അവധിക്കാലം മിഠായി നുണയുന്നതു പോലെ ആസ്വദിക്കുകയായിരുന്നു നന്ദു.
കുറച്ചുമാസങ്ങൾക്കുമുൻപ് താൻ വിടപറഞ്ഞുവന്ന ലോകം, വേദനിക്കുന്ന ഹൃദയത്തോടെ, തന്നെ കാത്തിരിക്കുകയായിരുന്നു എന്ന് അവൾക്ക് തോന്നി. പഴയതിലധികം വാത്സല്യത്തോടെ തന്നെ നെഞ്ചോടുചേർക്കാൻ കൊതിച്ചത് വലിയമ്മ മാത്രമല്ല, മരങ്ങളും മൺപാതകളും എന്തിന് പുസ്തകങ്ങൾകൂടിയായിരുന്നു എന്ന് അവൾ തന്നോടുതന്നെ പറഞ്ഞു. ഒരു മാറ്റവുമില്ല ഒന്നിനും. അതിരാവിലെ മുകളിലത്തെ നിലയിലെ വടക്കേമുറിയുടെ ജനലതുറന്ന് ദൂരേക്ക് നോക്കുമ്പോൾ പഴയതുപോലെ തന്നെ ഉണർന്നുതുടങ്ങുന്ന തെരുവുകളുടെ മുകളിൽ മൂടൽ മഞ്ഞിന്റെ ലാഞ്ചനയുണ്ട്. വെയിലത്താടുന്ന പേരമരത്തിന്റെ ഇലകൾക്ക് പഴയതുപോലെ തന്നെ ഏറ്റവും ഹൃദ്യമായ ഇളം പച്ച. അലക്കുകല്ലിന്റെ മുകളിൽ കയറിനിന്ന്, എത്തിപ്പിടിച്ചു പറിച്ചെടുക്കുന്ന അരിനെല്ലിക്കയ്ക്ക് ഇപ്പോഴും പറഞ്ഞറിയിക്കാനാവാത്ത സ്വാദ്. പേരമരത്തിന്റെ ചില്ലകളിലൊന്നിൽ വിശ്രമിക്കുമ്പോൾ കണ്ട, തെളിഞ്ഞ ആകാശത്തിലെ വേനൽ മേഘങ്ങളുടെ രൂപരേഖകൾ പോലും മുമ്പ്കണ്ടു മറന്നപോലെ..
നന്ദു യഥേഷ്ടം പറമ്പിൽ ചുറ്റിനടന്നു, ഓരോ പുൽക്കൊടിയോടും കുശലാന്വേഷണം നടത്തി. ഇടനാഴിയുടെ മൂലയിലുള്ള ആഴ്ചപ്പതിപ്പുകളുടെ കൂന തിരിച്ചും മറിച്ചുമിട്ട് വായിച്ചു. മണിക്കൂറുകളോളം പുസ്തകങ്ങളോട് സംസാരിച്ചു. പഴയ കൂട്ടുകാരോടൊപ്പം കളിച്ചു. പണ്ട് പഠിച്ചിരുന്ന സ്കൂളിനരികിലേക്ക് ഇടവഴികളിലൂടെ നടന്നു. പഴയ 'കുഞ്ഞരുവിയിൽ' വീണ്ടും കടലാസുതോണികൾ ഒഴുക്കി.
'കളകളം പാടുമീ അരുവിതന്നരുകിലീ,
ആൽമരത്തിൻ സ്വച്ഛ ശീതളഛായയിൽ,
ഒഴുകുമീ തെന്നലിൻ താരാട്ടുകേട്ടുഞാൻ
ഒന്നുറങ്ങട്ടെയിന്നൊരുമാത്രയെങ്കിലും.'
അങ്ങനെ ഒരു പാട്ടുമെഴുതിയുണ്ടാക്കി...
ചപ്രത്തലമുടിയിൽ ഇലകളും പേരമരത്തൊലിയും, ഉടുപ്പിൽ ചെമ്മണ്ണുമായി വീട്ടിലെക്കുകയറിയ ഒരു സന്ധ്യക്ക് വലിയമ്മ ചോദിച്ചു..
"നീ നിന്റെ പുതിയ വീട്ടിൽ എങ്ങനെ ജീവിക്കുന്നു, അവടെ മരങ്ങളില്ലല്ലോ.. അവടെ നിനക്കു വീർപ്പുമുട്ടില്ലേ.. അമ്മ ഓഫീസിൽ നിന്നും വരാൻ വൈകില്ലേ.. അതുവരെ എന്തുചെയ്യും നീ .."
