മുറ്റത്തിന്റെ ഒറ്റ നടുവിലാണ് പുതിയ കയറുകട്ടിൽ നീക്കിയിട്ടിരിക്കുന്നത്. രാവിലെ ഒൻപതുമണി മുതൽ പതിനൊന്നുമണി വരെ അതിൽ കിടന്ന് വെയിൽ കായണമെന്നാണ് ഡോക്ടറുടെ ആജ്ഞ.
അനുസരിക്കാതെ വയ്യല്ലോ...
മദൻ കട്ടിലിന്റെ മുഴുവൻ നീളത്തിൽ നിവർന്നുകിടന്നു. അടുത്തുവച്ചിരുന്ന പാത്രത്തിൽ നിന്ന് മധുരനാരങ്ങയുടെ കുരുകളഞ്ഞ അല്ലികൾ ഓരോന്നായി വായിലിട്ടുചവച്ചുകൊണ്ട്, തെരുവിലേക്കും, ഇടയ്ക് ആകാശത്തേക്കും നോക്കികൊണ്ട് ഉറക്കം വരില്ലെന്നറിഞ്ഞുകൊണ്ടുള്ള കിടത്തം.
വെറുതെ കിടന്നുശീലമില്ല. അല്ലെങ്കിലും ശീലിച്ചതൊന്നുമല്ലല്ലോ ഈയിടെയായി ചെയ്തുകൊണ്ടിരിക്കുന്നത്.
ദൂരെ പർവ്വതങ്ങളെ തഴുകി വന്ന സൂര്യരശ്മികൾ അവന്റെ ക്ഷീണിച്ച മുഖത്തും ശരീരത്തും തഴുകിക്കൊണ്ടിരുന്നു. പർവ്വതങ്ങളുടെ നഗരമാണ്, വേനൽക്കാലമാണെങ്കിലും ഓരോ വെയിൽ നാളത്തിലും മഞ്ഞിന്റെ നനവുണ്ട്. അതിനാൽ കുർത്തയ്ക്ക് മുകളിൽ മഞ്ഞ നിറമുള്ള ഒരു രോമക്കുപ്പായം അവൻ ധരിച്ചിരുന്നു. ഒരേ സമയം തണുപ്പും ചൂടും എങ്ങനെയാണു അനുഭവപ്പെടുന്നത് എന്ന് അവൻ ആലോചിച്ചു.
വെയിലിനു ചൂടാണ്, എന്നാൽ കാറ്റിന് മരവിപ്പിക്കുന്ന തണുപ്പും. വേനൽ സൂര്യന്റെ ചൂട്, ഒഴുകി വരുന്ന വായുവിന് ഇല്ലാത്തത് എന്താണ്. അതൊരു പക്ഷെ മലമുകളിൽ നിന്നും വരുന്നതായതുകൊണ്ടാണോ ?
മുൻപൊന്നും ഇത്തരം കാര്യങ്ങളെ പറ്റി ചിന്തിച്ചിരുന്നില്ല. അതിരാവിലെ തുടങ്ങുമായിരുന്നു സാധകവും, പ്രശസ്തരായ ഗുരുക്കന്മാരുടെ ശിക്ഷണത്തിലുള്ള സംഗീതാഭ്യസവും. കച്ചേരികളുടെ കാലമാണെങ്കിൽ അതു ദിവസം മുഴുവൻ നീണ്ടുപോകും. രാത്രി ഉറങ്ങുന്നതിനുമുൻപ് അൽപനേരം നാനാക് ദേവന്റെ ചിത്രത്തിനു മുന്നിൽ കണ്ണടച്ചിരുന്നു ധ്യാനിക്കുമായിരുന്നു. ശൈശവം മുതൽ അമ്മ ശീലിപ്പിച്ചതാണ് അത്. അപ്പോൾ പോലും മനസിന്റെ ഒരു പകുതി യമൻകല്യാൺ രാഗം പാടുകയാവും.
കുട്ടിക്കാലത്തു കരഞ്ഞിരുന്നതുപോലും രാഗങ്ങളിലായിരുന്നു എന്ന് കേട്ടിട്ടുണ്ട്. രാവിലെ ഭൈരവരാഗത്തിൽ തുടങ്ങി രാത്രി ഭൂപാലിയും ബഹാറും വരെ, സമയാനിഷ്ഠിതമായി ഓരോരോ രാഗങ്ങളിൽ കരഞ്ഞിരുന്ന അത്ഭുത ശിശു!
കഥകളാണ് എല്ലാം.!
മൂന്നുവയസിൽ നിറഞ്ഞ സദസ്സിനുമുന്നിൽ ആദ്യമായി പാടിയതുമുതൽ പത്രങ്ങളിൽ പോലും ഇത്തരം കഥകൾ അച്ചടിച്ചുവരാറുണ്ട്.
'മദന്റെ രാഗവിസ്താരത്തിനിടയിൽ സാക്ഷാൽ രാഗിണി ആടയാഭരണങ്ങളണിഞ്ഞ ഒരു മോഹിനിയായി വന്ന് നൃത്തം ചെയ്യുന്നത് സദസ്യരിൽ പലരും നേരിട്ടു കണ്ടു. ആലാപനം നിർത്തിയതോടെ ആ സുന്ദരി അപ്രത്യക്ഷയായി!'
'സിംലയിലെ ഗാന്ധിജിയുടെ യോഗത്തിൽ ഒഴിഞ്ഞ കസേരകൾ മാത്രം. തൊട്ടടുത്തു നടന്ന മദന്റെ കച്ചേരിയ്ക്ക് വമ്പിച്ച ജനക്കൂട്ടം!'
ഏതൊക്കെയാണ് കഥകൾ!
മറ്റൊരു കഥ ജേഷ്ഠത്തി പറഞ്ഞു കേട്ടിട്ടുണ്ട്. മാസങ്ങൾ മാത്രം പ്രായമുള്ള മദനെ ഒരിക്കൽ ഒരു കുരങ്ങ് എടുത്തുകൊണ്ട് ഓടിയത്രേ.. പുരയ്ക്കുചുറ്റും ഓടി നടന്ന്, ഒടുവിൽ കുരങ്ങ് മേൽക്കൂരയിൽ കേറാനൊരുങ്ങി.മുതിർന്നവർപോലും എന്തുചെയ്യണമെന്ന് അറിയാതെ ഭയന്ന് നിലവിളിക്കാൻ തുടങ്ങി. ജേഷ്ഠത്തി മാത്രം സമചിത്തത കൈവെടിഞ്ഞില്ല. വീട്ടിനകത്തുനിന്ന് ഒരു മധുരനാരങ്ങ എടുത്തുകൊണ്ടുവന്ന് മുറ്റത്തുവച്ച്, ശബ്ദമുണ്ടാക്കി കുരങ്ങിന്റെ ശ്രദ്ധ ആകർഷിച്ചു. കുരങ്ങ് പതിയെ താഴെയിറങ്ങി, കുഞ്ഞിനെ നിലത്തുവച്ച് മധുരനാരങ്ങയുമെടുത്ത് ഓടിപ്പോയത്രേ...
