പുസ്തകഷെൽഫ് ഒന്നേ ഉണ്ടായിരുന്നുള്ളൂ. അത് സ്റ്റേജിന്റെ ഒത്ത നടുവിലായി പിടിച്ചിട്ടു. അതിനടുത്തായി ഒരു കസേരയും മേശയും. രംഗം വായനശാലയാണ്. പശ്ചാത്തലത്തിൽ കാർഡ്ബോർഡ് പെട്ടികൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കിയുണ്ടാക്കിയ ഷെൽഫുകളുണ്ട്. അവയ്ക്കുള്ളിൽ അടുക്കിവച്ചിരുന്ന പുസ്തകങ്ങളും കാർഡ്ബോർഡ് കൂടുകൾ ആയിരുന്നു. സ്റ്റേജിലേക്ക് ചുമന്നുകൊണ്ടുപോകുമ്പോൾ അവ പൊളിഞ്ഞു താഴെ വീഴുമോ എന്ന് നന്ദുവിന് പേടിയുണ്ടായിരുന്നു. കർട്ടനുപിന്നിൽ മറഞ്ഞുനിന്ന് രംഗം നോക്കികണ്ടപ്പോൾ, കുറച്ചുദിവസം മുൻപുവരെ ക്‌ളാസ്സിന്റെ മൂലയിൽ ശേഖരിച്ചു കൂട്ടിയിട്ടിരുന്ന വസ്തുക്കളാണ് അവയെന്ന് അവൾക്കുതന്നെ വിശ്വാസം വന്നില്ല. നിമിഷയുടെയും മറ്റുകൂട്ടുകാരുടെയും കൈവിരുതിൽ അവൾക്ക് അത്ഭുതം തോന്നി.
പുസ്തകഷെൽഫിനരികിലുള്ള കസേരയിൽ ഒരു തടിച്ച പുസ്തകവുമായി ഇരിക്കുകയാണ് ദേവി.
ടീച്ചർ വന്നു അടുത്തുനിൽക്കുന്നത് അവൾ അറിയുന്നില്ല.
"കുട്ടി ഇവിടെ ഉണ്ടായിരുന്നോ?കാണാതിരുന്നപ്പോൾ നഗരത്തിൽ അലഞ്ഞുതിരിഞ്ഞുനടക്കുകയാണോ എന്ന് ഭയന്നു ഞാൻ."
" ഞാൻ അന്വേഷിച്ചതൊന്നും എവിടെയും കണ്ടെത്താനായില്ല. എന്റെ ശീലങ്ങൾ മാറ്റിനോക്കി, രൂപഭാവങ്ങൾ മാറ്റിനോക്കി. പക്ഷെ അപ്പോഴും ഞാൻ മാറുന്നില്ല. തികച്ചും പരാജിതയായാണ് ഇവിടെ എത്തിച്ചേർന്നത്. പക്ഷെ ഇപ്പോൾ പുസ്തകങ്ങൾ എന്നോട് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. എന്നെപ്പോലെ എന്തൊക്കെയോ അന്വേഷിച്ചുനടന്ന ജീവിതങ്ങളെക്കുറിച്ച് അവ എന്നോട് പറയുന്നു. "
നന്ദു സീമയെ നോക്കി. കർട്ടന്റെ വിടവിലൂടെ ദിവ്യയുടെയും ലേഖയുടെയും പ്രകടനം ഉറ്റുനോക്കുകയാണ് സീമയും. ഇടയ്ക്കിടയ്ക്ക് നെറ്റിചുളിക്കുന്നുണ്ട്.
"കാലത്തിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരല്ലേ പുസ്തകങ്ങൾ. മൺമറഞ്ഞുപോയ എത്രയോ മനുഷ്യരുടെ നൊമ്പരങ്ങൾ ഈ താളുകളിൽ ഉളിച്ചുകിടക്കുന്നുണ്ടാവും. ഒന്നാലോചിച്ചുനോക്കൂ..ഇവ ശരിയ്ക്കും ഒരു നിധി തന്നെയല്ലേ.." ലേഖയുടെ ശബ്ദം ഉയർന്നുകേട്ടു. ലേഖ നല്ലൊരു പാട്ടുകാരിമാത്രമല്ല തികഞ്ഞ ഒരു കലാകാരിതന്നെയാണെന്ന് നന്ദുവിനുതോന്നി.
