Tuesday, December 27, 2016

ഉറക്കഗുളിക വിഴുങ്ങി, ഇനി ഉണരാത്തത് എന്ന് അവൾ കരുതിയ ഉറക്കത്തിലേക്ക് വഴുതി വീഴും മുൻപ് എന്റെ സ്നേഹിത കണ്ടത് അവളുടെ മകളുടെ മുഖമാണ്. വിശക്കുന്നു എന്ന് കുഞ്ഞുപറഞ്ഞപ്പോൾ മറ്റേതോ ലോകത്തുനിന്ന് എന്നപോലെയാണ് അവൾ അത് കേട്ടത്. കേട്ടുകഴിഞ്ഞ ഒരു കഥപോലെ ജീവിതം അവൾക്കുമുന്നിൽ മിന്നിപ്പാഞ്ഞുവത്രേ...

തനിക്ക് വിഷാദരോഗമാണ് എന്ന് അവൾ പറയാറുണ്ട് , പലപ്പോളും.. മരുന്ന് കഴിക്കാതെ ജീവിക്കാനാവില്ല എന്നും

വിഷാദം  ശരിക്കും ഒരു രോഗം ആണോ? ജീവിതം കൈപ്പിടിയിൽ നിൽക്കാതെ ആകുമ്പോൾ സങ്കടപ്പെടാനുള്ള അവകാശം നമുക്കില്ലേ. മരുന്നുകഴിച്ച് പൊട്ടിച്ചിരിക്കുക എന്നതാണോ ശരി?

ഞാനും കരയാറുണ്ട് പ്രത്യക്ഷത്തിൽ കാരണമൊന്നുമില്ലാതെ. ഈ കണ്ണുനീർ എന്റെ അവകാശമാണെന്ന് ഞാൻ കരുതുന്നു.

Wednesday, December 7, 2016


The gorgeous Vidya Balan. As Geeta Bali, in Bhagwan dada biopic.

 
ഈയ്യിടെ ഏതോ മലയാളം ചാനലിൽ പത്തുപതിനഞ്ചുവർഷംമുൻപ് കുറെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ഒരു മുപ്പത്തഞ്ചുകാരിയുമായുള്ള അഭിമുഖം കണ്ടു. " നിങ്ങൾ ഇപ്പോഴും പഴയപോലെ സുന്ദരിയാണല്ലോ, നിങ്ങൾ തടി വച്ചിട്ടില്ലല്ലോ " അവതാരകൻ വീണ്ടും വീണ്ടും ചോദിച്ചികൊണ്ടിരുന്നു. നടി താൻ മെലിഞ്ഞത് എങ്ങനെ എന്ന് വീണ്ടും വീണ്ടും വിരസതയോടെ വിവരിച്ചു.

 തന്റെ പഴയകാലവേഷങ്ങളെ കുറിച്ചോ അഭിനയമുഹൂർത്തങ്ങളെ കുറിച്ചോ സംസാരിയ്ക്കാനായിരിക്കണം അവർ ആഗ്രഹിച്ചിരുന്നത്. മുപ്പത്തഞ്ചുവയസുകഴിഞ്ഞ ഒരു സ്ത്രീയുടെ ഏറ്റവും വലിയ നേട്ടം തടിവയ്ക്കാത്തതാണോ ..

ഇനി മറ്റൊരു നടിയെ പറ്റി പറയട്ടെ.

പണ്ട്, 92 ൽ, തിരുവനന്തപുരത്ത് കുട്ടികളുടെ ചലച്ചിത്രോത്സവം നടന്നപ്പോൾ ഏറ്റവും നല്ലസിനിമ തെരഞ്ഞെടുക്കാനുള്ള കുട്ടികളുടെ ജൂറി ചെയർ പേഴ്സൺ മഞ്ചു വാര്യർ എന്ന ഒമ്പതാം ക്ലാസ്സുകാരിയായിരുന്നു. മുടി ഇരുവശവും പിന്നിയിട്ട ആ മെലിഞ്ഞകുട്ടിയുടെ ഫോട്ടോ പാത്രത്തിൽ കണ്ടത് ഞാൻ ഓർക്കുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ തിളങ്ങിയ ആ കുട്ടി പിന്നീട് നടിയായി. അവരുടെ പല സിനിമകളും ഞാൻ കൂട്ടുകാരികളോടൊപ്പം പോയികണ്ടിട്ടുണ്ട്.
പക്വതയുള്ള വേഷങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്യുമ്പോളും അവർ മനസ്സുകൊണ്ട് ഒരു കുട്ടി മാത്രമായിരിക്കണം. " ആ പാട്ടുകേട്ട് ഞാൻ താളം പിടിച്ചു തലകുലുക്കിയപ്പോൾ സാർ പറഞ്ഞു , ഇതു നല്ല സ്റ്റെപ് ആണല്ലോ .." എന്നൊക്കെ അവർ അക്കാലത്ത്  അഭിമുഖങ്ങളിൽ പറഞ്ഞതായി ഞാൻ ഓർക്കുന്നു .

ഒരിടവേളയ്ക്കുശേഷം സിനിമയിൽ തിരിച്ചെത്തിയ മഞ്ചു വാര്യർ രൂപം കൊണ്ട് മാത്രമല്ല മാറിയത്. അവർ കൗമാരക്കാരി ആയിരുന്നില്ല, ബുദ്ധിമതിയായ ഒരു സ്ത്രീ ആയി വളർന്നിരുന്നു.
ഒരു ദാമ്പത്യത്തിന്റെ ഉള്ളുകള്ളികൾ വിശകലനം ചെയ്യാൻ പുറംലോകത്തിന് അവകാശമില്ല എന്ന് ഞാൻ കരുതുന്നു. എങ്കിലും മഞ്ചു വാര്യർ ഒരു പ്രതിഭയായിരുന്നു. അവർക്ക് വെറുതെ നഷ്ടപ്പെട്ടത് വിലപ്പെട്ട വർഷങ്ങളാണ് . 
എന്നാത്മദീപമേ  , വേപഥു പൂണ്ടൊരെ-
ന്നുൾത്തടം നീയുമറിവതില്ലേ !
പൊരുൾ തേടിയലയുമെൻ വരികളിലുയിരായി
നിൻ ദിവ്യദീപ്തിയുണരുകില്ലേ ..

Thursday, December 1, 2016

അവളുടെ ഉച്ചയുറക്കത്തിന്റെ , ചെറിയ ഇടവേളകാലിലാണ് ജീവിതം മുന്നോട്ടു പോകുന്നത് . കണ്ണടച്ച്, ക്ളോക്കിന്റെ താളക്രമമായ ശബ്ദം കേട്ടുകൊണ്ട്  ഞാൻ മറ്റേതോ ലോകത്താണ് എന്ന് ചിന്തിയ്ക്കാൻ ശ്രമിക്കുന്നു.
പൂപ്പൽ പിടിച്ച അരമതിലുകളെയും അവയ്ക്കരികിൽ വളർന്നുനിൽക്കുന്ന ശീമക്കൊന്നകളെയും കണ്മുന്നിലെന്നവണ്ണം കാണുന്നു. 

നട്ടുച്ചയുടെ നിശബ്ദത എനിയ്ക്ക് ഏറെ ഇഷ്ടമാണ്. അത് സത്യത്തിൽ നിശബ്ദതയല്ല , താളക്രമമായ ശബ്ദങ്ങളുടെ കൂടിച്ചേരലാണ്. അതിൽ ഒരു അജ്ഞാത സംഗീതം നിറഞ്ഞുനിൽക്കുന്നു. അതിന്റെ ലാളിത്യം  വാക്കുകൾക്ക് പകർത്തുവാൻ ആകാത്ത ഒന്നാണ്. ഏറ്റവും ലളിതമായ ഒന്നിന്റെ സൗന്ദര്യം വർണ്ണിയ്ക്കുക വാസ്തവത്തിൽ അസാദ്ധ്യമല്ലേ ..