ജേഷ്ഠത്തി പറഞ്ഞതാണ്. സത്യമാകാതെ തരമില്ല. എങ്കിലും ഒരു കുരങ്ങിന്, ഒരു മനുഷ്യകുഞ്ഞിനെ കയ്യിലെടുത്ത് പുരയ്ക്കുമുകളിൽ കയറാനാകുമോ..
മദൻ പാത്രത്തിലെ മധുരനാരങ്ങയുടെ അല്ലികളെ നന്ദിയോടെ നോക്കി. ഇനിയും ഇവ തന്റെ ജീവൻ സംരക്ഷിക്കുമോ..
മൂന്നു മാസം മുന്പാണെന്നു തോന്നുന്നു. കൽക്കത്തയിലെ കച്ചേരികഴിഞ്ഞ് മടങ്ങുകയായിരുന്നു. ഗംഗാനദിയ്ക്കുമുകളിലൂടെയുള്ള യാത്ര. പെട്ടെന്ന് വല്ലാത്തൊരു തണുപ്പ് തോന്നി. ട്രെയിനിന്റെ കുലുക്കം അസഹനീയമായി. മൂടിപ്പുതച്ചുകിടന്നു. "ചെറിയൊരു പനിയാണ് ," ജേഷ്ഠൻ നെറ്റിയിൽ കൈവച്ചുനോക്കി ആശ്വസിപ്പിച്ചു.
ചെറിയൊരു പനി! അങ്ങനെയാണ് തുടങ്ങിയത്. ആദ്യം കാര്യമായി എടുത്തില്ല. സ്‌കൂളിൽ പോയിത്തുടങ്ങി. ആകാശവാണിയിലെ പരിപാടികൾക്കും. 'പത്താം ക്ലസ്സിലാണ് ഇനിയത്തെ കൊല്ലം ," സ്കൂളിലെ ടീച്ചർ പറയാറുണ്ടായിരുന്നു. " കച്ചേരികളൊന്നും അധികം വേണ്ട."
കച്ചേരികളൊന്നും പിന്നീടുണ്ടായില്ല. പനിയും തൊണ്ടവേദനയും വിട്ടുമാറാതെയായി. ആഴ്ചകൾക്കു ശേഷം ആകാശവാണിയിലേക്കുള്ള പോക്കും ഇല്ലാതായി. എത്ര മരുന്നുകൾ കഴിച്ചു! എന്തെല്ലാം പരീക്ഷിച്ചു..ഒന്നും ഫലിച്ചില്ല..
"ഇനി എന്തുചെയ്യണമെന്ന് എനിക്കറിയില്ല. ," ഒരുമാസം മുൻപാണ് ദില്ലിയിലെ ഡോക്റ്റർ പരാജിതന്റെ മുഖഭാവത്തോടെ പറഞ്ഞത്. "പനിയുടെ കാരണം..നിങ്ങളോട് എങ്ങനെ പറയുമെന്ന് അറിയില്ല..., വിഷപദാർത്ഥം എന്തോ അകത്തുപോയിട്ടുണ്ട്..പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കണമെന്ന് പറഞ്ഞത് അതുകൊണ്ടാണ്.. എന്തായാലും ഇവിടെ ചൂടുതുടങ്ങുകയാണല്ലോ. സിംലയിലേക്ക് തിരിച്ചുപോകുകയാവും എന്തുകൊണ്ടും നല്ലത്.. അവിടെ പർവ്വതങ്ങളിലെ കാലാവസ്ഥ, തിരക്ക് കുറഞ്ഞ ജീവിതസാഹചര്യം, നല്ല ഭക്ഷണം ഇവയൊക്കെ മാറ്റങ്ങളുണ്ടാക്കും. പിന്നെ അവിടെ നിങ്ങളെ സ്നേഹിക്കുന്നവരല്ലേ ഉള്ളൂ. ആരും അപായപ്പെടുത്താൻ ഇടയില്ലല്ലോ. "
ദില്ലിയിൽ ആരാണ് തന്നെ അത്രത്തോളം വെറുത്തിരുന്നത് ? ആരാണ് താൻ ഇല്ലാതാകണമെന്ന് ആഗ്രഹിച്ചത്. എത്ര ആലോചിച്ചിട്ടും മദന് പിടികിട്ടിയില്ല. പനിയില്ലാത്ത ദിവസങ്ങളിലെല്ലാം അവൻ അത് തന്നെ ചിന്തിച്ചു. കൽക്കത്തയിലെ കച്ചേരികഴിഞ്ഞു ആരോടെല്ലാം സംസാരിച്ചു , എന്തെല്ലാം കഴിച്ചു, കുടിച്ചു. തിരിച്ച് ദില്ലിയിൽ വന്ന ശേഷം എവിടെയെല്ലാം പോയി.
വലുതാകുമ്പോൾ എന്താകണമെന്ന് ടീച്ചർ ക്ലാസ്സിലെ കുട്ടികളോട് ചോദിക്കാറുണ്ടായിരുന്നു.
"പട്ടാളത്തിൽ ചേരണം, രാജ്ഞിയുടെ സെർവീസിൽ" പലരും പറഞ്ഞു. യുദ്ധകാലമാണല്ലോ..
"ഇനിയെന്തിനാണ് രാജ്ഞിയുടെ സർവീസ്.. ?" ടീച്ചർ ചോദിച്ചു. "അധികം വൈകാതെ നമ്മുടെ രാജ്യം നമുക്ക് സ്വന്തമാകും. നിങ്ങൾ ആകാശവാണിയിൽ വാർത്തകൾ കേൾക്കാറില്ലേ. അതോ മദന്റെ പാട്ടുമാത്രമാണോ കേൾക്കുന്നത്?"
മദനോടുമാത്രം ടീച്ചർ ചോദിച്ചില്ല, ആരായി തീരണമെന്ന്.
"എന്താകണമായിരുന്നുവോ, നീ അത് ഇപ്പോൾ തന്നെ ആയിക്കഴിഞ്ഞിരിക്കുന്നു, അല്ലെ.." അവർ സ്നേഹപൂർവ്വം പുഞ്ചിരിച്ചു.
