ശനിയാഴ്ചയാണ്. സ്‌കൂളവധി. വേണമെങ്കിൽ എട്ടുമണി വരെ കിടന്നുറങ്ങാം, എന്നാൽ ഇന്ന് വീട്ടിൽ അച്ഛനുള്ള ദിവസമാണ്. സീമ എന്നത്തേയും പോലെ ആറുമണിയ്ക്കുതന്നെ എഴുന്നേറ്റിരുന്നു പഠിക്കാൻ ആരംഭിച്ചു. മേശപ്പുറത്തുചിതറികിടന്നിരുന്ന ആഴ്ചപ്പതിപ്പുകളും, നോവലുകളും മറ്റും അവൾ അച്ഛൻ വരുന്നതിനു തലേന്നുതന്നെ അടുക്കിവച്ചിരുന്നു. ഇത് പഠനത്തിൽ മാത്രം ശ്രദ്ധയുള്ള ഒരു കുട്ടിയുടെ മേശയാണ്. കാഴ്ചയ്ക്കെങ്കിലും അങ്ങനെ ആയിരിക്കണം.
സീമ കണക്കുപുസ്തകം തുറന്നുവച്ചു. നോട്ടുബുക്കിൽ തലങ്ങും വിലങ്ങും രേഖകൾ വരച്ച്, അവയുടെ മധ്യബിന്ദുക്കൾ കണ്ടുപിടിച്ചു. വൃത്തങ്ങളെ, അസങ്കോജം ഖണ്ഡിച്ചു കഷണങ്ങളാക്കി. ത്രികോണങ്ങളുടെ കോണുകൾ കൃത്യമായി അളന്നെടുത്തു . ഗൃഹപാഠത്തിനായി അടയാളപ്പെടുത്തിയതിലധികം കണക്കുകൾ അവൾ ഒരുമണിക്കൂറിനകം ചെയ്തു തീർത്തു. ഇനി എന്തുചെയ്യാനാണ്? മലയാളം പുസ്തകമെടുത്ത് ചിലകവിതകൾ ഈണത്തിൽ ചൊല്ലി. പിന്നീടാണോർത്തത് , അച്ഛന് മതിപ്പുതോന്നണമെങ്കിൽ ഇംഗ്ലീഷ് തന്നെ വായിക്കണം. ഇംഗ്ലീഷ് പുസ്തകം തുറന്നുവച്ച് , ഓ ഹെൻറി യുടെ ചെറുകഥ ഉറക്കെ വായിച്ചു. ഉച്ചാരണത്തിലാണ് അവൾ ഏറ്റവും ശ്രദ്ധിച്ചത്. നഗരത്തിൽ താമസിയ്ക്കുന്നതിലും നഗരത്തിലെ സ്‌കൂളിൽ പഠിക്കുന്നതിലും പ്രയോജനമുണ്ടെന്ന് അച്ഛന് തോന്നണമല്ലോ.
ഓരോമാസവും അച്ഛൻ വീട്ടിലുള്ള ദിവസങ്ങളിൽ സീമ അതീവ ശ്രദ്ധയോടെയാണ് ചെറിയകാര്യങ്ങൾ പോലും ചെയ്തിരുന്നത്. താൻ കാരണം അച്ഛനും അമ്മയും കലഹിക്കരുത് എന്ന് അവൾ ആഗ്രഹിച്ചിരുന്നു. എങ്കിലും ഓരോ തവണയും അമ്മയുമായി വഴക്കിട്ടാണ് അച്ഛൻ ബാഗും തൂക്കിയിറങ്ങിയിരുന്നത്. അച്ഛന് തന്റെ ഗ്രാമവും പലചരക്കുകടയും വിട്ടുവരാൻ ആയിരുന്നില്ല. അമ്മയ്ക്ക് സർക്കാർ ജോലിയുടെ സുരക്ഷിതത്വം ഉപേക്ഷിക്കുവാനും.