"ശരിയാണ്, ഇവയുടെ മൂല്യം ഞാൻ മനസിലാക്കുന്നു. എന്റെ ഗ്രാമത്തിലോ ഞാൻ പഠിച്ച സ്‌കൂളിലോ ഇത്തരം ഒരു വായനശാല ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ ഈ വിശാലമായ ലോകത്തെക്കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവളായേനെ ഞാൻ."
"ആ വിശാലമായ ലോകം ഒരിക്കൽ നിന്റേതായിത്തീരും. ചിത്രശലഭമായിത്തീരേണ്ട ചെറുപുഴുവിന് അസംഖ്യം ഇലകൾ തിന്നുതീർക്കേണ്ടതായുണ്ട്. അതുപോലെ ചിറകുകൾ വിടർത്തി പറന്ന് നിന്റെ ലോകം കണ്ടെത്തുവാൻ ഈ പുസ്തകങ്ങൾ നിന്നെ സജ്ജയാക്കട്ടെ."
നന്ദു മുൻനിരയിൽ ഇരുന്നിരുന്ന ടീച്ചർമാരുടെ മുഖത്തേക്ക് പ്രതീക്ഷയോടെ സൂക്ഷിച്ചുനോക്കി. എന്തെങ്കിലും ഭാവമാറ്റമുണ്ടോ? ചെറിയ ഒരു പുഞ്ചിരി മാത്രം. നന്ദുവിന് നിരാശതോന്നി.
തിരശ്ശീല വീണു. കയ്യടി മുഴങ്ങി. ആശ്വാസം.
നന്ദു സീമയോടൊപ്പം സ്റ്റേജിനു പുറകിലുള്ള മുറിയിലെത്തി ലേഖയേയും ദിവ്യയെയും അഭിനന്ദിച്ചു.
"ശരിക്കും നന്നായിരുന്നുവോ?" ദിവ്യ ചോദിച്ചു.
"എന്താ സംശയം?" സീമ പറഞ്ഞു. അല്പം മുൻപ് സീമ നെറ്റിചുളിച്ചത് എന്തിനായിരുന്നു എന്ന് നന്ദു ആലോചിച്ചു.
ദിവ്യ പ്രതീക്ഷയോടെ നന്ദുവിന്റെ മുഖത്തുനോക്കുകയാണ്. 'നന്നായിരുന്നു' എന്ന അർത്ഥത്തിൽ തലയാട്ടി, ഒന്നും പറയാതെ മുറിയിൽ നിന്നും പുറത്തിറങ്ങി.
സ്റ്റേജിന്റെ ഒരുവശത്തായുള്ള പടിക്കെട്ടുകളിലൊന്നിൽ ഇരുന്ന് നന്ദു അലക്ഷ്യമായി ചുറ്റും നോക്കി. പരിപാടികൾ ഏറെയും കഴിഞ്ഞിരുന്നു. ഇനി കാത്തിരിപ്പുമാത്രം..
നാടകം ശ്രദ്ധിക്കപ്പെടാതെ പോകുകയാണെങ്കിൽ താൻ മാത്രമാണ് ഉത്തരവാദി എന്ന് നന്ദുവിന് തോന്നി. എന്തൊക്കെയാണ് എഴുതിവച്ചത്? ഇതിന്റെ ആവശ്യമുണ്ടായിരുന്നോ? നല്ലൊരു നാടകം തിരഞ്ഞെടുക്കമായിരുന്നു. ഇനി സമ്മാനം കിട്ടാതെ വരുമ്പോൾ ലേഖയുടെ സങ്കടം താൻ തന്നെ കാണണം.
