Thursday, December 26, 2024

 ജീവിതജാലങ്ങൾ നെയ്യുന്നകാലമേ

ഈവിധം നിന്നോടുതോറ്റുപോയിന്നു ഞാൻ,

ഇല്ല, പ്രതീക്ഷതൻ തീപ്പൊരി പോലുമി-

ന്നെല്ലാം കവർന്നോരു രാവുതാണ്ടീടുവാൻ.

ഉരുകില്ല മഞ്ഞിനി, ഉണരില്ല പൂവുകൾ 

ഒരു പുലർക്കാലത്തിനാഹ്ളാദമാകുവാൻ.

മരവിച്ച ലോകമേ, ഇവിടെ നിൻ വഴികളിൽ

കരയുവാൻമാത്രമായ് ഇനി വരുന്നില്ല ഞാൻ.


ഇനി വരുന്നില്ല ഞാൻ, കാറ്റിന്റെ മൂളലിൽ

ഇതുവരെ കേൾക്കാത്തൊരീണങ്ങൾ തേടുവാൻ

ഇനി വരുന്നില്ല ഞാൻ, ഒരു നിലാച്ചീന്തിലീ

ഇരവിൻ നിഗൂഢമാം ആത്മാവുകാണുവാൻ.


ഇമകളിൽ കാത്തോരു  വിഫലസ്വപ്നങ്ങളേ,

സമയമായ് നിങ്ങൾക്കു മൂകം മടങ്ങുവാൻ!

ഈ മണൽ പാതയിൽ വീണ കാൽപ്പാടുകൾ

താമസിയാതെയാ കാറ്റങ്ങു മായ്ച്ചിടും.

കണ്ണുനീർച്ചാലുകൾ, കാറ്റിന്നലകളായ്

വിണ്ണിന്റെ മാറിലലിഞ്ഞങ്ങു തീർന്നിടും.

ഇവിടെ തളിർക്കുന്ന പുതുനാമ്പുതന്നിലെ

കവിതയെ കാണുവാൻ ഇനി വരുന്നില്ല ഞാൻ.














 




  







Friday, November 29, 2024

 നിയതിയെന്നെ ചതിച്ചുവെന്നാകിലും

നിയതിയോടിന്നുകെഞ്ചുകയാണുഞാൻ

വിഷമവീഥികൾ താണ്ടിയൊടുക്കി നീ

വിജയിയാവതുകാണുവാനാകുവാൻ !


നിന്നെ മൂടും കൊടുങ്കാറ്റടങ്ങിടും

നിന്റെ ചുറ്റും വെളിച്ചം പരന്നിടും

വിഷമവീഥികൾ താണ്ടിയൊടുക്കുവാൻ 

കൂടെയുണ്ടായിരിക്കുമെൻ പ്രാർത്ഥന 

 








Sunday, November 17, 2024

 ആറുമാസത്തെ കീമോതെറാപ്പി വിജയകരമായിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു. ഇനിയും വർഷങ്ങൾ ഉണ്ടായിരിക്കാം. എനിയ്ക്ക് പക്ഷെ അവയുടെ മാഹാത്മ്യം കാണാനാകുന്നില്ല. ഇനിയും തുടർന്നുപോകേണ്ട കുത്തിവയ്പ്പുകളും മരുന്നുകളും അനവധി നിയന്ത്രണങ്ങളും മാത്രമേ കാണാനാകുന്നുള്ളൂ. 

Wednesday, November 6, 2024

 നമ്മളൊന്നിച്ചു നടക്കാഞ്ഞ വഴികളോടില്ലെനിക്കിന്നു പരിഭവമേതുമേ.

പുലരികൾ മേയുന്ന പൂവനി പുൽകിയാ

പുല്ലണിപ്പാതകൾ നീണ്ടങ്ങുപോയിടാം.

തുള്ളിത്തുളുമ്പുന്ന  ഹൃദയമാം ചോലതൻ 

ഓരത്തു നമ്മളും കളിവീടുതീർത്തിടാം.

ഒന്നിച്ചു കണ്ട കിനാവുകളൊക്കെയും

പൂക്കളായെന്നു  നീ കാതിൽ മന്ത്രിച്ചിടാം.


എങ്കിലുമാവഴിത്താരയൊടുങ്ങിടും.

ഒടുവിലാ പാതയും ഇവിടെ വന്നെത്തിടും.

മൗനം വിതുമ്പുന്ന രാത്രിതൻ മാറിൽ നീ

വീണ്ടും മറന്ന മഴപ്പാട്ടുകേട്ടിടും.


നമ്മളൊന്നിച്ചു നടക്കാഞ്ഞ വഴികളോടില്ലെനിക്കിന്നു പരിഭവമേതുമേ



 





Saturday, October 19, 2024

കഥകളുടെ കാലം - പതിനേഴ്

നിഗൂഢത 

ഉച്ചനേരമാണ്. മഞ്ഞക്കൊന്നകൾക്കിടയിൽ ചെറിയ കുട്ടികൾ ഓടിക്കളിക്കുകയാണ്. ചെറിയൊരു ഗൃഹാതുരതയോടെ അതുനോക്കിക്കൊണ്ട് നന്ദു ലൈബ്രറിയുടെ ജനാലയ്ക്കടുത്തുള്ള കസേരയിൽ ഇരുന്നു. ഉച്ചനേരത്തിന് പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു നിഗൂഢതയുണ്ടെന്ന് നന്ദുവിന്‌ തോന്നി 

ലൈബ്രറിയ്ക്കകത്തും ഉണ്ട് കുട്ടികൾ. അവർ ലേഖയോട് പുസ്തകങ്ങളെക്കുറിച്ചുചോദിക്കുന്നു.

"എന്തുകൊണ്ടാണ് എന്റെകഥയും ശബ്ദങ്ങളും ഞങ്ങൾക്ക് വായിക്കാൻ തരാത്തത് ?" എട്ടാം ക്ലാസുകാരിയുടെ ചോദ്യമാണ്. 

"ചെറിയകുട്ടികൾക്ക് വായിക്കാൻ പാടുള്ള പുസ്തകങ്ങളല്ല അവ!" ലേഖ പറഞ്ഞു.

"ആണോ , എന്നാരു പറഞ്ഞു?"

" അതങ്ങനെയാണ് , മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകൾ വായിച്ചോളൂ, ബഷീറിന്റെ പാത്തുമ്മയുടെ ആട് വായിച്ചോളൂ , വായിക്കാൻ അനുവാദമില്ലാത്തവ തന്നെ വേണമെന്നുണ്ടോ ?" ലേഖ അക്ഷമയോടെ രജിസ്റ്റർ അടച്ചുവച്ചു.