സർക്കാർ ജീവനക്കാർക്കായുള്ള ക്വാർട്ടേഴ്‌സിലാണ് കഴിഞ്ഞ കുറെ വർഷങ്ങളായി സീമയും അമ്മയും താമസിച്ചിരുന്നത്. നാലുനിലകെട്ടിടങ്ങളുടെ നീണ്ട വരിയിൽ, ഏറ്റവും അവസാനത്തേതിലെ മൂന്നാമത്തെ നിലയിൽ, രണ്ടുകിടപ്പുമുറികളും, അടുക്കളയും, ഒരു വലിയ സ്വീകരണ മുറിയുമുള്ള വീട്. എങ്കിലും അവടെ തങ്ങിയിരുന്ന ചുരുക്കം ദിവസങ്ങളിൽപോലും അച്ഛൻ വല്ലാത്ത വീർപ്പുമുട്ടാണ് അനുഭവിച്ചിരുന്നത്. മുകളിലത്തെ നിലയിൽ നിന്നോ, പുറത്തെ വരാന്തയിൽ നിന്നോ കേൾക്കുന്ന ചെറിയ ശബ്ദങ്ങൾ പോലും അദ്ദേഹത്തെ അസ്വസ്ഥനാക്കി.
"എന്തൊരു ബഹളക്കാരാണ് മുകളിൽ പുതുതായി താമസിക്കുന്നവർ. രാത്രി ഉറക്കവുമില്ല, രാത്രിമുഴുവൻ കേൾക്കാമായിരുന്നു അടുക്കളയിൽ പാത്രം അടുക്കുന്നതുപോലെ ഒരു ശബ്ദം. ഉറങ്ങാനേ കഴിഞ്ഞില്ല " അച്ഛൻ രാവിലെ തന്നെ പരാതിപ്പെട്ടു.
അമ്മ കേട്ടതായി ഭാവിച്ചില്ല. അവർ അച്ഛനുള്ള ചായ മേശപ്പുറത്തുവച്ച്, തിരക്കിട്ട് അടുക്കളയിലേക്ക് നടന്നു.
"ഏതു അപരിചതനും കയറി ഇറങ്ങി നടക്കാവുന്ന കെട്ടിടം, ഇവിടെ എങ്ങനെയാണ് ഒരു പെൺകുട്ടിയെ വളർത്തുന്നത്? ആലോചിക്കാൻ തന്നെ പേടിയാണ്. അതുകൊണ്ടാണ് എല്ലാമാസവും ഇഷ്ടമില്ലെങ്കിലും ഞാൻ വരുന്നത്. അതല്ലാതെ ഇവിടെ ആരുടെയും തേനീച്ചകുത്തിയ മുഖം കാണാനല്ല!" അച്ഛൻ സ്വീകരണ മുറിയിലിരുന്ന് പത്രം വായിക്കുന്നതിനിടയിൽ, അടുക്കളയിലേക്കുനോക്കി ഉറക്കെ വിളിച്ചുപറഞ്ഞു.
"ഒന്നുവിളിച്ചാൽ ഓടിവരാൻ തൊട്ടടുത്ത് ആരെങ്കിലും ഉണ്ടാകുമെന്നത് വലിയ കാര്യമല്ലേ, ആ ഒരു ധൈര്യത്തിലാണ് ഞാൻ ഇവിടെ ഇവളെയും കൊണ്ട് നിൽക്കുന്നത്... അല്ലാതെ മാസത്തിൽ മൂന്നോനാലോ ദിവസം വന്നുനോക്കാൻ ആളുണ്ടെന്നുവിചാരിച്ചിട്ടൊന്നുമല്ല .." അമ്മ ദോശചുടുന്നതിനിടയിൽ മറുപടി കൊടുത്തു.
സീമ പുസ്തങ്ങളെല്ലാം അടച്ചുവച്ചു. ഇന്നത്തെ ദിവസം ഇനി എന്തായാലും വഷളാകാനേ പോകുന്നുള്ളൂ. എത്ര ഉറക്കെ പാഠം വായിച്ചിട്ടും കാര്യമില്ല. അവൾ എഴുനേറ്റുനടന്ന് സ്വീകരണമുറിയിലെത്തി അച്ഛന് അഭിമുഖമായി ഇരുന്നു.
"അച്ഛൻ എന്തിനാണ് വിഷമിക്കുന്നത്, ഇവിടെ താമസിക്കുന്നവരെയൊക്കെ നമുക്ക് വർഷങ്ങളായി അറിയാവുന്നതല്ലേ, " സീമ ഏറ്റവും സൗമ്യമായ ശബ്ദത്തിൽ പറഞ്ഞു.