എഴുത്തുമത്സരങ്ങളുടെ ഫലം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പങ്കെടുത്ത എല്ലാ വിഭാഗത്തിനും നന്ദുവിന് രണ്ടാം സ്ഥാനമാണ്. നന്ദുവിന് നിരാശതോന്നിയിരുന്നില്ല. മറിച്ച് ആശ്വാസമാണ് തോന്നിയത്.നിരാശ തോന്നിയത് സീമയ്ക്കാണ്.
"എല്ലാത്തിനും രണ്ടാം സ്ഥാനമോ? അതെങ്ങനെ സത്യമാകും?" അവൾ വീണ്ടും വീണ്ടും ചോദിച്ചിരുന്നു. ഹിന്ദി പദ്യപാരായണത്തിനും ഉപന്യാസത്തിനും അവൾക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. പ്രസംഗമത്സരങ്ങൾക്ക് ദിവ്യയ്ക്കും ലളിതഗാനത്തിന് ലേഖയ്ക്കും ഒന്നാംസ്ഥാനമാണ്. അതുകൊണ്ട് നാടകത്തിന് സമ്മാനം ലഭിക്കാതെ പോയാൽ അത് ഭാഗ്യഹീനയായ നന്ദുവിന്റെ മാത്രം കുറ്റമാകും. തീർച്ചയാണ്.
ചിന്തകളിൽ മുഴുകിയിരുന്നതുകൊണ്ടാകണം സീമവന്ന് അടുത്തിരുന്നത് അവൾ അറിഞ്ഞില്ല.
"നിനക്ക് എന്തുതോന്നുന്നു?" സീമ ചോദിച്ചു.
"സത്യം പറഞ്ഞാൽ എനിക്ക് പ്രതീക്ഷയില്ല," നന്ദു ഉത്തരം പറഞ്ഞു.
സ്റ്റേജിൽ സംഘനൃത്തം നടക്കുകയാണ്. മഴവില്ലിന്റെ ഏഴുനിറങ്ങളിൽ വസ്ത്രം ധരിച്ച കുട്ടികൾ.
ലേഖ ചെറിയൊരു പുഞ്ചിരിയോടെ നന്ദുവിന്റെ മറുവശത്തുവന്നിരുന്നു.
"ഞാൻ ഇപ്പോൾ രുക്മിണിടീച്ചറോട് സംസാരിച്ചു. വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞു." ലേഖ പറഞ്ഞു.
"ഇനി അധികം കാത്തിരിക്കേണ്ട. ഇതാ ഫലപ്രഖ്യാപനമായി.." സീമ പറഞ്ഞു.
നന്ദു ശ്വാസം അടക്കിപ്പിടിച്ച് സ്റ്റേജിലേക്ക് നോക്കി. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പ്രഖ്യാപിച്ചു. സീമയും ലേഖയും നിരാശകൊണ്ടു നെടുവീർപ്പിട്ടു.
"കുറെയധികം നാടകങ്ങളുണ്ടായിരുന്നതിനാൽ ഇത്തവണ ഒരു പ്രോത്സാഹന സമ്മാനവുമുണ്ട്. ഒമ്പതാം ക്ലാസ്സിലെ ലേഖയുടെ ടീമിനാണത്." സ്റ്റേജിൽ നിന്ന ടീച്ചർ പ്രഖ്യാപിച്ചു.
"നമ്മളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നെങ്കിലും ഇവർക്കുതോന്നി." ലേഖ പൊടുന്നനെ ഉത്സാഹഭരിതയായി.
"അതെ, എന്തായാലും വെറുതെയായില്ലല്ലോ.." സീമയും പറഞ്ഞു.
നന്ദുവിനുമാത്രം ആശ്വസിക്കാനായില്ല. മറ്റൊരു നാടകം തിരഞ്ഞെടുത്തിരുന്നുവെങ്കിൽ ഫലം മറ്റൊന്നായേനേ..
അന്ന് വൈകുന്നേരം സ്‌കൂൾ ബസ്സിൽ നന്ദുവിനോടൊപ്പം സീമയുമുണ്ടായിരുന്നു. വൈകി സ്‌കൂൾ വിടുന്ന ദിവസങ്ങളിൽ സാധാരണ മറ്റുമാർഗ്ഗങ്ങളിൽ സ്‌കൂളിലെത്തുന്നവർക്കും സ്‌കൂൾ ബസ്സിൽ യാത്രചെയ്യാം.
