Friday, December 29, 2017

ഒടുവിലീ പാട്ടിന്റെ തോണിയെന്നെങ്കിലും
ആഴിതൻ ആത്മാന്തരങ്ങളെ താണ്ടിടും.
എത്രമേൽ ശക്തമീ കാറ്റെന്നിരിക്കിലും
ഉലയാതെയകലെയാ തീർത്തണഞ്ഞിടും.
കേൾക്കാൻ കൊതിച്ചോരു കാതിലീയീണമ -
ന്നെന്നോ മറന്നതാമീരടിയായിടും.
ഒരു മഴപ്പാട്ടിന്റെയോർമ്മയായ് മൂളിടും
ഒരു മിഴിക്കോണിലായ് വീണ്ടുമൊളിച്ചിടും ....

Tuesday, December 19, 2017

പറയാതെപോകയോ നിഖിലമാം രാവിനി
അറിയാതെപോകയോ പുലരിയുടെ നോവിനെ ..

Friday, November 24, 2017

അരികിലെങ്ങോ മുഴങ്ങുന്നുകാഹളം
ശോകമൂകമാണെങ്കിലും മാനസം.
നേർത്തുപോകാതിരിക്കട്ടെ  പ്രാണനിൽ
ചേർന്നുപോയൊരാ ദിവ്യമാം മന്ത്രണം.

Sunday, November 12, 2017

ഒഴുകിയൊഴുകിയിന്നെതോ ദിശയില -
ശ്രാന്തയായി ചരിച്ചിടുമീ നദി,
ഒടുവിലെത്താതിരിക്കുമോ ആഴിത-
 ന്നനഘതീവ്രമനന്യസാരങ്ങളിൽ.

Tuesday, October 17, 2017

ഉള്ളിന്റെയുള്ളിൽ  നിണം വാർന്ന നോവിനെ
കണ്ണുനീർകൊണ്ടു കഴുകിത്തുടച്ചു ഞാൻ,
അന്തരീക്ഷത്തിൽ മുഖരിതമാകുമാ
മൗനഗീതത്തിനായ് കാതോർത്തു നിൽക്കവേ ,
നുരയുന്ന സാഗരം ഹൃദയത്തിലാഴ്ത്തുമെൻ
ആഷാഢമേഘമേ നീയും കരഞ്ഞുവോ ?

Sunday, October 1, 2017

കാലമാം കാരാഗൃഹത്തിനുള്ളിൽ
ജീവിതം വിങ്ങുകതന്നെയെന്നും,
എങ്കിലുമുണ്ടായിരുന്നുവെന്നോ 
സ്വച്ഛന്ദമായോരുനാളതെന്നോ

എന്തേ, കെടാതെ ഞാൻ കാത്തതില്ലാ ,
കാലം മറന്നിട്ട കൈത്തിരിയെ
ഇരുളിൽ വീണെങ്ങോ അലഞ്ഞു ഞാനെൻ
പാതയുമെങ്ങോ അകന്നുപോയോ ?

എത്രമേൽ കണ്ണുനീർ വീഴ്ത്തിയാലും
കാലം വഴങ്ങില്ല തെല്ലുപോലും
അല്ലെങ്കിലീ നിഴൽക്കൂത്തുവീണ്ടും
ദീപ്‌തമാം രാത്രിയായ് മാറിയേനെ..

പാടിടാം, പാട്ടിൻറെയീണമെൻറെ
നെഞ്ചിലെ തേങ്ങലായ് മാറുവോളം
പാടിടാമീ  നെടുവീർപ്പുവീണ്ടും
മൗനമായ് കാറ്റിൽ പടരുവോളം 

Wednesday, September 13, 2017

ഇവിടെയെൻ കന്മതിൽകെട്ടിൽ, ഇരുട്ടിന്റെ
മന്ദസ്മിതം കണ്ടിരിപ്പാണു ഞാൻ വൃഥാ...