ഇനി ദില്ലിയിലേക്ക് തിരിച്ചുപോകാനാകുമോ. പത്താം ക്‌ളാസ്സിലെ പരീക്ഷയെഴുതാനാകുമോ? ഇനിയൊരുപക്ഷേ ശബ്ദം എന്നന്നേക്കുമായി നഷ്ടപ്പെട്ടാലും ജീവിതം മുന്നോട്ടുകൊണ്ടുപോകണ്ടേ..
ശബ്ദം നഷ്ടപ്പെട്ട മദൻ , ഗായകനല്ലാത്ത മദൻ ഇനി ആരാണ്.
മുറ്റത്തിന്റെ മറുവശത്ത് ഒരനക്കം കേട്ടു. അടുത്ത വീട്ടിലെ എട്ടുവയസ്സുകാരനായ സുശീൽ സ്‌കൂൾ സഞ്ചിയും തോളിലിട്ട് വരികയാണ്. അഴിച്ചുവച്ചിരിക്കുന്ന ഊഞ്ഞാൽ കസേരയാണ് ലക്‌ഷ്യം.
സ്‌കൂളിൽ പോകുന്ന സമയത്ത് കളിയ്ക്കാൻ നിൽക്കരുത് എന്ന് അവന്റെ അമ്മ ശകാരിക്കുന്നത് ഇന്നലെയും കേട്ടതാണ്. എങ്കിലും മദനെ ഒറ്റയ്ക്ക് പുറത്തുകണ്ടാൽ അവന് ഊഞ്ഞാൽ ആടിയേ തീരൂ.
"മദൻ ഭയ്യാ , ഊഞ്ഞാൽ കസേര ഒന്ന് തൂക്കിത്തരാമോ , രണ്ടേ രണ്ടു പ്രാവശ്യം മാത്രം ആടിയിട്ട് ഞാൻ പൊയ്‌ക്കോളാം .."
എന്നും അതുതന്നെയാണ് അവന് പറയാനുണ്ടായിരുന്നത്. ഊഞ്ഞാൽ കസേര അഴിച്ചുവച്ചതുപോലും അവനെ കാരണമാണ്.
സുശീൽ സ്‌കൂൾ സഞ്ചി വീശികൊണ്ട് മദന്റെ കട്ടിലിനരികിൽ ചിരിച്ചുകൊണ്ട് നിന്നു.
"മദൻ ഭയ്യാ , ഇന്ന് പനിയുണ്ടോ.."
"നിനക്ക് എന്താണ് വേണ്ടത്," കട്ടിലിൽ നിന്ന് എഴുനേറ്റുകൊണ്ട് മദൻ ചോദിച്ചു.
സുശീൽ മദനെ സൂക്ഷിച്ചുനോക്കി. അവന്റെ കൊച്ചുമുഖത്ത് അമ്പരപ്പ് പടരുന്നത് മദനും കണ്ടു.
"മദൻ ഭയ്യാ, നിങ്ങളുടെ നെറ്റിയും മുഖവും തിളങ്ങുന്നുണ്ടല്ലോ..എന്താണത് .."
മദൻ ഉത്തരം പറഞ്ഞില്ല. പതുക്കെ എഴുനേറ്റ് ഊഞ്ഞാൽ കസേര അതിന്റെ ചങ്ങലയിൽ തൂക്കി, തിരിച്ചുവന്നു കിടന്നു. ഊഞ്ഞാൽ ആടേണ്ട ധൃതിയിൽ സുശീൽ പിന്നീട് രോഗത്തെപ്പറ്റി ചോദിച്ചില്ല.
നെറ്റിയും മുഖവും മാത്രമല്ല. കൈകാലുകളും തിളങ്ങുന്നുണ്ട്. അകത്തുകടന്ന വിഷവസ്തു നിർവ്വീര്യമാകാൻ വിസമ്മതിക്കുകയാണ് ഇപ്പോഴും.
ഊഞ്ഞാലിനടുത്തു അശ്രദ്ധമായി വലിച്ചെറിയപ്പെട്ട സുശീലിന്റെ പുസ്തകസഞ്ചിയിൽ നിന്ന് ഗോട്ടികൾ മുറ്റത്തുചിതറി. അതുകണ്ടപ്പോൾ മദന് ചിരിവന്നു. ഗുരുമുഖിയിലും ദേവനാഗിരിയിലും അക്ഷരങ്ങൾ പഠിപ്പിച്ചിരുന്ന ആ സ്‌കൂളിൽ താനുംപോയിട്ടുണ്ട് കുറേക്കാലം. തത്തകളെ പോലെ മാസ്റ്റർ പറയുന്നതെല്ലാം ആവർത്തിക്കുന്ന കുട്ടികൾ, ഗോട്ടികളി , ആടുന്ന ബെഞ്ചുകൾ .. ഒക്കെ മറന്നതാണ്
സുശീൽ കാലുകൾ നീട്ടിവച്ച് ആകുന്നതും പൊക്കത്തിൽ ആടുകയാണ്. അവൻ എന്തോ പാടുന്നുണ്ട്.
"രാവി തന്നപ്പുറം പാർക്കുന്ന മിത്രമേ, നീയെൻ ഹൃദയം കവർന്നുവല്ലോ .."
രാവി നദി, അതെവിടെയാണ്..
"മദൻ ഭയ്യ പാടിയ പാട്ടാണ് , അല്ലെ , ഞാൻ റേഡിയോയിൽ കേട്ടതാണ്" സുശീൽ പറഞ്ഞു.
രാവി നദി, അതെവിടെയാണ്.. അച്ഛന്റെ നാട്ടിൽ പോകുമ്പോൾ അതുകണ്ടിട്ടുണ്ടോ.. മദൻ ഓർക്കാൻ ശ്രമിച്ചു. ആ പാട്ടുപാടിയപ്പോൾ അതുചിന്തിച്ചിരുന്നില്ല. ശ്രുതി തെറ്റാതിരിക്കാൻ, ഭാവം ചോർന്നുപോകാതിരിക്കാൻ മാത്രം ശ്രദ്ധിച്ചു.
സുശീൽ പാട്ടുതുടരുകയാണ്. ഭാവമില്ല, ശ്രുതിയുമില്ല. ബാല്യത്തിന്റെ ഉന്മാദം മാത്രം. മദന് അത് അസഹ്യമായി തോന്നി.
"നിനക്കു സ്കൂളിൽ പോകണ്ടേ, മാസ്റ്ററുടെ കയ്യിൽ നിന്ന് അടി വാങ്ങണോ വെറുതെ.." മദൻ ചോദിച്ചു.