ഒരു നിമിഷാർദ്ധം, നന്ദുവിനു ശ്വസിക്കാനായില്ല. ഇരുണ്ടുതുടങ്ങിയ ആകാശം തന്നെ പൊടുന്നനെ വന്നു മൂടുന്നതുപോലെ അവൾക്കുതോന്നി. വലിയമ്മ അടുക്കളവാതിലിന്റെ പാളികൾ അടയ്ക്കുകയാണ്. ഇനിയവർ മുഖം കഴുകി വിളക്കുകൊളുത്തും. വർഷങ്ങളായി ഓരോവൈകുന്നേരവും കണ്ടുവന്നിരുന്ന കാഴ്ച. ഇവിടെ എല്ലാം പരിചിതമാണ്. നിഴലുകൾ പോലും. ഇവിടെ ഭയപ്പെടുത്തുന്നതായി ഒന്നുമില്ല.
ഇലഞ്ഞിപ്പൊയിലിൽ അവധിക്കാലം ചിലവഴിക്കാനെത്തിയ ശ്രീധരനാണ് താനെന്ന് നന്ദുസങ്കൽപിക്കാൻ ശ്രമിച്ചു. അല്ലെങ്കിൽ നാലപ്പാട്ട് തിരിച്ചെത്തിയ ആമി... അതുമല്ലെങ്കിൽ ദ്നീപ്പറിന്റെ തീരത്തെത്തിയ കോസ്ത്യ.., ഗ്രീൻ ഗേബിളിലെ ആൻ... ശ്വാസം തിരിച്ചുകിട്ടി.
"വീട്ടിൽ മരങ്ങളില്ല, പക്ഷെ സ്കൂളിലുണ്ട്, ധാരാളം മരങ്ങൾ..കൂട്ടുകാരും.." നന്ദു ദീർഘശ്വാസമെടുത്തുകൊണ്ട് പറഞ്ഞു.
"സ്കൂളിലൊന്നും ഇങ്ങനെ മരം കയറി നടക്കല്ലേ.. ഇനി വലിയ കുട്ടിയാകുകയാണ്, അത് മറക്കണ്ട.." വലിയമ്മ അപേക്ഷാഭാവത്തിൽ പറഞ്ഞു.
നന്ദു ചിരിച്ചു. ഈയിടെയായി, പലരും പറയുന്നുണ്ട് അവളോടിത്, അമ്മ, വീട്ടുജോലിക്കാരി, എന്തിന് ചന്ദ്രിക ടീച്ചർ പോലും. ചിലപ്പോളൊക്കെ അപേക്ഷയായും മറ്റുചിലപ്പോൾ താക്കീതായും. ഇനിയുള്ള രണ്ടുമൂന്നുവർഷങ്ങൾ കൊണ്ട് തന്റെ ശരീരം തനിക്കു മനസിലാക്കാനാകാത്ത രീതിയിൽ പ്രവർത്തിക്കുന്ന ഒരു യന്ത്രമായിത്തീരുമെന്ന അറിവ് അവളെ കുറച്ചൊന്നുമല്ല തളർത്തിയത്. ഇരുപതുവയസ്സിനുമുൻപേ, വിവാഹം കഴിക്കുകയോ, അമ്മയായിത്തീരുകയോ ചെയ്ത ഒരു സ്ത്രീയെപ്പോലും നന്ദുവിന് നേരിട്ട് പരിചയമുണ്ടായിരുന്നില്ല. വലിയമ്മപോലും വിവാഹിതയായത് ഇരുപതാം വയസ്സിലാണ്. ഇരുപത്തിമൂന്നുവയസ്സിൽ അമ്മയാകുന്നതിനായി ഒരു സ്ത്രീയുടെ ശരീരം പതിമൂന്നുവയസ്സുമുതൽ തയ്യാറെടുപ്പുകൾ നടത്തിത്തുടങ്ങണമോ .. ആർത്തവവും മറ്റും ഒരു പതിനെട്ടുവയസ്സിൽ തുടങ്ങിയാൽ മതിയായിരുന്നില്ലേ..തന്നോടുമാത്രം ദൈവം കരുണകാണിക്കുമെന്നും തന്റെ ശരീരം അടുത്തകാലത്തൊന്നും പേടിപ്പെടുത്തുന്നതരത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകില്ല എന്നും അവൾ സ്വയം വിശ്വസിപ്പിക്കുവാൻ ശ്രമിച്ചുവരികയായിരുന്നു.
