Tuesday, December 29, 2015

"സ്നേഹം എന്ന ഒന്നുണ്ടോ ?" എന്റെ സ്നേഹിത അല്ലെങ്കിൽ സഹോദരി ചോദിയ്ക്കുന്നു.
വിവാഹമോചനത്തിനുശേഷം ലോകത്തിനോടുമുഴുവൻ വെറുപ്പാണ് അവൾക്ക്. "സ്നേഹം എന്നത് സ്വാർത്ഥതയുടെ ഓമനപ്പേരാണ്," അവൾ പറയുന്നു. "എന്റെ അച്ഛനമ്മമാർ എന്നെ സ്നേഹിച്ചിട്ടുണ്ടോ ? ആരെങ്കിലും ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ? എല്ലാം സ്വാർത്ഥതാത്പര്യങ്ങൾ മാത്രമല്ലേ.."
എന്താണ് യഥാർത്ഥ സ്നേഹം? ഞാൻ ചിന്തിക്കുകയായിരുന്നു.. ഒരിയ്ക്കലും അതിനു ഒരു പൂർണമായ നിർവ്വചനം ഉണ്ടാകില്ല, എങ്കിലും അതിന്റെ അസ്തിത്വത്തിൽ ഞാൻ വിശ്വസിക്കുന്നു. അതിന്റെ നിസ്വാർത്ഥമായ ഭാവം ഒരിയ്ക്കലെങ്കിലും കണ്ടിട്ടുള്ള ഒരാൾക്ക്‌ എന്നെങ്കിലും ജീവിതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമോ ?
ദൈവം രക്ഷിക്കട്ടെ .. എല്ലാവരെയും..

Wednesday, December 23, 2015


നിയതിയാം  നീതിതൻ നിത്യതയാണുഞാൻ
നിഖിലമാം നോവിന്റെ നിർവൃതിയാണുഞാൻ
നിനവിന്റെ നന്മയാൽ നയനം നനഞ്ഞൊരു 
നീറുന്ന നേരിൻ തിരിച്ചറിവാണുഞാൻ

 
വിശ്വാസം നഷ്ടപ്പെട്ട ബന്ധങ്ങൾ ചരട് പൊട്ടിയ പട്ടങ്ങൾ പോലെയാണ്.. അവയുടെ ഗതി ആർക്ക് നിയന്ത്രിക്കാനാകും?

Sunday, December 13, 2015

അനിയേച്ചി അവരുടെ സഹോദരങ്ങളിൽ നിന്ന് വ്യത്യസ്ത  ആയിരുന്നു. എന്നേക്കാൾ ഏതാണ്ട് പത്തോ പതിനൊന്നോ വയസ്സ് പ്രായക്കൂടുതൽ ഉള്ള അവർ, ഉറക്കെ പൊട്ടിച്ചിരിക്കാനും കണ്ണാടിയുടെ മുന്നിൽ നിന്ന് മണിക്കൂറുകളോളം അണിഞ്ഞൊരുങ്ങാനും ഇഷ്ടപ്പെട്ടു. ജീവിതം ആസ്വദിക്കാനുള്ള വ്യഗ്രത കാരണം ആകാം അവർ പഠനത്തിൽ പിറകെ ആയത്. എപ്പോഴും തടിച്ച പുസ്തകങ്ങൾ വച്ചുകൊണ്ടിരിക്കാരുണ്ടായിരുന്ന ചേച്ചിമാരോട് അവർക്ക് മതിപ്പില്ലായിരുന്നു. അവർ തങ്ങളുടെ വെളുത്ത നിറത്തിന് ഇണങ്ങുന്ന കടുത്ത നിറമുള്ള വസ്ത്രങ്ങൾ ധരിച്ച് പുറത്തിറങ്ങുമ്പോൾ മാത്രം അനിയേച്ചി കുറച്ചൊരു അസൂയ്യയോടെ കണ്ണിറുക്കി.

