Tuesday, December 1, 2020

 മഞ്ഞുകാലം വന്നു പുൽകിയ മാമര-

ച്ചില്ലതൻ പൂക്കൾ കൊഴിഞ്ഞോരു തുമ്പിലെ,

ദക്ഷിണസീമകൾ തേടിപ്പറന്നോരു

പക്ഷികൾ കൈവിട്ട പിഞ്ജരം പോലെയീ 

വർത്തമാനത്തിലുഴറുന്നു ഞാൻ , എന്റെ 

അസ്ഥിത്വമെന്നോ കളഞ്ഞുപോയെങ്കിലും.


Tuesday, November 3, 2020

 വഴി മറന്നുപോയ് പാദങ്ങളെങ്കിലും

ഇടറി  മുന്നോട്ടു പോകയാണെന്തിനോ.

നീണ്ടുപോകുമീ പാതയെന്നെങ്കിലും

തിരികെ നിന്നടുത്തെത്താതിരിക്കുമോ?




Sunday, October 18, 2020

 ഇനിയൊരുവേളയെൻ ഹൃദയം പൊടുന്നനെ 

ചടുലമീ താളം മറന്നുവെങ്കിൽ ,

വിമലമാമേതോ വിചാരമായ് നിൻ മനോ-

വീചിയിൽ ഞാൻ കുടികൊണ്ടിടട്ടെ .

പാതിമുറിഞ്ഞോരു പാട്ടുകളൊക്കെയും

വിണ്ണിന്റ്റെ മാറിലലഞ്ഞിടട്ടെ.

ഒരു ചെറുകാറ്റിന്റെ മർമ്മരം മാത്രമായ്

അവ നിന്നരികത്തണഞ്ഞിടട്ടെ.




Sunday, September 27, 2020

 ഈ വിചിത്രമാം നാളുകളൊക്കെയും

ഒടുവിലോർമ്മതൻ തീരത്തണഞ്ഞിടും.

അലസമേതോ ദിവാസ്വപ്നമെന്നപോൽ

അവയിൽ നമ്മളും മുത്തുകൾതേടിടും.

Sunday, September 6, 2020

 Goetheയുടെ Gefunden എന്ന കവിതയുടെ തർജ്ജമ

കണ്ടെത്തൽ


വെറുതെ നടന്നു ഞാൻ,

സ്വച്ഛമാ വനഭൂവിൽ,

ഒന്നുമേ തേടാനല്ലെ-

ന്നുദ്ധ്യമം തുച്ഛം നൂനം.


കണ്ടു ഞാൻ തണലിലാ,

സുന്ദരപുഷ്പം , മിന്നും

താരകം പോലെ, ഏതോ

മോഹനനേത്രം പോലെ.


പറയ്ക്കാനൊരുങ്ങവേ,

കേട്ടുവോ പൂവിൻ തേങ്ങൽ,

"അടർന്നു ദ്രവിച്ചുഞാൻ,

ഒടുങ്ങിത്തീർന്നീടണോ?"


പിഴുതൂ, വേരോടെയാ,

പൂച്ചെടി, മന്ദം ഞാനെ-

ന്നരുമപ്പൂന്തോട്ടത്തി-

ന്നകമേ പ്രതിഷ്ഠിക്കാൻ.


തളിർത്തും പൂത്തും പുതു-

നാമ്പുകൾ കിളിർത്തുമി-

ന്നവിടെയൊരുകോണിൽ

വളരുന്നതു ശാന്തം!



Saturday, August 8, 2020

അഴലേതൊരാഴിതന്നാഴത്തിലാഴ്ത്തിലും

 അഴലേതൊരാഴിതന്നാഴത്തിലാഴ്ത്തിലും,
നിഴലായിമാത്രമീ മണ്ണിൽ ചരിയ്ക്കിലും,
തോരാതെയുള്ളിലായ് പെയ്യുന്നോരീണമാ
കാതോരമെത്താൻ കൊതിയ്ക്കുകയാണുഞാൻ!

Sunday, July 19, 2020

എൽസെയുടെ കഥ

യുദ്ധകാലത്തെ കുട്ടികൾ -   എൽസെയുടെ കഥ

മിഖായേൽ ക്രുസ്നിക്കിന്റെ Elses Geschichte ആസ്ഷ്വിട്സ് അതിജീവിച്ച, എൽസെ ഷ്മിഡ്റ്റ് എന്ന പെൺകുട്ടിയുടെ കഥയാണ്. ഇത് യഥാർത്ഥത്തിൽ കുട്ടികൾക്കായി എഴുതപ്പെട്ട ഒരു പുസ്തകമാണ്. ധാരാളം വർണ്ണചിത്രങ്ങളുമായി ആസ്ഷ്വിട്സിനെ കുറിച്ച് ഒരു പുസ്തകം!

ഹാംബർഗിൽ അച്ഛനമ്മമാരോടും രണ്ടു സഹോദരിമാരോടുമൊപ്പം കഴിഞ്ഞു വരുന്ന എൽസെ  എന്ന ഏഴുവയസ്സുകാരിക്ക് തന്നെ തേടി സ്കൂളിൽ പോലീസുകാർ ഏത്തിയത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല, വീണ്ടും വീണ്ടും  അവർ തൻറ്റെ അമ്മയുടെ പേര് ചോദിച്ചതെന്തിനാണെന്നും.... താൻ അച്ഛനമ്മമാരുടെ ദത്തുപുത്രി മാത്രമാണ് എന്ന് അവൾ പിന്നീടാണറിയുന്നത്.

എൽസെ നാലിലൊന്ന് റൊമാനിയാണ്.
അവൾക്ക് ജന്മം നൽകിയ സ്ത്രീയുടെ ജിപ്സി രക്തം അവളേയും വംശശുദ്ധി ഇല്ലാത്തവളാക്കി.

ഏതാനും ദിവസങ്ങൾക്കുശേഷം പോലീസുകാർ എൽസെയുടെ വീട്ടിലെത്തി. അച്ഛൻ വീട്ടിലില്ലാത്ത സമയമാണ്. അമ്മ കണ്ണീരോടെ അവളുടെ പെട്ടി ഒരുക്കി, 'അച്ഛൻ വന്നാലുടൻ നിന്നെ തിരികെ കൊണ്ടുവരും' എന്ന് അവൾക്ക് വാക്കുകൊടുത്തു.

