പ്രാണൻ പിളർന്നൊരു നോവിന്റെ പാട്ടുകൾ
പാടിത്തളർന്നൊരു ചുണ്ടിലെ ഗദ്ഗദം
ഈണങ്ങളാകാൻ വിസമ്മതിച്ചീടവേ,
മേഘങ്ങളോടിനി എന്തുഞാൻ ചൊല്ലുവാൻ?
ആർത്തനാമാകാശമിരുളിലാഴുന്നതും
മൂകമായെന്തിനോ കണ്ണുനീർവാർപ്പതും,
അകലെയെന്നാകിലും അറിയുന്നു, എങ്കിലും,
ആർത്തിരമ്പുന്നൊരീ കാറ്റിന്റെ മൂളലിൽ,
മേഘങ്ങളോടിനി എന്തുഞാൻ ചൊല്ലുവാൻ
അരികിൽ വന്നെന്നോടു ചൊല്ലുകില്ലെങ്കിലും
ഒരുവേള, തോളിലായ് ചായുകില്ലെങ്കിലും
നനയട്ടെ, ഞാനുമീ വർഷപാതത്തിലെൻ
നെഞ്ചിലേറ്റട്ടെ ഞാൻ, വിങ്ങുംവ്യഥകളെ.
മേഘങ്ങളോടിനി എന്തുഞാൻ ചൊല്ലുവാൻ