ഞാൻ ജീവിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു. വാക്കുകളെ വർണ്ണങ്ങളാക്കി ചിത്രം വരയ്ക്കാൻ ആഗ്രഹിയ്ക്കുന്നു. ഈണത്തിൽ വരികളുണ്ടാക്കാൻ ആഗ്രഹിയ്ക്കുന്നു. സാഹിത്യസപര്യ എന്നൊന്നും പറയുവാൻ ആകില്ല . ഇത് വാസ്തവത്തിൽ ഒരു ജീവിതരീതിയല്ലേ . ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന  ജീവിതത്തോടുള്ള  പ്രണയം. അതിൽ പരാജയങ്ങൾ  ഉണ്ടോ?

 

Wednesday, November 23, 2016

ഏറെ ആഗ്രഹിച്ചിട്ടും വൈകി മാത്രം കിട്ടിയ ഒരു കളിപ്പാട്ടമാണ് എന്റെ മകന് അവന്റെ അനുജത്തി. കമ്പിളി പുതപ്പുകൾ കൊണ്ട് മാളമുണ്ടാക്കി അവളെ മുയൽകുഞ്ഞാക്കി അതിനുള്ളിൽ ഇരുത്തുക അവന്റെ ഇഷ്ടവിനോദമാണ്. പലപ്പോളും മറ്റുവഴികളില്ലാത്തതുകൊണ്ട്, കുറച്ചുനേരം അവളെ നീ നോക്കൂ , എന്ന് ഞാൻ പറയാറുണ്ട്.

 ഇയ്യിടെ അവൾ അവന്റെ ഒന്നര മീറ്റർ പൊക്കത്തിലുള്ള കട്ടിലിൽ നിന്നും താഴെ വീണു, നാലുചുറ്റും മറയുണ്ടായിട്ടും അതിനിടയിലൂടെ..

കുട്ടികളെ വളർത്തുമ്പോൾ എന്താണ് ശരി എന്താണ് തെറ്റ് എന്ന് എങ്ങനെ പറയാനാകും..  മുഴുവൻ നേരവും അവരോടൊപ്പം ഉണ്ടായിട്ടും ഇങ്ങനെയൊക്കെ സംഭവിക്കുമ്പോൾ ഞാൻ പരാജയപ്പെട്ടതായി തോന്നുന്നു.

അവൾ നാലുകാലിൽ ഇഴയുകയും പിച്ചവയ്ക്കാൻ ശ്രമിക്കുകയും ആണ്. അവളുടെ കാലുകൾ ഇടറി വീഴാതെ നടക്കുവാൻ ശക്തി നേടട്ടെ.

കുട്ടികൾ വളരാതിരിക്കില്ലല്ലോ. അവർ വളർന്ന് നല്ല വ്യക്തികൾ ആകട്ടെ ..


Monday, November 7, 2016

പണ്ടുവിണ്ണിന്നതിരുകൾ തേടിയോ
രിച്ചിറകുകൾ താഴ്ത്തി പതുക്കവേ,
കൂട്ടിലെക്കിളി പാടുന്നു വീണ്ടുമീ
മൂകമാം രാവിനാത്മാവറിഞ്ഞപോൽ.


കാറ്റുവീണ്ടുമീകൂട്ടിന്നഴികളിൽ
ചേർന്നുനിന്നൊന്നുനൊമ്പരപ്പെട്ടുവോ
മേലെ മാനം കറുത്തുവോ , കണ്ണുനീർ
വാർത്തുവാർത്തങ്ങു വിങ്ങിക്കരഞ്ഞുവോ

Thursday, October 13, 2016

കേൾക്കുവാനേറെ കൊതിച്ചതൊന്നെൻ
കാതിലായ് മൂളിപ്പറഞ്ഞു തെന്നൽ
ഒരുമാത്ര മിണ്ടാതെ ഞാനിരിക്കെ
പരിഭവിച്ചെങ്ങോ പറന്നു തെന്നൽ

Monday, October 3, 2016

"നിന്റെ തലമുടി ആകെ കെട്ടുപിടിച്ചല്ലോ ..  ഞാൻ കെട്ടുതീർത്തു തരട്ടെ .."  അമ്മ ചോദിച്ചു.
എനിയ്ക്ക് അദ്‌ഭുതം തോന്നി. ജീവിതത്തിലൊരിക്കലും അവർ എനിയ്ക്ക് മുടി കെട്ടിത്തന്നിട്ടില്ല.

പ്രസവസമയത്തും ഒറ്റയ്ക്കായിരുന്നത് കൊണ്ടാവാം അവർക്ക് വല്ലാത്തൊരു കുറ്റബോധമാണ് ഇപ്പോൾ.
കുറ്റബോധം വല്ലാത്തൊരു വികാരമാണ്. എത്ര ഓടിയാലും അത് എന്നെങ്കിലും കൂടെ എത്തുക തന്നെ ചെയ്യും. പക്ഷെ പശ്ചാത്താപം കൊണ്ട് നഷ്ടപ്പെട്ടത് വീണ്ടു കിട്ടില്ലല്ലോ .

ഞാൻ അവരോട്  എന്നേ ക്ഷമിച്ചുകഴിഞ്ഞു.

കുറ്റബോധം സ്ഥായിയായ വികാരമാണോ ? അതിനും മാറ്റമുണ്ടാകും. ജീവിതത്തിൽ മറ്റെന്തിനെയും പോലെ. അവർ പ്രതീക്ഷിച്ച ഉയരങ്ങളിൽ എത്താത്തതിന് 'അമ്മ വീണ്ടും എന്നെ തള്ളി പറഞ്ഞേക്കാം..

കഴിഞ്ഞ കുറെ ആഴ്ചകളായി  അമ്മയും അച്ഛനും ഉണ്ട് ഇവടെ. 

Saturday, September 17, 2016

ഒരുനാളുണർന്നുഞാൻ മുഗ്ദ്ധമാം സ്വപ്നം വിട്ടി
ട്ടെത്രയോ ദൂരെ മേലെ വിണ്ണിലേക്കുയർന്നു ഞാൻ
നഷ്ടമാമേതോ ദിവ്യ കൈവല്യപദം  തേടി 
യലഞ്ഞുകുഴഞ്ഞെത്ര കരഞ്ഞുതളർന്നു ഞാൻ

എന്തിനെന്നറിയില്ല കാലമെന്നരൂപിയാം
പ്രാണനെ നിലാവിന്റെ സ്നിഗ്ദ്ധമാം  തിരയാക്കി
ആർദ്രമായോരോ രാവും മിഴിനീരൊപ്പാനെത്തി
തണുത്ത വിരൽ നീട്ടിയലിവോടെന്നെ പുൽകി

ഒഴുകി , വാനം നീളെ മേഘമായ് പലനാളെൻ
തപസ്സിൻ പുണ്യം മണ്ണിൽ കൺതുറന്നീടുംവരെ
മഴയായ് പൊഴിഞ്ഞുഞാൻ പിന്നെയീ മണ്ണിൻ മാറിൽ
ഒരുതൈ തളിരായി കിളിർത്തു തളിർത്തു ഞാൻ

വർണ്ണങ്ങൾ വരങ്ങളായ്‌ ,മധുവിൻ മധുരമായ്
കാറ്റിലെൻ ശ്വാസംപോലുമലിഞ്ഞു, സുഗന്ധമായ്
സ്വപ്‌നങ്ങൾ പുതുനാമ്പായ് തളിർത്തൂ, ഋതുക്കളെൻ
കൈകളിലഴകേറും തോരണങ്ങളായ്‌ മാറി

 വിരിയും സുമങ്ങളിൽ നിറയും നിറങ്ങളിൽ
വസന്തം കാട്ടും മായാജാലത്തിന്നലകളിൽ
മറന്നതെന്തേ ഞാനെൻ മനസ്സുപോലും വൃഥാ
അലഞ്ഞതെന്തേ മൂകമന്യമാം പ്രപഞ്ചത്തിൽ 

ഇനിയുമൊഴുകണമിനിയുമലയണ-
മിനിയും മിഴിനീരാലർച്ചന നേർന്നീടേണം 
ഇനിയും കഥകൾതന്നലിവു കാത്തും പാട്ടി-
ന്നലകൾ തീർത്തും വാക്കിന്നാത്മാവുതേടീടേണം


 

Friday, September 9, 2016

എങ്കിലും പുഞ്ചിരിച്ചീടുമെന്നോർമ്മകൾ
ഇവിടെയീ വഴികളിൽ പൂക്കളായെങ്കിലും
കാറ്റെന്റെ പാട്ടിന്റെയീണങ്ങളായിടും
മഴയിലെൻ കണ്ണുനീർച്ചാലുകൾ ചേർന്നിടും


എഴുതാൻ ശ്രമിക്കുകയായിരുന്നു....