"അറിയാമെന്നൊക്കെ നമുക്കുതോന്നും, പക്ഷെ വിശ്വസിക്കാൻ കൊള്ളില്ല ആരെയും. എവടെന്നോ ഒക്കെ വന്നു താമസയ്ക്കുന്നവരല്ലേ " അച്ഛൻ പറഞ്ഞു. "സ്കൂളില്ലാത്ത ദിവസങ്ങളിൽ നീയിവിടെ ഒറ്റയ്ക്കിരിക്കുന്നത് ആലോചിക്കുമ്പോളാണ് എനിക്ക് വിഷമം. ആരു വന്നു മുട്ടിയാലും വാതിൽ തുറക്കരുത്."
"തുറക്കില്ല," സീമ ഉറപ്പുകൊടുത്തു. " അല്ലെങ്കിൽ തന്നെ ശനിയാഴ്ചകളിൽ ഞാനിവിടെ ഒറ്റയ്ക്കിരിക്കാറില്ലല്ലോ. ഞാൻ അമ്മയോടൊപ്പം ഓഫീസിൽ പോകുകയല്ലേ പതിവ്. പിന്നെ എന്താണ് പേടിക്കാൻ! അച്ഛൻ വെറുതെ ഓരോന്ന് ആലോചിച്ചുകൂട്ടാതെ ചായ കുടിക്കൂ "
സീമ ചായക്കപ്പെടുത്ത് അച്ഛന്റെ കയ്യിൽ കൊടുത്തു. പിന്നീടവൾ അടുക്കളയിലേക്കു പോയി അമ്മയുടെ കയ്യിൽനിന്നും ദോശ മറച്ചിടുന്ന ചട്ടുകം ബലമായി പിടിച്ചുവാങ്ങി.
"'അമ്മ പോയി കുളിച്ചോളൂ, ബാക്കി ദോശ ഞാൻ ചുടാം."
അമ്മ തിടുക്കത്തിൽ കുളിമുറിയിലേക്ക് നടന്നു.
"പന്ത്രണ്ടുവയസ്സേ ആയുള്ളൂ, എങ്കിലും നിന്നെക്കാൾ വകതിരിവുണ്ടവൾക്ക്." അച്ഛൻ പറഞ്ഞു. ഒറ്റ ഒരു വാചകം കൊണ്ട് സീമയെ പുകഴ്ത്തുകയും അമ്മയെ ഇകഴ്ത്തുകയും ചെയ്തു.
"അത്, ഞാനവളെ നല്ലപോലെ വളർത്തുന്നത് കൊണ്ടല്ലേ " അമ്മയും വിട്ടുകൊടുത്തില്ല.
സീമ നെടുവീർപ്പിട്ട്, കുറച്ചു നേരത്തെ നിശബ്ദത എത്ര വിലപ്പെട്ടതാണ് എന്ന് ആലോചിച്ചു. പിന്നീടവൾ ദോശക്കല്ലിൽ നിന്നും ദോശ ഒട്ടിപ്പിടിക്കാത്ത ഇളക്കിയെടുക്കുക എന്ന വലിയ ദൗത്യത്തിലേക്കു കടന്നു.
അന്നത്തെ ദിവസം സീമയും അമ്മയും തയ്യാറായി പോകാനൊരുങ്ങിയപ്പോൾ അച്ഛൻ ചോദ്യഭാവത്തിൽ നോക്കി.
"ഒരു ദിവസം പോലും ലീവെടുക്കാൻ പാടില്ല, അല്ലെ ?" അദ്ദേഹത്തിന്റെ ശബ്ദത്തിൽ നിരാശയുണ്ടായിരുന്നു
"ഓഡിറ്റുണ്ട് , അടുത്ത ആഴ്ച , അതുകൊണ്ടാണ് , ഉച്ചകഴിഞ്ഞാൽ ഇറങ്ങാം . അഞ്ചുമണിവരെ നിൽക്കുന്നില്ല," അമ്മയുടെ ശബ്ദത്തിൽ ക്ഷമാപണത്തിന്റെ ലാഞ്ചനയും.
"ഇവൾക്കൊരു പുസ്തകം വാങ്ങാനുണ്ടെന്ന് പറയുന്നു, പിന്നെ ഹിന്ദി പ്രചാര സഭയുടെ ക്‌ളാസുണ്ടല്ലോ, ചോറും കറികളുമെല്ലാം മേശപ്പുറത്തുണ്ട്."
