Thursday, December 20, 2018


കഥകളുണ്ടായിരം കാറ്റിന്റെ കൈകളിൽ
വിണ്ണിന്റെ മാറിൽ പറന്നലഞ്ഞങ്ങനെ.
അവയിലുണ്ടെത്രയോ നൊമ്പരപ്പാടുകൾ
എണ്ണമറ്റെന്നപോൽ നോവിൻ നുറുങ്ങുകൾ,
ഏറെ ചിറകടിച്ചെങ്കിലും സന്ധ്യക്കു-
കൂടണയാഞ്ഞൊരു തൂവൽ തുടിപ്പുകൾ ,
അലയടിച്ചീടുന്നൊരാഴിതൻ താപവും
താങ്ങിത്തളർന്നോരു മേഘാശ്രുധാരകൾ.

പണ്ടേ വിളിച്ചിരുന്നെന്നെയീ ഗീതികൾ,
കാലം മറന്നോരു നൊമ്പരഗാഥകൾ,
രാവിൻറെയിരുളിൽ  നിമഗ്നമാം മൗനമായ്
പുലരിതൻ  പുഞ്ചിരിയ്ക്കുള്ളിലെ വിങ്ങലായ്..


അന്നൊക്കെ ഞാനെന്റെ മൺകൂടിനുള്ളിലെ
ഇരുളിൻ നിഗൂഢമാം സ്പന്ദനം മാത്രമായ് ,
അവ്യക്തമേതോ നിഴലനക്കങ്ങളെ
പേടിച്ചൊളിച്ചിരിപ്പായിരുന്നു സദാ..

എങ്കിലും രാത്രിതൻ നിശ്വാസമേൽക്കവേ
ഉണരുവാറുണ്ടായിരുന്നുവെൻ ചേതന 
സത്വരം, ഈശ്വരകൽപിതമെന്നപോൽ
തേങ്ങലും നിസ്വന സങ്കീർത്തനങ്ങളായ്!

ദൂരങ്ങളെത്രയോ കീഴടക്കീടുവാൻ
വെമ്പിയതെന്തിനെൻ 'ഇല്ലാച്ചിറകുകൾ'
കാലത്തിനോടൊപ്പമോടിയെത്തീടുവാൻ
ആകില്ലെനിയ്ക്കെന്നറിഞ്ഞതേയില്ലഞാൻ!

കഥകളും തേടിയലഞ്ഞലഞ്ഞൊടുവിലീ
ഞാനുമീ വിണ്ണിന്റെ മാറിലലിയവേ
പറയാതെ പോയെന്നു പരിഭവം ചൊല്ലുമോ
കേൾക്കാതെ പോയോരു കഥയിലെ നോവുകൾ












Friday, November 23, 2018

യുദ്ധകാലത്തെ കുട്ടികൾ - രാത്രി



വർഷങ്ങൾക്കുശേഷം വീണ്ടും വായിക്കുകയാണ്  സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായ എലീ വീസലിന്റെ 'നൈറ്റ്' എന്ന പുസ്തകം.

നാല്പതുകളുടെ തുടക്കത്തിൽ, റൊമേനിയയുടെ ട്രാൻസിൽവാനിയൻ പ്രവിശ്യയിലെ സിഗേറ്റ് എന്ന കൊച്ചുപട്ടണത്തിലായിരുന്നു  എലിസാർ എന്ന കുട്ടി പതിനാലുവയസ്സുവരെ ജീവിച്ചത്. അവൻ മറ്റുകുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. രാപ്പകൽ മതഗ്രന്ഥങ്ങൾ വായിച്ചും  ഉത്തരം കിട്ടാത്ത ചോദ്യങ്ങളെകുറിച്ച് ദൈവവുമായി സംവദിച്ചുമാണ് അവൻ തന്റെ ബാല്യം ചിലവഴിച്ചത്.

ആ കാലഘട്ടത്തിൽ ട്രാൻസിൽവാനിയ ഹംഗറിയുടെ അധീനതയിലായിരുന്നു. ബുഡാപെസ്റ്റിൽ ഒരു ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിൽ വന്നതും നാസി ജർമ്മനിയോട് വിധേയത്വം പ്രഖ്യാപിച്ചതും റേഡിയോ വാർത്തകളിലൂടെ സിഗേറ്റിലെ ജൂതരും അറിഞ്ഞു.
'നമുക്കെന്തു സംഭവിയ്ക്കാനാണ് , നമ്മൾ ബുഡാപെസ്റ്റിൽ നിന്നും എത്ര അകലെയാണ്,' അവർ പരസ്പരം പറഞ്ഞു.

ദിവസങ്ങൾക്കകമാണ് ആദ്യത്തെ ജർമൻ പട്ടാളക്കാരെത്തിയത്. അവരുടെ ചുളിവുകളില്ലാത്ത യൂണിഫോമിലെ തിളങ്ങുന്ന നക്ഷത്രങ്ങൾ നാട്ടുകാർ അത്ഭുതത്തോടെ നോക്കി. അവരുടെ കുലീനമായ പെരുമാറ്റം ഏവരെയും അമ്പരപ്പിച്ചു.
'ഇവരാണോ ക്രൂരരായ നാസികൾ?'  ആളുകൾ പരസ്പരം പറഞ്ഞുചിരിച്ചു.

വിലക്കുകൾ തുടങ്ങിയത് പൊടുന്നനെയാണ്. ആരാധനാലയങ്ങൾ അടച്ചുപൂട്ടപ്പെട്ടു. സ്വർണവും മറ്റുവിലപിടിപ്പുള്ള വസ്തുക്കളും കൈവശം വയ്ക്കുവാനുള്ള അവകാശം നഷ്ടപ്പെട്ടു. 'ദാവീദിന്റെ മഞ്ഞ നക്ഷത്രം' ധരിയ്ക്കാതെ പുറത്തിറങ്ങുവാൻ ആകാതെയായി. എങ്കിലും എലിസാറിന്റെ ശുഭാപ്‌തിവിശ്വാസിയായ പിതാവ് പറഞ്ഞു കൊണ്ടിരുന്നു, 'ഇതൊന്നും നമ്മുടെ ജീവൻ കളയുന്ന കാര്യങ്ങളല്ലല്ലോ..'
യുദ്ധത്തിൽ ജർമ്മനിയുടെ പരാജയം ഏതാണ്ട് ഉറപ്പായിതീർന്നിരുന്നു. ഏതാനും മാസങ്ങൾകൊണ്ട് തങ്ങളുടെ ജീവിതം പൂർവസ്ഥിതിയിലാകുമെന്ന് ഏവരും ഉറപ്പിച്ചു.