"എന്തിനാണ് ഇത്ര നിരാശ ?" സീമ ചോദിച്ചു. "കഥയ്ക്കും, കവിതയ്ക്കുമൊന്നും ഒന്നാം സ്ഥാനം കിട്ടാതിരുന്നപ്പോളൊന്നും നിനക്ക് നിരാശയുണ്ടായിരുന്നില്ലല്ലോ .."
"അതുപോലെയല്ലല്ലോ.. അത് എന്റെ മാത്രം കാര്യ മല്ലേ.. ഇത് അങ്ങനെയല്ലല്ലോ.."
സീമയുടെ സ്റ്റോപ്പ് എത്തുന്നതുവരെ സീമ നന്ദുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ സ്റ്റോപ്പ് എത്തിയപ്പോൾ അക്ഷമയോടെ ചുമലുകൾ കുലുക്കിക്കൊണ്ട് അവൾ ഇറങ്ങിപ്പോയി.ബസ് സ്റ്റോപ്പിൽ കാത്തുനിന്നിരുന്ന ഒരാൺകുട്ടിയോട് സീമ സജീവമായി സംസാരിക്കുന്നത് നന്ദു കൗതുകത്തോടെ നോക്കി. എന്തുകൊണ്ടോ നന്ദുവിന് അകാരണമായ ഒരു ആപത്ശങ്ക തോന്നി.
ബസ് നന്ദുവിന്റെ സ്റ്റോപ്പിൽ എത്തിച്ചേർന്നപ്പോളേക്കും നേരമിരുണ്ടുതുടങ്ങിയിരുന്നു. പകൽ നേരത്ത് പരിചിതമായ ഈ വഴികൾക്ക് രാത്രിയിൽ മറ്റൊരു സ്വഭാവമുണ്ടോ ? നന്ദു ചിന്തിച്ചു.
വഴിയരികിൽ അലക്ഷ്യമായി കൂടിനിന്നിരുന്ന മനുഷ്യർ തന്നെ കളിയാക്കി ചിരിക്കുകയാണോ ?
"ഇതാ പോകുന്നു രണ്ടാം സമ്മാനക്കാരി, അല്ലല്ലോ രണ്ടാം സമ്മാനവുമില്ലല്ലോ , പ്രോത്സാഹനം - അതാണല്ലോ.. " അങ്ങനെയാണോ അവർ പറയുന്നത് . നന്ദു നടത്തത്തിന് വേഗതകൂട്ടി.
അന്നുരാത്രി തന്റെ എഴുത്തുപുസ്തകം തുറന്നപ്പോൾ നന്ദുവിന് കരച്ചിലടക്കാനായില്ല. ജീവിതം തനിയ്ക്കായി തിരഞ്ഞെടുക്കുന്നത് എന്നും രണ്ടാം സ്ഥാനമായിരിക്കും എന്ന് അവൾക്കുതോന്നി. ഒരിയ്ക്കലും ഒന്നാം സ്ഥാനം ലഭിയ്ക്കാൻ അർഹയല്ലാത്തവൾ. വഴിതെറ്റിപോകുന്നവൾ. വാക്കുകൾ മറന്നുപോകുന്നവൾ.
പുസ്തകത്തിനകത്തിരുന്ന് മാളവിക വിളിച്ചു. 'എന്നെ ഇങ്ങനെ അടച്ചിട്ടിട്ട് എത്ര ദിവസമായി.' നന്ദു കേട്ടില്ലെന്ന് നടിച്ചു.
പിറ്റേന്ന് സ്‌കൂളിൽ നാടകം കളിച്ച ലേഖയെ ഹെഡ്-മിസ്ട്രസ് വിളിപ്പിക്കുന്നു എന്ന അറിയിപ്പുകേട്ടപ്പോൾ ഏറ്റവും നടുങ്ങിയത് നന്ദുവാണ്. തൻ എഴുതിവച്ച എന്തോ ഹെഡ്-മിസ്ട്രസിനെ പോകോപിപ്പിച്ചുവോ?