പോലീസുകാരോടൊപ്പം ട്രാമിലാണ് അവൾ സ്റ്റേഷനിൽ എത്തിയത്. തീവണ്ടി കാത്ത്  ഒരു കൂട്ടം മനുഷ്യർ അവിടെ തിക്കിത്തിരക്കി നിൽക്കുന്നുണ്ടായിരുന്നു. അധികവും കറുത്ത തലമുടിയുള്ളവർ , തന്നെപ്പോലെ സ്വർണ്ണത്തലമുടിയുള്ളവർ അവിടെയില്ല എന്ന് എൽസെ ശ്രദ്ധിച്ചു. ഇവിടെയെവിടെയോ ഉണ്ട് 'നിന്റെ യഥാർത്ഥ അമ്മ!' ആരോ പറഞ്ഞു. 'എന്റെ അച്ഛനും അമ്മയും ഇവിടെയില്ല , അവർ വീട്ടിലാണ് ' എൽസെ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആൾക്കൂട്ടത്തിനിടയിൽ എൽസെ ഭയചികിതയായി അച്ഛനെ കാത്തിരുന്നു.

മണിക്കൂറുകൾക്കുശേഷം, അച്ഛൻ എത്തുക തന്നെ ചെയ്തു. അവളുടെ രേഖകൾ പരിശോധിച്ചശേഷം പോലീസുകാർ എൽസെയെ അച്ഛനോടൊപ്പം വിട്ടയച്ചു.

ഒരുവർഷം കഴിഞ്ഞുപോയി. സ്‌കൂളിലെ പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം എൽസെ മൂന്നാംക്ലാസ്സിലെത്തി. അവൾ സന്തോഷവതിയായ ഒരു കുട്ടി തന്നെ ആയിരുന്നു. തന്നെ ആശയക്കുഴപ്പത്തിലാക്കിയ ആ 'സംഭവം '  അവൾ ഏറെക്കുറെ മറക്കുകതന്നെ ചെയ്തു. അപ്പോഴാണ് നിനച്ചിരിക്കാതെ പോലീസുകാരുടെ വരവ്! അപേക്ഷകളും, ദത്തുരേഖകളും ഒന്നും ഇത്തവണ വിലപ്പോയില്ല. അവൾ അപരിചിതരായ ഒരുകൂട്ടം ആളുകളോടൊപ്പം തീവണ്ടിയിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ' ഞാൻ നിന്നെ തിരിച്ചുകൊണ്ടുവരും, ഏതറ്റംവരെപ്പോയിട്ടായാലും !' അച്ഛൻ വീണ്ടും അവൾക്ക് വാക്ക് കൊടുത്തു.

ആസ്ഷ്വിട്സ് ഇരുളിന്റ്റെ ലോകമായിരുന്നു. മൃതദേഹങ്ങൾ പോലെ മെലിഞ്ഞ മനുഷ്യരുടെ ലോകം. എൽസെയുടെ കയ്യിൽ ഒരു നമ്പർ പച്ചകുത്തപ്പെട്ടു. എങ്ങോട്ടെന്നറിയാതെ അടിവച്ചടിവച്ച് നീണ്ട വരിയിലൂടെ നടന്ന അവളെ കാബിനുകളുടെ ലീഡർ ആയ യുവതി സംരക്ഷിക്കുന്നു. അവരോടൊപ്പം വൃത്തിയുള്ള ഒരു ചെറിയ കുടിലിൽ താമസിക്കാൻ എൽസെയ്ക്ക് സാധിക്കുന്നു.  ആസ്ഷ്വിട്സിൽ എത്തിയകാലത്ത് തനിക്ക് നഷ്ടപ്പെട്ട സ്വന്തം കുട്ടിയെയാണ് യുവതി എൽസെയിൽ കണ്ടത്.

 ബാരാക്കുകളിൽനിന്ന് ദൂരെയാണ്  എൽസെ താമസിച്ചിരുന്ന ഒറ്റ മുറി വീട്. കാവൽക്കാരുടെ നോട്ടം വെട്ടിച്ച്  കുടിലിനുപിറകിലുള്ള പുൽപ്രദേശത്ത് കളിക്കുമ്പോൾ എൽസെ വിചിത്രമായ പലതും കാണുന്നുണ്ട്. കമ്പിവേലിക്കപ്പുറത്ത് ദൂരെ വലിയ പുകക്കുഴലുകളുള്ള കെട്ടിടത്തിലേക്ക് വരിയായി പോകുന്ന മനുഷ്യർ, അൽപസമയത്തിനുശേഷം പുകക്കുഴലുകളിലൂടെ ആകാശത്തിലേക്കുയരുന്ന പുകച്ചുരുളുകൾ..എൽസെയുടെ പുതിയ വളർത്തമ്മ ഇതേക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ല. വീടിന്റെ പരിസരത്തുനിന്നും ദൂരെ പോകാൻ അവൾക്ക് അനുവാദമുണ്ടായിരുന്നില്ല എങ്കിലും , എപ്പോളൊക്കെയോ ക്യാമ്പിന്റ്റെ മുഖ്യകവാടത്തു ചെല്ലാനിടയായപ്പോൾ കണ്ട കെട്ടിത്തൂക്കിയിട്ട ശവങ്ങൾ  , തന്റെ പരിസരത്തെ കുറിച്ചുള്ള യഥാർത്ഥചിത്രം അവൾക്ക് നൽകുന്നു.

മാസങ്ങൾക്കു ശേഷം, ആസ്ഷ്വിട്സിലെ റൊമാനി ക്യാമ്പ് അടച്ചതിന് ശേഷം,  എൽസെയ്ക്ക് തൻറ്റെ  സംരക്ഷകയെ പിരിഞ്ഞു ബെർലിന് അടുത്തുള്ള മറ്റൊരു തടവുകേന്ദ്രമായ   റാവൻബ്രുക്കിലേക്ക്പോകേണ്ടിവന്നു. പട്ടിണിയും, ക്രൂരയായ ഒരു കാവൽക്കാരിയുടെ മർദ്ദനവും അവളെ അക്ഷരാർത്ഥത്തിൽ ജീവശ്ശവമാക്കി.
എങ്കിലും ഒരുദിവസം, ആകാശത്തിലേക്കുള്ള വഴിമദ്ധ്യയെന്നപോലെ അച്ഛൻ വീണ്ടും അവളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. '  ഞാൻ പറഞ്ഞല്ലേ, നിന്നെ തിരിച്ചുകൊണ്ടുവരുമെന്ന്.'  അവളുടെ രൂപം കണ്ട് ഞെട്ടിയെങ്കിലും, അദ്ദേഹം ഉത്സാഹം കൈവിടാതെ പറഞ്ഞു.

അച്ഛൻ മാസങ്ങളോളം ബെർലിനിലെ ഗവണ്മെന്റ് ഓഫീസുകളിൽ അലയുകയായിരുന്നു. ഒരിക്കലും അവളെ പുറന്തള്ളാൻ അദ്ദേഹത്തിന് ആകുമായിരുന്നില്ല. ഒരിക്കൽപ്പോലും അദ്ദേഹം പ്രതീക്ഷ കൈവിട്ടിരുന്നില്ല.

തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ, അവർ യുദ്ധരംഗത്തുനിന്നും മടങ്ങിവന്ന ഒരു പട്ടാളക്കാരനെ കാണാനിടയായി. എൽസെയുടെ കാലിലെ വ്രണങ്ങളും മുറിപ്പാടുകളും സൂക്ഷിച്ച്നോക്കിയ അയാളോട് അച്ഛൻ കയർത്തുകൊണ്ട് പറഞ്ഞു' ഇതിനുവേണ്ടിയാണ് നിങ്ങൾ ജീവൻ പണയം വെച്ച് യുദ്ധം ചെയ്യുന്നത്.   ' 

എൽസെയുടെ ജീവിതം ഒരിക്കലും പഴയതുപോലെ ആയില്ല. താൻ നേരിട്ട് കണ്ടതും അറിഞ്ഞതുമായ കാര്യങ്ങൾ സ്കൂളിൽ പറയാൻ ശ്രമിച്ചപ്പോൾ എൽസെ കെട്ടുകഥയുണ്ടാക്കുന്നവളായി. അദ്ധ്യാപകർ പോലും അത് മുഖവിലയ്ക്കെടുത്തില്ല.

വർഷങ്ങൾക്കു ശേഷം എൽസെ ബേക്കർ എന്ന മദ്ധ്യവയസ്ക്ക  ബ്രിട്ടീഷ് രാജ്ഞിയുടെ ആദരവ് സ്വീകരിക്കാനായി ലണ്ടൻനഗരത്തിൽ എത്തി. അന്ന് അവർ തലയുയർത്തിപ്പിടിച്ചുതന്നെ നിന്നു.

ഏറ്റവും വേദനാജനകമായ കഥകളും ശുഭപര്യവസാനികളായിക്കൂടെന്നില്ല. ഒരിക്കലും പ്രതീക്ഷ കൈവിടാത്ത ഒരാൾ  അതിന്റെ പിന്നാമ്പുറത്തുണ്ടെങ്കിൽ!



Monday, July 13, 2020

ഒരുവാക്കുകേൾക്കാൻ കൊതിച്ചും കരഞ്ഞുമീ
ഹൃദയമെന്നുള്ളിൽ തുടിയ്ക്കുവോളം,
അരികിലല്ലെങ്കിലും മറ്റൊരു സ്പന്ദനം
മാറ്റൊലി പോലെയതേറ്റുവാങ്ങും..

Friday, July 3, 2020

ഇന്നലെക്കണ്ട കിനാവുകൾക്കപ്പുറം,
ഇന്നിന്റെ കണ്ണുനീർച്ചാലുകൾക്കപ്പുറം,
നോവിന്റെ നാളുമൊടുങ്ങാതിരിക്കുമോ?
നേരുള്ള നാളെകളില്ലാതിരിക്കുമോ?







Tuesday, June 9, 2020

ബാല്യത്തിൻറെ അന്ത്യം

അപകടം നടന്നത് എങ്ങനെയാണ് എന്ന് ആർക്കും കൃത്യമായി പറയാനായില്ല. അമ്മ, വിലകൂടിയതെങ്കിലും ഇളംനിറത്തിലുള്ള കോട്ടൺ സാരിയുടെ തലപ്പുകൊണ്ട്  മുഖവും കണ്ണുകളും തുടച്ചുകൊണ്ടിരുന്നു. അച്ഛൻ വിറയ്ക്കുന്ന കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് പോലീസുകാരുടെ ചോദ്യങ്ങൾക്ക് വിക്കി വിക്കി ഉത്തരം കൊടുത്തു. മകൻ, അവരുടെ കണ്ണിലെ കൃഷ്ണമണി, ഗോവണിപ്പടികളിലൊന്നിൽ ഇരുന്നുകൊണ്ട് അന്തരീക്ഷത്തിലെ ഏതോ അവ്യക്തമായ ബിന്ദുവിനെ തുറിച്ചുനോക്കി. നിഗൂഢമായ മുഖഭാവമുള്ള ജോലിക്കാരി തിരശ്ശീലയ്ക്കു പിറകിൽ മറഞ്ഞുനിന്ന് സംഭാഷണം ശ്രദ്ധിച്ചു. തന്റെ ഹൃദയമിടിപ്പുകൾ അവിശ്വസിനീയമാംവിധം ഉച്ചത്തിലാണെന്നും , അതുകേട്ട് പോലീസ് ഇൻസ്‌പെക്ടർ തന്നോട് സംസാരിയ്ക്കണം എന്ന്  ആവശ്യപ്പെടും എന്നും അവർ ഭയപ്പെട്ടു.

അവരാരും തന്നെ അപ്രതീക്ഷിതമായ ഒന്നും അതിനുമുൻപ് അഭിമുഖീകരിച്ചിട്ടില്ല. സമയനിഷ്ടയാണ് ജീവിതവിജത്തിന്റെ ഒന്നാംപാഠം എന്ന് വിശ്വസിക്കുന്നവരാണ് ആ കുടുംബാംഗങ്ങൾ മൂവരും.  സമയരേഖയുടെ കൃത്യമായി രേഖപ്പെടുത്തിയ ബിന്ദുക്കളിലാണ് അവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങൾ പ്രത്യക്ഷത്തിൽ കടന്നുപോയിരുന്നത് . 

'അപകടം' സംഭവിച്ച ദിവസവും അതിൽനിന്നും വിഭിന്നമല്ലായിരുന്നു. രാവിലെ കൃത്യം ഏഴരയ്ക്ക് അവർ പ്രാതൽ കഴിച്ചു, എട്ടുമണിയ്ക്ക് മകൻ കോളേജ്ബസിൽ കയറി നഗരത്തിന്റെ മറ്റൊരു ഭാഗത്തുള്ള എഞ്ചിനീറിങ് കോളേജിലേയ്ക്ക് പോയി, ഒന്പതുമണിയ്ക്ക് അച്ഛനമ്മമാർ അവരുടെ ജോലിസ്ഥലങ്ങളിലേയ്ക്കും ജോലിക്കാരി അവരുടെ വീട്ടിലേക്കും പോയി. ക്ര്യത്യം അഞ്ചുമണിയ്ക്കുതന്നെ തിരിച്ചെത്തണമെന്ന് അമ്മ അവരെ ആവർത്തിച്ച് ഓർമ്മപ്പെടുത്തിയിരുന്നു.

കുട്ടിയ്ക്ക് അന്ന് പനിയായിരുന്നു. അവൾ സ്കൂളിൽ പോകാതെ തന്റെ മുറിക്കുള്ളിൽ മൂടിപ്പുതച്ചുകിടന്നു!