അങ്ങനെ പ്രതീക്ഷയുടെ ഒരു പകലിനൊടുവിൽ രാത്രിവന്നു. അച്ഛൻ രസകരമായ ഒരു കഥ പറയുകയാണ്. അപ്പോഴാണ് അച്ഛന്റെ പരിചയക്കാരിലൊരാൾ വാതിൽ തള്ളിത്തുറന്നുവന്നത്. 'രണ്ടുദിവസങ്ങൾക്കുള്ളിൽ നമ്മളെ നാടുകടത്തുകയാണ് ,' അയാൾ പറഞ്ഞു. കഥ എന്നെന്നേയ്ക്കുമായി പൂർത്തിയാകാതെപോയി.
അവിശ്വസിനീയമായ രാത്രികളുടെ ഒരു ശൃംഖല അവടെ തുടങ്ങുകയാണ് .

എങ്ങോട്ടെന്നറിയാത്ത യാത്രയ്ക്ക് മുൻപ് അമ്മ റൊട്ടിയും മാംസവും പാകംചെയ്ത് ചെറിയ കെട്ടുകളിലാക്കി. അച്ഛൻ പണവും വിലപിടിപ്പുള്ള പാത്രങ്ങളും നിലവറയിൽ കുഴിച്ചിട്ടു. കുട്ടികൾ ഓരോരുത്തരും തങ്ങളുടെ വസ്ത്രങ്ങളും മറ്റും ഓരോ ചെറിയ പെട്ടികളിലാക്കി.

യാതനകളുടെ ദിനങ്ങൾ  താണ്ടി , അവരുടെ തീവണ്ടി വന്നു നിന്നത് ,  'ജോലിചെയ്ത് സ്വാതന്ത്ര്യം അനുഭവിക്കൂ' എന്ന വരികൾ ക്രൂരമായ ഒരു തമാശപോലെ എഴുതപ്പെട്ട ആസ്ഷ്വിട്സിന്റെ വലിയ കവാടങ്ങൾക്കുള്ളിലാണ്.

അപ്പോഴും രാത്രിയായിരുന്നു. പല തടവുകേന്ദ്രങ്ങളിലായി താൻ ചിലവഴിച്ച രാത്രികൾ എല്ലാം , ഒരേ ഒരു രാത്രിയുടെ തുടർച്ചയാണ് എന്ന് ഏലീ വീസൽ പറയുന്നു. അഭ്യസ്തവിദ്യരും പരിഷ്കൃതരും ആയ യൂണിഫോമണിഞ്ഞ മനുഷ്യർ പിഞ്ചുകുട്ടികളെയും വൃദ്ധരെയും നിഷ്കരുണം കൊന്നിരുന്ന വിചിത്രമായ ആ കാലഘട്ടത്തിൽ പകലുകളും രാത്രിപോലെ ഇരുണ്ടിരിക്കണം.

തന്റെ അമ്മയെയും ഏഴുവയസ്സുള്ള അനുജത്തിയേയും മറ്റൊരു വശത്തേയ്ക്ക് ഉന്തിവിടുന്നത് എലിസാർ എന്ന കുട്ടി കണ്ടുനിന്നു. അമ്മ അനുജത്തിയുടെ മുടിയിൽ തലോടികൊണ്ടിരുന്നു.  പിന്നീടൊരിക്കലും അവൻ അവരെ കണ്ടിട്ടില്ല.

അടിവച്ചെത്തിയത്   ഒരുവലിയ ഗർത്തതിന് സമീപത്താണ്. അതിനുള്ളിൽ അപ്പോഴും എരിഞ്ഞുകൊണ്ടിരുന്ന കനലുകളിലേക്ക് ഉന്തുവണ്ടിയിൽ  കൊണ്ടുതള്ളിയിരുന്നത് കുഞ്ഞുങ്ങളുടെ ശരീരങ്ങളായിരുന്നു.

ക്യാംപിലെ ആദ്യദിനങ്ങളിൽ തന്നെ കുടുംബത്തോടൊപ്പം എലിസാറിനു നഷ്ടപ്പെട്ടത് താൽമൂദ് എന്ന വിശുദ്ധ ഗ്രന്ഥത്തിൽ തൻ കണ്ടെത്തിയ ദൈവത്തെയുംകൂടെയായിരുന്നു. നിയമങ്ങൾ പാലിക്കാത്തവർ മറ്റു തടവുകാരുടെ  കൺമുൻപിൽ കഴുവിലേറ്റപ്പെട്ടു . ദൈവവും തൂക്കിലേറ്റപ്പെട്ടുവെന്ന് തടവുകാർ പരസ്പരം പറഞ്ഞു.

യുദ്ധത്തിന്റെ അവസാനകാലത്ത് , ചുവന്ന പടയുടെ വരവുമുൻകൂട്ടിക്കണ്ട് , തടവുകാരെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റുകയുണ്ടായി. മുട്ടറ്റം മഞ്ഞിലൂടെയുള്ള ആ നടത്തത്തിൽ ഭൂരിഭാഗം പേരും ശിശിരകാലത്തെ ഇലകളെപോലെ കൊഴിഞ്ഞുപോയി. അൽപനേരം വിശ്രമിക്കാനായി മഞ്ഞിൽ കിടന്നവർ പിന്നീട് എഴുന്നേറ്റില്ല. ഹിമപാളികൾ അവർക്ക് ശവക്കച്ചയായി.

ആ യാത്രയ്‌ക്കൊടുവിൽ എലിസാറിന് തന്റെ അച്ഛനെയും നഷ്ടപ്പെട്ടു.

ദുർബ്ബലനായ താൻ എന്തുകൊണ്ട് അതെല്ലാം തരണം ചെയ്തു എന്ന് ഏലീ വീസലിന് പിന്നീടൊരിക്കലും മനസ്സിലാക്കാൻ ആയിട്ടില്ല. സ്വതത്രനായെങ്കിലും , മരണത്തിന്റെ നിഴൽ അദ്ദേഹത്തെ ഒരിക്കലും വിട്ടുപോയില്ല. എഴുത്തുകയല്ലാതെ തനിയ്ക്ക് മറ്റൊരു മോചനമില്ലായിരുന്നു  എന്ന് അദ്ദേഹം പറയുന്നു

പൂർത്തിയാക്കാനാവാതെ പോയ കഥകൾക്കും, ഊഷ്മളത നഷ്ടപ്പെട്ട രാത്രികൾക്കുംവേണ്ടി ഞാനും എഴുതുന്നു.



Wednesday, October 31, 2018

കണ്ടുനിന്നു ഞാൻ മൂകമെൻ ജാലക -
ച്ചില്ലിലൂടെ നീ വന്നതും പോയതും.
ഒന്നു കൈ വീശിയില്ല ഞാൻ, മെല്ലെെയെൻ
പേരുചൊല്ലി വിളിച്ചതുമില്ല നീ
എങ്കിലും നീയറിഞ്ഞുവോ, ജീവിത -
മന്നു നമ്മെ കടന്നങ്ങു പോയതും
എത്ര വേഗത്തിലോടിലും ദൂരെയെ -
ന്നൊട്ടു നിർദ്ദയമായിപ്പറഞ്ഞതും.

