വർഷങ്ങൾക്കുമുൻപാണ് ...
കൃത്യമായിപറഞ്ഞാൽ മൂന്നുപതിറ്റാണ്ടുകൾക്കുമുൻപ്...
ഇപ്പോൾ ഗൃഹാതുരതയുടെ കിരീടമണിഞ്ഞ തൊണ്ണൂറുകൾക്കും മുൻപ്, ആരാലും അത്രയൊന്നും വാഴ്ത്തപ്പെടാതെപോയ എൺപതുകളുടെ ഒടുക്കത്തിലെവിടെയോ, ചേറും ചെമ്മണ്ണും നിറഞ്ഞ നാട്ടുവഴികളിൽ, മഴവെള്ളം പോലെ ഒലിച്ചിറങ്ങിപ്പോയ ഒരു ദിവസം.
മുകളിലെ വടക്കേമുറിയുടെ ജനാലയ്ക്കരികിലിരുന്ന് വായിക്കുകയായിരുന്നു ഞാൻ. പുറത്ത് ബിലിമ്പിമരത്തിന്റെ ചില്ലകളിലൂടെ ഒരണ്ണാറക്കണ്ണൻ മുകളിലേക്ക് കേറിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുകൈകാലുകൾകൊണ്ട് അനായാസം ഓരോ മരചില്ലയായി കീഴടക്കിയും, നീണ്ട വാല് വിജയക്കൊടിപോലെ പാറിച്ചും, ബിലിമ്പിപ്പുളി ചവച്ചുതുപ്പുന്നതിനിടയിലും ഇടയ്ക്കിടക്ക് ചിൽ ചിൽ എന്ന് ചിലച്ചും അവൻ എന്റെ ശ്രദ്ധ ആകർഷിച്ചു. പുസ്തകമടച്ചുവച്ച് ഞാൻ പുറത്തേക്കുനോക്കിയിരുന്നു. ബിലിമ്പിപ്പുളി തിന്നുമടുത്തതിനാലാകാം മരത്തിന്റെ ചാഞ്ഞുകിടക്കുന്ന ചില്ലകളിലൂടെ അണ്ണാൻ വിറകുപുരയുടെ മേൽക്കൂരയിലേക്ക് കയറാൻ തുടങ്ങി. മേൽക്കൂരയുടെ ഏറ്റവും മുകൾഭാഗത്തുകൂടെ ഒരു നേർരേഖയിൽ നടന്ന്, അവൻ ഒറ്റച്ചാട്ടത്തിന് മറുവശത്തെ പേരമരത്തിലെത്തി. മരംകേറിയെന്ന് പേരെടുത്ത എനിക്ക് അണ്ണനോട് അസൂയ തോന്നി. പഴുത്തുതുടങ്ങിയിട്ടില്ലാത്ത പേരക്കകളിൽ അണ്ണാന്റെ പല്ലുകൾ അല്പം പോലും കരുണയില്ലാതെ അമരുന്നത് ഞാൻ നിസ്സഹായയായി നോക്കിയിരുന്നു. അപ്പോഴാണ് അടുക്കളയിൽനിന്ന് എന്തോ താഴെവീണ ശബ്ദവും അതോടൊപ്പം ഒരലർച്ചയും കേൾക്കുന്നത്.
അല്പം മടിയോടെയാണെങ്കിലും കുത്തനെയുള്ള മരക്കോണിപ്പടികൾ ഓടിയിറങ്ങി ഞാൻ താഴെയെത്തി. വലിയമ്മ ഒറ്റയ്ക്കാണ് അടുക്കളയിൽ. കുനിഞ്ഞിരുന്ന് നിലം തുടയ്ക്കുകയാണ്. കുടിക്കാനുള്ള വെള്ളം ചൂടാക്കുന്ന കലങ്ങളിലൊന്ന് താഴെ വീണുകിടക്കുന്നുണ്ട്. കലം അടുപ്പിൽ വയ്ക്കുമ്പോൾ കൈ തെറ്റി താഴെ വീണതാണെന്ന് വ്യക്തമാണ്.
