'അയിഷ വജ്രമോതിരം വിഴുങ്ങി ജീവനൊടുക്കണമെന്ന് ചിന്തിക്കുവാൻ കാരണമെന്ത്?' ചോദ്യം കുഴപ്പിക്കുന്നതൊന്നുമല്ല. എങ്കിലും സീമയ്ക്ക് താനെഴുതിയ ഉത്തരത്തിൽ എന്തുകൊണ്ടോ തൃപ്തി തോന്നിയില്ല.
സീമ ഉത്തരപേപ്പറിലേക്ക് ഒരിക്കൽ കൂടി നോക്കി. ജഗത്‌സിംഹനോട് അയിഷയ്ക്ക് തോന്നിയിരുന്ന ആരാധനയെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ജഗത്‌സിംഹൻറെ പ്രതിശ്രുതവധുവായിരുന്ന തിലോത്തമയെ കുറിച്ചറിയാമെങ്കിലും, ശത്രുവംശജയായ തന്നെ രജപുത്രനായ ജഗത്‌സിംഹന് ഒരിക്കലും സ്വീകരിക്കുവാനാവില്ല എന്ന സത്യം മനസ്സിലാക്കിയിരുന്നുവെങ്കിലും അയിഷയ്ക്ക് തന്റെ മനസ്സിനെ കടിഞ്ഞാണിട്ട് നിയന്ത്രിക്കുവാനായിരുന്നില്ല. അയിഷയുടെ മനസ്സിൽ ജഗത്‌സിംഹന് പകരമാകാൻ ഒരിക്കലും മറ്റൊരു പുരുഷനാകില്ല. അതിനാൽ തിലോത്തമയുടെയും ജഗത്‌സിംഹന്റെയും കൂടിച്ചേരലിനു സാക്ഷി ആയതിനു ശേഷം, വജ്രമോതിരം വിഴുങ്ങി ജീവിതം അവസാനിപ്പിക്കണമെന്ന് അയിഷ തീരുമാനിച്ചു.
ഒരുപേജിൽ കവിയാത്ത ഉത്തരമാണ് വേണ്ടത്. ജഗത്‌സിംഹന്റെ ഗുണഗണങ്ങൾ അല്പം കൂടി വർണ്ണിക്കണോ? ജഗത്‌സിംഹനെ പോലെ ഒരാളെ കിട്ടിയില്ല എങ്കിൽ പിന്നെ ജീവിച്ചിട്ടു കാര്യമില്ല എന്ന് ഉത്തരപേപ്പർ നോക്കുന്ന അദ്ധ്യാപികയ്ക്കും തോന്നണം.
അവസാനത്തെ ചോദ്യമാണ്. ഇനിയും സമയമുണ്ട്. സീമ ചുറ്റും നോക്കി. എല്ലാകുട്ടികളും തിരക്കുപിടിച്ചെഴുതുകയാണ്. വർഷപ്പരീക്ഷയാണല്ലോ. വേഗം എഴുതിത്തീർത്തൽ അതോടെ ആ വിഷയം കഴിഞ്ഞു. തന്നേപ്പോലെതന്നെ മറ്റുള്ള ഏഴാം ക്ലാസ്സുകാരും അയിഷയുടെ ദുഖത്തിന് കാരണം കണ്ടെത്തുകയാണോ എന്ന് സീമ ആലോചിച്ചു. സീമയുടെ അടുത്തിരുന്നിരുന്നത് ഒരു അഞ്ചാം ക്ലാസ്സുകാരിയാണ്. അവൾ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും ചേരുംപടി ചേർക്കുകയാണ്. മേഘാലയയുടെ തലസ്ഥാനം എന്താണെന്നുള്ള ചിന്തയിലാണ് കക്ഷി എന്നുവ്യക്തമാണ്.
"ഷില്ലോങ്," സീമ ചോദ്യപേപ്പർ മുഖത്തുചേർത്തുവച്ച് മന്ത്രിച്ചു. അഞ്ചാം ക്ലാസ്സുകാരി നന്ദിയോടെ പുഞ്ചിരിച്ചു.
ബെഞ്ചിന്റെ മറ്റേ അറ്റത്തിരുന്ന കുട്ടി എഴുതിക്കൂട്ടിയ കടലാസുകൾ ഡെസ്കിൽ പരത്തിയിട്ടിരിക്കുകയാണ്. സീമ അലസമായൊരു നോട്ടം നോക്കി.