Wednesday, August 16, 2017

അരികിൽ വന്നെന്റെ മുടിയിൽ തലോടുവാൻ
വെന്പി നിന്നൊരാ കാറ്റിന്റെ മർമ്മരം
അകലെയെങ്ങോ അലഞ്ഞു പോയെങ്കിലും
ഹൃത്തടത്തിൽ പ്രതിധ്വനിപ്പൂ സദാ

ഓർത്തിരിപ്പു ഞാൻ, ഓരോ പുലരിയും
നേർത്തുനേർത്തങ്ങു രാവായിമാറവേ
ഓർത്തിരിപ്പു ഞാൻ രാത്രിതൻ മാറിലീ
കുങ്കുമച്ചാർത്തലിഞ്ഞുചേർന്നീടവേ

ഇരുളിലെങ്ങോ മയങ്ങും നിഴലിനെ
എത്രമാത്രം ഭയന്നുഞാൻ ഇത്രനാൾ
പിന്മാറഞ്ഞ പേക്കാഴ്ചകളൊക്കെയും
എന്തിനായിച്ചുമന്നു  ഞാൻ ഇത്രനാൾ

അര ഞാടിയിലെന്നരികത്തണഞ്ഞിടാൻ
ഹൃദയപൂർവമെൻ കൈകളിൽ തങ്ങുവാൻ
കെഞ്ചിനിൽപ്പുഞാൻ വീണ്ടും, പ്രകൃതിതൻ
ആത്മനിശ്വാസമെന്നിൽ നിറയുവാൻ



Wednesday, July 5, 2017

   കുട്ടിക്കാലത്ത് ഞാൻ ശിക്ഷിക്കപ്പെട്ടിട്ടുള്ളത് , പലപ്പോഴും ബബിയേച്ചി നട്ടുനനച്ചു പരിപാലിച്ചിരുന്ന ബിഗോണിയകളുടെ ഇലകളും പൂക്കളും നുള്ളി കയ്യിൽതേച്ച് കൈ ചുവപ്പിക്കുന്നതിനോ, ആന്തൂറിയങ്ങൾ പറിച്ച്, കടലാസുതോണി പോലെ വെള്ളത്തിൽ ഒഴുക്കുന്നതിനോ ഒക്കെ ആയിരുന്നു. സ്വതവേ ഒരു കണിശക്കാരിയായിരുന്ന അവർക്ക് തന്റെ ഓമനകളായ അലങ്കാരസസ്യങ്ങളോടുള്ള അതിക്രമം പൊറുക്കാൻ ആകുമായിരുന്നില്ല. വൈദ്യവിദ്യാർഥിനി എന്നതിൽ ഉപരി ഒരു ചിത്രകാരി കൂടി ആയിരുന്ന അവർ, ചായം തേച്ചു ഭംഗിയാക്കിയ പൂച്ചെട്ടികളിൽ ഞാൻ ആവശ്യത്തിലേറെ വെള്ളം കോരിയൊഴിച്ച്, ഉരുളൻ കല്ലുകൾ പെറുക്കിയിട്ട്  വെള്ളക്കെട്ടുണ്ടാക്കി. ആ ചെടിച്ചട്ടി ഒരു കായലാണെന്നും അതിന്റെ നടുവിൽ പേടിച്ചരണ്ടുനിൽക്കുന്ന ആന്തൂറിയം ഒരു ദ്വീപാണെന്നും ഞാൻ വിഭാവന ചെയ്തു. സൂര്യപ്രകാശത്തിൽ എന്റെ ചെറിയ പൊയ്ക വെട്ടിത്തിളങ്ങുകയും,  അതിൽനിന്ന് നനഞ്ഞ മണ്ണിന്റെ ഗന്ധം ഉത്ഭവിക്കുകയും ചെയ്തു.എന്നാൽ പിന്നീട്, അത് കൂത്താടികളുടെ ആവാസകേന്ദ്രമായി.

എന്നെ ശിക്ഷിച്ചത് വലിയമ്മ ആയിരുന്നുവെങ്കിലും, എന്റെ പരീക്ഷണങ്ങളെ കണ്ടുപിടിച്ച് ഒറ്റു കൊടുത്ത ബബിയേച്ചിയോട് എനിയ്ക്ക് വല്ലാത്തൊരു ദേഷ്യം തോന്നിയിരുന്നു .

ഇന്നും അവർ കൊതുകുമായി യുദ്ധത്തിലാണ്. ഈയിടെ സംസ്‌ഥാന ആരോഗ്യവകുപ്പ് ഡയറക്ടർ ആയി ചാർജ്
എടുത്ത അവർ കൊതുകിനെയും ഡെങ്കിപ്പനിയെയും തുരത്താൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു.
അവർ വിജയിക്കട്ടെ.. അവരിൽ എവിടെയോ അവരുടെ അമ്മയുടെ അംശം ഉണ്ടെന്ന് ഞാൻ കരുതുന്നു.

നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ. കുട്ടികളെയും കൊണ്ട് തനിച്ച് യാത്രചെയ്യുക എന്നതിൽ ഉപരി, ഡെങ്കിപ്പനിയും കൊതുകും എന്നെ ഭയപ്പെടുത്തുന്നു.

Thursday, June 22, 2017

കഥ എങ്ങനെയാണ് അവസാനിപ്പിക്കേണ്ടത് എന്ന് തന്നെ വീണ്ടും ചിന്തിക്കുന്നു..
സത്യസന്ധമായ ഒരു കഥ അതിന്റെ അവസാനം സ്വയം കണ്ടെത്തില്ലേ ..

കാലം നമ്മുടെ വീക്ഷണഗതിയെ എങ്ങനെയൊക്കെയാണ് മാറ്റിമറിയ്ക്കുന്നത് ...
പണ്ടെപ്പൊഴോ കേട്ടിട്ടുള്ള കഥയാണ് , ഹോസ്റ്റലിൽ താമസിച്ചുപഠിച്ചിരുന്ന എന്റെ സ്നേഹിതയോട് ആരോ പറഞ്ഞ കഥ..

താര എന്ന പെൺകുട്ടിയാണ് കഥയിലെ നായിക,  അവൾ എന്റെ സ്നേഹിതയുടെ, സ്നേഹിതയുടെ..... സ്നേഹിതയുടെ പരിചയക്കാരിയോ ബന്ധുവോ ആണ്. അവൾ സുന്ദരിയും, അടക്കം, ഒതുക്കം തുടങ്ങിയ അന്നത്തെ കാലത്ത് അഭികാമ്യമെന്ന് കരുതിയിരുന്ന ഗുണങ്ങളിൽ സമ്പന്നയും ആയിരുന്നു. അവൾക്ക് പതിനഞ്ചുവയസ്സുതികഞ്ഞ ദിവസം മുതൽ എല്ലാ വർഷവും അവളുടെ ജന്മദിനത്തിന് ഒരജ്ഞാതൻ ആശംസ കാർഡുകൾ അയയ്ക്കാറുണ്ടായിരുന്നു. ഈ കാർഡുകൾ കൈപ്പറ്റി എന്നതല്ലാതെ , അവൾ തന്റെ ആരാധകനെ കണ്ടെത്താൻ ഒരിക്കലും ശ്രമിച്ചില്ല. അങ്ങനെ തികഞ്ഞ നല്ല കുട്ടിയായ അവൾ വളർന്ന് വിവാഹപ്രായമെത്തിയപ്പോൾ മാതാപിതാക്കൾ അവളുടെ സമ്മതം ചോദിയ്ക്കാതെ, ആദ്യം വന്ന വിവാഹാലോചന തന്നെ തീർച്ചയാക്കി. താരയ്ക്ക് ഇക്കാര്യത്തിൽ നിരാശയുണ്ടായിരുന്നോ എന്നറിയില്ല, അവൾ ജീവിതത്തിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിച്ചു കാണില്ല. അങ്ങനെ അവളുടെ വിവാഹം തികച്ചും സാധാരണമായിത്തന്നെ കഴിഞ്ഞു . തികച്ചും സാധാരണമായ ഒരു ജീവിതം നയിക്കാൻ തയ്യാറായിരുന്ന അവളോട് അവളുടെ ഭർത്താവ് പറഞ്ഞു, പതിനഞ്ചുവയസ്സുമുതൽ അവൾക്ക് ആശംസകൾ അയച്ചിരുന്നത് താൻ തന്നെ ആണ് എന്ന്.