കുട്ടി , ജീവിതത്തെ കണിശതയോടെ കണ്ടിരുന്ന ആ വീട്ടിലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയായിരുന്നു.  അവരുടെ വേഗത്തിലോടുന്ന ജീവിതത്തിലേയ്ക്ക്, ആകാശത്തുനിന്ന് പെട്ടൊന്നൊരുദിവസം വന്നുവീണ അന്യഗ്രഹജീവിയെപ്പോലെ ആയിരുന്നു അവൾ. കുട്ടിയുടെ ലോകത്ത് സമയം വളരെ പതുക്കെ ആയിരുന്നു ചലിച്ചിരുന്നത്. സ്‌കൂൾ ബസ് വിട്ടുപോകുക , ഗൃഹപാഠം ചെയ്യാൻ മറക്കുക , മഴനനഞ്ഞു പനിപിടിയ്ക്കുക - ഇതെല്ലം അവൾക്ക്  സാധാരണയായിരുന്നു. അവളുടെ വിചിത്രമായ രീതികൾ മനസ്സിലാകാത്തതുകൊണ്ടും , അവ മനസ്സിലാക്കാൻ ശ്രമിക്കാനുള്ള സമയമില്ലാത്തതുകൊണ്ടും അച്ഛനമ്മമാർ അവരുടേതായ തിരക്കുകളിൽ ജീവിച്ചു.

   ഒരുപക്ഷെ,  സമയരേഖയിൽ കൃത്യമായി രേഖപ്പെടുത്തിയപോലെ തന്നെയായിരുന്നു ഓരോ മഴക്കാലത്തും അവൾക്ക് ഉണ്ടാകാറുള്ള ജലദോഷപ്പനി .

'കുട്ടി' എന്നതിലുപരിയായ ഒരു വിശേഷണത്തിന് അവൾ അർഹയായിരിക്കണം, പക്ഷെ ജീവിച്ചിരുന്ന പന്ത്രണ്ടു  വർഷക്കാലം അവൾ പൊതുവെ വിളിക്കപ്പെട്ടിരുന്നത് അങ്ങനെയായിരുന്നു.
സ്കൂൾ രെജിസ്റ്ററിൽ അവൾക്ക് ഒരു പേരുണ്ടായിരുന്നു. ആശയ്ക്ക് വകയില്ലാത്ത വിദ്യാർത്ഥിനികളിൽ ഒരാളായിരുന്നതിനാൽ അദ്ധ്യാപകരും, അടുത്ത കൂട്ടുകാർ ഇല്ലാതിരുന്നതിനാൽ വിദ്യാർത്ഥികളും ആ പേര് അധികമൊന്നും ഉപയോഗിച്ചില്ല.

********

കുട്ടിയുടെ അസാന്നിദ്ധ്യം , സത്യത്തിൽ , ആ വൈകുന്നേരം ആരും തന്നെ ശ്രദ്ധിച്ചിരുന്നില്ല. അവൾ, പതിവുപോലെ, മുറിക്കുള്ളിൽ പുസ്തകം വായിച്ചുകൊണ്ടു കിടക്കുകയോ, തുറന്നിട്ട ജനാലയിലൂടെ വിദൂരതയിലേയ്ക്ക് നോക്കി സമയം കളയുകയോ ആണെന്ന് അമ്മ കരുതി. അച്ഛൻ അവളെപ്പറ്റി ചിന്തിച്ചതെ ഇല്ല എന്നതാണ് സത്യം. എട്ടരമണിയ്ക്ക് അത്താഴമേശയിൽ അവളെ കാണാതായപ്പോൾ മാത്രം അയാൾ നെറ്റിചുളിച്ചുകൊണ്ട് ഭാര്യയെനോക്കി. 

കുട്ടിയെ കാണാനുണ്ടായിരുന്നില്ല, എവിടെയും!

ആരെങ്കിലും അതിക്രമിച്ചു കടന്ന ഒരു സൂചനയും വീട്ടിൽ ഒരിടത്തും ഇല്ലായിരുന്നു. മകൻ മൂന്നുമണിയ്ക്ക് സ്വന്തം താക്കോൽ കൊണ്ട് വീട് തുറന്നാണ് അകത്തുകയറിയത് . താക്കോൽക്കൂട്ടങ്ങൾ മൂന്നും വാതിലുനുപിറകിലുള്ള കീ ഹോൾഡറിൽ തന്നെ തൂങ്ങുന്നുണ്ടായിരുന്നു.

വീട്ടിന്റെ മുക്കും മൂലയും , വാട്ടർ ടാങ്കുകൾ, സൺ ഷേഡിന്റെ ഇറങ്ങിച്ചെല്ലാൻ പ്രയാസമുള്ള ഭാഗങ്ങൾ, കോണിപ്പടികള്ക്ക് താഴെയുള്ള ഇരുണ്ട ചുവരലമാര , ഇവയെല്ലാം തന്നെ പരിശോധിയ്ക്കപ്പെട്ടു.

കുട്ടിയുടെ മുറി എന്നത്തേയും പോലെ അലങ്കോലമായാണ്   കിടന്നത്.   ഒരു വലിയ രഹസ്യത്തെ പൊതിഞ്ഞുവയ്ക്കുന്നതരത്തിലുള്ള ഗൂഢസ്വഭാവമുള്ള ഒന്നും അവിടെ നിന്നും കണ്ടെത്താനായില്ല. ചുവരലമാരയ്ക്ക് അഭിമുഖമായി, മേശപ്പുറത്ത്, അസാധാരണമായ പൊക്കത്തിൽ അട്ടിയായി വച്ചിരുന്ന പുസ്തകങ്ങൾ അപ്പോൾ ആരും ശ്രദ്ധിച്ചില്ല. പിറ്റേന്ന് , കുട്ടിയുടെ അലക്കിയിട്ടില്ലാത്ത വസ്ത്രങ്ങളിലൊന്ന് മണപ്പിച്ച പോലീസ് നായ  ചുവരലമാരയുടെ ഏറ്റവുംമുകളിലായുള്ള , പ്രത്യേകം വാതിലുള്ള തട്ടിലേക്ക് നോക്കിക്കുരച്ച്കൊണ്ട്,   മേശമേൽ മുൻകാലുകൾ വച്ച് നിന്നപ്പോൾ മാത്രമാണ് ആ തടിച്ച പുസ്തകങ്ങൾ വീട്ടുകാർ
കാണുന്നത്പോലും.

*********

മാസങ്ങൾക്ക് മുൻപ്, കഴിഞ്ഞ വേനലവധിക്കാലത്താണ് ഒളിച്ചിരിക്കാൻ ഒരിടം കണ്ടെത്തുക എന്ന ആശയം കുട്ടിയുടെ മനസ്സിൽ ഉടലെടുത്തത്. മുറിയുടെ വാതിലടച്ചിരിക്കാൻ കുട്ടിക്ക് അനുവാദം ഉണ്ടായിരുന്നില്ല. ശാസന ലംഘിച്ച് അവൾ അതിന് മുതിരുമോ എന്ന് കരുതിയാകണം വാതിലിന്റ്റെ ഇളകിപ്പോയ സാക്ഷ വർഷംതോറുമുള്ള അറ്റകുറ്റപ്പണികളിൽ പെടാതെ അങ്ങനെ തന്നെ നിന്നത്.


