്ന് ജോലിക്കാരി പറയാറുണ്ടായിരുന്നത് നന്ദു അപ്പോൾ ഓർത്തു.
നന്ദുവിന് അന്നും ഉറക്കം വന്നില്ല, ആ രാത്രി താൻ ഒറ്റയ്ക്കായിരുന്നുവെങ്കിൽ എന്ന് എന്തുകൊണ്ടോ നന്ദുവിന് തോന്നി. മഴയുടെ ശക്തി കൂടുകയാണോ, അവൾ കാതോർത്തു.
മഴയുടെ ശബ്ദവ്യതിയാനങ്ങളിൽനിന്നും സമയം അളക്കാൻ ശ്രമിച്ചു. ഇടിമിന്നലോടെയുള്ള ശക്തികൂടിയ മഴ ഒരുമണിക്കൂർ നീണ്ടുനിന്നുകാണണം, പിന്നീട് ചെറിയൊരു മൂളിപ്പാട്ടുപോലെയുള്ള ശാന്തത, അതും ഒരു മണിക്കൂർ ?
ഒടുവിൽ, നന്ദു എഴുനേറ്റ് അലമാരയുടെ സമീപത്തുള്ള ചെറിയ ലൈറ്റ് ഇട്ടു. ശബ്ദമുണ്ടാക്കാതെ അലമാര തുറന്ന് ഏറ്റവും അടിയിലത്തെ തട്ടിൽനിന്നും പഴയൊരു പ്ലാസ്റ്റിക് കവർ പുറത്തെടുത്തു. സ്കൂൾ ജീവിതത്തിന്റെ ഓർമ്മകളാണതിൽ , പത്താം ക്ലാസ്സിലെ ക്ലാസ് ഫോട്ടോ, ഓട്ടോഗ്രാഫ് ബുക്ക്, ക്ലാസ് ലീഡർ ബാഡ്ജ് , ഗ്രീറ്റിംഗ് കാർഡുകൾ, കത്തുകൾ ..
ആ കത്തുകളിൽ അധികവും സീമയുടേതാണ്..
സീമയെ വീണ്ടും നഷ്ടപ്പെട്ടിരിക്കുന്നു, ഏതു ഹോസ്റ്റലിലാണ് താമസിക്കുന്നത് എന്നുപോലും ചോദിച്ചില്ല. മറ്റൊരു നഗരത്തിലുള്ള അവളുടെ അച്ഛന്റെ മേൽവിലാസത്തിലേക്ക് ഇനിയൊരിക്കൽ കത്തയച്ചാൽ അതവൾക്ക് കിട്ടണമെന്നുണ്ടോ..
ഒരിക്കലും നഷ്ടപ്പെടാത്ത സൗഹൃദം എന്നൊന്നുണ്ടോ ..? അങ്ങനെയൊന്നില്ല എന്ന് എന്തുകൊണ്ടോ അപ്പോൾ നന്ദുവിന് തോന്നി . ഉറങ്ങിക്കിടക്കുന്ന കൂട്ടുകാരികളെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു..
ഓരോ സൗഹൃദത്തിനും ഒരു കാലമുണ്ടായിരിക്കണം..
കഥകളുടെ കാലം, കവിതകളുടെ കാലം , സീമയോടൊപ്പം നന്ദുവിന് അവയും നഷ്ടപ്പെട്ടുപോയിരുന്നു.
നന്ദു ജനാല മെല്ലെ തുറന്ന്, രാത്രിയെ നോക്കി. മഴ തോർന്നുതുടങ്ങിയിരിക്കുന്നു.
പണ്ടൊക്കെ ഇത്തരം രാത്രികളിൽ ഉറങ്ങാതിരുന്ന് കവിതയെഴുതാറുണ്ടായിരുന്നു.
വർഷങ്ങൾക്ക് മുൻപ് ...
അപ്പോളെല്ലാം രാത്രി ജനൽ ചില്ലിൽ മുഖം ചേർത്തുവച്ച് തന്നോട് സംസാരിക്കാറുണ്ടെന്നു നന്ദുവിന് തോന്നിയിരുന്നു.
പിൽക്കാലത്ത് മേശമേൽ ടി സ്കെയിൽ വച്ച് കോളേജിലേക്കുള്ള ഡ്രോയിങ്‌സ് വരയ്ക്കുമ്പോഴും, അസൈൻമെന്റുകൾ എഴുതുമ്പോളും, രാത്രി ചെറിയൊരു പരിഭവത്തോടെ തന്നെ നോക്കുന്നുണ്ടെന്നും അവൾക്കു തോന്നിയിരുന്നു.
പിന്നീടെപ്പോഴോ അത്തരം തോന്നലുകൾ ഇല്ലാതെയായി..
ഇനിയൊരിക്കലും നന്ദു ഉറക്കമൊഴിച്ച് കഥകളെഴുതാനിടയില്ല... ഇനി ആരും അവളുടെ വരികൾക്കായി കാത്തിരിക്കാനും ഇടയില്ല..
എന്നെങ്കിലും തനിക്ക് നഷ്ടപ്പെട്ട വാക്കുകളെ കണ്ടെത്താനാകുമോ? ആരെങ്കിലും അവ തന്നെ തിരിച്ചേൽപ്പിക്കുമോ? ഇല്ലെന്നു തന്നെ നന്ദുവിന് തോന്നി.
നന്ദു ജനൽക്കമ്പിയിൽ മുഖമമർത്തി, മഴത്തുള്ളികൾ കണ്ണുനീർത്തുള്ളികളോട് ചേർന്നു.
രാത്രി അപ്പോളും അവളോടെന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.