വലിയമ്മയുടെ മുൻപിൽ പക്ഷെ ഇത്തരം ഭയങ്ങളൊന്നും കാണിക്കാനാകില്ല. വല്യമ്മയ്ക്ക്, ഒരു പക്ഷെ വലിയമ്മയ്ക്കുമാത്രം, അവൾ ഏറ്റവും ധീരയും ബുദ്ധിമതിയുമായ കുട്ടിയാണ്. വലിയമ്മയുടെ മുന്നിൽ ഭീരുവാകാനാവില്ല.
എങ്കിലും അന്ന് മുഖം കഴുകി, ഗീതാധ്യാന ശ്ലോകങ്ങൾ ഉരുവിട്ട് വിളക്കിനുമുന്നിൽ ഇരുന്നപ്പോൾ നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഏറ്റവും അമൂല്യമായ നിധിയായിരുന്നു ആ അൻപതു ദിവസങ്ങൾ. കണ്ണിമവെട്ടാതെ കാവലിരുന്നിട്ടും, അവ ഓരോന്നായി കവർന്നെടുക്കപ്പെട്ടു. ഒടുവിൽ തിരിച്ചുപോകാനുള്ള ദിവസമായി. വല്യമ്മയോടും ചേച്ചിമാരോടും യാത്രപറഞ്ഞു.
രാത്രിയിലായിരുന്നു ട്രെയിൻ. നന്ദു തന്റെ അഭിമുഖമായി ഇരുന്നിരുന്ന അമ്മയുടെയും സഹോദരന്റെയും മുഖത്തേക്ക് നോക്കിയതേയില്ല. ജനലിലൂടെ മേഘാവൃതമായ ആകാശത്ത് ഒരു നേർത്ത ചന്ദ്രക്കല കാണാമായിരുന്നു. 'നീയും വരുന്നുവോ എൻറെകൂടെ..' അവൾ ചന്ദ്രനോട് പറഞ്ഞു. ചന്ദ്രന്റെ മാഞ്ഞുപോയ പകുതിപോലെ അവളും തന്റെ ആത്മാവിന്റെ പകുതി ഉപേക്ഷിച്ചിട്ടാണ് തിരിച്ചുപോകുന്നത്.
പുതിയ സ്കൂൾ വർഷം തുടങ്ങിയത് കോരിച്ചൊരിയുന്ന മഴയോടെയാണ്. നന്ദുവിന്റെ ക്‌ളാസ്സുകാർ പുതിയ ക്‌ളാസ്സ് ടീച്ചറുടെ വരവിനായി കാത്തിരുന്നു. ദേഷ്യക്കാരിയായ ചന്ദ്രിക ടീച്ചർക്കുപകരം അതീവ സൗമ്യയായ രാജാമണി ടീച്ചർ. സമാധാനമായി എല്ലാവർക്കും.
പുറത്തെ മഴയോടൊപ്പം ടീച്ചറുടെ മധുരമായ ശബ്ദം സംഗീതം പോലെ..
ഇന്റർവൽ സമയത്ത് സീമയും ദിവ്യയും ലേഖയും ഒരു കടലാസുമായി വന്നു.
"ഇത് ഹെഡ്-മിസ്ട്രസ്സിനുള്ള അപേക്ഷയാണ്." ടീച്ചറുടെ മേശയ്ക്കുമുന്പിൽ നിന്ന് ദിവ്യപറഞ്ഞു. "ലൈബ്രറി കുട്ടികൾക്കായി തുറന്നുതരാൻ.. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമാണ് ലൈബ്രറിക്കകത്തുപോകാൻ കഴിഞ്ഞിട്ടുള്ളത്.. എല്ലാ ക്‌ളാസ്സിലും വായിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടാകില്ലേ. താൽപര്യമുള്ളവർ ഇവിടെ പേരെഴുതി ഒപ്പിടണം. "
ദിവ്യ ക്ലാസ് ലീഡറാണ്. ക്ലാസ്സിൽ സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതി ടീച്ചറെ ഏല്പിക്കാൻ അധികാരമുള്ളവൾ. ചില കുട്ടികൾ അനുസരണയോടെ ഒപ്പിട്ടു.
