Sunday, December 31, 2023

കഥകളുടെ കാലം - പതിനഞ്ച്

നാടകം

പുസ്തകഷെൽഫ്‌ ഒന്നേ ഉണ്ടായിരുന്നുള്ളൂ. അത് സ്റ്റേജിന്റെ ഒത്ത നടുവിലായി പിടിച്ചിട്ടു. അതിനടുത്തായി ഒരു കസേരയും മേശയും. രംഗം വായനശാലയാണ്. പശ്ചാത്തലത്തിൽ കാർഡ്ബോർഡ് പെട്ടികൾ ഒന്നിനുമുകളിൽ ഒന്നായി അടുക്കിയുണ്ടാക്കിയ ഷെൽഫുകളുണ്ട്. അവയ്ക്കുള്ളിൽ അടുക്കിവച്ചിരുന്ന പുസ്തകങ്ങളും കാർഡ്ബോർഡ് കൂടുകൾ ആയിരുന്നു. സ്റ്റേജിലേക്ക് ചുമന്നുകൊണ്ടുപോകുമ്പോൾ അവ പൊളിഞ്ഞു താഴെ വീഴുമോ എന്ന് നന്ദുവിന്‌ പേടിയുണ്ടായിരുന്നു. കർട്ടനുപിന്നിൽ മറഞ്ഞുനിന്ന് രംഗം നോക്കികണ്ടപ്പോൾ, കുറച്ചുദിവസം മുൻപുവരെ ക്‌ളാസ്സിന്റെ മൂലയിൽ ശേഖരിച്ചു കൂട്ടിയിട്ടിരുന്ന വസ്തുക്കളാണ് അവയെന്ന് അവൾക്കുതന്നെ വിശ്വാസം വന്നില്ല. നിമിഷയുടെയും മറ്റുകൂട്ടുകാരുടെയും കൈവിരുതിൽ അവൾക്ക് അത്ഭുതം തോന്നി.

പുസ്തകഷെൽഫിനരികിലുള്ള കസേരയിൽ ഒരു തടിച്ച പുസ്തകവുമായി ഇരിക്കുകയാണ് ദേവി.

ടീച്ചർ വന്നു അടുത്തുനിൽക്കുന്നത് അവൾ അറിയുന്നില്ല.

"കുട്ടി ഇവിടെ ഉണ്ടായിരുന്നോ?കാണാതിരുന്നപ്പോൾ നഗരത്തിൽ അലഞ്ഞുതിരിഞ്ഞുനടക്കുകയാണോ എന്ന് ഭയന്നു ഞാൻ."

" ഞാൻ അന്വേഷിച്ചതൊന്നും എവിടെയും കണ്ടെത്താനായില്ല. എന്റെ ശീലങ്ങൾ മാറ്റിനോക്കി, രൂപഭാവങ്ങൾ മാറ്റിനോക്കി. പക്ഷെ അപ്പോഴും ഞാൻ മാറുന്നില്ല. തികച്ചും പരാജിതയായാണ് ഇവിടെ എത്തിച്ചേർന്നത്. പക്ഷെ ഇപ്പോൾ പുസ്തകങ്ങൾ എന്നോട് സംസാരിച്ചുതുടങ്ങിയിരിക്കുന്നു. എന്നെപ്പോലെ എന്തൊക്കെയോ അന്വേഷിച്ചുനടന്ന ജീവിതങ്ങളെക്കുറിച്ച് അവ എന്നോട് പറയുന്നു. "

നന്ദു സീമയെ നോക്കി. കർട്ടന്റെ വിടവിലൂടെ ദിവ്യയുടെയും ലേഖയുടെയും പ്രകടനം ഉറ്റുനോക്കുകയാണ് സീമയും. ഇടയ്ക്കിടയ്ക്ക് നെറ്റിചുളിക്കുന്നുണ്ട്.

"കാലത്തിന്റെ മനഃസാക്ഷിസൂക്ഷിപ്പുകാരല്ലേ പുസ്തകങ്ങൾ. മൺമറഞ്ഞുപോയ എത്രയോ മനുഷ്യരുടെ നൊമ്പരങ്ങൾ ഈ താളുകളിൽ ഉളിച്ചുകിടക്കുന്നുണ്ടാവും. ഒന്നാലോചിച്ചുനോക്കൂ..ഇവ ശരിയ്ക്കും ഒരു നിധി തന്നെയല്ലേ.." ലേഖയുടെ ശബ്ദം ഉയർന്നുകേട്ടു. ലേഖ നല്ലൊരു പാട്ടുകാരിമാത്രമല്ല തികഞ്ഞ ഒരു കലാകാരിതന്നെയാണെന്ന് നന്ദുവിനുതോന്നി.

"ശരിയാണ്, ഇവയുടെ മൂല്യം ഞാൻ മനസിലാക്കുന്നു. എന്റെ ഗ്രാമത്തിലോ ഞാൻ പഠിച്ച സ്‌കൂളിലോ ഇത്തരം ഒരു വായനശാല ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ ഈ വിശാലമായ ലോകത്തെക്കുറിച്ച് കുറച്ചെങ്കിലും അറിവുള്ളവളായേനെ ഞാൻ."

"ആ വിശാലമായ ലോകം ഒരിക്കൽ നിന്റേതായിത്തീരും. ചിത്രശലഭമായിത്തീരേണ്ട ചെറുപുഴുവിന് അസംഖ്യം ഇലകൾ തിന്നുതീർക്കേണ്ടതായുണ്ട്. അതുപോലെ ചിറകുകൾ വിടർത്തി പറന്ന് നിന്റെ ലോകം കണ്ടെത്തുവാൻ ഈ പുസ്തകങ്ങൾ നിന്നെ സജ്ജയാക്കട്ടെ."

നന്ദു മുൻനിരയിൽ ഇരുന്നിരുന്ന ടീച്ചർമാരുടെ മുഖത്തേക്ക് പ്രതീക്ഷയോടെ സൂക്ഷിച്ചുനോക്കി. എന്തെങ്കിലും ഭാവമാറ്റമുണ്ടോ? ചെറിയ ഒരു പുഞ്ചിരി മാത്രം. നന്ദുവിന്‌ നിരാശതോന്നി.

തിരശ്ശീല വീണു. കയ്യടി മുഴങ്ങി. ആശ്വാസം.

നന്ദു സീമയോടൊപ്പം സ്റ്റേജിനു പുറകിലുള്ള മുറിയിലെത്തി ലേഖയേയും ദിവ്യയെയും അഭിനന്ദിച്ചു.

"ശരിക്കും നന്നായിരുന്നുവോ?" ദിവ്യ ചോദിച്ചു.

"എന്താ സംശയം?" സീമ പറഞ്ഞു. അല്പം മുൻപ് സീമ നെറ്റിചുളിച്ചത് എന്തിനായിരുന്നു എന്ന് നന്ദു ആലോചിച്ചു.

ദിവ്യ പ്രതീക്ഷയോടെ നന്ദുവിന്റെ മുഖത്തുനോക്കുകയാണ്. 'നന്നായിരുന്നു' എന്ന അർത്ഥത്തിൽ തലയാട്ടി, ഒന്നും പറയാതെ മുറിയിൽ നിന്നും പുറത്തിറങ്ങി.

സ്റ്റേജിന്റെ ഒരുവശത്തായുള്ള പടിക്കെട്ടുകളിലൊന്നിൽ ഇരുന്ന് നന്ദു അലക്ഷ്യമായി ചുറ്റും നോക്കി. പരിപാടികൾ ഏറെയും കഴിഞ്ഞിരുന്നു. ഇനി കാത്തിരിപ്പുമാത്രം..

നാടകം ശ്രദ്ധിക്കപ്പെടാതെ പോകുകയാണെങ്കിൽ താൻ മാത്രമാണ് ഉത്തരവാദി എന്ന് നന്ദുവിന്‌ തോന്നി. എന്തൊക്കെയാണ് എഴുതിവച്ചത്? ഇതിന്റെ ആവശ്യമുണ്ടായിരുന്നോ? നല്ലൊരു നാടകം തിരഞ്ഞെടുക്കമായിരുന്നു. ഇനി സമ്മാനം കിട്ടാതെ വരുമ്പോൾ ലേഖയുടെ സങ്കടം താൻ തന്നെ കാണണം.

എഴുത്തുമത്സരങ്ങളുടെ ഫലം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പങ്കെടുത്ത എല്ലാ വിഭാഗത്തിനും നന്ദുവിന്‌ രണ്ടാം സ്ഥാനമാണ്. നന്ദുവിന്‌ നിരാശതോന്നിയിരുന്നില്ല. മറിച്ച് ആശ്വാസമാണ് തോന്നിയത്.നിരാശ തോന്നിയത് സീമയ്ക്കാണ്.

"എല്ലാത്തിനും രണ്ടാം സ്ഥാനമോ? അതെങ്ങനെ സത്യമാകും?" അവൾ വീണ്ടും വീണ്ടും ചോദിച്ചിരുന്നു. ഹിന്ദി പദ്യപാരായണത്തിനും ഉപന്യാസത്തിനും അവൾക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. പ്രസംഗമത്സരങ്ങൾക്ക് ദിവ്യയ്ക്കും ലളിതഗാനത്തിന് ലേഖയ്ക്കും ഒന്നാംസ്ഥാനമാണ്. അതുകൊണ്ട് നാടകത്തിന് സമ്മാനം ലഭിക്കാതെ പോയാൽ അത് ഭാഗ്യഹീനയായ നന്ദുവിന്റെ മാത്രം കുറ്റമാകും. തീർച്ചയാണ്.

ചിന്തകളിൽ മുഴുകിയിരുന്നതുകൊണ്ടാകണം സീമവന്ന് അടുത്തിരുന്നത് അവൾ അറിഞ്ഞില്ല.

"നിനക്ക് എന്തുതോന്നുന്നു?" സീമ ചോദിച്ചു.

"സത്യം പറഞ്ഞാൽ എനിക്ക് പ്രതീക്ഷയില്ല," നന്ദു ഉത്തരം പറഞ്ഞു.

സ്റ്റേജിൽ സംഘനൃത്തം നടക്കുകയാണ്. മഴവില്ലിന്റെ ഏഴുനിറങ്ങളിൽ വസ്ത്രം ധരിച്ച കുട്ടികൾ.

ലേഖ ചെറിയൊരു പുഞ്ചിരിയോടെ നന്ദുവിന്റെ മറുവശത്തുവന്നിരുന്നു.

"ഞാൻ ഇപ്പോൾ രുക്മിണിടീച്ചറോട് സംസാരിച്ചു. വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞു." ലേഖ പറഞ്ഞു.

"ഇനി അധികം കാത്തിരിക്കേണ്ട. ഇതാ ഫലപ്രഖ്യാപനമായി.." സീമ പറഞ്ഞു.

നന്ദു ശ്വാസം അടക്കിപ്പിടിച്ച് സ്റ്റേജിലേക്ക് നോക്കി. ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും പ്രഖ്യാപിച്ചു. സീമയും ലേഖയും നിരാശകൊണ്ടു നെടുവീർപ്പിട്ടു.

"കുറെയധികം നാടകങ്ങളുണ്ടായിരുന്നതിനാൽ ഇത്തവണ ഒരു പ്രോത്സാഹന സമ്മാനവുമുണ്ട്. ഒമ്പതാം ക്ലാസ്സിലെ ലേഖയുടെ ടീമിനാണത്." സ്റ്റേജിൽ നിന്ന ടീച്ചർ പ്രഖ്യാപിച്ചു.

"നമ്മളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നെങ്കിലും ഇവർക്കുതോന്നി." ലേഖ പൊടുന്നനെ ഉത്സാഹഭരിതയായി.

"അതെ, എന്തായാലും വെറുതെയായില്ലല്ലോ.." സീമയും പറഞ്ഞു.

നന്ദുവിനുമാത്രം ആശ്വസിക്കാനായില്ല. മറ്റൊരു നാടകം തിരഞ്ഞെടുത്തിരുന്നുവെങ്കിൽ ഫലം മറ്റൊന്നായേനേ..

അന്ന് വൈകുന്നേരം സ്‌കൂൾ ബസ്സിൽ നന്ദുവിനോടൊപ്പം സീമയുമുണ്ടായിരുന്നു. വൈകി സ്‌കൂൾ വിടുന്ന ദിവസങ്ങളിൽ സാധാരണ മറ്റുമാർഗ്ഗങ്ങളിൽ സ്‌കൂളിലെത്തുന്നവർക്കും സ്‌കൂൾ ബസ്സിൽ യാത്രചെയ്യാം.

"എന്തിനാണ് ഇത്ര നിരാശ ?" സീമ ചോദിച്ചു. "കഥയ്ക്കും, കവിതയ്ക്കുമൊന്നും ഒന്നാം സ്ഥാനം കിട്ടാതിരുന്നപ്പോളൊന്നും നിനക്ക് നിരാശയുണ്ടായിരുന്നില്ലല്ലോ .."

"അതുപോലെയല്ലല്ലോ.. അത് എന്റെ മാത്രം കാര്യ മല്ലേ.. ഇത് അങ്ങനെയല്ലല്ലോ.."

സീമയുടെ സ്റ്റോപ്പ് എത്തുന്നതുവരെ സീമ നന്ദുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ സ്റ്റോപ്പ് എത്തിയപ്പോൾ അക്ഷമയോടെ ചുമലുകൾ കുലുക്കിക്കൊണ്ട് അവൾ ഇറങ്ങിപ്പോയി.ബസ് സ്റ്റോപ്പിൽ കാത്തുനിന്നിരുന്ന ഒരാൺകുട്ടിയോട് സീമ സജീവമായി സംസാരിക്കുന്നത് നന്ദു കൗതുകത്തോടെ നോക്കി. എന്തുകൊണ്ടോ നന്ദുവിന്‌ അകാരണമായ ഒരു ആപത്ശങ്ക തോന്നി.

ബസ് നന്ദുവിന്റെ സ്റ്റോപ്പിൽ എത്തിച്ചേർന്നപ്പോളേക്കും നേരമിരുണ്ടുതുടങ്ങിയിരുന്നു. പകൽ നേരത്ത് പരിചിതമായ ഈ വഴികൾക്ക് രാത്രിയിൽ മറ്റൊരു സ്വഭാവമുണ്ടോ ? നന്ദു ചിന്തിച്ചു.

വഴിയരികിൽ അലക്ഷ്യമായി കൂടിനിന്നിരുന്ന മനുഷ്യർ തന്നെ കളിയാക്കി ചിരിക്കുകയാണോ ?

"ഇതാ പോകുന്നു രണ്ടാം സമ്മാനക്കാരി, അല്ലല്ലോ രണ്ടാം സമ്മാനവുമില്ലല്ലോ , പ്രോത്സാഹനം - അതാണല്ലോ.. " അങ്ങനെയാണോ അവർ പറയുന്നത് . നന്ദു നടത്തത്തിന് വേഗതകൂട്ടി.

അന്നുരാത്രി തന്റെ എഴുത്തുപുസ്തകം തുറന്നപ്പോൾ നന്ദുവിന്‌ കരച്ചിലടക്കാനായില്ല. ജീവിതം തനിയ്ക്കായി തിരഞ്ഞെടുക്കുന്നത് എന്നും രണ്ടാം സ്ഥാനമായിരിക്കും എന്ന് അവൾക്കുതോന്നി. ഒരിയ്ക്കലും ഒന്നാം സ്ഥാനം ലഭിയ്ക്കാൻ അർഹയല്ലാത്തവൾ. വഴിതെറ്റിപോകുന്നവൾ. വാക്കുകൾ മറന്നുപോകുന്നവൾ.

പുസ്തകത്തിനകത്തിരുന്ന് മാളവിക വിളിച്ചു. 'എന്നെ ഇങ്ങനെ അടച്ചിട്ടിട്ട് എത്ര ദിവസമായി.' നന്ദു കേട്ടില്ലെന്ന് നടിച്ചു.

പിറ്റേന്ന് സ്‌കൂളിൽ നാടകം കളിച്ച ലേഖയെ ഹെഡ്-മിസ്ട്രസ് വിളിപ്പിക്കുന്നു എന്ന അറിയിപ്പുകേട്ടപ്പോൾ ഏറ്റവും നടുങ്ങിയത് നന്ദുവാണ്. തൻ എഴുതിവച്ച എന്തോ ഹെഡ്-മിസ്ട്രസിനെ പോകോപിപ്പിച്ചുവോ?

ലേഖ അങ്കലാപ്പോടെ കൂട്ടുകാരെ നോക്കി മടിച്ചുമടിച്ച് ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി വേഗത്തിൽ നടന്നു. കണക്കു ടീച്ചർ ആൾജിബ്ര പഠിപ്പിക്കുകയാണ്. aയും bയും ബോർഡിൽ ഒളിച്ചുകളിക്കുന്നു.

ലേഖ തിരിച്ചു വന്നത് പുഞ്ചിരിച്ചുകൊണ്ടാണ്. കണക്കുപിരീഡ് കഴിഞ്ഞ് ടീച്ചർ പോകുന്നതുവരെ നന്ദു തന്റെ ആകാംക്ഷയെ പിടിച്ചുനിർത്തി.

"നമ്മുടെ നാടകം അവരെ വല്ലാതങ്ങുചിന്തിപ്പിച്ചത്രേ.. ലൈബ്രറി തുറക്കാൻ തീരുമാനിച്ചു." ടീച്ചർ പോയതും ലേഖ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "അടുത്ത സ്‌കൂൾ വര്ഷം മുതൽ അതിനായി ചില ടീച്ചർമാർക്ക് ഉത്തരവാദിത്തം കൊടുക്കും ."

നന്ദു സീമയെ നോക്കി. സീമ വിശ്വസിക്കാനാകാത്തവണ്ണം ലേഖയോട് എന്തൊക്കെയോ ചോദിക്കുകയാണ്.

"കണ്ടോ?" തന്റെ നിറഞ്ഞു തുടങ്ങിയ കണ്ണുകൾ തുടച്ചുകൊണ്ട് ഒടുവിൽ സീമ നന്ദുവിനോട് പറഞ്ഞു. "മറ്റൊരു നാടകം തിരഞ്ഞെടുത്തിരുന്നുവെങ്കിൽ നമുക്ക് ഒരുപക്ഷെ ഒന്നാം സ്ഥാനം ലഭിച്ചേനെ. പക്ഷെ ആ ലൈബ്രറി, അത് അടഞ്ഞു തന്നെ കിടന്നേനെ .. "
"ഇത് ഈ സ്‌കൂളിലെ എന്റെ ഏറ്റവും നല്ല വർഷമാണ്, ഒരു സംശയവുമില്ല. " അവൾ കൂട്ടിച്ചേർത്തു.

"ഈ വർഷം കഴിയാറായില്ലേ.. അടുത്തവർഷമാകും ഏറ്റവും നല്ലത്.. സദാ തുറന്നുകിടക്കുന്ന ലൈബ്രറിയുടെ റാണിയാകും നീ .." ലേഖ പറഞ്ഞു.

"അതെ, അടുത്ത വർഷം." സീമ ചിരിച്ചു.

നന്ദുവിന്‌ എല്ലാവരോടും പറഞ്ഞറിയിക്കാനാകാത്ത കൃതാര്ഥത തോന്നി. ഇനിയവൾ മുന്നോട്ടു തന്നെ പോകും. കിട്ടുന്നത് രണ്ടാം സ്ഥാനമായാലും , ഇനി ഒന്നും കിട്ടിയില്ലെങ്കിലും. ഈ യത്നത്തെ ഒരുപക്ഷെ അവൾ ഫലത്തേക്കാൾ സ്നേഹിക്കുന്നു. ഏറ്റവും വിശുദ്ധമായി, തീവ്രമായി, ഒന്നും തിരിച്ചുകിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട്, സദാ സമയവും അതിനായി വേദനിച്ചുകൊണ്ട്, പ്രാർത്ഥിച്ചുകൊണ്ട്, ഏവരുടെയും അധിക്ഷേപത്തിനുപാത്രമായി, ഉരുകിയുരുകി , ഒന്നിനെ സ്നേഹിക്കുന്നത് തന്റെ വിധിയാകുമെന്ന് അവൾക്കു എന്തുകൊണ്ടോ തോന്നി.

എങ്കിലും ഈ സപര്യ- അത് തുടർന്നുതന്നെപോകും.

Friday, December 29, 2023

കുട്ടിക്കാലത്ത് സന്ധ്യദീപം തൊഴുത്, വല്യമ്മയോടൊപ്പം പ്രാർത്ഥനകൾ ഉരുവിടുമ്പോൾ ഏതെങ്കിലും ഒരു ദൈവം വന്ന് പ്രശ്നങ്ങളൊക്കെ തീർത്തുതരുമെന്ന് ഞാനോ അവരോ വിശ്വസിച്ചിരുന്നോ എന്ന് സംശയമാണ്. അവരെപ്പോലെ ഞാനും പ്രാർത്ഥനകളിലെ കവിതയെ സ്നേഹിച്ചു. അമ്പലത്തിൽ പോയിരുന്ന ഞായറാഴ്ചകളിൽ ഞാൻ അക്ഷരശ്ലോകക്‌ളാസ്സിനെ കുറിച്ചുമാത്രം ചിന്തിച്ചു. പിന്നീട് അമ്മയോടൊപ്പം വെസ്റ്റ്-ഹില്ലിൽ താമസിച്ചിരുന്ന കാലത്താണ് ദൈവവിശ്വാസം പോലെയെന്തോ തോന്നിത്തുടങ്ങിയത്.

ജീവിതത്തിലെ ഏഴോ എട്ടോ മാസങ്ങൾ മാത്രം ചിലവഴിച്ച വെസ്റ്റ്-ഹിൽ എന്ന സ്ഥലം എന്റെ ഭാവനയെ അത്യധികം സ്വാധീനിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് കടലും മറുഭാഗത്ത് കുന്നുകളും. അത്തരമൊരു ഭൂപ്രകൃതിയാൽ അനുഗ്രഹീതമായിരുന്നു അവിടം.

അവധിദിവസങ്ങളിൽ എനിക്ക് മനോഹരിയേച്ചിയോടൊപ്പം കടൽത്തീരത്തോ കുന്നിൻ ചെരിവിലെ വരയ്ക്കൽ ക്ഷേത്രത്തിലോ പോകാനുള്ള അനുവാദമുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അയൽപക്കത്തുള്ള ചില കുട്ടികളും ഞങ്ങളോടൊപ്പം കൂടി. എട്ടിനും പന്ത്രണ്ടിനും ഇടയ്ക്കുപ്രായമുള്ള കുട്ടികളുടെ ഒരു സംഘം മനോഹരിയേച്ചിക്കുപുറകിൽ ജാഥപോലെ നടന്നു.

വെസ്റ്റ്-ഹില്ലിലെ കടൽത്തീരത്ത് അന്നൊന്നും കപ്പലണ്ടി വിൽപ്പനക്കാർ പോലുമുണ്ടായിരുന്നില്ല. ഇരുവശത്തും ഓലമേഞ്ഞപുരകളുള്ള വഴികളും കാറ്റാടിക്കാടുകളും കഴിഞ്ഞാൽ കടലായി. അവിടത്തെ കാറ്റിനുപോലും ഉപ്പുരസമായിരുന്നു.

ഇനി ക്ഷേത്രത്തിലേക്കാണ് പോകേണ്ടതെങ്കിൽ ഒരു തീവണ്ടിപ്പാത മുറിച്ചുകടക്കണം. ആമ്പലും താമരയും നിറഞ്ഞ വലിയൊരു കുളത്തിനരിലൂടെ ദീർഘദൂരം നടക്കണം. അസംഘ്യം പടികൾ കയറണം. കുന്നിൻ ചെരിവിലാണ് ക്ഷേത്രം. ചില പ്രതിഷ്ഠകൾ ഗുഹയ്ക്കുള്ളിലാണ്.

നേരത്തെതന്നെ വീട്ടിൽനിന്നിറിങ്ങിയാലും എന്തുകൊണ്ടോ അമ്പലത്തിനടുത്തെത്തിച്ചേരുമ്പോൾ സന്ധ്യമയങ്ങിക്കാണും. മങ്ങിയ വെളിച്ചത്തിൽ കുളത്തിലെ ആമ്പലുകൾ തിളങ്ങാറുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. പൂക്കളുടെ അല്ലെങ്കിൽ സുഗന്ധദ്രവ്യങ്ങളുടെ ഹൃദയഹാരിയായ ഗന്ധം അന്തരീക്ഷത്തിൽ സദാ തങ്ങിനിന്നു.

ശ്രീകോവിലിനുമുന്നിൽ തൊഴുതുകൊണ്ടുനിൽക്കുമ്പോളും പിന്നീട് ഗുഹയ്ക്കുള്ളിലേക്ക് തലകുനിച്ചുനോക്കുമ്പോളും ഞാൻ പറയുന്നതുകേൾക്കാൻ സന്മനസ്സുള്ള ഒരു ദൈവം അരികിലുണ്ടെന്ന് എനിക്ക് എന്തുകൊണ്ടോ തോന്നിത്തുടങ്ങി. സന്ധ്യയുടെ സിന്ദൂരവർണ്ണം രാത്രിയുടെ ഇരുളുമായി കലരുന്ന ആ വേളയിൽ, മലഞ്ചെരിവിലെ പൂർണ്ണനിശ്ശബ്ദതയിൽ ഞാൻ പറയുന്നതെന്തും ആ ദൈവത്തിന് കേൾക്കാനാവുമായിരുന്നു.

എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് ആരും പറഞ്ഞുതന്നിട്ടില്ലായിരുന്നു. നിരവധി പ്രാർത്ഥനാഗീതങ്ങൾ കാണാതെപഠിച്ചിരുന്നു. ഭഗവത്ഗീതയും ആത്മോപദേശശതകവും പറയുന്ന തത്വചിന്തകളെക്കുറിച്ച് ചെറിയൊരു അറിവുണ്ടായിരുന്നു. ബൈബിളിലെയും ഖുറാനിലെയും ചിലഭാഗങ്ങളെങ്കിലും വായിക്കാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു. എങ്കിലും എന്താണ് പ്രാർത്ഥിക്കേണ്ടത് എന്ന് അറിയില്ല.

ഭൗതികമായ കാര്യങ്ങൾ ആവശ്യപ്പെടാൻ ഭയമായിരുന്നു. അതുകൊണ്ട് ഒരിക്കലും ആരെയും വേദനിപ്പിക്കാൻ ഇടയാകരുതേയെന്ന് പ്രാർത്ഥിച്ചു.

പ്രാർത്ഥിക്കാനാകുന്നത് വലിയൊരു കാര്യമാണ് എന്ന് മനസ്സിലാക്കിയത് പിന്നീടാണ്. സ്വയം തീർക്കാനാകാത്ത പ്രശ്നങ്ങൾ ജീവിതം മുന്നിലേക്കിട്ടുതരുമ്പോൾ പിന്നെന്താണ് ചെയ്യാനാകുക.

വിഷമവേളകളിൽ ഞാൻ ഇപ്പോഴും മലഞ്ചേരിവിലെ ആ ക്ഷേത്രം വിഭാവനചെയ്യാറുണ്ട്. തിളങ്ങുന്ന ആമ്പൽപ്പൂക്കളും, ചുവന്ന മേഘങ്ങളും , അഭൗമമായ സുഗന്ധവും, ഞാൻ പറയുന്നതുകേൾക്കാൻ സന്മനസ്സുള്ള ദൈവവും അരികിലുണ്ടെന്ന് വിചാരിക്കാറുണ്ട്. ആ ദൈവം പറയുന്നതുകേൾക്കാനായി കാതോർത്തിരിക്കാറുണ്ട്.

ദൈവം എന്നെ ഏല്പിച്ചവരെയെല്ലാം തീവ്രമായി സ്നേഹിക്കാൻ എനിക്കുകഴിയട്ടെ. കുഴഞ്ഞുമറിഞ്ഞ ജീവിതസാഹചര്യങ്ങളിൽ കൂടുതൽ സ്നേഹിക്കുക എന്നതല്ലാതെ മറ്റൊരുത്തരവും എനിക്കൊരിക്കലും കണ്ടെത്താനായിട്ടില്ല. എന്റെ തുച്ഛമായ ജീവിതത്തിൽ ആകെ ചെയ്യാനാകുന്നത് ഒരുപക്ഷെ അതുമാത്രമായിരിക്കും.

Saturday, December 23, 2023

ചോരചിന്തുന്നോരടർക്കളമെങ്കിലും തളരാതെതന്നെ നാം മുന്നോട്ടുപോയിടും. എത്രമേലന്ധകാരത്താലുഴറിലും വീണ്ടും പ്രതീക്ഷതൻ പുലരിയെ കാത്തിടും. എന്നോ പരസ്പരം നൽകിയ വാഗ്ദാന മെന്നും കരുത്തായിയുള്ളിൽ കരുതിടും. തളരാതിരിക്ക നീ ഹൃദയമേയീവിധം, പിരിയാതെയോരോമിടിപ്പിലുമുണ്ടുഞാൻ.

Thursday, December 14, 2023

ഇരുളുന്ന വാനമേ, പറയുവാനാകുമോ അകതാരിനുള്ളിലൊതുക്കുവതെന്തു നീ?

Sunday, December 10, 2023

കാലം തെളിച്ചോരു കൂരിരുൾ പാതയിൽ മൂകം ചരിയ്ക്കുകയാണു ഞാനെങ്കിലും, ഉള്ളിന്റെയുള്ളിൽ ജ്വലിക്കുകയാണു നീ 
എന്നോ കൊളുത്തിയ തിരുനാളമിപ്പൊഴും.

Monday, December 4, 2023

മഞ്ഞിൻ മലരുകൾ ചൂടും പ്രഭാതമി- ന്നെന്താണുചൊല്ലുന്നതെന്നോടുമാത്രമായ്! ഒരുവേള രാവിന്റെ മുഖപടം മൂടി ഞാൻ ഏറെ കരഞ്ഞെന്നറിഞ്ഞുവെന്നാകുമോ ?

Tuesday, November 21, 2023

അതിഗൂഢമെന്നെപ്പൊതിയും നിശബ്ദതേ എന്നുനീ ഇമ്പമായെൻ പേർ വിളിച്ചിടും. എന്നു വന്നെന്നോടു ചൊല്ലിടും, നിനവിലും നേരിന്റെ നോവാലൊളിപ്പിച്ചതൊക്കെയും.

Friday, November 10, 2023

കഥകളുടെ കാലം - പതിനാല്

ഭീരുക്കളുടെ ലോകം

ശനിയാഴ്ച്ചദിവസം അമ്മ ഓഫീസിലേക്കുപോകാനായി തയ്യാറായി വന്നിട്ടും, സീമ പഠനമേശയ്ക്കരികിൽനിന്ന് എഴുനേറ്റിരുന്നില്ല.

"എനിയ്ക്ക് ചെറിയൊരു തലവേദന, പിന്നെ തിങ്കളാഴ്ച കണക്കുപരീക്ഷയാണ്, പഠിക്കാനുമുണ്ട് ധാരാളം," അമ്മയുടെ ചോദ്യഭാവത്തിലുള്ള നോട്ടം തന്റെമേൽ പതിയുന്നതറിഞ്ഞുകൊണ്ട് സീമ പറഞ്ഞു.

"പുസ്തകങ്ങൾ എടുത്താൽ പോരെ, അവിടെയിരുന്നും പഠിക്കാമല്ലോ.." അമ്മയുടെ ശബ്ദത്തിൽ പരിഭ്രാന്തിയുണ്ടായിരുന്നു.

"പക്ഷെ തലവേദന.. വെയിലുകൊണ്ടാൽ കൂടിയാലോ? തിങ്കളാഴ്ച്ച പരീക്ഷ യുണ്ട്, അതുകൊണ്ടാണ്. അച്ഛൻ എന്തായാലും ഉച്ചയോടെ വരുമല്ലോ. അതുവരെയല്ലേ ഞാൻ ഒറ്റയ്ക്കുള്ളൂ.."

അമ്മ കുറച്ചുനേരം കൂടി എന്തുചെയ്യണം എന്നറിയാതെ സീമയെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു.

"ബസ്സിനു സമയമാകുന്നു.." സീമ ഓർമ്മിപ്പിച്ചു.