കഥകൾ പറയാനുള്ള ആവേശം ഒന്നുകൊണ്ടുമാത്രം ഞാനും എന്റെ കൂട്ടുകാരിയും ആ കാലത്ത്  ഈകഥ ആരോടൊക്കെയോ പറഞ്ഞിട്ടുണ്ട്...
സത്യത്തിൽ താര  എന്ന പെൺകുട്ടി ഉണ്ടായിരുന്നോ ..  എനിയ്ക്കറിയില്ല. എന്റെ കൗമാരത്തിൽ ഞാൻ ഈ കഥയുടെ ഉത്ഭവത്തിൽ അല്പം പോലും സംശയിച്ചിരുന്നില്ല. താര എന്ന ആ അജ്ഞാത ഏറ്റവും ഭാഗ്യവതിയാണെന്ന് ഞാൻ കരുതി.
സത്യത്തിൽ ശുദ്ധ അസംബന്ധമല്ലേ അത്.. താര എന്ന പെൺകുട്ടിയ്ക്ക് പിൽക്കാലത്ത് എന്ത് സംഭവിച്ചു കാണണം..

ഇനി മറ്റൊരു കഥ...
എന്റെ അമ്മയുടെ വീട്ടിലെ ചട്ടപറിഞ്ഞു പോയ അസംഖ്യം പുസ്തകങ്ങളിൽ ഒന്ന് അജ്ഞാതവരൻ എന്ന നോവലായിരുന്നു. മലബാർ ലഹളക്കാലത്തു കുടുംബത്തിൽ നിന്നും വേർപെട്ടുപോയ പെൺകുട്ടിയേയും അനുജനെയും ഒരജ്ഞാതൻ സഹായിക്കുന്നു. പിന്നീട് മാതാപിതാക്കളെ കണ്ടെത്തുന്ന പെൺകുട്ടി, തനിയ്ക്ക് തന്റെ രക്ഷകനെ വിവാഹം ചെയ്യണം എന്ന് പറയുന്നു. അവന്റെ കുലം എന്താണെന്നാർക്കറിയാം , മാതാപിതാക്കൾ പറയുന്നു . നല്ലതല്ലാത്ത ഒരു കുലത്തിൽ പെട്ടയാളിൽ എന്റെ മനസ്സ് എത്തില്ല , തികഞ്ഞ ആഭിജാത്യയായ പെൺകുട്ടി പറയുന്നു, പിന്നീടവർ കണ്ടെത്തുന്നു, അയാൾ അവളുടെ അമ്മാവന്റെ മകൻ തന്നെ ആണ് എന്ന്. അമ്മാവന്റെ മകനോടുള്ള പ്രണയം ഏറ്റവും ഉദാത്തമായ ഒന്നായതിനാൽ എല്ലാവരും കൃതാർത്ഥരാകുന്നു.

എല്ലാം വിഡ്ഢിത്തമാണ് , എന്ന് ഇപ്പോൾ തോന്നുന്നുവെങ്കിലും മറ്റൊരുകാലത്ത് ഇതിനെല്ലാം വലിയ അർത്ഥങ്ങൾ ഉണ്ടായിരിക്കണം.

ഒരു നിമിഷത്തിന്റെ മായികതയിൽ ഒതുങ്ങുന്നതല്ല ഒരു യഥാർത്ഥ പ്രണയകഥ എന്ന് ഞാൻ കരുതുന്നു.അത് അവസാനമില്ലാത്ത ഒന്നാണ്. വിവാഹം അല്ലെങ്കിൽ ദുരന്തം എന്നൊന്നും അതിനെ തരം തിരിയ്ക്കാൻ ആവില്ല, അത് ഒരു സംഭവം കൊണ്ട് അടിവരയിട്ട് നിർത്താവുന്ന ഒന്നല്ല, മറിച്ച് ഒരു തുടർച്ചയാണ്.

ജോലിചെയ്തിരുന്ന കാലത്തു ഞാൻ മനസ്സിൽ കുറിച്ചിരുന്ന കഥയിലെ കഥാപാത്രങ്ങൾ എന്നെ വിട്ടകലുകയാണ് എന്ന് തോന്നുന്നു. അല്ലെങ്കിൽ ഒരു യഥാർത്ഥ കഥാവസാനം കണ്ടെത്തണമെങ്കിൽ എന്നോടൊപ്പം അവരും വളരണമായിരിക്കും.

മുൻപ് ഞാൻ എഴുതിയേക്കാമായിരുന്ന അവസാനം സിനിമാക്കഥ പോലെ ആയിരുന്നേനെ.. അതുകൊണ്ടു ഈ മൂകതപോലും കഥയ്ക്ക് അനിവാര്യമായിരിക്കാം..