"സ്‌കൂൾ അടയ്ക്കാനായില്ലേ, ഇനിയിപ്പോൾ അല്പം താമസിച്ചാലും സാരമില്ല," സുശീൽ മാസ്റ്ററുടെ ചൂരൽ നിസ്സാരമായി തള്ളി.
വേനലവധി തുടങ്ങുകയാണ്. മദൻ അത് മറന്നുപോയിരുന്നു.
അവധിക്കാലം എന്നൊന്ന് ഇല്ലായിരുന്നു ഒരിക്കലും, അവധിക്കാലത്താണ് കച്ചേരികൾ കൂടുതലും. നിരവധി രാജകുടുംബങ്ങളിൽ നിന്ന് ക്ഷണമുണ്ടാകും, അവരുടെ അതിഥിയായി താമസിച്ച് അവരുടെ സദസ്സിൽ പാടുവാൻ. ജേഷ്ഠനും താനും പാടാത്ത രാജസദസ്സുകളുണ്ടാകില്ല ഉത്തരേന്ത്യയിൽ.
പക്ഷെ സുശീലിന്റെ കാര്യം അങ്ങനെയല്ല, അവധി എന്നാൽ അവന് ഉത്സവമാണ്.
"നീ എന്തുചെയ്യും , ഇനി രണ്ടുമാസം , വെറുതെ ഗോട്ടികളിച്ച് നടക്കും അല്ലെ " മദൻ ചോദിച്ചു.
"ഗോട്ടി മാത്രമല്ല, പന്തുകളിയും ഉണ്ട് , മൈതാനത്ത് പോയാൽ. മദൻ ഭയ്യ നന്ദകിശോരിയെ ഓർക്കുന്നില്ലേ , പിന്നെ ബൂറ, അവരൊക്കെ ഉണ്ടാകും. പിന്നെ ഞങ്ങൾ മാമയുടെ വീട്ടിൽ പോകും, സത്ലജിന്റെ കരയിൽ.. മാമ തോണിക്കാരനാണ് , തോണിയിൽ കൊണ്ടുപോകും . പിന്നെ മലമുകളിൽ കാട്ടു പഴങ്ങൾ പറയ്ക്കാൻ പോകും..... " സുശീൽ പറഞ്ഞു നിർത്തി, കാട്ടുപഴങ്ങളെ കുറിച്ച് ഓർത്തതുകൊണ്ടാകണം മദന്റെ കയ്യിലുള്ള പാത്രത്തിലേക്ക് പ്രതീക്ഷയോടെ നോക്കി.
" മധുരപലഹാരമൊന്നുമല്ല. എനിക്ക് അതൊന്നും കഴിച്ചുകൂടല്ലോ. നാരങ്ങയാണ് , നിനക്കു വേണോ?" പാത്രം നീട്ടിക്കൊണ്ട് മദൻ ചോദിച്ചു. ഊഞ്ഞാലിൽ നിന്ന് ഇറങ്ങാതെ തന്നെ സുശീൽ ഒരു പിടി വാരിയെടുത്തു. നാരങ്ങയുടെ അല്ലികൾ ഓരോന്നായി വായിലിട്ട് സന്തോഷത്തോടെ ചവച്ചുകൊണ്ടു അവൻ കുറേനേരം മിണ്ടാതെയിരുന്നു. പിന്നീട് എന്തോ ഓർത്തിട്ടെന്നവണ്ണം സങ്കടത്തോടെ മദനെ നോക്കി ചോദിച്ചു.
"മദൻ ഭയ്യ, നിങ്ങൾ എന്തിനാണ്, ആരോ തന്ന ഭക്ഷണം വാങ്ങി കഴിക്കാൻ പോയത്. എന്നിട്ടല്ലേ.."
കഥകൾ പലവിധമാണ് നഗരത്തിൽ പരക്കുന്നത്. ഇവൻ കേട്ടിരിക്കുന്നത് എന്തായിരിക്കും ? മദൻ ആലോചിച്ചുനോക്കി. കൽക്കത്തയിൽ വച്ച് മധുരപലഹാരത്തിൽ ആരോ വിഷം കലർത്തി , അതായിരിക്കും . അല്ലെങ്കിൽ ശീതളപാനീയത്തിൽ. പ്രശസ്തഗായകന്റെ കിങ്കരന്മാരിൽ ഒരാൾ..
ഓർമ്മവെച്ചകാലം മുതൽ മധുരപലഹാരങ്ങളും ശീതളപാനീയങ്ങളും നിഷിദ്ധമാണ്. പിന്നെ അറിയപ്പെടുന്ന ഗായകരെല്ലാം കുടുംബ സുഹൃത്തുക്കളാണ്. എന്നും വാത്സല്യത്തോടെ മാത്രമേ അവരോരോരുത്തരും തന്നോടു പെരുമാറിയിട്ടുള്ളൂ.
കൽക്കത്തയിലെ ആട്ടക്കാരികളുടെ തെരുവിൽ പോയെന്നും , അവർ വെറ്റിലയിൽ വിഷം തേച്ചുതന്നു എന്നും ഒരു കഥയുണ്ട്. എന്തൊക്കെയാണ് ആളുകൾ പറഞ്ഞുണ്ടാക്കുന്നത്.
പുറത്തുനിന്ന് ആകെ കുടിച്ചിരുന്നത് ചൂടുപാൽ മാത്രമാണ്...
പിറകിൽ കാലൊച്ച.. അമ്മയാണ്... പനിയുണ്ടോയെന്ന് തൊട്ടുനോക്കാൻ വന്നതാണ്. അവരെ കണ്ടതും സുശീൽ സഞ്ചിയുമെടുത്ത് ഓടിപ്പോയി.
"മദൻ ഭയ്യ, പനിയില്ലെങ്കിൽ മൈതാനത്തുവരൂ , നന്ദകിഷോരി നിങ്ങളെ തിരക്കാറുണ്ട്.." ഓടുന്നതിനിടയിൽ അവൻ വിളിച്ചുപറഞ്ഞു.
***
കഴിഞ്ഞ വേനൽക്കാലത്താണെന്നുതോന്നുന്നു, മൈതാനത്തുവച്ച് നന്ദകിഷോരിയുമായി ഉന്തും തള്ളുമായത്. എന്തിനായിരുന്നു അത് ? അന്നുമുഴുവൻ മദൻ അത് ഓർക്കാൻ ശ്രമിച്ചു.
