Tuesday, December 27, 2016

ഉറക്കഗുളിക വിഴുങ്ങി, ഇനി ഉണരാത്തത് എന്ന് അവൾ കരുതിയ ഉറക്കത്തിലേക്ക് വഴുതി വീഴും മുൻപ് എന്റെ സ്നേഹിത കണ്ടത് അവളുടെ മകളുടെ മുഖമാണ്. വിശക്കുന്നു എന്ന് കുഞ്ഞുപറഞ്ഞപ്പോൾ മറ്റേതോ ലോകത്തുനിന്ന് എന്നപോലെയാണ് അവൾ അത് കേട്ടത്. കേട്ടുകഴിഞ്ഞ ഒരു കഥപോലെ ജീവിതം അവൾക്കുമുന്നിൽ മിന്നിപ്പാഞ്ഞുവത്രേ...

തനിക്ക് വിഷാദരോഗമാണ് എന്ന് അവൾ പറയാറുണ്ട് , പലപ്പോളും.. മരുന്ന് കഴിക്കാതെ ജീവിക്കാനാവില്ല എന്നും

വിഷാദം  ശരിക്കും ഒരു രോഗം ആണോ? ജീവിതം കൈപ്പിടിയിൽ നിൽക്കാതെ ആകുമ്പോൾ സങ്കടപ്പെടാനുള്ള അവകാശം നമുക്കില്ലേ. മരുന്നുകഴിച്ച് പൊട്ടിച്ചിരിക്കുക എന്നതാണോ ശരി?

ഞാനും കരയാറുണ്ട് പ്രത്യക്ഷത്തിൽ കാരണമൊന്നുമില്ലാതെ. ഈ കണ്ണുനീർ എന്റെ അവകാശമാണെന്ന് ഞാൻ കരുതുന്നു.

Wednesday, December 7, 2016


The gorgeous Vidya Balan. As Geeta Bali, in Bhagwan dada biopic.

 
ഈയ്യിടെ ഏതോ മലയാളം ചാനലിൽ പത്തുപതിനഞ്ചുവർഷംമുൻപ് കുറെ സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള ഒരു മുപ്പത്തഞ്ചുകാരിയുമായുള്ള അഭിമുഖം കണ്ടു. " നിങ്ങൾ ഇപ്പോഴും പഴയപോലെ സുന്ദരിയാണല്ലോ, നിങ്ങൾ തടി വച്ചിട്ടില്ലല്ലോ " അവതാരകൻ വീണ്ടും വീണ്ടും ചോദിച്ചികൊണ്ടിരുന്നു. നടി താൻ മെലിഞ്ഞത് എങ്ങനെ എന്ന് വീണ്ടും വീണ്ടും വിരസതയോടെ വിവരിച്ചു.

 തന്റെ പഴയകാലവേഷങ്ങളെ കുറിച്ചോ അഭിനയമുഹൂർത്തങ്ങളെ കുറിച്ചോ സംസാരിയ്ക്കാനായിരിക്കണം അവർ ആഗ്രഹിച്ചിരുന്നത്. മുപ്പത്തഞ്ചുവയസുകഴിഞ്ഞ ഒരു സ്ത്രീയുടെ ഏറ്റവും വലിയ നേട്ടം തടിവയ്ക്കാത്തതാണോ ..

ഇനി മറ്റൊരു നടിയെ പറ്റി പറയട്ടെ.

പണ്ട്, 92 ൽ, തിരുവനന്തപുരത്ത് കുട്ടികളുടെ ചലച്ചിത്രോത്സവം നടന്നപ്പോൾ ഏറ്റവും നല്ലസിനിമ തെരഞ്ഞെടുക്കാനുള്ള കുട്ടികളുടെ ജൂറി ചെയർ പേഴ്സൺ മഞ്ചു വാര്യർ എന്ന ഒമ്പതാം ക്ലാസ്സുകാരിയായിരുന്നു. മുടി ഇരുവശവും പിന്നിയിട്ട ആ മെലിഞ്ഞകുട്ടിയുടെ ഫോട്ടോ പാത്രത്തിൽ കണ്ടത് ഞാൻ ഓർക്കുന്നു. സ്‌കൂൾ കലോത്സവങ്ങളിൽ തിളങ്ങിയ ആ കുട്ടി പിന്നീട് നടിയായി. അവരുടെ പല സിനിമകളും ഞാൻ കൂട്ടുകാരികളോടൊപ്പം പോയികണ്ടിട്ടുണ്ട്.
പക്വതയുള്ള വേഷങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്യുമ്പോളും അവർ മനസ്സുകൊണ്ട് ഒരു കുട്ടി മാത്രമായിരിക്കണം. " ആ പാട്ടുകേട്ട് ഞാൻ താളം പിടിച്ചു തലകുലുക്കിയപ്പോൾ സാർ പറഞ്ഞു , ഇതു നല്ല സ്റ്റെപ് ആണല്ലോ .." എന്നൊക്കെ അവർ അക്കാലത്ത്  അഭിമുഖങ്ങളിൽ പറഞ്ഞതായി ഞാൻ ഓർക്കുന്നു .