"ആർക്കും ഒന്നും അറിയണ്ടല്ലോ..," എന്നെ കണ്ടപ്പോൾ, അലർച്ചയുടെ ഭാവം പാടെ വിടാതെ വലിയമ്മ ഉറക്കെ പറഞ്ഞു. "നീയും ഒരു പെൺകുട്ടിയല്ലേ, വയസ്സ് ഒൻപതുകഴിഞ്ഞു. അടുക്കളയിൽ ഇടയ്ക്കൊന്നു വന്നുനോക്കുകയെങ്കിലും വേണ്ടേ.."
ഞാൻ ഒന്നും പറഞ്ഞില്ല. മറ്റൊരവസരത്തിലാണെങ്കിൽ ഒൻപതുവയസ്സുകഴിഞ്ഞ ഒരാൺകുട്ടി ചെയ്യേണ്ടതിൽ കൂടുതലൊന്നും അതേപ്രായക്കാരിയായ ഒരു പെൺകുട്ടിയും ചെയ്യേണ്ടതില്ലെന്ന് വാദിച്ചേനെ. പക്ഷെ ഇപ്പോൾ സൗഹൃദപരമായ ഒരു വാദപ്രതിവാദത്തിനുള്ള സാഹചര്യമല്ല ഈ അടുക്കളയിൽ.
എന്താണ് ചെയ്യേണ്ടത് ? ഞാൻ ഒരുനിമിഷം ചിന്തിച്ചു. എപ്പോഴുമുള്ള പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യണമെന്നറിയില്ല. ഒറ്റയിരുപ്പിനു ഇരുനൂറുപേജുള്ള പുസ്തകം വായിച്ചുതീർക്കാം. മരം കയറാം. ഏതു കടുകടുത്ത പദ്യവും കാണാതെ പഠിച്ചുചൊല്ലാം. രാവിലെ അടുക്കളപ്പടിയിലിരുന്ന് ഉറക്കം തൂങ്ങിക്കൊണ്ട്, പാഠം വായിച്ചാലും മതി, പരീക്ഷയിൽ ജയിക്കാം .. പക്ഷെ ഇത്തരം സന്ദർഭങ്ങളിൽ തലച്ചോറിനുള്ളിൽ പുകകയറിയപോലെയാണ്. ഒരെത്തും പിടിയും കിട്ടില്ല.
അടുക്കളമേശമേൽ കണ്ട ഒരു തുണിയെടുത്ത് ഞാനും തറയിൽ വീണ വെള്ളം തുടയ്ക്കാൻ ആരംഭിച്ചു. "ആ തുണികൊണ്ടാണോ നിലം തുടയ്ക്കുന്നത്," വലിയമ്മ വീണ്ടും ദേഷ്യപ്പെട്ടു. "അത് ഊൺമേശ തുടയ്ക്കുന്ന തുണിയല്ലേ.."
ശരിയാണ്, അത് ഊൺമേശ തുടയ്ക്കുവാൻ മാത്രം ഉപയോഗിക്കുന്ന തുണിയാണ്. അടുക്കളമേശയും തിണ്ണയും തുടയ്ക്കുവാൻ വേറെയുണ്ട് തുണികൾ. നിലം തുടയ്ക്കുന്ന തുണി അടുക്കളവരാന്തയിലാണ് ഉണ്ടാകുക. തുടയ്ക്കുന്ന തുണികൾക്കുപോലുമുണ്ട് പലതരം വേർതിരിവുകൾ. എന്തെല്ലാം അറിഞ്ഞിരിക്കണം ഈ അടുക്കളയിൽ പ്രവർത്തിക്കുവാൻ!
ഞാൻ നിലം തുടയ്ക്കാനെടുത്ത, ഊൺമേശത്തുണി തിരികെ വച്ച്, കുറ്റവാളിയെ പോലെ മിഴിച്ചുനിന്നു.