"ഞാനില്ല ഇതിനൊന്നും, " നിമിഷ പ്രഖ്യാപിച്ചു. " ഹെഡ്-മിസ്ട്രസ്സിന് മൂക്കത്താണ് കോപം. ഓരോ അസംബ്ലിയിലും അവർ പറയാറുള്ളത് എന്തിനും തക്കതായ ശിക്ഷകിട്ടുമെന്നാണ്. ഓടിയാൽ തക്കതായ ശിക്ഷ, ഉറക്കെ സംസാരിച്ചാൽ തക്കതായ ശിക്ഷ. മതിലിനടുത്തുനിന്ന് ഏതെങ്കിലും ആൺകുട്ടിയോട് ചിരിച്ചാൽ തക്കതായ ശിക്ഷ.. എന്നെങ്കിലും അവർക്കു തൊണ്ടവേദന വന്നാൽ അസംബ്ലിയിൽ ആകെ പറയുന്നത് , എന്തിനും തക്കതായ ശിക്ഷ എന്നായിരിക്കും. ഇനി ലൈബ്രറി തുറപ്പിക്കാൻ ചെന്നാൽ അതിനും കിട്ടും തക്കതായ ശിക്ഷ.."
"നീ വരില്ലേ ഞങ്ങളുടെ കൂടെ.." സീമ നന്ദുവിനോട് ചോദിച്ചു.
നന്ദു നിമിഷയെ നോക്കി. നിമിഷ വേണ്ട എന്ന് തലയാട്ടി.
"ബംഗാളി നോവലേതാണ്, മലയാളം നോവലേതാണ് എന്ന് നമുക്ക് എല്ലാവരെയും പഠിപ്പിക്കണ്ടേ.."
സീമ അപേക്ഷിക്കുകയാണ്.
"വരാം.." നന്ദു പറഞ്ഞു.. നിമിഷയുടെ മുഖത്തുനോക്കാതെ ദിവ്യ നീട്ടിയ കടലാസ്സിൽ ഒപ്പിട്ടു.
"ഉച്ചയ്ക്ക് പോയി കാണാം, ഊണുകഴിഞ്ഞ് .. നീ വരണം.." ദിവ്യ പറഞ്ഞു.
ഉച്ചയ്ക്ക് പ്രധാനാദ്ധ്യാപികയുടെ ഓഫീസിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്റെ തൊണ്ട വരളുകയാണ് എന്ന് നന്ദുവിന് തോന്നി. ഭംഗിയായി അടുക്കിയ ഒരുമേശ, കടലാസുകെട്ടുകൾക്കുമീതെ കൗതുകമുള്ള പേപ്പർ വെയിറ്റുകൾ.. ഒത്ത നടുവിലായി അതാ ആ പ്രസിദ്ധമായ ചൂരൽ. ഇതാണ് തക്കതായ ശിക്ഷ വിധിക്കുന്ന നീതിപീഠം.
"ഒരു പെറ്റീഷനാണ്, ലൈബ്രറി കുട്ടികൾക്കായി തുറന്നുതരാൻ.." ദിവ്യ പറഞ്ഞു.
ടീച്ചർ അത്ഭുതത്തോടെ ദിവ്യയെ നോക്കി, അവൾ നീട്ടിയ കടലാസ് ഓടിച്ചുവായിച്ചു.
"ഏതു ക്ലാസ്സിലാണ് നിങ്ങൾ?" ടീച്ചർ ചോദിക്കുകയാണ്. ആ ചോദ്യത്തിൽ ഒരു പുച്ഛഭാവം ഒളിച്ചിരിപ്പുണ്ടെന്ന് നന്ദു ഉറപ്പിച്ചു.
"എട്ടിൽ.."
"പാഠപുസ്തകങ്ങൾ ഒക്കെ കിട്ടിയില്ലേ എല്ലാർക്കും.. അതാദ്യം വായിക്കൂ.."
" ടീച്ചർ, പാഠപുസ്തകങ്ങൾ അല്ല ഇവിടെ പ്രശ്നം..വായിക്കാനാഗ്രഹമുള്ള ധാരാളം കുട്ടികളുണ്ട്.."