"സീമച്ചേച്ചി എന്ന് തിരിച്ചുവരും ? " കുട്ടികൾ ചോദിച്ചു.

ലേഖ ദയനീയമായി നന്ദുവിനെ നോക്കി.

"വൈകാതെ വരും, ഒരുപക്ഷെ ഈ ആഴ്ചതന്നെ, അവൾക്ക് പനിയായിരുന്നു, " നന്ദു പറഞ്ഞു. "ശബ്ദങ്ങളെക്കുറിച്ചും എന്റെകഥയെ കുറിച്ചും അവളോടുതന്നെ ചോദിച്ചോളൂ .."

സീമ സ്‌കൂളിൽ വരാതെയായിട്ട് രണ്ടാഴ്ചയോളമായി. പനിയാണെന്ന് ഓഫീസിൽ അറിയിച്ചതായി ദിവ്യ പറഞ്ഞിരുന്നു. ഒരു പനി മാറാൻ ഇത്രയും നാളെടുക്കുമോ ? എന്താണിത്ര നിഗൂഢമായ ഒരു പനി ? പനി എന്നു പറഞ്ഞത് ഇനി ടൈഫോയിഡ് ആണോ ? ആശുപത്രി കിടക്കയിൽ കിടക്കുന്ന സീമയെ നന്ദു മനസ്സിൽകണ്ടു. സീമയുടെ മുഖത്ത് വല്ലാത്തൊരു ചാരനിറം! നടുക്കത്തോടെ നന്ദു എഴുനേറ്റു.

"ഞാൻ ക്‌ളാസ്സിലേക്ക് പോകുകയാണ്, കണക്കുടീച്ചർ വരുന്നതിനുമുൻപ് ഹോംവർക് ചെയ്തുതീർക്കാൻ ഓർമ്മിപ്പിക്കണം " നന്ദു ലേഖയോടു പറഞ്ഞു.

"മറ്റുള്ളവരെയോ അതോ നിന്നെത്തന്നെയോ ?" ലേഖ ചിരിച്ചു.

ക്ലാസ്സ്‌ലീഡർ എന്ന നിലയിൽ നന്ദുവിന്‌ ഇപ്പോൾ ഉത്തരവാദിത്തങ്ങൾ കൂടുതലാണ്. അസംബ്ലിക്ക് മുഴുവൻ ക്ലാസ്സിനെ ഒരു വരിയായി കൊണ്ടുപോകണം. മടി പിടിച്ചിരിക്കുന്നവരെ നിർബന്ധിക്കണം. കോമ്പോസിഷൻ ബുക്കുകൾ ചുമന്ന് ടീച്ചറുടെ മേശപ്പുറത്തു എത്തിക്കണം. ഓരോ പീരീഡിനു ശേഷവും ബോർഡ് മായ്ക്കണം.  ടീച്ചർ വന്നിട്ടില്ലെങ്കിൽ ക്ലാസ്സ് അച്ചടക്കം പാലിക്കുന്നു എന്ന് ഉറപ്പാക്കണം. അതാണ് ഏറ്റവും ബുദ്ധിമുട്ട്. കഴിഞ്ഞ വര്ഷം ദിവ്യ  മേശമേൽ ഒന്നുമുട്ടിയാൽ എല്ലാവരും നിശ്ശബ്ദരാകുന്നത് കണ്ടിട്ടുണ്ട്. നന്ദു മേശപ്പുറത്ത് ഒരു ചെണ്ടമേളം തന്നെ നടത്തിയാലും ആരും തിരിഞ്ഞുനോക്കാറില്ല.

ഉച്ചയ്ക്ക് ക്ലാസ്സ് തുടങ്ങാനുള്ള മണിമുഴങ്ങി. നന്ദു ബോർഡ് തുടച്ച് ഡസ്റ്ററും ചോക്കും യഥാസ്ഥാനത്തു വച്ചിരുന്നു. കുട്ടികൾ ഗൃഹപാഠം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. ടീച്ചറുടെ  മേശയും കസേരയും യഥാസ്ഥാനത്തേക്ക് നീക്കിയിട്ടിരുന്നു. എന്നിട്ടും അന്ന് ടീച്ചർ വന്നില്ല. ക്ലാസ്സിൽ ആഹ്ളാദത്തിമിർപ്പുകൾ ഉണർന്നുതുടങ്ങുകയാണ്. നന്ദുവിന്‌ മാത്രം നിരാശതോന്നി. അവൾ മനസ്സില്ലാമനസ്സോടെ മേശയ്ക്കു സമീപം വന്നുനിന്നു.  നിശ്ശബ്ദരാകുവാൻ ക്ലാസ്സിനോട് ആദ്യം ആവശ്യപ്പെട്ടു. പിന്നീട്  അഭ്യർത്ഥിച്ചു. ഒടുവിൽ അവൾ  കരച്ചിലിന്റെ വക്കോളമെത്തി.

ഒരു നാടകം കാണുന്നതുപോലെ, ചെറുപുഞ്ചിരിയോടെ നന്ദുവിനെ നോക്കിയിരിക്കുകയാണ് ദിവ്യ. അവൾ തന്റെ രക്ഷയ്‌ക്കെത്തുമെന്ന് നന്ദുവിന്‌ തോന്നിയില്ല . നന്ദു ദയനീയമായി ലേഖയെനോക്കി.

"നീ നിന്റെ കഥ വായിക്കൂ ," ഒരു ദേവദൂതയെപോലെ ലേഖപറഞ്ഞു.

നന്ദു മാളവികയുടെ കഥ വായിച്ചുതുടങ്ങി. ക്ലാസ്സിൽ വീണ്ടും നിശ്ശബ്ദത.

മാളവിക മന്ത്രവാദിനി ഡെട്രീഷ്യയോടൊപ്പം അതിസാഹസികമായി രക്ഷപ്പെടുകയാണ്. കത്തിച്ചുവെച്ച മെഴുകുതിരികളുള്ള മെഴുകുതിരിസ്റ്റാന്റുകൾ കയ്യിലേന്തിയാണ് അവർ ചുമരലമാരിയിൽ നിന്ന് പുറത്തിറങ്ങുന്നത്. മാളവികയുടെ സ്കൂൾ ബാഗിൽ ഒരു ചെറുകോടാലിയും എണ്ണക്കുപ്പികളും തീപ്പെട്ടിയുമുണ്ട്. മെഴുകുതിരി വീശിയും എറിഞ്ഞും നിഴലുകളോട് യുദ്ധം ചെയ്ത് താഴെയെത്തുന്ന മാളവിക ഡെട്രീഷ്യയുടെ സഹായത്തോടെ കൂട്ടിയിട്ടിരിക്കുന്ന മേശകൾക്കും കസേരകൾക്കും തീ കൊളുത്തുന്നു.  പരിഭ്രാന്തരായി ഇരുണ്ടമൂലകളിലേക്ക് മറയുകയാണ്  നിഴലുകൾ. വാതിൽ  വെട്ടിപ്പൊളിച്ച് മാളവികയും ഡെട്രീഷ്യയും പുറത്തുകടക്കുന്നു.