'അയിഷയെപോലെ ധീരയും ആദർശവതിയുമായ ഒരു യുവതി പ്രണയനൈരാശ്യം കൊണ്ട് ജീവനൊടുക്കാൻ ഒരുങ്ങി എന്നത് ഒരർത്ഥത്തിൽ യുക്തിക്ക് നിരക്കാത്തതാണ്. നിഷ്ഠൂരനെങ്കിലും, കാട്ലു ഖാൻ അയിഷയുടെ പിതാവായിരുന്നു. പിതാവിന്റെ മരണത്തിന് താനും കരണക്കാരിയാണ് എന്ന തിരിച്ചറിവ് അവളെ തളർത്തിയിരിക്കണം. ശത്രുവിനായി സ്വന്തം ജന്മദാതാവിനെ ഒറ്റുകൊടുത്തവളായി മാത്രം പ്രജകൾ തന്നെ നോക്കിക്കാണുമെന്നും വൈകിയെങ്കിലും അയിഷ മനസ്സിലാക്കിയിരിക്കണം. ജഗത്‌സിംഹനാൽ തിരസ്ക്കരിക്കപ്പെട്ടു എന്നതിനുപരിയായി പ്രജകളാൽ വെറുക്കപ്പെട്ടവളായി ജീവിക്കുവാൻ അവൾ ഒരുപക്ഷെ ആഗ്രഹിച്ചിരിക്കില്ല...'
ഇതൊക്കെ പുസ്തകത്തിലുണ്ടോ? സീമക്ക് സംശയമായി, ഇങ്ങനെയൊന്നും വായിച്ചതായി ഓർക്കുന്നില്ല.
'അയിഷ തന്റെ തലയ്ക്കുമുകളിലുള്ള ആകാശത്തിലെ താരജാലങ്ങളെ ഒരിയ്ക്കലെങ്കിലും നോക്കിയിരുന്നുവെങ്കിൽ, തന്റെ ആരാമത്തിലെ പൂക്കളെ ഒരിയ്ക്കലെങ്കിലും...'
കൂടുതൽ വായിക്കാനായില്ല. വളകളിട്ടിട്ടില്ലാത്ത ഒരു കൈ ഉത്തരപ്പേപ്പറിന്റെ ബാക്കി ഭാഗം മറച്ചുകൊണ്ട് ഡെസ്കിനു കുറുകെ വിശ്രമിക്കുകയാണ്.
നന്ദിനിയാണ്, പുതിയ കുട്ടി...
സീമ സ്വന്തം ഉത്തരപ്പേപ്പറിലേക്കുനോക്കി. ജഗത്‌സിംഹന്റെ ഗുണഗണങ്ങൾ വർണ്ണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. ആവശ്യത്തിലധികം എന്തായാലും എഴുതിയിട്ടുണ്ട്. ഏഴാം ക്ലാസ്സിലെ പരീക്ഷയല്ലേ, ഇത്രയൊക്കെ തന്നെ ധാരാളം.
ഉത്തരപ്പേപ്പർ മടക്കി ടീച്ചറെ ഏല്പിച്ചശേഷം സീമ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി. മൂന്നുനില കെട്ടിടത്തിനുമുന്നിലുള്ള കളിസ്ഥലം മുറിച്ചുകടന്ന് അടച്ചിട്ട ലൈബ്രറിയുടെ വരാന്തയുടെ തിണ്ണയിൽ കൂട്ടുകാരെ കാത്തിരുന്നു. വാതിലിന്റെ സാക്ഷയിലിട്ട വലിയ പൂട്ടിലേക്ക് അവൾ അമർഷത്തോടെ നോക്കി. വളരെ അപൂർവ്വമായി മാത്രമേ ആ ലൈബ്രറി തുറന്ന്, കുട്ടികളെ അതിനകത്ത് പ്രവേശിപ്പിച്ചിരുന്നുള്ളൂ.
തനിക്കല്ലാതെ മറ്റാർക്കും അതിൽ വിഷമമില്ല എന്നതാണ് സീമയെ കൂടുതൽ ദുഖിപ്പിച്ചത്.
ലൈബ്രറിയുടെ മുന്നിലുള്ള മൈതാനത്ത് ഏഴാം ക്ലാസ്സിലെ ചില കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. അവർക്കിടയിലൂടെ സൂക്ഷിച്ച് ദിവ്യ പതുക്കെ നടന്നുവരുന്നത് സീമ കണ്ടു.
