കഥകളുടെ കാലം - പതിനെട്ട്
നമുക്ക് കത്തുകൾ എഴുതാം!
തന്നോടുള്ള വാശിതീർക്കാനാണ് ദിവസങ്ങളും മാസങ്ങളും അതിവേഗത്തിൽ കടന്നുപോകുന്നത് എന്ന് സീമ തീർച്ചയാക്കി. എത്രവേഗമാണ് ക്രിസ്തുമസ് പരീക്ഷ വന്നെത്തിയത്. ഓണപരീക്ഷ ഇന്നലെ കഴിഞ്ഞതുപോലെയാണ് ഇപ്പോഴും തോന്നുന്നത്. ഇനി അധികം താമസിയാതെ മോഡൽ പരീക്ഷകളും ഒടുവിൽ SSLC പരീക്ഷയും വന്നെത്തും. അങ്ങനെ പരീക്ഷകളുടെ ഒരു കൂമ്പാരത്തിനൊടുവിൽ സ്‌കൂൾ ജീവിതം അവസാനിക്കും. താൻ നഗരം വിട്ടുപോകും.
സീമ അധികം സംസാരിക്കാതെയായിരുക്കുന്നു. പൊട്ടിച്ചിരിക്കാതെയായിരിക്കുന്നു. സ്വപ്‌നങ്ങൾ കാണാതെയായിരിക്കുന്നു. ലൈബ്രറിയിലെ പുസ്തകങ്ങൾ മാത്രമാണ് അവളുടെ ആധികളും നെടുവീർപ്പുകളും അറിഞ്ഞത്. ഉച്ചനേരത്ത് അവൾ കൂട്ടുകാരോട് സംസാരിക്കസംസാരിക്കാൻ നിൽക്കാതെ ലൈബ്രറി ഷെൽഫുകളിലെ പുസ്തകങ്ങൾ വീണ്ടും വീണ്ടും അടുക്കി. ഇളകിപ്പോകാറായ പുസ്തകച്ചട്ടകൾ ഒട്ടിച്ചു. ആരെങ്കിലും എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ തന്നെ ചുരുങ്ങിയ വാക്കുകളിൽ ഉത്തരം കൊടുത്തു.
അഭിലാഷിനെ കാണാനും സംസാരിക്കുവാനും ആദ്യമൊക്കെ ശ്രമിച്ചിരുന്നു.
"എന്തൊരു പിന്തിരിപ്പനാണ് നിന്റെ അച്ഛൻ," കാണുമ്പോഴൊക്കെ അഭിലാഷ് പറയും. "നിന്നെ ചീത്തപറയുന്നതൊക്കെ ഞങ്ങളുടെ വീട്ടിൽ കേൾക്കാം. ശരിക്കും ഭ്രാന്തുപോലെ .. അതോ ഇനി ഞങ്ങളെ കേൾപ്പിക്കാൻ വേണ്ടിത്തന്നെയാണോ ..?"
അക്ഷരാർത്ഥത്തിൽ ജീവൻ പണയം വച്ച് താൻ അവനോട് സംസാരിക്കുന്നത് അച്ഛനെ ഭ്രാന്തനെന്ന് വിളിക്കുന്നത് കേൾക്കാനാണോ എന്ന് സീമ ചിന്തിച്ചു.
ക്രമേണ അഭിലാഷിനെ കാണണമെന്നില്ലാതെയായി. സംസാരിക്കണമെന്നില്ലാതെയായി. സ്കൂളിലെ ഓരോ ചെറിയകാര്യങ്ങൾ പോലും അഭിലാഷിനോട് പറയാൻ ആഗ്രഹിച്ചിരുന്നു പണ്ട്. കണക്കുടീച്ചറുടെ കണ്ണട കളഞ്ഞുപോയതുപോലും അഭിലാഷിനെ അറിയിക്കാതെയിരുന്നിട്ടില്ല. എല്ലാം പറഞ്ഞുതീർത്തിട്ടില്ലെങ്കിൽ ഉറക്കം വരാറില്ലായിരുന്നു. എന്നാൽ ഇപ്പോൾ, ഒന്നും പറഞ്ഞില്ലെങ്കിലും ദിവസങ്ങൾ സഹസ്രാബ്ദങ്ങളായി തുടർന്നുവരുന്നതുപോലെ ഉണരുകയും ഒടുങ്ങുകയും ചെയ്യുമെന്ന് മനസ്സിലായിത്തുടങ്ങി.