"കഴിയുമെങ്കിൽ, ഈ മുരിങ്ങയില വൃത്തിയാക്ക്..," വലിയമ്മ പറഞ്ഞു. അവരുടെ മുഖത്തുകണ്ട ദൈന്യത എന്നെ എന്തുകൊണ്ടോ അത്ഭുതപ്പെടുത്തി.
മുരിങ്ങയില വച്ചിരുന്ന മുറമെടുത്ത് ഞാൻ അടുക്കളപ്പടിയിലിരുന്നു. മനസ്സില്ലാമനസ്സോടെയാണെങ്കിലും മുരിങ്ങയിലകൾ ഓരോന്നായി അവയുടെ തണ്ടിൽനിന്ന് അടർത്തിയെടുക്കാൻ ആരംഭിച്ചു. ഇലകളുടെ കൂമ്പാരത്തിൽ യാന്ത്രികമായി എന്റെ കൈകൾ ചലിച്ചു. ചെറുവിരലിലെ നഖത്തിന്റെ വലിപ്പം മാത്രമുള്ള ഇല , അതിന്റെ നേർത്ത തണ്ടിൽ നിന്ന് വേർപെടുത്തിയെടുക്കുക, അത്രയേയുള്ളൂ.. എങ്കിലും എത്ര വേഗമാണ് കൈകൾ തളരുന്നത്. കീഴടക്കിയെടുക്കുവാനുള്ള തണ്ടുകളുടെ അട്ടികൾ എന്നെ വെല്ലുവിളിക്കുന്നതായി എനിക്കുതോന്നി. അധികം താമസിക്കാതെ എന്റെ കൈകൾ പ്രവർത്തിക്കുന്നത് വളരെ പതുക്കെ ആയി.
വലിയമ്മ അതിനിടയിൽ നിലം തുടച്ചുകഴിഞ്ഞിരുന്നു. അവർ വീണ്ടും കലത്തിൽ വെള്ളം കോരിക്കൊണ്ടുവന്ന് അടുപ്പിൽ വച്ചു. പിന്നീട് അരി കഴുകിയെടുക്കാനായി പുറത്തേക്കുപോയി.
ഞാൻ അടുപ്പിൽ നിന്നുയരുന്ന പുക വലിയ അഴികളുള്ള ജനലിലൂടെ ആകാശത്തിന്റെ വിശാലതയിലേക്ക് യാത്രചെയ്യുന്നത് നോക്കി അല്പനേരം വെറുതെയിരുന്നു. പിന്നീട് വലിയമ്മയുടെ കാലൊച്ചകേട്ടതുകൊണ്ട് വീണ്ടും മുരിങ്ങയിലയുടെ കൂമ്പാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
അരി അടുപ്പത്തിട്ടശേഷം, വലിയമ്മ അടുക്കളമേശയ്ക്കരികിൽ നിന്നുകൊണ്ട് പച്ചക്കറി നുറുക്കുകയാണ്. അവരുടെ കൈകൾ വിദഗ്ദമായി ഒരു വെള്ളരിക്ക കീറിമുറിച്ചു.
രാവിലെ അടുക്കളപ്പടിയിലിരുന്ന് പാഠം വായിക്കുമ്പോൾ വല്യമ്മയും ചേച്ചിമാരും അടുക്കളയിൽ പണിയെടുക്കുന്നത് നോക്കിയിരിക്കാൻ നല്ല രസമാണ്. ഒരാൾ ച്ർ ച്ർ എന്ന താളത്തിൽ തേങ്ങ ചിറകുന്നുണ്ടാകും, മറ്റെയാൾ ചൂടായ ദോശക്കല്ലിൽ മാവുകോരിയൊഴിക്കുമ്പോൾ ശൂ എന്ന ശബ്ദമുണ്ടാകും. അടുക്കള വരാന്തയിൽ ഇനിയൊരാൾ അമ്മിക്കല്ലിൽ തേങ്ങയരയ്ക്കുമ്പോൾ അമ്മി ഡ്ർ എന്ന ശബ്ദമുണ്ടാക്കും. എല്ലാം കൂടി ഒരു താളമേളം പോലെയാണ് എനിക്ക് അനുഭവപ്പെട്ടിരുന്നത്.