വേനലവധിക്കാലത്ത് എഴുതിത്തീർത്തതാണ് ആ ഭാഗം. സ്കൂൾ തുറന്നപ്പോൾ സീമ അതുവായിച്ച് നെറ്റി ചുളിച്ചിരുന്നു.

"മെഴുകുതിരികളോ ? വേറെയൊന്നും നിനക്കുകിട്ടിയില്ലേ.." അവൾ ചോദിച്ചിരുന്നു.

നിഴലുകളുടെ കൊട്ടാരത്തിൽനിന്ന് വെളിയിലെത്തിയപ്പോഴാണ് തന്റെ മുന്നിൽ നിൽക്കുന്ന കണങ്കാൽ മറയുന്ന കറുത്ത ഉടുപ്പുധരിച്ച മന്ത്രവാദിനി യഥാർത്ഥത്തിൽ 18 വയസ്സുമാത്രം പ്രായമുള്ള ഒരുപെണ്കുട്ടിയാണെന്ന് മാളവിക മനസ്സിലാക്കുന്നത്.

"നിനക്ക് തനിയെ വീട്ടിലേക്കുപോകാൻ അറിയാമല്ലോ ?" തിരിഞ്ഞു നടക്കുന്നതിനിടയിൽ മന്ത്രവാദിനി ചോദിച്ചു.

"അറിയാം , പക്ഷെ നിൽക്കൂ , എവിടെയാണ് നിങ്ങളുടെ വീട് ? നമുക്ക് സുഹൃത്തുക്കളായിക്കൂടെ .."

മന്ത്രവാദിനി ചിരിച്ചുകൊണ്ട് തിരിഞ്ഞുനോക്കാതെ നടന്നു തുടങ്ങി . മാളവിക കൂടെ ഓടിയെത്താൻ ശ്രമിച്ചു.

"നമ്മൾ സുഹൃത്തുക്കളാണല്ലോ , വലിയൊരു അപകടമാണല്ലോ നമ്മൾ ഒരുമിച്ചു തരണം ചെയ്തത്. ഇനിയുള്ള ജീവിതത്തിൽ നമ്മൾ ഒരുമിച്ചുവേണമെന്നില്ല. പക്ഷെ നമ്മൾ കണ്ടത്, പൊരുതിത്തോൽപിച്ചത് ,  നമ്മളെ എന്നും ബന്ധിപ്പിക്കും. അതുപോരെ ? നീ ഒരിക്കലും വിചാരിക്കാത്ത ഒരുദിവസം ഒരുപക്ഷെ എന്നെ നീ വീണ്ടും കണ്ടേക്കും . അതുവരേക്കും വിട തരൂ."  അത്രയും പറഞ്ഞുകൊണ്ട് മന്ത്രവാദിനി അതിവേഗത്തിൽ നടന്നു.

"അതെന്താണ് അങ്ങനെ ഒരവസാനം ?" ആരോ ചോദിച്ചു.

"മന്ത്രവാദിനിക്ക്  ഒരു നിഗൂഢത വേണമല്ലോ .. അതുകൊണ്ടാണ് " നന്ദു ഉത്തരം കൊടുത്തു.

"സീമാ " ലേഖ ഉറക്കെ വിളിച്ചു.

"സീമായല്ല ഡെട്രീഷ്യ , അതാണ് മന്ത്രവാദിനിയുടെ പേര്. അതോ പെട്രീഷ്യയോ " ആരോ പറഞ്ഞു.

നന്ദു വാതിൽക്കലേക്ക് നോക്കി . സീമ വാതിലിനു സമീപം നിൽക്കുകയാണ് . അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. കണ്ണുതുടച്ചുകൊണ്ടു അവൾ ലേഖയുടെ അടുത്തായി തന്റെ സ്ഥാനത്ത് വന്നിരുന്നു.

"നിന്റെ പനിയൊക്കെ മാറിയോ ?" ലേഖ ചോദിച്ചു.

സീമ തലകുലുക്കി. 
"കഥയുടെ അവസാനം എന്നെ കരയിച്ചുകളഞ്ഞു ," അവൾ നന്ദുവിനോട് പറഞ്ഞു.

"ഇത് വായിച്ച് നീ പൊട്ടിചിരിച്ചതല്ലേ ," നന്ദു അത്ഭുതപ്പെട്ടു.
സീമ ഒന്നും പറഞ്ഞില്ല. അവൾ കണ്ണുതുടച്ചുകൊണ്ടു മിണ്ടാതെ ഇരുന്നു.

വൈകുന്നേരം സ്കൂൾ വിട്ട് പുറത്തേക്ക്‌ നടക്കുമ്പോളാണ്  സീമ സംസാരിച്ചു തുടങ്ങിയത്. 

"ഞാൻ ഈ നഗരം വിട്ടുപോകുകയാണ് പത്താം ക്ലാസ്സുകഴിഞ്ഞാൽ. " അവൾ വിഷമത്തോടെ പറഞ്ഞു. "കോളേജിൽ ഞാൻ നിങ്ങളോടൊപ്പം ഉണ്ടാകില്ല. ഇനിയുള്ള എന്റെ ജീവിതം അച്ഛന്റെ നാട്ടിലാണ്."

"അതൊരു കുഗ്രാമമല്ലേ? അങ്ങനെയല്ലേ നീ പറഞ്ഞത് ?"

"അതിനടുത്തുള്ള നഗരത്തിൽ. ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിക്കും."

"അതെന്താണ് അങ്ങനെ ?"

"അച്ഛന്റെ തീരുമാനം. അതിനിനി മാറ്റമില്ല. " അത്രയും പറഞ്ഞ് സീമ അതിവേഗത്തിൽ നടന്നു.






Saturday, October 12, 2024

 ആനന്ദവേളതൻ ഉന്മാദമല്ല ഞാൻ.

ആയാസവേളതന്നാശ്വാസമല്ല ഞാൻ.

ആയതേയില്ല  നിൻ പുഞ്ചിരിപോലുമാ

കണ്ണിലെ നോവായി മാത്രമൊതുങ്ങി ഞാൻ.


Saturday, September 28, 2024

 വഴിതെറ്റിയെങ്ങോ അലഞ്ഞുവെന്നാകിലും

വഴികളിലൊക്കെയും പൂക്കൾ തിരഞ്ഞു ഞാൻ.

പുലരിയിൽ പാടുന്ന കിളികളെ തേടി ഞാൻ.