 

Friday, September 2, 2016

രാത്രിയുടെ ആദ്യയാമം. ചിത്രപ്പണികളുള്ള മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചം. തുറന്നുകിടക്കുന്ന ജനാലയ്ക്കപ്പുറം മരച്ചില്ലകളിൽ കാറ്റ്. ചുമരിൽ നീണ്ട നിഴലുകൾ. ആടിയുലയുന്ന നേർത്ത തിരശീലകൾ. മേശപ്പുറത്ത് ചിതറികിടക്കുന്ന പുസ്തകങ്ങൾ.
തലത് മെഹമൂദ് എന്ന ഗായകന്റെ ശബ്ദം എന്തുകൊണ്ടോ എന്റെ മനസ്സിൽ ഇത്തരം ഒരു ചിത്രം വരയ്ക്കുന്നു,

 

Sunday, August 14, 2016

അലയുകയാണുഞാൻ, വന്യമാം ലോകത്തി -
ലന്യമാം കോലാഹലങ്ങളിൽ മൂകയായ്
പിടയുകയാണുഞാൻ , ഗഹനമൊരു രാത്രിതൻ
ശിഥിലമാം സ്വാന്തനവീചികൾക്കപ്പുറം

Monday, July 18, 2016

പാടാഞ്ഞതല്ല ഞാൻ , കാറ്റിലെൻ പാട്ടിന്റെ
യീണങ്ങളൊക്കെയും എങ്ങോ കളഞ്ഞുപോയ്

Saturday, July 9, 2016

ഒരുകാലത്ത് എന്റെ അമ്മ അവരുടെ സഹോദരിമാർക്ക് മുടങ്ങാതെ കത്തുകൾ അയയ്ക്കാറുണ്ടായിരുന്നു. ലെറ്റർ ബോക്സ് തുറന്ന് കത്തുകൾ എടുക്കുവാനും കയ്യക്ഷരം നോക്കി അത് ആരുടേതാണ് എന്ന് ഊഹിയ്ക്കുവാനും ഞാൻ ഇഷ്ടപെട്ടിരുന്നു. അത്തരം ഒരു കാലത്തും നമ്മൾ ജീവിച്ചിരുന്നു എന്നത് അത്ഭുതമായി തോന്നുന്നു.

പല പ്രസിദ്ധ വ്യക്തികളുടെയും കത്തുകൾ പണ്ടൊക്കെ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു .  Gime me a corner of your heart that I can call my own എന്ന പ്രസിദ്ധമായ വാചകം ഉൾപ്പെടുന്ന ഗോപാലകൃഷ്ണ ഗോഖലെ സരോജിനി നായിഡുവിന് അയച്ച ഒരു കത്ത് ഞാൻ പഠിച്ചതായി ഓർക്കുന്നു. ഒരച്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്ന പുസ്തകത്തിന്റെ ചില ഭാഗങ്ങളും .

മനോഹരമായ കത്തുകൾ എഴുതാറുണ്ടായിരുന്ന ഒരു സ്നേഹിത ഒരിക്കൽ എനിക്ക് ഉണ്ടായിരുന്നു. പത്താം ക്‌ളാസ് കഴിഞ്ഞു നഗരം വിട്ടുപോയ അവൾ പാലക്കാട് മേഴ്‌സി കോളേജിന്റെ ഹോസ്റ്റൽ മുറിയിലിരുന്ന് എനിയ്ക്ക് ധാരാളം കത്തുകൾ എഴുതി- കോളേജ് ലൈബ്രറിയിലെ ഓരോ പുസ്തകത്തെകുറിച്ചും ഹോസ്റ്റലിലെ തമാശകളെ കുറിച്ചും തന്നെ സന്തോഷിപ്പിക്കാൻ മാത്രം പെയ്യുന്ന ആശ്വാസമഴയെ കുറിച്ചുമൊക്കെ .

പുസ്തകങ്ങളെ അതിരറ്റ് സ്നേഹിച്ചത് കൊണ്ടാകാം,  അവയെ തൊട്ടും തലോടിയും അടുക്കിയും ഒട്ടിച്ചും പൊടി തട്ടിയും ജീവിക്കാൻ ആഗ്രഹിച്ചത് കൊണ്ടാകാം  ഒരു വൻ പഠിപ്പിസ്റ് ആയിരുന്നിട്ടും  അവൾ ലൈബ്രറി സയൻസ് പഠിക്കാൻ തീരുമാനിച്ചത്. തൊഴിൽ എന്നത് ഒരു ജീവിതചര്യയാണ് എന്ന് അവൾ ചെറുപ്പത്തിലേ മനസ്സിലാക്കിയിരിക്കണം.

പിന്നീടെപ്പോഴോ എനിയ്ക്ക് വാക്കുകൾ നഷ്ടമായി, അതോടൊപ്പം ആ സൗഹൃദവും.

എട്ടാം ക്ലാസ്സിൽ ഒരിക്കൽ അവൾ രാവിലെ ചുവന്ന കണ്ണുകളുമായി വന്നു .
"ഉറങ്ങിയില്ല. ഒരു പുസ്തകം വായിച്ചുകരഞ്ഞു. " അവൾ പറഞ്ഞു . "നിന്റെ പേരായിരുന്നു എന്നെ കരയിച്ച കഥാപാത്രത്തിന്."
ബിഭൂതിഭൂഷൺ ബാനർജിയുടെ പഥേർ പാഞ്ചാലി ആയിരുന്നു ആ പുസ്തകം 
ഒമ്പതാം ക്‌ളാസിൽ പഠിക്കുമ്പോൾ ഞങ്ങൾ ചെറുനോവൽ എന്ന് വിളിക്കാവുന്ന ഒരു സാധനം എഴുതിയുണ്ടാക്കി .

വർഷങ്ങൾക്ക് പുനഃസ്ഥാപിക്കാൻ ആകാത്തതാണ് ചില നഷ്ടങ്ങൾ. കാലത്തിന്റെ കുത്തൊഴുക്കിലും അത്തരം നഷ്ടങ്ങളുടെ വേദന നമ്മെ അലട്ടിക്കൊണ്ടിരിക്കും. പ്രിയപ്പെട്ടതൊന്നും നഷ്ടപ്പെടാതിരിക്കട്ടെ , ആർക്കും. 

Wednesday, June 29, 2016

കാലമെന്നെക്കളിപ്പന്തുതട്ടിയി
ന്നേതു ദിക്കിലേക്കറിയില്ലതെങ്കിലും
എത്ര  ഭാഷയെൻ  ചുണ്ടിൽ വിറങ്ങലി
ച്ചിന്നു തേങ്ങലായ് മാറിയെന്നാകിലും
മൂടുവാൻ എനിയ്ക്കാകുമോ ജീവനിൽ
വേരുറച്ചാതാമീ നൽ കിനാക്കളെ
എത്രനാളും തുടരുമെൻ ചേതന
പ്രാണനർപ്പിച്ചുകൊണ്ടീയുപാസന
കീഴടങ്ങുമീ ദൂരങ്ങളൊക്കെയും
ഏതൊരാഴിതൻ അപ്പുറത്തെങ്കിലും
 

Tuesday, June 21, 2016

അവളുടെ പേര് നിധി എന്നാണ്. തനിച്ചുകിടന്ന് കളിക്കാൻ തനിക്ക് മനസില്ല എന്ന മട്ടിലാണ് ഈയിടെ ആയി അവൾ. അതുകൊണ്ടുതന്നെ എന്തെഴുതണം  എങ്ങനെ എഴുതണം എന്ന ചോദ്യങ്ങൾക്ക് ഒപ്പം എപ്പോൾ എഴുതണം എന്നതും ഉത്തരമില്ലാതെ കിടക്കുന്നു.