പന്തുകളിക്കുകയായിരുന്നു. നന്ദകിഷോരി വീശിയടിച്ച പന്ത് തന്റെ പഗ്ഡി തെറിപ്പിച്ചു. കളിസ്ഥലത്തുപോകുമ്പോൾ പോലും ഏറ്റവും ശ്രദ്ധയോടെയാണ് വസ്ത്രം ധരിച്ചിരുന്നത്. അലക്കിത്തേച്ച കുർത്തകളും രഞ്ചേവാലി പഗ്ഡിയുമില്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല. വീട്ടുകാർക്ക് അതു നിർബന്ധമാണ്. കച്ചേരികൾക്ക് പോകുമ്പോൾ നിറയെ സ്വർണ്ണമെഡലുകൾ കുത്തിയ കോട്ടുമുണ്ടാവും.
കളിയിലാണെങ്കിലും അങ്ങനെ ഒരു അപമാനം സഹിക്കാനായില്ല.
ജേഷ്ഠനാണ് അന്ന് തന്നെ പിടിച്ചുവലിച്ച് വീട്ടിലേക്ക് കൊണ്ടുവന്നത്.
"ഈ കുട്ടികളോടൊക്കെ കളിക്കുമ്പോൾ, ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടില്ലേ, പരിക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ ? അവന് കൂനിക്കൂടി വീട്ടിൽ ഇരുന്നാൽ മതി, നിന്റെ കാര്യം അതല്ലല്ലോ .. നാളെ പുറപ്പെടേണ്ടതല്ലേ ഗ്വാളിയാറിലേക്ക്, കളിച്ചുവിയർത്ത് ഒരു ജലദോഷപ്പനി വന്നാൽ തന്നെ പരിപാടി മുടങ്ങും.. " ജേഷ്ഠന്റെ വാക്കുകൾ ഇപ്പോളും കാതിൽ മുഴങ്ങുകയാണ്. ജേഷ്ഠനാണെങ്കിലും പിതാവിന്റെ സ്ഥാനമാണ്. ആദ്യത്തെ ഗുരുവാണ്. ഒരു വാക്കുപോലും എതിർത്തുപറഞ്ഞിട്ടില്ല, ഒരിക്കലും.
എങ്കിലും അന്ന് തന്നെ 'രക്ഷിച്ചു' കൊണ്ടുവന്നതിൽ അല്പം അമർഷം തോന്നി. എന്തുകരുതിക്കാണും നന്ദകിഷോരിയും മറ്റും.
ഇനിയിപ്പോൾ അവരോടൊപ്പം പന്തുകളിക്കാനാവില്ല. പഴയ കണക്കുകൾ തീർക്കാനും. പുൽത്തകിടിയിൽ ഒരിടത്തിരുന്നു കളികാണാം. തോറ്റവനെ പോലെ..
നന്ദകിശോരിയും കേട്ടുകാണാതിരിക്കില്ല 'കഥകൾ'..
രാത്രിയാണ്. ഉറങ്ങാനുള്ള ശ്രമത്തിലാണ്. ഉറക്കം ഒളിച്ചുകളിക്കുന്നു.
പനിയില്ലാത്ത ദിവസമായതിനാൽ അമ്മയും ജേഷ്ഠനുമെല്ലാം നല്ല ഉറക്കത്തിലാണ്.
ഒരുദിവസം പനിയില്ലെങ്കിൽ എല്ലാവരുടെയും പ്രതീക്ഷ പനപോലെ പൊങ്ങും. 'ഇതോടെ എല്ലാം അവസാനിച്ചു, ഇനി നമുക്ക് നല്ലകാലമാണ്, നേർച്ചകൾ എല്ലാം നാളെത്തന്നെ ചെയ്യണം.' അമ്മയും അച്ഛനും പരസ്പരം പറയും . 'ഒരു മാസം വിശ്രമം വേണം. അതിനുശേഷം സാധകം ചെയ്തുതുടങ്ങാം.' ജേഷ്ഠൻ പരിപാടികളുടെ തീയ്യതികൾ കുറിക്കുന്ന ഡയറി മറിച്ചുനോക്കും.
എന്നാൽ അടുത്ത ദിവസം പനികൊണ്ട് വിറയ്ക്കുകയാവും.
ജീവിതം പഴയപോലെ ആകുമെന്ന് മദൻ എന്തുകൊണ്ടോ പ്രതീക്ഷിച്ചിരുന്നില്ല. വീണ്ടും വീണ്ടും തിരിച്ചുവരുന്ന പനിയുടെ നിശ്ചയദാര്‍ഢ്യം അവൻ ഏറെക്കുറെ മനസിലാക്കിത്തുടങ്ങിയിരുന്നു. എങ്കിലും പനിയുടെ ഇടവേളകളിൽ, ആടുന്ന ബെഞ്ചിലെങ്കിലും ഇരുന്ന് പാഠങ്ങൾ പഠിച്ച് , ഗോട്ടികളിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാമെന്ന് അവൻ കരുതി. ദിവസങ്ങൾ കഴിയുന്തോറും അവൻ അത്തരമൊരു ജീവിതവീക്ഷണവുമായി പൊരുത്തപ്പെടുകയായിരുന്നു.
തോറ്റവന്റെ ജീവിതം...
മുറിയിൽ ഇരുട്ടാണ്, പകുതി ചാരിയ വാതിലൂടെ ഇടനാഴിയിലെ വിളക്കിന്റെ പ്രകാശം അല്പാല്പം അകത്തുവരുന്നുണ്ട്. അതുനോക്കി കിടന്നു.. കുറെനേരം...
എപ്പോഴോ പ്രകാശം കണ്ണഞ്ചിക്കുന്ന വിധത്തിലായി. ചുറ്റും നോക്കിയപ്പോൾ അത്ഭുതം തോന്നി. ആനന്ദവും ഭയവും ഒരേസമയം തൊണ്ടയിൽ കുടുങ്ങുന്നതായി തോന്നി.
ഗ്വാളിയാറിലെ രാജസദസ്സാണ്. സംഗീതക്കച്ചേരി തുടങ്ങാൻ പോകുകയാണ്. വാദ്യമേളക്കാർ ചുറ്റുമുണ്ട്. വയലിനുമായി ജേഷ്ഠനും. സ്വർണ്ണനിറത്തിലുള്ള പഗ്ഡി ധരിച്ച സദസ്യർ തന്നെ ഉറ്റുനോക്കുന്നു.
"ഒരു വർഷമായി കാത്തിരിക്കുകയായിരുന്നു , ഒന്നുകൂടി ആ ഗന്ധർവനാദം കേൾക്കാൻ!" ആരോ പറഞ്ഞു. തനിക്ക് പാടാനാകില്ലെന്ന് ഇവർക്കാർക്കും അറിയില്ലേ. പരിഭ്രമത്തോടെ ജേഷ്ഠന്റെ മുഖത്തുനോക്കി. അദ്ദേഹം ചിരിക്കുകയാണ്.