ഇരുളിൽ നിലാവിന്റെ പുഞ്ചിരി തേടി ഞാൻ.

മഴയിൽ  മറന്ന മഴപ്പാട്ടുതേടി ഞാൻ.

മഴതോർന്ന വേളയിൽ മഴവില്ലുതേടി ഞാൻ.

ഈവിധമെന്തോ തിരഞ്ഞുകൊണ്ടെത്രയോ

വീണ്ടുമലഞ്ഞു ഞാൻ; നിന്നെപ്പിരിഞ്ഞ ഞാൻ!






ഈ പാഴ്മുളംതണ്ട് പൊട്ടില്ല!
ഈ ഗാനമില്ലാതെയാകില്ല!
അലയടിച്ചീടുന്ന ഹൃദയമാം സാഗരം
കരയോടുചേരാൻ കൊതിച്ചിടുന്നു.
നുരകളായ് വിങ്ങുന്ന മോഹങ്ങൾ പിന്നെയാ
കഴലിൽ ചിറകുകളായിടുന്നു.
പാഞ്ഞും പതഞ്ഞുമടുക്കവേ എന്തിനോ
വീണ്ടും തിരിഞ്ഞു മടങ്ങിടുന്നു.

Friday, September 13, 2024

 വർഷങ്ങൾതൻ വർഷപാതത്തിലൊക്കെയും

പൂത്തുലഞ്ഞാരെയോ കാത്തോരു പാഴ്ച്ചെടി,

ഇക്കൊല്ലമെന്തിനേ പൂക്കാൻ മറന്നുപോയ്!

ഒരുവെറും ചാറ്റൽമഴയിലമർന്നുപോയ്!



























 

Sunday, September 1, 2024


കാലം എന്നോട് ഏറെക്കുറെ കരുണകാണിച്ചിരുന്നു. എന്റെ മുഖത്ത്  ചുളിവുകൾ വീണുതുടങ്ങിയിരുന്നില്ല. തലമുടി കൂട്ടത്തോടെ നരച്ചുതുടങ്ങിയിരുന്നില്ല. അഹന്ത കൊണ്ടാവണം, ദൈവത്തിന് ഞാൻ പ്രിയപ്പെട്ടവളാണെന്ന് ഞാൻ കരുതി.

എത്ര പെട്ടെന്നാണ് എല്ലാം മാറിമറഞ്ഞത്.

കണ്ണിമകൾക്കുമുകളിലായികണ്ട പുള്ളിക്കുത്തുകൾക്ക് ഒരു കാരണമുണ്ടാകുമെന്ന് വിചാരിച്ചില്ല. ഹൃദയവേദന മറ്റുകാരണങ്ങൾ കൊണ്ടാകുമെന്ന് കരുതി. എന്തുകൊണ്ടാകണം അതിവിരളമായ, ചികിത്സിച്ചു ഭേദമാക്കാനാകത്ത ഈ രോഗം എന്നെ പിടികൂടിയത്.

മരുന്നുകൾകൊണ്ട് നീട്ടിക്കിട്ടുന്ന വർഷങ്ങൾക്ക് ഒരുപക്ഷെ നല്ല കഥകൾ പറയാനുണ്ടാവും..


Monday, August 19, 2024

 മൗനം വിതുമ്പുന്ന നെഞ്ചിലുണ്ടിപ്പൊഴും

പ്രാണനായായിരം ഓർമ്മതൻ ചിന്തുകൾ

അവ വന്നുമുടുമീ സ്നിഗ്ദമാം രാത്രിയിൽ

നിന്നെ കുറിച്ചോർത്തു കേഴുകയാണു ഞാൻ


Friday, August 9, 2024

 നീറിപ്പുകയുകയാണിന്നു ലോകവും ,

എന്തിനി പരിഭവം ചൊല്ലുവാൻ ഞാൻ?

ചിന്നിച്ചിതറുന്നു സ്വപ്നങ്ങളെങ്ങുമി

ന്നെന്തിനായ് കണ്ണുനീർ വാർക്കണം ഞാൻ?



Saturday, July 27, 2024

 പാടാൻ കൊതിച്ചൊരെൻ നെഞ്ചിലിന്നെന്തിനോ

ഇഴയും നിശ്ശബ്ദത കൂടുകെട്ടി.

ഈണങ്ങളാകാൻ കൊതിച്ചോരു വരികളെ

ചിന്തകൾ വന്നു ഞെരിക്കയായി.

Tuesday, July 23, 2024

 കീമോ കരിച്ചുകളയുന്നത് എന്റെ ധമനികളിലെ light chain amyloid ഉണ്ടാക്കുന്ന രക്തകണങ്ങളെ മാത്രമല്ല, വാക്കുകളെ കൂടിയാണ്.

Tuesday, July 16, 2024

 എണ്ണിക്കൊണ്ടിരുന്ന ദിവസങ്ങൾ ആഴ്ച്ചകളും  മാസങ്ങളും ആയിമാറുകയാണ്. ഇനിയെത്ര മാസങ്ങൾ!

അവസാനം കാണാനാകുന്നില്ല!

വാക്കുകൾപോലും വഴുതിപ്പോകുകയാണ്!

Thursday, July 4, 2024

 ഈ സൂചിമുനകളെൻ സിരകളോടിന്നിതാ 

വീണ്ടും സ്വകാര്യം പറഞ്ഞിരിക്കെ,

കാണുകയായി ഞാൻ മായിക നിദ്രയിൽ 

എന്നോ മറഞ്ഞൊരാ  പൂവനികൾ !

Saturday, June 22, 2024

 

ബാല്യകാലസഖി എനിക്കായി ഒരു കവിത എഴുതി. പ്രകൃതിസ്നേഹി ആയതുകൊണ്ടാകാം പണ്ടും അവളുടെ രചനകളിൽ പാപ്പാത്തികളും അപ്പൂപ്പൻതാടികളും നിറഞ്ഞുനിന്നിരുന്നു എന്ന് ഇപ്പോൾ ഓർക്കുന്നു. 

പ്രാർത്ഥനകളുടെ ശക്തി കൊണ്ടാകാം ഞാൻ ശക്തി വീണ്ടെടുക്കുന്നു.