ബസ്സിനും മറ്റുമായി വലിയമ്മ എണ്ണി കൊടുത്തിരുന്ന കാശ് എങ്ങനെയൊക്കെയോ ലാഭിച്ച് അവർ മിഠായിത്തെരുവിലെ വളക്കടകളിൽ നിന്ന് വെളുക്കാനുള്ള ലേപനങ്ങൾ വാങ്ങി. കുടുംബത്തിലെ കറുത്ത പെണ്‍കുട്ടി എന്നാ ലേബൽ അവരെ അത്യധികം വിഷമിപ്പിച്ചിരുന്നു. ഞാൻ വെളുത്തിട്ടോ കറുത്തിട്ടോ ആയിരുന്നില്ല. അതിനാലാകും അവർ എന്നെ കൂടെ കൂട്ടിയിരുന്നത്. വളക്കടകളിലെ വിൽപ്പനക്കാരോട് അവർ അൽപമൊന്നു കുഴഞ്ഞ് പൊട്ടിച്ചിരിച്ചുകൊണ്ട് വളരെ നേരം സംസാരിച്ചു.
അത്തരം 'അഗൗരവതരമായ' സംഭാഷണങ്ങൾ അവര്ക്ക് കൊടുത്തിരുന്ന ഊര്ജ്ജം എന്നെ വിസ്മയിപ്പിച്ചു. ആദ്യമായി കോഴിക്കോട്ടെ ബെറ്റർ ഹാഫ് എന്ന ബ്യൂട്ടിപാർലറിൽ ഞാൻ പോയതും അവരോടൊപ്പമാണ്.

ജീവിതം ആസ്വദിയ്ക്കാൻ ആഗ്രഹിച്ചിരുന്ന അവർക്ക് ദൈവം അതിനുള്ള അവസരം എന്തുകൊണ്ടോ കൊടുത്തില്ല. കാലം അവരെ പുതിയ പരീക്ഷണങ്ങളിലേക്ക് കൊണ്ടുപോയി. അവരുടെ കാര്യങ്ങൾ ചര്ച്ച ചെയ്യാൻ എന്നും ഉത്സാഹമാണ് എന്റെ ബന്ധുക്കൾക്ക്.

ഒരാളുടെ ശരിതെറ്റുകൾ വിലയിരുത്താൻ മറൊരാൾക്ക് അവകാശമുണ്ടോ?

അമ്മയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടത് അവരാണ്, ഒരിയ്ക്കലും വേണ്ടത്ര സ്നേഹിയ്ക്കപ്പെട്ടിട്ടില്ലാത്ത ഇളയ മകൾ.  ധൃതിയിൽ തീരുമാനിയ്ക്കപ്പെട്ട ചേർച്ചയില്ലാത്ത വിവാഹം അവരെ മറ്റാരോ ആക്കി മാറ്റി. ഇതെല്ലാം അവരുടെ തെറ്റാണോ?

സന്തോഷിയ്ക്കാനുള്ള കാരണങ്ങൾ കണ്ടുപിടിയ്ക്കാൻ എല്ലാവർക്കും അവകാശമില്ലേ ?
അവർ ജീവിയ്ക്കട്ടെ..

Wednesday, December 9, 2015


ആത്മാവിന് മരണമില്ല എന്ന് ഒരിയ്ക്കൽ വലിയമ്മ പറഞ്ഞു. ഗീതയുടെ പദ്യരൂപത്തിലുള്ള ലഘുസാരാംശം എന്നെ പഠിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു അവർ. തനി മരംകേറിയും സദാ  പറമ്പിൽ ചുറ്റിനടക്കുന്നവളുമായ ഞാൻ സന്ധ്യയ്ക്ക് മുഖം കഴുകി ഗീതാധ്യാനശ്ലോകങ്ങൾ ഉരുവിട്ട് അവരുടെ മുൻപിൽ ഇരുന്നു. ശ്രീകൃഷ്ണൻ ഒരു കറവക്കാരനായി പാൽ കറക്കുന്നത്‌ ഞാൻ മനസ്സിൽ കണ്ടു. ആ പശു ഉപനിഷത്താണെന്നോ പാല് ഗീതാമൃതം ആണെന്നോ ഞാൻ  ചിന്തിച്ചില്ല. എന്റെ ഭാവന നിറമുള്ള ചിത്രങ്ങൾ മാത്രം തേടി നടന്നു.  അതുകൊണ്ടാവാം ആത്മാവ് പലനിറത്തിലുള്ള വസ്ത്രം പോലെ ശരീരങ്ങൾ മാറുന്നത് എന്നെ രസിപ്പിച്ചത്‌.
പുതിയ വസ്ത്രം തേടി അവർ പോയിട്ടും ഞാൻ അവർ പഠിപ്പിച്ചതൊക്കെ ഓർക്കുന്നു. ആത്മാവിന് മരണമില്ലാത്തതുപോലെ ആത്മാവിന്റെ ബന്ധങ്ങൾക്കും മരണമില്ല.