എൻ്റെ വീട്ടിലെ പുസ്തകഷെൽഫിൽ പഞ്ചാബിൽ നിന്നുള്ള അല്ലെങ്കിൽ പഞ്ചാബിനെ കുറിച്ച് എഴുതിയിരുന്ന ചില എഴുത്തുകാരുടെ പുസ്തകങ്ങളുണ്ടായിരുന്നു. വിഭജനത്തിനുമുൻപും പിൻപും ഉള്ള പഞ്ചാബിനെ കുറിച്ച് അവർ എനിക്ക് പറഞ്ഞുതന്നു. എന്നും ഞാൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന കഥ കർത്താർ സിങ്ങ് ദുഗ്ഗലിൻ്റെ നഖവും മാംസവും ആണെങ്കിലും, അമൃത പ്രീതം എന്ന എഴുത്തുകാരിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ജിജ്ഞാസ കുട്ടിക്കാലം മുതൽ എൻ്റെ കൂടെയുണ്ട്. അവരുടെ പ്രസിദ്ധമായ പ്രണയത്തെ കുറിച്ച് ഞാൻ പലയിടത്തും വായിച്ചിട്ടുണ്ട്.
റവന്യൂ സ്റ്റാമ്പ് എന്ന ആത്‌മകഥയിൽ അമൃത തന്നെ കുട്ടിക്കാലം മുതൽ പിൻതുടരുന്ന നിഴലിനെ കുറിച്ച് പറയുന്നു- തന്നെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചിരുന്ന, തൻ്റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്ന നിഴൽ. പതിനൊന്നാം വയസ്സിൽ അമ്മ മരിച്ചതോടെ ദൈവവിശ്വാസം നഷ്ടപ്പെട്ടുവെങ്കിലും, പതിനാറാം വയസ്സിൽ അച്ഛൻറെ ആഗ്രഹപ്രകാരം വിവാഹജീവിതത്തിലേക്ക് കടന്നുവെങ്കിലും, തന്നെ തൻ്റെ തൂലികയുടെ ശക്തിയെകുറിച്ച് ഒർമ്മിപ്പിച്ചിരുന്ന, എഴുത്തിൻ്റെ പാതയിൽ ചരിക്കുവാൻ പ്രേരിപ്പിച്ചിരുന്ന നിഴൽ.
ആ നിഴലിനെ ഒരു ആൾരൂപത്തിൽ കാണാനുള്ള അതിയായ ആഗ്രഹമാകാം സാഹിർ ലുധിയാവ്നി എന്ന യുവകവിയെ തൻ്റെ മുന്നിലെത്തിച്ചത് എന്ന് അമൃത എഴുതുന്നു.
ഇരുപതുകളുടെ തുടക്കത്തിലെവിടെയോ ആയിരുന്നു സാഹിറും അമൃതയും. ലഹോറിനടുത്തുള്ള ഒരു ഗ്രാമത്തിൽ നടന്ന ഒരു കവിയരങ്ങ്. സാഹിർ അന്ന് പ്രമുഖ ഗാനരചയിതാവല്ല, പ്രണയത്തിനെ കുറിച്ച് എഴുതുവാൻ ഇഷ്ടപ്പെടാത്ത, ജീവിതത്തിൻ്റെ കയ്പ് തൻ്റെ വരികളിൽ പകർത്തിയിരുന്ന ദരിദ്രനായ യുവകവി..
സംഘാടകർ ഏർപ്പെടുത്തിയിരുന്ന ബസ്സിൽ കയറുവാനായി സാഹിറിനോടൊപ്പം നടന്ന മഴയുള്ള രാത്രിയെ അമൃത വിശേഷിപ്പിക്കുന്നത്, തൻ്റെ ഹൃദയത്തിൽ വീണുകഴിഞ്ഞിരുന്ന പ്രണയത്തിൻ്റെ വിത്തുകൾ മുളപ്പിക്കുവാൻ പെയ്ത മഴ എന്നും, സാഹിറിൻ്റെ നിഴലിൽ, പിറകിൽ നടന്നിരുന്ന തൻ്റെ നിഴൽ ഒതുങ്ങിക്കൂടാനായി ഉണ്ടായ രാത്രി എന്നുമാണ്. ഒരുപക്ഷെ ഇതു തന്നെയാവാം പിൽക്കാലത്ത് സാഹിറും എഴുതിയത്.
പ്രണയം ഭ്രാന്തിയാക്കിയ എതൊരു സ്ത്രീയെയും പോലെ തന്നെ ആയിരുന്നു വാസ്തവത്തിൽ അമൃതയും. കണ്ണിൽകണ്ട കടലാസിലെല്ലാം സാഹിറിൻ്റെ പേരെഴുതിയിരുന്നവൾ.
