Tuesday, December 17, 2019

ഉരുകി മൂകയായ് , എത്ര തീച്ചൂളയിൽ !
ഉഴറിയെത്രയോ പേടിസ്വപ്നങ്ങളിൽ!
ഉലകിലന്യയാണെന്നിരുന്നീടിലും ,
ഉരവിടാത്തതും കേൾക്കുവതെന്തുഞാൻ!

Tuesday, December 10, 2019

നിഴലുകൾ നീളുന്ന വഴികളെങ്ങോ
അന്ധകാരത്തിൽ മറഞ്ഞനേരം ,
ഞാനീ തളർന്ന മിഴികളാലെ
ദൂരേയ്‌ക്കുനോക്കിത്തനിച്ചിരിപ്പൂ…
പതിയെ മറയുന്നു  പ്രജ്ഞയേതോ
മിഥ്യതൻ ലോകത്തലയുവാനായ് ,
ഒരുനോക്കുകാണാൻ കൊതിച്ചതെന്തോ
അരുമയായ് കൈകളിൽ ചേർക്കുവാനായ്!


Monday, December 2, 2019

കാത്തുനിന്നിരുന്നെത്രയോ കാലമാ
കാലടികളെ പുൽകും വഴികളിൽ,
ശിശിരകാലം കവർന്ന നിറങ്ങൾ തൻ
ശിഥിലമേതോ കിനാവുപോലങ്ങനെ ..

Wednesday, November 6, 2019



ഒടുവിലെങ്ങോ മറഞ്ഞിടാം ചന്ദ്രനും,
വീണൊടുങ്ങിടാം  താരകജാലവും .
അന്തരീക്ഷത്തിലേതോ കണികയായ്,
നിന്നെയന്നുമെന്നാത്മാവുതേടിടും.


Seeking inspiration, finding solace , again in old songs..


Friday, October 4, 2019



Started kindergarten....

ഇന്നെന്റെ കൈകളെ വിട്ടു നീയൊ -
ന്നൊറ്റയ്ക്കുലകത്തിലേക്കിറങ്ങേ,
ആയിരമാശങ്ക കാട്ടുതീയായ്
ഉള്ളിന്റെയുള്ളിൽ പടർന്നിരിയ്ക്കാം ..
പിന്നെയൊരു ഗദ്‌ഗദമായി ന്യൂനം 
കണ്ഠത്തിനുള്ളിൽ തടഞ്ഞിരിയ്ക്കാം..
അല്ലെങ്കിലശ്രുബിന്ദുക്കളായി
നിൻ മിഴി പാടെ നനച്ചിരിയ്ക്കാം..


തിരികെയെന്നരികത്തണയുവായ്
വെമ്പുന്ന നെഞ്ചിന്നിടിപ്പുപോലും,
കേൾക്കുന്നു ഞാനുമീ മൗനമെന്നിൽ 
വിങ്ങുന്ന നോവായ്  പടർന്ന നേരം...

അരികിൽ ഞാനില്ലാതെ പോയ നേരം
ഏതോ കടങ്കഥയായിരിയ്ക്കാം
കാണാത്ത ദിക്കിലൊളിച്ചതല്ലീ ,
പാതവക്കത്തോർത്തു നിൽപ്പു മൂകം.

ഉണ്ടായിരിയ്ക്കാം നമുക്കിനിയും
ഒന്നിച്ചിരിയ്ക്കുവാൻ പൂവനികൾ!
ഏതു വിദൂരത താണ്ടിയാലും ,
നിന്നടുത്തെത്താതിരിയ്ക്കുമോ ഞാൻ?

Tuesday, August 20, 2019

 അകലെയലഞ്ഞെത്ര പതിറ്റാണ്ടുകൾ ! മൂക-
മവതൻ താപം പേറിയിന്നു നാം മടങ്ങവേ ,
കാത്തുവച്ചിരുന്നെന്നോ  കാലമീ കളിത്തോപ്പിൽ
സ്വച്ഛമാം തണുപ്പേകാൻ, ഈ മരത്തണലിനെ !

Monday, July 15, 2019

യുദ്ധകാലത്തെ കുട്ടികൾ - ഫ്രീഡ്രിക് ഉണ്ടായിരുന്നപ്പോൾ

നാലുമുതൽ പതിനേഴുവയസ്സുവരെ തന്റെ അയൽവാസിയും ഏറ്റവും അടുത്ത സുഹൃത്തുമായിരുന്ന ഫ്രീഡ്രിക്കിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് , ഹാൻസ് പീറ്റർ റിഷ്‌റ്റർ , 'Damals war es Friedrich'  എന്ന പുസ്തകത്തിൽ. ഈ പുസ്തകം അതെഴുതപ്പെട്ട ഭാഷയിൽത്തന്നെ വായിക്കാനായത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.