ഈ ബന്ധത്തിന്റെ പര്യവസാനം ഇങ്ങനെ തന്നെ ആകുമെന്ന് അവൾ മനസിലാക്കേണ്ടിയിരുന്നതല്ലേ. തന്റെ 'പിന്തിരിപ്പനായ' അച്ഛനെ അവൾ കുട്ടിക്കാലം മുതൽ കാണുന്നതല്ലേ. തന്റെ ഇനിയുള്ള ജീവിതത്തിൽ ഒരു സുഹൃത്തായിപ്പോലും അഭിലാഷ് ഉണ്ടാകില്ല എന്ന വസ്തുത അവൾ നിരുപാധികം അംഗീകരിച്ചു. എങ്ങനെ തനിക്കതിനു കഴിഞ്ഞു എന്നത് അവളെ തന്നെ അത്ഭുതപ്പെടുത്തി.
സത്യത്തിൽ ഇതൊന്നും അഭിലാഷിന്റെ തെറ്റല്ല. എങ്കിലും അവനോട് വെറുപ്പെന്നുവിളിക്കുവാനാവില്ലെങ്കിലും ഒരിഷ്ടമില്ലായ്‌മ തോന്നിത്തുടങ്ങിയിരുന്നു. അവൻ കാരണം തനിക്ക് നഷ്ടപ്പെട്ടുപോകുന്ന ലോകത്തെ കുറിച്ചോർത്ത് അവൾ ഇടയ്ക്കൊക്കെ കരഞ്ഞിരുന്നു.
എന്താണ് അഭിലാഷ് ചെയ്യേണ്ടിയിരുന്നത്. പ്രണയകഥകളിലെ ധീരനായകനെ പോലെ അച്ഛനെ വെല്ലുവിളിക്കണമായിരുന്നോ?
അതല്ല! ഒരിക്കലുമല്ല!
എന്താണ് അഭിലാഷ് പറയേണ്ടിയിരുന്നത് ? 'നീ കാത്തിരിക്കണം, എനിക്കായി, ഈ ചങ്ങലകൾ അഴിയും, വിരഹത്തിന്റെ തീച്ചൂളകൾക്കൊടുവിൽ കൂടിക്കാഴ്ചയുടെ വസന്തമുണ്ടാകും' അങ്ങനെയൊക്കെയാണോ ?
ശ്ശേ! ഒരിക്കലുമല്ല!
പിന്നെ എന്താണ് അഭിലാഷ് പറയേണ്ടിയിരുന്നത്?
മോഡൽ പരീക്ഷയുടെ ആദ്യത്തെ ദിവസം രാവിലെ തിരക്കിട്ട് കോണിപ്പടികളിറങ്ങുമ്പോൾ താഴെ അഭിലാഷിനെ കണ്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി പരസ്പരം കാണാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയായിരുന്നു.
"മാർച്ചിൽ പരീക്ഷ കഴിഞ്ഞാലുടൻ ഞാൻ പോകും." സീമ നിസ്സംഗത നിഴലിക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
"നീ വെറുമൊരു ഭീരുവായിപ്പോയല്ലോ !"
'അതെ , ഭീരുവാണ് , വെറുത്തുകൊളളൂ !' സീമ മനസ്സിൽ പറഞ്ഞു.
പിന്നീടവൾ തിരക്കിട്ട് ബസ്‌സ്റ്റോപ്പിലേക്ക് നടന്നു.
ബയോളജി പരീക്ഷയാണ്. നാഡീവ്യൂഹത്തെ കുറിച്ചുള്ള ചോദ്യം രണ്ടാവർത്തി വായിച്ച് വിസ്തരിച്ച് ഉത്തരമെഴുതിത്തുടങ്ങി. ഇടയ്ക്കൊന്ന് തിരിഞ്ഞുനോക്കി. ദിവ്യ ഉത്തരപ്പേപ്പറിൽ നിന്നും കണ്ണെടുക്കാതെ എഴുതിത്തകർക്കുകയാണ്. അവൾക്കിഷ്ടമുള്ള വിഷയമാണ് ബയോളജി. ക്‌ളാസിൽ ഡോക്ടറാകണമെന്ന് ആഗ്രഹിക്കുന്ന ഒരേ ഒരാൾ അവളാണ്. ലേഖ എന്തോ തലപുകഞ്ഞാലോചിക്കുന്നു. നന്ദിനി ചോദ്യപേപ്പറിന്റെ ഒഴിഞ്ഞവശത്ത് എന്തോ എഴുതുന്നു. നന്ദിനിയ്ക്ക് ബാലികേറാമലയാണ് ബയോളജി. പത്താംക്ലാസ്സുപരീക്ഷകഴിഞ്ഞാൽ പിന്നെ താൻ കടിച്ചാൽ പൊട്ടാത്ത വാക്കുകളുള്ള ഈ വിഷയം സന്തോഷത്തോടെ മറന്നുകളയുമെന്ന് അവൾ ഇടയ്ക്കിടെ പറയാറുണ്ട്.
