നന്ദുവിന്റെ ക്ലാസ് മുറി സ്ഥിതിചെയ്തിരുന്ന മൂന്നുനില കെട്ടിടത്തിനു പിറകിലായി, വളർന്നുവരുന്ന പതിനൊന്ന് തേക്കുമരങ്ങൾ ഉണ്ടായിരുന്നു. ചെറിയ കളിസ്ഥലത്തിന്റെ അറ്റത്തായി, കാവൽക്കാരെപോലെ, പരസ്പരം കൃത്യമായ രണ്ടുമീറ്റർ അകലം സൂക്ഷിച്ച് , ഇളംപച്ചക്കുടകൾചൂടി അവ പ്രൗഢിയോടെ നിന്നു. മൂന്നാം നിലയുടെ പിറകുവശത്തെ വരാന്തയിൽനിന്നുനോക്കുമ്പോൾ കൃത്യമായ അകലം പാലിച്ച് പറന്നുപോകുന്ന മാന്ത്രികപരവതാനികളാണ് ഈ ഇലപ്പച്ചകളെന്ന് നന്ദുവിന് തോന്നാറുണ്ടായിരുന്നു. ചിലപ്പോളൊക്കെ അവൾ ആ പരവതാനികൾക്കുമുകളിൽ അറബിക്കഥകളിലെ കഥാപാത്രങ്ങളെ വിഭാവനചെയ്തു. ഹുക്ക വലിക്കുന്ന രാജാക്കന്മാരും, അതിസുന്ദരികളായ റാണിമാരും, ബുദ്ധിമതികളായ അടിമപ്പെൺകുട്ടികളും , അത്ഭുതവിളക്കിലൊളിക്കുന്ന ഭൂതങ്ങളും, സാഹസികരായ നാവികരും നിരനിരയായി പരവതാനികളിലേറി എങ്ങോട്ടോ പോവുകയാണ്. അവരെല്ലാവരും ഉൾപ്പെടുന്ന ഉദ്യോഗജനകമായ ഒരുകഥയിലാണ് താനുമെന്ന് നന്ദു സങ്കൽപ്പിച്ചു.
'ഹാറൂൺ അൽ നന്ദൂ, നിന്നെപ്പോലെ ബുദ്ധിമതിയായ ഒരുപെൺകുട്ടിയുടെ അടിമയാകുന്നതിൽ എനിയ്ക്കുസന്തോഷമേയുള്ളൂ , ചോദിച്ചോളൂ ഒരു മൂന്നാലു വരങ്ങൾ!' വിളക്കിൽനിന്നും എത്തിനോക്കിക്കൊണ്ട് ഭൂതം പറയുകയാണ്. 'എന്റെ കപ്പലിന് ഒരു സഹമേധാവിയെ ആവശ്യമുണ്ട്. നിന്നെക്കാൾ ധീരയായി വേറെയാരാണ് ഉള്ളത് ?' നാവികനായ സിൻബാദ് മിണ്ടാതിരുന്നില്ല. സങ്കല്പങ്ങളിൽ പോലും നന്ദു താൻ സുന്ദരിയാണെന്ന് കരുതിയിരുന്നില്ല. അതിനാൽ രാജകുമാരന്മാർ അവളെ പാടെ അവഗണിച്ചു.
എന്നാൽ മറ്റുചിലപ്പോൾ തന്റെ ജീവിതത്തിലെ കഴിഞ്ഞുപോയ പതിനൊന്നുവര്ഷങ്ങളാണ് ആ തേക്കുമരങ്ങൾ എന്ന് നന്ദുവിനു തോന്നി. കഴിഞ്ഞു പോയ ദശകവും പിരിഞ്ഞുവന്ന നഗരവും അവൾ എന്തുകൊണ്ടോ തേക്കുമരങ്ങളുടെ ഇലക്കൂമ്പാരങ്ങളിൽ കണ്ടു.