യുദ്ധകാലത്തെ  അവിശ്വസനീയമായ ക്രൂരതകൾ നിസ്സംഗതയോടെ കണ്ടുനിന്ന സമൂഹത്തെ കുറിച്ച് യുക്തിപൂർവ്വം ചിന്തിയ്ക്കുമ്പോൾ, യുദ്ധത്തിനു തൊട്ടുമുൻപുള്ള കാലഘട്ടം ഏറെ പ്രസക്തമാണ്. ഒന്നാം ലോക മഹായുദ്ധത്തിനുശേഷം ദയനീയമായ  സാമ്പത്തികത്തകർച്ചയിൽ ആണ്ടുകിടന്നിരുന്ന ജർമ്മനിയിൽ തൊഴിലില്ലായ്മയും ദാരിദ്ര്യവും  വലിയൊരുവിഭാഗം ജനങ്ങളെയും  സാരമായി ബാധിച്ചു. യുദ്ധരംഗത്തുനിന്നും പ്രത്യക്ഷത്തിൽ വിട്ടുനിന്ന ജൂതസമൂഹത്തിനാകട്ടെ  കാര്യമായ വിപത്തുകൾ ഉണ്ടായില്ല. 'അകത്തുനിന്നുള്ള ചതി' കാരണമാണ് ജർമ്മനി തകർന്നത് എന്ന് ആളുകൾ ജൂതരെക്കുറിച്ചു പരസ്യമായി അഭിപ്രായപ്പെട്ടുതുടങ്ങി. നാസിപാർട്ടി രൂപം കൊണ്ടതിനുശേഷം ഈ അസാരസ്യം ദിനംപ്രതി വർദ്ദിച്ചുവന്നു.

ഇത്തരം ഒരു സാമൂഹിക കാലാവസ്ഥയിലാണ് ,  1925 ൽ , കൊളോൺ നഗരത്തിൽ, അടുത്തടുത്തുള്ള വീടുകളിൽ, ഏതാണ്ട് ഒരേ സമയത്ത് ഹാൻസ് പീറ്ററും  ഫ്രീഡ്രിക്കും ജനിക്കുന്നത്.  ഹാൻസ് പീറ്ററിന്റെ അച്ഛൻ തൊഴിലില്ലായ്‌മ വേതനം കൊണ്ടും, ഭാര്യയുടെ വീട്ടുകാർ അയച്ചുകൊടുക്കുന്ന പണം കൊണ്ടും ആണ് കുടുംബം പുലർത്തിയിരുന്നത്. ഫ്രീഡ്രിക്കിന്റെ അച്ഛൻ തപാൽ വിഭാഗത്തിൽ ഉദ്യോഗസ്ഥനാണ്.
നാലാം വയസ്സിൽ Reibe Kuchen എന്ന ഉരുളക്കിഴങ്ങപ്പങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുട്ടികൾ തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. പൊടിയിൽ വീണുരുണ്ടുകളിച്ചകുട്ടികളെ കുളിപ്പിക്കാനായി കുളിമുറിയിലെത്തിയ ഹാൻസ് പീറ്ററിന്റെ അമ്മ, ഫ്രീഡ്രിക്കിനോട് അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു "നീ ഒരു ജൂതനാണല്ലോ"

ഒന്നാംക്ലാസ്സിൽ ചേർന്ന ദിവസം കുട്ടികളെ കാർണിവലിനു കൊണ്ടുപോകുന്നത് ഫ്രീഡ്രിക്കിന്റെ അച്ഛനാണ്. കയ്യിൽ ഒന്നോ രണ്ടോ നാണയങ്ങൾ മാത്രമുള്ള ഹാൻസ് പീറ്ററിന്റെ അച്ഛൻ ജാള്യതയോടെ അവരെ അനുഗമിയ്ക്കുന്നു. സാബത്തിന്റെ ശനിയാഴ്ച്ച ഒരുപൊടിപടലംപോലുമില്ലാതെ വൃത്തിയാക്കിയിട്ടിരിക്കുന്ന, ഫ്രീഡ്രിക്കിന്റെ വീട്ടിലെ ചമയങ്ങൾ കണ്ട് ഹാൻസ് പീറ്റർ അത്ഭുതപ്പെടുന്നുണ്ട്.

ഇല്ലായ്മകൾ ഏറെയൊന്നും അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാകണം ഫ്രീഡ്രിക് സന്തോഷവാനായ കുട്ടിയായിരുന്നു. അവൻ സങ്കോചമില്ലാതെ അപരിചിതരോടുപോലും സംസാരിക്കുകയും, ഉത്സാഹത്തോടെ ഗൃഹപാഠങ്ങൾ ചെയ്യുകയും ചെയ്തു. പരിചയക്കാരനായ ഡോക്ടറുടെ ക്ലിനിക്കിന്റെ മുൻപിൽ കണ്ട പുതിയ  മഞ്ഞ ബോർഡിൻറെ അർഥം അവനുമനസിലാകുന്നില്ല. അതുകൊണ്ടുതന്നെ അതവനെ ഏറെയൊന്നും അലട്ടുന്നുമില്ല.