"ആദ്യമായി പാടേണ്ടത് ഗസലാണ് , റാണിയുടെ അപേക്ഷയാണ്. ഓർമ്മയുണ്ടല്ലോ .. ധൈര്യമായി പാടിക്കോളൂ .."
ഓർമ്മയുണ്ട് .. മറക്കാനാവുമോ .. പക്ഷെ പാടാൻ കഴിയില്ലല്ലോ..
വാദ്യമേളക്കാർ ആരംഭിച്ചു കഴിഞ്ഞു. ഹാർമോണിയം വയലിൻ ഓരോന്നായി കാതിൽ മുഴങ്ങുകയാണ്.. ഇനി പാടാതെ വയ്യ..
കണ്ഠത്തിൽ നിന്ന് ശബ്ദം പുറത്തുവന്നു. പനിയുടെ കയർപ്പില്ല, ചുമയുടെ വെറുപ്പും..
അത്ഭുതം പുറത്തുകാണിക്കാതെ പാടിത്തുടങ്ങി . വിരഹഗാനമാണ് , വേദനയാണ് ശബ്ദത്തിൽ വേണ്ടത് , ആഹ്ളാദവും അത്ഭുദവുമല്ല..
സദസ്യർ കണ്ണടച്ചിരുന്ന് ആസ്വദിക്കുകയാണ്..
"എന്റെ ലോകം കാത്തിരിക്കുകയാണ്, നിനക്കുവേണ്ടി .. നിന്റെ ലോകം വിട്ട് ഇങ്ങോട്ടേക്കു പോരൂ .."
ആ വരികൾ ആദ്യമായി ഹൃദയത്തിൽ നിന്നും വന്നതായി മദന് തോന്നി. തന്നോട് മറ്റാരോ പറയുന്നതുപോലെ.
റാണി കണ്ണുതുടയ്ക്കുകയാണോ .. കയ്യടികളുടെ ആരവം. മതിമറന്നുപോയി..
സദസ്യരിൽ ചിലർ മെഡലുകൾ അണിയിച്ചു. പൊൻപണവും മറ്റും കാൽക്കൽ വച്ചു.
ഓരോരുത്തരെയായി സൂക്ഷിച്ചുനോക്കി. അപ്പോഴാണ് അവനെ കണ്ടത്. സുശീൽ, മുറിക്കാലുറയുമിട്ട് മൂക്കുമൊലിപ്പിച്ച് വന്നുനിൽക്കുകയാണ്..കയ്യിലൊരു പൊട്ടിയ പട്ടവുമുണ്ട്.. മദൻ കണ്ട ഭാവം കാണിച്ചില്ല..
വീണ്ടും പാടി, കീർത്തനങ്ങൾ, നാടോടിപ്പാട്ടുകൾ , പ്രണയഗാനങ്ങൾ ..
ശബ്ദം ഓരോ തരം പാട്ടുകൾക്കും വഴങ്ങുന്നു. നാദവീചിയിലൂടെ ഒഴുകുകയാണ് ..
സംഗീതം, അത് ജീവിതം തന്നെയാണ്.
സ്വരാരോഹണവും അവരോഹണവും ഏറ്റവും മനോഹരമായി. ശ്വാസോച്ഛാസത്തിന്റെ ഇടവേളകൾ പോലും വേണ്ടിവരുന്നില്ല.
അല്ലെങ്കിൽ തന്നെ സ്വപ്നങ്ങളിൽ അസംഭവ്യമായി എന്താണുള്ളത്. ഏതു സമുദ്രവും താണ്ടാം. ഏറ്റവും പ്രിയപ്പെട്ടതെങ്കിലും, നഷ്ടപ്പെട്ടുപോയത് അരുമയായി കൈകളിൽ ചേർക്കാം...
സ്വപ്നങ്ങളിൽ ജീവിക്കാനായിരുന്നെങ്കിൽ...
രംഗം മാറുകയാണ്.. നാടകത്തിലെന്നപോലെ..
ഇപ്പോൾ സ്കൂളിലാണ്. ആടുന്ന ബെഞ്ചുകളില്ല, പരിചിതമായ വൃത്തിയുള്ള ക്ലാസ് മുറി , ഭംഗിയായി വസ്ത്രം ധരിച്ച കുട്ടികൾ. രസതന്ത്രമാണ് വിഷയം. Hg ബോർഡിൽ വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു.
"മെർക്കുറി, അറ്റോമിക് നമ്പർ 80," ടീച്ചർ പറയുകയാണ്. "സാധാരണ താപനിലയിൽ ദ്രാവകമാണ്. തെർമോമീറ്ററിൽ കണ്ടിട്ടില്ലേ.., വിഷമാണ് , പതുക്കെ മാത്രം പ്രവർത്തിക്കുന്ന വിഷം, ചൂടുള്ള പാലിൽ കലക്കികൊടുത്താൽ ഗായകരായ കുട്ടികളെ നിഷ്പ്രയാസം ഇല്ലാതാക്കാം.. "
ഞെട്ടി എഴുനേറ്റു.. ഇടനാഴിയിൽ നിന്നുള്ള വെളിച്ചം മാത്രം കാണാം. കമ്പിളിക്കും രോമക്കുപ്പായത്തിനും ഇടയിലൂടെ തണുപ്പ് പതുക്കെ പതുക്കെ കയറിത്തുടങ്ങി...
പനിയാണ്...
രാത്രിയുടെ മറവിൽ പതുങ്ങി പതുങ്ങി കള്ളനെപ്പോലെ വന്നിരിക്കുകയാണ്. അല്ലെങ്കിൽ, സ്വന്തം കാലൊച്ചകളെപ്പോലും ഭയന്ന്, നിഴലുകളുടെ മറവിലൂടെ കാമുകനെ തിരഞ്ഞുവന്ന പെൺകുട്ടിയെപ്പോലെ.
***
ഒരാഴ്ച കടുത്ത പനിയായിരുന്നു. അമ്മ കട്ടിലിനരികിലിരുന്നുകരഞ്ഞു. അച്ഛൻ ഉറക്കമില്ലാതെ ഇടനാഴിയിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. ജേഷ്ഠൻ അരികിലിരുന്ന് പ്രാർത്ഥനാഗീതങ്ങൾ പാടി. ജേഷ്ഠത്തിയും ഭർത്താവും, അവസാനമായി കാണാനെന്നപോലെ, ദില്ലിയിൽ നിന്ന് വന്നു. എന്നാൽ ഒരാഴ്ചയ്ക്കുശേഷം പനികുറഞ്ഞു. വീണ്ടും മുറ്റത്തിരുന്നു വെയിലുകായാമെന്നായി. വെയിലിനിപ്പോൾ ചൂടുണ്ട്. വേനൽ സൂര്യൻ ജയിച്ചുതുടങ്ങിയിരിക്കുന്നു.