അമ്മയുടെ തറവാട്ടിലാണ് നന്ദു വളർന്നത്, അമ്മയുടെ സഹോദരിയുടെ സംരക്ഷണയിൽ. അച്ഛനമ്മമാരോടൊപ്പമല്ലെങ്കിലും അല്ലലില്ലാതെ കഴിഞ്ഞ ബാല്യം കാവ്യാത്മകമായ ചിത്രങ്ങളായി അവളുടെ മുന്നിൽ അണിനിരന്നു. സ്കൂളുവിട്ട് നടന്നുവരാറുണ്ടായിരുന്ന ഇടവഴികൾ, മതിലരുകിൽ പുഞ്ചിരിയുമായി കാത്തുനിൽക്കാറുള്ള ശീമക്കൊന്നകൾ, പടിയ്ക്കലെ പേരമരം , വലിയമ്മ ചൊല്ലിത്തരാറുണ്ടായിരുന്ന കവിതകൾ, സ്വാതന്ത്ര്യലബ്ധിക്കുമുൻപുള്ള ഒരു കാലത്തിന്റെ രഹസ്യങ്ങൾ പേറുന്ന പഴയ വീട്, രണ്ടാമത്തെ നിലയിലെ ഇടനാഴിയിലെ പുസ്തകഷെൽഫുകൾ, ഇടനാഴിയുടെ മൂലയിൽ വലിയ അട്ടികളായി അടുക്കിവച്ചിരുന്ന ആഴ്ചപ്പതിപ്പുകൾ.
അവിടെ, പഴയ പുസ്തകത്താളുകളുടെ ഗന്ധമുള്ള ആ മൂലയിൽ ഒരുവലിയ പിത്തളപ്പെട്ടിക്കുമുകളിലിരുന്നാണ് നന്ദു വായിക്കാറുണ്ടായിരുന്നത്. ...
സ്‌കൂളിനരികിലൂടെ, ദൂരെയെവിടെയോ ഒരു സാഗരം തന്നെ കാത്തിരിപ്പുണ്ടെന്ന പ്രതീക്ഷയിൽ, തിരക്കിട്ടൊഴുകിയിരുന്ന കുഞ്ഞരുവി..
'ഒഴുകുന്നൊരരുവി തൻ ഓളങ്ങളിൽ , ഞാനൊരു കടലാസുതോണിയുണ്ടാക്കിയിട്ടു.
ഓളങ്ങളിൽ തട്ടിമുട്ടിയതെങ്ങനെ മുങ്ങിയും പൊങ്ങിയും സഞ്ചരിച്ചു.
പെട്ടൊന്നൊരാ തെക്കൻകാറ്റുവന്നീയെന്റെ ആശകളൊക്കെയും തച്ചുടച്ചു.
കരയുവാനായിഞാൻ ഇനിയൊരു കടലാസുതോണിയുണ്ടാക്കുവാനില്ലൊരിക്കലും.'
തന്റേതല്ലാതായിത്തീർന്ന ആ പഴയ, പ്രിയപ്പെട്ട ലോകത്തെക്കുറിച്ച് ചിന്തിക്കുമ്പോളൊക്കെ സംസാരഭാഷയിൽ പ്രകടിപ്പിക്കാനാകാത്ത ഒരു വിഷാദം അവളുടെ ഹൃദയത്തിൽ തടയാറുണ്ടായിരുന്നു. ചിലപ്പോളൊക്കെ അവ ഈണത്തിലടുക്കിയ വരികളുള്ള കവിതാശകലങ്ങളായി പുറത്തുചാടി.
കവിതകളിലൂടെ മാത്രം പറയാനാകുന്ന ചില കാര്യങ്ങളുണ്ട് ജീവിതത്തിലെന്ന് പണ്ട് വലിയമ്മ പറയാറുണ്ടായിരുന്നു..
നന്ദുവിനാകട്ടെ എന്നും കഥകളോടായിരുന്നു പ്രിയം. അണുവിട ചലിക്കാതെ തന്നെ, ഒരാളെ ലോകത്തിന്റെ മറ്റൊരുഭാഗത്തേക്കോ, മറ്റൊരു കാലഘട്ടത്തിലേക്കോ കൊണ്ടുപോകാൻ കഥകൾക്കല്ലാതെ മറ്റെന്തിനാണ് കഴിയുന്നത് ?
"നീ എന്താണ് ആലോചിക്കുന്നത്?" നിമിഷ ചോദിക്കുകയാണ്.