ഹാൻസ് പീറ്ററിന്റെ മുത്തച്ഛൻ അവന്റെ അച്ഛനോട് , കുട്ടിയെ ജൂതരോടൊപ്പം കളിയ്ക്കാൻ വിടരുത് എന്ന് പറയുന്നുണ്ട്. ക്രിസ്തുവിന്റെ ഘാതകർ എന്നാണ് അദ്ദേഹം ജൂതരെ വിളിക്കുന്നത്. ക്രിസ്തുവിനെ കൊന്നത് ഫ്രീഡ്രിക്കിന്റെ അച്ഛനമ്മമാർ ഒന്നുമല്ലല്ലോ , എന്നാണ്  ഹാൻസ് പീറ്ററിന്റെ അച്ഛൻ മറുപടി കൊടുക്കുന്നത്.
ഫ്രീഡ്രിക്കിന്റെ കുടുംബത്തോട് താമസസ്ഥലം ഒഴിഞ്ഞുകൊടുക്കണം എന്നാവശ്യപ്പെടുന്ന വീട്ടുടമസ്ഥനോട് തർക്കിക്കുന്നതും പലപ്പോഴും അവരെ സഹായിക്കുന്നതും ഹാൻസ് പീറ്ററിന്റെ അച്ഛനാണ് . എങ്കിലും പിൽക്കാലത്ത് അദ്ദേഹവും, ഒരു ജോലി കണ്ടുപിടിയ്ക്കാൻ സഹായം ലഭിയ്ക്കും എന്ന കാരണത്താൽ നാസി പാർട്ടിയിൽ ചേരുന്നു.  താങ്കൾ എന്തുകൊണ്ട് രാജ്യം വിട്ടുപോകാൻ ശ്രമിക്കുന്നില്ല എന്ന് അദ്ദേഹം ഫ്രറീഡറിക്കിന്റെ അച്ഛനോട് ചോദിക്കുന്നുണ്ട് .

കാര്യങ്ങൾ ഒരുപരിധിയിൽകൂടുതൽ വഷളാവില്ല എന്ന്  , മറ്റുപലരെയുംപോലെ, ഫ്രീഡ്രിക്കിന്റെ കുടുംബവും വിശ്വസിച്ചിരുന്നു. തങ്ങളും ജർമ്മൻകാരാണ് എന്ന് അവർ പരസ്പരം ഓർമ്മപ്പെടുത്തുന്നുണ്ട് .1936ലെ   ബർലിൻ ഒളിംപിക്സ് തുടങ്ങുന്നതോടെ എല്ലാം പഴയപടിയാകുമെന്ന് അവർ പ്രതീക്ഷിച്ചു.

ഗവൺമെന്റ്‌ തസ്തികകളിൽ നിന്നും ജൂതരെ പുറത്താക്കിയതോടെ ഫ്രീഡ്രിക്കിന്റെ അച്ഛന് ജോലി നഷ്ടപ്പെടുന്നു. തെരുവിലൂടെ ഉറക്കെ കരഞ്ഞുകൊണ്ടുവരുന്ന അച്ഛനെ കൈപിടിച്ചുവീട്ടിൽകൊണ്ടുചെല്ലുന്നത് ഫ്രീഡ്രിക്കാണ്. അധികം താമസിയാതെ ഫ്രീഡ്രിക്  ജൂതരുടെ സ്കൂളിലേയ്ക് മാറ്റപ്പെടുന്നു. പുതുതായി തുറന്ന ഒരു വ്യാപാരസമുച്ഛയത്തിൽ ജോലി കണ്ടെത്തുന്ന അച്ഛൻ പുതിയ ജീവിതത്തിന്റെ പൊരുത്തക്കേടുകൾ ഏറെക്കുറെ കണ്ടില്ല എന്ന് നടിയ്ക്കുകയാണ്.

ഒരിയ്ക്കൽ നാസിപാർട്ടിയുടെ ബാലജനസഖ്യത്തിൽ മാർച്ചുചെയ്യാനും പ്രസംഗം കേൾക്കാനും, ഹാൻസ് പീറ്ററോടൊപ്പം, കഴുത്തിൽ ത്രികോണാകൃതിയിലുള്ള തൂവാല കെട്ടി  ഫ്രീഡ്രിക്കും പോകുന്നു. ക്രിസ്തുവിനെ ക്രൂശിച്ചത് വിവരിച്ച  കമാണ്ടർ ഓരോ കുട്ടിയേയും നോക്കി ഉറക്കെ പറയുന്നു 'ജൂതർ നമ്മുടെ നിർഭാഗ്യമാണ്' . കുറച്ചു നേരം അയാളുടെ മുഖത്ത് തുറിച്ചുനോക്കിയതിനുശേഷം ഇറങ്ങിയോടുന്നതിനുമുന്പ് ഫ്രീഡ്രിക് പറയുന്നത് 'ജൂതർ നിങ്ങളുടെ നിർഭാഗ്യമാണ്' എന്നാണ്.

