മൂടിവച്ചതാണെങ്കിലുമോർമ്മകൾ
മാടിവീണ്ടും വിളിക്കയായ് പിന്നെയും.
പോയ്മറഞ്ഞൊരാ പൂക്കാലമെന്തിനോ
കനവുകാണുകയാണുഞാൻ പിന്നെയും
പാതിമാത്രം പറഞ്ഞ സ്വകാര്യവും,
മാഞ്ഞുപോയൊരാ മന്ദഹാസങ്ങളും,
കനവുകാണുകയാണുഞാൻ പിന്നെയും.
കനവുകാണുകയാണുഞാൻ പിന്നെയും.
കാത്തുനിന്നിരുന്നെത്രയോ കാലമാ
കാലടികളെ പുൽകും വഴികളിൽ,
ശിശിരകാലം കവർന്ന നിറങ്ങൾ തൻ
ശിഥിലമേതോ കിനാവുപോലങ്ങനെ ..
കണ്ടുനിന്നു ഞാൻ മൂകമെൻ ജാലക -
ച്ചില്ലിലൂടെ നീ വന്നതും പോയതും.
ഒന്നു കൈ വീശിയില്ല ഞാൻ, മെല്ലെെയെൻ
പേരുചൊല്ലി വിളിച്ചതുമില്ല നീ
എങ്കിലും നീയറിഞ്ഞുവോ, ജീവിത -
മന്നു നമ്മെ കടന്നങ്ങു പോയതും
എത്ര വേഗത്തിലോടിലും ദൂരെയെ -
ന്നൊട്ടു നിർദ്ദയമായിപ്പറഞ്ഞതും.
വഴി മറന്നുപോയ് പാദങ്ങളെങ്കിലും
ഇടറി മുന്നോട്ടു പോകയാണെന്തിനോ.
നീണ്ടുപോകുമീ പാതയെന്നെങ്കിലും
തിരികെ നിന്നടുത്തെത്താതിരിക്കുമോ?
നീറിനീറിയെൻ നെഞ്ചിലെത്തീയ്യിലീ
കണ്ണുനീരും കരിഞ്ഞുവെന്നാകിലും,
കനവുകാണുകയാണുഞാൻ പിന്നെയും.
കനവുകാണുകയാണുഞാൻ പിന്നെയും.