പ്രീജ, ഞാൻ വർഷങ്ങളായി തിരഞ്ഞുകൊണ്ടിരിക്കുന്നവരിൽ ഒരാൾ.. ഒടുവിൽ കണ്ടുകിട്ടിയിരിക്കുന്നു…
അല്പകാലം മുൻപുവരെ എഴുപതുകളിൽ നിക്ഷിപ്‌തമായിരുന്ന ഗൃഹാതുരത ഇപ്പോൾ തൊണ്ണൂറുകളിൽ എത്തിനിൽക്കുകയാണല്ലോ. തൊണ്ണൂറുകളിലെ പാട്ടുകളെയും , ചലച്ചിത്രങ്ങളെയും വാഴ്ത്തികൊണ്ടുള്ള കുറിപ്പുകൾ എത്രയധികം ഈയ്യിടെയായി വായിച്ചിരിക്കുന്നു. തൊണ്ണൂറുകളിലെ ബാല്യത്തിന്റെ നിറങ്ങളെ കുറിച്ച് എല്ലാവരും വികാരാധീനരാകുന്നു. എന്റെ ബാല്യത്തിന്റെ അവസാന വർഷങ്ങളും, കൗമാരവും യൗവ്വനാരംഭവും തൊണ്ണൂറുകളിൽ ആയിരുന്നതുകൊണ്ട് ആ നഷ്ടപ്പെട്ട നിറങ്ങളിൽ ഞാനും ഇടയ്ക്കൊക്കെ മുങ്ങിപ്പോകുന്നു. അപ്പോഴൊക്കെ തൊണ്ണൂറുകളുടെ വാതിൽപ്പടിയിൽ നിന്ന് പ്രീജ വിളിക്കുന്നതായിതോന്നും!
1990ൽ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ എന്തായിരുന്നു എന്ന് ഇന്നറിയില്ല, എങ്കിലും അടിയ്ക്കടിയുള്ള സമരങ്ങളും പൊടുന്നനേയുള്ള കൂട്ടമണിയും , ടീച്ചർക്ക് മുൻപേ തന്നെ ക്ലാസ്സിൽ നിന്ന് ഇറങ്ങിയോടിയിരുന്ന കൊച്ചുപാവാടക്കാരികളും എന്റെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു.കോട്ടൺ ഹിൽ സ്കൂളിൽ പുതുതായി വന്നുചേർന്നതായിരുന്നു ഞാൻ. സ്കൂൾ ബസ്സിൽ യാത്രചെയ്തിരുന്നതുകൊണ്ടും , വീട്ടിൽ പോകാൻ ഇഷ്ടമല്ലാത്തതുകൊണ്ടും ഞാൻ അത്തരം സമരദിനങ്ങളിൽ സ്‌കൂളിൽ തന്നെ കറങ്ങിനടക്കുമായിരുന്നു. സ്‌കൂൾ ബസ്സിൽ വന്നുകൊണ്ടിരുന്ന മറ്റുകുട്ടികളിൽ ചിലരും കൂട്ടംകൂടിയും ഒറ്റയ്ക്കും സ്കൂൾ പരിസരത്തുതന്നെ വൈകുന്നേരം വരെ കഴിച്ചുകൂട്ടി. അങ്ങനെയാണ് പ്രീജയും ഞാനും കൂട്ടുകാരായത്.
മുൻപുള്ള വർഷങ്ങളിലും ആ സ്കൂളിൽ തന്നെ പഠിച്ചിരുന്നിട്ടും അവൾക്ക് അടുത്ത കൂട്ടുകാർ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ മുടി പിരിച്ചിട്ട് റിബൺ കെട്ടി സ്കൂളിൽ വന്നിരുന്ന ആ കാലത്ത് , ഞങ്ങളുടെ മലയാളം മീഡിയം ക്ലാസ്സിൽ , മുടി ബോബുചെയ്ത, എംബ്രോയിഡറി ചെയ്ത കോളറുള്ള അയഞ്ഞ ഷർട്ടുകൾ ഇട്ടിരുന്ന അവൾ തികച്ചും വ്യത്യസ്തയായിരുന്നു.
എനിയ്ക്കും അന്ന് ചുമലുവരെയെ മുടിയുണ്ടായിരുന്നുള്ളൂ, ഒന്നും മനസ്സിലായില്ലെങ്കിൽത്തന്നെയും ഇംഗ്ലീഷ് സിനിമകൾ കാണുക എന്ന ദുശ്ശീലം അവളെപ്പോലെ തന്നെ എനിയ്ക്കുമുണ്ടായിരുന്നു.
കോട്ടൺ ഹില്ലിന്റെ അഞ്ചേക്കറോളം വരുന്ന ക്യാമ്പസ് തട്ടുകളായി തിരിച്ചതായിരുന്നു. സമരദിവസങ്ങളിൽ ഞങ്ങൾ വൈകുന്നേരം വരെ കുന്നുകൾ കയറിയും ഇറങ്ങിയും മരങ്ങളുടെ പേരുകൾ കണ്ടുപിടിച്ചും ഇലകൾ മണത്തും നടന്നു. എനിക്ക് പരിചയമില്ലാത്ത കെട്ടിടങ്ങളുടെ പേരുകൾ അവൾ പറഞ്ഞുതന്നു.