താൻ കുറെ നേരമായി തേക്കുമരങ്ങളെ മിഴിച്ചുനോക്കിക്കൊണ്ട് വിഷണ്ണഭാവത്തിൽ മിണ്ടാതെ നിൽക്കുകയായിരുന്നു എന്ന് അപ്പോഴാണ് നന്ദു മനസ്സിലാക്കിയത്. നിമിഷ തൻറെ ഡയറിയുടെ പേജുകൾ മറിക്കുകയാണ്. പുതിയ ഹിന്ദി സിനിമകളിലെ പാട്ടുകളുടെ വരികളാണ് നിമിഷ തന്റെ ഡയറിയിൽ എഴുതിയിരുന്നത്. ഡയറിയും കയ്യിൽ വച്ചാണ് അവൾ ടിവിയിലെ പാട്ടുപരിപാടികൾ കണ്ടിരുന്നത് എന്ന് പറഞ്ഞിട്ടുണ്ട് . സ്‌കൂളിലിരിക്കുമ്പോളും അവൾ ഇടയ്ക്കിടയ്ക്ക് ഡയറി തുറന്നുനോക്കി തെറ്റുകൾ തിരുത്തുകയും , വെട്ടിക്കൂട്ടിയ പേജുകൾ പകർത്തിയെഴുതുകയും ചെയ്യും. സമരം കാരണം സ്കൂൾ വിടുകയാണെങ്കിൽ വൈകുന്നേരം സ്‌കൂൾ ബസ് പുറപ്പെടുന്ന സമയമാകുന്നതുവരെ അതുതന്നെ പണി.
അന്നും സമരമായിരുന്നു. മാർച്ചുമാസമാണ്, രണ്ടുമൂന്നാഴ്ചകൾക്കകം കൊല്ലപ്പരീക്ഷത്തുടങ്ങും. വർഷത്തിന്റെ ആദ്യപകുതിയിൽ വിസ്മരിക്കപ്പെട്ടിരുന്ന ഉപപാഠപുസ്തകം വായിച്ചുതീർക്കാനുള്ള തത്രപ്പാടിലായിരുന്നു ചന്ദ്രിക ടീച്ചർ. കാട്ലു ഖാൻ എന്ന പഠാണിയുടെ അന്തഃപുരത്തിൽ അകപ്പെട്ടിരിക്കുകയാണ് തിലോത്തമ. ജഗത് സിംഹൻ ആകട്ടെ തടവറയിലും. കാട്ലു ഖാൻറെ കിരാതഹസ്തങ്ങളിൽ നിന്ന് ആ പാവത്തിനെ ഇനി ആരാണ് രക്ഷിക്കാൻ! ചന്ദ്രികടീച്ചർ വികാരംകൊണ്ടു !
അതാ വരുന്നു ആയിഷ, കാട്ലു ഖാൻറെ നല്ലവളായ മകൾ. ജഗത്‌സിംഹന്റെ മറ്റൊരു ആരാധിക.
അപ്പോഴാണ് സമരക്കാരും വന്നത്. മനസില്ലാമനസോടെ ടീച്ചർ പുസ്തകമടച്ചു.
"കൊല്ലപ്പരീക്ഷയാണ് വരുന്നത്, അത് മറക്കണ്ട" പോകുന്നപോക്കിൽ ടീച്ചർ പറഞ്ഞു.
"ഫിർ കിസികെ ചെഹരെ കാ രംഗ് കിൽ ഗയാ ..
ബിഛ്ഡാ ഹുവാ ആജ് കോയി ഉസ്‌കോ മിൽ ഗയാ.." നിമിഷ ഡയറി നോക്കി പാടുകയാണ്.
"കിൽ ഗയാ, അല്ല, ഖിൽ ഗയാ .." നന്ദു പറഞ്ഞു.
"അല്ല, ഞാൻ എത്രയോ വട്ടം കേട്ടതാണ് , ഒരു നൂറുവട്ടമെങ്കിലും .." നിമിഷവിട്ടുകൊടുത്തില്ല
"എത്ര പ്രാവശ്യം കേട്ടതാണെങ്കിലും, തെറ്റാണ് കേട്ടത്," നന്ദു ദൂരേക്കുനോക്കിക്കൊണ്ടു പറഞ്ഞു. നിമിഷയോടു തർക്കിക്കാൻ പാടാണ്. എപ്പോഴും അവൾ പറയുന്നതുമാത്രമാണ് ശരി.
"ഇല്ല, എനിക്കുറപ്പാണ്, സീമയുണ്ട് ക്ലാസ്സിൽ , ഞാൻ ചോദിക്കട്ടെ ," നിമിഷ ഡയറി വരാന്തയിൽ ഉപേക്ഷിച്ച്, ക്‌ളാസ്സിനകത്തേക്കുപോയി.