തിരക്കിട്ടുനടന്ന് , അമ്മയും സീമയും ബസ് സ്റ്റോപ്പിലെത്തി.
"നേരം വൈകി ," അമ്മ അക്ഷമയായി വാച്ചിൽ നോക്കി
ബസ് സ്റ്റോപ്പിൽ തിരക്കുണ്ട്. ബാഗും വാച്ചും കുടയുമായി അമ്മയെപ്പോലെ നിരവധി സ്ത്രീകൾ. നഗരത്തിലെ പല സർക്കാർ ഓഫീസുകളിലും ജോലി ചെയ്യുന്നവർ. പരിചയക്കാരാണ് പലരും. അമ്മയോടൊപ്പം സീമയെക്കണ്ടതുകൊണ്ട് പലരും ചിരിച്ചു.
"പത്മയ്ക്ക് ശനിയാഴ്ച്ച മോളെ കൂടെ കൊണ്ടുപോകാതെ സമാധാനമാകില്ല അല്ലെ," ആരോ ചോദിച്ചു.
"ഇങ്ങനെ ഒരു കുട്ടിയല്ലേ, എങ്ങനെ സമാധാനമായി പോകും ?" മറ്റാരോ മറുപടി കൊടുത്തു.
ആരോ സീമയുടെ കവിളിൽ നുള്ളി, ചുവന്ന പട്ടുപാവാടയും ബ്ലൗസും നന്നായി യോജിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. സീമയ്ക്ക് വല്ലാത്ത ജാള്യത തോന്നി. എല്ലാ ശനിയാഴ്ചകളിലും ഇത് പതിവുള്ളതാണെങ്കിലും, സീമയ്ക്ക് ഇത്തരം സ്നേഹപ്രകടനങ്ങളോട് പൊരുത്തപ്പെടാൻ ആയിരുന്നില്ല.
തന്റെ രൂപത്തിന്റെ അസാധാരണത്വം അവൾക്ക് ഏറെക്കുറെ അറിയാമായിരുന്നു. തിരക്കുള്ള ബസ്സിൽ, നിരവധി ആളുകൾക്കൊപ്പം, തലയ്ക്കുമുകളിലെ കൈപ്പിടിയിൽ പിടിച്ചുകൊണ്ടുനിൽക്കുമ്പോളൊക്കെ അവൾ ശ്രദ്ധിച്ചിട്ടുണ്ട്, ഏറ്റവും വെളുത്ത കൈ തന്റേതാണ് എന്ന്. നൃത്തം പഠിച്ചിട്ടില്ലെങ്കിലും എല്ലാ കൊല്ലവും ഒപ്പനയ്‌ക്ക് മണവാട്ടിയാകാൻ അവൾ നിർബന്ധിക്കപ്പെടാറുണ്ട്. അദ്ധ്യാപകർ തന്നോടു കാണിച്ചിരുന്ന വാത്സല്യത്തിനുപോലും കാരണം, തന്റെ നിറവും അല്പം ചെമ്പിച്ച കൃഷ്ണമണികളും തലമുടിയും ആണെന്ന് അവൾ സംശയിച്ചിരുന്നു.
പ്രൈമറി സ്‌കൂളിൽ പഠിച്ചിരുന്നപ്പോൾ പൂച്ചക്കണ്ണി എന്നും സായിപ്പിന്റെ കുട്ടി എന്നുമൊക്കെ മറ്റുകുട്ടികൾ അവളെ വിളിക്കാറുണ്ടായിരുന്നു. എന്നാൽ വളർന്നപ്പോൾ ഇത്തരം അവഹേളനങ്ങൾ ഇല്ലാതെയായി. മറിച്ച്, അവളെ ആരാധിക്കുവാനും, അനുകരിക്കുവാനും ചുറ്റിലും നിരവധിപേരുണ്ടായി. അവൾ ഉപയോഗിച്ചിരുന്ന സോപ്പിന്റെയും ഷാംപൂവിനേയും പേരറിയാൻ മറ്റുള്ള ക്ലാസ്സുകളിലെ കുട്ടികൾ പോലും താത്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ സീമ രഹസ്യമായി ആഗ്രഹിച്ചിരുന്നത് ആൾക്കൂട്ടത്തിൽ ശ്രദ്ധിക്കപ്പെടാതിരിക്കാൻ ആയിരുന്നു. രാപകൽ കാവലിരിക്കേണ്ട ഒരു നിധിയാണ് താനെന്ന് അച്ഛനും അമ്മയും ചിന്തിക്കാതെയിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിച്ചു.