Monday, September 24, 2018

നിനവിൽ കണ്ടൊരു ലോകമതെന്തേ
 ഇരുളിൽ, മിഴിയുടെ നനവിലൊതുങ്ങി
വരമായ്, എന്നെ തഴുകാതെന്തേ
വെറുതെ, വരികൾക്കിടയിലുറങ്ങി

Tuesday, August 7, 2018

ഉടഞ്ഞുപോയി ഞാൻ, നിനക്കുപോലുമിനി
തിരിച്ചു വാർക്കുവാനാകാത്തൊരീവിധം ....

Wednesday, July 11, 2018

യുദ്ധകാലത്തെ കുട്ടികൾ - ആൻ ഫ്രാങ്കിന്റെ ഡയറി

'നിന്നോട് എല്ലാം തുറന്നുപറയാനാകുമെന്ന് ഞാൻ കരുതുന്നു. എനിയ്ക്കൊരിക്കലും മറ്റാരോടും എല്ലാം പറയുവാനായിട്ടില്ല.'

ലോകചരിത്രത്തിലെ ഏറ്റവും സങ്കീർണവും കഠിനവും ആയ ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു പതിമൂന്നുകാരി, തനിയ്ക്ക് പിറന്നാൾ സമ്മാനമായിക്കിട്ടിയ ഡയറിയിൽ ആദ്യം കുറിച്ചവരികൾ ഇങ്ങനെയാണ്. തന്റെ കുറിപ്പുകൾ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാകുമെന്ന് അവൾ ചിന്തിച്ചിട്ടുണ്ടാകുമോ ?

ഇത് ഒരു വായനാനുഭവം മാത്രമാണോ ? ഞാൻ എന്നോടുതന്നെ ചോദിയ്ക്കുകയായിരുന്നു. ആൻ ഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ  ഒരു പുസ്തകമായി മാത്രം കാണാൻ അത് വായിച്ചിട്ടുള്ള ആർക്കെങ്കിലുമാകുമോ ?

'The diary of a young girl'  എന്ന പുസ്തകം ഞാൻ ആദ്യമായി വായിക്കുന്നത് എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ്. ആൻ തന്റെ അവസാനത്തെ ഡയറികുറിപ്പ് കുറിക്കുന്നതും , നാസിപ്പട്ടാളത്തിന്റെ പിടിയിലാകുന്നതും , പിന്നീട് ബെർഗർ-ബെൽസൺ എന്ന നാസി തടവുകേന്ദ്രത്തിൽ വച്ച് മരണപ്പെടുന്നതും അതേ പ്രായത്തിൽ തന്നെ…

1929 ൽ ജർമ്മനിയിലെ ഒരു സമ്പന്ന ജൂത കുടുംബത്തിലാണ് ആണ് ആൻ ജനിച്ചത് . വംശശുദ്ധീകരണം എന്നപേരിൽ എന്ന പേരിൽ, വൻ തോതിലുള്ള ജൂതവിരുദ്ധ നടപടികളുമായി, ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള നാസി പാർട്ടി അധികാരത്തിൽ വരുന്ന കാലഘട്ടമാണത്. ജർമ്മനിയിൽ തുടർന്നാൽ തങ്ങൾ അഭിമുഖീകരിക്കേണ്ടിവരാവുന്ന വിപത്തുകൾ മുൻകൂട്ടിക്കണ്ട് ഫ്രാങ്ക് കുടുംബം ഹോളണ്ടിലേക്ക് കുടിയേറുകയായിരുന്നു. എങ്കിലും ചുരുങ്ങിയ വർഷങ്ങളിൽ നാസിപ്പട്ടാളം അതിർത്തികൾ കടന്ന് യൂറോപ്പിന്റെ ഭൂരിഭാഗവും കീഴടക്കി. ജൂതന്മാരുടെ വിധി യൂറോപ്പിൽ എവിടെയും 'കൂട്ടത്തോടെ നിർബന്ധിത തൊഴിൽശാലകളിലേക്കും  , മരണശാലകൾ എന്ന അപരനാമമുള്ള തടവുകേന്ദ്രങ്ങളിലേക്കും അയക്കപ്പെടുക' എന്നത് മാത്രമായി മാറി.

മറ്റുപല ജൂതകുടുംബങ്ങളെയും പോലെ ഫ്രാങ്ക് കുടുംബവും ഒളിവിൽ പോകാൻ തീരുമാനിക്കുന്നു. ആനിന്റെ പിതാവ് സ്ഥാപിച്ച ഭക്ഷ്യസംസ്കരണശാല പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ , മൂന്നുനിലകളിലായി 80 ചതുരശ്ര മീറ്റർ മാത്രം വിസ്താരമുള്ള ഒരു രഹസ്യസങ്കേതത്തിലാണ്, അവർ,മറ്റൊരു കുടുംബത്തോടൊപ്പം , രണ്ടുവർഷത്തോളം (ഒടുവിൽ പിടിയിലാകുന്നതുവരെ ) കഴിയുന്നത്. പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ, ജനൽ ചില്ലുകൾ പോലും ഇരുണ്ട സ്ക്രീൻ കൊണ്ട് മറച്ച ആ കുടുസ്സുമുറികൾക്കുള്ളിൽ ആൻ എന്ന വായാടിയായ കൗമാരപ്രായക്കാരിയ്ക്ക് ആശ്വാസമാകുന്നത് കിറ്റി എന്ന് ഓമനപ്പേരുള്ള ഡയറിയാണ്.

സ്‌കൂളിലെ കൂട്ടുകാരികളെകുറിച്ചും, ആരാധന നിറഞ്ഞ കണ്ണുകളുമായി തന്നെ വഴിയരികിൽ കാത്തുനിൽക്കാറുള്ള ആൺകുട്ടികളെ കുറിച്ചുമൊക്കെയാണ് ഡയറിയിലെ ആദ്യത്തെ കുറിപ്പുകൾ. പിന്നീടവ ഒളിവിൽ ജീവിതത്തിന്റെ വിശദാംശങ്ങളെ കുറിച്ചാകുന്നു . ഉറക്കെ സംസാരിക്കാനോ പൊട്ടിച്ചിരിക്കാനോ കഴിയാത്തതിനെ കുറിച്ചാകുന്നു . വ്യത്യസ്ത സ്വഭാവക്കാരായ വാൻ-പെൽസ് (ആനിന്റെ കുറിപ്പുകളിൽ വാൻ-ഡാൻ ) കുടുംബാംഗങ്ങളോടൊപ്പം കഴിയേണ്ട ദുരവസ്ഥയെ കുറിച്ചാകുന്നു. ചുരുങ്ങിയ സാധനങ്ങൾ കൊണ്ട് തയ്യാറാക്കിയ സ്വാദില്ലാത്ത ഭക്ഷണത്തെ കുറിച്ചാകുന്നു. എല്ലാറ്റിനുമുപരി 'ഏതു നിമിഷവും പിടിയ്ക്കപ്പെട്ടേയ്ക്കാം '  എന്ന വിട്ടുമാറാത്ത ഭയത്തെ കുറിച്ചാകുന്നു.