എങ്കിലും കഥകൾ മുഴുമിക്കപ്പെടുകതന്നെ ചെയ്യും. കാലം എല്ലാ സമസ്യകൾക്കും ഉത്തരം കണ്ടെത്തും..

എന്നിൽ നിന്ന് ഉണ്ടായതാണ് അവൾ, എങ്കിലും അവൾക്ക് എന്നെ അറിയില്ല. എന്നെങ്കിലും, ഒരുപക്ഷേ ഞാനില്ലാത്ത ഒരുകാലത്ത് എന്നെ കുറിച്ചറിയാൻ അവൾ ആഗ്രഹിക്കുക ആണെങ്കിൽ , ഇതെല്ലാം അവൾ വായിക്കാൻ ഇടയാകട്ടെ. ഈ ഭാഷ അവൾക്ക് (അവനും) അന്യമാകാതിരിക്കട്ടെ..

ഇതൊന്നും മാഞ്ഞുപോകാതിരിക്കട്ടെ . ഇത് നിലനിൽക്കട്ടെ.. എന്നും.

Wednesday, June 15, 2016

ഓർക്കിലെത്ര വിചിത്രമീ യാത്രയീ
വഴി മറന്നിങ്ങുഴറിടുന്നൂ ചിലർ
ലക്ഷ്യമെങ്ങെന്നറികയില്ലെങ്കിലും
വെറുതെ മത്സരിച്ചോടിടുന്നൂ ചിലർ

ഇരുളിലെന്തോ തിരഞ്ഞിടുന്നൂ ചിലർ
വെറുതെയെങ്ങോ അലഞ്ഞിടുന്നൂ ചിലർ
ഹൃദയമെങ്ങൊ മറന്നുവച്ചെന്നപോൽ
വഴിയിൽ വീണുവിതുമ്പിടുന്നൂ ചിലർ

ഒടുവിലീ വഴിക്കാഴ്ച്ചകൾ മാഞ്ഞിടും
തരളമേതുമന്നിരുളായ് മറഞ്ഞിടും
നിഴലിലെന്നെ തിരിച്ചറിഞ്ഞീടുമോ
വഴിയിലെങ്ങും തിരഞ്ഞൊരാ സാന്ത്വനം.

Monday, June 6, 2016

മറയുമീ പകലെത്ര കഠിനമെന്നാകിലും
ഇനിയുള്ള രാവെത്ര നീണ്ടതാണെങ്കിലും
പുലരാതിരിക്കില്ല നേരമെന്നെങ്കിലും
പുതുമയുടെ സൂര്യന്റെ കനിവിനാൽ, കൺമണീ.
അതുവരെ, കനവുകണ്ടീടുകെൻ കണ്മണീ,
പാടിടാം ഞാൻ, നീയുറങ്ങുകെൻ കണ്മണീ

Saturday, May 21, 2016

കഥകൾ ഉണ്ടാകുന്നത് എവിടെ നിന്നാണ് എന്ന ചോദ്യത്തിനുത്തരം എനിക്ക് പണ്ടേ അറിയാമായിരുന്നു. കഥകൾ ഉണ്ടാകുന്നത് ജീവിതത്തിൽ നിന്ന് തന്നെയാണ്. 'അറിഞ്ഞുകൂടാത്ത ജീവിതങ്ങൾ - കെട്ടുകഥകൾ ' എന്ന് പ്രശസ്തനായ ഒരു എഴുത്തുകാരൻ പറഞ്ഞതുപോലെ.

കഥകൾ അവസാനിക്കേണ്ടത് എങ്ങനെയാണ്? ഒരു വ്യക്തിയുടെ ജീവിതം കഥയാകുകയാണെങ്കിൽ എന്തായിരിക്കേണം അതിന്റെ യുക്തിപരമായ അവസാനം? ഏതെങ്കിലും ഒരു ധന്യമുഹൂർത്തത്തിൽ വച്ച് കഥ നിർത്തി, ശുഭം എന്നെഴുതി അടിവരയിടാം. പക്ഷെ ജീവിതം വേണ്ടും മുന്നോട്ടുപോകുക തന്നെയല്ലേ. തീരുമാനങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടാകാം. അങ്ങനെ പറയുമ്പോൾ മരണം മാത്രമാണോ ഓരോ കഥയുടെയും യഥാർത്ഥ അവസാനം?
എങ്കിലും മരണത്തിലും അവസാനിക്കാത്ത ചില കഥകളില്ലേ? മുറിഞ്ഞുപോയ മരച്ചില്ലയിൽനിന്നും സ്വപ്നത്തിന്റെ പുതുനാമ്പുകൾ പൊട്ടിമുളക്കുന്നത്‌ പോലെ, കഥ പിന്നെയും തുടരുകയല്ലേ..
ഉദാഹരണത്തിന് സ്നേഹം, പൂർണ്ണവിരാമമിട്ട് നിർത്താനാവുന്ന ഒന്നാണോ അത് ?

അറിഞ്ഞുകൂടാത്ത ജീവിതങ്ങൾ കെട്ടുകഥകൾ ആണെങ്കിൽ, അറിയാവുന്ന ജീവിതങ്ങൾ പാഠപുസ്തകങ്ങളാകണം.
എന്തുകൊണ്ടാണ് ഞാൻ ജീവിതം പരാജയപ്പെടുത്തിയ ആ രണ്ട് മനുഷ്യരേയും, മുപ്പതു വർഷം മുൻപ് എനിയ്ക്ക് പരിചിതമായിരുന്ന അവരുടെ ലോകത്തെയും വാക്കുകൾ കൊണ്ട് പുനർജനിപ്പിക്കാൻ ശ്രമിക്കുന്നത്? എന്റെ ഗൃഹാതുരത എന്നതിനുപരി, ആ ദിവസങ്ങളുടെ ലാളിത്യത്തിൽ, തുടർന്നുണ്ടായ വർഷങ്ങളുടെ സങ്കീർണ്ണതയിൽ ഒരു കഥ ഉറങ്ങിക്കിടക്കുന്നു എന്നറിയാവുന്നത് കൊണ്ടാകണം .

അവർ എന്തിനു കവിത ചൊല്ലുന്നു, പാടുന്നു എന്നൊക്കെ ആരെങ്കിലും ചോദിച്ചിരുന്നോ? അവർക്ക് പാടതിരിക്കാൻ ആകുമായിരുന്നില്ല. അവർ എന്നും അങ്ങനെ തന്നെ ആയിരുന്നു, അവർക്ക് മറ്റൊരു വഴിയുണ്ടായിരുന്നില്ല.

അത്തരത്തിലുള്ള ഒരേയൊരു സ്ത്രീ ആയിരുന്നില്ല അവർ. അറുപതുകളിൽ കൽക്കത്തയിലെവിടെയോ  ചിത്ര ദത്ത എന്ന ഒരു യുവതി ഉണ്ടായിരുന്നു. അവർ സംഗീതം ജീവിതമാണ് എന്ന് വിശ്വസിച്ചിരുന്നു. ആ കാലത്ത് , പാട്ടുകാരി എന്നത് ഒരു കുലവധുവിന് ചേർന്ന വിശേഷണം അല്ലാത്തത് കൊണ്ടാകണം , ഭർത്താവും കുടുംബവും അവരെ സംഗീതത്തിന്റെ വഴികളിൽ നിന്ന് അകറ്റിയത്. എങ്കിലും അവർ പാടിക്കൊണ്ടിരുന്നു. അവർക്കും മറ്റൊരു വഴി ഉണ്ടായിരുന്നില്ല. ഭർത്താവിന്റെ സ്വീകരണമുറിയിൽ ജഗ് ജീത് സിങ് എന്ന യുവ ഗായകന്റെ ശബ്ദം കേട്ടുതുടങ്ങിയത് അവരുടെ ജീവിതം മാറ്റിമറിയ്ക്കുക തന്നെ ചെയ്തു. യാഥാസ്ഥിതികസമൂഹം അവർക്ക് ചുറ്റും വരച്ചിരുന്ന ലക്ഷ്മണ രേഖ ഒടുവിൽ അവർ മറികടക്കുക തന്നെ ചെയ്തു .
ഗസൽ സംഗീതത്തെ ഉറുദു പണ്ഡിതസദസ്സുകളിൽ നിന്നും മോചിപ്പിച്ച്‌ , ഇന്ത്യയിലെ സാധാരണക്കാരുടെ ഇടയിൽ എത്തിച്ചതിൽ ജഗ് ജീത് സിങ്ങിനും ചിത്ര സിങ്ങിനും ഉള്ള പങ്ക് ചെറുതല്ല. എങ്കിലും ദുരന്തങ്ങൾ അവരെ പിന്തുടർന്നു.എറ്റവും ശ്രേഷ്ഠമായ സൌന്ദര്യം ദുരന്തങ്ങൾ വിളിച്ചുവരുത്തും എന്നുണ്ടോ ?