"ബെല്ലടിച്ചാലുടൻ എല്ലാവരും കൂടി ഇറങ്ങി ഓടും, ഓടിത്തൊട്ടുകളിക്കാൻ, ഇതൊക്കെ നിർത്താറായില്ലേ," ദിവ്യക്ക് ഇരിക്കാനുള്ള സ്ഥലം ഉണ്ടാക്കി, തിണ്ണയുടെ അറ്റത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് സീമ പറഞ്ഞു.
"എല്ലാവരും നിന്നെപ്പോലെ ഇവിടെ കുത്തിയിരുന്ന് സത്യാഗ്രഹം ചെയ്യണം, അല്ലെ.." ദിവ്യ ചിരിച്ചു.
"അതല്ല, ഇനിയത്തെ കൊല്ലം ഹൈ സ്കൂളല്ലേ.. ഈ കുട്ടിക്കളിയൊക്കെ നിർത്താറായില്ലേ.."
"അത്, അവർക്കും കൂടി തോന്നണ്ടേ.."
സീമ ഒന്നും പറയാതെ കുറച്ചു നേരം മൈതാനത്തേക്കുനോക്കിയിരുന്നു.
"നീ എന്തെഴുതി, അയിഷയുടെ ചോദ്യത്തിന് ?" ദിവ്യ ചോദിച്ചു.
"എന്തൊക്കെയോ .." സീമ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.
ദിവ്യ പൂട്ടിയിട്ട ലൈബ്രറിയുടെ വാതിലിലേക്ക് നിസ്സഹായായി നോക്കി.
"ഇനിയത്തെ കൊല്ലം നമുക്കു തുറപ്പിക്കാം ആ വാതിൽ. എന്തായാലും ഹൈസ്കൂൾ അല്ലെ .."
"വെറുതെ പറഞ്ഞിട്ടു കാര്യമില്ല. നീ സ്ഥിരമായി സ്കൂൾ പാർലമെന്റ് അംഗമല്ലേ, നീ പോയി ഘോരഘോരം പ്രസംഗിക്കണം. "
"നോക്കട്ടെ, നമുക്ക് മറ്റുകുട്ടികളെ ചേർത്ത് ഒരു പെറ്റീഷൻ എഴുതിയുണ്ടാക്കാം."
"നമുക്കല്ലാതെ വേറെ ആർക്കാണിതിൽ താല്പര്യമുള്ളത് ..?"
"ലേഖയില്ലെ.. പിന്നെ ജിഷ.. പിന്നെ .." ദിവ്യ എന്തോ ആലോചിച്ചുകൊണ്ട് ശബ്ദം പതുക്കെയാക്കി . "പിന്നെ ആ പുതിയ കുട്ടിയില്ലേ, നന്ദിനി .."
" അയിഷ , ആകാശത്തേക്കു നോക്കിയിരുന്നുവെങ്കിൽ , പൂക്കളെ നോക്കി ചിരിച്ചിരുന്നുവെങ്കിൽ എന്നൊക്കെ എഴുതിയവളോ? " സീമ ചിരിച്ചു. " അവളിപ്പോൾ എവിടെ കാണും , നമുക്കുപോയി സംസാരിച്ചാലോ?"
"ആ കൊന്നമരങ്ങൾക്കിടയിൽ .." ദിവ്യ ദൂരേക്കുനോക്കികൊണ്ട് പറഞ്ഞു.
ലൈബ്രറിയുടെ പിറകിലാണ് മഞ്ഞക്കൊന്നകളും കണിക്കൊന്നകളും നിറഞ്ഞുനിൽക്കുന്ന 'കൊന്നക്കാട്.' അവടെ കളിക്കുന്ന കുട്ടികൾക്കിടയിൽ ലേഖയെയും കണ്ടതിൽ സീമയ്ക്ക് അത്ഭുതമായി.
"എന്താണ് നിങ്ങൾ കളിക്കുന്നത് ?" സീമ ചോദിച്ചു.
"ബാബായാഗ " ആരോ പറഞ്ഞു. " ബാബായാഗ ആയ ആൾ ഒറ്റയ്ക്കുനിൽക്കുന്ന കുട്ടിയെ പിടിച്ച് ആ മരത്തിനു പിറകിൽ ഒളിച്ചിരുത്തും. പിന്നെ മറ്റുള്ളവർ ചേർന്ന് ആ കുട്ടിയെ രക്ഷിക്കണം . കൊന്നപൂക്കളെറിഞ്ഞ് ബാബായാഗയെ ആക്രമിക്കണം. കൊന്നപ്പൂക്കൾ ഭയമാണ് ബാബായാഗയ്ക്ക്. പക്ഷെ വേഗം വേണം, അല്ലെങ്കിൽ കുട്ടിയെ ചുട്ടുതിന്നും.. "
"കൊന്നപ്പൂക്കളെ ഭയമോ ബാബായാഗയ്ക്ക്," സീമ പൊട്ടിച്ചിരിച്ചു. "ഇതൊക്കെ ആരു പറഞ്ഞു, ബാബായാഗ റഷ്യൻ നാടോടി കഥയിലെ ദുർമന്ത്രവാദിനിയാണെന്ന് ഇവിടെ എത്രപേർക്കറിയാം.. എന്തെങ്കിലുമൊക്കെ പറഞ്ഞുണ്ടാക്കുന്നോ .."