'എന്റെ ആദർശങ്ങൾ ഞാൻ ഈയവസ്ഥയിലും ഉപേക്ഷിച്ചിട്ടില്ല എന്നത് ഒരുപക്ഷെ ഒരു അത്ഭുതമായി തോന്നിയേക്കാം . അവ തികച്ചും അസാധ്യമായി മാറിയെങ്കിലും ഞാനവയെ ഇപ്പോഴും ചേർത്തുവയ്ക്കുന്നു. എന്തുകൊണ്ടെന്നാൽ, ഉള്ളിന്റെയുള്ളിൽ ഓരോ മനുഷ്യനിലും നന്മയുണ്ടെന്ന് ഞാനിപ്പോഴും വിശ്വസിയ്ക്കുന്നു.'
ആൻ ഫ്രാങ്കിന്റെ ഡയറിയിലെ ഏറ്റവും പ്രസിദ്ധമായ വാചകങ്ങൾ ഒരുപക്ഷെ ഇവയാകാം. നന്മ എന്നത് ഒരു കെട്ടുകഥയാണോ എന്ന് ആർക്കും സംശയം തോന്നാവുന്ന ഒരു കാലത്താണ് ആൻ ഇത് കുറിക്കുന്നത്. സത്യത്തിൽ ഈ വരികൾ ധ്വനിപ്പിയ്ക്കുന്നതുപോലെ ഒരു നിത്യശുഭാപ്തിവിശ്വാസി ആയിരുന്നുവോ ആൻ?

മച്ചിലെ തുറക്കാൻ അനുവാദമുള്ള ജനാലയ്ക്കരികിൽ നിന്ന് തെരുവിലേയ്ക്ക് നോക്കുമ്പോൾ ആൻ കാണുന്ന കാഴ്ചകൾ ചിലപ്പോളൊക്കെ ഹൃദയഭേദകമാണ്- വിശന്ന മുഖമുള്ള , മുഷിഞ്ഞ വസ്ത്രം ധരിച്ച കുട്ടികൾ, ജൂതന്മാരെ കന്നുകാലികളെപ്പോലെ ആട്ടിത്തെളിച്ചുകൊണ്ടുപോകുന്ന നാസിപ്പട്ടാളക്കാർ, അവരുടെ തോക്കുകൾക്കുമുന്പിൽ, പകച്ച് , തങ്ങളുടെ വിധിയെന്തെന്നറിയാതെ നടക്കുന്ന ഒരുതെറ്റും ചെയ്തിട്ടില്ലാത്ത മനുഷ്യർ. ഇവയെല്ലാം ആനിനെ ദിവസങ്ങളോളം വിഷാദത്തിലാഴ്ത്തുകയും ജീവിതത്തിന്റെ അർത്ഥത്തെ കുറിച്ച് ഗഹനമായി ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. റേഡിയോ വാർത്തകളിൽനിന്നും , പുറത്തുനിന്ന് ഫ്രാങ്ക് കുടുംബത്തെ സഹായിച്ചിരുന്ന സുഹൃത്തുക്കളിൽനിന്നും അറിഞ്ഞിരുന്ന വിവരങ്ങളും പലപ്പോഴും ശുഭകരമല്ല. രാത്രികളിൽ തന്റെ ഉറക്കം ഞെട്ടിയ്ക്കുന്ന , കൊടുമ്പിരികൊള്ളുന്ന ഒരു യുദ്ധത്തിനുനടുവിലാണ് താനെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിയ്ക്കുന്ന വെടിയൊച്ചകളെ ആൻ എന്തെന്നില്ലാതെ ഭയന്നിരുന്നു.

എങ്കിലും, തന്നെ ജീവിതത്തോട് ചേർത്തുനിർത്താൻ , സമാധാനം പുനഃസ്ഥാപിയ്ക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സ്വപ്നം കാണാൻ എന്തെങ്കിലുമൊരു കാരണം ആൻ എപ്പോഴും കണ്ടുപിടിച്ചിരുന്നു. അത് ചിലപ്പോൾ പുതുതായി വായിച്ച ഒരു പുസ്തകമാകാം , സഹായികളിൽ ആരെങ്കിലും കണ്ട സിനിമയുടെ വിവരണമാകാം , വാൻ-പെൽസ് ദമ്പതികളുടെ മകനായ പീറ്ററുമായുള്ള വർദ്ധിച്ചുവരുന്ന സൗഹൃദമാകാം, സഖ്യകക്ഷികളുടെ മുന്നേറ്റത്തെ കുറിച്ചുള്ള സൂചനകളാകാം. അല്ലെങ്കിൽ ജനാലയിലൂടെ കാണുന്ന ആകാശത്തിന്റെ ഒരു തുണ്ടും, ഇളകുന്ന മരച്ചില്ലകളും മാത്രമാകാം..

'മേഘങ്ങളില്ലാത്ത ഈ തെളിഞ്ഞ ആകാശവും , ഈ സൂര്യപ്രകാശവും … ഇവയൊക്കെ ഉള്ളപ്പോൾ ഞാൻ എങ്ങനെ സന്തോഷിയ്ക്കാതിരിയ്ക്കാനാണ്...' - ആൻ പറയുന്നു.

ഡയറിയിലെ അവസാനത്തെ കുറിപ്പുകളിൽ യുദ്ധം അവസാനിയ്ക്കുമെന്നും , സഖ്യകക്ഷികളുടെ വിജയം ഉറപ്പായെന്നും തനിയ്ക്ക് താമസിയാതെ സ്‌കൂളിൽ പോകാനാകുമെന്നും ആൻ എഴുതിയിരുന്നു.  ഒരു പത്രലേഖികയാകുവാനും പിന്നീട് എല്ലാവരും ആരാധിയ്ക്കുന്ന ഒരു എഴുത്തുകാരി ആകുവാനും ആൻ ആഗ്രഹിച്ചിരുന്നു. നയചാതുര്യമില്ലാത്ത തന്റെ അമ്മയെപ്പോലെ , വെറുമൊരു വീട്ടമ്മയായി , സമയപ്രവാഹത്തിൽ ഒരു ചലനവും സൃഷ്ടിയ്ക്കാതെ വെറുതെ ഒഴുകുക എന്നത് മരണത്തേക്കാൾ ഭയാനകമാണ് എന്ന് ആൻ ആവർത്തിച്ചെഴുതിയിട്ടുണ്ട്.

ആംസ്റ്റർഡാമിൽ , ഫ്രാങ്ക് കുടുംബം ഒളുവിൽ കഴിഞ്ഞ കെട്ടിടം ഇന്ന് ആൻ ഫ്രാങ്ക് ഹൌസ് എന്ന മ്യൂസിയമാണ്. ഒരിക്കൽ അവിടം സന്ദർശിക്കാൻ എനിയ്ക്കും സാധിച്ചു. പുസ്തകഷെൽഫിനുപിറകിലുള്ള ആ രഹസ്യവാതിലിലൂടെ, ആ  ഇടുങ്ങിയ കോണിപ്പടികൾ കയറിയപ്പോൾ എന്റെ ഹൃദയമിടിപ്പുകൾ എനിയ്ക്കുതന്നെ കേൾക്കാമായിരുന്നു.