സുശീലിന് സ്കൂൾ അടച്ചു. ഊഞ്ഞാൽ കസേര അഴിച്ചുവയ്ക്കാതെയായി.
ഊഞ്ഞാലാടിക്കൊണ്ട് അവൻ മദനോട് , ഒരു നിമിഷം പോലും വായടയ്ക്കാതെ സംസാരിച്ചുകൊണ്ടിരുന്നു.
"ഇന്ന് ഉച്ചയ്ക്ക് ഞങ്ങൾ പോകുന്നുണ്ട്, പഴങ്ങൾ പറയ്ക്കാൻ..," അവൻ ഉത്സാഹത്തോടെ പറഞ്ഞു.
മദൻ ഭാവനയിൽ കണ്ടു, കൂടകളുമായി മരങ്ങൾക്കിടയിലൂടെ മലമുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്ന കുട്ടികളുടെ സംഘം. നന്ദകിഷോരിയാണ് മുന്നിൽ...അമർഷം തോന്നി, അസൂയ്യയും..
വൈകുന്നേരം ഇലക്കുമ്പിളിൽ കുരുട്ട് ആപ്രിക്കോട്ടുകളുമായി സുശീൽ വീണ്ടും വന്നു. ചിരിച്ചുകൊണ്ട് വേണ്ട എന്നുപറഞ്ഞു. ഇനിമുതൽ വീട്ടിനുപുറത്തുനിന്ന് ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങികഴിക്കില്ല. അത് എട്ടുവയസുള്ള സുശീൽ ആയാൽ പോലും.
"മൈതാനത്തുവരൂ, മദൻ ഭയ്യാ..ഇപ്പോൾ പനിയില്ലല്ലോ " പോകുന്നപോക്കിൽ അവൻ വിളിച്ചുപറഞ്ഞു.
ദിവസങ്ങളായി പനിയില്ല. കൈകാലുകൾ ചലിപ്പിക്കുവാൻ പോലും തോന്നാത്തത്ര ക്ഷീണമാണ് എപ്പോഴും.. എങ്കിലും അമ്മയോട് ചോദിച്ചുനോക്കി, ഒരു ദിവസം , ഒരേ ഒരുദിവസം മൈതാനത്തുപോകാൻ.. കളിക്കാനല്ല.. വെറുതെ ആ പുൽത്തകിടിയിൽ ഇരിക്കാൻ.. തോറ്റവനെപ്പോലെ..
ഭാവി, പരാജിതന്റെ ജീവിതമാണ് കരുതിവച്ചിരിക്കുന്നതെങ്കിൽ മദൻ അതിനും തയ്യാറായിരുന്നു...
ഒടുവിൽ ജേഷ്ഠനോടൊപ്പം ഒരിക്കൽ മൈതാനത്തുപോകാൻ അനുവാദം കിട്ടി.
കഴിഞ്ഞ വേനൽക്കാലത്ത് ഓടിയിറങ്ങിയ വഴിയിലൂടെ മദൻ വേച്ചുവേച്ചുനടന്നു. പനി ചവച്ചുതുപ്പിയ ഒരു എല്ലിൻ കഷണം പോലെ ആയിത്തീർന്നിരുന്നു ശരീരം. ക്ഷീണം പുറത്തു കാണിക്കാതിരിക്കാൻ ആവതും ശ്രദ്ധിച്ചു.
പുൽത്തകിടിയിൽ വെയിലുകിട്ടുന്ന ഭാഗത്തിരുന്നു. കുട്ടികൾ ഓടിക്കളിക്കുകയാണ്. ദൂരെ നീലനിറത്തിൽ മലഞ്ചെരിവുകൾ .. ഏറ്റവും മുകളിൽ മഞ്ഞിന്റെ ലാഞ്ചന ഇപ്പോളും കാണാം..ഇവിടം ഇത്രസുന്ദരമായിരുന്നോ..
കുട്ടികൾ ഓരോരുത്തരായി അടുത്തുവന്നു , കുശലപ്രശ്നം നടത്തി , ആരും വേദനിപ്പിച്ചില്ല, തന്റെ അവസ്ഥയിൽ അവരും സങ്കടപ്പെടുന്നതായി മദനുതോന്നി.
"ഞാൻ നിർബന്ധിച്ചതു കൊണ്ടാണ് മദൻ ഭയ്യ വന്നത് ," സുശീൽ അഭിമാനത്തോടെ പ്രസ്താവിച്ചു.
നന്ദകിഷോരി മാത്രം ഒന്നും പറഞ്ഞില്ല. മറ്റുകുട്ടികൾ കളിയ്ക്കാൻ പോയിട്ടും അവൻ മാത്രം മിണ്ടാതെ അടുത്തിരുന്നു. മുഖത്ത് ദുഃഖം , കലങ്ങിയ കണ്ണുകൾ .. തന്റെ കാര്യത്തിൽ ഇവന് ഇത്രയും വിഷമമോ ? മദന് അത്ഭുതം തോന്നി.
"എന്തുപറ്റി നിനക്ക്, " മദൻ ചോദിച്ചു.
"എന്റെ ജേഷ്ഠൻ .." അവൻ വിക്കി വിക്കി പറഞ്ഞു.. " പട്ടാളത്തിൽ ചേർന്നിരുന്നു , ആറേഴുമാസങ്ങൾക്കുമുമ്പ് .. ജപ്പാനിൽ വച്ച് കാണാതായി എന്ന് താർ വന്നു .." മദന് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. പരാജിതരാണ്, ഇരുവരും.. ദൂരെയെങ്ങോ നടക്കുന്ന, തന്റേതല്ലാത്ത ഒരുയുദ്ധമാണ് നന്ദകിഷോരിയെ പരാജയപ്പെടുത്തിയിരിക്കുന്നത്...
മദൻ യുദ്ധത്തെ കുറിച്ച് ചിന്തിച്ചു. മറ്റാർക്കൊക്കെയോ വേണ്ടി മരിക്കുന്ന നിഷ്കളങ്കരായ മനുഷ്യരെക്കുറിച്ചും.. ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്ന മനുഷ്യർ..അറിയാതെ കണ്ണുനിറഞ്ഞു ..