എന്തെങ്കിലും ഒരു കാര്യം തനിയെ ചെയ്യുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുന്നത്. ഉരിഞ്ഞുതീർന്നിട്ടില്ലാത്ത മുരിങ്ങയിലത്തണ്ടുകൾ അപ്പോഴും എണ്ണിത്തീർക്കാനാവാത്തപോലെ മുറത്തിൽ പരന്നുകിടക്കുന്നുണ്ടായിരുന്നു.
"ഇനിയും തീർന്നില്ലേ.. ," വലിയമ്മ മുറത്തിലേക്കുനോക്കി. "വലിയച്ഛൻ ഊണുകഴിക്കാൻ വരാറായി."
ഇതാണ് എനിയ്ക്ക് ഒരിക്കലും മനസിലാക്കാൻ കഴിയാത്തത്. ഇന്നത്തെ ദിവസം ചേച്ചിമാരാരും തന്നെ വീട്ടിലില്ല. ഊണുകഴിക്കാൻ വരാനുള്ളത് വലിയച്ഛൻ മാത്രമാണ്. അപ്പോൾ പിന്നെ എന്തിനാണിത്ര പരിഭ്രമം? ഒരുദിവസം ഭക്ഷണം കഴിക്കുന്നത് അല്പം വൈകിപ്പോയെങ്കിൽ ഭൂമിയുടെ ഭ്രമണം നിന്നുപോകുമോ.
ചിന്തകൾ കൊണ്ട് പ്രതിഷേധിച്ചുവെങ്കിലും, ശകാരം ഭയന്ന് ഞാൻ എന്റെ കൈകൾ കഴുയുന്നതും വേഗത്തിൽ ചലിപ്പിച്ചു. മുരിങ്ങയിലയുടെ കൂമ്പാരം എന്റെ മുഷ്ടികൾക്കുള്ളിൽ ഞെരിഞ്ഞമർന്നു. ഒരിക്കലും അവസാനിക്കാത്തത്, എന്നുതോന്നിപ്പിച്ച അര മണിക്കൂറിനുശേഷം ഞാൻ വലിയൊരുയുദ്ധം ജയിച്ചമട്ടിൽ ആ മുറം വല്യമ്മയെ തിരിച്ചേൽപ്പിച്ച് അടുക്കളവാതിലിലൂടെ പുറത്തേക്കോടി.
സ്‌കൂളില്ലാത്ത ദിവസമാണ്. ഊണുകഴിക്കാൻ വിളിക്കുന്നതുവരെ ഇനി പറമ്പിൽ ചുറ്റിക്കറങ്ങി നടക്കാം.. വായിച്ചുകൊണ്ടിരുന്ന പുസ്‌തത്തെക്കുറിച്ച് ചിന്തിക്കാം. പേരമരത്തിൽ കയറിയിരുന്ന് കാൽക്കീഴിലെ ലോകം സാകൂതം വിശകലനം ചെയ്യാം.. രാവിലെ പെയ്ത മഴ പേരമരത്തിനരികിൽ ഒരു ചെളിക്കുഴിയുണ്ടാക്കിയിരുന്നു . ഞാൻ അതിലേക്ക് പേരയില പറിച്ചിട്ടു. വലിയൊരു ജലാശയവും അതിൽ നീന്തുന്ന മത്സ്യങ്ങളും..ഭാവനകൊണ്ട് ഏറ്റവും സാധാരണമായ കാര്യങ്ങളെയും ഏറ്റവും മനോഹരമാക്കാനാകും..