ഒടുവിൽ അമ്മ കുടയും ബാഗും ചോറുപാത്രവുമായി തിരക്കിട്ട് പടികളിറങ്ങി. തന്റെ വീടുൾപ്പെടുന്ന കെട്ടിടത്തിനുമുന്നിലുള്ള വഴികളിലൂടെ നടന്ന് മതിലിനപ്പുറത്ത് അമ്മ അപ്രത്യക്ഷയാകുന്നതുവരെ സീമ ജനലിലൂടെ നോക്കി നിന്നു. അവൾക്ക് വല്ലാത്തൊരു കുറ്റബോധം തോന്നി. ആദ്യമായാണ് അമ്മയോടൊരു നുണ പറയുന്നത്. ഇനിയിതാവർത്തിക്കില്ല എന്ന് അവൾ സ്വയം പറഞ്ഞു. പക്ഷെ അത് സാധ്യമാണോ. ശനിയാഴ്ചകളിൽ അല്ലാതെ അഭിലാഷിനോട് കുറച്ചുസമയം ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം കിട്ടുന്നതെന്നാണ്?

പുതിയ സൗഹൃദം തന്നിൽ വരുത്തിയ മാറ്റങ്ങൾ സീമയും അറിഞ്ഞുതുടങ്ങിയിരുന്നു. ബസ്‌സ്റ്റോപ്പിലും ബസ്സിലും വീടിനുമുന്നിലുള്ള വഴികളിലും വച്ച് അഭിലാഷുമായി സംസാരിക്കുമ്പോൾ ഭയവും ആവേശവും ചേർന്ന ഒരു വികാരമാണ് അവൾക്കുതോന്നിയിരുന്നത്. തന്നെക്കാൾ മൂന്നോ നാലോ വയസ്സുകൂടുതലുള്ള ഒരു ആൺകുട്ടിയുമായി, ദൈനംദിനജീവിതത്തിലെ ഏറ്റവും നിസ്സാരവും ബാലിശവുമായ കാര്യങ്ങൾപോലും പങ്കിടുന്നതിൽ ഇത്രയും രസമുണ്ടാകുമെന്ന് ആരറിഞ്ഞു ? അസൂയാലുക്കളായ അഭ്യുദയകാംക്ഷികൾ പറഞ്ഞ്, അമ്മ എല്ലാം അറിയുകയാണെങ്കിൽ എന്താകുമെന്ന് ചിന്തിക്കാതെയല്ല. പക്ഷെ അവളുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സാഹസികത ഉണർന്നു കഴിഞ്ഞിരുന്നു.

സമയം പത്തുമണി കഴിഞ്ഞതേയുള്ളൂ. സീമ കുറച്ചുനേരം പാഠപുസ്തകങ്ങൾ മറിച്ചുനോക്കി. പിന്നീട് നന്ദിനിയെഴുതിയ നാടകത്തിന്റെ ആദ്യരംഗങ്ങൾ ഒന്നുകൂടി വായിച്ചു.

പത്താംക്ലാസ്സുകഴിഞ്ഞ് നഗരത്തിലെ കോളേജിൽ പഠിക്കാനെത്തിയ ദേവി തന്റെ പുതിയലോകവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. തന്റെ നീണ്ടതലമുടി ഏറ്റവും വലിയ ഭാരമാണെന്ന് അവൾക്കുതോന്നുന്നു. തൻറെ നീണ്ട പാവാടകളെ അവൾ വെറുത്തുതുടങ്ങിയിരുന്നു. ക്രമേണ അവളുടെ രൂപത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുന്നു. അതു ശ്രദ്ധിച്ച ടീച്ചർ അവളെ ആൾക്കൂട്ടത്തിൽ സ്വയം നഷ്ടപ്പെടരുതെന്ന് ഉപദേശിക്കുന്നു. ദേവി മിണ്ടാതെ കേട്ടുനിൽക്കുകയല്ല, മറിച്ച് തന്റെ ഭാഗം വിശദീകരിക്കുകയാണ്.

'കുട്ടിക്കാലം മുതൽ അച്ഛനും അമ്മയും സമൂഹവും വരച്ചിട്ട വരകളിലൂടെയാണ് ഞാൻ നടന്നത്. മുടിനീട്ടിവളർത്തണമെന്നും കാൽവണ്ണ മറയുന്ന പാവാടകൾ ധരിയ്ക്കണമെന്നും തീരുമാനിച്ചത് അമ്മയാണ്. ഞാനല്ല. ഏതു കോളേജിൽ ഏതുവിഷയം പഠിക്കണമെന്നു തീരുമാനിച്ചത് അച്ഛനാണ്, ഞാനല്ല. ഈ ലോകം, പുഴകളും പൂമ്പാറ്റകളുമുള്ള ഈ ലോകം, മഴയും മൺപാതകളുമുള്ള ഈ ലോകം എന്റേതുകൂടെയല്ലേ.. എന്റെ വഴികളിലുള്ള ചതിക്കുഴികളെ തിരിച്ചറിയേണ്ടത് ഞാൻ തന്നെയല്ലേ...'

സീമ വായനനിർത്തി അൽപനേരം തലയിൽ കൈവച്ചിരുന്നു.

പുഴയും പൂമ്പാറ്റകളും .. മഴയും മൺപാതകളും..

ഇത്തരം വാക്കുകളൊന്നും ഉപയോഗിക്കരുതെന്ന് നന്ദിനിയോട് പറഞ്ഞിരുന്നതാണ്. തീപ്പൊരികളാണ് വേണ്ടത്.. തീപ്പൊരികൾ!

എന്താണ് തിരുത്തി എഴുതേണ്ടത്? കഴിഞ്ഞ ദിവസം തന്റെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനായി അഭിലാഷ് തയ്യാറാക്കിയ പ്രസംഗം സീമ വായിച്ചിരുന്നു. ഭീരുക്കൾ വെറുക്കപ്പെടേണ്ടവരാണ് അതുകൊണ്ട് ഭീരുവാകരുത് എന്നൊക്കെ അതിലുണ്ടായിരുന്നു. അതെടുത്ത് ഇവിടെ പ്രയോഗിച്ചാലോ? നന്ദിനി എന്തുപറയും? ഇത്രയധികം പുസ്തകങ്ങൾ വായിച്ചിട്ടും തനിക്ക് സ്വന്തമായി ആശയങ്ങളൊന്നുമില്ലല്ലോ എന്നോർത്തപ്പോൾ സീമയ്ക്ക് ചിരിവന്നു.

മേശപ്പുറത്തിരുന്ന അലാറം ക്ലോക്ക് സമയം പത്തര കഴിഞ്ഞെന്നു സീമയെ ഓർമ്മിപ്പിച്ചു. സീമ വീണ്ടും ജനലിലൂടെ പുറത്തേക്കുനോക്കി.കളിസ്ഥലത്ത് കുട്ടികൾ കളിക്കുന്നുണ്ട്. വീടിനുമുൻപിലുള്ള വഴികൾ ഒഴിഞ്ഞുകിടക്കുന്നു. ഓഫീസിലേക്ക് പോകുന്നവർ ഇതിനകം തന്നെ പോയിരിക്കണം. ചെറിയ മഴച്ചാറലുണ്ട്. അതുവകവയ്ക്കാതെ സീമ പതുക്കെ പുറത്തേക്കിറങ്ങി.

കളിസ്ഥലം വലംവച്ച് നടന്ന്, മതിലിനരികിലുള്ള ആൽമരത്തിനുപുറകിൽ അഭിലാഷിനെയും കാത്തുനിന്നുതുടങ്ങിയപ്പോൾ സീമയ്ക്ക് പരിചിതമായ ആ ഭയം വീണ്ടും അനുഭവപ്പെട്ടുതുടങ്ങി. ഏതെങ്കിലും ഒരു കെട്ടിടത്തിന്റെ ജനാലയിലൂടെ ആരെങ്കിലും തന്നെ കാണുന്നുണ്ടാവില്ലേ.. ആരെങ്കിലും അമ്മയോടുപറഞ്ഞാൽ എന്താകും സ്ഥിതി? എന്നാൽ കളിസ്ഥലത്തുനിന്ന് അഭിലാഷ് വന്നുകഴിഞ്ഞപ്പോൾ അത്തരം ആകുലതകളെല്ലാം മാഞ്ഞുപോയി.

"എവിടെയായിരുന്നു? അമ്മ ഓഫീസിൽ പോയിട്ട് ഒരുമണിക്കൂറോളമായല്ലോ?" അവൻ ചെറിയൊരു പരിഭവത്തോടെ ചോദിച്ചു.

"'അമ്മ മാത്രം പോയാൽ മതിയാവില്ലല്ലോ, ഓഫീസിൽ പോകുന്നവരുടെ തിരക്കുകഴിയട്ടെ എന്നുകരുതി. പിന്നെ സ്‌കൂളിലേക്ക് ചിലതു തയ്യാറാക്കാൻ ഉണ്ടായിരുന്നു." സീമ പറഞ്ഞു.

"ഇങ്ങനെ ഏതുനേരവും പഠിച്ചാൽ തലപൊട്ടില്ലേ.." അഭിലാഷ് ചിരിച്ചുകൊണ്ട് സീമയുടെ കൈ തന്റെ കയ്യിലെടുത്തു. വിരലുകളിൽ കുരുങ്ങുന്ന വിരലുകൾ. തന്റെ കൈകൾ മഞ്ഞുപോലെ തണുത്തതായി സീമയ്ക്ക് തോന്നി.

"പഠിക്കുകയായിരുന്നില്ല, ഞങ്ങൾ സ്‌കൂളിൽ ഒരു നാടകമവതരിപ്പിക്കുന്നുണ്ട്, അതാണ്."

"നാടകമോ? കൊള്ളാം..നായിക നീ തന്നെ ആയിരിക്കും അല്ലേ?"

"ഞാനല്ല, ഞാൻ അഭിനയിക്കുന്നേയില്ല!"

"നിന്നെപ്പോലെ ഒരു സുന്ദരി നാടകത്തിൽ നായികയായില്ല എന്നോ?" അഭിലാഷ് അത്ഭുതത്തോടെ സീമയെ നോക്കി. "ആരാണ് നായികയെ തിരഞ്ഞെടുത്തത്, ഇത്രയും നല്ലൊരാൾ ഉണ്ടായിരുന്നിട്ടും ആരാണ് മറ്റൊരാളെ നായികയാക്കിയത്?"

"ഞാൻ തന്നെ," സീമ അഭിമാനത്തോടെ പറഞ്ഞു. "ഞാനാണ് നാടകം സംവിധാനം ചെയ്യുന്നത്."

"സംവിധാനമോ? നീയോ?" അഭിലാഷ് ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു. " അതൊക്കെ കാണാൻ ഭംഗിയില്ലാത്ത ആളുകൾ ചെയ്യുന്നതല്ലേ.."

സീമയ്ക്ക് അപ്പോൾ എന്തുകൊണ്ടോ കലശലായ അസ്വസ്ഥത തോന്നി. അവളുടെ കൈവിരലുകളിൽ ഉറഞ്ഞുകൂടിയ തണുപ്പ് അസഹ്യമായി. അവൾ പതുക്കെ പതുക്കെ തന്റെ വിരലുകൾ ഓരോന്നായി വേർപെടുത്തി, അഭിലാഷിൽ നിന്നും അല്പം മാറി നിന്നു. താൻ ഒരു ഭീരുവാണെന്ന് അവൾ സ്വയം പറഞ്ഞു.

തിങ്കളാഴ്ച്ച രാവിലെ സ്‌കൂളിലെത്തിയപ്പോൾതന്നെ, സീമ നാടകത്തിന്റെ തിരുത്തേണ്ട ഭാഗത്തെക്കുറിച്ചു സംസാരിക്കാനായി നന്ദിനിയുടെ അടുത്തെത്തി. തന്റെ ഡെസ്കിൽ നിമിഷയുടെ അടുത്തിരിക്കുകയാണ് നന്ദിനി. ആരോ വരച്ച ഒരു ചിത്രമുണ്ട് അവളുടെ കയ്യിൽ.

"ഇത്തവണ ചിത്രമാണ്, ഇനി ഞാനിതു കണ്ടുപിടിക്കും.." നിമിഷ പറയുകയാണ്.

സീമയും നോക്കി. മേശപ്പുറത്തു കത്തിച്ചുവെച്ച മെഴുകുതിരികളെ നോക്കി കരയുന്ന പെൺകുട്ടിയുടെ ചിത്രം.

"ചിത്രം മാത്രമല്ല!" നന്ദിനി കടലാസിന്റെ മറുപുറം കാണിച്ചു. ചെരിഞ്ഞ കൈപ്പടയിലെഴുതിയ വരികൾ.

'ഹൃദയം തകർന്നേക്കാം, പക്ഷെ തകർന്നവരും ജീവിക്കണമല്ലോ..'

"ലോർഡ് ബൈറൺന്റെ വരികളാണ്.." സീമ ആലോചിക്കാതെ പറഞ്ഞുപോയി.

"ഇനി എളുപ്പമായി," നിമിഷ പറഞ്ഞു. "നമ്മുടെ ക്ലാസ്സിൽ നന്നായി വരയ്ക്കുന്നവർ ആരൊക്കെയാണ് , പിന്നെ കവിതയും കഥയുമൊക്കെ വായിക്കുന്നവർ ആരൊക്കെയാണ്, ഈ രണ്ടു സെറ്റുകളുടെയും ഇന്റർസെക്ഷൻ എടുത്താൽ അതിൽ എത്രപേർ വരും?"

നിമിഷ ചോദ്യഭാവത്തിൽ നന്ദിനിയുടെയും സീമയുടെയും മുഖത്തുനോക്കി. നന്ദിനിയുടെ മുഖത്ത് ആശ്ചര്യവും അതോടൊപ്പം ഭയവും പരക്കുകയാണ്. വിഷയം മാറ്റുന്നതാകും നല്ലതെന്ന് സീമയ്ക്ക് തോന്നി.

"നമ്മുടെ നാടകം, എനിക്കു ചില സംഭാഷണങ്ങൾ ഇഷ്ടപ്പെട്ടില്ല, നമുക്കൊന്നുനോക്കിയാലോ.." സീമ നന്ദിനിയുടെ കയ്യിൽ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു.

കണക്കുപരീക്ഷ എങ്ങനെയോ എഴുതിത്തീർത്ത ശേഷം ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ സ്‌കൂളിന്റെ പിൻ ഭാഗത്തുള്ള കളിസ്ഥലത്ത് നാടകപരിശീലനം തുടങ്ങുകയായി.

മടക്കികെട്ടിവച്ചിരുന്ന നീണ്ട തലമുടി അഴിച്ചിട്ട്, ദിവ്യ തന്റെ കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ ആവാഹിച്ചെടുക്കാൻ തയ്യാറായി. ആരോ കൊടുത്ത ഒരു ഷാൾ പാവാടയ്ക്കും ഷർട്ടിനും മീതെയായി കെട്ടി ലേഖ ടീച്ചറായി.

'ഈ ലോകം എന്റേതുകൂടെയാണ്...," ദിവ്യയുടെ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു. "എന്റെ വഴികളിൽ ചേറും ചെളിയുമുണ്ടായിരിക്കട്ടെ, പക്ഷെ ഞാൻ തളരില്ല. കാരണം എനിക്കറിയാം, ഇന്നല്ലെങ്കിൽ നാളെ ഞാൻ തേടുന്നത് ഞാൻ കണ്ടെത്തുക തന്നെ ചെയ്യും."

സീമ നന്ദിനിയെ നോക്കി. നന്ദിനിയുടെ മുഖത്ത് അപ്പോഴും ഭയമുണ്ട്. അവൾ കയ്യിൽ മുറുക്കെ പിടിച്ചിരുന്ന കടലാസുകൾ പോലും വിറയ്ക്കുന്നുണ്ടായിരുന്നു.സംവിധായികയുടെ ഗൗരവത്തോടെ, ആ രംഗം വീണ്ടും മാറ്റിയെഴുതേണ്ടതുണ്ടെന്ന് സീമ പ്രഖ്യാപിച്ചു.

Tuesday, October 24, 2023

മേഘങ്ങളോടിനി എന്തുചൊല്ലീടുവാൻ ?
 പ്രാണൻ പിളർന്നൊരു നോവിന്റെ പാട്ടുകൾ പാടിത്തളർന്നൊരു ചുണ്ടിലെ ഗദ്ഗദം ഈണങ്ങളാകാൻ വിസമ്മതിച്ചീടവേ, മേഘങ്ങളോടിനി എന്തുഞാൻ ചൊല്ലുവാൻ? ആർത്തനാമാകാശമിരുളിലാഴുന്നതും മൂകമായെന്തിനോ കണ്ണുനീർവാർപ്പതും, അകലെയെന്നാകിലും അറിയുന്നു, എങ്കിലും, ആർത്തിരമ്പുന്നൊരീ കാറ്റിന്റെ മൂളലിൽ, മേഘങ്ങളോടിനി എന്തുഞാൻ ചൊല്ലുവാൻ അരികിൽ വന്നെന്നോടു ചൊല്ലുകില്ലെങ്കിലും ഒരുവേള, തോളിലായ് ചായുകില്ലെങ്കിലും നനയട്ടെ, ഞാനുമീ വർഷപാതത്തിലെൻ നെഞ്ചിലേറ്റട്ടെ ഞാൻ, വിങ്ങുംവ്യഥകളെ. മേഘങ്ങളോടിനി എന്തുഞാൻ ചൊല്ലുവാൻ

Wednesday, October 18, 2023

ഹൃദയമേ, നീയുള്ളിലാഴ്ത്തിയ നോവുകൾ സ്പന്ദിക്കയാണെന്നറിയാതെപോയി ഞാൻ. മൊഴികളിലെന്നോ കലർന്നോരു മൂകത മന്ത്രിച്ചതെന്തെന്നറിയാതെപോയി ഞാൻ.

Saturday, October 14, 2023

കഥകളുടെ കാലം - പതിമൂന്ന്

മന്ത്രവാദിനി

'മാളവിക തന്റെ രാജകീയ ജീവിതം ആസ്വദിച്ചുവരികയാണ്. തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് കണ്ണാടിക്കുമുന്നിൽ നില്ക്കാൻ അവൾക്ക് ഏറെ ഇഷ്ടമാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്റെ കവിളുകൾ തുടുത്തതായും തലമുടി നീണ്ടു കനംവച്ചതായും കണ്ട് അവൾ അത്ഭുതപ്പെട്ടു. ദിവസവും തീന്മേശയിൽ നിരത്തിയിരിക്കുന്ന വിശിഷ്ട വിഭവങ്ങൾ അവൾ ആർത്തിയോടെ ഭക്ഷിച്ചു. മനോഹരമായ ചുവർചിത്രങ്ങൾ കൊണ്ട് അലംകൃതമായ ഇടനാഴികളിലൂടെ ഉലാത്തി.

എന്തുകൊണ്ടാണ് ഇവിടെ വാതിലുകളും ജനാലകളും ഇല്ലാത്തത്? നിഴലുകളെ ഭയന്നിട്ടാണോ? നിഴലുകളുടെ ലോകത്തിൽ നിന്ന് രക്ഷപ്പെട്ടുവന്നവരാണോ ഇവിടെ ഉള്ള മറ്റുള്ളവരും. ചിലപ്പോഴൊക്കെ മാളവിക ചിന്തിക്കാറുണ്ടായിരുന്നു. എങ്കിലും എന്തുകൊണ്ടോ അവൾക്ക് അതേപറ്റി ആരോടും ചോദിക്കാനായില്ല. കൂടുതൽ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുകയാണെങ്കിൽ താൻ കുമാരി മാളവിക അല്ലെന്ന് ആരെങ്കിലും മനസിലാക്കിയാലോ?

അപ്രതീക്ഷിതമായെങ്കിലും തനിക്കുലഭിച്ച സൗഭാഗ്യങ്ങളെ അത്രവേഗം വേണ്ടെന്നുവയ്ക്കാൻ മാളവിക ഒരുക്കമല്ലായിരുന്നു.

എങ്കിലും രാത്രിയിൽ തന്റെ സപ്രമഞ്ചക്കട്ടിലിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ, അമ്മയുടെ താരാട്ടുപാട്ട് ദൂരെയെവിടെയോ നിന്നും ഒഴുകിവരുന്നതായി മാളവികയ്ക്കുതോന്നും. അപ്പോഴൊക്കെ അവളുടെ കണ്ണുനനയും.'

നന്ദു എഴുത്തുനിർത്തി ചുറ്റും നോക്കി. താഴെനിന്ന് ശബ്ദം എന്തെങ്കിലും കേൾക്കുന്നുണ്ടോ ? തന്റെ പുതിയ ഒളിസങ്കേതത്തിൽ ഒളിച്ചിരിക്കുകയായിരുന്നു അവൾ. മുറിയുടെ ഭിത്തിയുടെ ഏറ്റവും മുകളിലായി , ചുവരലമാരിയുടെ പ്രത്യേകം വാതിലുള്ള മുകളിലത്തെ തട്ടിൽ വലിഞ്ഞുകയറിയിരിക്കാൻ ആയിടെയാണ് അവൾ പഠിച്ചത്. കുട്ടിക്കാലത്ത് പേരമരത്തിന്റെ ഇലകൾക്കിടയിൽ ഒളിച്ചിരിക്കുമ്പോൾ, താൻ താഴെയുള്ള ലോകത്തിന്റെ ഭാഗമേയല്ല എന്ന് അവൾക്ക് തോന്നിയിരുന്നു. അതുപോലെയൊരു ആവേശമാണ് ഈ പുതിയ ഇടവും അവൾക്ക് സമ്മാനിച്ചത്.മുറിയുടെ വാതിൽ തുറന്നുനോക്കുന്നവർക്ക് അവിടെ ആരുമില്ല എന്നുതോന്നും. മുറിയുടെ മുകളിൽ നന്ദുവെന്ന ഒരാൾ ഒളിച്ചിരിക്കുണ്ടെന്ന് ആരും അറിയില്ല.

ഒഴിവുദിവസങ്ങളിലും മറ്റും ഒളിച്ചിരിക്കാൻ ഒരു സ്ഥലം കണ്ടുപിടിക്കണമെന്ന് നന്ദു കുറേക്കാലമായി ആഗ്രഹിച്ചിരുന്നു. ഒരർത്ഥത്തിൽ നിഴലുകളെ ഭയന്നോടി ചുമരലമാരിക്കുള്ളിലെ അത്ഭുതലോകം കണ്ടെത്തിയ മാളവികയെപ്പോലെ തന്നെ ആയിരുന്നു അവൾ.

നന്ദു വീണ്ടും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. അമ്മയെ കുറിച്ചോർക്കുയാണ് മാളവിക. അമ്മയുടെ വാത്സല്യത്തെക്കുറിച്ചുള്ള വർണ്ണനകളാണ് ഇനി വേണ്ടത്. എന്താണെഴുതേണ്ടത്. ഇവിടെയാണ് ഭാവന വേണ്ടത്.

സ്‌കൂളിലെ കൂട്ടുകാർ തങ്ങളുടെ അച്ഛനമ്മമാരെക്കുറിച്ചും സഹോദരങ്ങളെ കുറിച്ചും സംസാരിക്കുമ്പോൾ തന്റെ അമ്പരപ്പും ആശ്ചര്യവും പുറത്തുകാട്ടാതിരിക്കാൻ അവൾ ശ്രമിക്കാറുണ്ട്. ചിലപ്പോളൊക്കെ 'അതെ, എന്റെ വീട്ടിലും അതുപോലെ തന്നെ' എന്നൊക്കെ പറയുകയും ചെയ്യും. ഭാവനയുടെ മായാലോകത്ത് വിരാചിക്കുന്ന അവൾക്ക് അത്തരം ചെറിയ നുണകളൊക്കെ നിസ്സാരമായിരുന്നു.

'അമ്മയെ കുറിച്ചുള്ള ഓർമ്മകൾ ഒരു ശൃംഖലയായാണ് വരിക. ഒന്നിനുപുറകിൽ മറ്റൊന്നായി, അന്തമില്ലാത്ത ഒരു ചങ്ങലപോലെ അത് മാളവികയെ വരിഞ്ഞുമുറുക്കി.' നന്ദു വീണ്ടും എഴുതിത്തുടങ്ങി. 'വീട്ടിനുപിറകിലെ അടുപ്പിനുമുന്നിൽ കുനിഞ്ഞിരുന്ന് തീയൂതുന്ന അവരുടെ രൂപം. നെറ്റിയിൽ പൊടിയുന്ന വിയർപ്പുതുള്ളികൾ, സ്കൂൾ വിട്ടെത്തുന്ന മാളവികയെ കാണുമ്പോൾ വിടരുന്ന പുഞ്ചിരി....

തന്റെ ഗദ്ഗദം പുറത്തുകേൾക്കാതിരിക്കാൻ മാളവിക തലയണകൊണ്ട് മുഖം പൊത്തും. കരഞ്ഞുകരഞ്ഞ് രാത്രിയുടെ ഏതോ ഒരു യാമത്തിൽ ഉറങ്ങും. പ്രഭാതത്തിൽ പ്രാതൽമേശയിൽ തന്നെ കാത്തിരിക്കുന്ന വിഭവങ്ങളെ ഓർത്ത് വീണ്ടും സന്തോഷിക്കും.തന്റെ ആയാസരഹിതമായ ജീവിതം അമ്മയുടേതിൽനിന്ന് എത്ര വ്യത്യസ്തമാണ് എന്ന് ഓർത്ത് ആശ്വസിക്കും.

ഇത്തരമൊരു ക്രമത്തിൽ, സംഭ്രമമുണ്ടാക്കുന്ന ഒന്നും തന്നെയില്ലാതെ ദിനരാത്രങ്ങൾ മുന്നോട്ടുപോകുകയായിരുന്നു. അപ്പോഴാണ് ആ കത്ത് അവളെ തേടിയെത്തിയത്.

"മന്ത്രവാദിനിയുടെ കത്താണ്," കത്ത് മാളവികയുടെ കയ്യിലേൽപിച്ച് പരിചാരിക പറഞ്ഞു. ഞെട്ടലോടെ മാളവിക കത്ത് തുറന്ന് വായിച്ചു.

'എവിടെ ഞാൻ ആവശ്യപ്പെട്ട മെഴുകുതിരികൾ. കുമാരി മാളവിക എന്റെ ക്ഷമ പരീക്ഷിക്കുകയാണോ?'

ആ കയ്യക്ഷരം താൻ എവിടെയോ കണ്ടിട്ടുള്ളതായി മാളവികയ്ക്കുതോന്നി. ആരാണീ മാന്തവാദിനി.. മെഴുകുതിരികൾ.. തീർച്ചയായും ഈ കയ്യക്ഷരം മുൻപ് കണ്ടിട്ടുണ്ട്.

"ഈ മന്ത്രവാദിനിയുടെ പേര് ഡെട്രീഷ്യ എന്നാണോ?" മാളവിക ചോദിച്ചു.

"കുമാരീ.., ദയവുചെയ്ത് ആ പേര് ഇത്ര ഉറക്കെ പറയാതിരിക്കൂ. ആ പേരുകേൾക്കുന്നതുതന്നെ എനിക്ക് ഭയമാണ്." പരിചാരിക പറഞ്ഞു.

മന്ത്രവാദിനി ഡെട്രീഷ്യ! നന്ദുവിന്‌ തന്റെ ഭാവനയിൽ അഭിമാനം തോന്നി. പെട്ടെന്ന് താഴെ മുറിക്കുള്ളിൽ കാലൊച്ചകേട്ടു. നന്ദു ശ്വാസമടക്കിപ്പിടിച്ചിരുന്നു.

പിറ്റേന്ന് സമരമായിരുന്നു. ഭാവി പ്രവചിക്കാനാവുന്ന മന്ത്രവാദിനിയെപോലെ അന്ന് സമരമാണെന്ന് സീമ രാവിലെ തന്നെ പ്രഖ്യാപിച്ചിരുന്നു.

"നിനക്കെങ്ങനെ അറിയാം," ലേഖ ചോദിച്ചു.

"അത്, ബസ്സിൽ ആരൊക്കെയോ പറയുന്നതുകേട്ടു." സീമ വിക്കി വിക്കിയാണ് മറുപടി കൊടുത്തത്. അവളുടെ മുഖം ചുവന്നുതുടുക്കുന്നത് നന്ദു ശ്രദ്ധിച്ചു. ആയിടെയായി ഒരുകാരണവുമില്ലാതെ സീമയുടെ മുഖം ചുവക്കാറുണ്ട്. എന്തുകൊണ്ടാണത് ?

പതിവില്ലാതെ പുസ്തകങ്ങളും ബാഗുമെടുത്ത് സീമ വേഗം തന്നെ വീട്ടിലേക്കുപോകാൻ ഒരുങ്ങി.

"കുറച്ചുനേരം നിന്നുകൂടെ ," നന്ദു കെഞ്ചി.

"എന്തിനാണ്? നിന്റെ കഥ വായിക്കാനാണോ ?" സീമ ചിരിച്ചുകൊണ്ട് ചോദിച്ചു.

"അതുമാത്രമല്ല, ലേഖയ്ക്ക് മറ്റൊരുകാര്യം പറയാനുണ്ട്."

"തേക്കിൻതൈ നടനാണെങ്കിൽ ഇന്ന് ഞാനില്ല." സീമ ഉറപ്പിച്ചു പറഞ്ഞു.

നന്ദുവിന്റെ എഴുത്തുപുസ്തകം വാങ്ങി , സീമ നിമിഷങ്ങൾകൊണ്ട് പുതിയ ഭാഗങ്ങൾ വായിച്ചു തീർത്തു.

"മന്ത്രവാദിനി ഡെട്രീഷ്യയോ?" അവൾ പൊട്ടിച്ചിരിച്ചു.

"ഈ കഥയിൽ ഒരു മന്ത്രവാദിനി തന്നെ വേണ്ടേ നിഴലുകളെ തുരത്താൻ," നന്ദു മടിച്ചുകൊണ്ടുപറഞ്ഞു. സീമയുടെ വിമർശനം അവൾ പ്രതീക്ഷിച്ചതുതന്നെയാണ്. എങ്കിലും അത് തീർത്തും ക്രൂരമാകരുതെന്ന് അവൾ ആഗ്രഹിച്ചിരുന്നു. യാഥാർത്ഥജീവിതവുമായി ബന്ധമില്ലാത്ത കഥകളൊന്നും സീമയ്ക്ക് മനസ്സിലാക്കാനാവുന്നില്ല എന്ന് നന്ദുവിന്‌ തോന്നിയിരുന്നു.

"ശരിയാണ്," കുറച്ചുനേരം ആലോചിച്ചതിനുശേഷം സീമ പറഞ്ഞു. "കഥ നന്നാവുന്നുണ്ട്."

"ശരിക്കും?" നന്ദുവിന്‌ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും അത്ഭുതവും തോന്നി. ഓരോവാചകമായി കീറിമുറിച്ച് വിമർശിക്കാൻ നിൽക്കാതെ സീമ പറയുകയാണ് കഥ നന്നാവുന്നുണ്ടെന്ന്.

"ഇനി ഞാൻ പോകട്ടെ," സീമ ചോദിച്ചു. അവളുടെ ശബ്ദത്തിൽ വല്ലാത്തൊരു തിടുക്കമുണ്ടായിരുന്നു.

"പോകാനോ? നമുക്ക് വായനാക്ലബ്ബിന്റെ പുതിയ ഘട്ടത്തെ കുറിച്ച് ആലോചിക്കണ്ടേ. പുതിയ ക്ലാസ്സ് ടീച്ചറോട് ലൈബ്രറി തുറപ്പിക്കുന്നതിനെ പറ്റി പറഞ്ഞാലോ?"

സീമ മനസ്സില്ലാമനസ്സോടെയെന്നവിധം ക്ലാസ്സിന്റെ വരാന്തയിൽ ചെന്നിരുന്ന് നന്ദുവിനോടും ലേഖയോടും മറ്റുചിലകുട്ടികളോടും വായിച്ചുതീർത്ത പുസ്തകങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞു. ഒടുവിൽ ഓരോരുത്തരായി പിരിഞ്ഞുപോയി. സീമ വീണ്ടും തിടുക്കത്തോടെ എഴുനേറ്റു.

"ഈ വർഷം നാടകമത്സരത്തിൽ നമ്മൾ പങ്കെടുക്കുന്നുണ്ട്. ഞാൻ പേരുകൊടുത്തു," ലേഖ പറഞ്ഞു.

"ഏതു നാടകം, നീ ഏതെങ്കിലും തിരഞ്ഞെടുത്തോ ?" സീമ ചോദിച്ചു.

"ഇത്തവണ നമ്മൾ എഴുതിയുണ്ടാക്കുകയാണ് ഒരു നാടകം."