എന്താണ് പറഞ്ഞുതുടങ്ങിയത്? കഥകൾ കണ്ടെത്തുക , അവയുടെ മാസ്മരികതയിൽ ലയിക്കുക എന്നത് എന്റെ ശാപമാണ്. ഈ ജന്മം എനിക്കതിൽ നിന്നും മോചനമില്ല.
എങ്കിലും എനിക്ക് യാചിക്കാനേ കഴിയൂ, സ്വപ്നങ്ങളോട്‌ ... എന്നെ വിട്ടുപോകാതിരിക്കാൻ , എന്നോട് ദയയുണ്ടാകാൻ..എന്റെ ആകാശത്തിൽ പറന്നുനടക്കാൻ, എത്തിപ്പിടിക്കാനാകാത്ത ദൂരത്തിലാണെങ്കിലും..
 

Saturday, May 14, 2016

എത്ര കാതോർത്തിരുന്നു ഞാൻ ദിവ്യമാം
മൌനമേ നിൻ സ്വരമൊന്നുകേൾക്കുവാൻ
എത്ര കെഞ്ചിക്കരഞ്ഞുഞാൻ ഗൂഢമാം
മുഖപടം മാറ്റി നിൻ മുഖം കാണുവാൻ

Thursday, April 14, 2016


ഇന്ന് വിഷുവാണ്. കണിക്കൊന്നയ്ക്ക് പകരം മഞ്ഞ റോസാപ്പൂക്കൾ കൊണ്ട് കണിവച്ചു. അവളുടെ ആദ്യത്തെ വിഷു. ഒരു ചെവി പകുതിമടങ്ങിയ നായക്കുട്ടിയെപ്പോലെയാണ് അവൾ. കുറെനാൾ തല ഒരു വശത്തേക്ക് വച്ചുകിടന്നത് കൊണ്ടാകാം.
ഈ വിഷു അവൾ ഓർക്കില്ല. ഞാൻ ഓർക്കും

വിഷു എന്നും എന്റെ പ്രിയപ്പെട്ട ഉത്സവം ആയിരുന്നു. കുട്ടിക്കാലത്ത് ചെറിയ ശബ്ദങ്ങൾക്കായി കാതോർത്ത് ഞാൻ ഉറക്കം നടിച്ച് കിടക്കുമായിരുന്നു. അവർ വന്നെന്നെ വിളിക്കും വരെ. എനിയ്ക്ക് എത്തിപ്പിടിക്കാനാവാത്ത എന്തൊക്കെയോ നിഗൂഢതകൾ ആ പുലരികൾക്ക് ഉണ്ടായിരുന്നു. സാധാരണ ദിവസങ്ങളിൽ കേൾക്കാനാവാത്ത ശബ്ദങ്ങൾ, കണ്ണുകൾ ഇറുക്കിയടച്ചുകിടക്കുമ്പോൾ എന്നെ തേടി വരാറുണ്ടായിരുന്നു. അമ്പലത്തിലെ മണിയടിമുതൽ മീൻകാരൻ കോയയുടെ കൂക്കിവിളി വരെ.

പുതിയ ദിശകളിൽ, പുതിയ വേഗങ്ങളിൽ ജീവിതം പുരോഗമിച്ചുകൊണ്ടിരിമ്പോളും ഞാൻ പഴയ കാല്പാടുകൾ തേടിപ്പോകുന്നു.

കുറെനാളായി ചാരനിറമായിരുന്നു, പ്രകൃതിയ്ക്കും എനിയ്ക്കും. പൂമൊട്ടുകളും തളിരിലകളും അതു പതുക്കെ പതുക്കെ മായ്ക്കുന്നു.

ഈ വിഷു മംഗളകരമായിരിക്കട്ടെ..
 

Friday, April 8, 2016


ഗസലുകളെ പറ്റി ചിന്തിക്കുകയായിരുന്നു. ലളിതമായ വാക്കുകളിലെ പ്രാണൻ പിടയുന്ന ദുഃഖത്തെ പറ്റി.
ദുഃഖങ്ങൾ ഇല്ലാതാക്കാൻ ഇന്നത്തെ ലോകത്തിന് എന്തെല്ലാം വഴികൾ ഉണ്ട്. ഇന്നലെവരെയുള്ള എല്ലാം മറന്ന് ഇന്നിൽ ജീവിക്കാൻ.. പക്ഷെ ദുഃഖങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, വിരഹവും വേദനകളും ഇല്ലായിരുന്നുവെങ്കിൽ കവിതയുണ്ടാകുമായിരുന്നോ ? ഗസലുകൾ ഉണ്ടാകുമായിരുന്നോ ?

ഗസൽ ഗായകർ ഇപ്പോഴും എറ്റവും കൂടുതൽ പാടുന്നത് മിർസ ഖാലിബിന്റെ കവിതകളാണത്രേ.. നൂറ്റാണ്ടുകൾക്ക് മുൻപേ എഴുതപ്പെട്ട വരികൾ. സംഗീതവും ശബ്ദവും മാത്രം മാറുന്നു.

എനിക്ക് പരിചയമുള്ളത് ഗസലുകളുടെ അനുകരണങ്ങൾ ആയ സിനിമാപാട്ടുകളെയാണ്.. ഗസലുകളുടെ സുൽത്താൻ ആയ മെഹ്ദി ഹസ്സന്റെ പാട്ടുകൾ കേൾക്കുകയായിരുന്നു ഞാൻ, മകളുടെ കരച്ചിലിന്റെ ഇടവേളയിൽ .

 

Saturday, April 2, 2016

പ്രാണൻ - എത്രയോ തുച്ഛമാണാ പദം
നിത്യതേ നിന്റെ പേരായ് വിളിക്കുവാൻ
ഹൃദയമെത്രയോ എളിയതാണീവിധം
ഹൃദ്യതേ നിന്റെ കാൽക്കലായ് വയ്ക്കുവാൻ

Tuesday, March 22, 2016


സി ജെ തോമസിന്റെ സഹധർമ്മിണിയും എം പി പോളിന്റെ മകളുമായ റോസി തോമസിന്റെ ഒരു ലേഖനത്തിൽ വായിച്ചതായി ഓർക്കുന്നു, കൌമാരപ്രായത്തിൽ കവിതയും കഥയുമൊക്കെ സ്വപ്നം കാണുന്ന ഒരുപാടു പെൺകുട്ടികൾ ഉണ്ടാകും. പക്ഷെ മഴയെയും പുഴയെയും ഒക്കെ പറ്റി എഴുതിക്കഴിയുമ്പോൾ അവർക്ക് ഒന്നും എഴുതനില്ലാതെയാകും. ജീവിതയാഥാർത്ഥ്യങ്ങളെ പഞ്ചസാരക്കുഴമ്പിൽ മുക്കാതെ സത്യമായിത്തന്നെ കാണാൻ അവർക്ക് ധൈര്യമുണ്ടാകില്ല.

ശരിക്കും അസാമാന്യ ധൈര്യം തന്നെ സത്യം പറയാൻ! കുട്ടിക്കാലത്ത് പഠിച്ചിട്ടുള്ള പ്രാർത്ഥനപോലെ കൃത്യങ്ങൾ ചെയ്യുവാനുള്ള ഭാഗ്യത്തിനും സത്യം പറയുവാനുള്ള ശക്തിക്കുമായി ഞാൻ പ്രാർത്ഥിക്കുന്നു..