പേരമരത്തിന്റെ ഏറ്റവും മുകളിലേക്കുകയറി, പേരയിലകൾ പറിച്ച് ഞാൻ വീണ്ടും ചെളിക്കുഴിയിലേക്കെറിഞ്ഞു . മുരിങ്ങയില നുള്ളിയപ്പോളുണ്ടായ തളർച്ച എന്റെ വിരലുകൾ പാടെ മറന്നിരുന്നു. അല്ലെങ്കിലും പേരമരത്തിന്റെ ചില്ലകളിലൊന്നിൽ ഇലകളുടെ കുടചൂടി മറഞ്ഞിരിക്കുമ്പോൾ എനിക്ക് എപ്പോഴും വല്ലാത്തൊരു ശാന്തത തോന്നാറുണ്ട്. ഞാനെന്നൊരാൾ താഴെയുള്ള ലോകത്തിന്റെ ഭാഗമേ അല്ല എന്ന ഒരു തോന്നൽ. താഴെ എന്തു നടക്കുന്നു എന്ന് വെറുതെ നോക്കിക്കാണുക എന്നതുമാത്രമാണ് എനിക്ക് ചെയ്യേണ്ടതായുള്ളത്. ചെളിവെള്ളക്കെട്ടിൽ പേരയിലകൾ അലക്ഷ്യമായി ഒഴുകിനടക്കുന്നതുപോലെ ... ഇളംകാറ്റിൽ പടുകൂറ്റൻ മരങ്ങളുടെ ഇലകൾ പോലും ചലിക്കുന്നതുപോലെ.. ചെറുവിരൽപോലും അനക്കി താഴെയുള്ള ലോകത്തിന്റെ ഗതി മാറ്റാതെ, പേരമരത്തിന്റെ ഒരു ചില്ലപോലെ വെറുതെയിരിക്കുക..
പറമ്പിനു മറുവശത്തെ പൂപ്പൽ പിടിച്ച മതിലിനരികിൽ ചെമ്പരത്തികൾ വളർന്നുനിൽക്കുന്നുണ്ടായിരുന്നു. വലിയമ്മ അതിനരികിൽ നിൽക്കുകയാണ്. താളിയുണ്ടാക്കാനായി ചെമ്പരത്തി പറിക്കുകയാണോ..അല്ല. വെറുതെ നിൽക്കുകയാണ്. എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്ന അവരുടെ കൈകൾ നിശ്ചലമായി നിൽക്കുന്നത് എനിക്ക് അത്ഭുതമായി തോന്നി. സാരിത്തുമ്പുകൊണ്ട് കണ്ണുതുടക്കുന്നത് കണ്ടപ്പോൾ മാത്രമാണ് അവർ കരയുകയായിരുന്നു എന്ന് എനിക്ക് മനസിലായത്. പിന്നീടവർ വിലയേറിയ സമയം പാഴാക്കിയതിൽ പരിതപിക്കുന്നമട്ടിൽ അതിവേഗത്തിൽ നടന്ന് ഉണക്കാനിട്ടിരുന്ന തുണികൾ തിരിച്ചും മറിച്ചുമിട്ടു.
മുതിർന്നവരുടെ ലോകം അത്യന്തം സങ്കീർണ്ണമാണ്, എത്രയേറെ നോക്കിപ്പഠിക്കാൻ ശ്രമിച്ചിട്ടും മനസിലാക്കാനാകാത്തത്ര സങ്കീർണ്ണം. വലിയമ്മ എനിക്ക് പരിചയമുള്ളവരിൽ ഏറ്റവും അറിവുള്ള വ്യക്തികളിൽ ഒരാളാണ്. അവർക്ക് അറിയാത്ത പദ്യങ്ങളില്ല. പ്രാർത്ഥനകളും കവിതകളും മഹാകാവ്യങ്ങളും എല്ലാം മനഃപാഠമാണ്. ഇത്രയും വരികൾ ഒരാൾക്ക് ഓർത്തുവയ്ക്കാനാകുന്നത് എങ്ങനെയാണ് എന്ന് ഞാൻ എപ്പോഴും അത്ഭുതപ്പെടാറുള്ളതാണ്. എങ്കിലും ദൈനംദിനജീവിതത്തിലെ ചെറിയ താളപ്പിഴകൾപോലും അവർക്ക് പൊറുക്കുവാനായിരുന്നില്ല. ഈ ഭാവമാറ്റങ്ങൾക്ക് എനിക്ക് മനസ്സിലാക്കാനാകാത്ത എന്തൊക്കെയോ അർത്ഥങ്ങളുണ്ടോ.. ആഹാരം പാകം ചെയ്യുക , കൃത്യസമയങ്ങളിൽ അവ ഊൺമേശയിലെത്തിക്കുക എന്നത് ഒരാളെ ഇത്രയധികം തളർത്തുന്ന ഒന്നാണോ..