ലേഖ അങ്കലാപ്പോടെ കൂട്ടുകാരെ നോക്കി മടിച്ചുമടിച്ച് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി വേഗത്തിൽ നടന്നു. കണക്കു ടീച്ചർ ആൾജിബ്ര പഠിപ്പിക്കുകയാണ്. aയും bയും ബോർഡിൽ ഒളിച്ചുകളിക്കുന്നു.
ലേഖ തിരിച്ചു വന്നത് പുഞ്ചിരിച്ചുകൊണ്ടാണ്. കണക്കുപിരീഡ് കഴിഞ്ഞ് ടീച്ചർ പോകുന്നതുവരെ നന്ദു തന്റെ ആകാംക്ഷയെ പിടിച്ചുനിർത്തി.
"നമ്മുടെ നാടകം അവരെ വല്ലാതങ്ങുചിന്തിപ്പിച്ചത്രേ.. ലൈബ്രറി തുറക്കാൻ തീരുമാനിച്ചു." ടീച്ചർ പോയതും ലേഖ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "അടുത്ത സ്‌കൂൾ വര്ഷം മുതൽ അതിനായി ചില ടീച്ചർമാർക്ക് ഉത്തരവാദിത്തം കൊടുക്കും ."
നന്ദു സീമയെ നോക്കി. സീമ വിശ്വസിക്കാനാകാത്തവണ്ണം ലേഖയോട് എന്തൊക്കെയോ ചോദിക്കുകയാണ്.
"കണ്ടോ?" തന്റെ നിറഞ്ഞു തുടങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് ഒടുവിൽ സീമ നന്ദുവിനോട് പറഞ്ഞു. "മറ്റൊരു നാടകം തിരഞ്ഞെടുത്തിരുന്നുവെങ്കിൽ നമുക്ക് ഒരുപക്ഷെ ഒന്നാം സ്ഥാനം ലഭിച്ചേനെ. പക്ഷെ ആ ലൈബ്രറി, അത് അടഞ്ഞു തന്നെ കിടന്നേനെ .. "
"ഇത് ഈ സ്‌കൂളിലെ എന്റെ ഏറ്റവും നല്ല വർഷമാണ്, ഒരു സംശയവുമില്ല. " അവൾ കൂട്ടിച്ചേർത്തു.
"ഈ വർഷം കഴിയാറായില്ലേ.. അടുത്തവർഷമാകും ഏറ്റവും നല്ലത്.. സദാ തുറന്നുകിടക്കുന്ന ലൈബ്രറിയുടെ റാണിയാകും നീ .." ലേഖ പറഞ്ഞു.
"അതെ, അടുത്ത വർഷം." സീമ ചിരിച്ചു.
നന്ദുവിന് എല്ലാവരോടും പറഞ്ഞറിയിക്കാനാകാത്ത കൃതാര്ഥത തോന്നി. ഇനിയവൾ മുന്നോട്ടു തന്നെ പോകും. കിട്ടുന്നത് രണ്ടാം സ്ഥാനമായാലും , ഇനി ഒന്നും കിട്ടിയില്ലെങ്കിലും. ഈ യത്നത്തെ ഒരുപക്ഷെ അവൾ ഫലത്തേക്കാൾ സ്നേഹിക്കുന്നു. ഏറ്റവും വിശുദ്ധമായി, തീവ്രമായി, ഒന്നും തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട്, സദാ സമയവും അതിനായി വേദനിച്ചുകൊണ്ട്, പ്രാർത്ഥിച്ചുകൊണ്ട്, ഏവരുടെയും അധിക്ഷേപത്തിനുപാത്രമായി, ഉരുകിയുരുകി , ഒന്നിനെ സ്നേഹിക്കുന്നത് തന്റെ വിധിയാകുമെന്ന് അവൾക്കു എന്തുകൊണ്ടോ തോന്നി.
എങ്കിലും ഈ സപര്യ- അത് തുടർന്നുതന്നെപോകും.