നിനക്കായി 


നമുക്കൊരുമിച്ചാമല കേറണം 

നമുക്കൊരുമിച്ചാ കടലു കടക്കണം 

ഒരുമിച്ചു ഒരു പിടി മഞ്ചാടി പറക്കണം 

ഒരുമിച്ചാ മാഞ്ചോട്ടിൽ മണ്ണപ്പം ചുടണം 

അണ്ണാറക്കണ്ണന് ചോറൂണ് നടത്തണം 

തൊടിയിലെ തുമ്പിയെ തോളത്തു കേറ്റണം 

കണ്ണാടി നോക്കുന്ന കാക്കകറുമ്പിക്ക് 

കസ്തുരിമഞ്ഞളരച്ചു കൊടുക്കണം

മഞ്ഞ മന്താരത്തിൽ കൊമ്പിൽ മയങ്ങുന്ന 

കുഞ്ഞു ശലഭത്തെ തൊട്ടു വിളിക്കണം 

പാപ്പാത്തിയായി പറന്നു നടക്കണം 

അപ്പുപ്പൻ താടിയെ ചാടി പിടിക്കണം 


കുളപ്പടിയിൽ കണ്ട മഴിതണ്ടു പൊട്ടിച്ചു

നിൻ വ്യഥയെല്ലാം മായ്ച്ചു കളയണം 

കാറ്റായി വന്ന് നിൻ കണ്ണ് പൊത്തീടേണം 

മഴയായി വന്ന് നിൻ കണ്ണീരിലലിയനം 

ഈ സന്ധ്യയിൽ നിന്റെ ചന്ദ്രനായ് മാറണം 

രാവിൽ മിന്നാമിന്നിയായ് വഴി കാട്ടണം 

നിലാവുള്ള രാത്രിയിൽ നിഴലായി മാറണം 

കൈകോർത്തിരുന്നീ തിരമാല എണ്ണണം 


എന്റെ ഈ സ്വപ്ങ്ങൾ നിനക്കായി വെയ്ക്കാം 

മൈലുകൾക്കിപ്പുറം നിനക്കായി കാക്കാം 

നീ വരും നാളിനായ് ... ഈ വഴിത്താരയിൽ ... ഞാൻ കാത്തിരിപ്പു  ... നിനക്കായി മാത്രം  ...

Monday, June 17, 2024

 കത്തുന്ന വേനലിൻ ചൂടിലിന്നീ

വാക്കുകൾ പോലും വരണ്ടുപോകേ,

ഒരു മഴമേഘത്തിനായി വീണ്ടും

വേഴാമ്പലൊന്നുകൊതിച്ചിടുന്നു.


Wednesday, June 5, 2024

 ആടിത്തകർക്കുകയാണീ ദിനങ്ങളും 

ജീവിതനാടക വേദിയിലീവിധം.

വന്നു പിണങ്ങി പരിഭവിച്ചൂ ചിലർ

പിന്നെ കരഞ്ഞു കലഹിച്ചു പോകയായ്!

പാടുകയായ് ചിലർ സ്വാന്തന ഗീതികൾ

നാളെതൻ ഭാസുര ഭംഗിയെ വാഴ്ത്തയായ്!

ചായം പലവിധം തേച്ച മുഖങ്ങളിൽ

ഭാവങ്ങളെത്രയോ മാറി മറഞ്ഞിതാ!






Sunday, May 26, 2024

 വീണ്ടും ഒരു ദേശത്തിന്റെ കഥയിൽ നിന്നും തുടങ്ങാൻ ശ്രമിക്കുകയായിരുന്നു.



Thursday, May 23, 2024

 പ്രതീക്ഷിക്കാതെ കിട്ടിയ അവധിക്കാലം.

എങ്കിലും, നിദ്ര അനുവാദമില്ലാതെ തന്നെ കണ്ണുകളിലണഞ്ഞ് എന്നെ കീഴടക്കുന്നു.

Tuesday, May 14, 2024

വായിക്കാൻ കഴിയാതെയായിട്ട് ഏതാണ്ട് ഒരു വർഷമായി. ഈ രോഗം ഞാനറിയാതെ എന്നെ കീഴ്പ്പെടുത്തിയതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.

ആദ്യത്തെ കീമോയ്ക്ക് ഇനി രണ്ടു ദിവസം.

കാത്തിരിക്കുകയാണ്. ആദ്യത്തെ മഞ്ഞ് കാത്തിരുന്നപോലെ. 


Thursday, May 2, 2024

 വിജനമീ വഴികളിൽ പതിയെ നിഴൽവിരി-

ച്ചിനിയും കൊഴിഞ്ഞിടും കുങ്കുമസന്ധ്യകൾ!

ഇനിയുമുണർന്നിടും പുലരികൾ, ആയിരം

നീഹാരബിന്ദുക്കളിനിയും തിളങ്ങിടും. 

നനവാർന്ന മിഴികളെ, വീണ്ടും തുടച്ചുഞാ-

നിനിയും നിനക്കായി മാത്രമായ് പാടിടും.



Wednesday, April 24, 2024

കാറ്റത്തുലയുന്ന ഹൃദയമാം ചില്ലയി- ന്നൊരു കിളിനാദത്തിനായിക്കൊതിക്കയായ്! ചിറകടിയൊച്ചകൾ കാതോർത്തിരിക്കയായ്!

Thursday, April 18, 2024

ഇത് ഒരു പോരാട്ടത്തിൻറെ ആദ്യ ഘട്ടമാണ്. എല്ലാ പോരാളികളേയുംപോലെ വിജയം കയ്യടക്കുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.

Monday, April 15, 2024

ഈ നീലരാവിൻ നിശ്ശബ്ദത മെല്ലെയെൻ ആത്മാവിലെങ്ങും പടർന്നീടവേ, എൻ ഹൃദയവീണതൻ പൊട്ടിയ തന്ത്രികൾ മീട്ടുന്നു വീണ്ടുമെൻ ആത്മരാഗം.

Thursday, March 28, 2024

അറിയില്ലെനിക്കെന്നെ മൂടുമീ കാർമുകി- ലൊരു പെരുമാരിയായ് പെയ്തങ്ങുതീരുമോ? അതുതീർത്ത നൊമ്പരക്കാറ്റിന്റെ കൈകളി- ലെൻ ശ്വാസവായുവും നേർത്തങ്ങലിയുമോ? അലയടിച്ചീടുകയാണെന്റെയുള്ളിലാ പൊയ്പ്പോയ നാളിന്റെ നൈർമല്യമിപ്പൊളും നീറുന്നനെഞ്ചിലുദിക്കുകയായിതാ പാടാൻമറന്നോരു പാട്ടിന്റെ ഈരടി.

Tuesday, March 19, 2024

ഒരുവേള,ഉള്ളിലൊതുക്കിയ നോവെൻറെ ധമനികളിലെങ്ങും പടർന്നതാകാം. അല്ലെങ്കിലാർത്തനാം കാറ്റിന്നിരമ്പലെൻ ഹൃദയതാളത്തിൽ കലർന്നതാകാം.