പരീക്ഷകഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ലേഖയും ദിവ്യയും എന്തോ വായിച്ച്ചിരിക്കുന്നു!
നന്ദിനിയുടെ ചോദ്യപേപ്പറാണ്. 'നല്ലവനായ കീടാണു' എന്ന പേരിൽ ഒരു ചെറുകഥ അവൾ ചോദ്യപേപ്പറിന്റെ ഒഴിഞ്ഞവശത്ത് എഴുതിത്തീർത്തിരിക്കുന്നു. ശരീരത്തെ സംരക്ഷിച്ച ചിന്താശാലിയായ നല്ല ബാക്ടീരിയ , മരുന്നുമൂലം മരിക്കുന്ന കദനകഥ.
"നിനക്കെവിടെനിന്നാണ് ഇത്രമാത്രം സമയം," സീമ ചിരിച്ചുകൊണ്ട് നന്ദിനിയോട് ചോദിച്ചു.
"എനിക്കറിയാവുന്നതെല്ലാം ഒരുമണിക്കൂറിൽ എഴുതി. പിന്നെ എന്തുചെയ്യാനാണ് !" അവൾ ചുമലുകൾ കുലുക്കികൊണ്ട് പറഞ്ഞു.
അന്ന് സീമ പഴയതുപോലെ കൂട്ടുകാരോട് സംസാരിച്ചു. പൊട്ടിച്ചിരിച്ചു. ഇനി ഒന്നോ രണ്ടോ മാസങ്ങൾ. പിന്നെ ഇതൊന്നും ഉണ്ടാകില്ല. ഈ കൂട്ടുകാരും, സമയം അതിവിശ്വസ്തനായ ഒരു ഭൃത്യനെപ്പോലെ തന്നെ കാത്തുനിൽക്കുമെന്നുതോന്നുന്ന ഇത്തരം നിമിഷങ്ങളും.
മോഡൽ പരീക്ഷകൾക്കുശേഷം ആഘോഷിക്കുവാനൊരുദിനം വന്നു. സാരിയും ദാവണിയുമൊക്കെ ചുറ്റി പലരും ക്ലാസിലെത്തി.
ആട്ടവും പാട്ടും കേക്കുമുറിയും എല്ലാം ഉണ്ടായി. സ്കൂൾ ലീഡറായ ദിവ്യ ഷേക്‌സ്‌പിയറുടെ പ്രസിദ്ധമായ ഉദ്ധരണിയോടെയാണ് തന്റെ പ്രസംഗം തുടങ്ങിയത്.
'ലോകമെന്ന നാടകത്തട്ടിലെ കളിക്കാർ മാത്രമാണ് സ്ത്രീപുരുഷന്മാർ ' കഴിഞ്ഞ അഞ്ചുകൊല്ലക്കാലം അരങ്ങേറിയ നാടകം തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് അവൾ പറഞ്ഞു. പ്രസംഗത്തിനൊടുവിൽ ചിലരൊക്കെ കരഞ്ഞു. സീമയും കണ്ണുകൾ തുടച്ചു.
ഒടുവിൽ അധ്യാപികമാരോട് യാത്രപറഞ്ഞുപുറത്തിറങ്ങി.
ലേഖ തന്റെ വെള്ളക്കുപ്പിതുറന്ന് തേക്കിൻ തൈകളിൽ ഒന്ന് നനയ്ക്കുകയാണ്. അത് അവളോളം തന്നെ വളർന്നിരിക്കുന്നു! അവളുടെ കണ്ണുകളും നനഞ്ഞിരുന്നു.
"നമുക്കു നടന്നാലോ വീട്ടിലേക്ക്? " സീമ നന്ദിനിയോട്‌ചോദിച്ചു. ചോദിച്ചത് വിഡ്ഢിത്തമാണെന്ന് അപ്പോൾ തന്നെ തോന്നി. ഒരിക്കലും വീട്ടിലേക്ക് നടന്നുപോയിട്ടില്ല. സീമയുടെ താമസസ്ഥലം കഴിഞ്ഞും അരമണിക്കൂറെങ്കിലും വീണ്ടും നടക്കുവാനുണ്ടാകും നന്ദിനിയ്ക്ക്.