Saturday, May 20, 2017

എനിയ്ക്ക് നിശബ്ദതയെ ഭയമില്ല, കാരണം വാക്കുകളില്ലാതെ എന്റെ ഹൃദയത്തിൽ നിറയുന്ന അജ്ഞാതസംഗീതം എന്നെങ്കിലും അത് ഭേദിയ്ക്കുമെന്ന് എനിയ്ക്കറിയാം..
കവി പാടിയതുപോലെ വിരഹത്തിൽ മാത്രം , സമഗ്രമായി, നിരവദ്യമായി കാണാൻ സാധിയ്ക്കുന്ന ഒന്നല്ലേ ലാവണ്യം. വിരഹം ഉണ്ടാകുന്നത് സത്യത്തിൽ ലാവണ്യം എന്താണെന്നറിയാൻ ആകണം . നിശ്ശബ്ദത ഉണ്ടാകുന്നത് ഹൃദയത്തിന്റെ സംഗീതം കേൾക്കാനാകാൻ വേണ്ടിയാകണം..

Tuesday, May 16, 2017

ശരീരം എന്നത് ജോലി ചെയ്യാനുള്ള ഉപകരണം മാത്രമായിത്തീർന്നു എന്ന് എനിക്ക് തോന്നുന്നു. ശരീരത്തിനുള്ളിൽ എവിടെയോ ആത്മാവുണ്ട് . അത് വരികളും വാക്കുകളും സ്വപ്നം കാണുന്നു.

Saturday, May 6, 2017


ഈ നിശ്ശബ്ദമാം രാത്രിതൻ നെഞ്ചിലെൻ
ഹൃദയമൊട്ടൊന്നു ചേർത്തുവയ്ക്കട്ടെ ഞാൻ

Tuesday, April 18, 2017

കാലമാം നീർച്ചുഴിയ്ക്കുള്ളിലെങ്ങോ
അടിയുറയ്ക്കാതെ ഞാനാണ്ടുപോകെ,
ഒരുവേള, വീണ്ടുമാ കൈകളെന്നെ
അലിവോടെ താങ്ങുവാൻ വെമ്പിയെന്നോ ?

Tuesday, March 28, 2017

ഇടവിടാത്തൊരീ കണ്ണുനീർ പേമഴ
പെയ്തു പാടെ നനഞ്ഞതെന്നാകിലും
പ്രണയമാണെനിയ്ക്കീറൻ നിലാവിനാൽ
മുഖപടം തീർത്തൊരാദ്രമാം രാത്രിയെ




Saturday, February 25, 2017

രാജ് ഖോസ്‌ലയുടെ ദൊ ബദൻ എന്ന സിനിമ കണ്ടത് എനിയ്ക്ക് ഒൻപത് വയസുള്ളപ്പോളാണെന്ന് തോന്നുന്നു, അത്തരം ദുരന്തപര്യവസാനികളായ അനേകം പ്രേമകഥകൾ ഉണ്ടെങ്കിലും എന്തുകൊണ്ടോ ഈ സിനിമയും അതിലെ മനോഹരഗാനങ്ങളും എന്റെ മനസ്സിൽ തങ്ങിനിന്നു.

കോളേജ് എന്ന സ്വപ്നലോകം വിട്ട് ജീവിതയാഥാർത്ഥ്യങ്ങൾ നേരിടേണ്ടിവന്ന ആശയും വികാസും ലോകത്തിനുമുന്നിൽ പരാജയപ്പെടുന്നു. താൻ വഞ്ചിയ്ക്കപ്പെട്ടു എന്ന ധാരണയിൽ ആശ മറ്റൊരാളുടെ ഭാര്യയാകുന്നു. പിന്നീട് എല്ലാം ഒരു ഗൂഢാലോചനയുടെ ഭാഗം ആയിരുന്നു എന്ന് തിരിച്ചറിയുന്ന നിമിഷം തൊട്ട് ആശ രോഗിയാകുന്നു.