മണിക്കൂറുകളോളം അവൾ കട്ടിലിനടിയിൽ മാറാലകെട്ടിയ കട്ടിൽക്കാലുകളെ നോക്കിക്കിടന്നു. കർട്ടണുകൾക്ക് പിന്നിൽ ഒളിച്ചുനിന്നു. ഹാങ്ങറുകളിൽ  വസ്ത്രങ്ങൾ തൂക്കിയിട്ടിരിക്കുന്ന അലമാരയിൽ കാൽമുട്ടുകളെ കെട്ടിപ്പിടിച്ച് ശബ്ദമുണ്ടാക്കാതെ ഒതുങ്ങിയിരുന്നു. അവൾ ആഗ്രഹിച്ച സുരക്ഷിതത്വം അവിടെയൊന്നും അവൾക്ക് കണ്ടെത്താനായില്ല.


മുറികൾക്കിടയിലുള്ള ഇടനാഴിയോളം വീതിയിൽ നീണ്ടുകിടക്കുന്ന ചുമരലമാരയുടെ മുകളിലത്തെ തട്ടിനെ കുറിച്ച് കുട്ടി ചിന്തിച്ചു തുടങ്ങിയത് അപ്പോഴാണ്. മേശപ്പുറത്തുകയറിനിന്ന്‌ അതിന്റെ വാതിൽ തുറന്നപ്പോൾ അവൾ അതിശയിച്ചുപോയി. ഒരുമൂലയിൽ ഒതുക്കിക്കൂട്ടി വച്ചിരുന്ന കുറെ മാസികകളും ഒരു വലിയ പിത്തളപ്പെട്ടിയുമല്ലാതെ അതിനുള്ളിൽ മറ്റുസാധനങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. അവൾക്കു കാലും നീട്ടിയിരിക്കാനുള്ള വീതിയും വിസ്താരവുമുണ്ടതിന്.
എങ്ങനെ ആ തട്ടിലേക്ക് കയറും എന്നതായി അടുത്ത പ്രശ്നം. മേശപ്പുറത്തു കസേരകയറ്റിവച്ച് ചുമരലമാരയുടെ താഴെയുള്ള തട്ടുകളിൽ ചവിട്ടിയാണ് അവൾ ആദ്യമായി തന്റെ ഒളിസങ്കേതത്തിലേക്ക് കയറിയത്. പഴയ പത്രക്കടലാസ്സുകൾ കൊണ്ട് പൊടിതട്ടി, കളയാനിട്ട കിടക്കവിരി വിരിച്ച് അവൾ അവിടം വൃത്തിയാക്കിയെടുത്തു. വാതിൽ ചേർത്തടച്ചാൽ തട്ടിനുള്ളിൽ കൂരിരുട്ടാണ്. അടുക്കളയിൽനിന്നും കണ്ടെടുത്ത മെഴുകുതിരികളിലൊന്ന് പിത്തളപ്പെട്ടിയുടെമുകളിൽ കത്തിച്ചുവച്ചപ്പോൾ അവിടം ഏറ്റവും ഹൃദ്യവും വിശുദ്ധവുമായ വെളിച്ചംകൊണ്ട് ശോഭാമയമായി. കുട്ടിയ്ക്ക് അതിയായ സന്തോഷം തോന്നി, കൈകൾ കൂട്ടിയടിച്ച് പൊട്ടിച്ചിരിച്ചാൽ ശബ്ദം മുറിയ്ക്ക് വെളിയിൽ പോകുമോ എന്ന് ഭയന്നതുകൊണ്ടുമാത്രം അവൾ അത് ചെയ്തില്ല.


മേശപ്പുറത്തുകയറ്റിവച്ച കസേര കണ്ടുപിടിക്കപ്പെടുമെന്ന് ഭയന്നാകാം , കുട്ടി, ക്രമേണ തടിച്ച പുസ്തകങ്ങൾ   അടുക്കിവച്ച്  , അതിൽ ചവിട്ടി തൻറെ രഹസ്യസങ്കേതത്തിലേക്ക് കയറാൻ ആരംഭിച്ചത്. ആ ചെറിയ അറയ്ക്കുള്ളിൽ, ഭിത്തിയിൽ ചാരി   കാലും നീട്ടി ഇരിക്കുമ്പോൾ  താൻ തികച്ചും  സുരക്ഷിതയാണെന്ന് അവൾക്ക് തോന്നി. മെഴുകുതിരിയുടെ അരണ്ട വെളിച്ചം അവൾക്കുചുറ്റും ഒരു അത്ഭുതലോകമൊരുക്കി. നിഴലുകൾ, ആ ചെറിയ ജ്വാലയുടെ നേർത്ത ചലനങ്ങൾക്ക് അനുസൃതമായി  അവയുടെ അവ്യക്തമായ ബാഹ്യരേഖകൾ മാറ്റിവരച്ചു. ചിലന്തിവലകളുടെ ഏറ്റവും നേർത്ത ഇഴകൾ, പ്രകാശരശ്മികളിൽനിന്നും വർണ്ണങ്ങൾ കണ്ടെടുത്തു. പൊടിപടലങ്ങൾ, പ്രകാശസ്തൂപങ്ങളിലൂടെ  അസംഖ്യം നേർരേഖകളായി  അനസ്യൂതം ചലിച്ചുകൊണ്ടിരുന്നു .
ഇവയോരോന്നും കുട്ടിയെ തൻറ്റെ സാധാരണത്വത്തെ ഓർമ്മിപ്പിച്ചു. അവൾക്ക് എന്തുകൊണ്ടോ അപ്പോൾ അതിൽ ദുഃഖം തോന്നിയില്ല. എങ്ങോട്ടെന്നറിയാതെ പ്രയാണം തുടരുന്ന ധൂളീപടലങ്ങൾക്കുപോലും അത്യന്തം വശ്യമായ ഒരു നിഗൂഢതയുണ്ടെന്ന് അവൾ മനസ്സിലാക്കിവരികയായിരുന്നു. ഇത്തരം ചിന്തകൾ തൻറ്റെയുള്ളിൽ അതിമധുരവും എന്നാൽ വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ ആകാത്തതുമായ ഒരു സംഗീതം നിറയ്ക്കുന്നതായി അവൾക്ക്  തോന്നി .