Thursday, March 17, 2016

ഉറക്കമില്ലാത്ത രാത്രികളുമായി ഞാൻ പൊരുത്തപ്പെട്ടുവരുന്നു. എന്റെ ജനൽപ്പാളികളിൽ മഞ്ഞുത്തുള്ളികൾ തെരുവുവിളക്കിന്റെ പ്രകാശത്തിൽ തിളങ്ങുന്നു.. രാത്രി ശരിയ്ക്കും ഒരു മയജാലക്കാരിതന്നെയാണ്. പകൽവെളിച്ചത്തിൽ ഈ തെരുവുകൾക്ക്‌ ഇത്ര ഭംഗിയുണ്ടോ.. അതിന്റെ സാധാരണത്വത്തിന്  ഈ അരണ്ടവെളിച്ചം ഒരു രഹസ്യഭാവം നല്കിയിരിക്കുന്നു.

എന്റെ രാജകുമാരി ]ഉറങ്ങുകയാണ്. ഞാൻ അവളെ കുറിച്ചും മറ്റു കുഞ്ഞുങ്ങളെ കുറിച്ചും ചിന്തിയ്ക്കുന്നു. താൻ സ്നേഹിക്കപ്പെടും എന്നാ വിശ്വാസത്തോടെയല്ലേ ഓരോ കുഞ്ഞും ഈ ലോകത്തേയ്ക്ക് വരുന്നത്?

എനിയ്ക്ക് പരിചയമുള്ള  രണ്ടുപേർ വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണ്. അവര്ക്ക് അഞ്ചുവയസുകാരനായ ഒരു മകനുണ്ട്.
ഇത്തരം കാര്യങ്ങൾ മുൻപുണ്ടാക്കിയിരുന്ന ഞെട്ടൽ ഇപ്പോഴില്ല , ആര്ക്കും. നമ്മളും ലോകത്തിനൊപ്പം മാറുകയാണ്.

താൻ വിവാഹമോചനം ആഗ്രഹിക്കുന്നുവെന്ന് എന്റെ അടുത്ത സ്നേഹിത ഈയിടെ പറയുകയുണ്ടായി. സംസ്കാരം എന്നെ പറയാൻ പഠിപ്പിച്ചത് തന്നെ ഞാൻ അവളോട്‌ പറഞ്ഞു. കുട്ടികൾക്ക് വേണ്ടി സഹിക്കൂ..
മറ്റുള്ളവരും അവളോട് അതുതന്നെയാകും പറഞ്ഞത്.
ദിവസംപ്രതി അവഹേളിയ്ക്കപ്പെടുന്ന ഒരു അമ്മയെകണ്ടാണോ എന്റെ പെണ്മക്കൾ വളരേണ്ടത്? അവൾ ചോദിച്ചു. എല്ലാം സഹിയ്ക്കാൻ എന്നെപ്പോലെ അവരും ബാധ്യസ്ഥരാണ് എന്നാണോ ഞാൻ അവര്ക്ക് കൊടുക്കേണ്ട പാഠം? ജീവിതകാലം മുഴുവൻ അവരുടെ അച്ഛനും അമ്മയും അസന്തുഷ്ടരായിരിയ്ക്കണം എന്ന് അവർ ആഗ്രഹിക്കുമോ?
എന്താണ് ശരി? ചിലപ്പോൾ അവൾ പറഞ്ഞതുതന്നെയാകാം.. പ്രത്യക്ഷത്തിൽ തെറ്റ് എന്ന് തോന്നുത്തത് പലതും വലിയ ശരികൾ ആകാറുണ്ടല്ലോ.. അതുപോലെ മറിച്ചും..

ശരിയും തെറ്റും വിലയിരുത്താനുള്ള കഴിവ് എനിയ്ക്ക് നഷ്ടമായിരിക്കുന്നു.

എന്റെ മകന്റെ ജർമൻ രണ്ടാം പാഠത്തിലുള്ള കഥകൾ ഇങ്ങനെയൊക്കെയാണ്..
ലൂസി ഭയന്നു. ഇന്നാണ് അമ്മയുടെ പുതിയ ഭർത്താവിന്റെ മകൾ അവരോടൊപ്പം താമസത്തിനെത്തുക. ആ കുട്ടി അവളോടൊപ്പം കളിക്കാൻ ഇഷ്ടപ്പെടുമോ?....

ഫിലിപ്പ് ചിന്തിച്ചു.. ആരാണിനി തന്റെ സൈക്കിൾ നന്നാക്കി തരിക.. അമ്മ ജോലിസ്ഥലത്താണ്. അച്ഛനെ ഇനി അവധിക്കേ കാണൂ. ആനിയുടെ അപ്പൂപ്പനോടു ചോദിച്ചാലോ ?

ഇത്തരം കഥകൾ നാട്ടിലെ പാഠപുസ്തകങ്ങളിലുമുണ്ടോ ? അതോ ഇപ്പോളും മൃഗങ്ങളുടെ കഥകളാണോ അവയിൽ...

തരം കിട്ടിയാൽ വീട്ടിൽ നിന്നിറങ്ങി തെരുവിലൂടെ ഒടാരുണ്ടായിരുന്ന ആ അഞ്ചുവയസ്സുകാരന്റെ മുഖം എന്റെ മനസ്സിൽ ഇപ്പോളുമുണ്ട്. സത്യത്തെ ഉൾക്കൊണ്ട് അതുമായി പൊരുത്തപ്പെട്ട് , സന്തോഷമായിത്തന്നെ ജീവിയ്ക്കാൻ അവനാകട്ടെ.
 

Thursday, March 10, 2016

ഞാൻ തടവുകാരിയാണ് , അവളുടെ വിശപ്പിന്റെ , ഉറക്കത്തിന്റെ .. എന്റെ കൈകളിൽ തന്നെ ഉറങ്ങണം എന്ന് അവൾ ശഠിയ്ക്കുന്നു. കരച്ചിൽ മാറ്റാൻ ഞാൻ അടുത്തുണ്ടാവും എന്ന് അവൾ കരുതുന്നു.

ഒന്നോർത്താൽ നമ്മളോരോരുത്തരും തടവുകാരല്ലേ സമയത്തിന്റെ , അവസ്ഥകളുടെ..

Tuesday, March 8, 2016

Really sick...
When will everything be normal. .?
:-(

Sunday, March 6, 2016

അവന്റെ കയ്യക്ഷരം വടിവില്ലാത്തതാണ്. എഴുതിപ്പഠിക്കാൻ അവന് മടിയാണ്. ക്ലാസിൽ പഠിപ്പിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവന് വളരെ വിഷമമാണ്.  എങ്കിലും അവൻ ബഹിരാകാശത്തെ കുറിച്ചും, പ്ലൂട്ടോയുടെ ഭ്രമണപഥത്തെ കുറിച്ചും നെപ്റ്റ്യൂണിന്റെ ഉപഗ്രഹങ്ങളെ കുറിച്ചും വെള്ളയും ചുവപ്പും കറുപ്പും കുള്ളന്മാരെ കുറിച്ചും മണിക്കൂറുകളോളം സംസാരിയ്ക്കും.
അവൻ ആശുപത്രിയിലായിരുന്നു, അച്ഛനോടൊപ്പം. ഇതിനുമുൻപും അവനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നിട്ടുണ്ട്. കുറെ കാലമായി ഈ അസുഖം ഇനി ഒരിക്കലും ഉണ്ടാകില്ല എന്ന ധാരണയായിരുന്നു എനിയ്ക്ക്. എങ്കിലും എന്തുകൊണ്ടോ അത് വീണ്ടും വന്നു. ആദ്യമായാണ്‌ ഞാനില്ലാതെ അവന് ആശുപത്രിയിൽ  നിൽക്കേണ്ടി വന്നത്. എന്റെ മകളെയും കൊണ്ട് ഉറങ്ങാതെ ഇരുന്നപ്പോൾ ഇവടെ ഞങ്ങൾ ഒറ്റയ്ക്കാണെന്ന ചിന്ത എന്നെ കീഴടക്കി.