സമൂഹം തനിക്കുചുറ്റും തീർത്ത സീമകൾ ലംഘിക്കാൻ ധൈര്യമില്ലാതിരുന്നതിനാൽ, സാഹിറിനുമുന്നിൽ മൗനിയായിരുന്നവൾ. സാഹിർ വലിച്ചുതീർത്ത സിഗററ്റുകുറ്റികൾ ശേഖരിച്ചുവച്ച്, അവ ചുണ്ടിൽ ചേർത്ത്, അവയിലൂടെ അദ്ദേഹത്തെ സ്പർശിക്കാൻ ശ്രമിച്ചവൾ. സാഹിറിൻ്റേതല്ലാത്ത ഒരു കുഞ്ഞിന് താൻ ജന്മം നൽകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ, മുഴുവൻ സമയവും അദ്ദേഹത്തെ ധ്യാനിച്ചാൽ കുഞ്ഞിന് അദ്ദേഹത്തിൻ്റെ മുഖച്ഛായ ലഭിക്കുമോ എന്ന് ചിന്തിച്ചവൾ..
ലജ്ജാലുവും അതിസങ്കീർണ്ണമായ ഒരു വ്യക്തിത്വത്തിന് ഉടമയുമായ സാഹിർ
ഒരിക്കലും അമൃത ആഗ്രഹിച്ചിരുന്ന തരത്തിൽ തൻ്റെ വികാരങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. എങ്കിലും കത്തുകളിലൂടെ ആ ബന്ധം വളർന്നുകൊണ്ടിരുന്നു.
വിഭജനകാലത്ത് അമൃതയ്ക്കും കുടുംബത്തൊടൊപ്പം പാലായനം ചെയ്യേണ്ടതായി വന്നു.
ഡൽഹിയിലേക്കുള്ള തീവണ്ടിയാത്രയിൽ , അവർ എഴുതിത്തീർത്തതാണ് പിൽക്കാലത്ത് പ്രസിദ്ധമായ ഓഡ് ടു വാറിസ് ഷാ. ഹീർ - രാഞ് ചായുടെ കർത്താവായ വാറിസ് ഷാ പഞ്ചാബിൻ്റെ രോദനം കേൾക്കുന്നില്ലേ എന്ന് അമൃത വിലപിച്ചു.
ഡൽഹിയിലെത്തിയ അമൃത തൻ്റെ എകാന്തതകളിൽ സാഹിറിൻ്റെ സിഗററ്റുകുറ്റികൾ പുകച്ച് ആ പുക തങ്ങൾക്കിടയിലുള്ള ദൂരം താണ്ടുന്നതായി സങ്കല്പിച്ചു. രണ്ടുനഗരങ്ങൾക്കിടയിലുള്ള ദൂരം , രണ്ടു രാജ്യങ്ങൾക്കിടയിലുള്ള ദൂരം .
അധികം താമസിയാതെ സാഹിർ ഇന്ത്യയിലേക്ക് കുടിയേറി. ബോംബെയിൽ എത്തിച്ചേർന്ന സാഹിർ ആദ്യഗാനത്തിലൂടെ തന്നെ ഹിന്ദി സിനിമാഗാനങ്ങളുടെ അവിഭാജ്യ ഘടകമായി മാറി. ചുരുങ്ങിയ വർഷങ്ങളിൽ , തന്നെ തേടിയെത്തിയ പ്രശസ്തി, സാഹിറിനെ കുറെയൊക്കെ മാറ്റിയിരിക്കണം എന്നു വേണം കരുതാൻ.. മായാനഗരിയുടെ വ്യൂഹങ്ങളിൽ വഴിതെറ്റിയ മറ്റനേകം പേരെ പോലെ..
ഒടുവിൽ അമൃത തിരസ്കരിക്കപ്പെട്ടു. താൻ വളരെക്കാലം ആലോചിച്ചെടുത്ത തീരുമാനത്തിൻ്റെ പടിവാതിൽക്കലിൽ അവർ കാലിടറി വീണു.
സാഹിറിനെ നഷ്ടപ്പെട്ടുവെങ്കിലും, അവർ വിവാഹമോചനം എന്ന തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല. വിഷമഘട്ടങ്ങളിൽ അവരെ സഹായിച്ച, ആട്ടിപായിച്ചാലും വിട്ടുപിരിയാതെ അവരുടെ കൂടെ നിന്ന ഇംരോസ് എന്ന ചിത്രകാരനായ സുഹൃത്ത് പിൽകാലത്ത് അവരുടെ ജീവിതപങ്കാളിയായിമാറി. എങ്കിലും അമൃതയുടെ ചിന്തകളിലും കൃതികളിലും എന്നും സാഹിർ നിറഞ്ഞുനിന്നു. സാഹിറിൻ്റെ ഗാനങ്ങളിൽ അമൃതയെ നഷ്ടപ്പെട്ടതിലുള്ള വേദനയും.. അമൃത അവസാനമായി ചായകുടിച്ച കപ്പ് സാഹിർ കഴുകാതെ സൂക്ഷിച്ചിരുന്നു എന്നും ഒരു കഥയുണ്ട്.