ഞാൻ പേരമരത്തിൽ നിന്നും താഴെയിറങ്ങണോ എന്ന് ഒരുനിമിഷം ചിന്തിച്ചു. അപ്പോഴേക്കും വലിയമ്മ അകത്തേക്കുകയറിപ്പോയിക്കഴിഞ്ഞിരുന്നു. ഇനിയവർ വലിയച്ഛന് ചോറുവിളമ്പിക്കൊടുക്കും. പാത്രങ്ങൾ കഴുകിവയ്ക്കും.
എന്റെ ഭാവനാലോകത്തായിരുന്നു എങ്കിൽ ഞാൻ അവരെ ഇത്തരം ഒരു ജീവിതചര്യയിൽ നിന്ന് മോചിപ്പിച്ചേനെ. പാത്രം മോറാൻ നിൽക്കാതെ അവർ കവിതകൾ ചൊല്ലിയേനെ..
പക്ഷെ യാഥാര്‍ത്ഥ്യം, ചിലപ്പോളൊക്കെ ഭാവനയ്ക്കുകീഴടങ്ങാതെ തുടരും..
ഞാൻ ആകാശത്തേക്കുനോക്കി. നീലാകാശത്തിൽ പഞ്ഞിക്കെട്ടുപോലെ മേഘങ്ങൾ. അവ നീങ്ങുന്നുണ്ട്. വളരെ പതുക്കെ. മേഘങ്ങൾക്ക് എത്ര ദൂരം താണ്ടുവാനാകും.. ആരാലും ശ്രദ്ധിക്കപ്പെടാതെ അവ ആഴ്ചകളും മാസങ്ങളും കൊണ്ട് വൻകരകൾ കടന്നു അകലെപോകുന്നുണ്ടോ.. മഹാകവി കാളിദാസന്റെ മേഘസന്ദേശം എന്ന മഹാകാവ്യത്തിൽ കുബേരനാൽ നാടുകടത്തപ്പെട്ട യക്ഷൻ മേഘങ്ങൾ കൊണ്ട് ഭാര്യയ്ക്ക് സന്ദേശമയച്ചു എന്ന് വലിയമ്മ പറഞ്ഞുതന്നിട്ടുണ്ട്. ലോകത്തിന്റെ മറ്റൊരുഭാഗത്തുനിന്നാകാം ഈ മേഘം വരുന്നത്. ലോകം വിശാലമാണ് എന്ന് കേട്ടിട്ടുണ്ട്.
എന്തുകൊണ്ടോ അപ്പോൾ ഒരു മേഘത്തെപ്പോലെ ദൂരെയെങ്ങോ പോകണമെന്ന് ഞാൻ ആഗ്രഹിച്ചു കണ്ടിട്ടില്ലാത്ത നാടുകളും , കേട്ടിട്ടില്ലാത്ത കഥകളും എന്റെ ഭാവനയിൽ നിറഞ്ഞു.. വലിയ അടുക്കളക്കെട്ടുകളില്ലാത്ത ഒരു നാടുകാണണം. കഥകളും കവിതകളും വായുവിലൂടെ ഒഴുകിനടക്കുന്ന നാട്.
പക്ഷെ അവിടെ ഭക്ഷണം പാകം ചെയ്യുന്നതാരാണ് ? പാത്രം മോറുന്നതാരാണ് ?
അല്പം വൈകിയാണെങ്കിലും അന്നുച്ചയ്ക്കു ഊണുകഴിച്ചപ്പോൾ മുരിങ്ങയിലകൂട്ടാന് നല്ല സ്വാദുണ്ടെന്ന് എനിക്ക് തോന്നി..