"നടക്കാം! ഒരു ഒന്നര മണിക്കൂർ! അത്രയല്ലേ വേണ്ടൂ!" നന്ദിനി സന്തോഷത്തോടെ പറഞ്ഞു.
നന്ദിനിയുടെ ഭാഷയിൽ പറഞ്ഞാൽ നഗരത്തിന്റെ നാഡീവ്യൂഹം നിരത്തുകളാണ്. അങ്ങനെ ചോരതുടിക്കുന്ന ഞിരമ്പുകളിൽ കാലുകൾ അമർത്തിച്ചവിട്ടി അവർ നടന്നു. കാലങ്ങൾ കഴിഞ്ഞാലും നടന്ന വഴികളിൽ തങ്ങളുടെ കാൽപ്പാടുകളിൽ ചിലതെങ്കിലും ശേഷിക്കുമെന്ന പ്രതീക്ഷയോടെ .
നന്ദിനി അവൾ ആയിടെ വായിച്ച ഓസ്കാർ വൈൽഡിന്റെ 'The importance of being Earnest ' എന്ന നാടകത്തെക്കുറിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
"ഒരു പേരിൽ എന്തിരിക്കുന്നു എന്ന് തോന്നാം. എന്നാൽ പേരാണ് ഒരർത്ഥത്തിൽ ഒരാളെ അയാളാക്കുന്നത്," അവൾ പറഞ്ഞു.
അവളോട് അസൂയ തോന്നി. അവളുടെ ജീവിതത്തിൽ ഒന്നും മാറുന്നില്ല. അവൾ പുസ്തകങ്ങൾ വായിക്കുകയും ആരോടെങ്കിലും അവയെപ്പറ്റി വായ്‌പൂട്ടാതെ സംസാരിക്കുകയും ചെയ്യും. കോളേജിൽ ചേർന്നാലും രസകരമല്ലാത്ത ക്ലാസ്സുകളിൽ പുസ്തകത്തിന്റെ മറുവശത്ത് കഥകളും കവിതകളും എഴുതും. ഒന്നും മാറുന്നില്ല.
നാടുകടത്തപ്പെടുന്നത് താനാണ്. തന്റെ ജീവിതം ഇനി എങ്ങനെയാകും ? തനിക്ക് കൂട്ടുകാരുണ്ടാകുമോ ?
ഒരുമണിക്കൂർ നടന്നപ്പോൾ സീമയുടെ പാർപ്പിടസമുച്ഛയമെത്തി.
"ഇനി പരീക്ഷയ്ക്ക് കാണാം," നന്ദിനി ചിരിച്ചുകൊണ്ടു പറഞ്ഞു. സീമയ്ക്ക് ചിരിയ്ക്കുവാനായില്ല.
കരച്ചിലടക്കാൻ പാടുപെടുന്ന സീമയോട് അലിവ് തോന്നിയതിനാലാവാം നന്ദിനി കുറച്ചുനേരം അവിടെ തന്നെ നിന്നു.
"വിഷമിയ്ക്കാതിരിക്കൂ," ഒടുവിൽ അവൾ പറഞ്ഞു. "നമുക്ക് കത്തുകൾ എഴുതാം.."
നിരത്തിൻറെ തിരിവിൽ നന്ദിനി മറയുന്നതുവരെ സീമ അവിടെത്തന്നെ നിന്നു. അവൾക്കു വല്ലാത്തൊരാശ്വാസം തോന്നി.
'കത്തുകൾ എഴുതാം,' അതെ അതാണ് അവൾക്ക് കേൾക്കേണ്ടിയിരുന്നത്.
ഒന്നും അവസാനിക്കുന്നില്ല! നന്ദിനിയും ലേഖയും ദിവ്യയും തനിക്കുകത്തുകളെഴുതും.
ലേഖയുടെ കത്തുകളിൽ മനോഹരമായ പ്രകൃതി വർണ്ണനകളുണ്ടാകാം..ദിവ്യ ഷേക്‌സ്‌പിയറിനെയും , കീറ്റ്സിനെയും ബയറണെയും ഉദ്ധരിക്കും..നന്ദിനി കഥകളെഴുതും. അവൾ പഠിക്കാൻ പോകുന്നത് ഫിസിക്സ് ആണെങ്കിൽ വേഗതകുറഞ്ഞുപോയ ബി എന്ന തീവണ്ടിയെ കുറിച്ചാകാം കഥ .
ഒന്നും അവസാനിക്കില്ല! അക്ഷരങ്ങളും വാക്കുകളും ഉള്ളിടത്തോളം!