Monday, March 11, 2024

കഥകളുടെ കാലം - പതിനാറ്

അസ്തമയം

അച്ഛനോടും അമ്മയോടും ഒപ്പം സീമ കടൽത്തീരത്തുപോകുന്നത് ആദ്യമായാണ്. കടലും തീരവും മനോഹരമായ വൈകുന്നേരങ്ങളും എന്നും ആ നഗരത്തിലുണ്ടായിരുന്നു. എന്തുകൊണ്ടോ അവയെല്ലാം അവർക്ക് അപ്രാപ്യമായിരുന്നു. പക്ഷെ അന്ന്, ഒരേ ദിശയിലേക്ക് പറക്കുന്ന പക്ഷികളെപോലെ അവർ മൂവരും നഗരത്തിൽ ചുറ്റിക്കറങ്ങാനായി തർക്കങ്ങളൊന്നുമില്ലാതെ ഇറങ്ങിത്തിരിച്ചു. തമാശകൾ പറയുന്ന അച്ഛനെയും പൊട്ടിച്ചിരിക്കുന്ന അമ്മയെയും അധികമൊന്നും കണ്ടിട്ടില്ല.അതുകൊണ്ടു തന്നെ സീമ അധികമൊന്നും സംസാരിക്കാതെ അവർ പറയുന്നത് കേട്ടിരുന്നു.

പത്താംക്ലാസ്സുകഴിഞ്ഞാൽ ഏതുവിഷയം പഠിക്കണമെന്നും ഏതുകോളേജിൽ പഠിക്കണമെന്നും അവർ ചർച്ചചെയ്തു. സീമ യഥാർത്ഥത്തിൽ അതെ പറ്റി ചിന്തിച്ചുതുടങ്ങിയിരുന്നില്ല. ഭാവിയിൽ എന്തായിത്തീരണമെന്ന ഏകദേശധാരണപോലും സത്യത്തിൽ അവൾക്കുണ്ടായിരുന്നില്ല. നഗരത്തിലെ ഏതുകോളേജും തനിയ്ക്ക് തിരഞ്ഞെടുക്കാം , എന്തും പഠിക്കാൻ കഴിയും, അതുകൊണ്ട് എന്തുവേണമെങ്കിലും ആകാം. ആവലാതിപ്പെടേണ്ട കാര്യമില്ല , അവൾ സ്വയം പറഞ്ഞു. വേണമെങ്കിൽ അഭിലാഷ് പഠിക്കുന്ന കോളേജിൽ പഠിക്കാം. എവിടെയാണെങ്കിലും കൂട്ടുകാരോടൊപ്പം പഠിക്കാനായെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.

എന്തുകൊണ്ടാണ് തന്റെ കൂട്ടുകാരെല്ലാവരും ഏകകണ്ഠരായി കണക്കും ശാസ്ത്രവിഷയങ്ങളും പഠിക്കാൻ തീരുമാനിച്ചതെന്ന് സീമയ്ക്ക് സത്യത്തിൽ മനസ്സിലായില്ല. എപ്പോഴും കഥയെഴുത്തുപുസ്തകം കൂടെ കൊണ്ടുനടക്കുന്ന നന്ദിനിപോലും അധികം ആലോചിക്കാതെ തന്നെ ആ തീരുമാനമെടുത്തു.

"ലേഖയ്ക്ക് അവളുടെ എൻജിനീയറായ അച്ഛന്റെ പാത പിന്തുടരാനുണ്ട്. അതുമനസിലാക്കാം. പക്ഷെ കഥകൾ സ്വപ്നം കാണുന്ന നിനക്കെങ്ങനെ ഇങ്ങനെയൊരു തീരുമാനം എടുക്കാനായി?" സീമ നന്ദിനിയോട് ചോദിച്ചിരുന്നു.

"അതോ, ഭാഷകളോട് എനിക്ക് ഏകപക്ഷീയമായ ഒരു സ്നേഹബന്ധമാണ് ഉള്ളത്. പക്ഷെ കണക്ക് എന്നെ ഒരിക്കലും ചതിക്കാറില്ല." നന്ദിനി പറഞ്ഞിരുന്നു.

വേനലവധിയ്ക്ക് മുൻപായിരുന്നു അത്. അവധിക്കാലം നന്ദിനിയുടെ മനസ് മാറ്റിക്കാണണേ എന്ന് സീമ പ്രാർത്ഥിച്ചു.

ഏതാനും ദിവസങ്ങൾക്കകം സ്കൂൾ തുറക്കും. സ്കൂളിലെ അവസാനത്തെ വർഷമാണ്. ട്യൂഷൻ ക്‌ളാസ്സുകളുടെയും പരീക്ഷകളുടെയും ഭാരമുണ്ടാകും. എങ്കിലും ഓർത്തുസന്തോഷിക്കാൻ എന്തൊക്കെയുണ്ട്? ലൈബ്രറി തുറക്കുകയാണ്. പുസ്തകങ്ങൾ അടുക്കുവാനും റെക്കോർഡുകൾ സൂക്ഷിക്കുവാൻ ടീച്ചർമാരെ സഹായിക്കുവാനുമുള്ള വോളണ്ടിയർമാരിൽ സീമയുമുണ്ട്. എന്തെല്ലാം അവടെ ചെയ്യാനുണ്ടാകും.

സൂര്യൻ മാഞ്ഞുതുടങ്ങുകയാണ്. ചുവന്ന ആകാശം. തിരമാലകൾ പോലെ ഓരോരോ ചിന്തകൾ. അസ്തമയം ഇരുട്ടിന്റെ തേരാളിയാകാം, പക്ഷെ അതിന്റെ തുടക്കം ഏറ്റവും മനോഹരമാണ്.

അച്ഛനും അമ്മയും അല്പം പുറകിലിരുന്ന് വർത്തമാനം പറയുന്നുണ്ട്. ആർത്തിരമ്പുന്ന തിരമാലകളുടെ ശീൽക്കാരത്തിനിടയിലും അവർ പറയുന്നത് അല്പാല്പം കേൾക്കാം.

ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു അത്. എങ്കിലും സീമയ്ക്ക് എന്തുകൊണ്ടോ ഭയം തോന്നി.

സ്‌കൂൾ തുറന്ന ആദ്യത്തെ ദിവസം പുതിയ ക്ലാസിൽ നന്ദിനിയെക്കണ്ടപ്പോൾ സീമ പൊട്ടിച്ചിരിച്ചുപോയി. അവളുടെ മുടി വളർന്നിരിക്കുന്നു. കണ്ണിൽ കൺമഷിപോലെ എന്തോ തേച്ചിട്ടുണ്ട്. നെറ്റിയിൽ പൊട്ടുണ്ട്. രണ്ടുമാസങ്ങൾക്കുള്ളിൽ നന്ദിനി മറ്റൊരാളായിരിക്കുന്നു.