എങ്ങനെ, എന്തുകൊണ്ട് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടോ ? രോഗിയാകാൻ അവൾ തന്റെ ശരീരത്തിന് അനുവാദം കൊടുത്തതാകണം. ഇക്കാലത്താണെങ്കിൽ അവൾ വിഷാദരോഗത്തിനുള്ള മരുന്നുകൾകൊണ്ട് ഒരുപക്ഷെ രക്ഷപ്പെട്ടേനേ.. പക്ഷെ ഹൃദയവേദനകൊണ്ട് മാത്രം രോഗിയാകാൻ കഴിയുന്ന ഒരു കാലത്തിന്റെ വക്താവാവണം അവൾ. അവളുടെ ഹൃദയം അവളെ അനുദിനം ക്ഷീണിതയാക്കി.

അവൾ നിഴലുകൾ നോക്കി നെടുവീർപ്പിടുകയും കാറ്റേറ്റ് അനങ്ങുന്ന തിരശീലകൾ കണ്ട് വിറയ്ക്കുകയും ചെയ്തുകൊണ്ട് മരണം കാത്ത് കിടന്നു. മരണം അവളെ വിളിച്ചത് പ്രിയപ്പെട്ടവന്റെ ശബ്ദത്തിലായിരുന്നു. വികാസും മരിയ്ക്കുന്നു.എങ്ങനെ, എന്തുകൊണ്ട് എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയുണ്ടോ ?

പൂർണ്ണ ആരോഗ്യവാനായിരുന്ന വികാസ് എങ്ങനെ മരിച്ചു, അത് യുക്തിയ്ക്ക് നിരക്കുന്നതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്ന നിരൂപണങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. അധികം യുക്തിബോധമില്ലാത്തതിനാൽ ആകണം ഞാൻ ഇത്തരത്തിൽ ചിന്തിച്ചിട്ടില്ല.
ദൊ ബദൻ എന്ന പേരുതന്നെ ഒരു പ്രഹേളികയാകണം , 'രണ്ടു ശരീരങ്ങൾ' എന്നതിൽ ഒരു ആത്മാവ് എന്നുള്ളത് അടങ്ങിയിരിക്കണം..

പലപ്പോഴും ഞാൻ പാവം ആശയെ ഓർക്കാറുണ്ട്.



Monday, February 13, 2017

ഫിയൻഹൈം എന്ന ഈ കൊച്ചു പട്ടണം ഒരിക്കൽ യുദ്ധാനന്തര ജർമ്മനിയുടെ  അമേരിക്കൻ മേൽനോട്ടത്തിലായിരുന്ന ഭാഗമായിരുന്നു. അമേരിക്കൻ പട്ടാളക്കാർ താമസിച്ചിരുന്ന വലിയ പാർപ്പിടസമുച്ഛയങ്ങൾ ഏതാനും വർഷങ്ങൾ മുൻപുവരെ കാടുപിടിച്ച് ഒഴിഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ ഒന്നോ രണ്ടോ വർഷങ്ങളായി അവിടെ മറ്റൊരു കൂട്ടം ജീവിതങ്ങൾ തളിർത്തുകൊണ്ടിരിക്കുന്നു. സിറിയയിൽ നിന്നുള്ള അഭയാർത്ഥികളാണ് ഇവർ.

അവർ ബാൽക്കണിയിൽ കയറുകൊണ്ട് അഴ കെട്ടി അലക്കിയ തുണികൾ ഉണങ്ങാനിടുകയും, പുൽത്തകിടിയിൽ വട്ടം കൂടിയിരുന്നു വർത്തമാനം പറയുകയും ചെയ്യുന്നത് അതുവഴി യാത്ര ചെയ്യുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്. ഇവിടത്തുകാർക്ക് അഭയാർത്ഥികളോട് ഭയം കലർന്ന അറപ്പാണുള്ളത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഈയിടെ ആയി  ഞാൻ എന്റെ നിറത്തെക്കുറിച്ചും മുടിയെക്കുറിച്ചും അത് ആളുകളിൽ ഉണ്ടാക്കാൻ ഇടയുള്ള ധാരണയെക്കുറിച്ചും ബോധവതിയാണ്. ഞാൻ അഭയാർത്ഥിയല്ല  എന്ന് പല അവസരങ്ങളിലും പറയേണ്ടതായി വന്നിട്ടുണ്ട്.