തിരിച്ചു വന്നപ്പോൾ ഞാൻ അവനോട് പറഞ്ഞു . എന്തിന് ഇപ്പോൾ ഇങ്ങനെ സംഭവിച്ചു. അതും ഇപ്പോൾ..  അവന്റെ മുഖം മെലിഞ്ഞും കണ്ണുകൾ ക്ഷീണിച്ചും ഇരുന്നു.  എന്തെല്ലാം സംഭവിയ്ക്കാം .. അവൻ പറഞ്ഞു.
എന്നെങ്കിലും നമ്മുടെ സൂര്യൻ ഒരു ബ്ലാക്ക് ഹോൾ ആയി മാറാം. ഒന്നോർത്തു നോക്കൂ..
കുട്ടികളിൽ നിന്ന് നമ്മൾ പഠിയ്ക്കേണ്ടിയിരിക്കുന്നു....

Monday, February 29, 2016


He had one of his febrile seizures, again...
 

Tuesday, February 23, 2016

ഉറക്കപ്പിച്ചിൽ കേട്ട പാട്ടിന്റെ ചില വരികളുടെ തർജ്ജമ ..

പ്രണയമൊരു മൊഴിയല്ല, ശബ്ദങ്ങളില്ലതിൽ,
മൊഴിയുവാനാകുന്ന മൗനമാണോർക്കുകിൽ !
ഇതുനിലയ്ക്കില്ലിനി, അണയുകയില്ലിനി ,
ഒഴുകുമീയാനന്ദമെന്നും അനന്തമായ് .

Thursday, February 18, 2016

I want to go home, wherever that is.

Tuesday, February 16, 2016

എന്റെ ചിന്തകളുടെ അടുക്കും ചിട്ടയും നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ഉറക്കം തൂങ്ങുന്ന കണ്ണുകൾക്കുമുന്നിൽ അവ പഞ്ഞിതുണ്ടുകൾ  പോലെ പറന്നു നടക്കുന്നു. ഭാരമില്ലാത്ത ജ്വരം ബാധിച്ച ചിന്താശകലങ്ങൾ, ഒടുവിലവ പറന്ന് പറന്ന് ആകാശത്തിന്റെ ഒരു കോണിൽ ഒരു മേഘമായി മാറും.

ഈ മുറിവുകൾ ഉണങ്ങാതിരിക്കില്ല!

Saturday, February 13, 2016

ഇത് ഒരു ഇടവേള മാത്രമാണ്. പറയുവാൻ ഇനിയും കഥകൾ ഉണ്ടാകും.

Monday, February 8, 2016

എന്റെ മകൾ സ്വപ്നം കാണുകയാണ്. മുറുകുകയും അയയുകയും ചെയ്യുന്ന കുഞ്ഞിക്കണ്ണുകളിൽ തെളിയുന്ന മായക്കാഴ്ചകൾ എന്തൊക്കെയാവാം?

മുറിക്കുള്ളിൽ ഹീറ്ററിന്റെ ഇരമ്പൽ.

അവളുടെ അടുത്തുകിടന്ന്, പനിക്കോളുള്ള  ചെറിയ ഉറക്കത്തിൽ , ഞാനും സ്വപ്നം കാണുന്നു, കൃത്രിമശബ്ദങ്ങൾ കളങ്കപ്പെടുത്താത്ത രാത്രിയുടെ പഴയ നിശ്ശബ്ദതയെ. തുറന്നു കിടന്ന ജനലിലൂടെ എന്നെ തഴുകാറുണ്ടായിരുന്ന കാറ്റിന്റെ അലകളെ.


എങ്കിലും എന്തുവലിയ വേദനയാണത്... സൃഷ്ടിയുടെ വേദന..എന്നെ പൊതിഞ്ഞ സ്നേഹവും, എന്നെ തിരഞ്ഞെത്തിയ പ്രാർത്ഥനയും എനിയ്ക്ക് ശക്തി തന്നിരിയ്ക്കണം..

എന്റെ മകൻ വളർന്നതായി എനിയ്ക്കുതോന്നുന്നു. കഴിഞ്ഞ ഏഴ് വർഷങ്ങളായി അവനെ തീരെ ചെറിയ ഒരു കുഞ്ഞായി മാത്രമേ എനിയ്ക്ക് കാണാൻ കഴിഞ്ഞിരുന്നുള്ളൂ.

ആശുപത്രിയിലെ ചാർട്ടിൽ ഓരോ ദിവസവും അഞ്ചോ ആറോ കുഞ്ഞുങ്ങളുടെ പേരുണ്ട്. എത്ര കുഞ്ഞുങ്ങൾ ജനിയ്ക്കുന്നു ഒരു ദിവസം ഈ ലോകത്ത്? അവർക്കൊക്കെ എന്ത് സംഭവിയ്ക്കുന്നു.
 

Wednesday, February 3, 2016

Aval vannu. Ente Nidhi.

Monday, February 1, 2016

വേദനയും വേദനയുടെ ഇടവേളകളും .....

Wednesday, January 27, 2016

ദിവസങ്ങൾക്ക് ദൈർഘ്യം കൂടുകയാണോ? എന്റെ കാത്തിരിപ്പിന്റെ ഏകാന്തതയിൽ അങ്ങനെ തോന്നുന്നതാണോ ? ചിലപ്പോളൊക്കെ ഭയം എന്നെ കീഴടക്കുന്നു. ദൈവം എന്നെയേൽപ്പിച്ച ജീവിതങ്ങളെ എനിയ്ക്ക് സംരക്ഷിക്കനാവട്ടെ , രക്തം കൊണ്ടും വിയർപ്പുകൊണ്ടും വാക്കുകൾ കൊണ്ടും... ശരീരം കൊണ്ടും ആത്മാവുകൊണ്ടും...

Friday, January 22, 2016

വീണ്ടുമൊരു നോവിന്നഖണ്ഡമാം ശാസന
കാത്തിരിപ്പാണെന്നപൂർണ്ണമാം ചേതന
അടരാതിരിയ്ക്കട്ടഭംഗമീ പ്രേരണ
തോറ്റുമടങ്ങട്ടനന്തമാം വേദന

Monday, January 18, 2016

ഒരിക്കൽ അമ്മ പറഞ്ഞു, ആരെയും ഒന്നിനെയും തീവ്രമായി സ്നേഹിക്കരുത് എന്ന്. അവരുടെ ജീവിതവിജയത്തിന്റെ രഹസ്യം ഒരുപക്ഷെ അതായിരിക്കണം. തീവ്രമായി സ്നേഹിക്കാൻ കഴിയുന്നവരൊക്കെ വേദനകൾ സഹിക്കാനും സന്നദ്ധരായിരിക്കണം.
ഞാൻ അമ്മയെപ്പോലെ ആയിരുന്നില്ല. എന്റെ ജീവിതം എന്നെ പഠിപ്പിച്ച പാഠങ്ങൾ വേറെ ആയിരുന്നു.

ജീവിതം നിറം മാറി ഒഴുകുന്ന ഒരു പുഴപോലെയല്ലേ. അതിന്റെ ഗതിവേഗങ്ങളിൽ നമുക്കുണ്ടാകുന്ന തിരിച്ചറിവുകൾക്ക്‌പോലും ചിലപ്പോൾ ആയുസ്സുണ്ടാവില്ല. മറക്കാനാവാത്ത ഒരു ദിവസം, ആത്മാവുണർത്തുന്ന ഒരു സംഭാഷണം , പ്രകൃതിയുടെ വിസ്മയങ്ങൾ ഇവയൊക്കെ നമ്മെ ചിന്തിപ്പിക്കും, ജീവിതത്തിന്റെ നിർവ്വചനത്തെ പറ്റി. പക്ഷെ അത് ശാശ്വതമാണെന്ന് എന്താണ് ഉറപ്പ് ? മറ്റൊരു ദിവസം നമ്മെ മാറ്റി ചിന്തിപ്പിച്ചേക്കാം ..

ഒരിക്കൽ ഞാൻ കരുതിയിരുന്നു, എല്ലാവർക്കും എല്ലാത്തിനും മാപ്പുകൊടുക്കാൻ ആകുമെന്ന്. പക്ഷെ അത് ശരിയായിരുന്നില്ല പ്രതികാരത്തിന്റെ കനൽ ഇപ്പോഴും എന്റെ ഉള്ളിൽ കെടാതെയുണ്ട്. പ്രപഞ്ചം എനിയ്ക്ക് നിഷേധിച്ച നീതിയുടെ കനൽ..  ജീവിതകാലം മുഴുവൻ അതിന്റെ ചൂടിൽ ഞാൻ പിടഞ്ഞുകൊണ്ടിരിക്കും.