ചരിത്രപാഠങ്ങളിൽ  ക്രിസ്റ്റൽ നൈറ്റ് എന്നറിയപ്പെടുന്ന , ജൂതരുടെ വ്യാപാരകേന്ദ്രങ്ങളും പാർപ്പിടങ്ങളും ആക്രമിച്ചു തകർക്കപ്പെട്ട ആ ദിവസം, തെരുവിലെ ആൾക്കൂട്ടത്തിന്റെ  ആക്രോശം കേട്ട് പോകുന്ന ഹാൻസ് പീറ്റർ കാണുന്നത്  ജൂതരുടെ സ്‌കൂൾ തല്ലിത്തകർക്കപ്പെടുന്നതാണ്. ആരോ തന്റെ കയ്യിൽ ഒരു ചുറ്റിക വച്ചുതന്നതും , അതുകൊണ്ടു വീശിയടിച്ചപ്പോൾ ചില്ലുപാളികൾ തകർന്ന് നാലുപാടും തെറിച്ചതും ഒരു സ്വപ്നം പോലെയാണ് അവനുതോന്നുന്നത്. എങ്കിലും എങ്ങനെയോ സ്വബോധം വീണ്ടെടുത്ത ഹാൻസ് പീറ്റർ ആൾക്കൂട്ടത്തിനിടയിലൂടെ സ്വന്തം വീട്ടിലെത്തുന്നു.

അതേദിവസം തന്നെ ഫ്രീഡ്രിക്കിന്റെ വീടും ആക്രമിക്കപ്പെടുന്നു, തലയ്ക്കു പരുക്കേറ്റ ഫ്രീഡ്രിക്കിന്റെ അമ്മ , ചില്ലുവിളക്കുകളും ജനാലകളും തകർക്കപ്പെട്ട, കൊള്ളയടിക്കപ്പെട്ട ആവീട്ടിൽ  വൈദ്യസഹായം കിട്ടാതെ മരിയ്ക്കുന്നു. പിന്നീടുള്ള ഫ്രീഡ്രിക്കിന്റെ ജീവിതം ഏറ്റവും ഭീകരമായ ഒരു ദുഃസ്വപ്നം പോലെയാണ്.

താൻ സ്നേഹിയ്ക്കുന്ന പെൺകുട്ടിയെ പറ്റി ഒരിയ്ക്കൽ പതിനാറുകാരനായ ഫ്രീഡ്രിക്, ഹാൻസ് പീറ്ററിനോട് കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. പാർക്കിലെ ജൂതർക്ക് ഇരിക്കാൻ അവകാശമില്ലാത്ത പച്ചബെഞ്ചിൽ അവളുടെ അടുത്തിരുന്നപ്പോൾ തന്റെ ഹൃദയമിടിപ്പുകൾക്കുപോലും ഭയമായിരുന്നു എന്ന് അവൻ പറയുന്നു. അതുമനസ്സിലാക്കിയ പെൺകുട്ടി പാർക്കിന്റെ മൂലയിലുള്ള മഞ്ഞബെഞ്ചിൽ പോയിരിക്കാം എന്ന് അവനോട് പറയുന്നുണ്ട്.

ജൂതപുരോഹിതനെ സഹായിച്ചു എന്ന കുറ്റം ചുമത്തി ഫ്രീഡ്രിക്കിന്റെ അച്ഛനെ അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നതും, വീട്ടുടമസ്ഥൻ വീട് അടച്ചുപൂട്ടുന്നതും ഹാൻസ് പീറ്ററിനും കുടുംബത്തിനും കണ്ടുനിൽക്കാനേ സാധിയ്ക്കുന്നുള്ളൂ. ഒളിവിൽ  പോകുന്ന  ഫ്രീഡ്രിക്കിന് പലപ്പോളും ഹാൻസ് പീറ്റർ ഭക്ഷണവും മറ്റും എത്തിച്ചുകൊടുക്കുന്നുണ്ട്. വ്യോമാക്രമണം ഉണ്ടാകും എന്ന് മുന്നറിയിപ്പുള്ള ദിവസം , ഷെൽട്ടറിലേയ്ക്ക് പുറപ്പെടാൻ ഒരുങ്ങിനിൽക്കുമ്പോളാണ് ഫ്രീഡ്രിക് അവസാനമായി അവരുടെ വീട്ടിൽ വരുന്നത്. ഫ്രീഡ്രിക്കിനോട്, പഴയ നാലു വയസുകാരനോടെന്നവണ്ണം , കുളിക്കുവാനും ഭക്ഷണം കഴിക്കുവാനും ഹാൻസ് പീറ്ററിന്റെ അമ്മ പറയുന്നു. 'എന്റെ അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോ നിങ്ങളുടെ കയ്യിലുണ്ടോ, ഉണ്ടെങ്കിൽ അതെനിയ്ക്ക് തരുമോ' , ഫ്രീഡ്രിക് അവരോട്  ദയനീയമായി അപേക്ഷിക്കുന്നു.

