Saturday, September 17, 2016

ഒരുനാളുണർന്നുഞാൻ മുഗ്ദ്ധമാം സ്വപ്നം വിട്ടി
ട്ടെത്രയോ ദൂരെ മേലെ വിണ്ണിലേക്കുയർന്നു ഞാൻ
നഷ്ടമാമേതോ ദിവ്യ കൈവല്യപദം  തേടി 
യലഞ്ഞുകുഴഞ്ഞെത്ര കരഞ്ഞുതളർന്നു ഞാൻ

എന്തിനെന്നറിയില്ല കാലമെന്നരൂപിയാം
പ്രാണനെ നിലാവിന്റെ സ്നിഗ്ദ്ധമാം  തിരയാക്കി
ആർദ്രമായോരോ രാവും മിഴിനീരൊപ്പാനെത്തി
തണുത്ത വിരൽ നീട്ടിയലിവോടെന്നെ പുൽകി

ഒഴുകി , വാനം നീളെ മേഘമായ് പലനാളെൻ
തപസ്സിൻ പുണ്യം മണ്ണിൽ കൺതുറന്നീടുംവരെ
മഴയായ് പൊഴിഞ്ഞുഞാൻ പിന്നെയീ മണ്ണിൻ മാറിൽ
ഒരുതൈ തളിരായി കിളിർത്തു തളിർത്തു ഞാൻ

വർണ്ണങ്ങൾ വരങ്ങളായ്‌ ,മധുവിൻ മധുരമായ്
കാറ്റിലെൻ ശ്വാസംപോലുമലിഞ്ഞു, സുഗന്ധമായ്
സ്വപ്‌നങ്ങൾ പുതുനാമ്പായ് തളിർത്തൂ, ഋതുക്കളെൻ
കൈകളിലഴകേറും തോരണങ്ങളായ്‌ മാറി

 വിരിയും സുമങ്ങളിൽ നിറയും നിറങ്ങളിൽ
വസന്തം കാട്ടും മായാജാലത്തിന്നലകളിൽ
മറന്നതെന്തേ ഞാനെൻ മനസ്സുപോലും വൃഥാ
അലഞ്ഞതെന്തേ മൂകമന്യമാം പ്രപഞ്ചത്തിൽ 

ഇനിയുമൊഴുകണമിനിയുമലയണ-
മിനിയും മിഴിനീരാലർച്ചന നേർന്നീടേണം 
ഇനിയും കഥകൾതന്നലിവു കാത്തും പാട്ടി-
ന്നലകൾ തീർത്തും വാക്കിന്നാത്മാവുതേടീടേണം