ജീവിതം നിരർത്ഥമായ ഒരു യുദ്ധമാണെന്ന് എനിയ്ക്ക് തോന്നിയിരുന്ന ഒരുകാലത്ത് , മരണത്തിന്റെ നിഴലിൽ നിൽക്കുമ്പോഴും ആകാശത്തിന്റെ ഒരു തുണ്ടുകൊണ്ട് സന്തോഷം കണ്ടുപിടിച്ചിരുന്ന 'എന്റെ പ്രായക്കാരി' എനിയ്ക്ക് ധൈര്യം തന്നിട്ടുണ്ട്.


Friday, June 22, 2018

ആകാശമേ നിന്നനന്തമാം നീലിമ-
യെന്റേതു മാത്രമെന്നെന്തേ നിനച്ചു ഞാൻ.
ഒന്നോർക്കിലെൻ ഭാഗധേയത്തിലില്ല നിൻ
ഉദ്ധത ശോഭതൻ കൊച്ചു ചതുരവും….

Thursday, June 14, 2018

പണ്ടുപൂക്കൾ പൊഴിച്ചൊരെൻ പൂമര-
മിന്നുമണ്ണിന്റെയുള്ളിലൊളിയ്ക്കിലും ,
കാലമാർത്തുചിരിയ്ക്കിലും, വന്യമാം
വേഗതയിലിന്നെങ്ങോ കുതിയ്ക്കിലും,
പുതിയ ചായങ്ങൾ ചാർത്തിയ ലോകവു-
മിന്നു ന്യൂനം, മുഖം മറന്നീടിലും,
മിന്നൽ വേഗത്തിലെങ്ങുമണഞ്ഞിടും
യന്ത്രമായിന്നു ജീവിതമെങ്കിലും ,
രാത്രി വീണ്ടുമെൻ ജാലകവാതിലിൽ
ചേർന്നുനിന്നിന്ദ്രജാലങ്ങൾ കാട്ടവേ,
ആർദ്രമെന്നെത്തലോടവേ , മന്ദമെൻ
ഹൃത്തടത്തിലലിഞ്ഞു ചേർന്നീടവേ,
കാലമല്പം പകച്ചുവോ? സംശയി-
ച്ചൊന്നുപിന്നോട്ടുനോക്കിക്കിതച്ചുവോ ?
പന്തയത്തിന്നൊരുങ്ങും കുതിരയി-
തൊട്ടു വിശ്രമിച്ചീടാൻ കൊതിച്ചുവോ ?
പഴയവാഗ്ദാനമോർക്കാതിരിയ്ക്കുമോ
വഴിയിലെന്നെപ്പിരിഞ്ഞോരുഷസ്സുകൾ ?
യന്ത്രവൽകൃതലോകത്തിലെങ്കിലും
മേഘസന്ദേശമന്യമായ്ത്തീരുമോ ?
രാത്രി വീണ്ടുമെൻ ജാലകവാതിലിൽ
നേർത്തനിശ്വാസമായിപ്പടർന്നുവോ ?
മന്ദമെന്നെപ്പുണർന്നുവോ ? മൂകമെൻ
നീർമിഴികളെ ചുംബിച്ചുണർത്തിയോ ?

Monday, May 21, 2018

യുദ്ധകാലത്തെ കുട്ടികൾ - യോനയുടെ കുട്ടിക്കാലം

തുടക്കത്തിൽ പൊട്ടിച്ചിരികളുണ്ട് , സ്നേഹത്തിന്റെ ഊഷ്മളതയും...

പിൽക്കാലത്ത് ശാസ്ത്രജ്ഞൻ ആയിത്തീർന്ന യോന ഒബർസ്‌കിയുടെ ഓർമ്മകളാണ് A childhood എന്ന പുസ്തകത്തിൽ.

യോനയ്ക്ക് നാലുവയസ്സ് തികയുകയാണ്. അവനുചുറ്റും സമ്മാനപ്പൊതികളുണ്ട്. അച്ഛനുമമ്മയും അവന്റെ മുഖത്തോടു മുഖങ്ങൾ ചേർത്തുവച്ച് മുഖങ്ങൾകൊണ്ട് ഒരു വട്ടമുണ്ടാക്കി അവനെ ചിരിപ്പിക്കുന്നു.
പുറത്തെ നനുത്തമണ്ണിൽ അവൻ മണ്ണപ്പമുണ്ടാക്കി കളിക്കുന്നു. ഫെറിയിൽ യാത്ര ചെയ്ത് അച്ഛനോടൊപ്പം അദ്ദേഹത്തിന്റെ ജോലിസ്ഥലത്ത് പോകുന്നു. അവിടത്തെ ടൈപ്പ് റൈറ്ററിൽ കളിക്കുന്നു.

  അവൻ സന്തോഷവാനാണ്..തന്റെ കോട്ടിൽ പുതുതായി തുന്നിവെച്ച നക്ഷത്രത്തിന്റെ അർത്ഥം അവന് അറിയില്ല. അത് ഭംഗിയുള്ള ഒരു നക്ഷത്രമല്ലേ...'അമ്മ പറയുന്നു. നീ എന്തിനാണ് വിഷമിക്കുന്നത്. അമ്മ അവന്റെ മുടി മുകളിലേക്ക് ചീകി വച്ച് അവനെ സുന്ദരനാക്കുന്നു.

ഒരു രാത്രിയിലാണ് പട്ടാളക്കാർ വരുന്നത്. തന്റെ പുതിയ പതുപതുത്ത പുതപ്പിനുള്ളിൽ ഉറങ്ങിക്കിടന്ന യോനയെ അമ്മ വിളിച്ചുണർത്തുന്നു. 'നമുക്ക് മറ്റൊരിടത്തേക്ക് പോകണം', അമ്മ പറയുന്നു. അവർ സാധനങ്ങൾ വാരിക്കെട്ടി  രണ്ടു വലിയ പെട്ടികളിലാക്കി തിരക്കിട്ടുനടക്കുന്നു.  യോനാ ഉറക്കപ്പിച്ചിൽ തന്റെ മറന്നുവെച്ച കളിപ്പാട്ടത്തെയോർത്ത് കരയുന്നു.

തീവണ്ടി അവരെകൊണ്ടുപോകുന്നത് വെസ്റ്റർബ്‌റൂക് എന്നയിടത്തേയ്ക്കാണ്. 'ഞങ്ങൾ പാലസ്തീനിലേയ്ക്ക് പോകാനുള്ള കടലാസുകൾക്കായി കാത്തിരിക്കുകയാണ്' , യോനയുടെ അച്ഛൻ പറയുന്നു. 'അത് ശരിയാകുന്നതുവരെ നിങ്ങൾ ഇവിടെ നിന്നേ പറ്റൂ', പട്ടാളക്കാർ പറയുന്നു. 'ഒന്നും പേടിക്കാനില്ല , ഇതാ നോക്കൂ നമുക്ക് വേണ്ടതെല്ലാം കൊണ്ടുവന്നിട്ടുണ്ടല്ലോ, നിന്റെ പുതപ്പുപോലും'. യോനയുടെ അമ്മ അവന്റെ ചെവിയിൽ മന്ത്രിച്ചുകൊണ്ടിരിക്കുന്നു.