തനിക്ക് ഭയമാണെന്ന് കെഞ്ചി പറഞ്ഞെങ്കിലും ,ഫ്രീഡ്രിക്കിനെ വീട്ടുടമസ്ഥൻ ഷെൽട്ടറിനുള്ളിൽ പ്രവേശിപ്പിക്കുന്നില്ല. ആ  നിലവറയുടെ  സുരക്ഷിതത്വത്തിലും പുറത്തുനിന്നുള്ള ശീൽക്കാരങ്ങൾ ഹാൻസ് പീറ്ററിനു കേൾക്കാമായിരുന്നു. ശബ്ദകോലാഹലങ്ങളുടെ ആ  രാത്രിയ്ക്കുശേഷം പകുതിയും ഇടിഞ്ഞുപോയ തെരുവിലേക്ക് തിരിച്ചുവന്ന പ്രഭാതത്തിൽ, തന്റെ വീട്ടിനുമുൻപിൽ മരിച്ചുകിടക്കുന്ന കൂട്ടുകാരനെയാണ്  ഹാൻസ് പീറ്ററിന്‌ കാണാനായത്. അവൻ ഇങ്ങനെ ഒടുങ്ങിയത് നന്നായി എന്ന് പിറുപിറുത്തുകൊണ്ട് വീട്ടുടമസ്ഥൻ തന്റെ പൂന്തോട്ടത്തിലെ പ്രതിമയുടെ പൊട്ടിപ്പോയ കഷ്ണങ്ങൾ കരുതലോടെ പെറുക്കിയെടുക്കുന്നു.

ഫ്രീഡ്രിക്കിന്റെ പതിനേഴുവർഷത്തെ ജീവിതം തൻ ജനിച്ചുവളർന്ന ആ കെട്ടിടത്തിനുമുൻപിൽ തന്നെ അവസാനിക്കുന്നു.

വെറുതെ നോക്കി നിൽക്കുക എന്നതിൽ കൂടുതലായി, തനിയ്ക്ക് എന്തെങ്കിലും ചെയ്യാനാകുമായിരുന്നോ എന്ന് ഹാൻസ് പീറ്റർ എത്ര തവണ തന്നോടുതന്നെ ചോദിച്ചുകാണണം ? വളരെയധികം സ്നേഹിച്ച സുഹൃത്തിനെ ഗത്യന്തരമില്ലാതെയാണെങ്കിലും മരണത്തിന് വിട്ടുകൊടുക്കുക എന്ന അവസ്ഥ  സത്യത്തിൽ ഭയാനകമല്ലേ...


Monday, July 1, 2019

പതിതയാം പകൽ വീണൊടുങ്ങിയ പാതയിൽ
പതിയെത്തെളിയുന്ന നഗരദീപങ്ങളേ,
മിഴിചിമ്മി നിങ്ങളീ മഴതോർന്ന വഴികളെ
മഴവില്ലുപാകിയൊരുക്കുവതെന്തിനായ്!

Sunday, June 2, 2019

മൗനമെന്നും ചൊടികളെന്നാകിലും
കണ്ണിണയിലൊളിച്ചൊരു സാഗരം,
അലയടിച്ചും നുരഞ്ഞും പതഞ്ഞുമ -
ന്നെത്ര കണ്ണീർക്കഥകൾ പറഞ്ഞുപോയ്!

ഇന്നു കണ്ണുനീർ വറ്റിയ കാറ്റിലെൻ
ചിന്തകളെ പറത്തുകയാണുഞാൻ,
ഏതു ദിക്കില്ലെന്നറിയില്ലയെങ്കിലും
ചേർന്നിടട്ടെയാ തീരത്തതൊക്കെയും ...

Tuesday, May 7, 2019

വിണ്ണിന്നനന്തത കയ്യിലേന്തും
വെൺചിറകെങ്ങോ മറഞ്ഞുപോകെ,
മണ്ണിന്നഗാധമാം ദുഖമെത്ര
കണ്ണുനീർച്ചാലുകളായി മാറി !

ഉരുകുന്ന വേനലിൻ കൈകളൊന്നാ
അരുവിയെ മന്ദം തലോടുകില്ലേ ?
എരിയുന്ന കണ്ണീർക്കയങ്ങളൊന്നായ്
നിരയായി വിണ്ണിലലയുകില്ലേ ?

കാറ്റിൻ കുളിരിലലിഞ്ഞതെങ്ങോ
മാറ്റങ്ങൾ തേടിപ്പറന്നിടട്ടെ  !
വറ്റിവരണ്ടൊരു ജീവിതത്തിൽ
ചാറ്റൽ മഴയായ് പൊഴിഞ്ഞിടട്ടെ  !


Tuesday, April 30, 2019

അണയുന്ന പൊൻവിളക്കെന്നപോലെ
ചക്രവാളത്തിലമർന്നു സൂര്യൻ.
പകലിന്റെ കണ്ണുനീർച്ചാലുകളെ
കടലിന്നപാരതയേറ്റുവാങ്ങി.
ഒരു ദിനം കൂടിയടർന്നുവീഴ്‌കെ ,
ഒരു രാത്രി മന്ദം മിഴിതുറക്കെ ,
തീരത്തെ മൺതരിപോലുമെന്തേ
അകലേയ്ക്കു നോക്കി വിതുമ്പിടുന്നു.

Tuesday, April 23, 2019

വിണ്ണിന്റെ ദിവ്യമാം നാദമേളത്തിൽനി-
ന്നറിയാതെ വീണുപോയ് ഈണങ്ങളെത്രയോ 
മണ്ണിന്റെ മാറിലലിഞ്ഞവയൊക്കെയും 
സംവത്സരങ്ങൾതൻ സങ്കീർത്തനങ്ങളായ് !

