Wednesday, June 29, 2016

കാലമെന്നെക്കളിപ്പന്തുതട്ടിയി
ന്നേതു ദിക്കിലേക്കറിയില്ലതെങ്കിലും
എത്ര  ഭാഷയെൻ  ചുണ്ടിൽ വിറങ്ങലി
ച്ചിന്നു തേങ്ങലായ് മാറിയെന്നാകിലും
മൂടുവാൻ എനിയ്ക്കാകുമോ ജീവനിൽ
വേരുറച്ചാതാമീ നൽ കിനാക്കളെ
എത്രനാളും തുടരുമെൻ ചേതന
പ്രാണനർപ്പിച്ചുകൊണ്ടീയുപാസന
കീഴടങ്ങുമീ ദൂരങ്ങളൊക്കെയും
ഏതൊരാഴിതൻ അപ്പുറത്തെങ്കിലും
 

Tuesday, June 21, 2016

അവളുടെ പേര് നിധി എന്നാണ്. തനിച്ചുകിടന്ന് കളിക്കാൻ തനിക്ക് മനസില്ല എന്ന മട്ടിലാണ് ഈയിടെ ആയി അവൾ. അതുകൊണ്ടുതന്നെ എന്തെഴുതണം  എങ്ങനെ എഴുതണം എന്ന ചോദ്യങ്ങൾക്ക് ഒപ്പം എപ്പോൾ എഴുതണം എന്നതും ഉത്തരമില്ലാതെ കിടക്കുന്നു.

എങ്കിലും കഥകൾ മുഴുമിക്കപ്പെടുകതന്നെ ചെയ്യും. കാലം എല്ലാ സമസ്യകൾക്കും ഉത്തരം കണ്ടെത്തും..

എന്നിൽ നിന്ന് ഉണ്ടായതാണ് അവൾ, എങ്കിലും അവൾക്ക് എന്നെ അറിയില്ല. എന്നെങ്കിലും, ഒരുപക്ഷേ ഞാനില്ലാത്ത ഒരുകാലത്ത് എന്നെ കുറിച്ചറിയാൻ അവൾ ആഗ്രഹിക്കുക ആണെങ്കിൽ , ഇതെല്ലാം അവൾ വായിക്കാൻ ഇടയാകട്ടെ. ഈ ഭാഷ അവൾക്ക് (അവനും) അന്യമാകാതിരിക്കട്ടെ..

ഇതൊന്നും മാഞ്ഞുപോകാതിരിക്കട്ടെ . ഇത് നിലനിൽക്കട്ടെ.. എന്നും.

Wednesday, June 15, 2016

ഓർക്കിലെത്ര വിചിത്രമീ യാത്രയീ
വഴി മറന്നിങ്ങുഴറിടുന്നൂ ചിലർ
ലക്ഷ്യമെങ്ങെന്നറികയില്ലെങ്കിലും
വെറുതെ മത്സരിച്ചോടിടുന്നൂ ചിലർ

ഇരുളിലെന്തോ തിരഞ്ഞിടുന്നൂ ചിലർ
വെറുതെയെങ്ങോ അലഞ്ഞിടുന്നൂ ചിലർ
ഹൃദയമെങ്ങൊ മറന്നുവച്ചെന്നപോൽ
വഴിയിൽ വീണുവിതുമ്പിടുന്നൂ ചിലർ

ഒടുവിലീ വഴിക്കാഴ്ച്ചകൾ മാഞ്ഞിടും
തരളമേതുമന്നിരുളായ് മറഞ്ഞിടും
നിഴലിലെന്നെ തിരിച്ചറിഞ്ഞീടുമോ
വഴിയിലെങ്ങും തിരഞ്ഞൊരാ സാന്ത്വനം.

Monday, June 6, 2016

മറയുമീ പകലെത്ര കഠിനമെന്നാകിലും
ഇനിയുള്ള രാവെത്ര നീണ്ടതാണെങ്കിലും
പുലരാതിരിക്കില്ല നേരമെന്നെങ്കിലും
പുതുമയുടെ സൂര്യന്റെ കനിവിനാൽ, കൺമണീ.
അതുവരെ, കനവുകണ്ടീടുകെൻ കണ്മണീ,
പാടിടാം ഞാൻ, നീയുറങ്ങുകെൻ കണ്മണീ