പ്രണയത്തിനേക്കുറിച്ചെന്തുഞാൻപാടുവാൻ
പാടിക്കഴിഞ്ഞതാണെത്രയോപേർ, ഇതിൻ
വിഭ്രമ വീചികൾ, വിസ്മയവീഥികൾ
വിരഹാർദ്രഗീതികൾ, വിഹ്വല ഭീതികൾ
എത്രയോ കേട്ടുകഴിഞ്ഞതാണൊക്കെയും.
പണ്ടേ പറഞ്ഞതാണവ്വയാർ, ഷെല്ലിയും
ഘാലിബും പുഷ്കിനും പാടിക്കഴിഞ്ഞതാ_
ണെന്തിനി പാടുവാൻ പ്രണയത്തിനെ കുറി -
ച്ചെന്തുണ്ടു കേൾക്കാത്തതായിനി ഭൂമിയിൽ.
കൊഴിയുന്ന തലമുടിനാരുകൾക്കായി ഞാൻ
എങ്കിലും പാടട്ടെ, ഇക്കാലമത്രയും
ഒരു കരസ്പർശം കൊതിച്ചിരിക്കാമിവർ.
നിദ്ര വെടിഞ്ഞോരു കണ്ണുകൾക്കായി ഞാൻ
എങ്കിലും പാടട്ടെ, അരുമയാമൊന്നിനെ
ഒരു നോക്കുകാണാൻ കൊതിച്ചിരിക്കാമിവർ.
ആർദ്രമാം ചുംബനം മോഹിച്ചൊരാനനം
കണ്ണുനീർപ്പാടുകൾ പേറിച്ചുളിഞ്ഞതും,
ഒരു സ്നേഹമന്ത്രണം കേൾക്കാൻ കൊതിച്ചൊരു
കാതിൽ നിശബ്ദത കൂടുകൂട്ടുന്നതും,
കാലമാം നീതിമാൻ കൽപ്പിച്ചതായിടാം ,
എങ്കിലും പാടട്ടെ, ഏറെപ്പതുക്കെയീ,
തോറ്റ ഹൃദയത്തിനെക്കുറിച്ചിന്നു ഞാൻ.
ചങ്ങമ്പുഴയും നെറൂദയും മീരയും
പാടിയതായിടാം,
ബൈറൺൻറ്റെ തൂലിക-
ത്തുമ്പിൽ നിന്നെന്നോ ഉതിർന്നതുമായിടാം,
കേൾക്കാത്തതായിനി എന്തുണ്ടുഭൂമിയിൽ.
പ്രണയത്തിനെ കുറിച്ചെന്തിനി പാടുവാൻ .