അരമാത്ര മാത്രമെന്നരികത്തുവന്നുപി- 
ന്നകലങ്ങൾ പൂകിയോരാ ഗാനമാധുരി 
ഒരുമാത്രപോലും പിരിഞ്ഞില്ല പിന്നെയെൻ 
ഹൃദയത്തിലെന്തേ കലർന്നുപോയീവിധം!

കാതോർത്തിരിപ്പുഞാനെത്രയോ കാലമായ്
ആ നാദവീചികളെന്നെത്തഴുകുവാൻ 
വാക്കുകൾകൊണ്ടു വികലമാകാത്തൊരാ 
സമ്പൂർണ്ണഗീതകമെന്തെന്നറിയുവാൻ !

Friday, April 5, 2019

പ്രീജ, ഞാൻ വർഷങ്ങളായി തിരഞ്ഞുകൊണ്ടിരിക്കുന്നവരിൽ ഒരാൾ.. ഒടുവിൽ കണ്ടുകിട്ടിയിരിക്കുന്നു…

അല്പകാലം മുൻപുവരെ എഴുപതുകളിൽ നിക്ഷിപ്‌തമായിരുന്ന ഗൃഹാതുരത ഇപ്പോൾ തൊണ്ണൂറുകളിൽ എത്തിനിൽക്കുകയാണല്ലോ. തൊണ്ണൂറുകളിലെ പാട്ടുകളെയും , ചലച്ചിത്രങ്ങളെയും വാഴ്ത്തികൊണ്ടുള്ള കുറിപ്പുകൾ എത്രയധികം ഈയ്യിടെയായി വായിച്ചിരിക്കുന്നു.  തൊണ്ണൂറുകളിലെ ബാല്യത്തിന്റെ നിറങ്ങളെ കുറിച്ച് എല്ലാവരും വികാരാധീനരാകുന്നു. എന്റെ ബാല്യത്തിന്റെ അവസാന വർഷങ്ങളും, കൗമാരവും യൗവ്വനാരംഭവും തൊണ്ണൂറുകളിൽ ആയിരുന്നതുകൊണ്ട് ആ നഷ്ടപ്പെട്ട നിറങ്ങളിൽ ഞാനും ഇടയ്ക്കൊക്കെ മുങ്ങിപ്പോകുന്നു. അപ്പോഴൊക്കെ തൊണ്ണൂറുകളുടെ വാതിൽപ്പടിയിൽ നിന്ന് പ്രീജ വിളിക്കുന്നതായിതോന്നും!

1990ൽ കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ എന്തായിരുന്നു എന്ന് ഇന്നറിയില്ല, എങ്കിലും അടിയ്ക്കടിയുള്ള സമരങ്ങളും പൊടുന്നനേയുള്ള കൂട്ടമണിയും , ടീച്ചർക്ക് മുൻപേ തന്നെ ക്ലാസ്സിൽ നിന്ന് ഇറങ്ങിയോടിയിരുന്ന കൊച്ചുപാവാടക്കാരികളും എന്റെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു.കോട്ടൺ ഹിൽ സ്കൂളിൽ പുതുതായി വന്നുചേർന്നതായിരുന്നു ഞാൻ. സ്കൂൾ ബസ്സിൽ യാത്രചെയ്തിരുന്നതുകൊണ്ടും , വീട്ടിൽ പോകാൻ ഇഷ്ടമല്ലാത്തതുകൊണ്ടും  ഞാൻ അത്തരം സമരദിനങ്ങളിൽ സ്‌കൂളിൽ തന്നെ കറങ്ങിനടക്കുമായിരുന്നു. സ്‌കൂൾ ബസ്സിൽ വന്നുകൊണ്ടിരുന്ന മറ്റുകുട്ടികളിൽ ചിലരും കൂട്ടംകൂടിയും ഒറ്റയ്ക്കും സ്കൂൾ പരിസരത്തുതന്നെ വൈകുന്നേരം വരെ കഴിച്ചുകൂട്ടി. അങ്ങനെയാണ് പ്രീജയും ഞാനും കൂട്ടുകാരായത്.

മുൻപുള്ള വർഷങ്ങളിലും ആ സ്കൂളിൽ തന്നെ പഠിച്ചിരുന്നിട്ടും അവൾക്ക് അടുത്ത കൂട്ടുകാർ ഉണ്ടായിരുന്നില്ല. പെൺകുട്ടികൾ മുടി പിരിച്ചിട്ട് റിബൺ കെട്ടി സ്കൂളിൽ വന്നിരുന്ന ആ കാലത്ത് , ഞങ്ങളുടെ മലയാളം മീഡിയം ക്ലാസ്സിൽ , മുടി ബോബുചെയ്ത, എംബ്രോയിഡറി ചെയ്ത കോളറുള്ള അയഞ്ഞ ഷർട്ടുകൾ ഇട്ടിരുന്ന അവൾ തികച്ചും വ്യത്യസ്തയായിരുന്നു. 