മുൻപെല്ലാം, തുറന്നിട്ട ജനാലയിലൂടെ കാണാനാകുന്ന  ആകാശത്തിന്റെ  ചെറിയ ചതുരത്തിലേക്ക് നോക്കുമ്പോൾ ഇത്തരം ഒരു വികാരം തന്നെ കീഴടക്കുന്നതായി കുട്ടിക്ക്  തോന്നാറുണ്ടായിരുന്നു. തൻറെയുള്ളിൽ നിറയുന്ന ഈണങ്ങൾ വരികളാക്കുവാനും അവ മൂളുവാനും അവൾ അതിയായി ആഗ്രഹിച്ചു.  എന്നാൽ വാക്കുകൾ അവളിൽനിന്നും വഴുതിപ്പോയി.  ഭയം അവളെ പിൻതുടരാൻ തുടങ്ങിയതിനുശേഷമാവട്ടെ,  ഏകാന്തതയുടെ  ഇത്തരം സ്വച്ഛമായ  നിമിഷങ്ങൾപോലും അവൾക്ക് ആസ്വദിക്കാനാകാതെ പോയി.

എന്താണ് ഭയം? എന്തിനോടാണ് ഭയം? അവളോട്  ചലിക്കുന്ന നിഴലുകൾ   ചോദിച്ചു!

ഒളിച്ചിരിക്കാൻ ഒരു സ്ഥലം കണ്ടെത്തുക എന്നത് വെറുമൊരു ആശയം മാത്രമായിരുന്നില്ല അവൾക്ക്, ഏറ്റവും വലിയ ആവശ്യം തന്നെ ആയിരുന്നു.

***********

പുസ്തകം വായിച്ചുകൊണ്ട് ഉറങ്ങിപ്പോയ ഒരു വൈകുന്നേരമാണ് തന്റെ ശരീരത്തിലൂടെ ഇഴയുന്ന സർപ്പങ്ങളെ കുട്ടി ആദ്യമായി കാണുന്നത്. വല്ലാത്തൊരു നടുക്കത്തോടെ ഞെട്ടിയുണർന്നപ്പോളാണ് അവ സർപ്പങ്ങളല്ല ,  രണ്ടു കൈകളാണ് എന്ന് അവൾ മനസിലാക്കിയത്. 'ഈ സമയത്ത് കിടന്നുറങ്ങുന്നത് എന്തിനാണ് ?' എന്ന് അല്പമൊരു ജാള്യതയോടെ ചോദിച്ച് , അവളുടെ സഹോദരൻ തിടുക്കത്തിൽ ആ മുറി വിട്ടുപോയി.

എന്താണ് സംഭവിച്ചത്? ഓർമ്മവച്ചകാലം മുതൽ തന്നെ അല്പം പോലും ഗൗനിച്ചിട്ടില്ലാത്ത സഹോദരൻ, താൻ വൈകുന്നേരം ഉറങ്ങുന്നതെന്തിനാണെന്നറിയാൻ വന്നതാണെന്ന് കുട്ടിയ്ക്ക് വിശ്വസിക്കാനായില്ല. ഒരിക്കലും അവൾ ആ വീട്ടിൽ ജീവിച്ചുവരുന്നതായിപ്പോലും ആ ചെറുപ്പക്കാരൻ അറിഞ്ഞതായി കാണിച്ചിട്ടില്ല. അത്താഴമേശയിൽ  അവൾ ഇരുന്നിരുന്നതുപോലും  അയാളിൽനിന്നും ദൂരെ മാറിയാണ്, ഒരിയ്ക്കലും അയാളും, അച്ഛനമ്മമാരും ആയുള്ള സംഭാഷണങ്ങളിലൊന്നും അവൾ ഭാഗമാകാൻ ധൈര്യപ്പെട്ടില്ല , തന്റെ സാമീപ്യം പോലും അവരെ അലോസരപ്പെടുത്തുമോ എന്ന് അവൾ സംശയിച്ചിരുന്നു.

പിന്നീടും പല തവണ  അവൾ ഉറക്കത്തിൽനിന്നും ഞെട്ടിയുണർത്തപ്പെട്ടു.  കുട്ടിയ്ക്ക് ഉറങ്ങാൻ ഭയമായി തുടങ്ങി.
ഒരാൾ താൻ ഉറങ്ങിക്കിടക്കുമ്പോൾ തന്നെ  സ്പർശിക്കാൻ ശ്രമിക്കുന്നത് എന്തിനാകണം?  എന്തായാലും സ്നേഹം കൊണ്ടാകാനിടയില്ല, എന്ന് കുട്ടി ഉറപ്പിച്ചു. അതുകൊണ്ടാകണം വേനലവധിക്കാലം  കഴിച്ചുകൂട്ടാൻ ഒളിച്ചിരിക്കുകയല്ലാതെ മറ്റുവഴിയില്ല എന്ന് അവൾക്കു തോന്നിയത്.

ഏറ്റവും സ്വഭാവമഹിമയുള്ളവനെന്ന് എല്ലാവരാലും വാഴ്ത്തപ്പെട്ടവനായ സഹോദരൻ തന്നോട് എന്തുകൊണ്ട് ഏറ്റവും ഹീനമായി പെരുമാറി എന്ന് കുട്ടിക്ക് മനസ്സിലാക്കാനായിരുന്നില്ല. സത്യത്തിൽ സഹോദരൻ എന്ന വാക്കിന്റെ അർത്ഥം എന്താണ്? ഒരു ഉദരത്തിൽ നിന്നുണ്ടായി എന്നതിലപ്പുറം ഒരർത്ഥം അതിനുണ്ടോ ?  

കുട്ടിയുടെ ഭാവനയിൽ,  അവൾ നാസികളിൽനിന്ന് ഒളിച്ചുകഴിയുന്ന ജൂതപ്പെൺകുട്ടിയായിരുന്നു.  അല്ലെങ്കിൽ അജ്ഞാതവാസക്കാലത്തെ പാണ്ഢവരിലൊരാൾ.  അതുമല്ലെങ്കിൽ അടിമച്ചങ്ങല പൊട്ടിച്ച് ഓടിയ കറുത്ത വർഗ്ഗക്കാരി. 'കാലൊച്ച കേൾക്കുന്നുണ്ടോ?' അവൾ നിഴലുകളോട് ചോദിക്കാറുണ്ടായിരുന്നു. 'നമ്മുടെ രഹസ്യകേന്ദ്രം സുരക്ഷിതമല്ലേ? വാതിലുകൾ മുഴുവൻ അടഞ്ഞിട്ടില്ലേ?'

മാസങ്ങളോളം, എത്രയോ തവണ അടയ്ക്കുകയും തുറക്കുകയും ചെയ്തിട്ടുള്ള ആ ചെറിയ വാതിൽ , അന്നുമാത്രം എന്തുകൊണ്ട് കുട്ടിയ്ക്ക് അകത്തുനിന്നും തള്ളിത്തുറക്കാനാകാത്തവിധം അടഞ്ഞുപോയി എന്നത് ഒരു പ്രഹേളിക തന്നെയാണ്. ജീവിച്ചിരുന്നുവെങ്കിൽ , ഒരുപക്ഷെ  വിശ്വാസമില്ലായ്മയും, ഭയവും വാർദ്ധക്യത്തിൽ പോലും അവളെ വിട്ടുപോകില്ലായിരിക്കാം. ജീവിതത്തിന്റെ ഓരോഘട്ടത്തിലും പരാജയം മാത്രമാവാം വിധി അവൾക്കായി കരുതിയേക്കാവുന്നത്.