എങ്കിലും ഒരുതരത്തിൽ ചിന്തിച്ചാൽ ചരിത്രത്തിന്റെ ക്ഷമാപണം ആയിരിക്കും ഇത്. ഒരിക്കൽ ഇവിടെനിന്ന് കൂട്ടത്തോടെ ഇല്ലാതാക്കപ്പെട്ട മറ്റൊരു കൂട്ടം ജീവിതങ്ങളോടുള്ള ക്ഷമാപണം.
നാസി ജർമ്മനിയിലെ ജൂതന്മാരുടെ ദുരിതങ്ങളെക്കുറിച്ച് എത്രമാത്രം പുസ്തകങ്ങളും സിനിമകളുമുണ്ട്. ഏറ്റവും കഠിന ഹൃദയരെപ്പോലും അവ കരയിക്കില്ലേ..

എന്തുകൊണ്ടോ കഴിഞ്ഞകുറെ ദിവസങ്ങളായി ഞാൻ ഓസ്ഷ്‌വിട്സ് എന്ന മരണക്യാമ്പിനെ കുറിച്ച് ചിന്തിക്കുന്നു. ദിവസങ്ങൾ ട്രെയിനിലും വാഗണുകളിലും നിന്ന് യാത്രചെയ്ത് അവിടെ എത്തപ്പെട്ട നിരപരാധികളായ മനുഷ്യരെ കുറിച്ച്.. അവരിൽ കൊച്ചുകുട്ടികളും വൃദ്ധരും ഗർഭിണികളും എല്ലാം ഉണ്ടായിരുന്നു. ജോലിചെയ്യാൻ പ്രാപ്‌തരല്ലാത്തവരെ കുളിമുറികൾ എന്നുതെറ്റിദ്ധരിപ്പിച്ച്, സൈക്ളോൺ ബി എന്ന വിഷവാതകം പമ്പുചെയ്യാവുന്ന ഗാസ് ചേംബറുകളിൽ കയറ്റി കൂട്ടത്തോടെ കൊന്നിരുന്നു എന്ന് പല പുസ്തകങ്ങളിലും പറയുന്നു.

നീണ്ട ക്യുവിൽ തങ്ങളുടെ വിധിയറിയാതെ നിൽക്കുന്ന ആളുകളുടെ ചിത്രങ്ങൾ എന്റെ മനസ്സിൽനിന്നും മാഞ്ഞുപോകുന്നില്ല. കുട്ടികളെയും അവരുടെ അമ്മമാരെയും വൃദ്ധരെയും പരിശോധകർ ഇടത്തോട്ടാണ് തിരിച്ചു വിട്ടിരുന്നത്.

ഇവർ നടന്നു പോയിരുന്നത് ബിർച് മരങ്ങൾ നിറഞ്ഞ ഒരു പുൽത്തകിടിയിലൂടെയാണ്. ഇത് അവരിൽ ഒരു തെറ്റായ സുരക്ഷാബോധം ജനിപ്പിച്ചിരിക്കണം. കുളിമുറികൾ ഒരുങ്ങുന്നതുവരെ അവർ മരത്തണലുകളിൽ ഇരുന്നു വിശ്രമിച്ചിരുന്നുവത്രെ..

വലത്തോട്ട് തിരിഞ്ഞു പോയവരെ കാത്തിരുന്നത് ഒരുപക്ഷെ മരണത്തേക്കാൾ ക്രൂരമായ വധിയായിരുന്നു. വിഷവാതകം മിനിറ്റുകളിൽ മരണം ഉറപ്പാക്കിയപ്പോൾ തണുപ്പും പട്ടിണിയും രോഗങ്ങളും മർദ്ദനവും വെടിയുണ്ടകളും മാസങ്ങളെടുത്തു എന്നുമാത്രം.

ഇത്തരമൊരു ചരിത്രം സ്കൂൾ കുട്ടികളെ ഈ രാജ്യം എങ്ങനെ പഠിപ്പിക്കുന്നു എന്ന് ഞാൻ ചിന്തിച്ചിരുന്നു. പഴിചാരപ്പെടുന്നത് അഡോൾഫ് ഹിറ്റ്ലർ എന്ന മനുഷ്യനും അദ്ദേഹത്തിന്റെ ചുരുക്കം അനുയായികളുമാണ് . ഹിറ്റ്ലർ യഥാർത്ഥത്തിൽ ഓസ്ട്രിയക്കാരനായിരുന്നു എന്നും ആവർത്തിക്കപ്പെടുന്നു. അയാളുടെ വാഗ്മികത സാധാരണക്കാരെ സ്വാധീനിച്ചിരുന്നു എന്നും പറയുന്നു .