കുറച്ചുദിവസങ്ങൾക്കുശേഷം വീണ്ടുമൊരു തീവണ്ടിയാത്ര.  പാലസ്തീനിലേയ്ക്കാണോ ? യോനയ്ക്കറിയില്ല, ഭയം തോന്നുമ്പോഴൊക്കെ അവൻ അമ്മയോട് ചേർന്നിരുന്നു.
വണ്ടിനിർത്തുന്നത് ഇരുണ്ട കെട്ടിടങ്ങളുള്ള ഒരിടത്താണ് . അച്ഛൻ അവരോടോപ്പമില്ല. യോനായും അമ്മയും മറ്റുചില  സ്ത്രീകളോടും കുട്ടികളോടും ഒപ്പം ഒരു കൂടാരത്തിൽ കഴിയുന്നു. 'ഇത് ബെർഗർ ബെൽസൺ എന്ന തടവുകേന്ദ്രമാണ്, ഇനി ആർക്കും പാലസ്തീനിലേയ്ക്ക് പോകാനാവില്ല', മുതിർന്നവർ പറയുന്നു.

അച്ഛന്റെ പിറന്നാളാണ്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ഭക്ഷണം മിച്ചം പിടിച്ച് അമ്മ ഉരുളക്കിഴങ്ങു കൊണ്ട് ഒരു കേക്ക് ഉണ്ടാക്കി , അതും കൊണ്ട് അച്ഛനെ കാണാൻ പോകുന്നു. ആയിരം ഗിൽഡറുകൾക്ക് പകരമായി അച്ഛനോടൊപ്പം ഏതാനും നിമിഷങ്ങൾ. അച്ഛന്റെ മെലിഞ്ഞുണങ്ങി, മുടിയും താടിയും വളർന്ന രൂപം കണ്ട് യോന ഭയന്നു. അച്ഛൻ ആർത്തിയോടെ ഭക്ഷണം കഴിച്ചു, അമ്മയുടെ കൈപിടിച്ച് മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

അച്ഛൻ ആശുപത്രിയിലായത് വളരെ പെട്ടെന്നാണ്.  അച്ഛനെ പോയിക്കാണാൻ  അമ്മയ്ക്കും യോനായ്ക്കും അനുവാദമുണ്ട്.  'കിടക്കകൾ ഒഴിച്ചല്ലേ പറ്റൂ, രോഗികളായി അനേകം പേരുണ്ട്. ' ഡോക്ടർ അമ്മയോട് പറയുന്നു. അമ്മ ഡോക്ടറോട് തർക്കിക്കുന്നു. അതിനിടയിൽ അച്ഛന്റെ ശ്വാസം ധൃതഗതിയിൽ ആകുന്നതും ഒടുവിൽ അത് നിലയ്ക്കുന്നതും യോന കാണുന്നു.

മുതിർന്ന കുട്ടികൾ അവരോടൊപ്പം കളിക്കാൻ യോനയെ അനുവദിയ്ക്കുന്നില്ല. 'ഞാനും വലിയ കുട്ടിയാണ്. എന്റെ അച്ഛൻ മരിച്ചു, നിങ്ങളറിഞ്ഞില്ലേ ' യോനപറഞ്ഞു.

അവൻ കുട്ടികളോടൊപ്പം കൂടാരങ്ങൾക്കിടയിലൂടെ നടന്ന്, അടച്ച വാതിലുള്ള ഒരു കെട്ടിടത്തിനടുത്തെത്തി. ഒരുകുട്ടി വാതിൽ തള്ളിത്തുറന്ന് യോനയെ അകത്തേക്ക് തള്ളി. ' ധൈര്യമുണ്ടെങ്കിൽ അകത്ത് പോയി നിന്റെ അച്ഛനെ കണ്ടുപിടിക്ക് ' കുട്ടികൾ വാതിൽ പുറത്തുനിന്ന് പൂട്ടി.
മൃതദേഹങ്ങളുടെ ഒരു കൂമ്പാരമാണ് യോന കാണുന്നത്. അതിൽ അച്ഛനെവിടെ.. കഥയുടെ തുടക്കത്തിൽ മണ്ണുകുഴച്ച് മണ്ണപ്പം ഉണ്ടാക്കിയ അതേ ലാഘവത്തോടെ അവൻ ഓരോ ശവവും നീക്കിമാറ്റി അച്ഛനെ കണ്ടുപിടിക്കുന്നു.

കുറേനാളുകൾക്കുള്ളിൽ വീണ്ടും തീവണ്ടിയാത്ര. 'അമ്മ എന്തൊക്കെയോ പിച്ചും പേയും പറയുന്നു. ഇടയ്ക്ക് തീവണ്ടി എത്രയോ മണിക്കൂറുകൾ ഒരിടത്തു നിർത്തുന്നു. എന്തൊക്കെയോ ശബ്ദങ്ങൾ. 'ചുവന്ന പട്ടാളമാണ് നമ്മൾ സ്വതത്രരായി ' ആരോ പറയുന്നു.

രക്ഷാകേന്ദ്രത്തിൽ എത്തുന്ന യോനയോടൊപ്പം അമ്മയില്ല. അമ്മ ആശുപത്രിയിലാണ്. അവർ മരുന്നുകഴിക്കാൻ സമ്മതിക്കാതെ പിച്ചും പേയും പറയുന്നു. എല്ലാം വിഷമാണ് ,  എല്ലാം വിഷമാണ് ...അവർ പിറുപിറുക്കുന്നു.

അമ്മയും  മരിക്കുന്നു, പിന്നീട് യോന അച്ഛന്റെ പഴയ കൂട്ടുകാരന്റെ സംരക്ഷണയിലാകുന്നു. 'നിനക്ക്  ഏഴു വയസ്സായി , നീ വലിയകുട്ടിയാണ് ' വളർത്തമ്മ പറയുന്നു.

തന്റെ ചുറ്റും മുഖങ്ങൾകൊണ്ട് വട്ടമുണ്ടാക്കാൻ ആരുമില്ല എന്ന് യോന മനസിലാക്കുന്നു.

വളരെക്കാലങ്ങൾക്കുശേഷം, ഭൗതികശാസ്ത്രജ്ഞൻറെ അവലോകന ബുദ്ധിയോടെ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ, അതിലെ ദുരന്തങ്ങളെപ്പോലെതന്നെ കറകളഞ്ഞ സ്നേഹവും യോന ഒബർസ്‌കിയുടെ കണ്ണുകൾ നിറയിച്ചിരിക്കണം.

ഉപാധികളില്ലാത്ത സ്നേഹം ഒരുപക്ഷെ മരണം കൊണ്ട് അവസാനിക്കുന്നില്ലായിരിക്കാം....