ഒരിടവേളയ്ക്കുശേഷം സിനിമയിൽ തിരിച്ചെത്തിയ മഞ്ചു വാര്യർ രൂപം കൊണ്ട് മാത്രമല്ല മാറിയത്. അവർ കൗമാരക്കാരി ആയിരുന്നില്ല, ബുദ്ധിമതിയായ ഒരു സ്ത്രീ ആയി വളർന്നിരുന്നു.
ഒരു ദാമ്പത്യത്തിന്റെ ഉള്ളുകള്ളികൾ വിശകലനം ചെയ്യാൻ പുറംലോകത്തിന് അവകാശമില്ല എന്ന് ഞാൻ കരുതുന്നു. എങ്കിലും മഞ്ചു വാര്യർ ഒരു പ്രതിഭയായിരുന്നു. അവർക്ക് വെറുതെ നഷ്ടപ്പെട്ടത് വിലപ്പെട്ട വർഷങ്ങളാണ് . 
എന്നാത്മദീപമേ  , വേപഥു പൂണ്ടൊരെ-
ന്നുൾത്തടം നീയുമറിവതില്ലേ !
പൊരുൾ തേടിയലയുമെൻ വരികളിലുയിരായി
നിൻ ദിവ്യദീപ്തിയുണരുകില്ലേ ..

Thursday, December 1, 2016

അവളുടെ ഉച്ചയുറക്കത്തിന്റെ , ചെറിയ ഇടവേളകാലിലാണ് ജീവിതം മുന്നോട്ടു പോകുന്നത് . കണ്ണടച്ച്, ക്ളോക്കിന്റെ താളക്രമമായ ശബ്ദം കേട്ടുകൊണ്ട്  ഞാൻ മറ്റേതോ ലോകത്താണ് എന്ന് ചിന്തിയ്ക്കാൻ ശ്രമിക്കുന്നു.
പൂപ്പൽ പിടിച്ച അരമതിലുകളെയും അവയ്ക്കരികിൽ വളർന്നുനിൽക്കുന്ന ശീമക്കൊന്നകളെയും കണ്മുന്നിലെന്നവണ്ണം കാണുന്നു. 

നട്ടുച്ചയുടെ നിശബ്ദത എനിയ്ക്ക് ഏറെ ഇഷ്ടമാണ്. അത് സത്യത്തിൽ നിശബ്ദതയല്ല , താളക്രമമായ ശബ്ദങ്ങളുടെ കൂടിച്ചേരലാണ്. അതിൽ ഒരു അജ്ഞാത സംഗീതം നിറഞ്ഞുനിൽക്കുന്നു. അതിന്റെ ലാളിത്യം  വാക്കുകൾക്ക് പകർത്തുവാൻ ആകാത്ത ഒന്നാണ്. ഏറ്റവും ലളിതമായ ഒന്നിന്റെ സൗന്ദര്യം വർണ്ണിയ്ക്കുക വാസ്തവത്തിൽ അസാദ്ധ്യമല്ലേ ..

ഞാൻ ജീവിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു. വാക്കുകളെ വർണ്ണങ്ങളാക്കി ചിത്രം വരയ്ക്കാൻ ആഗ്രഹിയ്ക്കുന്നു. ഈണത്തിൽ വരികളുണ്ടാക്കാൻ ആഗ്രഹിയ്ക്കുന്നു. സാഹിത്യസപര്യ എന്നൊന്നും പറയുവാൻ ആകില്ല . ഇത് വാസ്തവത്തിൽ ഒരു ജീവിതരീതിയല്ലേ . ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന  ജീവിതത്തോടുള്ള  പ്രണയം. അതിൽ പരാജയങ്ങൾ  ഉണ്ടോ?