നമ്മളൊന്നിച്ചു നടക്കാഞ്ഞ വഴികളോടില്ലെനിക്കിന്നു പരിഭവമേതുമേ.
പുലരികൾ മേയുന്ന പൂവനി പുൽകിയാ
പുല്ലണിപ്പാതകൾ നീണ്ടങ്ങുപോയിടാം.
തുള്ളിത്തുളുമ്പുന്ന ഹൃദയമാം ചോലതൻ
ഓരത്തു നമ്മളും കളിവീടുതീർത്തിടാം.
ഒന്നിച്ചു കണ്ട കിനാവുകളൊക്കെയും
പൂക്കളായെന്നു നീ കാതിൽ മന്ത്രിച്ചിടാം.
എങ്കിലുമാവഴിത്താരയൊടുങ്ങിടും.
ഒടുവിലാ പാതയും ഇവിടെ വന്നെത്തിടും.
മൗനം വിതുമ്പുന്ന രാത്രിതൻ മാറിൽ നീ
വീണ്ടും മറന്ന മഴപ്പാട്ടുകേട്ടിടും.
നമ്മളൊന്നിച്ചു നടക്കാഞ്ഞ വഴികളോടില്ലെനിക്കിന്നു പരിഭവമേതുമേ