ഹിറ്റ്ലറുടെ പ്രസിദ്ധമായ 'ജൂതന്മാരുടെ സമസ്യക്കുള്ള അവസാന പരിഹാരം' ആയിരുന്നു പോളണ്ടിലെ ഇത്തരം മരണക്യാംപുകൾ. എങ്കിലും അവിടെ ജോലിചെയ്തിരുന്ന ഡോക്ടർമാർ കാവൽക്കാർ പട്ടാളക്കാർ, ഗേറ്റോകളിലെ കാവൽക്കാർ ഇതെല്ലം അനുകൂലിച്ചിരുന്ന സമൂഹം ഇവരെല്ലാം ഉത്തരവാദികളല്ലേ...

യുദ്ധാവസാനം തകർന്നു തരിപ്പണമായ ജർമ്മനിയെ അവശിഷ്ടങ്ങളിൽ നിന്നും പടുത്തുയർത്തിയത് ഗ്രീസിൽ നിന്നും ഇറ്റലിയിൽ നിന്നും തുർക്കിയിൽ നിന്നും കുടിയേറിയവരാണ്. കുടിയേറ്റം ഒരുപക്ഷെ പ്രകൃതിയുടെ നിയമം തന്നെയാവണം .

എന്നെങ്കിലും ഓസ്ഷ്വിട്സ് പോയിക്കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഓസ്ഷ്വിട്സിൽ നിന്നും അരപ്രാണനോടെ മോചിക്കപ്പെട്ടവർ തങ്ങളുടെ പ്രിയപ്പെട്ടവരെ വര്ഷങ്ങളോളം തിരഞ്ഞുകാണണം..

പ്രിയപ്പെട്ടവരെ പിരിഞ്ഞുള്ള ജീവിതം സത്യത്തിൽ ജീവിതമാണോ?

Thursday, January 26, 2017

കുഴയും വർണ്ണച്ചിറകുകൾ താങ്ങി വിണ്ണിലലഞ്ഞു തളർന്നൊരു നീയും
വിരിയും മുമ്പേ ഇതളുകൾ വാടി മണ്ണിന്നിരുളിലൊതുങ്ങിയ ഞാനും

Wednesday, January 18, 2017


കാലമേ നീ മടങ്ങുമോ പിൻതിരി
ഞ്ഞൊന്നു വീണ്ടും കനവുകാണട്ടെ ഞാൻ

Thursday, January 5, 2017

എന്നോമൽക്കുരുന്നിന്റെ പൊൻകവിൾ തലോടി ഞാൻ
മറന്ന താരാട്ടൊന്നിന്നീരടിതേടീടവേ,
പുൽകുന്നു വിലോലമായ് , ഈറനാം കാറ്റിൻ കൈകൾ
ഉണരാൻ മടിച്ചുറങ്ങീടുമീയൂഷസ്സിനെ

അറിഞ്ഞേയില്ല ഞാനീ രാവുമാഞ്ഞതും പുറ
ത്തായിരം ഹിമകണം പൂക്കളായ് വിരിഞ്ഞതും,
ഹേമന്തമണിയിച്ചതാവണം പ്രകൃതിയ്ക്കി
ന്നീവിധം മനോജ്ഞമാം വെൺപട്ടുവസ്ത്രം ന്യൂനം !

ഉദിപ്പൂ, മന്ദം ചുവന്നാദരസമസ്വമീ
യൂഴിയെ വന്ദിയ്ക്കുന്നൂ, കാതരനൊരു സൂര്യൻ !
ദിവ്യമാം  മന്ദസ്മിതം പൊഴിച്ചും വിശുദ്ധിയിൽ
കുളിച്ചുമണഞ്ഞിതാ ധന്യമാം പുലർക്കാലം!

നന്മതൻ നിറച്ചാർത്തിലുണ്മതൻ നിറവിലി
ന്നീദിനമൊഴുകട്ടെ , മംഗളസ്തുതികളിൽ.
രാത്രിതൻ ചുടുനെടുവീർപ്പുകൾ പതിഞ്ഞൊരീ
പ്രാർത്ഥനാഗീതം കൂടി അവയിൽ ചേർന്നീടട്ടെ .