" ലൈബ്രറി തുറന്നിടണമെങ്കിൽ ഒരു സ്ഥിരം ലൈബ്രേറിയൻ വേണം. അങ്ങനെ ഒരു പോസ്റ്റ് സ്കൂളിലില്ല. ടീച്ചർമാർക്ക് സമയം കിട്ടുമ്പോൾ പുസ്തകങ്ങൾ ക്ലാസ്സിൽ കൊണ്ടുവരും. നിങ്ങളുടെ പ്രായത്തിന് അനോയോജ്യമായ പുസ്തങ്ങൾ..അത് വായിച്ചാൽ മതി.."
"കഴിഞ്ഞ കൊല്ലവും അങ്ങനെയൊക്കെ പറഞ്ഞതാണ്. പക്ഷെ രണ്ടേ രണ്ടുതവണയാണ്..."
"രണ്ടേ രണ്ടുപ്രാവശ്യം!.. എന്നിട്ടുതന്നെ ചിലപുസ്തകങ്ങൾ തിരിച്ചുകിട്ടാനുണ്ട്.. പൊയ്‌ക്കോളൂ.. ഇതൊന്നും നടക്കില്ല!"
ഓഫീസ് മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സീമയുടെയും ദിവ്യയുടെയും മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത നിരാശയുണ്ടായിരുന്നു. നന്ദുവിന് നിരാശയെക്കാൾ ആശ്വാസമാണ് തോന്നിയത്. ടീച്ചർക്ക് ചൂരലെടുത്ത് പ്രയോഗിക്കാൻ തോന്നിയില്ലല്ലോ..
"ഇനിയെന്ത് ചെയ്യും.." സീമ ചോദിച്ചു..
"എന്ത് ചെയ്യാനാണ്.. നീ കേട്ടതല്ലേ അവർ പറഞ്ഞത് .." ദിവ്യ നിസ്സംഗതയോടെ തലയാട്ടി..
"തോറ്റുകൊടുക്കണമെന്നാണോ.."
"നീ ധാരാളം വായിക്കുന്നുണ്ടല്ലോ. അതുപോരെ. മറ്റുകുട്ടികളെ വായിപ്പിക്കുവാൻ നമുക്ക് തൽക്കാലം കഴിയില്ല." ലേഖ പറഞ്ഞു
ആ സംഭാഷണത്തിന്റെ വിഫലത നന്ദുവിന് അസഹ്യമായിതോന്നി ..
"നിങ്ങൾക്ക് പുസ്തകങ്ങളാണോ വേണ്ടത്?.." അവൾ ചോദിച്ചു. " എന്റെ വീട്ടിൽ പുസ്തകങ്ങളുണ്ട്, ഒരു ലൈബ്രറി എന്നൊന്നും പറയാനില്ല, എങ്കിലും രണ്ടുമൂന്നുഷെൽഫുകളുണ്ട്..തിരിച്ചുകൊണ്ടുതരുമെന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ കൊണ്ടുവരാം പുസ്തങ്ങൾ."
"എന്റെ കയ്യിലുമുണ്ട് കുറച്ച്." സീമ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.
"അതു പോരെ.. നമുക്ക് ഒരു നോട്ട്ബുക്കിൽ എഴുതിവയ്ക്കാം ഏതുപുസ്തകം ആരുടെ കയ്യിലാണ് എന്ന്..," ദിവ്യ പറഞ്ഞു.
"അതുമതി.." സീമ ആഹ്‌ളാദത്തോടെ നന്ദുവിന്റെ കൈ പിടിച്ചുകുലുക്കി.
"എല്ലാവരും പുസ്തകങ്ങൾ തിരിച്ചുതരുമെന്ന് ഉറപ്പാണല്ലോ.." ചെളിവെള്ളച്ചാലുകൾ മുറിച്ചുകടന്ന് ക്‌ളാസ്സിലെത്തിയപ്പോൾ നന്ദു ചോദിച്ചു..
"ഉറപ്പ്.." സീമയും ദിവ്യയും ലേഖയും അവളുടെ കൈ പിടിച്ച് ഉറപ്പുകൊടുത്തു.
ഉച്ചക്ക് ആദ്യത്തെ പീരീഡ് ഇംഗ്ലീഷ് ആണ്. ഇംഗ്ലീഷ് പുസ്തകം പുറത്തെടുക്കുകയാണ് കുട്ടികൾ. ക്ലാസ്സിലെങ്ങും പുതിയ പുസ്തകത്താളുകളുടെ മണം. പുതിയ പ്രതീക്ഷകളുടെ വിഹ്വലതയും..