നന്ദു ഡയറിയിൽ എഴുതിയിരുന്ന വരികൾ വായിച്ചു.
വീണ്ടും ആരുടെയോ മുഖം തെളിഞ്ഞു,
പിരിഞ്ഞു പോയ ആരെയോ വീണ്ടും കണ്ടുമുട്ടിയതാവാം...
ചടുലമായ നൃത്തച്ചുവടുകൾക്കു പറ്റിയ ഈണമാണെങ്കിലും വരികൾക്ക് അർത്ഥമുണ്ട്..
'വീണ്ടും വരില്ലെ നീ, എന്റെ കരളിലെ താമരപ്പൊയ്കയിൽ അരയന്നമായ്!
വീണ്ടും വരില്ലെ നീ, എന്റെ മനസ്സിലെ ആയിരം ചോദ്യങ്ങൾക്കുത്തരമായ്! '
നിമിഷയുടെ പേനകൊണ്ട്, ഒന്നും ആലോചിക്കാതെ, നന്ദു ഡയറിയുടെ അടുത്ത താളിൽ എഴുതി.
അടുത്ത നിമിഷം, നിമിഷ ഡയറി പിടിച്ചുപറച്ച് വീണ്ടും ക്ലാസ്സിനകത്തേക്കു കയറിപ്പോയി. നന്ദുവും പിറകെ നടന്നു. ആറേഴു കുട്ടികളുണ്ട് ക്ലാസ്സിൽ. സ്‌കൂൾ ബസ്സിൽ യാത്ര ചെയ്യുന്നവർ , താക്കോലെടുക്കാൻ മറന്നവർ .. ലേഖയും ദിവ്യയും സീമയും , മുന്നിലത്തെ ബെഞ്ചിൽ ഇരുന്ന് നിമിഷയുടെ ഡയറി നോക്കുകയാണ്.
"നീ പറഞ്ഞതാണ് ശരി, എനിക്കിനി, തിരുത്തിയെഴുതണം ," ജാള്യതയോടെ നിമിഷ പറഞ്ഞു.
"നീയും പോകുന്നുണ്ടോ ഹിന്ദി പ്രചാരസഭയുടെ ക്ലാസ്സുകൾക്ക്?" സീമചോദിച്ചു, " ഏതുവരെയായി, ഞാൻ ഭൂഷൺ കഴിഞ്ഞു."
"ഹിന്ദി സഭയോ, അതെന്താണ് ?" നന്ദു ചോദിച്ചു. എല്ലാവരും ചിരിച്ചു. താൻ പറഞ്ഞത് വിഡ്ഢിത്തമാണോ എന്ന് നന്ദു സംശയിച്ചു.
"ഹിന്ദി ക്ലാസിനൊന്നും പോകുന്നില്ലെങ്കിൽ പിന്നെ നിനക്കെങ്ങനെ നിമിഷ എഴുതിയത് തെറ്റാണെന്ന് മനസിലായി?"
"അതോ..ഞാൻ ധാരാളം ഹിന്ദി പാട്ടുകൾ കേൾക്കാറുണ്ട്."
"നിമിഷയെപ്പോലെ ഹവാ ഹവാ പിന്നെ ഹവാ ഹവായി ..?"
"പഴയ പാട്ടുകൾ, 1940 മുതലുള്ളതെല്ലാം .."
സീമ ഡയറിയുടെ പേജുമറിക്കുകയാണ്.
"അയ്യോ," നന്ദു അറിയാതെ പറഞ്ഞുപോയി.
നന്ദു എഴുതിയ വരികളാണ് അവർ വായിക്കുന്നത്. ജാള്യതകൊണ്ട് നന്ദുവിന്റെ മുഖം ചുവന്നു.
"ഇത് നീ എഴുതിയതാണോ ," ദിവ്യയാണ് ചോദിക്കുന്നത്..
നന്ദു ഒന്നും പറഞ്ഞില്ല. അത്ഭുതവിളക്കിലെ ഭൂതം സത്യത്തിൽ കണ്മുന്നിൽ വന്നിരുന്നെങ്കിൽ അവൾ അപ്പോൾ അപ്രത്യക്ഷയാകാനുള്ള വരം ചോദിച്ചേനേ..