"ആരെഴുതും? നന്ദിനിയോ " സീമ പൊട്ടിച്ചിരിച്ചു.

"കഥാതന്തു നമുക്കൊരുമിച്ചുണ്ടാക്കാം. പിന്നെ നന്ദിനിയാണല്ലോ നമ്മുടെ എഴുത്തുകാരി." ലേഖപറഞ്ഞു.

"മന്ത്രവാദിനിയുടെ കയ്യിലകപ്പെടുന്ന ഒരു കുട്ടിയുടെ കഥയായാലോ ?" നന്ദു ചോദിച്ചു.

"മന്ത്രവാദിനികളും പ്രേതങ്ങളും ഇല്ലാത്ത ഒരു കഥ നന്ദിനി എഴുതുമോ എന്ന് സംശയമാണ്," സീമ ലേഖയെ നോക്കി വീണ്ടും ചിരിച്ചു.

"യുദ്ധകാലത്ത് നാടുകടക്കാൻ ശ്രമിക്കുന്ന ചിലരുടെ കഥയായാലോ?" നന്ദു വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു.

"മതി, ഞാൻ പറയാം, " ലേഖ പറഞ്ഞു. " കഥ ടീച്ചർമാർക്ക് ഇഷ്ടമാകണം, അതാണ് മുഖ്യം! അവർക്ക് ഏറ്റവും ഇഷ്ടമുള്ളകാര്യമെന്താണ്? ഇപ്പോഴത്തെ കുട്ടികളുടെ രീതികളെ കുറ്റം പറയുക, അതായിരിക്കണം നമ്മുടെ വിഷയം!"

"വഴി തെറ്റിപ്പോകുന്ന ഒരുകുട്ടി, ടീച്ചറുടെ ഉപദേശം കേട്ട് നന്നാവുവുന്നതായാലോ?"

"ടീച്ചർ മന്ത്രവാദിനിയാണോ ? അത്രവേഗം ഉപദേശിച്ചുനന്നാക്കാൻ ?"

"ആയിക്കൂടെന്നില്ല.."

"നമ്മളിൽ ആരുകേൾക്കാറുണ്ട്, ഉപദേശം, ഒന്നാലോചിച്ചുനോക്കൂ."

"നാട്ടിൻപുറത്തിന്റെ നന്മകളുമായി പത്താം ക്‌ളാസ്സുകഴിഞ്ഞ് നഗരത്തിൽ പഠിക്കാനെത്തുന്ന ശാലീനസുന്ദരിയായ പെൺകുട്ടിക്ക് നഗരത്തിന്റെ കാപട്യത്തിൽ സ്വയം നഷ്ടപ്പെടുന്നു. ഒടുവിൽ അവൾ സ്വയം തിരിച്ചറിയുന്നു, അതുമതി " ലേഖ പ്രഖ്യാപിച്ചു.

"ഈ സ്വയം തിരിച്ചറിയുന്നതെങ്ങനെയാണ് ?" നന്ദു ചോദിച്ചു.

"അത് ഞാൻ നിനക്ക് വിട്ടുതരുന്നു. നീയാണല്ലോ എഴുതുന്നത് ."

"എന്തായാലും മന്ത്രവാദം കൊണ്ടാകരുത്. " സീമ പറഞ്ഞു.

"അതിരിക്കട്ടെ, ആരുണ്ട് നമ്മുടെ കൂട്ടത്തിൽ നീണ്ടമുടിയുള്ള ഒരു ശാലീനസുന്ദരി. സ്റ്റേജിൽ കയറാൻ ധൈര്യമുള്ള ആളായിരിക്കണം ?"

"ദിവ്യ? നന്ദിനി പോയി ചോദിച്ചാൽ മതി. അവൾ സമ്മതിക്കാതിരിക്കില്ല." സീമ തന്റെ ബാഗും പുസ്തകങ്ങളുമെടുത്ത്, തിരക്കിട്ട് ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

കുത്തനെയുള്ള പടികളിറങ്ങി സ്‌കൂളിന്റെ മുഖ്യഭാഗത്തേക്ക് പോകുന്ന സീമയെ നോക്കി നന്ദു വരാന്തയിൽ തന്നെയിരുന്നു. ഇടയ്ക്കിടെ വാച്ചിൽ നോക്കി തിടുക്കത്തിലാണ് സീമ നടന്നിരുന്നത്. എങ്കിലും ലൈബ്രറിയുടെ അടുത്തെത്തിയപ്പോൾ അവൾ നടത്തിനുവേഗം കുറച്ചു. അമ്പലത്തിനു മുന്നിൽ തൊഴുതുനിൽക്കുന്ന ഭക്തയെപോലെ കുറച്ചുനേരം അവടെ നിന്നു. പിന്നീട് അതിവേഗത്തിൽ സ്‌കൂളിന്റെ ഗേറ്റിനടുത്തേക്ക് നടക്കാൻ തുടങ്ങി.

"എനിക്കറിയാം, സ്വയം തിരിച്ചറിയുന്നത് എങ്ങനെയാണ് എന്ന്," ഒരു പ്രഹേളികയ്ക്ക് ഉത്തരം കണ്ടുപിടിച്ചപോലെ നന്ദു ലേഖയോട് പറഞ്ഞു.

Saturday, September 30, 2023

കഥകളുടെ കാലം - പന്ത്രണ്ട്

പ്രണയകഥകൾ

സ്കൂളിനു മുൻവശത്തെ മൈതാനത്തിനു ചുറ്റും തേക്കിൻ തൈകൾ നടുകയാണ് നേച്ചർ ക്ലബ്ബിലെ അംഗങ്ങൾ.

"ഇനിയൊരു കാലത്ത് ഇവടെ അസംബ്ലി നടക്കുമ്പോൾ വെയിലേറ്റ് ആരും തലചുറ്റിവീഴാതിരിക്കട്ടെ," നന്ദിനിയെ നോക്കി ചിരിച്ചുകൊണ്ട് രുക്മിണി ടീച്ചർ പറഞ്ഞു.

മൺവെട്ടിയെടുത്ത് ലേഖയോടും നന്ദിനിയോടുമൊപ്പം കൂടേണ്ടിവന്നു സീമയ്ക്കും. കഴിഞ്ഞദിവസങ്ങളിലെ മഴയിൽ നനഞ്ഞ മണ്ണ് ആയുധത്തിന്റെ ഊക്കിനു വേഗം കീഴടങ്ങി. തന്റെ മൃദുവായ കൈകൾകൊണ്ട് ലേഖ തേക്കിൻതൈകളിൽ ഒന്നിനെ ഏറ്റവും വാത്സല്യത്തോടെ ആ കുഴിയിൽ പ്രതിഷ്ഠിച്ചു. സീമയും നന്ദിനിയും മണ്ണുവാരിയിട്ടും വെള്ളം തൂകിയും ആ വേരുകളെ സംരക്ഷിച്ചു.

കൈകളിൽ മുഴുവൻ ചെളിയാണ്. അപ്പോഴാണ് സംഭാഷണം പ്രണയത്തെ കുറിച്ചായത്. എന്തൊരു വിരോധാഭാസമാണത്.

സത്യത്തിൽ പ്രണയത്തെ കുറിച്ചല്ല, ജെയിൻ ആസ്റ്റിന്റെ കഥകളെ കുറിച്ചാണ് സംസാരിച്ചുതുടങ്ങിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ജെയിൻ ആസ്റ്റിന്റെ നായികമാരുടെ ലോകത്താണ് സീമ. എമ്മയും എലിസബത്തും മരിയാനും എലിനോറും ജീവിച്ച ചായസൽക്കാരങ്ങളും നൃത്തവിരുന്നുകളും നിറഞ്ഞ ലോകത്തെക്കുറിച്ചുള്ള വർണ്ണനകൾ അവളിൽ വല്ലാത്തൊരു ശാന്തത ഉളവാക്കി. വർണ്ണപകിട്ടുള്ള വസ്ത്രങ്ങൾ ധരിച്ച നായികമാർ പ്രണയത്തിന്റെ തീച്ചൂളകളിൽ ചിലപ്പോളൊക്കെ നീറുന്നുവെങ്കിലും , ആ വേദനയും തനിക്കിപ്പോൾ ആസ്വദിക്കാനാവുന്നതായി സീമ മനസിലാക്കി.

സത്യത്തിൽ എന്തുകൊണ്ടാണത്? കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടിൽ കലഹങ്ങളില്ലാത്തതുകൊണ്ടാണോ ? ഉച്ചത്തിലുള്ള വഴക്കുകളും ഇറങ്ങിപ്പോക്കുകളും ഇല്ലാത്തതുകൊണ്ടാണോ ? ആകാശത്തിന്റെ നീലനിറവും മഴത്തുള്ളികളുടെ സംഗീതവും ഇപ്പോൾ ശ്രദ്ധിക്കാനാവുണ്ട്. പൂക്കളുടെ സൗരഭ്യം ഇപ്പോൾ മനം മടുപ്പിക്കുന്നില്ല. സ്‌കൂളിലേക്കുള്ള വഴിയിൽ ആരാധനയോടെ തന്നെ നോക്കുന്ന കണ്ണുകളിൽ ചിലതിനോടെങ്കിലും ഇപ്പോൾ തികഞ്ഞ അവജ്‌ഞ തോന്നുന്നില്ല.

തന്റെ മാറ്റം കൂട്ടുകാർ കളിയാക്കുന്നതുപോലെ ഭയപ്പെടേണ്ട ഒന്നാണോ? സീമയ്ക്കുതന്നെ പിടികിട്ടിയില്ല.

"ഈ പ്രണയം എന്നത് സിനിമകളിലും കഥകളിലും ഉള്ളതുപോലെ അത്ര മഹത്തായ ഒന്നുമല്ല," ലേഖ പറഞ്ഞു. " എന്റെ ചേച്ചിയുടെ കൂട്ടുകാരിയെ വീട്ടുകാർ പൂട്ടിയിട്ടിട്ട് മാസം രണ്ടായി. വക്കീലാവാൻ വേണ്ടി പഠിക്കുകയായിരുന്നു, പ്രേമിക്കാൻ പോയി ഇപ്പോൾ സ്വന്തം കേസ് പോലും വാദിക്കാൻ കഴിയാതെയായി. ഇപ്പോൾ പ്രണയവും വേണ്ട ഒന്നും വേണ്ട , എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് പുറത്തിറങ്ങിയാൽ മതിയെന്നായി."

"ഇതെല്ലം നിന്നോട് നിന്റെ ചേച്ചി പറയാറുണ്ടോ ?" നന്ദിനി അത്ഭുതത്തോടെ ചോദിച്ചു.

"പിന്നെന്താ.. എന്നോടുമാത്രമല്ല, അച്ഛനോടും അമ്മയുമെല്ലാം.."

നന്ദിനിയുടെ മുഖത്ത് വല്ലാത്തൊരു അമ്പരപ്പുപരക്കുന്നത് സീമ കണ്ടു. ഹാരിയറ്റിനെ കണ്ടെത്തിയ എമ്മയെ പോലെ സീമ നന്ദിനിയെ ഒരു നിമിഷം സാകൂതം നിരീക്ഷിച്ചു. അല്പം ചുരുണ്ട ആ തലമുടി നീട്ടിവളർത്തിയാൽ എങ്ങനെയുണ്ടാകും? നീണ്ടുവളഞ്ഞ ആ പിരികങ്ങൾക്കുനടുവിൽ ഒരു പൊട്ടുണ്ടെങ്കിൽ ? എപ്പോഴും സ്വപ്നം കാണുന്ന കണ്ണുകളിൽ അല്പം മഷിയെഴുതിയാൽ ?... ഒരു മിസ്റ്റർ എൽട്ടണെ കണ്ടെത്തുകയാണെങ്കിൽ..?

ശരിയാണ്. പ്രണയകഥകൾ വായിക്കുന്നത് നിർത്തേണ്ടിയിരിക്കുന്നു.

"ആ പെൺകുട്ടി പ്രണയിക്കുന്നത് നിർത്തുമെന്ന് നിനക്കെങ്ങനെ അറിയാം? " നന്ദിനി ചോദിക്കുകയാണ്. " ഇത്ര അനായാസമായി നിർത്താനാകുന്ന ഒന്നാണ് പ്രണയമെങ്കിൽ ഇത്രയധികം വിരഹഗാനങ്ങൾ ഉണ്ടാകുമായിരുന്നോ?"

"അതെല്ലാം സിനിമകളിലല്ലേ ? യഥാർത്ഥ ജീവിതത്തിലെ പ്രണയം വെറും അബദ്ധമാണ്." ലേഖ പ്രഖ്യാപിച്ചു."അല്ലെങ്കിൽതന്നെ ഒരാൾക്ക് മറ്റൊരാളോട് ഒരുകാരണവുമില്ലാതെ ഞൊടിയിടയിലെന്നപോലെ അത്തരമൊരു സ്നേഹമുണ്ടാകുമോ? തിരിച്ചുകിട്ടാത്ത സ്നേഹം ഹൃദയത്തിന്റെ വിങ്ങലാണെന്നൊക്കെ പറയുന്നത് ഏറ്റവും വലിയ കള്ളത്തരമാണ്..."

നന്ദിനി വീണ്ടും എന്തൊക്കെയോപറഞ്ഞ് ലേഖയോട് തർക്കിച്ചു. സീമ മരിയാനെക്കുറിച്ചു ചിന്തിച്ചു. എന്തുകൊണ്ടോ ദിവ്യയെ കുറിച്ചും. ദിവ്യ എന്തുകൊണ്ട് തങ്ങളോടൊപ്പം വന്നില്ല എന്ന് അല്പം മുൻപേ ലേഖയും നന്ദിനിയും ചർച്ചചെയ്യുന്നുണ്ടായിരുന്നു. അപ്പോഴും സീമ അവരോടൊന്നും പറഞ്ഞിരുന്നില്ല. രഹസ്യങ്ങൾ സൂക്ഷിക്കുന്നത് വല്ലാത്തൊരു അനുഭൂതിതന്നെയാണ്.

അന്നുവൈകുന്നേരം ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അഭിലാഷിനെ കാണാനിടയായി. കാണാനിടയായി എന്നതോ , നടത്തത്തിനു വേഗതകുറച്ച് കാത്തുനിന്നു എന്നതോ സത്യം? അത് സീമയ്ക്കുതന്നെ അറിയില്ല.

"എന്തുപറ്റി, യൂണിഫോമിൽ മുഴുവൻ ചെളിയാണല്ലോ ?" എന്നത്തേയുമെന്നപോലെ അലസമായ ഒരു ശബ്ദത്തിൽ അഭിലാഷ് ചോദിച്ചു.

സീമ അപ്പോഴാണത് ശ്രദ്ധിച്ചത്. ഷർട്ടിന്റെ കോളറിൽ പോലുമുണ്ട് ചേറും ചെളിയും. എന്തിനാണ് ഈ കോലത്തിൽ അഭിലാഷിന്റെ മുന്നിൽ വന്നുപെട്ടത് ?

"കുറെ തേക്കിൻ തൈകൾ നടാനുണ്ടായിരുന്നു." അല്പം ജാള്യതയോടെ പറഞ്ഞു.

"സ്‌കൂളിലോ?" അഭിലാഷ് പൊട്ടിച്ചിരിച്ചു.

ലേഖയോട് കഠിനമായ ദേഷ്യം തോന്നി. എന്തിനാണ് അവൾ മറ്റുള്ളവരെ നിർബന്ധിച്ച് ഇതിനെല്ലാം വിളിച്ചുകൊണ്ടുപോകുന്നത്?

ചിരിക്കാൻ ശ്രമിച്ചു. അല്ലാതെ എന്തുചെയ്യാനാണ്?

കോണിപ്പടികൾ ഒരുമിച്ചുകയറിയപ്പോൾ ഹൃദയമിടിപ്പുകൾ ധ്രുതഗതിയിലായത് ആയാസം കൊണ്ടാണെന്ന് സീമ തന്നോടുതന്നെ പറഞ്ഞു. വീടിന്റെ വാതിലിനടുത്തെത്തിയപ്പോൾ താക്കോൽകൂട്ടം കയ്യിൽനിന്നു വഴുതിപ്പോയി.

"നാളെയും ഈ ബസ്സിൽ തന്നെയല്ലേ?" മുകളിലേക്കുള്ള പടികൾ കയറുന്നതിടയിൽ അഭിലാഷ് ചോദിച്ചു. അതെ എന്ന് തലയാട്ടി.

വീടുതുറന്ന് വാതിലടച്ച് സീമ കുറേനേരം ചുമരിൽ ചാരിനിന്നു. രഹസ്യങ്ങൾ ഉണ്ടാകുക എന്നത് ഒരനുഭൂതിതന്നെയാണ്. പക്ഷെ എന്തുകൊണ്ടോ വീണ്ടും മരിയാനെ ഓർത്തു.

Tuesday, September 19, 2023

ആകാതെപോയി നിന്നാകാശവീചിയിൽ പുലരിയായ് വീണ്ടും പുനര്‍ജ്ജനിക്കാൻ കാണാൻ മറന്നോരു കനവിന്റെ കടവിലൊരു കടലാസുതോണിപോൽ കാത്തിരിക്കാൻ എങ്കിലുമേതോ പ്രതീക്ഷതൻ തേരിലെൻ ഹൃദയമിന്നെങ്ങോ അലഞ്ഞിടട്ടെ 
വെറുതെ നിന്നോർമ്മതൻ തോരാത്ത മഴയിലെൻ ആത്മാവുവീണ്ടും നനഞ്ഞിടട്ടെ

Sunday, August 20, 2023

കഥകളുടെ കാലം - പതിനൊന്ന്

രാജകുമാരി

അവധിക്കാലമാണ്...

പഴയ പേരമരത്തിൽ ഇപ്പോഴും ചെറിയ സ്വർണഗോളങ്ങൾ പോലെ പഴങ്ങൾ തൂങ്ങിക്കിടപ്പുണ്ട്. ഉച്ചവെയിലിൽ തിളങ്ങുന്ന പച്ചക്കുടകൾ ചൂടിയ മരച്ചില്ലകൾ ഇപ്പോഴും സുഖപ്രദമായ ഇരിപ്പിടങ്ങൾ തന്നെയാണ്. എങ്കിലും നന്ദുവിന്‌ മരത്തിൽ കയറുവാനോ മരച്ചില്ലകളിൽ മണിക്കൂറുകൾ തള്ളിനീക്കുവാനോ എന്തുകൊണ്ടോ കഴിഞ്ഞില്ല. ജീവിതത്തിന്റെ അപ്രതീക്ഷിതമായ തിരിവുകളിലൊന്നിൽ കണ്ടുമുട്ടിയ ചിരപരിചിതരായ സുഹൃത്തുക്കളെ പോലെ ആയിരുന്നു അവർ. ആലിംഗനം ചെയ്യാനാവാതെ സ്നേഹപൂർവ്വമുള്ള ഒരു നോട്ടം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവർ... നന്ദു പേരമരത്തിനെ ഇടയ്ക്കിടെ സ്നേഹപൂർവ്വം നോക്കുക മാത്രം ചെയ്തു.

നന്ദു പുസ്തകങ്ങളും ആഴ്ചപ്പതിപ്പുകളും വായിച്ചും, അടുക്കളപ്പടിയിൽ ഇരുന്ന് വല്യമ്മയോട് സംസാരിച്ചും ദിവസങ്ങൾ തള്ളിനീക്കി. യഥേഷ്ടം ഓടിക്കളിക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല കൗമാരം കവർന്നെടുത്തത്, യാഥാർത്ഥ്യം കണ്ണുകളിൽ നിന്നും മറച്ചിരുന്ന നിറമുള്ള ചില്ലുമറ കൂടിയാണ്. വീട്ടുജോലികൾ ചെയ്യുമ്പോൾ വലിയമ്മയുടെ മുഖത്തുള്ള ദൈന്യത ഇപ്പോൾ കൂടുതൽ വ്യക്തമാണ്. വിശ്രമവേളകളിൽ പോലും അവരുടെ മുഖത്തുനിന്നും മാറാതെ നിന്ന നിരാശ ഹൃദയഭേദകവും. ഏറ്റവും വിഷാദകരമായ ജീവിത സാഹചര്യങ്ങളിൽനിന്നും ഏറ്റവും മനോഹരമായ കവിതകളുണ്ടാകാമെന്ന് വലിയമ്മ തന്നെ പണ്ടുപറഞ്ഞത് നന്ദു ഓർത്തു. മരണവും വിരഹവും യുദ്ധവും മോഹഭംഗവുമൊക്കെ എത്രയോ കവിതകൾക്ക് വിഷയമായിട്ടുണ്ട്. അടുക്കളയിലെ കരിയും പുകയുമേറ്റുള്ള ജീവിതം എന്നെങ്കിലും ഒരു കവിതയ്ക്ക് വിഷയമാകുമോ എന്ന് അവൾ ചിന്തിച്ചു.

"എന്താണ് നിനക്കുപറ്റിയത് ..?" അവരെ ആശ്വസിപ്പിക്കാൻ എന്താണ് പറയേണ്ടത് എന്നാലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് വലിയമ്മ അത് ചോദിച്ചത്.

"എന്ത്? ഒന്നുമില്ലല്ലോ," നന്ദു പറഞ്ഞു.

"ഒന്നുമില്ലാതെയല്ല. നീ രാത്രി ഉറങ്ങുന്നില്ലല്ലോ. പല തവണ ഞെട്ടി ഉണരുന്നുമുണ്ട്. തലയണയ്ക്കടിയിൽ നീ എന്താണ് തിരയുന്നത്?"

"അതോ..എനിക്കിപ്പോൾ ഇരുട്ടിനെ ഭയമാണ് " നന്ദു ദീർഘശ്വാസമെടുക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

"ഇരുട്ടിനെ ഭയമോ?" വലിയമ്മ പൊട്ടിച്ചിരിച്ചു. " 'വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്നാണ് മഹാകവി പറയുന്നത്. പിന്നെ ഇരുട്ടിനെ എന്തിന് ഭയക്കണം? വെളിച്ചത്ത് ഇല്ലാത്ത ഒന്നും ഇരുട്ടിലും ഉണ്ടാകില്ല .."

നന്ദു മറുപടിയൊന്നും പറഞ്ഞില്ല. തന്റെ വീട്ടിൽ, തലയണയ്ക്കടിയിലൊളിപ്പിച്ചുവച്ച ടോർച്ച് ലൈറ്റ്കൊണ്ട് താൻ രാത്രി വളരെ വൈകുവോളും മുറിയുടെ മുക്കും മൂലയും പരിശോദിക്കാറുണ്ടെന്നെന്നും, നിഴലിനെ ഭയന്ന് പലപ്പോളും ഉറങ്ങാറില്ലെന്നും, സ്കൂൾ ബസ്സിലും ക്ലാസ്സിലും ഉറങ്ങിപ്പോകാറുണ്ടെന്നും നന്ദുവിന്‌ പറയാനായില്ല. അല്ലെങ്കിൽതന്നെ ആരുവിശ്വസിക്കാനാണ് അതെല്ലാം.

ജനാലയ്ക്കപ്പുറത്ത് സന്ധ്യ ഉണരുകയാണ്. അസ്തമയസൂര്യൻ മാനത്ത് വർണ്ണങ്ങൾ വാരി വിതറുന്നു. അവൾ അത് നോക്കിയിരുന്നു.

ഇടവഴികളിലൂടെ നടക്കാനിറങ്ങിയ ഒരു ദിവസം കാലുകൾ, ഉന്മേഷമില്ലാതെയെങ്കിലും നന്ദുവിനെ ആൾതാമസമില്ലാതെ ഒഴിഞ്ഞുകിടന്നിരുന്ന ആ പഴയവീടിനുസമീപത്തെത്തിച്ചു. പണ്ടെല്ലാം സ്‌കൂളിലേക്കുള്ള നടത്തത്തിനിടയിൽ സാകൂതം നിരീക്ഷിച്ചിരുന്നതാണ് കാടുപിടിച്ചുകിടന്നിരുന്ന ആ വീടും പരിസരവും. ആ വീടിനെക്കുറിച്ചുള്ള ഒടുങ്ങാത്ത ജിജ്ഞ്ജാസ തന്നെയാകാം മാളവികയുടെ കഥയ്ക്കുമാധാരം. കഥ മുന്നോട്ടുപോകാനാകാതെ വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിൽ പുതിയൊരു പ്രചോദനത്തിന്റെ ആവശ്യമുണ്ട്. കാട്ടുചെടികൾ നിറഞ്ഞ ആ മുറ്റവും പൊടിപിടിച്ചു കിടക്കുന്ന വരാന്തയും ഒന്നുകൂടെ കാണണം. അടഞ്ഞുകിടക്കുന്ന ആ വാതിൽ അല്പം ഭയത്തേയോടെ അല്പം നേരം നോക്കി നിൽക്കണം. പ്രചോദനം - അതാണാവശ്യം.

പ്രചോദനം ലഭിയ്ക്കാനായി എഴുത്തുകാർ പണ്ടുകാലം മുതൽക്കേ പല സാഹസങ്ങളും കാട്ടാറുണ്ട് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ട്രെഷർ ഐലണ്ടിന്റെ രചയിതാവായ റോബർട്ട് ലൂയി സ്റ്റീവൻസൺ രോഗാവസ്ഥയിലും കപ്പൽ യാത്രകൾക്കായി നിർബന്ധം പിടിച്ചിരുന്നു എന്ന് വായിച്ചിട്ടുണ്ട്. ഏറ്റവും ഉദ്യോഗജനകമായ കപ്പൽയാത്രകളെക്കുറിച്ച് അദ്ദേഹത്തിന് എഴുതാനായത് അങ്ങനെയാകാം. നന്ദു, സ്റ്റീവൻസൺന്റെ പ്രസിദ്ധമായ കഥയിലെ, കടൽക്കൊള്ളക്കാർക്കിടയിൽ അകപ്പെട്ട ജിം ഹാക്കിൻസ് എന്ന കുട്ടിയെ ഓർത്തു. ഒരുവശത്ത് വലിയ തിരമാലകൾ മറുവശത്ത് അതിക്രൂരനായ ലോങ് ജോൺ സിൽവർ എന്ന കടൽക്കൊള്ളക്കാരനും കൂട്ടരും. അറിയാതെ നന്ദുവിന്റെ കാലുകൾക്ക് വേഗത കൂടി.

ഇടവഴിയുടെ വളവുകഴിഞ്ഞ് ആ വലിയ ഗേറ്റിനു മുന്നിലെത്തിയപ്പോൾ നന്ദു സ്തംഭിച്ചുപോയി.

വലിയ മുറ്റത്ത് ഒരു കാട്ടുചെടി പോലുമില്ല. വരാന്തയും തൂണുകളും ചുമരുകളുമെല്ലാം പുതിയ നിറങ്ങളണിഞ്ഞ് പ്രൗഢിയോടെ നിൽക്കുന്നു. കാലങ്ങളായി നിയമപ്രശ്നങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ആ വീടിന് ഒടുവിൽ ശാപമോക്ഷം കിട്ടിയോ? ജനാലകൾ മലക്കെ തുറന്നിട്ടിരിക്കുന്നു. ജനലഴികൾ പോലും തിളങ്ങുകയാണ്. പൊടിയുടെ ഒരു കണികപോലുമില്ല എങ്ങും.

ഇനി എന്തുചെയ്യാനാണ്. പ്രചോദനത്തിനായി ഇനി എങ്ങോട്ടാണ് പോകേണ്ടത്.

നന്ദു ഇടവഴിയിലൂടെ തിരിച്ചുനടന്നു. പഴയ സ്കൂൾ വളപ്പിനരികിലൂടെ ആ കുഞ്ഞരുവി ഇപ്പോഴും സ്വച്ഛമായി ഒഴുകുന്നു. ദൂരെയൊരു സാഗരം തന്നെ കാത്തിരിക്കുന്നു എന്ന പ്രതീക്ഷയിലാകണം..സാഗരം പോലെ വിശാലമായ ഒരു ലോകം തന്നെയും കാത്തിരിക്കുന്നുണ്ടാകുമെന്ന് നന്ദുവിന്‌ തോന്നി. പ്രതീക്ഷകളാണല്ലോ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

അന്ന് വൈകുന്നേരം എഴുത്തുപുസ്തകം തുറന്നുവച്ച് നന്ദു മാളവികയെ കുറിച്ച് ചിന്തിച്ചു. ആരാണ് ശരിക്കും മാളവിക.. അവളുടെ സ്വപ്‌നങ്ങൾ എന്തൊക്കെയാണ്?

മേശയ്ക്കരികിലേക്ക് നീങ്ങിയിരുന്ന് ഒടുവിൽ നന്ദു എഴുതാൻ തുടങ്ങി.

'ജനാലയ്ക്കപ്പുറത്തുള്ള വെളിച്ചം മങ്ങിത്തുടങ്ങി. ഇരുട്ട് പതുക്കെ പതുക്കെ പ്രകാശകണങ്ങളെ ഓരോന്നായി വിഴുങ്ങുന്നത് മാളവിക ഭയത്തോടെ നോക്കിയിരുന്നു. അവൾ ടോർച്ച്‌ലൈറ്റിന്റെ ബട്ടണിൽ വിരലമർത്തി. അവൾ തന്റെ അമ്മയെയും അച്ഛനെയും കുറിച്ചോർമ്മിച്ചു. കൂലിപ്പണിക്കാരനാണ് അച്ഛൻ. രണ്ടുമുറികൾ മാത്രമുള്ള ഒരു വീട്ടിലാണ് അവർ താമസിച്ചിരുന്നത്. സ്കൂളിൽ പഠിച്ചിട്ടുള്ള കഥകളിലെ കൊട്ടാരങ്ങളും കമനീയമായ അകത്തളങ്ങളും സ്വപ്നം കണ്ടിരുന്ന മാളവികയ്ക്ക് അവളുടെ ചെറിയ വീട് സത്യത്തിൽ ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോളാലോചിക്കുമ്പോൾ അത് ഏറ്റവും വലിയ കൊട്ടാരത്തെക്കാളും വിശിഷ്ടമായിതോന്നുന്നു. അച്ഛനും അമ്മയും അവളെ തിരയുകയാവും. അവളെ കണ്ടുകിട്ടാതെ അവർ പരിഭ്രാന്തരായികാണും. ജനാലയ്ക്കപ്പുറത്തുനിന്നും ആരെങ്കിലും അവളുടെ പേര് ഉച്ചത്തിൽ വിളിക്കുന്നുണ്ടോ..

അടച്ചിട്ട വാതിലിനപ്പുറത്തുനിന്നും നിഴലുകളുടെ മുക്കാലും മൂളലും കേൾക്കുന്നുണ്ട്. ടോർച്ച്‌ലൈറ്റിന്റെ വെളിച്ചമില്ലെങ്കിൽ അവ വാതിലിന്റെ അടിയിലെ വിടവിലൂടെ അകത്തെത്തുമെന്ന് ഉറപ്പാണ്. ഭയപ്പെടരുത്- മാളവിക സ്വയം ഓർമ്മപ്പെടുത്തി. വെളിച്ചമുള്ളിടത്തോളം അവ അകത്തുകടക്കില്ല . ചിന്തിച്ച് ഒരുപായം കണ്ടെത്തണം. അതാണ് വേണ്ടത്. എവിടെനിന്നോ വന്ന ഒരിളം കാറ്റ് അവളുടെ ക്ഷീണിച്ചമുഖത്തും മുടിയിഴകളിലും തഴുകി.അടച്ചിട്ട മുറിയിൽ എവിടെ നിന്നാണ് കാറ്റ് ..? മാളവിക ഡെട്രീഷ്യയുടെ വരികളോർത്തു. ശരിയാണ് എവിടെ നിന്നോ ഒരിളംകാറ്റ് മുറിയിൽ പ്രവേശിച്ചിട്ടുണ്ട്. എവിടെ നിന്നാണത്.