സ്വയം ഉടഞ്ഞു ഞാൻ നിന്നെ സ്നേഹിച്ചു, നീ എന്നെ അത്രത്തോളം സ്നേഹിച്ചിരുന്നോ എന്ന് അമൃതയും, വിശപ്പും ദാഹവും കൊണ്ട് വലഞ്ഞ ലോകത്തിൽ പ്രണയത്തിനേക്കാൾ വലിയ സത്യങ്ങളുണ്ട് എന്ന് (നീ പോയാലും നിൻ്റെ നിഴൽ എന്നൊടൊപ്പമുണ്ടാവും എന്നും) സാഹിറും എഴുതി.
എൺപതുകളുടെ തുടക്കത്തിൽ ബൾഗേറിയയിൽ വച്ച് അമൃതയ്ക്ക് ഹൃദയാഘാതത്തിൻ്റെ ആദ്യസൂചനകൾ ഉണ്ടായി. ആശുപത്രിയിൽ വച്ച് അമൃത നിലയ്ക്കാൻ പോകുന്ന തൻ്റെ ഹൃദയത്തിന് ഒരു പ്രണയകവിതയെഴുതി.
എങ്കിലും പ്രിയാ, മരണത്തിൻ്റെ ആദ്യസൂചനയിൽ തന്നെ നീ ഭയന്നുപോയോ
ഞാൻ, നീകാരണം ആജീവനാന്തം ചീത്തപ്പേരുകേൾക്കാൻ വിധിയ്ക്കപ്പെട്ടവൾ, ഈ വിധം തുടരുമ്പോൾ..
പോകണമെങ്കിൽ പൊയ്ക്കോളൂ, ഈ ലോകത്തിനായി ഞാനും ശഠിക്കില്ല.
മരണത്തിന്റെ മരുഭൂമിയിലേക്ക് നീ പോയാൽ ഞാനും നിന്നെ പിന്തുടരാം..
ഇരുപതുദിവസങ്ങൽക്കുശേഷം സാഹിറിൻ്റെ മരണവാർത്ത അമൃതയെ തേടിയെത്തി. പണ്ടൊരിക്കൽ, ഒരു സദസ്സിൽ സാഹിറും താനും ബാഡ്ജുകൾ മാറിക്കുത്തിയത് അമൃത അപ്പോൾ ഓർത്തു. മരിക്കേണ്ടത് താനായിരുന്നു എന്നും, എന്നാൽ സാഹിർ തൻ്റെ ബാഡ്ജ് ധരിച്ചതിനാൽ മരണം അദ്ദേഹത്തെ കൊണ്ടുപോയി എന്നും അമൃത പറയുന്നു.
ഇമ്രോസ്, തന്നെ സംരക്ഷിച്ചിരുന്ന വീടിൻ്റെ മേൽക്കൂരയും, സാഹിർ തൻ്റെ ആകാശവും ആയിരുന്നു എന്ന് അവർ എഴുതുന്നു.
സാഹിർ ലുധിയാവ്നിയുടെ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് എതെന്ന് എനിക്ക് ഒരിക്കലും പറയുവാനാകില്ല.
പ്യാസയിലെ വിജയുടെ ആത്‌മരോദനങ്ങളേക്കാൾ ഈയിടെയായി ഇഷ്ടം, പ്രണയിക്കുവാൻ നായികയുടെ അനുവാദം ചോദിക്കുന്ന പുരോഗമന വാദിയായ നായകനെയാണ്..
പ്രശസ്തരല്ലാത്ത സാധാരണക്കാർക്കും, ഒരുപക്ഷെ ഇത്തരം അസാധാരണ കഥകൾ പറയാൻ കാണുമായിരിക്കാം. സ്വപ്നങ്ങൾ കാണുവാനായിരുന്ന ഒരുകാലത്ത്, ഇത്തരം കഥകൾ കേൾക്കുവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. വെറുതെ കേട്ട് കണ്ണുമിഴിച്ചിരിക്കുവാനായി മാത്രം!
അമൃതയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ,
ശ്‌മശാനത്തിലെ ചിതാഗ്നിയെ ഞാൻ ഭയപ്പെടുന്നില്ല,
ഒരോ ഹീറിൻ്റേയും പാറൊയുടെയും ഹൃദയത്തിൽ
അതിലും വലിയ തീജ്വാലകൾ ഞാൻ കണ്ടിട്ടുണ്ട്..
കാലങ്ങളായി കേൽക്കുന്നു, അമൃതയുടെയും സാഹിറിൻ്റെയും കഥ സിനിമയാകാൻ പോകുന്നു എന്ന്. കമലിൻ്റെ ആമി കാണാനിടയായതുകൊണ്ട് അത് ഒരിക്കലും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുന്നു..