Saturday, April 28, 2018

യുദ്ധകാലത്തെ കുട്ടികൾ - ഒരിക്കൽ


എന്റെ മകന്റെ നാലാം ക്ലാസ്സ് വായനയ്ക്കായുള്ള പിരീഡിൽ ഇപ്പോൾ വായിക്കുന്ന പുസ്തകം മോറിസ് ഗ്ലെയ്‌റ്റ്സ് മാന്റെ 'Once ' ആണ്.രണ്ടാംലോകമഹായുദ്ധകാലത്ത് പോളണ്ടിൽ ഒരു കത്തോലിക് അനാഥാലയത്തിൽ ഒളിവിൽ കഴിയുന്ന ജൂതബാലന്റെ കഥയാണത്. യുദ്ധം അതിന്റെ എല്ലാ ഭീകരതയോടും തന്നെ പല ഭാഗത്തും പ്രതിപാദിച്ചിട്ടുള്ളതുകൊണ്ട് ഇത് ഒൻപതുവയസ്സുകാർക്ക് പറ്റിയ പുസ്തകമാണോ എന്ന് ഞാൻ സംശയിച്ചിരുന്നു.
കഥാനായകനും ഒൻപതുവയസ്സു തന്നെയാണ് എന്നോർത്തപ്പോൾ ആ സംശയം ബാലിശമായിത്തോന്നി.

ഫെലിക്സ് എന്ന ആ കുട്ടി വിഷണ്ണനല്ല. തന്റെ അച്ഛനമ്മമാർ തിരിച്ചുവരും എന്ന് അവനുറപ്പുണ്ട്. അവർ പുസ്തകവില്പനക്കാരാണ്. തനിയ്ക്ക് ആറു വയസ്സുള്ള കാലത്ത് ചിലർ പുസ്തകങ്ങൾ കൂട്ടിയിട്ടുകത്തിച്ചതും , ജൂതന്മാരായ പുസ്തകവില്പനക്കാർക്ക് ഇത് നല്ലകാലമല്ല എന്ന് അച്ഛൻ വിഷണ്ണനായി പറഞ്ഞതും അവൻ ഓർക്കുന്നുണ്ട്. അതെ തുടർന്നാണ് അവൻ അനാഥാലയത്തിലെ അമ്മമാരുടെ സംരക്ഷണയിലായത്. യുദ്ധത്തെ കുറിച്ച് അവനറിയില്ല. പുസ്തകക്കാരുടെ പ്രശ്നങ്ങൾ, അവ എഴുത്തുകാരെ പിടിക്കുന്ന കരടികളോ, അച്ചടിയന്ത്രങ്ങൾ മോഷ്ടിക്കുന്ന കള്ളന്മാരോ അങ്ങനെ  എന്തുതന്നെയാണെങ്കിലും, അവയൊക്കെ പരിഹരിച്ച് അച്ഛനും അമ്മയും വരുമെന്ന് അവൻ കരുതുന്നു.

ഒരിക്കൽ , തന്റെ അത്താഴപ്പാത്രത്തിൽ കണ്ട കാരറ്റ് അവനെ ചിന്തിപ്പിക്കുന്നു. മറ്റാർക്കും കൊടുക്കാതെ തന്റെ പാത്രത്തിൽ മാത്രം വിളമ്പിയ കാരറ്റ് 'അമ്മ കൊടുത്തയച്ചതായിരിക്കും എന്ന് അവൻ കരുതുന്നു. അതെ തുടർന്നാണ് അവൻ അച്ഛനമ്മമാരെ അന്വേഷിച്ച്, മലയിറങ്ങി യുദ്ധം കൊടുമ്പിരികൊള്ളുന്ന ഗ്രാമത്തിലെത്തുന്നത്. അവടെ കണ്ട കാഴ്ചകൾ അവന് മനസ്സിലാകുന്നില്ല . തന്റെ വീട്ടിലെ പുതിയ താമസക്കാർ തന്നെ ആട്ടിയോടിച്ചത് എന്തിനാണെന്നും.  ഒഴിഞ്ഞ തെരുവുകളും, വാതിലുകൾ തുറന്നിട്ട ഒഴിഞ്ഞ വീടുകളും, വിദൂരത്തിൽ മുഴങ്ങുന്ന വെടിയൊച്ചകളും അവനെ ചിന്തിപ്പിക്കുന്നു. ആളുകളെല്ലാം മുയൽ വേട്ടയ്ക്ക് പോയതായിരിക്കും എന്നും , റോഡിലൂടെ പാഞ്ഞുപോയ പട്ടാളവണ്ടി തന്റെ നേരെ വെടിവച്ചത് അറിയാതെ ആയിരിക്കും എന്നുമാണ്   അവൻ ആദ്യം കരുതുന്നത്.  ഒടുവിൽ നാസി പട്ടാളത്തിന്റെ കയ്യിൽ അകപ്പെട്ട അവനെ രക്ഷിക്കുന്നത്, വാർസോ ഗെറ്റോവിൽ അനാഥകുട്ടികളെ സംരക്ഷിച്ചിരുന്ന ബാർണി എന്ന ഡോക്ടറാണ്.

തനിയ്ക്കുചുറ്റുമുള്ള  ലോകത്തിന്റെ ഭീകരാവസ്ഥ മനസ്സിലാകുമ്പോളും ഫെലിക്സ് പ്രതീക്ഷ കൈവെടിയുന്നില്ല. ചെറിയ ജനാലയിലൂടെ തെരുവിലേയ്ക്ക് നോക്കി അവൻ അച്ഛനമ്മമാരെ തിരയുന്നു, നാസികളെ പറ്റിച്ച് അവർ രക്ഷപ്പെട്ടിരിക്കാവുന്ന സാഹചര്യങ്ങളെ കുറിച്ച് കഥകൾ മെനയുന്നു. അവന്റെ കഥകൾ മറ്റുകുട്ടികളെയും രസിപ്പിക്കുന്നു.
വാർസോ ഗേറ്റോയിലെ 'വലിയ പുറത്താക്കൽ ' നടക്കുന്ന കാലമാണത്. കുട്ടികൾ ഒരു ചെറിയ നിലവറയിൽ ഒളിവിൽ കഴിയുകയാണ്. തെരുവിൽ ആളുകളെ ആട്ടിത്തെളിച്ച് കൊണ്ടുപോകുന്നത്  അവർ അറിയുന്നുണ്ട്. പിന്നീടൊരു രാത്രിയിൽ ബാർണിയോടൊപ്പം പുറത്തിറങ്ങുന്ന ഫെലിക്സിനെ ആളൊഴിഞ്ഞ തെരുവുകൾ ഭയപ്പെടുത്തുന്നു. ആളുകളെല്ലാം തീവണ്ടികളിൽ തടങ്കൽപാളയങ്ങളിലേയ്ക്ക് മാറ്റപ്പെട്ടു എന്ന് ബാർണി പറയുന്നു. തടങ്കൽപാളയങ്ങൾ യഥാർത്ഥത്തിൽ മരണശാലകളാണെന്നും....
ഫെലിക്സിന്റെ ഭാവന നിശ്ശബ്ദമാകുന്നത് അപ്പോഴാണ്.
പിന്നീട് പിടിയിലാകുമ്പോഴും , ആദ്യമായി തീവണ്ടിയിൽ കയറുന്ന ഉത്സാഹത്തോടെ മറ്റുകുട്ടികൾ ചിരിയ്ക്കുമ്പോഴും അവൻ നിശ്ശബ്ദനാണ്. അവൻ ചിന്തിയ്ക്കുന്നത് തന്റെ കൂട്ടുകാരിയായ ആറുവയസുകാരിയെ കുറിച്ചാണ്, ഓടിക്കൊണ്ടിരിയ്ക്കുന്ന ആ കന്നുകാലിവണ്ടിയുടെ ഇളകിപ്പോയ പട്ടികയുണ്ടാക്കിയ വിടവിലൂടെ, നാസികളുടെ വെടിയുണ്ടകളെ ഭയക്കാതെ  പുറത്തേയ്ക്ക് ചാടുവാൻ അവനെ പ്രേരിപ്പിക്കുന്നതും അവളെ രക്ഷിക്കണം എന്ന ചിന്തയാണ്...