എനിയ്ക്കും അന്ന് ചുമലുവരെയെ മുടിയുണ്ടായിരുന്നുള്ളൂ, ഒന്നും മനസ്സിലായില്ലെങ്കിൽത്തന്നെയും ഇംഗ്ലീഷ് സിനിമകൾ കാണുക എന്ന ദുശ്ശീലം അവളെപ്പോലെ തന്നെ എനിയ്ക്കുമുണ്ടായിരുന്നു.

കോട്ടൺ ഹില്ലിന്റെ അഞ്ചേക്കറോളം വരുന്ന ക്യാമ്പസ് തട്ടുകളായി തിരിച്ചതായിരുന്നു. സമരദിവസങ്ങളിൽ ഞങ്ങൾ വൈകുന്നേരം വരെ കുന്നുകൾ കയറിയും ഇറങ്ങിയും മരങ്ങളുടെ പേരുകൾ കണ്ടുപിടിച്ചും ഇലകൾ മണത്തും നടന്നു. എനിക്ക് പരിചയമില്ലാത്ത കെട്ടിടങ്ങളുടെ പേരുകൾ അവൾ പറഞ്ഞുതന്നു.

"ഇതാണ് ലൈബ്രറി, പക്ഷെ ഞാൻ ഇതുവരെ അകത്തുകയറിയിട്ടില്ല' 'ഇതാണ് അസംബ്ലി ഹാൾ , പക്ഷെ ഇതുവരെ ഇവടെ ഒരു അസംബ്ലി നടന്നതായി കണ്ടിട്ടില്ല '  അവൾ ചുമലുകൾ കുലുക്കികൊണ്ട് പറയും..

അല്പസ്വല്പം വടക്കൻ ചുവയുള്ള എന്റെ മലയാളത്തിലെ വ്യാകരണതെറ്റുകൾ ചൂണ്ടിക്കാട്ടുവാൻ അവൾ ഒരിക്കലും മറക്കാറില്ലായിരുന്നു . 'പൂച്ച എലിയെ കൊന്നു, അങ്ങനെ പറയണം, പൂച്ച എലീനെ അല്ല കൊന്നത് '
അവളുടെ തിരുവനന്തപുരം നഗരഭാഷയിൽ സാധാരണയായി കടന്നുവരാറുള്ള തെറ്റുകൾ( ഞങ്ങൾ, നമ്മൾ എന്നീ വാക്കുകൾ അന്യോന്യം മാറിയാണ് അവൾ പറഞ്ഞിരുന്നത് ) തിരുത്തുവാൻ ഞാൻ ശ്രമിച്ചപ്പോളൊക്കെ പരാജയം ആയിരുന്നു ഫലം.

പിന്നീടുള്ള വർഷങ്ങളിൽ എനിയ്ക്ക് വേറെയും കൂട്ടുകാരുണ്ടായി. എന്റെ സാഹിത്യസംഘങ്ങളിലൊന്നും പ്രീജ താത്പര്യം കാണിച്ചില്ല. ഒരിയ്ക്കൽപ്പോലും അവൾ ഞാൻ എഴുതിയതൊന്നും വായിക്കാൻ മെനക്കെട്ടിട്ടില്ല എന്നതാണ് സത്യം!  എങ്കിലും ഞങ്ങൾ കൂട്ടുകാരായിത്തുടന്നു.

പ്രീഡിഗ്രി കാലത്ത് ഒരിയ്ക്കൽ , ഓൾ  സൈന്റ്സ്  കോളേജിൽ പഠിച്ചിരുന്ന അവൾ, ഒരു ആർട്സ് ഡേയ്ക്ക്, എന്നെ കാണാൻ എൻ എസ് എസ് കോളേജിൽ വന്നു. ഞങ്ങളുടെ ചെറിയ ക്യാമ്പസിൽ അവളോടൊപ്പം നടന്നപ്പോൾ എനിയ്ക്ക് അല്പം ജാള്യത തോന്നി. 
വാനില,ചോക്ലേറ്റ് എന്നിവയല്ലാതെ മറ്റു ഐസ്ക്രീം ഫ്ലേവറുകൾ ഒന്നും കേട്ടുകേൾവി പോലുമില്ലാത്ത ഞങ്ങളുടെ കാന്റീനിൽ ഇരുന്ന് ,അവൾ ടിസ്കുലാർ സൺറൈസ് ഉണ്ടോ, റംസ് ആൻഡ് റെയ്സൺ ഉണ്ടോ എന്നൊക്കെ ചോദിച്ചു. 'നിങ്ങളുടെ  കോളേജ് മോശം , ക്യാമ്പസ് മോശം , കാന്റീൻ ഏറ്റവും മോശം ' അവൾ അഭിപ്രായപ്പെട്ടു.
അന്നാണ് ഞാനവളെ അവസാനമായി കാണുന്നത്. ഒരേ നഗരത്തിന്റെ അതിർത്തിയ്ക്കുള്ളിൽ തന്നെ എനിയ്ക്കവളെ നഷ്ടപ്പെട്ടു. ഇന്റർനെറ്റും, മൊബൈൽ ഫോണും ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് സുഹൃത്തുക്കളെ നഷ്ടപ്പെടുന്നത് സാധാരണമായിരുന്നു. എന്നുവേണമെങ്കിലും കത്തെഴുതാം എന്ന് ഞാൻ കരുതി…എന്നുവേണമെങ്കിലും...