"കൊന്നപ്പൂക്കളെ ഭയമാണ്. ഉറങ്ങിക്കിടക്കുമ്പോൾ കൊന്നപ്പൂ മണപ്പിച്ചാൽ ബാബായാഗയ്ക്ക് മനംമാറ്റമുണ്ടാകും. പിന്നെ കുറെ നേരത്തേക്ക് കുട്ടികളെ വലിയ സ്നേഹമാണ്.." നിമിഷ തറപ്പിച്ചു പറഞ്ഞു.
"ഇതൊക്കെ ആര് പറഞ്ഞു .." സീമ ചോദിച്ചു.
"നന്ദിനിയുടെ ബുക്കിൽ എഴുതിവച്ചിട്ടുണ്ട് കളിയുടെ നിയമങ്ങൾ! ഞാൻ കാണിക്കാം.."
ആരോ ഒരു നോട്ടുബുക്ക് കൊണ്ടുവന്നു. ശരിയാണ് , എല്ലാം എഴുതിവച്ചിട്ടുണ്ട്.
'ബാബായാഗയ്ക്ക് ഭയമുള്ള സാധനങ്ങൾ : കൊന്നപ്പൂവ്, മാന്തളിർ, അല്ലെങ്കിൽ മഞ്ഞയോ ഓറഞ്ചോ നിറമുള്ള എന്തെങ്കിലും.
ബാബയാഗയ്ക്ക് മനംമാറ്റമുണ്ടാകാൻ ചെയ്യേണ്ടത്: കൊന്നപ്പൂ മണപ്പിക്കുക, മാന്തളിർ ചെവിക്കുമുകളിൽ വയ്ക്കുക.'
സീമ നോട്ടുബുക്ക് മറിച്ചുനോക്കി. സന്ധിയും സമാസവും വിഭക്തി പ്രത്യയങ്ങളും..
"ഇതുനിന്റെ മലയാളം ബുക്കല്ലേ.." സീമ നന്ദിനിയോട് ചോദിച്ചു.
"അതിനെന്താ, മലയാളം പരീക്ഷ കഴിഞ്ഞില്ലേ .."
"ബാബായാഗയ്ക്ക് മനംമാറ്റമുണ്ടാകും എന്നൊക്കെ നീ ഏതു കഥയിലാണ് വായിച്ചിട്ടുള്ളത് ? അയിഷ ആകാശത്തുനോക്കിയിരുന്നുവെങ്കിൽ എന്നൊക്കെ എഴുതിയതുപോലെ അല്ലെ ഇതും."
നന്ദിനി അല്പം നേരം അത്ഭുതത്തോടെ സീമയെ നോക്കി.
"വായിച്ചതൊന്നുമല്ല, ഞാൻ ഉണ്ടാക്കിയതാണ്, ഇങ്ങനെയും ഒരു ബാബായാഗ ഉണ്ടായിക്കൂടെന്നില്ലല്ലോ.."
എത്രയധികം കഥകളുണ്ട് ബാബായാഗയെ കുറിച്ച്, ഇങ്ങനെയും ഒരു ബാബായാഗ ഉണ്ടായിക്കൂടെന്നില്ല. ശരിയാണ്.
"നമുക്കും കളിച്ചാലോ ?" ദിവ്യ ചോദിച്ചു.
ഓടിക്കളിയൊക്കെ പ്രൈമറി സ്‌കൂളിലേ നിർത്തിയതാണ്.
"നീ കളിച്ചോളൂ, ഞാൻ ഇവിടെ ഇരിക്കാം ," സീമ പറഞ്ഞു.
സീമ കൊന്നമരങ്ങളിലൊന്നിന്റെ ചുവട്ടിലിരുന്നു. കുട്ടികൾ കളി തുടർന്നു. സീമ തനിക്കുചുറ്റും വീണുകിടക്കുന്ന മഞ്ഞപ്പൂക്കളെ നോക്കി, പിന്നീട് ആകാശത്തേക്കും..