അല്ലെങ്കിൽ വിദൂരതയിലെപ്പോഴെങ്കിലും , ജീവിതം അവളോട് കനിവ് കാണിക്കുമായിരുന്നിരിക്കാം . തന്റെയുള്ളിൽ മുഴങ്ങുന്ന അജ്ഞാതസംഗീതം അവൾ എപ്പോഴെങ്കിലും തിരിച്ചറിയുമായിരുന്നിരിക്കാം. വാക്കുകൾ, വഴുതിപ്പോകാതെ, നിർഗളമായ ഒരു പ്രവാഹമായി, ചെളിയിൽനിന്നും പായൽകൂട്ടത്തിൽ നിന്നും അകലെ  അവളെ കൊണ്ടുപോകുമായിരുന്നിരിക്കാം.

*****

നടുക്കം മാറിക്കഴിഞ്ഞപ്പോൾ അച്ഛനമ്മമാർ നാണക്കേടിനെ കുറിച്ചോർത്തുമാത്രം കരഞ്ഞു, മകന്റെ മുടങ്ങിപ്പോയ പരീക്ഷയെ കുറിച്ചോർത്ത് ആവലാതിപ്പെട്ടു. പിന്നീടും ഘടികാരങ്ങൾ ശബ്ദിക്കുകയും, അവയ്‌ക്കൊത്ത് അവരുടെ അവരുടെ ജീവിതം മുന്നോട്ട് പോകുകയും ചെയ്തു.
















Sunday, June 7, 2020

അവിചാരിതമായി ഇത് എന്റെ കയ്യിലെത്തി.




Wednesday, May 6, 2020

കഥയില്ല തെല്ലുമീ കഥനത്തിലേതുമെൻ
കദനങ്ങളാണതിന്നുള്ളടക്കം.
പറയുവതേറ്റം കഠിനമെന്നാകിലും
പറയാതിരിക്കുവതെങ്ങനെ ഞാൻ!

'വിരിയും പ്രഭാതമൊരിക്കലെൻ ജീവനിൽ!'
വെറുതെ നിനച്ചു ഞാനെത്രകാലം!
നിറയുമനന്തമാമിരുളിലും തേടി ഞാൻ
നിരവദ്യസൗന്ദര്യമൊന്നുമാത്രം!

കൽപനയില്ലിനി, ഇല്ലിനിക്കൗതുകം
കഠിനമാം സത്യത്തിൻ കണ്ണുകെട്ടാൻ.
കാണാതെപോകില്ല ലോകമിനിയും,ഞാൻ
കാലങ്ങളായി കരഞ്ഞകാര്യം.




Thursday, April 30, 2020

യുദ്ധകാലത്തെ കുട്ടികൾ - വരയൻ പൈജാമ ധരിച്ച ആൺകുട്ടി

ഐറിഷ് എഴുത്തുകാരനായ John Boyneയുടെ The boy in striped pyjamas എന്ന നോവൽ വിചിത്രമായ ഒരു സൗഹൃദത്തിൻറ്റെ കഥയാണ്. ഒരു വേലിക്കപ്പുറവും ഇപ്പുറവും ആയിനിന്ന് സംസാരിക്കുന്ന രണ്ടുകുട്ടികൾ, ഒരാൾ ആസ്ഷ്വിട്സിലെ തടവുകാരൻ, മറ്റേയാൾ , ആ തടവുകേന്ദ്രത്തിൻറ്റെ മേധാവിയുടെ മകൻ,  അവർക്കിടയിലുള്ള ലോഹക്കമ്പികളിലൂടെ കടന്നുപോകുന്നത് ആറായിരം വോൾട്ട് വൈദ്യുതിയും.
ഇത്തരം ഒരു സൗഹൃദം യഥാർത്ഥത്തിൽ സാധ്യമായിരുന്നോ എന്നത് സംശയം തന്നെയാണ്. തികച്ചും സാങ്കൽപ്പികമായ ഒരു കഥയിൽ സാങ്കൽപ്പികമായ സാഹചര്യങ്ങൾ ഉണ്ടാകുന്നത് സാധാരണമാണല്ലോ.

ബ്രൂണോയുടെ അച്ഛൻ ഫ്യൂററുടെ വിശ്വസ്തനായ പട്ടാളമേധാവികളിൽ ഒരാളാണ്. ഏറ്റവും പ്രധാനമായ ഒരു ജോലിയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. ബെർലിനിലെ വീടും സ്കൂളും  ബ്രൂണോയ്ക്ക് പ്രിയപ്പെട്ടവ തന്നെയായിരുന്നു. എങ്കിലും നിശബ്ദനായി പെട്ടികൾപൂട്ടി, ദിവസങ്ങൾ യാത്രചെയ്ത് അവനും പോരേണ്ടിവന്നു. തങ്ങളുടെ വണ്ടിയ്ക്ക് സമാന്തരമായി സ്റ്റേഷനിൽ നിന്ന മറ്റൊരു തീവണ്ടിയിൽ ആളുകളെ തിക്കിക്കയറ്റുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.

കുന്നിൻമുകളിലെ പുതിയ വീട്ടിലെ ഏകാന്തത അവനെ വിഷാദനാക്കുന്നു. പതിമൂന്നുകാരിയായ ചേച്ചിക്ക് അവനോടൊപ്പം കളിക്കാൻ താത്പര്യമില്ല.
അവൾ അച്ഛൻറ്റെ കീഴ്ജീവനക്കാരനായ യുവാവിനോട് കളിതമാശ പറഞ്ഞു സമയം ചിലവഴിച്ചു.

ജനാലയിലൂടെ കുന്നിൻമുകളിലുള്ള കുടിലുകളും, അവയ്ക്ക് ചുറ്റുമുള്ള ഇരുമ്പുവേലിയും , വേലിയ്ക്കുള്ളിൽ തിരക്കിട്ട് ജോലിചെയ്യുന്ന വരയൻ പൈജാമ ധരിച്ച ആളുകളും അവൻറ്റെ ജിജ്ഞാസയെ ഉണർത്തുന്നു.

ഒരു ദിവസം ഉച്ചയ്ക്ക് ആ സ്ഥലം സന്ദർശിക്കുവാൻ ബ്രൂണോ തീരുമാനിക്കുന്നു.  അങ്ങനെയാണ് അവൻ  ഷ്മുവലിനെ പരിചയപ്പെടുന്നത്. ഷ്മുവലിന്റ്റെ അച്ഛന്  വാച്ചുകൾ നന്നാക്കുന്ന ജോലിയായിരുന്നു. കുടുംബത്തോടൊപ്പം യാതനകൾ സഹിച്ച് ദിവസങ്ങൾ യാത്രചെയ്താണ് ഷ്മുവൽ അവിടെ എത്തപ്പെട്ടത്.