മാളവിക ജനാലകൾ ടോർച്ചിന്റെ പ്രകാശത്തിൽ സൂക്ഷ്മമായി പരിശോദിച്ചു. ഒരു ചെറിയ വിടവുപോലുമില്ല എങ്ങും. ജനാലയ്ക്കുമറുവശത്താണ് മുറിയിലെ ഒരേയൊരു ചുമരലമാര. അതിന്റെ അടഞ്ഞുകിടന്നിരുന്ന വാതിൽ പതിയെ തുറക്കുകയാണോ. മാളവിക മിടിക്കുന്ന ഹൃദയത്തോടെ അലമാരയുടെ അരികിലെത്തി പകുതി അടഞ്ഞുകിടന്നിരുന്ന വാതിൽ മലക്കെ തുറന്നു. അവളുടെ കൈകാലുകൾ ഉദ്യോഗം കൊണ്ട് വിറയ്ക്കുണ്ടായിരുന്നു. പകൽ സമയത്ത് തുറക്കാൻ ശ്രമിച്ചതാണ് ആ വാതിൽ. പക്ഷെ അപ്പോൾ അത് ഒരിഞ്ചുപോലും അനങ്ങുകയുണ്ടായില്ല.

എന്നാൽ ഇപ്പോളത് നിഷ്പ്രയാസം തുറക്കാനായി. അലമാരയ്ക്കുള്ളിൽ മറ്റൊരുവാതിലുണ്ട്. അതിന്റെ വിടവിലൂടെ വെളിച്ചം കാണാം. അപ്പുറത്തുനിന്നും കാൽപ്പെരുമാറ്റം കേൾക്കാം. ഭയത്തോടെയാണെങ്കിലും മാളവിക ആ വാതിൽ തള്ളിത്തുറന്നു. നിഴലുകളുടെ കയ്യിലകപ്പെടുന്നതിലും ഭീകരമല്ല മറ്റൊന്നും.

വാതിലതിനപ്പുറത്ത് വെളിച്ചമുണ്ട്. കണ്ണഞ്ചിക്കുന്ന വെളിച്ചം. അതിമനോഹരമായ ഒരു മുറിയിലാണ് മാളവിക എത്തിപ്പെട്ടിരിക്കുന്നത്. ജനാലകളിൽ ഇളം നിറങ്ങളിലുള്ള തിരശ്ശീലകൾ, ചുമരുകളിൽ ചുമർചിത്രങ്ങൾ , ഒരായിരം ദീപങ്ങളെങ്കിലുമുണ്ട് ആ ഒരൊറ്റമുറിയിൽ. മനോഹരമായ ഉടയാടകൾ ധരിച്ച ചില സ്ത്രീകൾ ഒരു വലിയ മേശമേൽ പാനീയങ്ങളും മധുരപലഹാരങ്ങളും നിരത്തുന്നു.

"എന്നെ രക്ഷിക്കുമോ.." മാളവിക കേണപേക്ഷിച്ചു. "നിഴലുകളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടു വന്നതാണ് ഞാൻ. എന്നെ എന്റെ അച്ഛനമ്മമാരുടെ അടുത്തെത്തിക്കുമോ ?"

സ്ത്രീകൾ അവളെ നോക്കിചിരിച്ചു. "എന്താണ് കുമാരി പറയുന്നത്. ഇതുവരെ വസ്ത്രം മാറിയില്ലേ. ഇന്ന് ജന്മദിനാഘോഷമല്ലേ.. എവിടെ ആടയാഭരണങ്ങൾ ?"

"കുമാരിയോ ? എന്റെ പേര് മാളവിക എന്നാണ്."

ചില സ്ത്രീകൾ പൊട്ടിച്ചിരിച്ചു. "കുമാരി മാളവിക ഞങ്ങളെ കളിയാക്കുകയാണോ.?" അവർ ചോദിച്ചു.

മാളവിക ഞെട്ടിപ്പോയി. താനാണോ കുമാരി മാളവിക ?'

ഇനി എന്താണ്? നന്ദു ചിന്തിച്ചു. മാളവിക ഇപ്പോൾ രാജകുമാരിയാണ്. ഇനിയവൾക്ക് നിഴലുകളെ ഭയപ്പെടേണ്ടതില്ല. സ്വപ്നം കണ്ടിരുന്നതുപോലെ ഒരു കൊട്ടാരത്തിലാണ് ഇപ്പോളവൾ.

എത്രപെട്ടെന്നാണ് നിഴലുകളുടെ കയ്യിലകപ്പെടേണ്ടിയിരുന്ന മാളവികയെ നന്ദു രക്ഷിച്ച് മറ്റൊരു ലോകത്തെത്തിച്ചത്. ജീവിതത്തിൽ ഇത് സാധ്യമായിരുന്നെങ്കിൽ അവൾ വലിയമ്മയെ ഒരു സാഹിത്യാദ്ധ്യാപികയാക്കിയേനെ. സീമയ്ക്കായി വലിയൊരു വായനാശാല തുറന്നേനെ. ലേഖയെ ഒരു നിത്യ ഹരിത വനത്തിൽ പ്രതിഷ്ഠിച്ചേനെ. സ്വന്തം ഭയങ്ങളെ തുരത്തിയോടിച്ചേനെ.

പക്ഷെ കഥകൾ കഥകൾ മാത്രമാണല്ലോ.

അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ നന്ദു കണ്ടത്, തന്റെ മുറിയുടെ കേടായിപ്പോയ സാക്ഷയുള്ള വാതിൽ അറ്റകുറ്റപ്പണികൾക്കുശേഷം തികച്ചും പുത്തനായിരിക്കുന്നതാണ്. അവൾ ആശ്വാസം കൊണ്ടുനെടുവീർപ്പിട്ടു .

Thursday, August 10, 2023

കാണാതെ പോയത് അവളെ മാത്രമാണ്....

Saturday, July 15, 2023

കഥകളുടെ കാലം - പത്ത്

കത്ത്

അച്ഛൻ വീട്ടിൽ വരാതെയായിട്ട് മാസങ്ങളായി. സീമ നിരവധി കത്തുകൾ എഴുത്തിനോക്കി. അമ്മ ഓഫീസിൽ നിന്ന് ഫോണിൽ വിളിച്ച്, താണുകേണപേക്ഷിച്ചു. എന്നിട്ടും അച്ഛന്റെ മനസ്സലിഞ്ഞില്ല. ആദ്യമൊക്ക സീമയും അമ്മയും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ഓരോ ദിവസവും അമ്മ കരയാറുണ്ടായിരുന്നു. അവരെ ആശ്വസിപ്പിക്കേണ്ടത് സീമയുടെ നിത്യേനയുള്ള ജോലിയായിരുന്നു. അപൂർവ്വമായാണെങ്കിലും കരയുന്നത് സീമയാണെങ്കിൽ 'അമ്മ അവളുടെ നെറുകയിൽ തഴുകി, ചേർത്തുപിടിക്കും. "വേനലവധിയ്ക്ക് ഇനി മാസങ്ങളല്ലേയുള്ളൂ, നമുക്ക് അങ്ങോട്ടുപോകാം, അപ്പോൾ തീരുന്നതേയുള്ളൂ ഈ പ്രശ്നങ്ങളെല്ലാം," അവർ പറയും. ഒടുവിൽ ഇരുവരും കരയാതെയായി. ജീവിതം തികഞ്ഞ നിർബന്ധബുദ്ധിയോടെ മുന്നോട്ടു തന്നെ പോയി.

അതേ നിർബന്ധബുദ്ധിയോടെ തന്നെ സീമ സ്കൂളിലെ പാഠങ്ങൾ പഠിച്ചു. പരീക്ഷകളിൽ മികച്ച മാർക്ക് നേടി. പുതിയൊരാവേശത്തോടെ പുസ്തകങ്ങൾ വായിച്ചു. അവയെക്കുറിച്ച് കൂട്ടുകാരുമായി ചർച്ചചെയ്തു. ഹിന്ദി പ്രചാരസഭയുടെ സാഹിത്യാചാര്യ പരീക്ഷ ആദ്യത്തെ ഭാഗം വിജയിച്ചു.

"എട്ടാം ക്ലാസ്സുകാരിക്ക്, സാഹിത്യാചാര്യയോ ? എന്റെ അറിവിൽ ആദ്യമായാണത്," ക്ലാസ്സിൽ ഹിന്ദി പഠിപ്പിക്കുന്ന സുലോചന ടീച്ചർ അത്ഭുതപ്പെട്ടു. " ഭാവിയിൽ ഹിന്ദിസാഹിത്യം പഠിച്ച്, ഹിന്ദി പ്രൊഫെസ്സർ ആകുവാൻ കഴിയട്ടെ.." ടീച്ചർ ആശീർവദിച്ചു.

"എന്തിന് ? ഞാൻ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടുകൂടിയില്ല!" സീമ നിസ്സംഗതയോടെ മറുപടി പറഞ്ഞു.

വർദ്ധിച്ചുവരുന്ന ഹിന്ദി പദസമ്പത്തുകൊണ്ട് സീമ സ്വന്തമാക്കിയത്, അമ്മയുടെ ഓഫീസ് ലൈബ്രറിയുടെ ഒരു മൂലയിൽ മറ്റുവായനക്കാരാൽ അവഗണിക്കപ്പെട്ടു കിടന്ന ഒരു കൂട്ടം പുസ്തകങ്ങളെയാണ്. മുൻഷി പ്രേംചന്ദിന്റെയും ഭിഷം സാഹ്നിയുടെയും നോവലുകൾ, അമൃത പ്രീതത്തിന്റെ കഥകൾ, ഹരിവംശറായ് ബച്ചന്റെ കവിതകൾ - മൊഴിമാറ്റം ചെയ്‌ത്‌ അന്തസ്സത്ത ചോർന്നുപോകാതെ അവ എഴുതപ്പെട്ട ഭാഷയിൽ! ഡിക്ഷനറിയുടെ സഹായമില്ലാതെയാണ് , പതുക്കെ പതുക്കെയാണെങ്കിലും മുൻഷിപ്രേംചന്ദിന്റെ നിർമ്മല വായിച്ചുതീർത്തത്.സംശയാലുവായ മധ്യവയസ്കനെ വിവാഹം കഴിക്കേണ്ടിവരുന്ന പാവം പെൺകുട്ടിയുടെ കഥ. വായിച്ചുതീർന്നപ്പോൾ നന്ദിനി പറഞ്ഞതാണോർത്തത്. 'സ്ത്രീകൾക്ക്, ഡ്രാക്കുളക്കോട്ടാരത്തിലെന്നല്ല ഒരിടത്തും രക്ഷയില്ല!'

സാഹിത്യത്തിൻറെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ആഘോഷിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങൾക്കെല്ലാം അവരുടേതായ ദുരന്തകഥയുണ്ട്. സന്തോഷവതികളായ സ്ത്രീകൾ ഇല്ല എന്നാണോ ? അഥവാ ഉണ്ടെങ്കിൽ തന്നെ അവർ സ്വന്തമായി ചിന്തിക്കാൻ കഴിവില്ലാത്തവരാണോ ? അച്ഛനെ വിവാഹം കഴിക്കാൻ അമ്മയ്ക്ക് സമ്മതമായിരുന്നോ ? അതും അവരുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു തീരുമാനമായിരുന്നോ ? ഭാവിയിൽ അത്തരമൊരുസാഹചര്യം സീമയ്ക്കും ഉണ്ടായിക്കൂടേ ?

ചിന്തകൾ കാടുകയറുകയാണ്. സീമ പുസ്തകമടച്ചുവച്ചു.

ഒരു സ്‌കൂൾ വര്ഷം കൂടി അവസാനിക്കുകയാണ്. കലോത്സവവും കായികോത്സവവും കഴിഞ്ഞു. വാർഷികദിനത്തിനോടനുബന്ധിച്ചുള്ള കലാപരിപാടികൾക്കായുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. ലേഖയുടെ പാട്ടുണ്ട്. നിമിഷയുടേയും സംഘത്തിൻറെയും നൃത്തവും. ഇടവേളകളിൽ കൊട്ടും പാട്ടും കാരണം ക്ലാസ്സിനത്തിരിക്കുന്നതേ സീമയ്ക്ക് ദുസ്സഹമായി തോന്നി. അല്പം സമാധാനം തേടി നടക്കാനിറങ്ങിയതാണ്, വലിയ മൈതാനത്ത്തിനു ചുറ്റുമുള്ള മരങ്ങളുടെ തണലിലൂടെ. അവടെയുമുണ്ട് കുട്ടികളുടെ ബഹളം. എന്തുകൊണ്ടോ കണ്ണുകൾ നിറഞ്ഞു. ഒന്നോരണ്ടോ തുള്ളികളായി തുടങ്ങിയ ചാറ്റൽ മഴ പൊടുന്നനേ പേമാരിയായതുപോലെ കരച്ചിലടക്കാനാകാതെയായി. തൂവാലകൊണ്ട് മുഖം തുടച്ച് എങ്ങനെയോ അടച്ചിട്ടിരിക്കുന്ന ലൈബ്രറിയുടെ വരാന്തയിലെത്തി. അവിടെ മാത്രം കൊട്ടും പാട്ടും ബഹളവുമൊന്നുമില്ല. എല്ലാവരാലും വിസ്മരിക്കപ്പെട്ടുകിടക്കുന്ന ഒരിടം. അവൾക്കുവേണ്ടിമാത്രമായി...

തൂണിൽ ചാരിയിരുന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു..

ഒടുവിൽ പേമാരി താനേ അടങ്ങി. ഉള്ളിൽ തങ്ങിനിൽക്കുന്ന കൊടുംകാറ്റിന്റെ ശേഷിപ്പ് നെടുവീർപ്പുകളായി. കണ്ണുകൾ തുടച്ചുചുറ്റും നോക്കി. അപ്പോഴാണ് നന്ദിനിയെ കണ്ടത്. വരാന്തയുടെ മറുവശത്തെ തൂണിന്റെ മറവിലായി നിലത്തിരിക്കുകയാണവൾ, സീമയെ ഉറ്റുനോക്കിക്കൊണ്ട്. കയ്യിലൊരു നോട്ടുപുസ്തകവുമുണ്ട്. എന്താണിനി അവളോടു പറയേണ്ടത് ?

"ഞാൻ..., എനിക്ക് ക്ലാസ്സിലെ ബഹളം സഹിക്കാനായില്ല.." സീമ പറഞ്ഞു.

"എനിക്കും .." നന്ദിനി ചിരിച്ചുകൊണ്ടു പറഞ്ഞു.

"നീ എഴുതുകയായിരുന്നോ ? എന്തായി കഥ," സീമ പ്രസന്നഭാവം മുഖത്തുവരുത്താൻ ശ്രമിച്ചുകൊണ്ടുചോദിച്ചു.

"ഒന്നും ആകുന്നില്ല. മാളവികയെ എങ്ങനെ രക്ഷിക്കണമെന്ന് എനിക്കറിയില്ല! എത്ര ആലോചിച്ചുനോക്കിയിട്ടും പിടികിട്ടുന്നില്ല!"

"നീ അന്നുപറഞ്ഞത് ശരിയാണ്. സ്ത്രീകൾക്ക് ഈ ലോകത്ത് എവിടെയും രക്ഷയില്ല. ഒരുപക്ഷെ മാളവികയ്ക്കും..അവളെ നിഴലുകൾ തിന്നതുതന്നെ .."

ഒരു ഞെട്ടൽ നന്ദിനിയുടെ മുഖത്ത് പരക്കുന്നത് കണ്ടു.

" ഇല്ല, ഒരിക്കലുമില്ല, " നന്ദിനി ഉറക്കെ പ്രസ്താവിച്ചു . "ഈ കഥ ഉണ്ടാക്കുന്നത് നമ്മൾ തന്നെയാണല്ലോ. മാളവികയെ ഒരിക്കലും നിഴലുകൾക്ക് കൊടുക്കില്ല. അവൾ ബുദ്ധിമതിയായ ഒരുകുട്ടിയാണ് . ഒരുപായം അവൾ കണ്ടെത്താതിരിക്കില്ല. "

"എനിക്കും അറിയാം ഒരു മാളവികയെ. അവളുടെ അച്ഛൻ അമ്മയോട് പിണങ്ങിപ്പോയിട്ട് മാസങ്ങളായി. ഒരുപായവും അവൾക്ക് കണ്ടെത്താനായില്ല."

നന്ദിനി ഒരു നിമിഷം സീമയെ സൂക്ഷിച്ചുനോക്കി.

""കത്തെഴുതി.നോക്കിയില്ലേ..." അവൾ അല്പമൊരു പരിഭ്രമത്തോടെ ചോദിച്ചു.

"കത്തെഴുതി.. ഫോണിൽ വിളിച്ചു..ഒരു പ്രയോജനവുമുണ്ടായില്ല.." സീമ പറഞ്ഞു.

നന്ദിനി എന്തോ ആലോചിച്ചെന്നപോലെ തലകുലുക്കി.

"ക്ലാസ്സ് തുടങ്ങാനുള്ള സമയമായി," സീമ എഴുനേറ്റുകൊണ്ടുപറഞ്ഞു. "ഇതൊന്നും ആരോടും പറയരുത്.."

പിറ്റേ ദിവസം നന്ദിനി വന്നത്, സ്റ്റാമ്പൊട്ടിച്ച ഒരു കവറുമായാണ്.

"ഇത് അയക്കൂ അച്ഛന്," അല്പം മടിയോടെ അവൾ സീമയോട് പറഞ്ഞു.

"എന്താണിത്? ഇത് ഒട്ടിച്ചിരിക്കയാണല്ലോ ?" സീമ അത്ഭുതത്തോടെ ചോദിച്ചു.

"തുറന്നുവായിക്കുകയാണെങ്കിൽ നീ കൂലംകുശമായി ചിന്തിക്കും. അതുവേണ്ട."

അന്നുവൈകുന്നേരം തന്നെ സീമ ആ കത്ത് തപാൽപെട്ടിയിലിട്ടു. സീമയുടെ പേരിൽ, നന്ദിനിയുടെ ഭാഷയിൽ, അച്ഛനൊരു കത്ത്. 'മറ്റുകത്തുകളുടെ അതെ വിധിതന്നെയാവും ഇതിനും.' സീമ വിചാരിച്ചു.

മറുപടികളൊന്നുമില്ലാതെ ഒരാഴ്ച കഴിഞ്ഞു. പ്രതീക്ഷയില്ലെങ്കിലും , പോസ്റ്റുമാൻ കത്തുമാറി മറ്റൊരുവീട്ടിൽ കൊടുത്തുവോ എന്നറിയാനായി സീമ എന്നും തന്റെ കെട്ടിടത്തിലെ ഓരോ വീട്ടിലും പോയി അന്വേഷിച്ചു.

"ആരുടെ കത്താണ് ഇത്ര മാത്രം കാത്തിരിക്കുന്നത് ?" അഭിലാഷ് ചെറിയൊരു പരിഭവത്തോടെ ചോദിച്ചത് കേട്ടില്ല എന്നു നടിച്ചു.

"എന്തെങ്കിലും മറുപടി വന്നോ?" ഒരു ദിവസം രാവിലെ നന്ദിനി ചോദിച്ചു.

വാർഷികദിനത്തിനു മുന്നോടിയായി, സമ്മാനദാനത്തിന് അർഹരായവരുടെ പേരുകൾ പ്രഖ്യാപിക്കുന്ന അസംബ്ലി തുടങ്ങുകയാണ്. അതിനിടയിലാണ്.. സീമയ്ക്ക് ദേഷ്യം വന്നു.

ഹെഡ് മിസ്ട്രസ് ആയിടെ പത്രത്തിൽ വന്ന ഒരു ലേഖനത്തെക്കുറിച്ചുപറയുകയാണ്. സ്ത്രീ സുരക്ഷയാണ് വിഷയം. ഇല വന്നുമുള്ളിൽ വീണാലും മുള്ളുവന്ന് ഇലയിൽ വീണാലും പണ്ടുകാലത്തെപോലെ തന്നെ ഇലയാണ് മുറിവേൽക്കുന്നത്. അതുകൊണ്ട് പെൺകുട്ടികൾ സൂക്ഷിച്ചാൽ നല്ലത്. അപരിചതരുമായി സംസാരിക്കരുത്. ബസ്സിലും ബസ് സ്റ്റോപ്പിലും ട്യൂഷൻ ക്ലാസ്സിലും ആൺകുട്ടികളുമായി സൗഹൃദം സൃഷ്ടിക്കുവാൻ ശ്രമിക്കരുത്. അത്തരത്തിലുള്ള എന്തെങ്കിലും അദ്ധ്യാപകരുടെ കണ്ണിൽ പെടുകയാണെങ്കിൽ തക്കതായ ശിക്ഷ ലഭിക്കുന്നതാണ്. അതാണ് സംഗ്രഹം. സീമ വിരസത കൊണ്ട് നെടുവീർപ്പിട്ടു. ഇതൊന്നു തീർന്നുകിട്ടിയിരുന്നുവെങ്കിൽ..

ഹെഡ് മിസ്ട്രസ് നിർത്താനുള്ള ഭാവമില്ല. സ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ലാത്ത നിർഭാഗ്യരായ കുട്ടികളെക്കുറിച്ചുപറഞ്ഞ് കണ്ണീർവാർക്കുകയാണിപ്പോൾ. ഇനി ഒരുനിമിഷം പോലും സഹിക്കാനാവില്ല എന്ന് സീമയ്ക്ക് തോന്നി. അപ്പോഴാണ് നന്ദിനി ബോധരഹിതയായി താഴെ വീണത്.

കുട്ടികളും അദ്ധ്യാപകരും നന്ദിനിയുടെ ചുറ്റും കൂടുകയാണ്. കൈകൾകൊണ്ട് മറ്റുകുട്ടികളെ വകഞ്ഞുമാറ്റി സീമ നന്ദിനിയുടെ അടുത്തെത്തി. ദിവ്യ കുനിഞ്ഞിരുന്ന് നന്ദിനിയുടെ മുഖത്ത് വെള്ളം തളിക്കുകയാണ്. മറ്റാരോ ഒരു കടലാസ്സുകഷണം കൊണ്ട് വീശുന്നുമുണ്ട്. രാജാമണി ടീച്ചർ നന്ദിനിയുടെ മുഖത്തുതട്ടിക്കൊണ്ടിരിക്കുന്നു. സീമയ്ക്ക് വല്ലാത്തൊരു ഭയം തോന്നി. കുഴഞ്ഞുവീണുമരിക്കുന്ന എത്രയോ കഥാപാത്രങ്ങളുണ്ട് കഥകളിൽ ...

ഒന്നോ രണ്ടോ നിമിഷങ്ങൾക്കുശേഷം നന്ദിനി കണ്ണുതുറന്നു. ആരോ അവൾക്ക്‌കുടിക്കാനായി വെള്ളം കൊണ്ടുവന്നു. പിന്നീടവൾ വല്ലാത്തൊരു പരിഭ്രമത്തോടെ എഴുന്നേറ്റുനിന്നു. ദിവ്യ രാജാമണിടീച്ചറോട്‌ അനുവാദം ചോദിച്ച് നന്ദിനിയെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു. സീമയും ഒപ്പം കൂടി.

"ഞാൻ കരുതി ഞാനാകും വീഴുന്നതെന്ന്, അത്രയധികം വിരസമായിരുന്നു അവരുടെ പ്രസംഗം," സീമ ഒരു ചിരിയോടെ പറഞ്ഞു.

നന്ദിനി മറുപടിയൊന്നും പറഞ്ഞില്ല. ക്ഷീണിച്ച ഒരു ചിരി ചിരിച്ചു. പിന്നീടവൾ ആദ്യം കണ്ട ബെഞ്ചിൽ കണ്ണുകളടച്ച് നീണ്ടുനിവർന്നുകിടന്നു. സീമ ദിവ്യയെ നോക്കി. അവൾ നന്ദിനിയുടെ ഒരു കൈ ചേർത്തുപിടിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ തൂവാലകൊണ്ട് മുഖവും നെറ്റിയും തുടച്ചുകൊടുക്കുന്നുമുണ്ട്. നന്ദിനി ഉറങ്ങുകയാണ്. സീമയ്ക്ക് വിശ്വസിക്കാനായില്ല. ആർക്കെങ്കിലും ഇങ്ങനെ കിടന്നുറങ്ങാനാകുമോ?

"എന്തുകൊണ്ടാവും ഇവൾ തലചുറ്റിവീണത്?" അൽപനേരത്തെ മൗനത്തിനുശേഷം ദിവ്യ ചോദിച്ചു.

"വിരസതകൊണ്ട്! അല്ലാതെന്താണ് ?" സീമ പറഞ്ഞു.

"എങ്കിലും വീട്ടിനുള്ളിലെ സുരക്ഷയെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോൾ തന്നെ .."

"നീ എന്താണ് പറഞ്ഞുവരുന്നത്.."

"ഇല്ല ഒന്നുമില്ല. നന്ദിനി ഈയിടെയായി സ്കൂൾബസ്സിലിരുന്ന് ഉറങ്ങിപ്പോകുന്നതായി മറ്റുകളാസ്സുകളിലെ കുട്ടികൾ പറഞ്ഞു."

"അവൾ ഉറക്കമിളച്ചിരുന്ന് കഥയെഴുതുന്നുണ്ടാവും.."

ദിവ്യ പിന്നീടൊന്നും പറഞ്ഞില്ല. അവൾ അതീവശ്രദ്ധയോടെ നന്ദിനിയുടെ മുഖം തുടച്ചു. നെറ്റിയിലേക്കു വീണുകിടന്ന മുടിയിഴകൾ ഒതുക്കി.

"നീ എന്തിനാണ് മറ്റുകളാസ്സിലെ കുട്ടികളോട് നന്ദിനിയെ പറ്റി ചോദിക്കുന്നത്. എന്തെങ്കിലും ഉണ്ടെങ്കിൽ അവളോട് നേരിട്ടു ചോദിച്ചുകൂടെ .." സീമ ചോദിച്ചു . ദിവ്യ അല്പമൊരു പരിഭ്രമത്തോടെ സീമയെ നോക്കി.

"ഇപ്പോൾ തന്നെ, ക്ലാസ് ലീഡറായ നീ എന്തിനാണ് അസംബ്ലി ഉപേക്ഷിച്ചുവന്നത്. ഞാനും ലേഖയും കൊണ്ടുവരുമായിരുന്നില്ലേ ഇവളെ.. പിന്നെ നന്ദിനിയുടെ ഡെസ്കിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ആശംസാകാർഡുകളെകുറിച്ച് കേട്ടിട്ടുണ്ട്. അതുകൊണ്ടുചെന്നുവയ്ക്കുന്നത് നീയാണോ ?"

ദിവ്യ നന്ദിനിയുടെ കൈ വിട്ട് എഴുന്നേറ്റുനിന്നു.

നിമിഷ വാതിൽക്കൽ വന്നുനിൽക്കുന്നുണ്ട്. " ക്ലാസ് ലീഡറെ ടീച്ചർ അന്വേഷിച്ചു. സമ്മാനദാനത്തിന്റെ വിവരങ്ങൾ പറഞ്ഞുതുടങ്ങി."അവൾ പറഞ്ഞു.

ദിവ്യ തിടുക്കത്തിൽ പുറത്തേക്കുനടന്നു.

"നീയും പൊയ്ക്കോളൂ. നിന്നെ കണ്ടിട്ടില്ലെങ്കിൽ ഹിന്ദി സാഹിത്യവിഭാഗം എന്തുചെയ്യും," നിമിഷ പറഞ്ഞു "ഞാൻ നിൽക്കാം ഇവിടെ"

"ഞാനിനെന്തിനുപോകുന്നു, എനിക്കുവേണ്ട സമ്മാനങ്ങളൊന്നും." സീമ പറഞ്ഞു.

അസംബ്ലി കഴിഞ്ഞ് കുട്ടികൾ തിരിച്ചുവന്നതോടെ നന്ദിനി ഊർജ്ജസ്വലതയോടെ എഴുന്നേറ്റിരുന്നു. അവൾ ഒന്നും സംഭവിക്കാത്തഭാവത്തിൽ ലേഖയോട് തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു. ദിവ്യയ്ക്ക് അന്ന് ആദ്യമായി സാമൂഹ്യപാഠത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനായില്ല. മുറിവേറ്റപക്ഷിയെപ്പോലെയുള്ള അവളുടെ മുഖഭാവം കണ്ടപ്പോൾ സീമയ്ക്ക് ചെറിയൊരു കുറ്റബോധം തോന്നി.

ദിവ്യയെ കുറിച്ചാലോചിച്ചുകൊണ്ടാണ് അന്ന് വീട്ടിലേക്കു യാത്രചെയ്തത്. മറ്റുകുട്ടികൾ 'മൊട്ടച്ചി' എന്ന് വിളിക്കുന്ന നന്ദിനി എങ്ങനെ ദിവ്യക്കുമാത്രം മാലാഖയായി?

വീടിന്റെ വാതിൽ തുറന്നുകിടക്കുകയാണ്. അമ്മ നേരത്തേയെത്തിയോ. അത്ഭുതത്തോടെ അകത്തുചെന്നപ്പോൾ കണ്ടത് അച്ഛനെയാണ്.

"നിന്റെ കത്ത്, എന്റെ കണ്ണുതുറപ്പിച്ചു!" അച്ഛൻ പറഞ്ഞു. സീമയെ കെട്ടിപ്പിടിച്ച് മാപ്പുചോദിക്കുകയാണച്ഛൻ ..

നന്ദിനി എന്തായിരിക്കും ആ കത്തിൽ എഴുതിയത്. സീമ അത്ഭുതപ്പെട്ടു.

Saturday, July 1, 2023

കഥകളുടെ കാലം - ഒൻപത്

പന്ത്രണ്ടാം വയസ്സ്

ക്ഷണിക്കാതെ വന്ന അതിഥിയെപോലെയാണ് പന്ത്രണ്ടാം വയസ്സ് വന്നത്. നന്ദുവിനാണെങ്കിൽ 'നാലാം വയസ്സിലെ നട്ടപ്രാന്ത്' അതുവരെയും മാറിയിട്ടില്ല. അപ്പോഴാണ് ബാല്യം വിടപറയുകയാണെന്ന് ശരീരം പറഞ്ഞുതുടങ്ങിയത്. നന്ദുവിന്‌ രണ്ടോ മൂന്നോ ഇഞ്ച് പൊക്കം കൂടിയിരിക്കുന്നു. അടിയ്ക്കടി വരുന്ന ജലദോഷപ്പനികാരണം വെട്ടിച്ചെറുതാക്കിവച്ചിരുന്ന തലമുടിയാണെങ്കിൽ വാശിയോടെ വളരുകയാണ്. മെലിഞ്ഞുണങ്ങിയ ശരീരത്തിനുമുണ്ട് ചെറിയൊരുമാറ്റം.

കണ്ണാടിക്കുമുന്നിൽ നിൽക്കുമ്പോൾ കാണുന്നത് ഒരു അപരിചിതയെയാണ്, എവിടെ പോയി പ്രസന്നവദനയായ ആ ചെറുബാലിക. ചരൽ വിരിച്ച ഇടവഴികളിലൂടെ ഓടി നടന്നിരുന്നവൾ? ആ സ്ഥാനത്തിതാ സ്വപ്നം കാണുന്ന കണ്ണുകളുള്ള ഒരു പെൺകുട്ടി. നന്ദുവിന്‌ ഭയം തോന്നി.

റേഡിയോയിൽ വർഷങ്ങളായി മുഹമ്മദ് റാഫി പാടിവർണ്ണിച്ച 'ഇരുനിറക്കാരി സുന്ദരി' താൻ തന്നെയാണെന്ന് നന്ദുവിന്‌ ഇടയ്ക്കൊക്കെ തോന്നിയിരുന്നു. ഉറക്കത്തിൽ അവ്യക്തസ്വപ്നത്തിൽ പുഞ്ചിരിക്കുന്നവൾ. എന്നിട്ടോ ? തലയിണകൾ തട്ടിത്താഴെയിടുന്നവൾ. ലക്ഷ്യം എന്തെന്നറിയാതെ എങ്ങോട്ടോ നടക്കുന്നവൾ. ചിലപ്പോളൊക്കെ രാത്രിയെ പകലെന്നും പകലിനെ രാത്രിയെന്നും വിളിക്കുന്നവൾ ...

പാട്ടിലെ നായികയ്ക്ക് പ്രണയം എന്ന ഭ്രാന്താണ്. നന്ദുവിന്റെ ഭ്രാന്തിന്റെ പേരെന്താണ്?

ക്രിസ്തുമസ് പരീക്ഷകഴിഞ്ഞ്, പ്രോഗ്രസ്സ് കാർഡ് കിട്ടിയപ്പോൾ നന്ദുവിന്റെ പഠനത്തിന്റെ ഗ്രാഫ് കുത്തനെ താഴ്ന്നതുകണ്ട്‌ അച്ഛനും അമ്മയും ആവലാതിപ്പെട്ടു.

