Tuesday, January 16, 2024
ഓടി മറഞ്ഞെത്ര വർഷങ്ങൾ പിന്നെയും
കാലമാം തടിനിയിൽ ഓളങ്ങൾ പോലവേ
അലയുകയാണുഞാനിന്നുമീ വനികയിൽ
അവിശ്രമം നിന്നെത്തിരയുകയാണു ഞാൻ
അകലെയാ മാമരക്കൂട്ടത്തിനപ്പുറം
നിഴൽ വീണ പാതതൻ മൌനത്തിനപ്പുറം
ഇരവിന്റെ നീല നിഗൂഢത മൂടിയി-
ന്നറിയില്ല വീണ്ടുമൊളിച്ചതെന്താണു നീ
തഞ്ചത്തിൽ വന്നെന്റെ കണ്ണുപൊത്തീടുവാൻ
അലിവോടെ മെല്ലെയെൻ പേരുചൊല്ലീടുവാൻ
അല്ലെങ്കിലരികിൽവന്നെന്നോടുമിണ്ടുവാൻ
അറിയില്ലവീണ്ടും മടിച്ചതെന്താണു നീ
ഒരുവേള നീയെന്റെയരികത്തണയുകിൽ
ഒഴുകുന്ന കണ്ണുനീർച്ചാലുകൾ മായ്ക്കുകിൽ
തിരയാം നമുക്കൊരുമിച്ചിനിയെന്നെയും
അറിയില്ലയെങ്ങോ കളഞ്ഞുപോയെന്നെ ഞാൻ