Thursday, April 29, 2021

 പായുന്നു കാലമീ കഠിനമാം പാതയി-

ലൊരുഞൊടി നിൽക്കാതെ തന്നെയിന്നും.

മായുന്നു , വീണ്ടുമീ രാവിൻറ്റെ മാറിലായ് 

കുങ്കുമം ചാർത്തിയീ സന്ധ്യയെന്നും.


പെരുകുന്നനന്തമായ് യാതനയെങ്കിലും

പൂക്കുന്നു നിർലജ്ജമീ  വസന്തം. 

ഉരുകുന്നു  ദാരുണം, ഉലകമെന്നാകിലും

ഉണരാതെ പോകുവതില്ലുഷസ്സും.


അറിയാമെനിയ്ക്കെന്റ്റെ നൊമ്പരം, മണ്ണിലി-

ന്നൊരു മൺതരിമാത്രമായിരിക്കാം.

പറയുവാനാകാതെയുള്ളിൽ നിറയുവ -

തരുതാത്ത മോഹങ്ങളായിരിക്കാം.


നിറയുന്ന കണ്ണുകൾ തേടുന്നു, എങ്കിലും,

നിത്യവുമാകാശ ദൂതിനായി.

മറയുന്നൊരിന്നുകൾ പറയാൻ മറന്നൊരു

മധുരമാം വാഗ്ദാനമൊന്നിനായി.


















 

Monday, April 5, 2021

പാട്ടുകൾ ചിന്നിച്ചിതറിയ വഴികൾ-

ക്കൊടുവിലെ മൂകത തിരയട്ടെ,

വാക്കുകൾ തിങ്ങി ഞെരുങ്ങിയ വരികൾ-

 ക്കിടയിലൊളിച്ചൊരു ഹൃദയത്തെ...