ഞാൻ എന്താണ് , ആരാണ് , ആർക്കറിയാം.. എങ്കിലും എന്നും,തീവ്രമായി സ്നേഹിക്കാൻ ഭയമില്ലാത്ത ഒരു ഹൃദയം എനിക്കുണ്ടായിരിക്കും എന്ന് കരുതുന്നു.

 

Friday, January 15, 2016

ലോകർ  ചിരിക്കട്ടെ യഥേഷ്ടമെന്നെ
ചാപല്യ മെന്നാർത്തുവിളിച്ചിടട്ടെ
ഞാൻ വാർത്ത കണ്ണീർക്കടലന്ധമാകും
നീതിയ്ക്കളന്നീടുക സാധ്യമാണോ

 

Monday, January 4, 2016

കാലം മുന്നോട്ട് ഒഴുകുകതന്നെയാണല്ലോ .. പുതിയ വർഷങ്ങളും, ദശകങ്ങളും, നൂറ്റാണ്ടുകളും, യുഗങ്ങളും ഒക്കെയായി.. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മളും ഒഴുകുന്നു.. എങ്ങോട്ടൊക്കെയോ..

കുറച്ചുദിവസംമുൻപാണ്.. ചെയ്തുതീർക്കാനുള്ള എന്തോ ഒന്ന് മുഴുമിക്കാനുള്ള വ്യഗ്രത എന്നെ അലട്ടുകയായിരുന്നു. എന്നാൽ ചെയ്യുന്നതൊന്നും ശരിയാകുന്നില്ലതാനും.  എന്തുകൊണ്ടോ ഞാൻ എന്റെ മുത്തശ്ശന്റെ പേരിൽ ഒരു വിക്കിപീഡിയ പേജ് ഉണ്ടാക്കാൻ ആരംഭിച്ചു.
ഇംഗ്ലീഷിലുള്ള  സൂചികകളുടെ , റഫറൻസ് കളുടെ അഭാവം മൂലം എന്റെ ആദ്യ സംരംഭം വിക്കിപീഡിയ അപ്പോൾ തന്നെ തള്ളി. നിരാശയായ ഞാൻ എന്തോ ഉൾവിളികൊണ്ടെന്ന പോലെ മറ്റൊരു പേജിന്റെ സൂചികകൾ നോക്കി. കേരളത്തിന്റെ സാമൂഹികചരിത്രവുമായി ബന്ധമുള്ള ഒരു പുസ്തകമായിരുന്നു അത്. ഞാൻ തുറന്ന പേജിൽ തന്നെ ഉണ്ടായിരുന്നു എന്റെ മുത്തശ്ശനെ കുറിച്ചുള്ള വിവരങ്ങൾ.

ഞാൻ ചെറിയ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു. പ്രതീക്ഷനഷ്ടപ്പെടുന്ന ഓരോ അവസരത്തിലും അവ നമ്മെ മുന്നോട്ട് നയിക്കട്ടെ. തുടങ്ങിവച്ചതെല്ലാം പൂർത്തിയാക്കപ്പെടുകതന്നെ ചെയ്യും. സമയം ഓരോ പ്രഹേളികയേയും അഴിക്കട്ടെ..
പുതുവത്സരാശംസകൾ !
അമ്മയുടെ ഒരേയൊരു അനുജത്തിയുടെ വീട്ടിൽ ചിലവഴിച്ച ഒരു അവധിക്കാലത്താണ് ഞാൻ ചാലിയാർ എന്ന പുഴയെ ആദ്യമായി കാണുന്നത്. ആ പുഴയും അതിന്റെ മഞ്ഞിച്ച പരിസരവും നഗരത്തിലെന്നവണ്ണം ഞങ്ങളുടെ കുടുംബത്തിലും പ്രക്ഷോഭങ്ങളുണ്ടാക്കുമെന്ന് അന്ന് എനിയ്ക്ക് അറിഞ്ഞുകൂടായിരുന്നു.

 ഞങ്ങൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. ഞാനും ഇളയമ്മയുടെ മക്കളും അവരുടെ ആയയും. ഇഞ്ചിപ്പുല്ലും ബോഗൈൻവില്ലയും നിറഞ്ഞ മലഞ്ചെരിവുകൾ ഇറങ്ങി ഞങ്ങൾ ആ ചെറിയ പട്ടണത്തിലൂടെ നടന്നു. വലിയ നിരത്തിലൂടെ അതിവേഗത്തിൽ പാഞ്ഞുപോകുന്ന ബസ്സുകൾ ഞങ്ങളെ അലക്ഷ്യമായ ആ നടത്തത്തിലും ജാഗരൂകരാക്കി. വലിയ മതിൽക്കെട്ടുകളും അവയുക്കുള്ളിൽ പ്രവർത്തിയ്ക്കുന്ന ഫാക്ടറിയും അതിന്റെ പടുകൂറ്റൻ പുകക്കുഴലുകളും നോക്കിക്കണ്ട്, ഞങ്ങൾ ഒടുവിൽ പുഴയോരത്ത് എത്തി.

മലിനമാക്കപ്പെട്ട ആ പുഴയുടെ നെടുവീർപ്പുകൾ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നോ? എന്തോകൊണ്ടാണ് പ്രകൃതിയ്ക്ക് അതിന്റെ ഓജസ്സ് അവിടെ നഷ്ടമായത്. അവിടത്തെ വായുവിന് അസഹ്യമായ ഒരു രൂക്ഷഗന്ധമുണ്ടായിരുന്നു. അത് എന്നെ അസ്വസ്ഥയാക്കുകയും, എന്റെ കാലുകളെ തളർത്തുകയും ചെയ്തു. വാക്കുകളില്ലാതെ ഒരു  വിങ്ങൽ അടക്കുകയായിരിക്കണം പ്രകൃതി. പുഴയാകട്ടെ രക്ഷപ്പെടാനുള്ള വ്യഗ്രതയോടെ ഓടി അകലുകയായിരുന്നു.

എങ്കിലും ഞാൻ പുഴയുടെ കയ്യൊപ്പ് പതിഞ്ഞ ഉരുളൻ കല്ലുകൾ കുറെ പെറുക്കിയെടുത്തു. പുഴവെള്ളത്തിൽ കൈകാലുകൾ നനച്ചു.
തിരിച്ചുള്ള നടത്തത്തിൽ എനിയ്ക്ക് വല്ലാത്ത ഒരു മന്ദത തോന്നി. എന്നാൽ അവിടത്തെ താമസക്കാരായ എന്റെ അനുജനെയും അനുജത്തിയെയും അവരുടെ ആയയെയും അത് ബാധിച്ചില്ല. അവർ ഉത്സാഹത്തോടെ നടന്നു. എപ്പോഴോ മൂന്നു വയസ്സുകാരനായ എന്റെ അനുജൻ ചെരുപ്പ് ഊരി നിരത്തിലേക്ക് വലിച്ചെറിഞ്ഞു . അർദ്ധബോധാവസ്ഥയിൽ ആയതുകൊണ്ടാവും ഞാൻ ബസ്സുകളെ വകവെക്കാതെ അത് നടന്നുപോയി എടുത്തത്‌.

പിന്നീടുള്ള വർഷങ്ങളിൽ പുഴയും പുരോഗതിയും നഗരത്തിന്റെ തർക്കവിഷയങ്ങളിൽ ഒന്നായി. നഗരം ചേരി തിരിഞ്ഞ് സമരം ചെയ്തു. ആരുടെ ഭാഗത്താണ് ശരി എന്ന് എനിയ്ക്കന്ന് തീർച്ചപ്പെടുത്തുവാൻ ആയില്ല.

എല്ലാം പഴയ കഥകളാണ്. പുഴ ഇപ്പോഴും ഒഴുകുന്നുണ്ടാകും. പ്രകൃതി പുഞ്ചിരിക്കുന്നുണ്ടാകും.