"രാവും പകലും എഴുത്തും വായനയുമാണ് , എന്നിട്ട് മലയാളത്തിനുപോലുമില്ല അൻപതിൽ നാല്പതുമാർക്ക്‌. ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും കാര്യം പറയാനുമില്ല.. ഈ എഴുതിക്കൂട്ടുന്നതിൽ കുറച്ച് ഉത്തരപ്പേപ്പറിൽ എഴുതിയിരുന്നുവെങ്കിൽ.." അമ്മ നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു.

മൂന്നുഭാഷകളെയും അതിരറ്റു സ്നേഹിച്ചിട്ടും ഒരിറ്റു സ്നേഹം പോലും തിരിച്ചുകിട്ടാത്തതെന്തുകൊണ്ടാണ് എന്ന് നന്ദുവിനും മനസ്സിലായിരുന്നില്ല.

"എന്തിനാണ് പാഠഭാഗത്തിലില്ലാത്ത കാര്യങ്ങൾ എഴുതിവയ്ക്കുന്നത് ?" ആത്മാർത്ഥമായ സങ്കടത്തോടെയാണ് അന്ന് ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന രാജാമണി ടീച്ചർ നന്ദുവിനോട് അതു ചോദിച്ചത്? " ഓ. ഹെൻറിയുടെ സർഗാത്മകതയെ ചോദ്യം ചെയ്യാൻ നമ്മൾ ആരാണ് ? കഥയുടെ അവസാനഭാഗത്ത് സോപ്പിക്ക് ഉണ്ടായ ആത്മീയ ഉണർവ്വ് നൈമിഷികം മാത്രമാണെന്ന് നന്ദിനിക്ക് എങ്ങനെ ഇത്ര ഉറപ്പോടെ പറയാൻ കഴിയും?"

നന്ദു ഉത്തരമൊന്നും പറഞ്ഞില്ല. ഇത്തരം ആത്‌മീയ ഉണർവ്വ് , ദിവസം പ്രതി പലർക്കുമുണ്ടാവാം എന്ന് മനസ്സിൽ പറഞ്ഞു. അടച്ചിട്ട ലൈബ്രറിയുടെ വരാന്തയിൽ ഇരിക്കുമ്പോളൊക്കെ എന്നെങ്കിലും ആ വാതിൽ തുറപ്പിക്കാതെ താൻ അടങ്ങില്ല എന്ന് സീമ പറയാറുണ്ട്. എന്നാൽ നല്ലൊരു പുസ്തകം വായിക്കാൻ കിട്ടിയാൽ അവൾ അതു മറന്നുപോകും. അതുപോലെ തന്നെയാവില്ലേ ഒരുപക്ഷെ സോപ്പിയും.

"ടീച്ചർ പറഞ്ഞതൊന്നും നീ കാര്യമാക്കേണ്ട, " ഉച്ചതിരിഞ്ഞ് വായനാ ക്ലബിന്റെ മീറ്റിംഗിന് മുൻപായി നന്ദുവിന്റെ തോളത്തുതട്ടിക്കൊണ്ട് സീമ പറഞ്ഞു. "നിന്നെക്കാൾ നന്നായി മലയാളമോ ഇംഗ്ലീഷോ എഴുതാൻ കഴിയുന്ന ആരും ഈ ക്ലാസ്സിലില്ല. എട്ടാം ക്ലാസ്സിലെ മാർക്കിനൊക്കെ ജീവിതത്തിൽ എന്താണ് പ്രസക്തി?"

"അതെ, എന്നെങ്കിലും നന്ദിനി എഴുതിയ കവിതകളും കഥകളുമൊക്കെ ഈ ടീച്ചർമാർ വായിക്കാനിടയാവട്ടെ ," ദിവ്യ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

എല്ലാ വിഷയങ്ങൾക്കും അൻപതിൽ നാല്പത്തഞ്ചിലധികം മാർക്കുവാങ്ങുന്ന സീമയ്ക്കും ദിവ്യക്കും മാർക്കിന് പ്രസക്തിയില്ല എന്ന് എളുപ്പത്തിൽ പ്രസ്താവിക്കാമെന്ന് നന്ദു വിചാരിച്ചു.

അന്ന് കൂട്ടുകാരിൽ പലരും വായിച്ചപുസ്തകങ്ങളെ കുറിച്ച് പറഞ്ഞു. നന്ദുവിന്‌ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല. "ഞാൻ വായിച്ചത് ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുളയാണ്." ഒടുവിൽ തന്റെ ഊഴം വന്നപ്പോൾ നന്ദു പറഞ്ഞുതുടങ്ങി "ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരത്തിൽ അകപ്പെട്ടിരിക്കുകയാണ് പാവം ജോനാഥൻ ഹാർക്കർ. രക്തദാഹിയായ രക്ഷസ്സാണ് തന്റെ കൂടെയുള്ളതെന്ന് പാവം ഹാർക്കർക്ക് അറിയില്ല. തരം കിട്ടിയാൽ വന്ന് ഞെക്കിപ്പിഴിഞ്ഞ് ചോരകുടിച്ചുകളയും. പക്ഷെ എന്തുകൊണ്ടോ ഹാർക്കർ രക്ഷപ്പെട്ടു. ഡ്രാക്കുള പ്രഭുവിന് പ്രിയം സ്ത്രീകളെയാണ്, ഒരു പക്ഷെ അതാകാം.. സ്ത്രീയായിരുന്നെങ്കിൽ ഹാർക്കർക്ക് രക്ഷയില്ല ..."

കുട്ടികളിൽ ആരൊക്കെയോ ചിരിച്ചു. സീമ അല്പം പരുഷമായി അവരെ നോക്കി.

"ഡ്രാക്കുള കൊട്ടാരത്തിലെന്നല്ല , ഒരിടത്തും രക്ഷയില്ല.. " നന്ദു കൂട്ടിച്ചേർത്തു.

"വിശ്വവിഖ്യാതമായ ഒരു കൃതിയിൽ നിന്ന് നീ ഇതാണോ വായിച്ചെടുത്തത് ?" സീമ ചോദിച്ചു.

"അതെ, ഡ്രാക്കുളയുടെ കയ്യിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ സ്ത്രീകൾക്ക് അസാമാന്യ ഭാഗ്യം വേണം. ബുദ്ധിയും. മിനാ ബുദ്ധിമതിയാണ്. തന്റെ ആരാധകരുടെ എണ്ണം പറഞ്ഞു സന്തോഷിക്കുന്ന ലൂസിയോ , ഒരു സുന്ദരിവിഡ്ഢിയും..."

"സുന്ദരവിഡ്ഢി എന്നല്ലേ പ്രയോഗം ," ലേഖ ചോദിച്ചു.

"സുന്ദരിയായ വിഡ്ഢി, അതാണ് ഞാനുദ്ദേശിച്ചത്.."

"മതി, നിർത്ത് ," സീമ പറഞ്ഞു. "ഇത് നിന്റെ ടോർച്ച് ലൈറ്റ് കഥയല്ല, ഒന്നുകൂടി വായിക്ക്, എന്നിട്ട് സംസാരിക്കാം.."

നന്ദു പിന്നീടൊന്നും മിണ്ടിയില്ല. ലേഖ ഓ.എൻ.വി കുറുപ്പിന്റെ ഭൂമിയ്‌ക്കൊരു ചരമഗീതം എന്ന കവിതയെ കുറിച്ച് പറയാൻ തുടങ്ങി. നന്ദു തന്റെ കയ്യിലിരുന്ന നോട്ട് പുസ്തകം തുറന്ന് തന്റെ 'ടോർച്ച് ലൈറ്റ് കഥ' തുടർന്നെഴുതി.

'മുകളിലത്തെ നിലയിൽ ചെറിയൊരു ഇടനാഴിയുണ്ട്. തന്റെ ടോർച്ച് ലൈറ്റ് തെളിച്ച വെളിച്ചത്തിൽ മാളവികയ്ക്ക് ഇടനാഴിയുടെ മറുവശത്തുള്ള മുറി വ്യക്തമായി കാണാം. അവൾ ഇടറിയ കാൽവയ്പുകളോടെ മുറിയ്ക്കുള്ളിൽ പ്രവേശിച്ചു ചില്ലുജാലകങ്ങളാണ് ആ മുറിയിലുള്ളത്. അവ തുറക്കാനാകാത്തവിധത്തിൽ അടച്ചിട്ടിരിക്കുകയാണെങ്കിലും അകത്ത് സൂര്യപ്രകാശമുണ്ട്. മാളവിക തിരിഞ്ഞുനോക്കി. കൂട്ടത്തോടെ കോണിപ്പടികൾ കയറുകയാണ് നിഴലുകൾ . അവൾ ടോർച്ച് ലൈറ്റ് അവയ്ക്കുനേരെ തെളിച്ചു . അവ കൈകൾകൊണ്ട് മുഖംപൊത്തി. കോണിപ്പടിയിലിരുന്നു. മാളവിക മുറിയുടെ വാതിൽ അടച്ചുസാക്ഷയിട്ടു.

ജനാലയ്ക്കുസമീപത്തായി, പൊടിപിടിച്ച ഒരു തറയിലിരുന്ന്, മാളവിക തന്റെ അവസ്ഥ അവഗ്രഥനം ചെയ്തു.

നിഴലുകൾക്ക് വെളിച്ചം ഭയമാണ്. മുറിയിൽ സൂര്യപ്രകാശമുണ്ട് അതിനാൽ അവയ്ക്ക് മുറിക്കുള്ളിൽ വരാനാകില്ല. അവൾ ടോർച്ച ലൈറ്റ് അണച്ചു. ആ വെളിച്ചം കാത്തുവയ്ക്കേണ്ടതുണ്ട് . രാത്രിയിൽ അതുമാത്രമാവും അവളെ സംരക്ഷിക്കുക.

ചില്ലുജാലകം ഭാരമുള്ള ഒരു വസ്തുകൊണ്ടു ഇടിച്ചുപൊട്ടിക്കാവുന്നതാണ്. പക്ഷെ ഈ മുറിക്കുള്ളിൽ ആ വിധത്തിലുള്ള ഒന്നുമില്ല. ഒരു പൊട്ടിയ കസേര പോലുമില്ല. മാളവികയുടെ കയ്യിൽ ആകെ ഉള്ളത് തുണിസഞ്ചിയും പൊതിച്ചോറുമാണ്. അവ കൊണ്ട് ചില്ല്‌ പൊട്ടിക്കാനാവില്ല. പിന്നീടുള്ളത് ടോർച്ചാണ്. അതുകൊണ്ടടിച്ചാൽ ചില്ലുജാലകം തകർന്നേക്കാം. ഒരുപക്ഷെ തകരുന്നത് ടോർച്ച് ആണെങ്കിലോ? അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ല.

സൂര്യാസ്തമയം വരെ താൻ സുരക്ഷിതയാണെന്ന് മാളവിക സ്വയം പറഞ്ഞു. അതിനുള്ളിൽ എന്തെങ്കിലും ഒരുപായം കണ്ടെത്തണം. '

എങ്ങനെയാണ് മാളവികയെ രക്ഷപ്പെടുത്തുക. അന്ന് ഉച്ചയ്‌ക്കുശേഷമുള്ള ക്‌ളാസ്സുകളിലെല്ലാം നന്ദു ചിന്തിച്ചത് അതാണ്. കണക്കുപിരീഡിൽ അവൾ അതിനുള്ള സമവാക്യങ്ങൾ എഴുതി. ഭൂമിശാസ്ത്രത്തിൽ അതിനായി മാപ്പുകൾ വരച്ചു. ഒരുപായവും കണ്ടെത്താനായില്ല.

രാത്രി, മറ്റുള്ളവരിൽ നിന്നുമാറി, അത്താഴമേശയിലെ തന്റെ പതിവു മൂലയിലിരുന്ന്, മൂന്നുവിരലുകൾ മാത്രമുപയോഗിച്ച് ചപ്പാത്തി നുറുക്കി കഷണങ്ങളാക്കിയപ്പോളും അവൾ അതുമാത്രമാണ് ചിന്തിച്ചത്. അച്ഛനുമമ്മയും പ്രോഗ്രസ്സ് കാർഡിനെ കുറിച്ച് വീണ്ടും പറഞ്ഞു. എന്തുകൊണ്ട് നന്ദു അവളുടെ സഹോദരനെ കണ്ടുപഠിക്കുന്നില്ല! അവൾ തന്റെ പാത്രത്തിൽ നിന്ന് മുഖം പൊക്കി നോക്കിയില്ല.

കുറഞ്ഞസമയം കൊണ്ട് സഹപാഠികളുടെ കണ്ണിലുണ്ണിയായ നന്ദിനി അല്ല വീട്ടിൽ അവൾ. ആരോടും സംസാരിക്കാറേയില്ല. തന്റെ മുറിയുടെ സുരക്ഷിതത്വത്തിലേക്ക് വലിയാനാണ് അവൾ ഓരോ നിമിഷവും ആഗ്രഹിച്ചിരുന്നത്. മുറിക്കുള്ളിലാകുമ്പോൾ അവൾക്കു തന്റെ ഭാവനാലോകത്ത് ഒരല്ലലുമില്ലാതെ വിരാജിക്കാം.

അന്നും ഒരുവിധം ഗൃഹപാഠം ചെയ്തെന്നുവരുത്തിയശേഷം അവൾ വീണ്ടും തന്റെ എഴുത്തുപുസ്തകം പുറത്തെടുത്തു.

'സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്. സ്‌കൂളിൽ ഹാജർ വിളി കഴിഞ്ഞുകാണണം. അതോ ഉച്ചഭക്ഷണത്തിനുള്ള സമയമാകാറായോ ? മാളവികയ്ക്ക് വിശപ്പുതോന്നി. പക്ഷെ ആകെയുള്ളത് ഒരു ചെറിയപൊതിയാണ്. ഭക്ഷണവും സംരക്ഷിക്കേണ്ടതുണ്ട്. അവൾ വെയിലിന്റെ കാഠിന്യം കൊണ്ട് സമയം മനസ്സിലാക്കാൻ ശ്രമിച്ചു. കത്തുന്ന വെയിലാണ്. ഉച്ചയോടടുത്തുകാണണം.

അപ്പോഴാണ് അവൾ മുറിയുടെ മറ്റേ മൂലയിൽ ഒരു മെഴുകുതിരിയുടെ അവശിഷ്ടം പോലെ ഏതാനും ഉറഞ്ഞ മെഴുകുത്തുള്ളികൾ കണ്ടത്. അതിനു സമീപത്തായി ഒരു കടലാസ്സു കഷണവും.

'എത്ര ദിവസങ്ങളായി ഞാൻ ഈ വിചിത്രലോകത്ത് അകപ്പെട്ടിട്ട്. ' മാളവിക വായിച്ചുതുടങ്ങി. ' ഇനിയുള്ളത് ഏതാനും മണിക്കൂറുകൾ മാത്രം. അതിനുള്ളിൽ ഈ ചെറിയ വെളിച്ചം ഇല്ലാതെയാകും . ഈ അടഞ്ഞമുറിക്കുള്ളിൽ എവിടെ നിന്നാണ് കാറ്റുവരുന്നത് എന്നറിയില്ല. തീജ്വാല വല്ലാതെ ഉലയുന്നുണ്ട് . അടച്ചിട്ട വാതിലിനു വെളിയിൽ കാത്തുനിൽക്കുകയാണ് പേടിപ്പെടുത്തുന്ന നിഴലുകൾ. ഏതു നിമിഷവും അവ വാതിന്റെ അടിയിലെ ചെറിയ വിടവിലൂടെ ഊർന്നിറങ്ങാം. അതിനു ശേഷം എന്തെന്നറിയില്ല. കാത്തിരുന്ന് കാണുകതന്നെ - ഡെട്രീഷ്യ '

മാളവിക ഭയം കൊണ്ട് വിറച്ചു. തനിക്കുമുൻപ് മറ്റൊരാൾ ഈ മുറിയിൽ അഭയം തേടിയിട്ടുണ്ട്.'

നന്ദു എഴുത്തുനിർത്തി ചുറ്റും നോക്കി. നന്ദുവിനും ഭയം തോന്നി. മുറിക്കുള്ളിൽ വെളിച്ചമുള്ളിടത്തോളം ഒരു നിഴലിനെയും പേടിക്കേണ്ടതില്ല അവൾ സ്വയം പറഞ്ഞു.

ഡെട്രീഷ്യ - ആ പേരിന് ഒരു അപാകതയുണ്ടോ. പട്രീഷ , മെലിസ്സ എന്നെല്ലാം പേരുകളുണ്ട്. ഡെട്രീഷ്യ എന്ന ഒരു പേര് ഒരിടത്തും ഉണ്ടാകില്ല . ഒരുപക്ഷെ അതാകും സീമ ആദ്യം പറയുന്നത്.

ഉറങ്ങാൻ സമയമായി എന്ന് അമ്മ മുറിയ്ക്കുപുറത്തുനിന്നു ഉറക്കെ പറഞ്ഞു. നന്ദു മനസില്ലാമനസോടെ ലൈറ്റണച്ച് കിടന്നു. മുറിയിൽ ഇരുട്ടായി. പേടിപ്പെടുത്തുന്ന ഇരുട്ട്.

നന്ദു തലയിണയുടെ അടിയിൽ നിന്നും വിറയ്ക്കുന്ന കൈവിരലുകൾ കൊണ്ട് ടോർച്ച് ലൈറ്റ് പുറത്തെടുത്ത് ബട്ടണിൽ ഞെക്കി. ആ ചെറിയ പ്രകാശസ്‌തൂപം അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസം നൽകി. അവൾ ടോർച്ച് ലൈറ്റ് ഒരായുധം പോലെ വീശി തന്റെ ഭയങ്ങളോട് യുദ്ധം ചെയ്തു.

Saturday, June 17, 2023

കഥകളുടെ കാലം - എട്ട്

ദുഃഖം

വലിയൊരു ബഹളം കേട്ടാണ് അന്ന് സീമ ഞെട്ടിയുണർന്നത്. അച്ഛൻ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. അമ്മ കരഞ്ഞുകൊണ്ട് വാതിൽക്കൽ നിൽക്കുന്നു.

"എങ്ങനെയെങ്കിലും നേരം വെളുക്കട്ടെ എന്ന് കരുതി. നട്ടപ്പാതിരായ്ക്ക് ബാഗുംകൊണ്ട് ഇറങ്ങേണ്ട എന്ന് വിചാരിച്ചു. ഇനി എന്തായാലും ഒരു നിമിഷം ഞാൻ നിൽക്കുന്നില്ല. എല്ലാം സ്വന്തം ഇഷ്ടത്തിനല്ലേ ഇവടെ ചെയ്യുന്നത്. ഇനിയും അങ്ങനെ തന്നെ ആകട്ടെ. ഞാനെന്തായാലും നിൽക്കുന്നില്ല.."

സീമ കണ്ണുതിരുമ്മിക്കൊണ്ട് അച്ഛനെ തടയാൻ ശ്രമിച്ചു. ഞെട്ടിയുണർന്നതായതുകൊണ്ട് ചുറ്റും നടക്കുന്നതെന്താണെന്ന് ശരിക്കും മനസ്സിലാക്കാനാകുന്നില്ല. ഇതൊക്കെ സ്വപ്നമാണോ സത്യമാണോ എന്നുപോലും.

അച്ഛൻ ബാഗിൽ മുഷിഞ്ഞ തുണി പോലും എടുത്തുവയ്ക്കുകയാണ്. അമ്മയേയോ സീമയേയോ ഗൗനിയ്ക്കുന്നില്ല. "ഇപ്പോൾ ബസ്സുണ്ടാകില്ലല്ലോ അച്ഛാ.. നേരം വെളുക്കട്ടെ," സീമ പറഞ്ഞു.

"ബസ്സുണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി, ഇവിടെ ഇനി നിൽക്കുന്നില്ല ," അച്ഛൻ ബാഗ് അടയ്ക്കുകയാണ്.

അമ്മ കരയുകയാണെങ്കിലും അച്ഛനെ തടയുന്നില്ല. ഒടുവിൽ അച്ഛൻ ബാഗുംകൊണ്ട് വാതിൽ വലിച്ചുതുറന്ന് , തിടുക്കത്തിൽ പടികളിറങ്ങി പുറത്തേക്ക് പോയി. അമ്മ കട്ടിലിൽ കമഴ്ന്നുകിടന്ന് വിതുമ്പി. സീമ നിസ്സഹായയായി നോക്കി നിന്നു.

എന്താണ് ശരിക്കും സംഭവിച്ചത്. സീമ ഓർത്തെടുക്കാൻ ശ്രമിച്ചു.

കഴിഞ്ഞ രാത്രി അത്താഴത്തിനിടയിലാണ് അമ്മ ചെറിയൊരുവീടുണ്ടാക്കാനുള്ള സ്ഥലം വാങ്ങിയാലോ എന്ന് പറഞ്ഞത്. കഴിഞ്ഞ കുറെ മാസങ്ങളായി അങ്ങനെ ഒരാഗ്രഹം അമ്മയുടെ മനസ്സിലുണ്ട് എന്ന് സീമയ്ക്കറിയാം.

"എന്റെ ഓഫീസിലെ പലരും വീടുപണിയുകയാണ്. ലോൺ കിട്ടുമല്ലോ ?" അമ്മ ശങ്കിച്ചുപറഞ്ഞു.

"സർക്കാർ ജോലിയുടെ അഹങ്കാരം, അല്ലാതെന്താ ഇത്.," അച്ഛൻ ചോറുണ്ടുകൊണ്ടിരുന്ന പാത്രം മാറ്റിവച്ചുകൊണ്ടുപറഞ്ഞു.

അമ്മ പിന്നീട് ഒന്നും മിണ്ടിയില്ല. കനത്ത മുഖത്തോടെ പാത്രം കഴുകി, അടുക്കള വൃത്തിയാക്കി കട്ടിലിൽ കമഴ്ന്നു കിടന്നു. എന്തായാലും ഒരു വാക്കുതർക്കം ഒഴിവായല്ലോ എന്ന് ആശ്വസിച്ചാണ് സീമ അന്ന് ഉറങ്ങാൻ കിടന്നത്.

അമ്മ അപ്പോഴും കമഴ്ന്നുകിടന്ന് കരയുകയാണ്. സീമ അടുത്തുചെന്ന് അമ്മയെ കെട്ടിപ്പിടിച്ചു. എന്തുപറയാനാണ്. ആരുടെ ഭാഗത്താണ് ശരി ആരുടെ ഭാഗത്താണ് തെറ്റ് എന്നൊക്കെ നിർണ്ണയിക്കാനുള്ള കഴിവുപോലും തനിക്കില്ലാതെ ആയോ എന്ന് അവൾ സംശയിച്ചു.

സമയം ആറര കഴിഞ്ഞുകാണും. സ്‌കൂളുള്ള ദിവസമാണ്. അമ്മയ്ക്ക് ഓഫീസിലും പോകേണ്ടതുണ്ട്. എന്താണ് ചെയ്യേണ്ടത് ? ചായയുണ്ടാക്കണം , പലഹാരവും. ഉച്ചഭക്ഷണം പൊതിഞ്ഞുകെട്ടണം. ഒരു ദിവസം സ്‌കൂളിൽ പോകാതെയിരുന്നാലോ? നേച്ചർ ക്ളബ്ബിന്റെ ആദ്യത്തെ വിനോദയാത്രയാണ് അന്ന്. നാഗരാതിർത്തിയിലുള്ള ഒരു കൃത്രിമവനം കാണാനാണ് പോകുന്നത്. വേണ്ടെന്നുവയ്ക്കണോ.

ലേഖയുടെ നിർബന്ധപ്രകാരമാണ് നേച്ചർ ക്ലബ്ബിൽ അംഗമായത്. അവളാണ് ക്‌ളാസ്സിലെ പ്രഖ്യാപിത പ്രകൃതിസ്നേഹി.

"മരം, ഒരുവരം എന്നല്ലേ .."

മരം എന്നുകേട്ടതും നന്ദിനി കൂടെക്കൂടിയിരുന്നു. മടിച്ചുനിന്ന സീമയേയും ദിവ്യയേയും ഉത്ബോധിപ്പിക്കുവാനായി അവർ സുഗതകുമാരിയുടെ 'മരത്തിന്‌സ്തുതി' ഈണത്തിൽ പാടിയിരുന്നു.

സ്‌കൂളിൽ പോകാതെ വയ്യ. എന്താണ് ചെയ്യേണ്ടത്. പാലില്ല. പാലുവാങ്ങണം.

തന്റെ വീട് ഉൾപ്പെടുന്ന പാർപ്പിടസമുച്ഛയത്തിൽനിന്നും പുറത്തുകടന്ന് സീമ, റോഡരികിലെ ചെറിയ പലചരക്കുകടയ്ക്കു മുന്നിൽ തന്റെ ഊഴത്തിനായി കാത്തുനിന്നു. കവർ പാലാണ് വാങ്ങേണ്ടത്. എത്ര കവർ വേണം എന്നറിയില്ല, സാധാരണയായി അമ്മ പാലിനോടൊപ്പം മറ്റെന്തൊക്കെയാണ് വാങ്ങുന്നത് എന്നും അറിയില്ല.

മുട്ടയും റൊട്ടിയും വാങ്ങാമെന്ന് ഒടുവിൽ സീമ തീരുമാനിച്ചു. ഇന്ന് പ്രാതലും ഉച്ചഭക്ഷണവും അതുതന്നെ!

ഇടറിയ ശബ്ദത്തിലാണ് എന്തൊക്കെയാണ് വേണ്ടതെന്ന് സീമ പറഞ്ഞത്.

"എന്തുപറ്റി? സുഖമില്ലേ " പുറകിൽ നിന്ന ആരോ ചോദിച്ചു.

തിരിഞ്ഞു നോക്കി. മുകളിലത്തെ താമസക്കാരുടെ കോളേജ് വിദ്യാർത്ഥിയായ മകനാണ്. അഭിലാഷ്.

തന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞുനിൽക്കുകയാണോ? സീമയ്ക്ക് സംശയമായി. തിടുക്കത്തിൽ കണ്ണുതുടച്ചു.

അയൽക്കാരായ ആൺകുട്ടികളോടൊന്നും ആവശ്യമില്ലാതെ സംസാരിക്കരുതെന്ന് അച്ഛൻ നൂറുതവണ താക്കീതുചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും അഭിലാഷിനോട്.

'ആ ഗേറ്റിനപ്പുറത്ത് സിഗരറ്റും പുകച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ നിൽക്കും. കഷ്ടിച്ച് സ്‌കൂൾ കഴിഞ്ഞതേയുള്ളൂ. ഇപ്പോഴേ ഇങ്ങനെയാണെങ്കിൽ ഇവനൊക്കെ ഇത്തിരി മൂക്കുമ്പോൾ എന്താകും' അതായിരുന്നു അച്ഛന്റെ വാക്കുകൾ!

"സുഖമില്ലേ.." അഭിലാഷ് വീണ്ടും ചോദിക്കുകയാണ്.

"ഇല്ല ഒന്നുമില്ല. അമ്മയ്ക്ക് നല്ല തലവേദന, അതാണ്," മുഖത്തുനോക്കാതെ അത്രയും പറഞ്ഞ് കടക്കാരൻ പൊതിഞ്ഞുകൊടുത്ത സാധനങ്ങളുമായി സീമ വേഗം നടന്നു.

അച്ഛനറിഞ്ഞാൽ എന്തു പറയും.

'അമ്മ വീടും പറമ്പും വാങ്ങാൻ നടക്കുന്നു. മോള് കണ്ട പൂവാലന്മാരോടൊക്കെ കൊഞ്ചുന്നു.'

വീട്ടിൽ തിരിച്ചുവന്ന് ചായയുണ്ടാക്കുന്ന പാത്രത്തിൽ പാലും വെള്ളവും കൃത്യമായ അനുപാതത്തിൽ അളന്നെടുത്ത് അടുപ്പിൽ വച്ചപ്പോൾ സീമയ്ക്ക് തന്റെ ഹൃദയമിടിപ്പ്‌ പതിവിലധികം വേഗത്തിലായതുപോലെ തോന്നി. പിന്നീടവൾ ചായപ്പാത്രത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ചീനച്ചട്ടി ചൂടാക്കി മുട്ട പൊരിച്ചെടുത്തു. സ്കൂൾ ബാഗിൽ ചോറ്റുപാത്രം ശ്രദ്ധയോടെ വച്ചു. അമ്മയുടെ കട്ടിലിനരികിലുള്ള മേശപ്പുറത്ത് ചായയും മൊരിച്ച റൊട്ടിയും കൊണ്ടു വച്ചപ്പോൾ അമ്മ അത്ഭുതത്തോടെ സീമയെ നോക്കി.

പതിവിലും നേരത്തെതന്നെ സീമ അന്ന് സ്കൂളിൽ എത്തിച്ചേർന്നു. ലേഖ ഉത്സാഹത്തോടെ നേച്ചർ ക്ലബ്ബിന്റെ നേതൃത്വം വഹിച്ചിരുന്ന രുക്മിണിടീച്ചറോട് സംസാരിക്കുകയാണ്. ദിവ്യ ബോർഡ് തുടച്ചുവൃത്തിയാക്കി അന്നത്തെ ദിവസത്തെ തീയതി കുറിക്കുന്നു. നന്ദിനി ജാലകപ്പടിയിലിരുന്നു എന്തോ ഉറക്കെ വായിക്കുന്നു. ഒരു സംഘം കുട്ടികളുണ്ട് അവൾക്കു ചുറ്റും.

"മാളവികയെ നിഴലുകൾ വളയുകയാണ്. അവയുടെ കയ്യിലകപ്പെട്ടാൽ അവൾക്ക് സ്വത്വബോധം നഷ്ടപ്പെടും. ക്രമേണ അവളും നീണ്ടകൈകാലുകളുള്ള ഒരു നിഴലായിമാറും. തന്നെ കാത്തിരിക്കുന്ന അച്ഛനമ്മമാരെ പോലും അവൾ മറന്നുപോകും ഇരകളെ കാത്ത് അവളും ഇരുളടഞ്ഞ മൂലകളിൽ പതിഞ്ഞിരിക്കും.

ഭയം മാളവികയെ ശ്വാസം മുട്ടിക്കുകയാണ്. നിഴലുകളുടെ കൈകൾ നീളുകയാണ്. "

കുട്ടികൾ ശ്വാസം പിടിച്ചിരുന്നു കേൾക്കുകയാണ്. അവരിൽ ചിലരെങ്കിലും ഇത്തരമൊരുക്കഥ ആദ്യമായികേൾക്കുകയാണ്. അവരുടെ മുന്നിൽ അതി സമർത്ഥയായ എഴുത്തുകാരിയാണ് നന്ദിനി. മറ്റൊരുദിവസമായിരുന്നെങ്കിൽ ഇതെല്ലം വിനോദഭാവത്തിൽ നോക്കിക്കണ്ട് സീമ പുറകിലെവിടെയെങ്കിലും ഇരുന്നേനെ. എത്രയോ തവണ വായിച്ചിട്ടുള്ളതാണെങ്കിലും എന്തെങ്കിലും കുസൃതി ചോദ്യങ്ങൾ ചോദിച്ച് നന്ദിനിയുടെ കഥപറച്ചിലിന്റെ ഒഴുക്ക് തെറ്റിച്ചേനെ . ഇന്നെന്തോ എല്ലാം അസഹ്യമായി തോന്നുന്നു. ഏതുസാഹചര്യത്തിൽ നിന്നാണ് അവളിന്ന് സ്‌കൂളിലെത്തിയതെന്ന് കൂട്ടുകാർ ആരെങ്കിലും അറിയുന്നുണ്ടോ ?

നന്ദിനി തുടരുകയാണ്

"മാളവിക വിറയ്ക്കുന്ന കൈകൾ കൊണ്ട് സ്കൂൾ ബാഗിൽ നിന്ന് ഒരു ടോർച്ച് പുറത്തെടുത്തു. അതിന്റെ ചെറിയ ബട്ടൺ അമർത്തുമ്പോൾ അവളുടെ കൈവിരലുകൾപോലും വിയർക്കുണ്ടായിരുന്നു. പ്രകാശത്തിന്റെ ആ ദണ്ഡ് നിഴലുകളെ ഭയപ്പെടുത്തി. അവ മാളവികയിൽ നിന്നും അകന്നുമാറി അടച്ചിട്ട വാതിലിനുചുറ്റും കൂടി നിന്നു.