ഷ്മുവലിന് എപ്പോഴും വിശപ്പാണ്.  വീട്ടിൽനിന്നും റൊട്ടിയും മറ്റും കട്ടെടുത്ത് ബ്രൂണോ ഷ്മുവലിന് നൽകുന്നു.
' നീ ഭാഗ്യവാനാണ്. നിനക്ക് കൂട്ടുകാർ ഉണ്ടല്ലോ. ' യാഥാർത്ഥ്യം എന്താണെന്നറിയാത്ത ബ്രൂണോ
 ഷ്മുവലിനോട് പറയും.
'ഞങ്ങൾ കളിക്കാറൊന്നും ഇല്ല!' ബ്രൂണോ ദുഃഖിതനായി മറുപടി  പറയും.

അനവധി മധ്യാഹ്നങ്ങൾ കുട്ടികൾ വേലിക്ക് ഇരുവശങ്ങളിലുമായി കഴിച്ചുകൂട്ടുന്നു. ക്രമേണ ബ്രൂണോ തൻറ്റെ പഴയ കൂട്ടുകാരെ മറന്നു. പുതിയ താമസസ്ഥലം അവന് ഇഷ്ടമായി തുടങ്ങി.

മാസങ്ങൾക്ക് ശേഷം, ഒരിക്കൽ,  തൻറ്റെ അച്ഛനെ കാണാനില്ല എന്ന് ഷ്മുവൽ പറയുന്നു. താൻ വായിച്ച അപസർപ്പകനോവലിലെന്നപോലെ അടയാളം നോക്കി തുമ്പുണ്ടാക്കി ആ പ്രഹേളിക ദുരീകരിക്കുന്നതിനായി, ബ്രൂണോ വേലിയിലുള്ള വിടവിലൂടെ അപ്പുറത്തെത്തുന്നു. ഷ്മുവൽ കൊടുത്ത വരയൻ പൈജാമ ധരിച്ചപ്പോൾ ബ്രൂണോയെ ആർക്കും തിരിച്ചറിയാൻ ആകാതെയായി.

മണിക്കൂറുകൾ കഴിഞ്ഞിട്ടും ഷ്മുവലിൻറ്റെ അച്ഛനെ കണ്ടെത്താൻ കുട്ടികൾക്ക് കഴിയുന്നില്ല. പട്ടാളക്കാർ ഒരുകൂട്ടം മെലിഞ്ഞ മനുഷ്യരെ ഓടിച്ചുകൊണ്ട് വരികയാണ്. പെരുംമഴയിൽ , ആ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾ എങ്ങോട്ടോ നീങ്ങുന്നു. ഒടുവിൽ പടികളിറങ്ങി അവരെത്തുന്നത് അടച്ചുറപ്പുള്ള ഒരു ഇരുണ്ട  മുറിയിലാണ്.   വാതിലുകൾ അടയ്ക്കപ്പെട്ടപ്പോൾ  ബ്രൂണോ ഷ്മുവലിൻറ്റെ കയ്യിൽ മുറുക്കെ പിടിച്ചു.

ബ്രൂണോയെ പിന്നീട് ആരും കണ്ടിട്ടില്ല. അമ്മയും ചേച്ചിയും അവനെ ഓർത്തു കരഞ്ഞു. വേലിക്കരികെ നിന്ന് അവൻറ്റെ വസ്ത്രങ്ങൾ കണ്ടെടുത്ത അച്ഛൻ സംഭവിച്ചത് എന്താണ് എന്ന് ഊഹിക്കുന്നു.

ചരിത്രവസ്തുതകളെ സംഭവിച്ചിരിക്കാനിടയില്ലാത്ത വിധം പ്രതിപാദിക്കുന്നു എന്ന ആക്ഷേപം ഈ പുസ്തകത്തിനും അതേപേരിലുള്ള ചലച്ചിത്രത്തിനുമുണ്ട്.







Sunday, April 26, 2020

അരികത്തിരിക്കാതെ, മിഴികളിൽ നോക്കാതെ,
പ്രിയമെത്രമേലെന്നു ചൊല്ലാതെ, കേൾക്കാതെ,
കൈകൾകൊരുക്കാതെ, നെഞ്ചോടുചായാതെ
 പിരിയാതിരിക്കട്ടെ രാത്രിയും തിങ്കളും.







Saturday, March 21, 2020

അടഞ്ഞ വാതിലിൻ താക്കീതിനപ്പുറം
ഒഴിഞ്ഞ പാതതൻ മൗനം വിതുമ്പവേ,
തുറന്ന ജാലകപ്പാളിയിലൂടെയീ
നനഞ്ഞ രാത്രിതൻ നിശ്വാസമേൽപ്പുഞാൻ.
കഴിഞ്ഞ കാലമെൻ കൺമുമ്പിലെന്തിനോ
കൊഴിഞ്ഞപൂക്കളാൽ പൂച്ചെണ്ടുതീർക്കവേ,
മറന്ന വാക്കിന്റെ നൊമ്പരം വീണ്ടുമെൻ 
നിറഞ്ഞ കൺകളിൽ ചേർത്തുവയ്ക്കുന്നു ഞാൻ.


Thursday, February 20, 2020

മിഴികളന്നാദ്യം കൊളുത്തിയ തീപ്പൊരി 
ആളിപ്പടർന്നൊരു കാട്ടുതീയായതും ,
അതുതീർത്ത ജ്വാലകൾക്കിടയിലെൻ ഹൃദയമി-
ന്നൊരു പിടിച്ചാരമായ് മണ്ണിലടിഞ്ഞതും,
ഒരു കനൽകാറ്റിന്റെ നിശ്വാസമായതീ
വിണ്ണിന്റെ മാറിലലഞ്ഞു കുഴഞ്ഞതും ,
അറിയാതെ പോകയോ അകലെയെൻ ജീവന്റെ
സ്‌പന്ദനം കാതോർത്തു നിൽക്കുന്ന താരകം . 

Saturday, January 4, 2020

വീണ്ടും പ്രഭാതമീ വിണ്ണിന്റെ മാറിലായ്
ചെമ്പനിനീരിൻ മുകുളങ്ങൾ ചാർത്തവേ ,
മറയുന്ന രാത്രിതൻ പ്രാർത്ഥന മണ്ണിലി
ന്നായിരം നീഹാരബിന്ദുക്കൾ തീർക്കയായ് !

നിമിഷങ്ങൾ നെയ്യുന്ന ജാലത്തിലീവിധം
വർഷങ്ങൾ പായുന്നതറിയാതെ പോയി ഞാൻ !
എങ്കിലുമുള്ളിൽ നിറയുന്ന നൊമ്പരം
ചുണ്ടിലിന്നെന്തിനോ പ്രാർത്ഥനാഗീതമായ് !