"എന്തുപറ്റി, മദൻ ഭയ്യാ.." സുശീൽ വന്ന് അടുത്തിരുന്നു
1942 എന്ന വർഷം, ഇന്ത്യയുടേയും ലോകത്തിന്റെയും ചരിത്രത്തിൽ പ്രധാനപ്പെട്ട ഏടുകൾ പിൽക്കാലത്ത് എഴുതിച്ചേർത്തു. എങ്കിലും, അന്ന് , വേനൽസൂര്യൻ മലഞ്ചെരിവുകളിലൂടെ ചാഞ്ഞിറങ്ങിയ ആ സായാഹ്നത്തിൽ, ദൂരേയ്ക്ക് നോക്കിക്കൊണ്ട് ആ പുൽത്തകിടിയുടെ മൂലയിൽ ഇരുന്നിരുന്ന ആ മൂന്നുകുട്ടികൾക്ക് അതൊന്നും അറിയില്ലായിരുന്നു.
സുശീലിനും നന്ദകിഷോരിയ്ക്കും അത് ഒരിക്കലും മറക്കാനാവാത്ത ഒരു വേനൽക്കാലമായി. മദന് ജീവിതത്തിലെ അവസാനത്തെ വേനൽക്കാലവും.
തിരിച്ചുവീട്ടിലേക്ക് നടക്കുമ്പോൾ കുട്ടികൾ ഒരു ഘോഷയാത്രപോലെ മദനെയും ജേഷ്ഠനെയും പിൻതുടർന്നു. ക്ഷീണിതനെങ്കിലും മദന്റെ ഹൃദയം കൃജ്ഞതകൊണ്ട് നിറഞ്ഞു.
***
സൂര്യന്റെ ചൂടിൽ മഞ്ഞുരുകുന്നതതുപോലെ വേനലവധി ഒരുകിത്തീർന്നു. സത്ലജിന്റെ കരയിലെ മാമയുടെ വീട്ടിൽ വിരുന്നുപാർക്കാൻ പോയ സുശീൽ മടങ്ങിവന്നു. മുറ്റത്തെ കട്ടിലിൽ മദനെ കണ്ട് അവൻ ഓടിവന്നു.
"മദൻ ഭയ്യാ, പനി പോയോ ," അവൻ ചോദിച്ചു..
മദൻ ഉത്തരം പറഞ്ഞില്ല.
പനിയില്ലാത്ത ദിവസങ്ങൾ വീട്ടുകാരിൽ പ്രതീക്ഷവളർത്തിയെങ്കിലും, മദനോട് അവന്റെ ശരീരം മറ്റെന്തോ പറയുന്നുണ്ടായിരുന്നു . ക്ഷീണമാണ് എപ്പോഴും. നടക്കുവാൻ പോലും ബുദ്ധിമുട്ടായി. പനി പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരാൻ ഒരുങ്ങുകയാണെന്ന് അവന് എന്തുകൊണ്ടോ തോന്നി.
സുശീൽ ഊഞ്ഞാലാടിക്കൊണ്ട് അടുത്തിരുന്നു.
"നീ പോയോ തോണിയിൽ ," മദൻ ചോദിച്ചു.
"ഇല്ല, അവിടെയെല്ലാം മഴയായിരുന്നു," സുശീലിന്റെ ശബ്ദത്തിൽ നിരാശയുണ്ട്.
"സാരമില്ല, സ്‌കൂൾ തുറക്കുകയല്ലേ നാളെ, ഇനിയത്തെ അവധിയ്ക്കാകാം തോണിയാത്ര.." മദൻ ആശ്വസിപ്പിച്ചു.
സുശീൽ നിശബ്ദനായി ആടിക്കൊണ്ടിരുന്നു. വായാടിയായ ഇവനുപോലും ഒന്നും പറയുവാനില്ലേ. മദൻ അത്ഭുതപ്പെട്ടു .
അന്ന് രാത്രി പനി തിരിച്ചുവന്നത്, ഇനി തിരിച്ചുപോകില്ല എന്ന നിശ്ചയദാർഢ്യത്തോടെ തന്നെയാണ്. മദൻ വിറച്ചുകൊണ്ടിരുന്നു. അമ്മ നെറ്റിയിൽ നനഞ്ഞത്തുണി വച്ച് അടുത്തിരുന്നു . ജേഷ്ഠൻ പ്രാർത്ഥനാഗീതങ്ങൾ പാടി. ബോധം മറയുന്നതുവരെ മദൻ രാഗങ്ങളുടെ പേരുകൾ ഓർക്കാൻ ശ്രമിച്ചു. കാംബോജി, ബഹാർ , ബസന്ത് ...
പിന്നീടെപ്പോഴോ മലമുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. കുട്ടികളുണ്ട് കൂടെ.
"എന്റെ ലോകം കാത്തിരിക്കുകയാണ്, നിനക്കുവേണ്ടി .. നിന്റെ ലോകം വിട്ട് ഇങ്ങോട്ടേക്കു പോരൂ .."
ആരോ പാടുകയാണ്. അതിമധുരമായ ശബ്ദത്തിൽ. കാതോർത്തു.
തന്റെ പാട്ട് തന്നെക്കാൾ മധുരമായി ആരാണ് പാടുന്നത്. മദൻ മലഞ്ചെരിവിലൂടെ മുകളിലേക്ക് നടന്നു.
ഗാഢമായ ഉറക്കത്തിൽ നിന്ന് സുശീൽ ഉണർന്നത് ജനലിലൂടെ ഒരു കൂട്ടക്കരച്ചിൽ കേട്ടാണ്. കട്ടിലിലെഴുനേറ്റിരുന്നു എങ്കിലും അവന് താൻ സ്വപ്നത്തിലാണ് എന്ന് തോന്നി. കണ്ണുകളടച്ച് വീണ്ടും കിടന്നു. രാവിലെ അമ്മ കലങ്ങിയ കണ്ണുകളോടെ വിളിച്ചുണർത്തി.
"മദൻ ഭയ്യയെ യാത്രയാക്കാൻ നിനക്കും പോണ്ടേ .."
"ഇന്ന് സ്കൂളില്ലേ .." ഒരു നിമിഷം ഒന്നും മനസിലാക്കാനാവാതെ സുശീൽ പറഞ്ഞു.
ജനലിലൂടെ നോക്കിയപ്പോൾ സിംലാനഗരം മുഴുവൻ മദൻ ഭയ്യയുടെ വീട്ടുമുറ്റത്ത് ഉണ്ടെന്നുതോന്നി. കണ്ണുതിരുമ്മിക്കൊണ്ട് സുശീൽ പുറത്തേക്ക് നടന്നു.