'ഇനി എന്തുചെയ്യണം' മാളവിക ചിന്തിച്ചു. വാതിൽ തുറക്കാനാവില്ല.പുറത്തുപോകാനാവില്ല . അവൾ ഓരോ കാലടിയും സൂക്ഷിച്ചുവച്ച് മരക്കോണി കയറി മുകളിലെ മുറികളിലൊന്നിൽ പ്രവേശിച്ചു."

പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിനി ആയ മാളവികയുടെ ബാഗിൽ എങ്ങനെ ഒരു പ്രകാശദണ്ഡിനെ തന്നെ സൃഷ്ടിക്കാവുന്നതരം ശക്തിയുള്ള ടോർച്ച് വന്നു എന്ന് ആരും ചോദിച്ചില്ല. സീമയ്ക്ക് നിരാശതോന്നി. ഒരു പ്രൈമറി സ്കൂൾ കുട്ടിയുടെ ബാഗിൽ എന്തുണ്ടാകാനാണ്, പെൻസിലും പുസ്തകങ്ങളും ഏറിവന്നാൽ ഒരു മുറി ചോക്കും. അത്രതന്നെ. പ്രകാശദണ്ഡുകൊണ്ട് നിഴലുകളെ അടിച്ചോടിച്ചുപോലും. നന്ദിനി ഈയിടെയായി വായിക്കുന്നതെന്താണ്.

അധികം വൈകാതെ തന്നെ നേച്ചർ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ ബസ്സിൽ കയറി കൃത്രിമവനം കാണാൻ യാത്രതിരിച്ചു. ബസ്സിലിരുന്ന് രുക്മിണിടീച്ചറും ലേഖയും സുഗതകുമാരിയുടെ കവിതകൾ ചൊല്ലി ഉൾപ്പുളകംകൊണ്ടു. നന്ദിനിയോടൊപ്പമാണ് സീമ ഇരുന്നത്. നന്ദിനി പുറത്തെകാഴ്ചകൾ അത്ഭുതത്തോടെ നോക്കി മിണ്ടാതെയിരിക്കുകയാണ്. ദിവ്യ തൊട്ടുമുന്നിലെ സീറ്റിലിരുന്ന് എന്തോ വരയ്ക്കുന്നു. സീമയുടെ മുഖഭാവം പോലും ആരും ശ്രദ്ധിക്കുന്നില്ല.

"നട്ടുനനച്ചുണ്ടാക്കിയ വനമാണിത്." ബസ്സിറങ്ങിയപ്പോൾ രുക്മിണി ടീച്ചർ പറഞ്ഞു. "വനപ്രദേശങ്ങൾ അമ്പാടെ നശിപ്പിക്കാൻ മാത്രമല്ല മനുഷ്യന് വേണമെങ്കിൽ അവ സൃഷിക്കാനും സംരക്ഷിക്കാനുമാകും."

ലേഖ ഉത്സാഹത്തോടെ തലകുലുക്കി.

തേക്കുമരങ്ങളാണ് കൂടുതൽ. ഇതെങ്ങനെ ഒരു വനമാകും. സീമ ചിന്തിച്ചു.

"തേക്ക് വൃക്ഷരാജനാണ്," ടീച്ചർ പറയുകയാണ്.

'തേക്ക് ഏറ്റവും വിലക്കൂടുതലുള്ള തടിയുമാണ്' സീമ മനസ്സിൽ പറഞ്ഞു.

കുട്ടികളോരോരുത്തരും പ്രകൃതിയെയും മരങ്ങളെയും പ്രകീർത്തിച്ചുകൊണ്ട് അങ്ങുമിങ്ങും ഓടിനടന്നു. സീമ ഒറ്റയ്ക്കുനിന്ന ഒരു ആൽമരത്തിന്റെ ചുവട്ടിൽ വെറുതെയിരുന്നു.

"നിനക്ക് എന്തു പറ്റി, സുഖമില്ലേ?" ഒടുവിൽ നന്ദിനി ചോദിച്ചു. എവിടെ തുടങ്ങണം. എന്തുപറയണം. പ്രകാശദണ്ഡുകൊണ്ട് ഓടിക്കാനാകാത്ത ചില നിഴലുകളുണ്ടെന്ന് നന്ദിനിയ്ക്ക് മനസിലാക്കാൻ ആകുമോ?

"തലവേദനയാണ്," സീമ പറഞ്ഞു.

Wednesday, June 14, 2023

നിന്നോടുമാത്രമായ് ചൊല്ലുവാനായി ഞാൻ, എന്തെന്തുകാര്യങ്ങളോർത്തുവച്ചു. 
മെല്ലെനിൻ കാതിലായ് മൂളുവാനായി ഞാൻ, ഈണങ്ങളെത്രയോ ചേർത്തുവച്ചു. 
വന്നതേയില്ല നീ, ഈണങ്ങളൊക്കെയും 
കാറ്റിന്റെ കൈകൾ കവർന്നെടുത്തു. പറയാതെപോയതും അറിയാതെപോയതും ഇന്നെന്റ്റെ നെഞ്ചിലുറഞ്ഞുപോയി.

Saturday, June 3, 2023

കഥകളുടെ കാലം - ഏഴ്

നിഴലുകളുടെ ലോകം

'ചരൽ നിറഞ്ഞ ഊടുവഴികളുടെ ഒരു ശൃംഖല താണ്ടിയാണ് മാളവികയും സ്‌കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. വർഷങ്ങളായി എന്നും രാവിലെ ഒരേ വഴികളിലൂടെ നടന്നിട്ടും അവൾക്ക് സ്ഥിരം സഹയാത്രികരായി മറ്റു കുട്ടികൾ ആരും ഉണ്ടായിരുന്നില്ല. ഏകാന്തത ആസ്വദിച്ചിരുന്ന അവൾക്ക് അതിൽ ലവലേശം പരാതിയില്ലായിരുന്നു. പാതവക്കത്തെ തൊട്ടാവാടികളെ തൊട്ടുവാടിച്ചും, മഷിത്തണ്ടുകൾ പറിച്ചും അവൾ വളരെ സാവധാനമാണ് എന്നും നടന്നിരുന്നത്.

ഇടുങ്ങിയ പാതയിലൂടെ സ്കൂളിലേക്ക് നടക്കുമ്പോൾ, മാളവിക ആൾത്താമസമില്ലാത്ത ആ വീട് ശ്രദ്ധിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും വള്ളിച്ചെടികൾ പടർന്നുകയറിയ ആ ഗേറ്റ് പതുക്കെ തുറന്ന്, കാട്ടുചെടികൾ കീഴടിക്കിയ മുറ്റം മുറിച്ചുകടന്ന് ആ വരാന്തയിൽ കയറിയിരിക്കണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. വരാന്തയിൽ കയറിപ്പറ്റിയാൽ അടഞ്ഞുകിടക്കുന്ന ആ വാതിൽ പതുക്കെ തള്ളി നോക്കണം. അത് തുറന്നുകിടക്കുകയാണെങ്കിൽ പതുക്കെ അകത്തുകയറണം.അകത്ത് ഒരുപക്ഷെ ഒരിഞ്ചുകനത്തിൽ പൊടിയുണ്ടാകാം. മാറാല കെട്ടിയ ചുമരുകളിൽ ചിലപ്പോൾ പഴയ ചിത്രങ്ങൾ കാണാമായിരിക്കാം. മൺമറഞ്ഞുപോയ ഒരു കാലത്തിന്റെ ബാക്കിപത്രം പോലെയുള്ള ആ ചിത്രങ്ങളിൽ നിന്നും മരിച്ചവർ അവളെ തുറിച്ചുനോക്കിയേക്കാം. മരക്കോണിയിലൂടെ മുകളിലേക്ക് കയറുമ്പോൾ ഓരോ കാലടിയും സൂക്ഷിച്ചുവേണം വയ്ക്കാൻ. ധൂളീപടലങ്ങളുടെ ആവരണത്തിനു താഴെ മരത്തടി ദ്രവിച്ചതാവാം..'

നന്ദു താൻ എഴുതിക്കഴിഞ്ഞ വാചകങ്ങൾ ഒന്നുകൂടി വായിച്ചു. എന്തോ ഒരു പോരായ്കയുണ്ട്. അതെന്താണെന്ന് അവൾക്ക് കണ്ടുപിടിക്കാനായില്ല. ലവലേശം - ആ പ്രയോഗം തെറ്റാണോ? ലവലേശംപോലും എന്നാണോ ശരി..?

നന്ദു, ആൾതാമസമില്ലാത്ത വീടിനുമുന്നിൽ നിൽക്കുന്ന മാളവികയെ സങ്കൽപ്പിക്കാൻ ശ്രമിച്ചു. വീട്ടിൽ നിന്നും അവൾ നടന്നുവന്ന വഴി മനസ്സിൽ കാണാൻ ശ്രമിച്ചു. ചരൽ നിറഞ്ഞ ഒരിടവഴിയിലൂടെ കാലുരച്ചു ശബ്ദമുണ്ടാക്കിയാണ് പണ്ട് നന്ദുവും സ്കൂളിലേക്ക് പോയിക്കൊണ്ടിരുന്നത്. ആ ഇടവഴികൾ തന്നെയായിരുന്നു മാളവികയെ കുറിച്ചാലോചിക്കുമ്പോൾ ഇത്രനാളും മനസ്സിൽ. പക്ഷെ ഈയിടെയായി എന്താണ് അവ പഥേർ പാഞ്ചാലിയിലെ അപുവും ദുർഗ്ഗയും കളിച്ചുനടന്ന വഴികളുമായി കൂടിച്ചേർന്നത്? ആയിരം കഥകളുടെ ഭാരംപേറുന്ന പഴയ നഗരം എന്തുകൊണ്ടാണ് ഏതാണ്ട് ഒരുനൂറ്റാണ്ടുമുൻപുള്ള വടക്കുകിഴക്കെ ഇന്ത്യയിലെ പരിഷ്‌കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഗ്രാമമായി മാറിയത്?

നന്ദു കൈപ്പത്തികൊണ്ട് നെറ്റിയുടെ ഒത്ത നടുവിൽ തടവി തന്റെ ഭാവനയെ ഉത്തേജിപ്പിക്കാൻ ശ്രമിച്ചു.അതു ഫലിക്കാതെ ആയപ്പോൾ അവൾ തല കുറേനേരം അങ്ങോട്ടുമിങ്ങോട്ടും ആട്ടി നോക്കി. ഇല്ല. മാളവിക വലിയ മാന്തോപ്പുകളും ചെറുവനങ്ങളും താണ്ടിയല്ല സ്കൂളിലേക്ക് പോകുന്നത്. ആ ഇടവഴിക്കിരുവശവും ചെങ്കല്ലുകൊണ്ടുതീർത്ത മതിലുകളുണ്ട്.അവളുടെ ജിജ്ഞാസയെ ഉണർത്തിയ ആളൊഴിഞ്ഞകെട്ടിടത്തിനുപോലുമുണ്ട് ഇരുമ്പുഗേറ്റ്. കാടുപിടിച്ച മുറ്റത്തുകൂടെ നടന്ന് , മാറാലകെട്ടിയ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയാൽ മാളവിക കാണുന്നതെന്താണ്?

ഗ്രാമത്തിലെ കുപ്രസിദ്ധയായ ദുർമന്ത്രവാദിനിയെ!..
ശ്ശൊ! അതല്ല! നന്ദു രണ്ടുകൈകളും ഉപയോഗിച്ച് നെറ്റി അമർത്തി തടവി.

വായിച്ചുതീർത്ത ഒരു പുസ്തകം ഒരാളെ ഇത്രയധികം പിൻതുടരുമോ..?

ഇനി എഴുതാൻ ശ്രമിച്ചിട്ടു കാര്യമില്ല എന്ന് നന്ദുവിന്‌ തോന്നി.ഉറങ്ങാൻ കിടക്കുകതന്നെ. സമയം പതിനൊന്നുകഴിഞ്ഞുകാണണം.

ലൈറ്റണച്ച് നന്ദു കുറെ നേരം ഇരുട്ടിനെ തുറിച്ചുനോക്കി. ഉറങ്ങണം, അപുവിനെയും ദുർഗ്ഗയെയും കുറിച്ചുചിന്തിക്കരുത്. മാളവികയെ കുറിച്ചും..

തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നുണ്ട്. അങ്ങ് ദൂരെ ..അപുവും ദുർഗ്ഗയും വയലിലൂടെ ഓടുകയാണ്. കൽക്കരിതിന്നുന്ന, ചൂളം കുത്തുന്ന ആ അത്ഭുതം ഒന്ന് കാണണം. അതിനാണ് ആ ഓട്ടം..

വണ്ടിയിലിരുന്ന് നന്ദു ഇരുണ്ടു തുടങ്ങിയ ആകാശത്തിലെ അർദ്ധചന്ദനെ നോക്കുകയാണ്. കാറ്റിൽ തിരയിളകുംപോലെ ഇളകുന്ന അന്തമില്ലാത്ത വയലുകളിലെവിടെയോ രണ്ടുകുട്ടികളുടെ നിഴലുകൾ.

നന്ദു ഞെട്ടിയെഴുനേറ്റു. ഇരുട്ടാണ് ചുറ്റും. എങ്കിലും കാണാം . നന്ദുവിന്റെ കട്ടിലിനരികിൽ നിൽക്കുന്ന നിഴൽ. മുൻപും നന്ദുവിനെ ഭയപ്പെടുത്തിയിട്ടുണ്ട് നിഴൽ, അപ്പോഴൊക്കെ നന്ദുവിന്‌ ശ്വസിക്കാൻ കഴിയാത്തതുപോലെ തോന്നിയിരുന്നു. പിന്നീട് പകലിന്റെ സുരക്ഷിതത്ത്വത്തിൽ അതിനെകുറിച്ചാലോചിക്കുമ്പോഴൊക്കെ അതൊരു ദുസ്വപ്നം മാത്രമായിരുന്നു എന്നാണ് അവൾ വിശ്വസിക്കാൻ ശ്രമിച്ചിരുന്നത്.

ഉറക്കെ ശബ്ദമുണ്ടാക്കണമെന്നുണ്ട് . പക്ഷെ ശബ്ദം തൊണ്ടയിൽ കുടുങ്ങുകയാണ്. നിഴലിന്റെ കൈ നീളുകയാണോ..

ഇതൊരു സ്വപ്നം മാത്രമാണ്. നന്ദു തന്നോട് തന്നെ പറഞ്ഞു. കുറച്ചുമുൻപ് സ്വപ്നത്തിൽ അപുവും ദുർഗ്ഗയും വയലിലൂടെ ഓടുകയായിരുന്നു. അതുപോലെ ഇതും. നന്ദു പുതപ്പ് കണ്ണിനുമുകളിൽക്കൂടി മൂടിക്കൊണ്ട് കിടന്നു.

പതിവില്ലാതെ അതിരാവിലെ ഉണർന്നു. ജനലിനു വെളിയിൽ ചുവന്നുതുടങ്ങുന്ന ആകാശം.അപുവും ദുർഗ്ഗയും വയലും അർദ്ധചന്ദ്രനും പേടിപ്പെടുത്തിയ നിഴലും എല്ലാം പകുതി മറന്ന സ്വപ്‌നങ്ങൾ.

നന്ദു തന്റെ മേശപ്പുറത്തുതുറന്നുകിടക്കുന്ന നോട്ടുപുസ്തകത്തിലേക്ക് നോക്കി. കസേര ശബ്ദമുണ്ടാക്കാതെ മേശയുടെ അടുത്തേക്ക് നീക്കിയിട്ട്, അവൾ എഴുതാൻ തുടങ്ങി.

'ഒടുവിൽ, നേരത്തെതന്നെ സ്കൂളിലേക്ക് തിരിച്ച ഒരുദിവസം, മാളവിക അതിനുള്ള ധൈര്യം സംഭരിച്ചു. ഇടവഴിയിൽ തലേന്നുപെയ്ത മഴ തീർത്ത ചെളിക്കുഴികൾ ഓരോന്നും അവൾ അന്ന് നിഷ്പ്രയാസം ചാടിക്കടന്നു. താൻ തരണം ചെയ്ത ഓരോ ചെളിക്കുഴിയും അവളിൽ ഒരു പ്രത്യേക ആത്മവിശ്വാസമുണ്ടാക്കി.

ഗേറ്റുതുറക്കാൻ പ്രയാസമുണ്ടായിരുന്നില്ല. മുറ്റത്തെ കാട്ടുചെടികൾ പൂക്കളുണ്ട്. പെട്ടെന്നുവന്ന കാറ്റിൽ അവ വിചിത്രമായ രീതിയിൽ ഇരു വശങ്ങളിലേക്കുമായി വകഞ്ഞു മാറി. പൊടിപിടിച്ച വരാന്തയിൽ തന്റെ കാലടി പതിഞ്ഞപ്പോൾ അവൾക്ക് അതിയായ ആനന്ദം തോന്നി. ഇനി തിരിച്ചു പോയാലോ ? അവൾ ചിന്തിച്ചു. എങ്കിലും ആ വാതിൽ ഒന്ന് തള്ളിനോക്കാതെ പോകുന്നതെങ്ങിനെ? അത്ഭുതമെന്നു പറയട്ടെ, ഒന്ന് തൊട്ടതേയുള്ളൂ, വാതിൽ മലക്കെ തുറന്നു. ആശങ്കാഭരിതമായ ഹൃദയത്തോടെ മാളവിക അകത്തുകടന്നു. അരണ്ടവെളിച്ചമേയുള്ളൂ അകത്ത്. ജനാലയുടെ മരപ്പാളികളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

ഇരുളുമായി കണ്ണുകൾ പൊരുത്തപ്പെട്ടുകഴിഞ്ഞപ്പോൾ ഒടിഞ്ഞ കസേരകളുടെയും മേശകളുടെയും രൂപരേഖകൾ കാണാമെന്നായി. അകത്തെ മുറികളിലൊന്നിൽ എന്തോ ഒന്ന് അനങ്ങിയോ?

മാളവികയ്ക്ക് ഭയം തോന്നി. എങ്കിലും അവളുടെ കാലുകൾ മുന്നോട്ടുതന്നെ നടന്നു. തനിയ്ക്കുപുറകിൽ വാതിൽ തികച്ചും നിശബ്ദമായി, തള്ളിത്തുറക്കാനാകാത്തവിധം അടയുന്നത് അവൾ അറിഞ്ഞില്ല.

ഇരുണ്ട മൂലകളിൽ നിന്ന് നിഴലുകൾ ഓരോന്നായി പുറത്തുവന്നു. മാളവിക നിഴലുകളുടെ ലോകത്തിൽ അകപ്പെട്ടിക്കുന്നു!'

തൽക്കാലം ഇത്രയും മതി. സ്‌കൂളുള്ള ദിവസമാണ്. നന്ദു തിടുക്കത്തിൽ എഴുനേറ്റ്, സ്‌കൂൾ ബാഗിൽ പുസ്തകങ്ങൾ അടുക്കുവാൻ തുടങ്ങി.

അന്നുച്ചയ്ക്ക് നന്ദുവിന്റെ കഥ ചെറിയൊരു പുഞ്ചിരിയോടെ സീമ വായിച്ചു.

"എന്താണിണിത്," സീമ ചോദിച്ചു. ഇങ്ങനെയൊന്നുമല്ലല്ലോ തുടങ്ങിയത്. ഈ നിഴലുകളൊക്കെ പെട്ടെന്നെങ്ങനെ ഉണ്ടായി? അതല്ലല്ലോ നീ പറഞ്ഞത്.."

ശരിയാണ്. ഇതൊന്നുമല്ല സീമയോടുപറഞ്ഞ കഥാതന്തു. പക്ഷെ ഇനിയിത് നിഴലുകളുടെ കഥയാണ്. പേടിപ്പെടുത്തുന്ന നിഴലുകളുടെ കഥ.

ഇനി ഈ കഥ എങ്ങോട്ടാണ് പോകുന്നത്. നിഴലുകളുടെ നീണ്ടകൈകൾ മാളവികയെ തൊടാനായി നീളുമായിരിക്കും. രക്ഷപ്പെടാനായി മാളവിക എങ്ങോട്ടാണ് ഓടുക. അവൾ അകപ്പെട്ടിരിക്കുന്നത് നിഴലുകളുടെ ലോകത്തിലല്ലേ.

"സത്യം പറയെട്ടെ? എനിക്കിഷ്ടമായില്ല. ഇതൊരു നാലാംകിട പ്രേതകഥ പോലെ ആയിപ്പോയില്ലേ. ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചു പാത്തിരിക്കുന്ന നിഴൽ പ്രേതങ്ങൾ!"

നന്ദു ഒന്നും പറഞ്ഞില്ല. അവൾ തന്നെ ഭയപ്പെടുത്തിയ നിഴലിനെ ഓർത്തു. വീണ്ടും ശ്വസിക്കാൻ കഴിയാത്തതുപോലെ.
അപുവിനെയും ദുർഗ്ഗയെയും ഓർക്കാൻ ശ്രമിച്ചു.

സീമ തുടരുകയാണ്..

"മാളവികയ്ക്ക് എന്തെല്ലാം ചെയ്യാമായിരുന്നു. പഴയ നഗരത്തിന്റെ കഥകൾ തിരയാമായിരുന്നു. മൺപാതകളുടെ ഊരാക്കുടുക്കുകൾ അഴിച്ചെടുക്കാമായിരുന്നു. അല്ലെങ്കിൽ പോട്ടെ, ആ ആളൊഴിഞ്ഞ വീടിന്റെ ചരിത്രം അന്വേഷിക്കാമായിരുന്നു. പക്ഷെ നിനക്ക് മാളവികയെ നിഴലുകളുടെ ചതിയിൽ വീഴ്ത്തിയെ മതിയാകൂ.. ഭയപ്പെടുത്തിയേ മതിയാകൂ.."

"ഭയം, ഒരർത്ഥത്തിൽ ഏറ്റവും ശക്തമായ വികാരമല്ലേ.. ," നന്ദുപറഞ്ഞു.. "ഒരാളെ അനങ്ങാൻ പോലുമാകാത്തവിധം അശക്തനാക്കുന്ന വികാരം."

"ആണോ.. ഞാൻ കരുതുന്നത് ഏറ്റവും ശക്തമായ വികാരം ദുഖമാണെന്നാണ്." സീമ ഒരുനിമിഷം മറ്റെന്തോ ആലോചിച്ചപോലെ ദൂരേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

നന്ദുവും ദൂരേക്കുനോക്കി. ക്‌ളാസ് വരാന്തയ്ക്കപ്പുറത്തുള്ള ചെറിയ മുറ്റത്തിനുമറുവശത്ത് അക്കേഷ്യ മരങ്ങളുടെ നീണ്ട നിരയുണ്ട്. അവയുടെ നിഴലുകൾ മുറ്റത്തേക്കു നീളുകയാണ്. മുറ്റത്ത് കൂട്ടം കൂടിയും ഒറ്റയ്ക്കും നടക്കുന്ന കുട്ടികൾക്കുമുണ്ട് നിഴലുകൾ. ചെറിയ നിഴലുകളെ വലിയ നിഴലുകൾ വിഴുങ്ങുകയാണോ?

അതെ ഇത് ഭയപ്പെടുത്തുന്ന നിഴലുകളുടെ കഥ തന്നെയാണ്..

Friday, May 26, 2023

കഥകളുടെ കാലം - ആറ്

മൺപാതകൾ

"ശരത്ക്കാലമാണ്, സോപ്പിയുടെ കീറിപ്പറഞ്ഞക്കുപ്പായത്തിലൂടെ തണുപ്പ് കയറിത്തുടങ്ങിയിരിക്കുകയാണ്. ദരിദ്രനും ഭവനരഹിതനുമായ സോപ്പി ഹേമന്തം എങ്ങനെ കഴിച്ചുകൂട്ടാനാണ്. ഇത് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ ന്യൂ യോർക്ക് ആണെന്ന് ഓർക്കണം. നിങ്ങൾക്ക് ഇന്നറിയാവുന്ന സമ്പന്ന നഗരമല്ലത്. സോപ്പിയെ പോലെ നിരാലംബരായ അനേകം മനുഷ്യരുണ്ടവിടെ .."

ഓ. ഹെൻറിയുടെ The cop and the anthem എന്ന പ്രസിദ്ധമായ ചെറുകഥയിൽ നിന്നുള്ള പാഠഭാഗമാണ് രാധാമണി ടീച്ചർ ക്ലാസ്സിൽ വായിച്ചു കൊണ്ടിരിക്കുന്നത്. സീമ തുറന്നുവച്ച പുസ്തകത്തിലേക്കും ടീച്ചറുടെ മുഖത്തേക്കും മാറി മാറി നോക്കി. മുൻപേ വായിച്ചിട്ടുണ്ട് ഈ കഥ, ഓ. ഹെൻറിയുടെ മറ്റു ചില കഥകളിലെപോലെ അടിസ്ഥാനസൗകര്യങ്ങൾപോലും നിഷേധിക്കപ്പെട്ട മനുഷ്യരുടെ മനോവീചികൾ ആണ് ഇതിലേയും ഇതിവൃത്തം. ഇനി ടീച്ചറുടെ വ്യാഖ്യാനം അറിയണം. പുതിയ ഒരു പുസ്തകമോ കഥയോ വായിക്കുമ്പോൾ ഈയിടെയായി സീമ ആലോചിക്കാറുള്ളത് അതാണ്, അതേ പുസ്തകം വായിക്കുന്ന വേറൊരാൾ എങ്ങനെയാകും ആ കഥ വ്യാഖ്യാനിക്കുന്നത് എന്ന്. ഒരേ വാചകങ്ങളിൽ നിന്ന് മറ്റൊരാൾ മറ്റൊരർത്ഥം കണ്ടെത്തുമോ.

ക്ലാസ്സിൽ വായനാക്ലബ് തുടങ്ങിയതിനുശേഷം ഈ ജിജ്ഞാസ കൂടുതലാണ്. ഉദാഹരണത്തിന് ഹക്കിൾബറി ഫിന്നിന്റെ സാഹസങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കയിലെ അടിമത്തം നിലനിന്നിരുന്ന സംസ്ഥാനങ്ങളിലെ സാമൂഹികാവസ്ഥയുടെ പകർപ്പായാണ് സീമ കണ്ടത്. എന്നാൽ നന്ദിനിയ്ക്ക് അതിൽ മിസ്സിസ്സിപ്പിനദിയിലൂടെയുള്ള ഉദ്യോഗജനകമായ ഒരു യാത്ര എന്നതിലുപരി എന്തെങ്കിലും കാണാനായോ എന്ന് സംശയമാണ്. ആ പുസ്തകം വായിച്ചപ്പോൾ നന്ദിനിയ്ക്ക് മിസിസിപ്പി നദിയുടെ ഓളങ്ങളിലൂടെ താൻ ഒഴുകുന്നതായി തോന്നിയത്രേ.. പങ്കായം ജലത്തിന്റെ ഉപരിതലത്തിൽ വന്നടിയ്ക്കുന്ന ശബ്ദവും കാറ്റിൻറെ ശീൽക്കാരവും കേൾക്കാനായത്രേ.. മറ്റുള്ളവർക്ക് എന്താണ് പറയാനുള്ളത് എന്ന് കാത്തിരുന്നുകാണണം.

തൽകാലം പതിനഞ്ചുപുസ്തകങ്ങളാണ് ക്ലബ്ബിലെത്തിയത്. അതിൽ ആറെണ്ണം സീമയുടേതാണ്, ബാക്കി നന്ദിനിയുടേതും ദിവ്യയുടേതും. അഗതാക്രിസ്റ്റിയുടെ അപസർപ്പകനോവലുകളുടെ തർജ്ജമകളാണ് നാലെണ്ണം. അവയ്ക്കാണ് ആവശ്യക്കാർ കൂടുതലായി ഉള്ളത്.

രാധാമണി ടീച്ചർ കഥ തുടരുകയാണ്, ജയിലിൽ മഞ്ഞുകാലം കഴിച്ചുകൂട്ടാനുള്ള മോഹവുമായി, സോപ്പി പലതവണ നിയമം ലംഘിക്കുന്നു. പക്ഷെ ഓരോ തവണയും നിയമപാലകർ സോപ്പിയെ നിരാശപ്പെടുത്തുകയാണ്...

ഒടുവിൽ ഉച്ചഭക്ഷണത്തിനുള്ള മണി മുഴങ്ങി.
"ബാക്കി നാളെ..," ടീച്ചർ പറഞ്ഞു..

ഉച്ചഭക്ഷണത്തിനുശേഷം സീമ, വായനാക്ലബ്ബിന്റെ വിവരങ്ങൾ എഴുതിയ പുസ്തകം തുറന്നുവച്ചു. പുസ്തകങ്ങൾ തിരിച്ചുതന്നവരിൽ നിന്നും അതുവാങ്ങി ലിസ്റ്റുനോക്കി മറ്റുള്ളവർക്ക് നൽകി. രണ്ടു മൂന്നുദിവസത്തിൽ കൂടുതൽ പുസ്തകങ്ങൾ കൈവശം വയ്ക്കാൻ ആർക്കും അധികാരമില്ല. മൂന്നുദിവസത്തിനകം ഒരു പുസ്തകം വായിക്കുവാൻ കഴിയുന്നവർ മാത്രം ക്ലബ്ബിൽ അംഗങ്ങളായാൽ മതി എന്നു നിർദ്ദേശിച്ചത് സീമതന്നെയാണ്. വായിച്ചുകഴിഞ്ഞ പുസ്തകങ്ങളെക്കുറിച്ച് ഓരോരുത്തരോടും ചോദിക്കാനും അവൾ മറന്നില്ല. അപസർപ്പകനോവലുകൾക്കും കുട്ടിക്കഥകൾക്കും പ്രണയകഥകൾക്കും ഉപരിയായ ഒരു വായന എത്ര പേരിലേക്ക് പകർത്താനാകും, അതാണ് അവൾക്ക് അറിയേണ്ടിയിരുന്നത്.

വായിച്ചപുസ്തകങ്ങളെക്കുറിച്ച് കൂടുതലായി സംസാരിക്കുവാനും സംശയങ്ങൾ ചോദിക്കുവാനും താല്പര്യമുള്ള കുട്ടികൾ എന്നും ക്ലാസ്സിനുമുന്നിലുള്ള വരാന്തയിൽ ഒത്തുകൂടിയിരുന്നു.

"നൈൽ നദിയിലെ മരണം, ഞാൻ കരുതിയതുപോലെയല്ല അവസാനിച്ചത്. ആരാണ് കൊലപാതകിയെന്ന് എന്ന് ഒരു ഏകദേശധാരണ തുടക്കം മുതലേ എനിക്കുണ്ടായിരുന്നു. അവസാനമായപ്പോൾ അത് തെറ്റാണെന്ന് മനസ്സിലായി." ജിഷ പറഞ്ഞു"എന്തായാലും ഒരു രാത്രികൊണ്ട് ഞാൻ പുസ്തകം വായിച്ചുതീർത്തു, വായിച്ചുതീർക്കാതെ എങ്ങനെ ഉറങ്ങാനാണ്."

"ഞാൻ ഗ്രിം സഹോദരന്മാരുടെ നാടോടിക്കഥയാണ് വായിച്ചത്," ലേഖ പറഞ്ഞു. "പണ്ടുമുതലേ കേട്ടിട്ടുള്ള കഥകളുടെ യാതാർത്ഥരൂപം എങ്ങനെയാണെന്ന് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു."

സീമയും ലേഖയും ദിവ്യയും നന്ദിനിയുമടക്കം പത്തുകുട്ടികളാണ് ക്ലബ്ബിലുള്ളത്. ഓരോരുത്തരായി വായിച്ചപുസ്തകങ്ങളെക്കുറിച്ച് പറഞ്ഞു.

ബഷീറിന്റെ ചെറുകഥാസമാഹാരമാണ് ദിവ്യ വായിച്ചുതീർത്തത്.
"ചില കഥകൾ എന്നെ ചിരിപ്പിച്ചു, മറ്റുളളവ എന്നെ ചിന്തിപ്പിച്ചു..," അവൾ പറഞ്ഞു.

സീമയുടെ ഊഴമായി, " ഞാൻ വായിച്ചത്.. " അവൾ പറഞ്ഞു തുടങ്ങി. തനിക്കുചുറ്റുമുള്ള മുഖങ്ങൾ ഓരോന്നായി ശ്രദ്ധിച്ചപ്പോളാണ് നന്ദിനി അവിടെയില്ല എന്ന് സീമ ശ്രദ്ധിച്ചത്.