ബസ് ഓഫീസിനടുത്തുള്ള സ്റ്റോപ്പിൽ എത്തിയപ്പോൾ സമയം പത്തുകഴിഞ്ഞിരുന്നു. അമ്മ തിടുക്കത്തിൽ പടികൾ കയറി. വരാന്തയിലൂടെ നടന്ന് രണ്ടാമത്തെ നിലയുടെ മൂലയിലുള്ള വായനശാലവരെ സീമയെ അനുഗമിച്ചശേഷം അവർ തന്റെ മേശയ്ക്കരികിലേക്കുപോയി.
"എന്താ സീമക്കുട്ടി, ഇന്നും വായന തന്നെ അല്ലെ .." വാതിൽക്കൽ നിന്ന അമ്മയുടെ സൂപ്പർവൈസർ ശാരദ മാഡം സ്നേഹപൂർവ്വം കുശലാന്വേഷണം നടത്തി. ചുവന്ന പട്ടുപാവാട നന്നായി ചേരുന്നു, എന്നുപറയാൻ അവരും മറന്നില്ല. ചെറിയൊരു അസ്വസ്ഥതയോടെ സീമ ചിരിച്ചെന്നുവരുത്തി.
പുസ്തകഷെൽഫുകളുടെ നിരകൾ കണ്ടപ്പോൾ രാവിലെ ഉണർന്നപ്പോൾ മുതൽ ഉണ്ടായിരുന്ന പിരിമുറുക്കം സീമയെ വിട്ടുപോയി. ആ ചെറിയ വായനശാല സ്ഥിതിചെയ്തിരുന്നത് ഒരു സർക്കാർ ഓഫീസിനുള്ളിലാണെന്നും, പുറത്ത് നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ടൈപ്പ് റൈറ്ററുകളും, ഫയലുകളുമായി തിരക്കിട്ടുനടക്കുന്ന മനുഷ്യരും ഉണ്ടെന്നുള്ളതും അവൾ മറന്നു.
തോമസ് ഹാർഡിയുടെ ടെസ്സ് ആണ് കഴിഞ്ഞ ആഴ്ച വായിച്ചുകൊണ്ടിരുന്നത്. ക്‌ളാസ്സിക്കുകളുടെ ഷെൽഫിൽ നിന്നും സീമ ആകാംക്ഷകൊണ്ട് വിറയ്ക്കുന്ന വിരലുകൾകൊണ്ട് സീമ ആ പുസ്തകം തിരഞ്ഞെടുത്തു. സുന്ദരിയും നിഷ്കളങ്കയുമായ നായികയ്ക്ക് പിണഞ്ഞ വിപത്തിനെ കുറിച്ച് ഓർത്തപ്പോൾ ശ്വാസോഛാസം ധൃതഗതിയിലായി. പുസ്തകഷെൽഫുകൾക്കിടയിലിൽ ചെറിയൊരു സ്റ്റൂളിൽ ഇരുന്നുകൊണ്ട് സീമ കന്യകയല്ലാതായിത്തീർന്ന ടെസ്സിന്റെ തുടർന്നുള്ള ജീവിതത്തെക്കുറിച്ച് വായിച്ചു.
പള്ളി കയ്യൊഴിഞ്ഞ,തന്റെ രോഗിയായ കുഞ്ഞിന് ദുഃഖം എന്ന് പേരിട്ട ടെസ്സ്.
ഒരു പെൺകുട്ടിയുടെ ജീവിതം പ്രായത്തിന്റെ ചാപല്യം കൊണ്ടും, എന്തിന് നിഷ്കളങ്കത കൊണ്ടുപോലും നാശത്തിലെത്തിച്ചേരുമെന്ന് ആ പുസ്തകം അവളോട് പറഞ്ഞു.
കഥ നടക്കുന്നത് 1890 കളിൽ ആണ്. നൂറുവർഷങ്ങക്കുമുൻപ്.
പത്തൊമ്പതാം നൂറ്റാണ്ടിൽ, ദൂരെയെവിടെയോ... ഇപ്പോഴത്തെ ലോകം, ഇങ്ങനെയൊന്നുമല്ല. അവൾ സ്വയം ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.