"ചിരിക്കരുത്, " ലേഖ കാതിൽ മന്ത്രിച്ചു. "ചിരിച്ചാൽ, ഇവളിതെല്ലാം തേച്ചുമാച്ചുകളയും."

"നീയാണോ? ഈ വിപ്ലവത്തിനുപുറകിൽ ?" സീമ ലേഖയോട് ചോദിച്ചു.

"ആണെന്നു വച്ചോളൂ. ദിവ്യയുടെ ഞെട്ടൽ നീ കാണണമായിരുന്നു. " ലേഖ പറഞ്ഞു.

ക്ലാസ് തുടങ്ങി, പുതിയ ക്ലാസ് ടീച്ചർ, ഗോമതിടീച്ചർ ക്ലാസ് ലീഡറെ തിരഞ്ഞെടുക്കാനൊരുങ്ങി.

"കഴിഞ്ഞവർഷത്തെ ലീഡർ തന്നെയാണോ ഈ ഇത്തവണയും?" ടീച്ചർ ദിവ്യയെ നോക്കി ചോദിച്ചു

"ഈ വര്ഷം മറ്റൊരാളാകട്ടെ," ദിവ്യ പറഞ്ഞു.

"അതെന്താണ്? പത്താം ക്ലാസ്സിലെ പരീക്ഷയെ പേടിച്ചിട്ടാണോ? അതൊന്നും അത്രക്ക് പേടിക്കാനൊന്നുമില്ല.."

"അതല്ല, ഈ കൊല്ലം ഞാൻ സ്കൂൾ ലീഡർ ആകാൻ മത്സരിക്കുന്നുണ്ട് .."

സീമ അത്ഭുതത്തോടെ ദിവ്യയെ നോക്കി. എവിടെ നിന്നുകിട്ടുന്നു ഇവൾക്ക് ഇതിനൊക്കെയുള്ള ഊർജ്ജം. ആരാണ് ഇനിയൊരു പകരക്കാരിയാകുക. ആരും തന്റെ പേരുപറയാതിരിക്കട്ടെ. സീമ തലതാഴ്ത്തിയിരുന്നു. അടുത്തിരിക്കുന്ന ലേഖയും തലതാഴ്ത്തിയിരിക്കുകയാണ്.

"ആർക്കെങ്കിലും താല്പര്യമുണ്ടോ ?" ടീച്ചർ ചോദിക്കുകയാണ്. ക്ലാസ്സിൽ പരിപൂർണ്ണനിശ്ശബ്ദത.

സീമ തല ചെരിച്ചുതിരിഞ്ഞുനോക്കി. മൂന്നാമത്തെ ബെഞ്ചിൽ ജനാലയ്ക്കടുത്തായി പുറത്തേക്കുനോക്കിയിരിക്കുകയാണ് നന്ദിനി. ക്ലാസ്സിൽ നടക്കുന്നതൊന്നും അവൾ അറിയുന്നേയില്ല.

"ദിവ്യതന്നെ നിർദ്ദേശിക്കൂ, മറ്റൊരാളുടെ പേര്." ഒടുവിൽ ടീച്ചർ പറഞ്ഞു.

"നന്ദിനി, " കാത്തിരുന്നതുപോലെ, അല്പംപോലും ചിന്തിക്കാതെ ദിവ്യ ഉത്തരം കൊടുത്തു.

സീമ നിവർന്നിരുന്ന് നന്ദിനിയെ നോക്കി. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനാകാതെ ചുറ്റും മിഴിച്ചുനോക്കുകയാണവൾ. സീമ വീണ്ടും പൊട്ടിച്ചിരിച്ചുപോയി. ഈ വർഷം തികച്ചും സംഭവബഹുലം തന്നെ.ഇനി എന്തെല്ലാം കാണാനിരിക്കുന്നു.

ലൈബ്രറി ആദ്യവാരം മുതൽ പ്രവർത്തനം തുടങ്ങി. പുസ്തകങ്ങൾ പല വിഭാഗങ്ങളായി തരംതിരിക്കുവാനും അടുക്കുവാനുമുള്ള ചുമതല രാധാമണി ടീച്ചർ സീമയ്ക്കുതന്നെ കൊടുത്തു. ആദ്യം ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പുസ്തകങ്ങൾ രണ്ടുവശങ്ങളിലാക്കി മാറ്റി. ഓരോ ഭാഷയിലെയും നോവലുകളെയും ചെറുകഥകളെയും ഉപന്യാസങ്ങളെയും ജീവചരിത്രങ്ങളെയും വേർതിരിച്ചു പ്രത്യേകം ഷെൽഫുകളിലാക്കി പുസ്തകങ്ങളുടെ പേരിന്റെ ക്രമത്തിൽ അടുക്കി.

"എത്ര ദിവസം കാണും ഇതെല്ലാം. കുറച്ചു ദിവസങ്ങൾക്കകം എല്ലാം ക്രമം തെറ്റും, എല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കും " നന്ദിനി പറഞ്ഞു. " വേരുകളുടെ സ്ഥാനത്ത് വേരയാകും പിന്നെ കാണുക."

കുറെ നേരമായി മലയാറ്റൂർ രാമകൃഷ്ണന്റെ വേരുകൾ മറിച്ചുനോക്കി ഒരു കസേരയിൽ ഇരിക്കുകയാണവൾ.

"ഇത് നീ വായിച്ചിട്ടില്ലേ ," സീമ ചൊടിച്ചുകൊണ്ട് ചോദിച്ചു.

"എത്രയോ തവണ!"

"അപ്പോൾ പിന്നെ അത് തിരിച്ചുവച്ച് ആത്മകഥയും ജീവചരിത്രവും വേർതിരിക്കാൻ എന്നെ സഹായിക്കൂ"

"ഈ ഹാസ്യവും ആക്ഷേപഹാസ്യവും രണ്ടാണോ..?" പുറകിലെ ഷെൽഫിനടുത്തുനിന്ന് ലേഖ ചോദിച്ചു. "എനിയ്ക്കെങ്ങനെ പറയാനാകും ഏതാണ് ആക്ഷേപഹാസ്യമെന്ന്.."

സീമ തലയിൽ കൈവച്ചുകൊണ്ട് അങ്ങോട്ട് നടന്നു.