"നന്ദിനിയെവിടെ?" അവൾ ദിവ്യയോട് ചോദിച്ചു.

"നിമിഷ വീട്ടുകാണില്ല, " ദിവ്യ പറഞ്ഞു.

സീമ ക്ലാസ്സിനകത്തുചെന്നു നിമിഷയോട് നന്ദിനിയെ പറ്റി ചോദിച്ചു. നിമിഷ തന്റെ ഡയറിയിൽ എന്തോ വെട്ടിത്തിരുത്തുകയാണ്.

"എനിക്കെങ്ങനെ അറിയാനാണ്, ഞാൻ നന്ദിനിയെ കയ്യിൽ കൊണ്ട് നടക്കാറില്ല." ആ നിസ്സംഗമായ മറുപടികേട്ട് സീമ അമ്പരന്നുപോയി.

സീമ ക്ലാസ്സിൽ നിന്നിറങ്ങി പുറത്തേക്കുനടന്നു. ഒരു ചെറിയ കുന്നിൻ ചെരിവിലാണ് സ്കൂളിന്റെ ഒരുവശം. കുത്തനെയുള്ള പടികളിറങ്ങിവേണം സ്കൂളിന്റെ മുഖ്യഭാഗത്തെത്താൻ. സീമ പടികൾ ഓടിയിറങ്ങി.

കൊന്നക്കാട്ടിൽ ഇപ്പോളും കുട്ടികളുടെ ഒരു കൂട്ടമുണ്ട്.

"അതാ, ബാബയാഗവരുന്നു.." ആരോ വിളിച്ചു പറയുന്നുണ്ട്. അഞ്ചാം ക്ലാസ്സുകാരാണ്. എത്രപെട്ടെന്നാണ് 'ബാബായാഗയെ' മറ്റുകളാസ്സുകാർ ഏറ്റെടുത്തത്. സീമ ചുറ്റും നോക്കി നന്ദിനിയെ അവിടെയെങ്ങും കണ്ടില്ല. അവൾ ലൈബ്രറിയുടെ മറുവശത്തെത്തി. അവിടെ ലൈബ്രറിയുടെ തിണ്ണയിലിരുന്ന് എന്തോ എഴുതുകയാണ് നന്ദിനി.

"എന്താണ്, നിമിഷയുമായി പിണങ്ങിയോ ?" സീമ ചോദിച്ചു.

"പിണങ്ങിയോ എന്നറിയില്ല. തല്ക്കാലം ഒന്നുരണ്ടുദിവസമായി നിമിഷ എന്നോടുമിണ്ടുന്നില്ല."

"എന്തുപറ്റി, നിമിഷയുടെ ഡയറിയിലെ സിമിനാതാരങ്ങളുടെ ചിത്രങ്ങളേതെങ്കിലും നീ ഇളക്കിയോ," സീമ ചിരിച്ചുകൊണ്ട് ചോദിച്ചു. " അതിനാണ് അവൾ രാജിയോട് പിണങ്ങിയത്. നീ വരുന്നതിനുമുൻപ്. അതിനും മുൻപ് മഞ്ജുവിനോടും."

"നിമിഷ ഒരു സീരിയൽ പിണക്കക്കാരിയായിരുന്നോ ?" നന്ദിനി അമ്പരന്ന് തലയിൽ കൈവച്ചു. "വളരെ ബാലിശമായ ഒരു കാര്യം.." അവൾ മടിച്ചുകൊണ്ടു പറയാൻ തുടങ്ങി. "ഞങ്ങളുടെ ഡെസ്കിൽ പേരെഴുതാത്ത ഒരു ആശംസാകാർഡ് പ്രത്യക്ഷപ്പെട്ടു. ആർക്കാണെന്നോ, ആരിൽ നിന്നാണെന്നോ അറിയില്ല. ചിലപ്പോൾ ആരുടെയെങ്കിലും ബാഗിൽ നിന്ന് വീണതുമാകാം. എന്തായാലും അതിന്റെ ഉത്ഭവം കണ്ടെത്തണമെന്നായി അവൾ. അവൾ ഭാവിയിൽ ഒരു ഡിറ്റക്റ്റീവ് ആകുമത്രേ. അതിനുള്ള തയ്യാറെടുപ്പാണത്രെ.. ഞാൻ വേണ്ട എന്ന് പറഞ്ഞു .. അതോടെ എന്നോടുമിണ്ടാതെയായി .."

"എന്താണ്, ആ കാർഡിൽ എഴുതിയിരുന്നത്, ഇത്രമാത്രം അത് അവളെ ജിജ്ഞാസുവാക്കണമെങ്കിൽ .."

"അതോ, നീ ഒരു മാലാഖയാണ്, അത്രമാത്രം."

സീമയ്ക്കുപൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ആര് ആരെ മാലാഖ എന്ന് വിളിച്ചു ? ആര് ആരാൽ മാലാഖ എന്ന് വിളിക്കപ്പെട്ടു?

സീമ നന്ദിനിയുടെ പുസ്തകത്തിലേക്ക് നോക്കി.

'വാർദ്ധക്യം ബാധിച്ചു തുടങ്ങിയ ആ പഴയ നഗരത്തിൽ രക്തധമനികളെ പോലെ ആയിരുന്നു മൺപാതകൾ. അവ തലങ്ങും വിലങ്ങും ഓടിനടന്ന് നിത്യനുഷ്ടാനങ്ങളുടെ മടുപ്പിൽ ജീർണ്ണിച്ചു തുടങ്ങിയ പഴയ തെരുവുകൾക്ക് ജീവൻ നൽകി. ഓരോ രാത്രിയും മൺപാതകളിൽ കാൽപെരുമാറ്റങ്ങൾ ഇല്ലാതെയാകുമ്പോൾ തെരുവുകൾ താൽക്കാലികമായെങ്കിലും മരണത്തിന്റെ കയ്യിലമർന്നു. പ്രഭാതങ്ങളിൽ തോളത്തു പുസ്തകസഞ്ചിയും കണ്ണുകളിൽ കുസൃതിയുമായി വീടുകളിൽ നിന്നിറങ്ങിയ കുട്ടികൾ അവരുടെ തിടുക്കമേറിയ കാൽവെയ്പ്പുകൾ കൊണ്ട് അവയെ പുനർജ്ജീവിപ്പിച്ചു.'

"കഥയാണോ .." സീമ അത്ഭുതത്തോടെ ചോദിച്ചു.

"കഥപോലെയെന്തോ.." നന്ദിനി പുസ്തകം അടച്ചുകൊണ്ട് പറഞ്ഞു. "നിങ്ങൾ മീറ്റിങ്ങ് നടത്തുകയായിരുന്നില്ലേ .." അവൾ അല്പമൊരു പരിഭ്രമത്തോടെ ചോദിച്ചു.

"നമ്മൾ മീറ്റിങ്ങ് നടത്തേണ്ടതായിരുന്നു .. പക്ഷെ .. നിന്നെ കാണാനില്ലായിരുന്നു."

നന്ദിനിയെയും കൂട്ടി തിരിച്ചു ക്ലാസ്സിന്റെ വരാന്തയിലെത്തിയശേഷം സീമ തൂണും ചാരി തന്റെ പതിവു സ്ഥാനത്തിരുന്നു.

"ഞാൻ വായിച്ചു കൊണ്ടിരിക്കുന്നത്.. " അവൾ പറയാൻ തുടങ്ങി " അമ്മയുടെ ഓഫീസ് ലൈബ്രറിയിൽ നിന്നെടുത്ത ഒരു പുസ്തകമാണ്. ബംഗാളി നോവലിന്റെ തർജ്ജമയാണ്. ബിഭൂതിഭൂഷൺ ബാനർജിയുടെ പഥേർ പാഞ്ചാലി.. എങ്ങനെയാണ് ഈ പുസ്തകത്തെക്കുറിച്ചു വിശദീകരിക്കുക എന്ന് എനിക്കറിയില്ല. പാതയുടെ സങ്കീർത്തനം അതാണ് ആ പേരിന്റെ അർത്ഥം. മൺപാതകൾ, അവയ്ക്ക് അവയുടേതായ ഭാഷയുണ്ടാകാം , ചിലപ്പോൾ സംഗീതവും.."

ഉച്ചയ്ക്കുശേഷമുള്ള ക്ലാസുകൾ ആരംഭിയ്ക്കാനുള്ള മണി മുഴങ്ങി. കുട്ടികൾ തിരക്കിട്ട് ക്ലാസ്സിലേക്ക് കയറിപ്പോയി. നന്ദിനിമാത്രം അപ്പോളും ചവിട്ടുപടികളിലൊന്നിലിരുന്ന് സീമയെ അത്ഭുതത്തോടെ നോക്കി.

"മൺപാതകൾ ?" അവൾ ചോദിച്ചു.

"പാതകൾ, നിരത്തുകൾ, മൺപാതകൾ എന്തുമാകാം. ബാക്കി നാളെ പറയാം.." സീമപറഞ്ഞു.

Sunday, May 21, 2023

കഥകളുടെ കാലം - അഞ്ച്

വേനലും മഴയും

അവധിക്കാലം മിഠായി നുണയുന്നതു പോലെ ആസ്വദിക്കുകയായിരുന്നു നന്ദു.

കുറച്ചുമാസങ്ങൾക്കുമുൻപ് താൻ വിടപറഞ്ഞുവന്ന ലോകം, വേദനിക്കുന്ന ഹൃദയത്തോടെ, തന്നെ കാത്തിരിക്കുകയായിരുന്നു എന്ന് അവൾക്ക് തോന്നി. പഴയതിലധികം വാത്സല്യത്തോടെ തന്നെ നെഞ്ചോടുചേർക്കാൻ കൊതിച്ചത് വലിയമ്മ മാത്രമല്ല, മരങ്ങളും മൺപാതകളും എന്തിന് പുസ്തകങ്ങൾകൂടിയായിരുന്നു എന്ന് അവൾ തന്നോടുതന്നെ പറഞ്ഞു. ഒരു മാറ്റവുമില്ല ഒന്നിനും. അതിരാവിലെ മുകളിലത്തെ നിലയിലെ വടക്കേമുറിയുടെ ജനലതുറന്ന് ദൂരേക്ക് നോക്കുമ്പോൾ പഴയതുപോലെ തന്നെ ഉണർന്നുതുടങ്ങുന്ന തെരുവുകളുടെ മുകളിൽ മൂടൽ മഞ്ഞിന്റെ ലാഞ്ചനയുണ്ട്. വെയിലത്താടുന്ന പേരമരത്തിന്റെ ഇലകൾക്ക് പഴയതുപോലെ തന്നെ ഏറ്റവും ഹൃദ്യമായ ഇളം പച്ച. അലക്കുകല്ലിന്റെ മുകളിൽ കയറിനിന്ന്, എത്തിപ്പിടിച്ചു പറിച്ചെടുക്കുന്ന അരിനെല്ലിക്കയ്ക്ക് ഇപ്പോഴും പറഞ്ഞറിയിക്കാനാവാത്ത സ്വാദ്. പേരമരത്തിന്റെ ചില്ലകളിലൊന്നിൽ വിശ്രമിക്കുമ്പോൾ കണ്ട, തെളിഞ്ഞ ആകാശത്തിലെ വേനൽ മേഘങ്ങളുടെ രൂപരേഖകൾ പോലും മുമ്പ്കണ്ടു മറന്നപോലെ..

നന്ദു യഥേഷ്ടം പറമ്പിൽ ചുറ്റിനടന്നു, ഓരോ പുൽക്കൊടിയോടും കുശലാന്വേഷണം നടത്തി. ഇടനാഴിയുടെ മൂലയിലുള്ള ആഴ്ചപ്പതിപ്പുകളുടെ കൂന തിരിച്ചും മറിച്ചുമിട്ട് വായിച്ചു. മണിക്കൂറുകളോളം പുസ്തകങ്ങളോട് സംസാരിച്ചു. പഴയ കൂട്ടുകാരോടൊപ്പം കളിച്ചു. പണ്ട് പഠിച്ചിരുന്ന സ്കൂളിനരികിലേക്ക് ഇടവഴികളിലൂടെ നടന്നു. പഴയ 'കുഞ്ഞരുവിയിൽ' വീണ്ടും കടലാസുതോണികൾ ഒഴുക്കി.

'കളകളം പാടുമീ അരുവിതന്നരുകിലീ,
ആൽമരത്തിൻ സ്വച്ഛ ശീതളഛായയിൽ,
ഒഴുകുമീ തെന്നലിൻ താരാട്ടുകേട്ടുഞാൻ
ഒന്നുറങ്ങട്ടെയിന്നൊരുമാത്രയെങ്കിലും.'

അങ്ങനെ ഒരു പാട്ടുമെഴുതിയുണ്ടാക്കി...

ചപ്രത്തലമുടിയിൽ ഇലകളും പേരമരത്തൊലിയും, ഉടുപ്പിൽ ചെമ്മണ്ണുമായി വീട്ടിലെക്കുകയറിയ ഒരു സന്ധ്യക്ക് വലിയമ്മ ചോദിച്ചു..

"നീ നിന്റെ പുതിയ വീട്ടിൽ എങ്ങനെ ജീവിക്കുന്നു, അവടെ മരങ്ങളില്ലല്ലോ.. അവടെ നിനക്കു വീർപ്പുമുട്ടില്ലേ.. അമ്മ ഓഫീസിൽ നിന്നും വരാൻ വൈകില്ലേ.. അതുവരെ എന്തുചെയ്യും നീ .."

ഒരു നിമിഷാർദ്ധം, നന്ദുവിനു ശ്വസിക്കാനായില്ല. ഇരുണ്ടുതുടങ്ങിയ ആകാശം തന്നെ പൊടുന്നനെ വന്നു മൂടുന്നതുപോലെ അവൾക്കുതോന്നി. വലിയമ്മ അടുക്കളവാതിലിന്റെ പാളികൾ അടയ്ക്കുകയാണ്. ഇനിയവർ മുഖം കഴുകി വിളക്കുകൊളുത്തും. വർഷങ്ങളായി ഓരോവൈകുന്നേരവും കണ്ടുവന്നിരുന്ന കാഴ്ച. ഇവിടെ എല്ലാം പരിചിതമാണ്. നിഴലുകൾ പോലും. ഇവിടെ ഭയപ്പെടുത്തുന്നതായി ഒന്നുമില്ല.

ഇലഞ്ഞിപ്പൊയിലിൽ അവധിക്കാലം ചിലവഴിക്കാനെത്തിയ ശ്രീധരനാണ് താനെന്ന് നന്ദുസങ്കൽപിക്കാൻ ശ്രമിച്ചു. അല്ലെങ്കിൽ നാലപ്പാട്ട് തിരിച്ചെത്തിയ ആമി... അതുമല്ലെങ്കിൽ ദ്നീപ്പറിന്റെ തീരത്തെത്തിയ കോസ്ത്യ.., ഗ്രീൻ ഗേബിളിലെ ആൻ... ശ്വാസം തിരിച്ചുകിട്ടി.

"വീട്ടിൽ മരങ്ങളില്ല, പക്ഷെ സ്കൂളിലുണ്ട്, ധാരാളം മരങ്ങൾ..കൂട്ടുകാരും.." നന്ദു ദീർഘശ്വാസമെടുത്തുകൊണ്ട് പറഞ്ഞു.

"സ്കൂളിലൊന്നും ഇങ്ങനെ മരം കയറി നടക്കല്ലേ.. ഇനി വലിയ കുട്ടിയാകുകയാണ്, അത് മറക്കണ്ട.." വലിയമ്മ അപേക്ഷാഭാവത്തിൽ പറഞ്ഞു.

നന്ദു ചിരിച്ചു. ഈയിടെയായി, പലരും പറയുന്നുണ്ട് അവളോടിത്, അമ്മ, വീട്ടുജോലിക്കാരി, എന്തിന് ചന്ദ്രിക ടീച്ചർ പോലും. ചിലപ്പോളൊക്കെ അപേക്ഷയായും മറ്റുചിലപ്പോൾ താക്കീതായും. ഇനിയുള്ള രണ്ടുമൂന്നുവർഷങ്ങൾ കൊണ്ട് തന്റെ ശരീരം തനിക്കു മനസിലാക്കാനാകാത്ത രീതിയിൽ പ്രവർത്തിക്കുന്ന ഒരു യന്ത്രമായിത്തീരുമെന്ന അറിവ് അവളെ കുറച്ചൊന്നുമല്ല തളർത്തിയത്. ഇരുപതുവയസ്സിനുമുൻപേ, വിവാഹം കഴിക്കുകയോ, അമ്മയായിത്തീരുകയോ ചെയ്ത ഒരു സ്ത്രീയെപ്പോലും നന്ദുവിന്‌ നേരിട്ട് പരിചയമുണ്ടായിരുന്നില്ല. വലിയമ്മപോലും വിവാഹിതയായത് ഇരുപതാം വയസ്സിലാണ്. ഇരുപത്തിമൂന്നുവയസ്സിൽ അമ്മയാകുന്നതിനായി ഒരു സ്ത്രീയുടെ ശരീരം പതിമൂന്നുവയസ്സുമുതൽ തയ്യാറെടുപ്പുകൾ നടത്തിത്തുടങ്ങണമോ .. ആർത്തവവും മറ്റും ഒരു പതിനെട്ടുവയസ്സിൽ തുടങ്ങിയാൽ മതിയായിരുന്നില്ലേ..തന്നോടുമാത്രം ദൈവം കരുണകാണിക്കുമെന്നും തന്റെ ശരീരം അടുത്തകാലത്തൊന്നും പേടിപ്പെടുത്തുന്നതരത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നുപോകില്ല എന്നും അവൾ സ്വയം വിശ്വസിപ്പിക്കുവാൻ ശ്രമിച്ചുവരികയായിരുന്നു.

വലിയമ്മയുടെ മുൻപിൽ പക്ഷെ ഇത്തരം ഭയങ്ങളൊന്നും കാണിക്കാനാകില്ല. വല്യമ്മയ്ക്ക്, ഒരു പക്ഷെ വലിയമ്മയ്ക്കുമാത്രം, അവൾ ഏറ്റവും ധീരയും ബുദ്ധിമതിയുമായ കുട്ടിയാണ്. വലിയമ്മയുടെ മുന്നിൽ ഭീരുവാകാനാവില്ല.

എങ്കിലും അന്ന് മുഖം കഴുകി, ഗീതാധ്യാന ശ്ലോകങ്ങൾ ഉരുവിട്ട് വിളക്കിനുമുന്നിൽ ഇരുന്നപ്പോൾ നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഏറ്റവും അമൂല്യമായ നിധിയായിരുന്നു ആ അൻപതു ദിവസങ്ങൾ. കണ്ണിമവെട്ടാതെ കാവലിരുന്നിട്ടും, അവ ഓരോന്നായി കവർന്നെടുക്കപ്പെട്ടു. ഒടുവിൽ തിരിച്ചുപോകാനുള്ള ദിവസമായി. വല്യമ്മയോടും ചേച്ചിമാരോടും യാത്രപറഞ്ഞു.

രാത്രിയിലായിരുന്നു ട്രെയിൻ. നന്ദു തന്റെ അഭിമുഖമായി ഇരുന്നിരുന്ന അമ്മയുടെയും സഹോദരന്റെയും മുഖത്തേക്ക് നോക്കിയതേയില്ല. ജനലിലൂടെ മേഘാവൃതമായ ആകാശത്ത് ഒരു നേർത്ത ചന്ദ്രക്കല കാണാമായിരുന്നു. 'നീയും വരുന്നുവോ എൻറെകൂടെ..' അവൾ ചന്ദ്രനോട് പറഞ്ഞു. ചന്ദ്രന്റെ മാഞ്ഞുപോയ പകുതിപോലെ അവളും തന്റെ ആത്മാവിന്റെ പകുതി ഉപേക്ഷിച്ചിട്ടാണ് തിരിച്ചുപോകുന്നത്.

പുതിയ സ്കൂൾ വർഷം തുടങ്ങിയത് കോരിച്ചൊരിയുന്ന മഴയോടെയാണ്. നന്ദുവിന്റെ ക്‌ളാസ്സുകാർ പുതിയ ക്‌ളാസ്സ് ടീച്ചറുടെ വരവിനായി കാത്തിരുന്നു. ദേഷ്യക്കാരിയായ ചന്ദ്രിക ടീച്ചർക്കുപകരം അതീവ സൗമ്യയായ രാജാമണി ടീച്ചർ. സമാധാനമായി എല്ലാവർക്കും.

പുറത്തെ മഴയോടൊപ്പം ടീച്ചറുടെ മധുരമായ ശബ്ദം സംഗീതം പോലെ..

ഇന്റർവൽ സമയത്ത് സീമയും ദിവ്യയും ലേഖയും ഒരു കടലാസുമായി വന്നു.

"ഇത് ഹെഡ്-മിസ്ട്രസ്സിനുള്ള അപേക്ഷയാണ്." ടീച്ചറുടെ മേശയ്ക്കുമുന്പിൽ നിന്ന് ദിവ്യപറഞ്ഞു. "ലൈബ്രറി കുട്ടികൾക്കായി തുറന്നുതരാൻ.. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമാണ് ലൈബ്രറിക്കകത്തുപോകാൻ കഴിഞ്ഞിട്ടുള്ളത്.. എല്ലാ ക്‌ളാസ്സിലും വായിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടാകില്ലേ. താൽപര്യമുള്ളവർ ഇവിടെ പേരെഴുതി ഒപ്പിടണം. "

ദിവ്യ ക്ലാസ് ലീഡറാണ്. ക്ലാസ്സിൽ സംസാരിക്കുന്ന കുട്ടികളുടെ പേരെഴുതി ടീച്ചറെ ഏല്പിക്കാൻ അധികാരമുള്ളവൾ. ചില കുട്ടികൾ അനുസരണയോടെ ഒപ്പിട്ടു.

"ഞാനില്ല ഇതിനൊന്നും, " നിമിഷ പ്രഖ്യാപിച്ചു. " ഹെഡ്-മിസ്ട്രസ്സിന് മൂക്കത്താണ് കോപം. ഓരോ അസംബ്ലിയിലും അവർ പറയാറുള്ളത് എന്തിനും തക്കതായ ശിക്ഷകിട്ടുമെന്നാണ്. ഓടിയാൽ തക്കതായ ശിക്ഷ, ഉറക്കെ സംസാരിച്ചാൽ തക്കതായ ശിക്ഷ. മതിലിനടുത്തുനിന്ന് ഏതെങ്കിലും ആൺകുട്ടിയോട് ചിരിച്ചാൽ തക്കതായ ശിക്ഷ.. എന്നെങ്കിലും അവർക്കു തൊണ്ടവേദന വന്നാൽ അസംബ്ലിയിൽ ആകെ പറയുന്നത് , എന്തിനും തക്കതായ ശിക്ഷ എന്നായിരിക്കും. ഇനി ലൈബ്രറി തുറപ്പിക്കാൻ ചെന്നാൽ അതിനും കിട്ടും തക്കതായ ശിക്ഷ.."

"നീ വരില്ലേ ഞങ്ങളുടെ കൂടെ.." സീമ നന്ദുവിനോട് ചോദിച്ചു.
നന്ദു നിമിഷയെ നോക്കി. നിമിഷ വേണ്ട എന്ന് തലയാട്ടി.
"ബംഗാളി നോവലേതാണ്, മലയാളം നോവലേതാണ് എന്ന് നമുക്ക് എല്ലാവരെയും പഠിപ്പിക്കണ്ടേ.."
സീമ അപേക്ഷിക്കുകയാണ്.
"വരാം.." നന്ദു പറഞ്ഞു.. നിമിഷയുടെ മുഖത്തുനോക്കാതെ ദിവ്യ നീട്ടിയ കടലാസ്സിൽ ഒപ്പിട്ടു.
"ഉച്ചയ്ക്ക് പോയി കാണാം, ഊണുകഴിഞ്ഞ് .. നീ വരണം.." ദിവ്യ പറഞ്ഞു.

ഉച്ചയ്ക്ക് പ്രധാനാദ്ധ്യാപികയുടെ ഓഫീസിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്റെ തൊണ്ട വരളുകയാണ് എന്ന് നന്ദുവിന്‌ തോന്നി. ഭംഗിയായി അടുക്കിയ ഒരുമേശ, കടലാസുകെട്ടുകൾക്കുമീതെ കൗതുകമുള്ള പേപ്പർ വെയിറ്റുകൾ.. ഒത്ത നടുവിലായി അതാ ആ പ്രസിദ്ധമായ ചൂരൽ. ഇതാണ് തക്കതായ ശിക്ഷ വിധിക്കുന്ന നീതിപീഠം.

"ഒരു പെറ്റീഷനാണ്, ലൈബ്രറി കുട്ടികൾക്കായി തുറന്നുതരാൻ.." ദിവ്യ പറഞ്ഞു.

ടീച്ചർ അത്ഭുതത്തോടെ ദിവ്യയെ നോക്കി, അവൾ നീട്ടിയ കടലാസ് ഓടിച്ചുവായിച്ചു.

"ഏതു ക്ലാസ്സിലാണ് നിങ്ങൾ?" ടീച്ചർ ചോദിക്കുകയാണ്. ആ ചോദ്യത്തിൽ ഒരു പുച്ഛഭാവം ഒളിച്ചിരിപ്പുണ്ടെന്ന് നന്ദു ഉറപ്പിച്ചു.
"എട്ടിൽ.."
"പാഠപുസ്തകങ്ങൾ ഒക്കെ കിട്ടിയില്ലേ എല്ലാർക്കും.. അതാദ്യം വായിക്കൂ.."
" ടീച്ചർ, പാഠപുസ്തകങ്ങൾ അല്ല ഇവിടെ പ്രശ്നം..വായിക്കാനാഗ്രഹമുള്ള ധാരാളം കുട്ടികളുണ്ട്.."
" ലൈബ്രറി തുറന്നിടണമെങ്കിൽ ഒരു സ്ഥിരം ലൈബ്രേറിയൻ വേണം. അങ്ങനെ ഒരു പോസ്റ്റ് സ്കൂളിലില്ല. ടീച്ചർമാർക്ക് സമയം കിട്ടുമ്പോൾ പുസ്തകങ്ങൾ ക്ലാസ്സിൽ കൊണ്ടുവരും. നിങ്ങളുടെ പ്രായത്തിന് അനോയോജ്യമായ പുസ്തങ്ങൾ..അത് വായിച്ചാൽ മതി.."
"കഴിഞ്ഞ കൊല്ലവും അങ്ങനെയൊക്കെ പറഞ്ഞതാണ്. പക്ഷെ രണ്ടേ രണ്ടുതവണയാണ്..."
"രണ്ടേ രണ്ടുപ്രാവശ്യം!.. എന്നിട്ടുതന്നെ ചിലപുസ്തകങ്ങൾ തിരിച്ചുകിട്ടാനുണ്ട്.. പൊയ്‌ക്കോളൂ.. ഇതൊന്നും നടക്കില്ല!"

ഓഫീസ് മുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ സീമയുടെയും ദിവ്യയുടെയും മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത നിരാശയുണ്ടായിരുന്നു. നന്ദുവിന്‌ നിരാശയെക്കാൾ ആശ്വാസമാണ് തോന്നിയത്. ടീച്ചർക്ക് ചൂരലെടുത്ത് പ്രയോഗിക്കാൻ തോന്നിയില്ലല്ലോ..

"ഇനിയെന്ത് ചെയ്യും.." സീമ ചോദിച്ചു..
"എന്ത് ചെയ്യാനാണ്.. നീ കേട്ടതല്ലേ അവർ പറഞ്ഞത് .." ദിവ്യ നിസ്സംഗതയോടെ തലയാട്ടി..
"തോറ്റുകൊടുക്കണമെന്നാണോ.."
"നീ ധാരാളം വായിക്കുന്നുണ്ടല്ലോ. അതുപോരെ. മറ്റുകുട്ടികളെ വായിപ്പിക്കുവാൻ നമുക്ക് തൽക്കാലം കഴിയില്ല." ലേഖ പറഞ്ഞു

ആ സംഭാഷണത്തിന്റെ വിഫലത നന്ദുവിന്‌ അസഹ്യമായിതോന്നി ..

"നിങ്ങൾക്ക് പുസ്തകങ്ങളാണോ വേണ്ടത്?.." അവൾ ചോദിച്ചു. " എന്റെ വീട്ടിൽ പുസ്തകങ്ങളുണ്ട്, ഒരു ലൈബ്രറി എന്നൊന്നും പറയാനില്ല, എങ്കിലും രണ്ടുമൂന്നുഷെൽഫുകളുണ്ട്..തിരിച്ചുകൊണ്ടുതരുമെന്ന് ഉറപ്പുണ്ടെങ്കിൽ ഞാൻ കൊണ്ടുവരാം പുസ്തങ്ങൾ."

"എന്റെ കയ്യിലുമുണ്ട് കുറച്ച്." സീമ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.
"അതു പോരെ.. നമുക്ക് ഒരു നോട്ട്ബുക്കിൽ എഴുതിവയ്ക്കാം ഏതുപുസ്തകം ആരുടെ കയ്യിലാണ് എന്ന്..," ദിവ്യ പറഞ്ഞു.
"അതുമതി.." സീമ ആഹ്‌ളാദത്തോടെ നന്ദുവിന്റെ കൈ പിടിച്ചുകുലുക്കി.

"എല്ലാവരും പുസ്തകങ്ങൾ തിരിച്ചുതരുമെന്ന് ഉറപ്പാണല്ലോ.." ചെളിവെള്ളച്ചാലുകൾ മുറിച്ചുകടന്ന് ക്‌ളാസ്സിലെത്തിയപ്പോൾ നന്ദു ചോദിച്ചു..

"ഉറപ്പ്.." സീമയും ദിവ്യയും ലേഖയും അവളുടെ കൈ പിടിച്ച് ഉറപ്പുകൊടുത്തു.

ഉച്ചക്ക് ആദ്യത്തെ പീരീഡ് ഇംഗ്ലീഷ് ആണ്. ഇംഗ്ലീഷ് പുസ്തകം പുറത്തെടുക്കുകയാണ് കുട്ടികൾ. ക്ലാസ്സിലെങ്ങും പുതിയ പുസ്തകത്താളുകളുടെ മണം. പുതിയ പ്രതീക്ഷകളുടെ വിഹ്വലതയും..

Saturday, May 13, 2023

കഥകളുടെ കാലം - നാല്

ബാബായാഗ

'അയിഷ വജ്രമോതിരം വിഴുങ്ങി ജീവനൊടുക്കണമെന്ന് ചിന്തിക്കുവാൻ കാരണമെന്ത്?' ചോദ്യം കുഴപ്പിക്കുന്നതൊന്നുമല്ല. എങ്കിലും സീമയ്ക്ക് താനെഴുതിയ ഉത്തരത്തിൽ എന്തുകൊണ്ടോ തൃപ്തി തോന്നിയില്ല.

സീമ ഉത്തരപേപ്പറിലേക്ക് ഒരിക്കൽ കൂടി നോക്കി. ജഗത്‌സിംഹനോട് അയിഷയ്ക്ക് തോന്നിയിരുന്ന ആരാധനയെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. ജഗത്‌സിംഹൻറെ പ്രതിശ്രുതവധുവായിരുന്ന തിലോത്തമയെ കുറിച്ചറിയാമെങ്കിലും, ശത്രുവംശജയായ തന്നെ രജപുത്രനായ ജഗത്‌സിംഹന് ഒരിക്കലും സ്വീകരിക്കുവാനാവില്ല എന്ന സത്യം മനസ്സിലാക്കിയിരുന്നുവെങ്കിലും അയിഷയ്ക്ക് തന്റെ മനസ്സിനെ കടിഞ്ഞാണിട്ട് നിയന്ത്രിക്കുവാനായിരുന്നില്ല. അയിഷയുടെ മനസ്സിൽ ജഗത്‌സിംഹന് പകരമാകാൻ ഒരിക്കലും മറ്റൊരു പുരുഷനാകില്ല. അതിനാൽ തിലോത്തമയുടെയും ജഗത്‌സിംഹന്റെയും കൂടിച്ചേരലിനു സാക്ഷി ആയതിനു ശേഷം, വജ്രമോതിരം വിഴുങ്ങി ജീവിതം അവസാനിപ്പിക്കണമെന്ന് അയിഷ തീരുമാനിച്ചു.