എത്ര വര്ഷങ്ങളായി ഞാൻ അവളെ തിരയുന്നു. തികഞ്ഞ പരിഷ്കാരിയായ അവൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ എന്തായിരിക്കും കാരണമെന്നു ഞാൻ എത്രയോ ചിന്തിച്ചു. ഒടുവിൽ കണ്ടുകിട്ടിയത് അവളുടെ അമ്മയുടെ ഫേസ്ബുക് പേജിൽ നിന്നാണ്. ചുമരിൽ മാലയിട്ട് തൂക്കിയിരിക്കുന്ന ഒരു ചിത്രം മാത്രമായി. അവൾ പോയിട്ട് എത്രയോ വർഷങ്ങളായിരിക്കുന്നു !

ഈയിടെയായി ഞാൻ കരയുന്നത് അവൾക്കുവേണ്ടിക്കൂടെയാണ്. ഒരേ നഗരത്തിന്റെ അതിർത്തികളിൽ, അല്ലെങ്കിൽ ലോകത്തിന്റെ ഗംഭീരവിശാലതയിൽ, കാലത്തിന്റെ പിടിച്ചടക്കലുകളിൽ, നിസ്സഹായതകളിൽ , മൗനങ്ങളിൽ എനിയ്ക്കുനഷ്ടപ്പെട്ടവയ്ക്കെല്ലാംവേണ്ടിയുമാണ്...


Thursday, February 28, 2019

നാളുകളോരോന്നുമോടിയൊളിക്കുമീ
നീണ്ട നിഴലുകൾ തിങ്ങുന്ന പാതയിൽ,
നീറുന്നൊരോർമ്മയും നോവിച്ചിടാത്തൊരു
നാളെകൾ തേടിയലയുകയാണുഞാൻ!

അറിയായ്കയല്ല ഞാൻ രൂപാന്തരങ്ങളെ,
മാറും ഋതുക്കൾ തൻ രംഗഭേദങ്ങളെ.
കാണായ്കയല്ല ഞാൻ മണ്ണിലും വിണ്ണിലും 
എന്നിലും, കാലം വരച്ച ചിത്രങ്ങളെ .

കൗമാരകുത്സിതമാകും കുസൃതികൾ ,
താരുണ്യമോലും തുടിപ്പുകളൊക്കെയും,
ചോർന്നും തളർന്നും പിടഞ്ഞുമെൻ കൺകളിൽ
നേർത്ത പരിഭവമായങ്ങൊതുങ്ങിടും.

എങ്കിലും തേടാതിരിക്കുവാനാകുമോ ?
കാലങ്ങളായിക്കൊതിച്ച പൂങ്കാവനം.
വർണ്ണങ്ങളൊക്കെ കളഞ്ഞൊരെൻ പൂമരം
എന്നെയും നോക്കിയിരിക്കാതിരിക്കുമോ ?

ഉണ്ടായിരിക്കാം വസന്തങ്ങൾ പിന്നെയും
അന്നെന്റെ മുന്നിലായ് പൂക്കൾ വിരിക്കുവാൻ.
ഇല്ലെങ്കിൽ ധന്യമാമൊരുമാത്രയെങ്കിലും
ഒരുപിടി പൂക്കളായ് മാറാതിരിക്കുമോ ?

Monday, February 11, 2019

വഴിയറിയാതെയുഴറി ഞാൻ വീണുവോ
തിരികെ നിൻഹൃദയത്തിലേക്കുള്ള യാത്രയിൽ.
ഒഴുകുകയായിരുന്നെന്നോ തമസ്സിലീ
സമയമാം നീരിന്നൊഴുക്കിൽ ഞാനിത്രനാൾ..

Friday, January 4, 2019

ഇരുളിന്റെ കമ്പളം മൂടിയിന്നീ
പുലരിയുമെന്തേയുറങ്ങിടുന്നു
ഉണരുവാനെന്തേ മടിച്ചുനിൽപ്പൂ
തരളമീ ആഘോഷ വേളതന്നിൽ.
ആകില്ലെനിയ്ക്കതിൻ  കണ്ണിണയിൽ
ആർദ്രമായ് ചുംബിച്ചുണർത്തീടുവാൻ.
ആകില്ല കാതിലെന്നാത്മഹർഷം
ആമോദപൂർവ്വം മൊഴിഞ്ഞീടുവാൻ.
എങ്കിലുമുള്ളിൽ നിറഞ്ഞുനിൽക്കും
അജ്ഞാതസംഗീതമെന്തുകൊണ്ടോ
ഒരു ചെറു പ്രാർത്ഥനാഗീതമായി
അന്തരീക്ഷത്തിലലഞ്ഞിടുന്നു.