ഒന്നോ രണ്ടോ ആഴ്ചകളെടുത്തു. പക്ഷെ ഒടുവിൽ സീമ ഒരു മികച്ച ലൈബ്രറിയോടു കിടപിടിക്കുന്ന തരത്തിൽ തന്നെ പുസ്തകങ്ങൾ തരംതിരിച്ചെടുത്തു. മാറിനിന്ന് കൃത്യമായ അകലത്തിൽ അവാച്യമായ പ്രൗഢിയോടെ നിൽക്കുന്ന പുസ്തകഷെൽഫുകളെ നോക്കിയപ്പോൾ സീമയ്ക്ക് അഭിമാനം തോന്നി. വലിയ മേശക്കുചുറ്റുമുള്ള കസേരകളിലിരുന്ന് പുസ്തകങ്ങൾ മറിച്ചു നോക്കുന്ന ഏഴാം ക്ലാസ്സുകാരെ കണ്ടപ്പോൾ അത്ഭുതവും. എത്രകാലമായി മനസ്സിൽ കാത്ത സ്വപ്നമാണിത്! ചുരുക്കം ചില സ്വപ്ങ്ങളെങ്കിലും ജീവിതത്തിൽ സഫലമാകാതെയിരിക്കില്ല!

 പുതിയ സ്‌കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ട ദിവ്യയും അതുതന്നെ പറഞ്ഞു. 'ചില സ്വപ്നങ്ങൾ സഫലമാകും. മറ്റു ചിലത് നിലത്തുവീണ കരിയിലകൾ പോലെ അടിച്ചുകൂട്ടി കത്തിക്കപ്പെടും.' ഏതാണ് സഫലമാകുന്നത് ഏതാണ് കരിയിലയായി പറന്നുപോകുന്നത് എന്ന് എങ്ങനെ അറിയാനാണ്? സ്വപ്‌നങ്ങൾ കാണുകതന്നെ.. സീമ വിചാരിച്ചു.

 ജൂലെ മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച, വൈകുന്നേരത്തെ കണക്ക് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്കുള്ള കോണിപ്പടികൾ കയറിയത് സ്വപ്നങ്ങളെ കുറിച്ചുചിന്തിച്ചുകൊണ്ടാണ്. ആകാശത്ത് വീണ്ടും അസ്തമയത്തിന്റെ മായാജാലം. തന്റെ സ്വപ്നങ്ങൾക്ക് അസ്തമയസൂര്യന്റെ നിറമാണെന്ന് സീമയ്ക്ക് തോന്നി. വീട്ടിൽ അച്ഛനുണ്ട്. അമ്മയും ഓഫീസുവിട്ടുവന്നിട്ടുണ്ടാകണം. ഉച്ചത്തിലുള്ള സംസാരം കേൾക്കാം. വീണ്ടും ശണ്ഠകൂടുകയാണോ രണ്ടാളും. സീമ വേഗത്തിൽ വാതിൽ തുറന്നു. 

 "കയറൂരി വിടരുതെന്ന് ഞാൻ പണ്ടേ പറഞ്ഞതാ.. " അച്ഛൻ അക്ഷരാർത്ഥത്തിൽ കലിതുള്ളുകയാണ്. "നഗരത്തിലെ സ്‌കൂളിൽ തന്നെ പഠിക്കണം, എന്നാലേ നന്നാവൂ എന്ന് അമ്മയും മോളും .. ഇപ്പൊ കണ്ടില്ലേ.." 

 അച്ഛന്റെ കയ്യിൽ ഒരുകെട്ട് കടലാസുകളുണ്ട്, കത്തുകളാണ്, ചുവന്ന പനിനീർപൂവിന്റെ ചിത്രമുള്ള ഒരു ആശംസാകാർഡും. അച്ഛൻ അലറിക്കൊണ്ട് അവ സീമയുടെ നേരെ എറിഞ്ഞു. അവ കരിയിലകൾ പോലെ നാലുപാടും ചിതറി. ജനാലയ്ക്ക് പുറത്ത് ഇരുട്ട് പരന്നു തുടങ്ങിയിരുന്നു.

Friday, March 1, 2024

പൊരുത്തപ്പെടുകയാണ്, ചാരനിറമുള്ള ലോകത്തോട്....

Friday, February 16, 2024

രോഗം തളർത്താത്തൊരാത്മാവുവീണ്ടുമാ- രാഗങ്ങൾ തേടുകയാണിന്നു മൂകമായ്!

Saturday, January 27, 2024

A faint line of light in the dark blue sky a shiver run through me again as I watch it dim. another evening fades into a memory. it's been a strange winter of fever and heartache. i have forgotten how to laugh. but perhaps when the snow melt i will find the light again. and then someday we will go looking for those skies where light never fades

Tuesday, January 16, 2024

ഓടി മറഞ്ഞെത്ര വർഷങ്ങൾ പിന്നെയും കാലമാം തടിനിയിൽ ഓളങ്ങൾ പോലവേ അലയുകയാണുഞാനിന്നുമീ വനികയിൽ അവിശ്രമം നിന്നെത്തിരയുകയാണു ഞാൻ അകലെയാ മാമരക്കൂട്ടത്തിനപ്പുറം നിഴൽ വീണ പാതതൻ മൌനത്തിനപ്പുറം ഇരവിന്റെ നീല നിഗൂഢത മൂടിയി- ന്നറിയില്ല വീണ്ടുമൊളിച്ചതെന്താണു നീ തഞ്ചത്തിൽ വന്നെന്റെ കണ്ണുപൊത്തീടുവാൻ അലിവോടെ മെല്ലെയെൻ പേരുചൊല്ലീടുവാൻ അല്ലെങ്കിലരികിൽവന്നെന്നോടുമിണ്ടുവാൻ അറിയില്ലവീണ്ടും മടിച്ചതെന്താണു നീ ഒരുവേള നീയെന്റെയരികത്തണയുകിൽ ഒഴുകുന്ന കണ്ണുനീർച്ചാലുകൾ മായ്ക്കുകിൽ തിരയാം നമുക്കൊരുമിച്ചിനിയെന്നെയും അറിയില്ലയെങ്ങോ കളഞ്ഞുപോയെന്നെ ഞാൻ

Wednesday, January 10, 2024

മിഴികളിൽ കാത്തോരു സ്വപ്നമല്ലിന്നു ഞാൻ,
എന്നേ അതിൻ ചിതാജ്വാലകൾ മാത്രമായ്!

Thursday, January 4, 2024

പുലരിതന്നാർദ്രമാം കൈവിരൽ വീണ്ടുമെൻ ഹൃദയമാം വീണതൻ തന്ത്രികൾ മീട്ടവേ, പരിഭവിച്ചെങ്ങോ മറഞ്ഞോരു സുര്യനെൻ ആകാശവീചിയിൽ വീണ്ടും തെളിയവേ, നെഞ്ചോടുചേർക്കാൻ കൊതിച്ചോരുഷസ്സിനായ് കണ്ണുനീർത്തുള്ളികൾ നേദിക്കയായി ഞാൻ! ഉള്ളിൽ തുളുമ്പുന്ന പ്രാർത്ഥനയിന്നിതാ ചുണ്ടുകൾ വീണ്ടുമുരുവിട്ടുതീർക്കയായ്!