ഒരുപേജിൽ കവിയാത്ത ഉത്തരമാണ് വേണ്ടത്. ജഗത്‌സിംഹന്റെ ഗുണഗണങ്ങൾ അല്പം കൂടി വർണ്ണിക്കണോ? ജഗത്‌സിംഹനെ പോലെ ഒരാളെ കിട്ടിയില്ല എങ്കിൽ പിന്നെ ജീവിച്ചിട്ടു കാര്യമില്ല എന്ന് ഉത്തരപേപ്പർ നോക്കുന്ന അദ്ധ്യാപികയ്ക്കും തോന്നണം.

അവസാനത്തെ ചോദ്യമാണ്. ഇനിയും സമയമുണ്ട്. സീമ ചുറ്റും നോക്കി. എല്ലാകുട്ടികളും തിരക്കുപിടിച്ചെഴുതുകയാണ്. വർഷപ്പരീക്ഷയാണല്ലോ. വേഗം എഴുതിത്തീർത്തൽ അതോടെ ആ വിഷയം കഴിഞ്ഞു. തന്നേപ്പോലെതന്നെ മറ്റുള്ള ഏഴാം ക്ലാസ്സുകാരും അയിഷയുടെ ദുഖത്തിന് കാരണം കണ്ടെത്തുകയാണോ എന്ന് സീമ ആലോചിച്ചു. സീമയുടെ അടുത്തിരുന്നിരുന്നത് ഒരു അഞ്ചാം ക്ലാസ്സുകാരിയാണ്. അവൾ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും ചേരുംപടി ചേർക്കുകയാണ്. മേഘാലയയുടെ തലസ്ഥാനം എന്താണെന്നുള്ള ചിന്തയിലാണ് കക്ഷി എന്നുവ്യക്തമാണ്.

"ഷില്ലോങ്," സീമ ചോദ്യപേപ്പർ മുഖത്തുചേർത്തുവച്ച് മന്ത്രിച്ചു. അഞ്ചാം ക്ലാസ്സുകാരി നന്ദിയോടെ പുഞ്ചിരിച്ചു.

ബെഞ്ചിന്റെ മറ്റേ അറ്റത്തിരുന്ന കുട്ടി എഴുതിക്കൂട്ടിയ കടലാസുകൾ ഡെസ്കിൽ പരത്തിയിട്ടിരിക്കുകയാണ്. സീമ അലസമായൊരു നോട്ടം നോക്കി.

'അയിഷയെപോലെ ധീരയും ആദർശവതിയുമായ ഒരു യുവതി പ്രണയനൈരാശ്യം കൊണ്ട് ജീവനൊടുക്കാൻ ഒരുങ്ങി എന്നത് ഒരർത്ഥത്തിൽ യുക്തിക്ക് നിരക്കാത്തതാണ്. നിഷ്ഠൂരനെങ്കിലും, കാട്ലു ഖാൻ അയിഷയുടെ പിതാവായിരുന്നു. പിതാവിന്റെ മരണത്തിന് താനും കരണക്കാരിയാണ് എന്ന തിരിച്ചറിവ് അവളെ തളർത്തിയിരിക്കണം. ശത്രുവിനായി സ്വന്തം ജന്മദാതാവിനെ ഒറ്റുകൊടുത്തവളായി മാത്രം പ്രജകൾ തന്നെ നോക്കിക്കാണുമെന്നും വൈകിയെങ്കിലും അയിഷ മനസ്സിലാക്കിയിരിക്കണം. ജഗത്‌സിംഹനാൽ തിരസ്ക്കരിക്കപ്പെട്ടു എന്നതിനുപരിയായി പ്രജകളാൽ വെറുക്കപ്പെട്ടവളായി ജീവിക്കുവാൻ അവൾ ഒരുപക്ഷെ ആഗ്രഹിച്ചിരിക്കില്ല...'

ഇതൊക്കെ പുസ്തകത്തിലുണ്ടോ? സീമക്ക് സംശയമായി, ഇങ്ങനെയൊന്നും വായിച്ചതായി ഓർക്കുന്നില്ല.

'അയിഷ തന്റെ തലയ്ക്കുമുകളിലുള്ള ആകാശത്തിലെ താരജാലങ്ങളെ ഒരിയ്ക്കലെങ്കിലും നോക്കിയിരുന്നുവെങ്കിൽ, തന്റെ ആരാമത്തിലെ പൂക്കളെ ഒരിയ്ക്കലെങ്കിലും...'

കൂടുതൽ വായിക്കാനായില്ല. വളകളിട്ടിട്ടില്ലാത്ത ഒരു കൈ ഉത്തരപ്പേപ്പറിന്റെ ബാക്കി ഭാഗം മറച്ചുകൊണ്ട് ഡെസ്കിനു കുറുകെ വിശ്രമിക്കുകയാണ്.

നന്ദിനിയാണ്, പുതിയ കുട്ടി...

സീമ സ്വന്തം ഉത്തരപ്പേപ്പറിലേക്കുനോക്കി. ജഗത്‌സിംഹന്റെ ഗുണഗണങ്ങൾ വർണ്ണിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. ആവശ്യത്തിലധികം എന്തായാലും എഴുതിയിട്ടുണ്ട്. ഏഴാം ക്ലാസ്സിലെ പരീക്ഷയല്ലേ, ഇത്രയൊക്കെ തന്നെ ധാരാളം.

ഉത്തരപ്പേപ്പർ മടക്കി ടീച്ചറെ ഏല്പിച്ചശേഷം സീമ ക്ലാസ്സിൽ നിന്നും പുറത്തിറങ്ങി. മൂന്നുനില കെട്ടിടത്തിനുമുന്നിലുള്ള കളിസ്ഥലം മുറിച്ചുകടന്ന് അടച്ചിട്ട ലൈബ്രറിയുടെ വരാന്തയുടെ തിണ്ണയിൽ കൂട്ടുകാരെ കാത്തിരുന്നു. വാതിലിന്റെ സാക്ഷയിലിട്ട വലിയ പൂട്ടിലേക്ക് അവൾ അമർഷത്തോടെ നോക്കി. വളരെ അപൂർവ്വമായി മാത്രമേ ആ ലൈബ്രറി തുറന്ന്, കുട്ടികളെ അതിനകത്ത് പ്രവേശിപ്പിച്ചിരുന്നുള്ളൂ.

തനിക്കല്ലാതെ മറ്റാർക്കും അതിൽ വിഷമമില്ല എന്നതാണ് സീമയെ കൂടുതൽ ദുഖിപ്പിച്ചത്.

ലൈബ്രറിയുടെ മുന്നിലുള്ള മൈതാനത്ത് ഏഴാം ക്ലാസ്സിലെ ചില കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. അവർക്കിടയിലൂടെ സൂക്ഷിച്ച് ദിവ്യ പതുക്കെ നടന്നുവരുന്നത് സീമ കണ്ടു.

"ബെല്ലടിച്ചാലുടൻ എല്ലാവരും കൂടി ഇറങ്ങി ഓടും, ഓടിത്തൊട്ടുകളിക്കാൻ, ഇതൊക്കെ നിർത്താറായില്ലേ," ദിവ്യക്ക് ഇരിക്കാനുള്ള സ്ഥലം ഉണ്ടാക്കി, തിണ്ണയുടെ അറ്റത്തേക്ക് നീങ്ങിയിരുന്നുകൊണ്ട് സീമ പറഞ്ഞു.
"എല്ലാവരും നിന്നെപ്പോലെ ഇവിടെ കുത്തിയിരുന്ന് സത്യാഗ്രഹം ചെയ്യണം, അല്ലെ.." ദിവ്യ ചിരിച്ചു.
"അതല്ല, ഇനിയത്തെ കൊല്ലം ഹൈ സ്കൂളല്ലേ.. ഈ കുട്ടിക്കളിയൊക്കെ നിർത്താറായില്ലേ.."
"അത്, അവർക്കും കൂടി തോന്നണ്ടേ.."

സീമ ഒന്നും പറയാതെ കുറച്ചു നേരം മൈതാനത്തേക്കുനോക്കിയിരുന്നു.

"നീ എന്തെഴുതി, അയിഷയുടെ ചോദ്യത്തിന് ?" ദിവ്യ ചോദിച്ചു.
"എന്തൊക്കെയോ .." സീമ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.

ദിവ്യ പൂട്ടിയിട്ട ലൈബ്രറിയുടെ വാതിലിലേക്ക് നിസ്സഹായായി നോക്കി.

"ഇനിയത്തെ കൊല്ലം നമുക്കു തുറപ്പിക്കാം ആ വാതിൽ. എന്തായാലും ഹൈസ്കൂൾ അല്ലെ .."
"വെറുതെ പറഞ്ഞിട്ടു കാര്യമില്ല. നീ സ്ഥിരമായി സ്കൂൾ പാർലമെന്റ് അംഗമല്ലേ, നീ പോയി ഘോരഘോരം പ്രസംഗിക്കണം. "
"നോക്കട്ടെ, നമുക്ക് മറ്റുകുട്ടികളെ ചേർത്ത് ഒരു പെറ്റീഷൻ എഴുതിയുണ്ടാക്കാം."
"നമുക്കല്ലാതെ വേറെ ആർക്കാണിതിൽ താല്പര്യമുള്ളത് ..?"
"ലേഖയില്ലെ.. പിന്നെ ജിഷ.. പിന്നെ .." ദിവ്യ എന്തോ ആലോചിച്ചുകൊണ്ട് ശബ്ദം പതുക്കെയാക്കി . "പിന്നെ ആ പുതിയ കുട്ടിയില്ലേ, നന്ദിനി .."
" അയിഷ , ആകാശത്തേക്കു നോക്കിയിരുന്നുവെങ്കിൽ , പൂക്കളെ നോക്കി ചിരിച്ചിരുന്നുവെങ്കിൽ എന്നൊക്കെ എഴുതിയവളോ? " സീമ ചിരിച്ചു. " അവളിപ്പോൾ എവിടെ കാണും , നമുക്കുപോയി സംസാരിച്ചാലോ?"
"ആ കൊന്നമരങ്ങൾക്കിടയിൽ .." ദിവ്യ ദൂരേക്കുനോക്കികൊണ്ട് പറഞ്ഞു.

ലൈബ്രറിയുടെ പിറകിലാണ് മഞ്ഞക്കൊന്നകളും കണിക്കൊന്നകളും നിറഞ്ഞുനിൽക്കുന്ന 'കൊന്നക്കാട്.' അവടെ കളിക്കുന്ന കുട്ടികൾക്കിടയിൽ ലേഖയെയും കണ്ടതിൽ സീമയ്ക്ക് അത്ഭുതമായി.

"എന്താണ് നിങ്ങൾ കളിക്കുന്നത് ?" സീമ ചോദിച്ചു.
"ബാബായാഗ " ആരോ പറഞ്ഞു. " ബാബായാഗ ആയ ആൾ ഒറ്റയ്ക്കുനിൽക്കുന്ന കുട്ടിയെ പിടിച്ച് ആ മരത്തിനു പിറകിൽ ഒളിച്ചിരുത്തും. പിന്നെ മറ്റുള്ളവർ ചേർന്ന് ആ കുട്ടിയെ രക്ഷിക്കണം . കൊന്നപൂക്കളെറിഞ്ഞ് ബാബായാഗയെ ആക്രമിക്കണം. കൊന്നപ്പൂക്കൾ ഭയമാണ് ബാബായാഗയ്ക്ക്. പക്ഷെ വേഗം വേണം, അല്ലെങ്കിൽ കുട്ടിയെ ചുട്ടുതിന്നും.. "
"കൊന്നപ്പൂക്കളെ ഭയമോ ബാബായാഗയ്ക്ക്," സീമ പൊട്ടിച്ചിരിച്ചു. "ഇതൊക്കെ ആരു പറഞ്ഞു, ബാബായാഗ റഷ്യൻ നാടോടി കഥയിലെ ദുർമന്ത്രവാദിനിയാണെന്ന് ഇവിടെ എത്രപേർക്കറിയാം.. എന്തെങ്കിലുമൊക്കെ പറഞ്ഞുണ്ടാക്കുന്നോ .."
"കൊന്നപ്പൂക്കളെ ഭയമാണ്. ഉറങ്ങിക്കിടക്കുമ്പോൾ കൊന്നപ്പൂ മണപ്പിച്ചാൽ ബാബായാഗയ്ക്ക് മനംമാറ്റമുണ്ടാകും. പിന്നെ കുറെ നേരത്തേക്ക് കുട്ടികളെ വലിയ സ്നേഹമാണ്.." നിമിഷ തറപ്പിച്ചു പറഞ്ഞു.
"ഇതൊക്കെ ആര് പറഞ്ഞു .." സീമ ചോദിച്ചു.
"നന്ദിനിയുടെ ബുക്കിൽ എഴുതിവച്ചിട്ടുണ്ട് കളിയുടെ നിയമങ്ങൾ! ഞാൻ കാണിക്കാം.."

ആരോ ഒരു നോട്ടുബുക്ക് കൊണ്ടുവന്നു. ശരിയാണ് , എല്ലാം എഴുതിവച്ചിട്ടുണ്ട്.

'ബാബായാഗയ്ക്ക് ഭയമുള്ള സാധനങ്ങൾ : കൊന്നപ്പൂവ്, മാന്തളിർ, അല്ലെങ്കിൽ മഞ്ഞയോ ഓറഞ്ചോ നിറമുള്ള എന്തെങ്കിലും.
ബാബയാഗയ്ക്ക് മനംമാറ്റമുണ്ടാകാൻ ചെയ്യേണ്ടത്: കൊന്നപ്പൂ മണപ്പിക്കുക, മാന്തളിർ ചെവിക്കുമുകളിൽ വയ്ക്കുക.'

സീമ നോട്ടുബുക്ക് മറിച്ചുനോക്കി. സന്ധിയും സമാസവും വിഭക്തി പ്രത്യയങ്ങളും..

"ഇതുനിന്റെ മലയാളം ബുക്കല്ലേ.." സീമ നന്ദിനിയോട് ചോദിച്ചു.
"അതിനെന്താ, മലയാളം പരീക്ഷ കഴിഞ്ഞില്ലേ .."
"ബാബായാഗയ്ക്ക് മനംമാറ്റമുണ്ടാകും എന്നൊക്കെ നീ ഏതു കഥയിലാണ് വായിച്ചിട്ടുള്ളത് ? അയിഷ ആകാശത്തുനോക്കിയിരുന്നുവെങ്കിൽ എന്നൊക്കെ എഴുതിയതുപോലെ അല്ലെ ഇതും."

നന്ദിനി അല്പം നേരം അത്ഭുതത്തോടെ സീമയെ നോക്കി.

"വായിച്ചതൊന്നുമല്ല, ഞാൻ ഉണ്ടാക്കിയതാണ്, ഇങ്ങനെയും ഒരു ബാബായാഗ ഉണ്ടായിക്കൂടെന്നില്ലല്ലോ.."

എത്രയധികം കഥകളുണ്ട് ബാബായാഗയെ കുറിച്ച്, ഇങ്ങനെയും ഒരു ബാബായാഗ ഉണ്ടായിക്കൂടെന്നില്ല. ശരിയാണ്.

"നമുക്കും കളിച്ചാലോ ?" ദിവ്യ ചോദിച്ചു.

ഓടിക്കളിയൊക്കെ പ്രൈമറി സ്‌കൂളിലേ നിർത്തിയതാണ്.

"നീ കളിച്ചോളൂ, ഞാൻ ഇവിടെ ഇരിക്കാം ," സീമ പറഞ്ഞു.

സീമ കൊന്നമരങ്ങളിലൊന്നിന്റെ ചുവട്ടിലിരുന്നു. കുട്ടികൾ കളി തുടർന്നു. സീമ തനിക്കുചുറ്റും വീണുകിടക്കുന്ന മഞ്ഞപ്പൂക്കളെ നോക്കി, പിന്നീട് ആകാശത്തേക്കും..

Sunday, April 30, 2023

കഥകളുടെ കാലം - മൂന്ന്

പറക്കും പരവതാനികൾ

നന്ദുവിന്റെ ക്ലാസ് മുറി സ്ഥിതിചെയ്തിരുന്ന മൂന്നുനില കെട്ടിടത്തിനു പിറകിലായി, വളർന്നുവരുന്ന പതിനൊന്ന് തേക്കുമരങ്ങൾ ഉണ്ടായിരുന്നു. ചെറിയ കളിസ്ഥലത്തിന്റെ അറ്റത്തായി, കാവൽക്കാരെപോലെ, പരസ്പരം കൃത്യമായ രണ്ടുമീറ്റർ അകലം സൂക്ഷിച്ച് , ഇളംപച്ചക്കുടകൾചൂടി അവ പ്രൗഢിയോടെ നിന്നു. മൂന്നാം നിലയുടെ പിറകുവശത്തെ വരാന്തയിൽനിന്നുനോക്കുമ്പോൾ കൃത്യമായ അകലം പാലിച്ച് പറന്നുപോകുന്ന മാന്ത്രികപരവതാനികളാണ് ഈ ഇലപ്പച്ചകളെന്ന് നന്ദുവിന്‌ തോന്നാറുണ്ടായിരുന്നു. ചിലപ്പോളൊക്കെ അവൾ ആ പരവതാനികൾക്കുമുകളിൽ അറബിക്കഥകളിലെ കഥാപാത്രങ്ങളെ വിഭാവനചെയ്തു. ഹുക്ക വലിക്കുന്ന രാജാക്കന്മാരും, അതിസുന്ദരികളായ റാണിമാരും, ബുദ്ധിമതികളായ അടിമപ്പെൺകുട്ടികളും , അത്ഭുതവിളക്കിലൊളിക്കുന്ന ഭൂതങ്ങളും, സാഹസികരായ നാവികരും നിരനിരയായി പരവതാനികളിലേറി എങ്ങോട്ടോ പോവുകയാണ്. അവരെല്ലാവരും ഉൾപ്പെടുന്ന ഉദ്യോഗജനകമായ ഒരുകഥയിലാണ് താനുമെന്ന് നന്ദു സങ്കൽപ്പിച്ചു.

'ഹാറൂൺ അൽ നന്ദൂ, നിന്നെപ്പോലെ ബുദ്ധിമതിയായ ഒരുപെൺകുട്ടിയുടെ അടിമയാകുന്നതിൽ എനിയ്ക്കുസന്തോഷമേയുള്ളൂ , ചോദിച്ചോളൂ ഒരു മൂന്നാലു വരങ്ങൾ!' വിളക്കിൽനിന്നും എത്തിനോക്കിക്കൊണ്ട് ഭൂതം പറയുകയാണ്. 'എന്റെ കപ്പലിന് ഒരു സഹമേധാവിയെ ആവശ്യമുണ്ട്. നിന്നെക്കാൾ ധീരയായി വേറെയാരാണ് ഉള്ളത് ?' നാവികനായ സിൻബാദ് മിണ്ടാതിരുന്നില്ല. സങ്കല്പങ്ങളിൽ പോലും നന്ദു താൻ സുന്ദരിയാണെന്ന് കരുതിയിരുന്നില്ല. അതിനാൽ രാജകുമാരന്മാർ അവളെ പാടെ അവഗണിച്ചു.

എന്നാൽ മറ്റുചിലപ്പോൾ തന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ പതിനൊന്നുവര്ഷങ്ങളാണ് ആ തേക്കുമരങ്ങൾ എന്ന് നന്ദുവിനു തോന്നി. കഴിഞ്ഞു പോയ ദശകവും പിരിഞ്ഞുവന്ന നഗരവും അവൾ എന്തുകൊണ്ടോ തേക്കുമരങ്ങളുടെ ഇലക്കൂമ്പാരങ്ങളിൽ കണ്ടു.

അമ്മയുടെ തറവാട്ടിലാണ് നന്ദു വളർന്നത്, അമ്മയുടെ സഹോദരിയുടെ സംരക്ഷണയിൽ. അച്ഛനമ്മമാരോടൊപ്പമല്ലെങ്കിലും അല്ലലില്ലാതെ കഴിഞ്ഞ ബാല്യം കാവ്യാത്മകമായ ചിത്രങ്ങളായി അവളുടെ മുന്നിൽ അണിനിരന്നു. സ്കൂളുവിട്ട് നടന്നുവരാറുണ്ടായിരുന്ന ഇടവഴികൾ, മതിലരുകിൽ പുഞ്ചിരിയുമായി കാത്തുനിൽക്കാറുള്ള ശീമക്കൊന്നകൾ, പടിയ്ക്കലെ പേരമരം , വലിയമ്മ ചൊല്ലിത്തരാറുണ്ടായിരുന്ന കവിതകൾ, സ്വാതന്ത്ര്യലബ്ധിക്കുമുൻപുള്ള ഒരു കാലത്തിന്റെ രഹസ്യങ്ങൾ പേറുന്ന പഴയ വീട്, രണ്ടാമത്തെ നിലയിലെ ഇടനാഴിയിലെ പുസ്തകഷെൽഫുകൾ, ഇടനാഴിയുടെ മൂലയിൽ വലിയ അട്ടികളായി അടുക്കിവച്ചിരുന്ന ആഴ്ചപ്പതിപ്പുകൾ.

അവിടെ, പഴയ പുസ്തകത്താളുകളുടെ ഗന്ധമുള്ള ആ മൂലയിൽ ഒരുവലിയ പിത്തളപ്പെട്ടിക്കുമുകളിലിരുന്നാണ് നന്ദു വായിക്കാറുണ്ടായിരുന്നത്. ...

സ്‌കൂളിനരികിലൂടെ, ദൂരെയെവിടെയോ ഒരു സാഗരം തന്നെ കാത്തിരിപ്പുണ്ടെന്ന പ്രതീക്ഷയിൽ, തിരക്കിട്ടൊഴുകിയിരുന്ന കുഞ്ഞരുവി..

'ഒഴുകുന്നൊരരുവി തൻ ഓളങ്ങളിൽ , ഞാനൊരു കടലാസുതോണിയുണ്ടാക്കിയിട്ടു.
ഓളങ്ങളിൽ തട്ടിമുട്ടിയതെങ്ങനെ മുങ്ങിയും പൊങ്ങിയും സഞ്ചരിച്ചു.
പെട്ടൊന്നൊരാ തെക്കൻകാറ്റുവന്നീയെന്റെ ആശകളൊക്കെയും തച്ചുടച്ചു.
കരയുവാനായിഞാൻ ഇനിയൊരു കടലാസുതോണിയുണ്ടാക്കുവാനില്ലൊരിക്കലും.'

തന്റേതല്ലാതായിത്തീർന്ന ആ പഴയ, പ്രിയപ്പെട്ട ലോകത്തെക്കുറിച്ച് ചിന്തിക്കുമ്പോളൊക്കെ സംസാരഭാഷയിൽ പ്രകടിപ്പിക്കാനാകാത്ത ഒരു വിഷാദം അവളുടെ ഹൃദയത്തിൽ തടയാറുണ്ടായിരുന്നു. ചിലപ്പോളൊക്കെ അവ ഈണത്തിലടുക്കിയ വരികളുള്ള കവിതാശകലങ്ങളായി പുറത്തുചാടി.

കവിതകളിലൂടെ മാത്രം പറയാനാകുന്ന ചില കാര്യങ്ങളുണ്ട് ജീവിതത്തിലെന്ന് പണ്ട് വലിയമ്മ പറയാറുണ്ടായിരുന്നു..
നന്ദുവിനാകട്ടെ എന്നും കഥകളോടായിരുന്നു പ്രിയം. അണുവിട ചലിക്കാതെ തന്നെ, ഒരാളെ ലോകത്തിന്റെ മറ്റൊരുഭാഗത്തേക്കോ, മറ്റൊരു കാലഘട്ടത്തിലേക്കോ കൊണ്ടുപോകാൻ കഥകൾക്കല്ലാതെ മറ്റെന്തിനാണ് കഴിയുന്നത് ?

"നീ എന്താണ് ആലോചിക്കുന്നത്?" നിമിഷ ചോദിക്കുകയാണ്.

താൻ കുറെ നേരമായി തേക്കുമരങ്ങളെ മിഴിച്ചുനോക്കിക്കൊണ്ട് വിഷണ്ണഭാവത്തിൽ മിണ്ടാതെ നിൽക്കുകയായിരുന്നു എന്ന് അപ്പോഴാണ് നന്ദു മനസ്സിലാക്കിയത്. നിമിഷ തൻറെ ഡയറിയുടെ പേജുകൾ മറിക്കുകയാണ്. പുതിയ ഹിന്ദി സിനിമകളിലെ പാട്ടുകളുടെ വരികളാണ് നിമിഷ തന്റെ ഡയറിയിൽ എഴുതിയിരുന്നത്. ഡയറിയും കയ്യിൽ വച്ചാണ് അവൾ ടിവിയിലെ പാട്ടുപരിപാടികൾ കണ്ടിരുന്നത് എന്ന് പറഞ്ഞിട്ടുണ്ട് . സ്‌കൂളിലിരിക്കുമ്പോളും അവൾ ഇടയ്ക്കിടയ്ക്ക് ഡയറി തുറന്നുനോക്കി തെറ്റുകൾ തിരുത്തുകയും , വെട്ടിക്കൂട്ടിയ പേജുകൾ പകർത്തിയെഴുതുകയും ചെയ്യും. സമരം കാരണം സ്കൂൾ വിടുകയാണെങ്കിൽ വൈകുന്നേരം സ്‌കൂൾ ബസ് പുറപ്പെടുന്ന സമയമാകുന്നതുവരെ അതുതന്നെ പണി.

അന്നും സമരമായിരുന്നു. മാർച്ചുമാസമാണ്, രണ്ടുമൂന്നാഴ്ചകൾക്കകം കൊല്ലപ്പരീക്ഷത്തുടങ്ങും. വർഷത്തിന്റെ ആദ്യപകുതിയിൽ വിസ്മരിക്കപ്പെട്ടിരുന്ന ഉപപാഠപുസ്തകം വായിച്ചുതീർക്കാനുള്ള തത്രപ്പാടിലായിരുന്നു ചന്ദ്രിക ടീച്ചർ. കാട്ലു ഖാൻ എന്ന പഠാണിയുടെ അന്തഃപുരത്തിൽ അകപ്പെട്ടിരിക്കുകയാണ് തിലോത്തമ. ജഗത് സിംഹൻ ആകട്ടെ തടവറയിലും. കാട്ലു ഖാൻറെ കിരാതഹസ്തങ്ങളിൽ നിന്ന് ആ പാവത്തിനെ ഇനി ആരാണ് രക്ഷിക്കാൻ! ചന്ദ്രികടീച്ചർ വികാരംകൊണ്ടു !

അതാ വരുന്നു ആയിഷ, കാട്ലു ഖാൻറെ നല്ലവളായ മകൾ. ജഗത്‌സിംഹന്റെ മറ്റൊരു ആരാധിക.

അപ്പോഴാണ് സമരക്കാരും വന്നത്. മനസില്ലാമനസോടെ ടീച്ചർ പുസ്തകമടച്ചു.

"കൊല്ലപ്പരീക്ഷയാണ് വരുന്നത്, അത് മറക്കണ്ട" പോകുന്നപോക്കിൽ ടീച്ചർ പറഞ്ഞു.

"ഫിർ കിസികെ ചെഹരെ കാ രംഗ് കിൽ ഗയാ ..
ബിഛ്ഡാ ഹുവാ ആജ് കോയി ഉസ്‌കോ മിൽ ഗയാ.." നിമിഷ ഡയറി നോക്കി പാടുകയാണ്.
"കിൽ ഗയാ, അല്ല, ഖിൽ ഗയാ .." നന്ദു പറഞ്ഞു.
"അല്ല, ഞാൻ എത്രയോ വട്ടം കേട്ടതാണ് , ഒരു നൂറുവട്ടമെങ്കിലും .." നിമിഷവിട്ടുകൊടുത്തില്ല
"എത്ര പ്രാവശ്യം കേട്ടതാണെങ്കിലും, തെറ്റാണ് കേട്ടത്," നന്ദു ദൂരേക്കുനോക്കിക്കൊണ്ടു പറഞ്ഞു. നിമിഷയോടു തർക്കിക്കാൻ പാടാണ്. എപ്പോഴും അവൾ പറയുന്നതുമാത്രമാണ് ശരി.
"ഇല്ല, എനിക്കുറപ്പാണ്, സീമയുണ്ട് ക്ലാസ്സിൽ , ഞാൻ ചോദിക്കട്ടെ ," നിമിഷ ഡയറി വരാന്തയിൽ ഉപേക്ഷിച്ച്, ക്‌ളാസ്സിനകത്തേക്കുപോയി.

നന്ദു ഡയറിയിൽ എഴുതിയിരുന്ന വരികൾ വായിച്ചു.

വീണ്ടും ആരുടെയോ മുഖം തെളിഞ്ഞു,
പിരിഞ്ഞു പോയ ആരെയോ വീണ്ടും കണ്ടുമുട്ടിയതാവാം...

ചടുലമായ നൃത്തച്ചുവടുകൾക്കു പറ്റിയ ഈണമാണെങ്കിലും വരികൾക്ക് അർത്ഥമുണ്ട്..

'വീണ്ടും വരില്ലെ നീ, എന്റെ കരളിലെ താമരപ്പൊയ്കയിൽ അരയന്നമായ്‌!
വീണ്ടും വരില്ലെ നീ, എന്റെ മനസ്സിലെ ആയിരം ചോദ്യങ്ങൾക്കുത്തരമായ്! '

നിമിഷയുടെ പേനകൊണ്ട്, ഒന്നും ആലോചിക്കാതെ, നന്ദു ഡയറിയുടെ അടുത്ത താളിൽ എഴുതി.
അടുത്ത നിമിഷം, നിമിഷ ഡയറി പിടിച്ചുപറച്ച് വീണ്ടും ക്ലാസ്സിനകത്തേക്കു കയറിപ്പോയി. നന്ദുവും പിറകെ നടന്നു. ആറേഴു കുട്ടികളുണ്ട് ക്ലാസ്സിൽ. സ്‌കൂൾ ബസ്സിൽ യാത്ര ചെയ്യുന്നവർ , താക്കോലെടുക്കാൻ മറന്നവർ .. ലേഖയും ദിവ്യയും സീമയും , മുന്നിലത്തെ ബെഞ്ചിൽ ഇരുന്ന് നിമിഷയുടെ ഡയറി നോക്കുകയാണ്.

"നീ പറഞ്ഞതാണ് ശരി, എനിക്കിനി, തിരുത്തിയെഴുതണം ," ജാള്യതയോടെ നിമിഷ പറഞ്ഞു.

"നീയും പോകുന്നുണ്ടോ ഹിന്ദി പ്രചാരസഭയുടെ ക്ലാസ്സുകൾക്ക്?" സീമചോദിച്ചു, " ഏതുവരെയായി, ഞാൻ ഭൂഷൺ കഴിഞ്ഞു."
"ഹിന്ദി സഭയോ, അതെന്താണ് ?" നന്ദു ചോദിച്ചു. എല്ലാവരും ചിരിച്ചു. താൻ പറഞ്ഞത് വിഡ്ഢിത്തമാണോ എന്ന് നന്ദു സംശയിച്ചു.
"ഹിന്ദി ക്ലാസിനൊന്നും പോകുന്നില്ലെങ്കിൽ പിന്നെ നിനക്കെങ്ങനെ നിമിഷ എഴുതിയത് തെറ്റാണെന്ന് മനസിലായി?"
"അതോ..ഞാൻ ധാരാളം ഹിന്ദി പാട്ടുകൾ കേൾക്കാറുണ്ട്."
"നിമിഷയെപ്പോലെ ഹവാ ഹവാ പിന്നെ ഹവാ ഹവായി ..?"
"പഴയ പാട്ടുകൾ, 1940 മുതലുള്ളതെല്ലാം .."

സീമ ഡയറിയുടെ പേജുമറിക്കുകയാണ്.

"അയ്യോ," നന്ദു അറിയാതെ പറഞ്ഞുപോയി.

നന്ദു എഴുതിയ വരികളാണ് അവർ വായിക്കുന്നത്. ജാള്യതകൊണ്ട് നന്ദുവിന്റെ മുഖം ചുവന്നു.

"ഇത് നീ എഴുതിയതാണോ ," ദിവ്യയാണ് ചോദിക്കുന്നത്..

നന്ദു ഒന്നും പറഞ്ഞില്ല. അത്ഭുതവിളക്കിലെ ഭൂതം സത്യത്തിൽ കണ്മുന്നിൽ വന്നിരുന്നെങ്കിൽ അവൾ അപ്പോൾ അപ്രത്യക്ഷയാകാനുള്ള വരം ചോദിച്ചേനേ..