"ഇതാണ് ലൈബ്രറി, പക്ഷെ ഞാൻ ഇതുവരെ അകത്തുകയറിയിട്ടില്ല' 'ഇതാണ് അസംബ്ലി ഹാൾ , പക്ഷെ ഇതുവരെ ഇവടെ ഒരു അസംബ്ലി നടന്നതായി കണ്ടിട്ടില്ല ' അവൾ ചുമലുകൾ കുലുക്കികൊണ്ട് പറയും..
അല്പസ്വല്പം വടക്കൻ ചുവയുള്ള എന്റെ മലയാളത്തിലെ വ്യാകരണതെറ്റുകൾ ചൂണ്ടിക്കാട്ടുവാൻ അവൾ ഒരിക്കലും മറക്കാറില്ലായിരുന്നു . 'പൂച്ച എലിയെ കൊന്നു, അങ്ങനെ പറയണം, പൂച്ച എലീനെ അല്ല കൊന്നത് '
അവളുടെ തിരുവനന്തപുരം നഗരഭാഷയിൽ സാധാരണയായി കടന്നുവരാറുള്ള തെറ്റുകൾ( ഞങ്ങൾ, നമ്മൾ എന്നീ വാക്കുകൾ അന്യോന്യം മാറിയാണ് അവൾ പറഞ്ഞിരുന്നത് ) തിരുത്തുവാൻ ഞാൻ ശ്രമിച്ചപ്പോളൊക്കെ പരാജയം ആയിരുന്നു ഫലം.
പിന്നീടുള്ള വർഷങ്ങളിൽ എനിയ്ക്ക് വേറെയും കൂട്ടുകാരുണ്ടായി. എന്റെ സാഹിത്യസംഘങ്ങളിലൊന്നും പ്രീജ താത്പര്യം കാണിച്ചില്ല. ഒരിയ്ക്കൽപ്പോലും അവൾ ഞാൻ എഴുതിയതൊന്നും വായിക്കാൻ മെനക്കെട്ടിട്ടില്ല എന്നതാണ് സത്യം! എങ്കിലും ഞങ്ങൾ കൂട്ടുകാരായിത്തുടന്നു.
പ്രീഡിഗ്രി കാലത്ത് ഒരിയ്ക്കൽ , ഓൾ സൈന്റ്സ് കോളേജിൽ പഠിച്ചിരുന്ന അവൾ, ഒരു ആർട്സ് ഡേയ്ക്ക്, എന്നെ കാണാൻ എൻ എസ് എസ് കോളേജിൽ വന്നു. ഞങ്ങളുടെ ചെറിയ ക്യാമ്പസിൽ അവളോടൊപ്പം നടന്നപ്പോൾ എനിയ്ക്ക് അല്പം ജാള്യത തോന്നി.
വാനില,ചോക്ലേറ്റ് എന്നിവയല്ലാതെ മറ്റു ഐസ്ക്രീം ഫ്ലേവറുകൾ ഒന്നും കേട്ടുകേൾവി പോലുമില്ലാത്ത ഞങ്ങളുടെ കാന്റീനിൽ ഇരുന്ന് ,അവൾ ടിസ്കുലാർ സൺറൈസ് ഉണ്ടോ, റംസ് ആൻഡ് റെയ്സൺ ഉണ്ടോ എന്നൊക്കെ ചോദിച്ചു. 'നിങ്ങളുടെ കോളേജ് മോശം , ക്യാമ്പസ് മോശം , കാന്റീൻ ഏറ്റവും മോശം ' അവൾ അഭിപ്രായപ്പെട്ടു.
അന്നാണ് ഞാനവളെ അവസാനമായി കാണുന്നത്. ഒരേ നഗരത്തിന്റെ അതിർത്തിയ്ക്കുള്ളിൽ തന്നെ എനിയ്ക്കവളെ നഷ്ടപ്പെട്ടു. ഇന്റർനെറ്റും, മൊബൈൽ ഫോണും ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് സുഹൃത്തുക്കളെ നഷ്ടപ്പെടുന്നത് സാധാരണമായിരുന്നു. എന്നുവേണമെങ്കിലും കത്തെഴുതാം എന്ന് ഞാൻ കരുതി…എന്നുവേണമെങ്കിലും...
എത്ര വര്ഷങ്ങളായി ഞാൻ അവളെ തിരയുന്നു. തികഞ്ഞ പരിഷ്കാരിയായ അവൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എന്തായിരിക്കും കാരണമെന്നു ഞാൻ എത്രയോ ചിന്തിച്ചു. ഒടുവിൽ കണ്ടുകിട്ടിയത് അവളുടെ അമ്മയുടെ ഫേസ്ബുക് പേജിൽ നിന്നാണ്. ചുമരിൽ മാലയിട്ട് തൂക്കിയിരിക്കുന്ന ഒരു ചിത്രം മാത്രമായി. അവൾ പോയിട്ട് എത്രയോ വർഷങ്ങളായിരിക്കുന്നു !
ഈയിടെയായി ഞാൻ കരയുന്നത് അവൾക്കുവേണ്ടിക്കൂടെയാണ്. ഒരേ നഗരത്തിന്റെ അതിർത്തികളിൽ, അല്ലെങ്കിൽ ലോകത്തിന്റെ ഗംഭീരവിശാലതയിൽ, കാലത്തിന്റെ പിടിച്ചടക്കലുകളിൽ, നിസ്സഹായതകളിൽ , മൗനങ്ങളിൽ എനിയ്ക്കുനഷ്ടപ്പെട്ടവയ്ക്കെല്ലാംവേണ്ടിയുമാണ്...