ഫെലിക്സ് ഒരിയ്ക്കലും തന്റെ മാതാപിതാക്കളെ കണ്ടെത്തുന്നുന്നില്ല.. അവർ മരിച്ചു എന്ന് തീർച്ചപ്പെടുത്തുന്നതും ഇല്ല....

വാർസോ ഗേറ്റോവിൽ കുട്ടികളെ സംരക്ഷിച്ചിരുന്ന യാനുസ് കോർസെക് എന്ന എഴുത്തുകാരന്റെ ജീവിതമാണ് ഈ കഥയ്ക്ക് ആധാരം. ഒടുവിൽ, ഒരു വിനോദയാത്രയ്ക്ക് പോകുന്ന സന്തോഷത്തിൽ വെളുത്തവസ്ത്രങ്ങൾ ധരിച്ച് മാർച്ചുചെയ്ത് തീവണ്ടിയിൽ കയറിയ തന്റെ കുട്ടികളോടൊപ്പം അദ്ദേഹവും പോയി. ' എസ്  വാർ ഐൻ മാൽ  ഐൻ ക്ളൈനസ് ബയൂബ്ച്ചെൻ ' എന്ന നഴ്സറി പാട്ടിനൊപ്പം മാർച്ചുചെയ്ത് തീവണ്ടിയിൽ കയറുന്ന കുട്ടികളുടെ ഒരു ദൃശ്യം ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ് എന്ന സിനിമയിലും ഉണ്ട്.

പ്രിയപ്പെട്ടവരെ തിരിച്ചുകിട്ടുന്ന നിമിഷത്തെ കുറിച്ച് ഫെലിക്സ് മനസ്സിൽ വരച്ച ചിത്രങ്ങളാകണം അവനെ ജീവിതത്തോട് ചേർത്ത്നിർത്തിയത്. 

അജ്ഞാതമായ ഭാവിയുടെ ഏതോ ഒരു നിമിഷത്തിൽ തങ്ങൾ കണ്ടുമുട്ടുകതന്നെ ചെയ്യും എന്ന വിശ്വാസമാകണം അവനെ മുന്നോട്ടുകൊണ്ടുപോയത്.


Tuesday, April 17, 2018

മഞ്ഞപ്പൂങ്കുല വാരിച്ചൂടി
മാധവമാസമണഞ്ഞിട്ടും,
മഞ്ഞിൻ പുകമറയൂതിയകറ്റി
മധുരിമ കാറ്റിലലിഞ്ഞിട്ടും  ,
പാടുന്നില്ലീ പൂങ്കുയിലെന്തേ
പാറി നടന്നീ വാടികയിൽ,
പാടാൻ പുതിയൊരു പാട്ടിന്നീണം
പരതുന്നോരെൻ ചേതനയിൽ. 

നാവിൻ തുമ്പിൽ നിനവിൽക്കാണാ
നൊമ്പരമൊന്നുപിടഞ്ഞിട്ടോ ?
നോവിന്നീണം ഗദ്ഗദമായി
നെഞ്ചിന്നുള്ളിലുറഞ്ഞിട്ടോ ?
പാടുന്നില്ലീ പൂങ്കുയിലെന്തേ
പറയാനാകില്ലെന്നാലും ,
പണ്ടേ പാടിയ പാട്ടിന്നീണം
പടരുകയാണെന്നാത്മാവിൽ .

Tuesday, March 20, 2018

മഞ്ഞുപെയ്യുകയാണ്... മരമരച്ചില്ലകളിൽ മുളച്ചുതുടങ്ങിയ വസന്തത്തിന്റെ പുതുനാമ്പുകളിലും മഞ്ഞ്..
വസന്തം സ്വപ്നം കണ്ടിരുന്ന പൂമൊട്ടുകളെ മൂടി മഞ്ഞിന്റെ ശവക്കച്ച...
എത്ര കൊതിച്ചുകാണണം അവ വസന്തത്തിന്റെ ഊഷ്മളനിശ്വാസങ്ങൾക്കായി..എത്ര കാത്തിരുന്നിരിക്കണം..

തണുപ്പാണ് എന്റെയുള്ളിലും , എല്ലാം കീഴടക്കുന്ന തണുപ്പ്..

Tuesday, March 13, 2018

നടന്നെത്രനേരം  അറിയില്ലതെല്ലും
മറഞ്ഞുപോയെങ്ങോ കഴിഞ്ഞോരുദൂരം
തനിച്ചല്ലഞാനെന്നു മന്ത്രിച്ചതാരോ
അകലെയല്ലെന്നോ എൻജീവസത്യം

പനിച്ചൂടിലെന്നോ തെളിഞ്ഞൊരുസ്വപ്നം
മറയാതെനിൽപ്പൂ മനക്കണ്ണിലിന്നും

Friday, March 2, 2018

   രോഗങ്ങളും മരുന്നുമൊക്കെയായി വല്ലാത്തൊരു മഞ്ഞുകാലം ...

Tuesday, January 23, 2018

എന്റെ ക്ഷീണിച്ച ശരീരവും ആത്മാവും ദൈവത്തിന്റെ ശബ്ദം തേടിപ്പോകുന്നു.


ഞാനായ് ചമച്ചതില്ലീണങ്ങളേതുമേ
ഞാനേ അറിഞ്ഞതേയില്ലീ പദങ്ങളെ
ഹൃദയത്തുടിപ്പിനാലീ സ്വര മാലിക
നീയെന്റെ ചുണ്ടിലായ് ചേർത്തതാണത്ഭുതം!
കേൾക്കാതിരിക്കട്ടെ ലോകമീ ഗാനവും,
ലോകത്തിനെന്തിനായ് നിന്നെ കൊടുപ്പുഞാൻ?

Thursday, January 4, 2018

അകലെയേതോ വിമൂകമാം വീചിയിൽ
പകലൊടുങ്ങിയൊരേകാന്തവീഥിയിൽ
ഉഴറിടുന്നുവെൻ പ്രാണനിന്നെന്തിനോ
പഴയൊരാശംസഗീതമായ് മാറുവാൻ..